ഡെസ്റ്റിനേഷനില്ലാത്ത യാത്രകൾ
താർ മരുഭൂമിയുടെ ഭംഗി മാത്രമല്ല, മറിച്ച് അവിടെ ഞാൻ കണ്ട ഓരോ മനുഷ്യന്റെയും മനസ്സിന്റെ ഭംഗിയും കൂടെ ചേർന്നപ്പോഴാണ് അത് അത്രയ്ക്ക് മനോഹരമായത്.

ഓരോ യാത്രകളും എത്ര മനോഹരമാണ്. ഡെസ്റ്റിനേഷനുകളില്ലാതെ, പോകുന്ന ഓരോ വഴികളും ആസ്വദിച്ച്, കണ്ടുമുട്ടുന്ന ഓരോ മനുഷ്യരോടും പുഞ്ചിരിച്ച്, കണ്ണെത്താത്ത മലകളും, കൈകളിലൊതുങ്ങാത്ത ആകാശവും തേടി പോകുന്ന യാത്രകൾ എങ്ങനെ മനോഹരമല്ലാതിരിക്കും. അതുകൊണ്ടാവും യാത്രയോടും യാത്രകൾ പോവുന്നോരോടും ഇത്രയേറെ പ്രണയം തോന്നിയത്. ഓരോ യാത്ര കഴിയുമ്പോഴും കിട്ടുന്ന അനുഭവങ്ങൾ, പുതിയ ആളുകളുമായിട്ടുള്ള ബന്ധങ്ങൾ, പുതിയ പുതിയ തിരിച്ചറിവുകൾ, എല്ലാം ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
യാത്രകളോടെങ്ങനെയിത്ര ഇഷ്ടം തോന്നി എന്നത് ഒരുപാട് പേരിൽ നിന്നും പലരീതിയിൽ പലപ്പോഴായി കേൾക്കുന്ന ചോദ്യമാണ്. സത്യം പറഞ്ഞാൽ പോയ യാത്രകളും അതിൽ നിന്നും ലഭിച്ച ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും തന്നെയാണ് വീണ്ടും വീണ്ടും യാത്രകളെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നത്.
പ്ലസ്ടു വരെ അത്യാവശ്യം അക്കാഡമിക്സിൽ ശ്രദ്ധിച്ചു നടന്ന ഞാൻ പണ്ടെങ്ങോ മനസ്സിൽ കയറിക്കൂടിയ സെൻട്രൽ യൂണിവേഴ്സിറ്റി എന്ന സ്വപ്നവുമായിട്ടാണ് ഡൽഹി ജാമിഅയിലേക്ക് വണ്ടി കയറിയത്. ആ സമയത്തൊക്കെ കൂട്ടുകാരെല്ലാം ഇനി ഒരുപാട് എക്സ്പ്ലോർ ചെയ്യാലോ, നോർത്തിലേക്കല്ലേ പോവുന്നത് എന്നൊക്കെ പറഞ്ഞപ്പോഴും എന്റെയുള്ളിൽ അങ്ങനെയൊരു ചിന്തയേ ഉണ്ടായിരുന്നില്ല. ജാമിഅയിൽ അഡ്മിഷൻ എടുത്ത് ക്ലാസ് തുടങ്ങിയപ്പോഴും യാത്രകൾ പോവണം എന്നൊന്നുമുണ്ടായിരുന്നില്ല. അവിടെയെത്തി ആദ്യത്തെ പെരുന്നാളിന് കൂട്ടുകാരെല്ലാരും കൂടെ നൈനിറ്റാൾക്ക് ട്രിപ്പ് പോയപ്പോ, ഞാനൊറ്റക്ക് മടിപിടിച്ചിരുന്നതും, അതിന്റെ പേരിൽ അവർ ചൂടായതുമൊക്കെയോർക്കുമ്പോൾ ഞാനിന്ന് എത്രയോ മാറിയിരിക്കുന്നു എന്നെനിക്ക് മനസ്സിലാകുന്നുണ്ട്. ഇന്ന് ഞാൻ ഒപ്പം യാത്ര ചെയ്യാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഇൻഫാസിനെ വിളിച്ച് "മ്മക്കൊന്ന് ഡൽഹൗസി പോയി വന്നാലോ" എന്ന് ചോദിച്ചേടത്തിൽ തുടങ്ങിയതാണ് എനിക്കീ യാത്രകളോട് തോന്നിയ പ്രണയം. അവിടെയുണ്ടായിരുന്ന ആ മൂന്നു ദിവസങ്ങളും എനിക്കെന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട അനുഭവങ്ങളായിരുന്നു. ഒരുപാട് കാലം കഥകളിലും പുസ്തകങ്ങളിലും വായിച്ചും കേട്ടും മാത്രമറിഞ്ഞ കുറേ കാര്യങ്ങൾ നേരിട്ടുകണ്ടതിലുള്ള അടങ്ങാത്ത അത്ഭുതമായിരുന്നു ഓരോ യാത്രകളിലും. സത്യം പറഞ്ഞാൽ ആ കാഴ്ചകൾ തന്ന അതിരില്ലാത്ത സന്തോഷമാണ് യാത്രകളോടെനിക്ക് തോന്നിയ ഇഷ്ടവും. അത് കഴിഞ്ഞു പിന്നീട് പോയത് ലോകപ്രശസ്തമായ ഒട്ടകമേളയായ പുഷ്കർ മേളക്കാണ്. അതിലൂടെയാണ് കാഴ്ചകൾക്കപ്പുറം ഒരുപാട് ജീവിതങ്ങളെ അറിയാനും പഠിക്കാനുമുള്ളതാണ് യാത്രകൾ എന്ന തിരിച്ചറിവുണ്ടാവുന്നത്. അതിനുശേഷമാണ് കംഫർട്ട് സോണിൽ നിന്നുമിറങ്ങി അൺകംഫർട്ടബിളായി യാത്രകൾ പോവാൻ തുടങ്ങിയത്. അന്ന് മുതലങ്ങോട്ടാണ് സ്ഥലങ്ങളെക്കാൾ പാതകൾക്കും, അതിലേക്കാളേറെ പരിചയപ്പെടുന്ന മനുഷ്യർക്കും അവരുടെ കഥകൾക്കും അനുഭവങ്ങൾക്കും കണ്ണും കാതും കൊടുത്തുതുടങ്ങിയത്. സ്വന്തമായി വരുമാനമൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ വീട്ടിൽ നിന്നും അയച്ചു തരുന്ന പൈസ മറ്റൊന്നിനും ചെലവാക്കാതെ അതിനു പറ്റാവുന്നത്രയും യാത്രകൾ പോവാറാണ് പതിവ്. അതുകൊണ്ടുതന്നെ ചെലവ് ചുരുക്കിയുള്ള ബജറ്റ് ട്രിപ്പുകളാണ് എപ്പോഴും തെരഞ്ഞെടുക്കാറ്. ഇന്നുവരെ 3000 രൂപയിൽ കൂടുതൽ ഒരു യാത്രയ്ക്കയും ചെലവഴിച്ചിട്ടില്ല. ട്രെയിനിന്റെ ജനറൽ കമ്പാർട്മെന്റിലും, ലോക്കൽ ബസ്സിലുമൊക്കെ യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാവാറില്ലേ എന്ന് ആളുകൾ ചോദിക്കാറുണ്ട്. പക്ഷെ നമ്മൾ എല്ലാ കംഫർട് സോണുകളിൽ നിന്നും ഇറങ്ങി അൺകംഫർട്ടായി യാത്രകൾ ചെയ്യുമ്പോഴാണ് അത് ഏറ്റവും കൂടുതൽ മനോഹരമാവുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പൈസ ഇല്ല എന്ന കാരണം കൊണ്ട് തുടങ്ങിയ അങ്ങനത്തെ യാത്രകളെയാണ് പക്ഷെ ഞാനിപ്പോ ഏറ്റവുമധികം പ്രണയിക്കുന്നത്. ഏറ്റവും സാധാരണക്കാരായ ആളുകളിലേക്കിറങ്ങിച്ചെന്ന് അവരിലൊരാളായി മാറുമ്പോൾ നമ്മൾക്ക് ജീവിതത്തിലെവിടെ നിന്നും ലഭിക്കാത്തത്രയും അനുഭവങ്ങളുണ്ടാവുന്നു. പൊട്ടിപ്പൊളിഞ്ഞ തട്ടുകടയിലിരുന്ന് ഏറ്റവും പൈസ കുറഞ്ഞ ഭക്ഷണം കഴിക്കുമ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി സന്തോഷവും സംതൃപ്തിയുമുണ്ടാവുന്നു. സ്നേഹിക്കാനും, ഉള്ളതിൽ പാതിയും മടി കൂടാതെ, മടുപ്പില്ലാതെ പങ്കുവെക്കാനുമറിയാവുന്നത് പണം കൊണ്ടും പദവികൊണ്ടും ഒന്നുമല്ലാത്തവർക്കാണ് എന്ന തിരിച്ചറിവുണ്ടാവുന്നു. ഞാൻ തേടിപ്പോയ ഓരോ യാത്രകളുടെയും കഴമ്പും കാതലും ഇതുതന്നെയാണ്. സത്യം പറഞ്ഞാൽ ഞാൻ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നത് ഇങ്ങനത്തെ പല യാത്രകളിലും കണ്ടുമുട്ടിയ ഒരുപാട് നല്ല മനുഷ്യരിലൂടെയാണ്.
ഒരിക്കൽ എ.ടി.എമ്മിൽ നിന്നും പൈസ എടുക്കാൻ കഴിയാതെ ഒരുരാത്രി മുഴുവൻ ഭക്ഷണം കഴിക്കാതെയിരുന്നപ്പോൾ ഞങ്ങൾ പട്ടിണിയാണെന്ന് മനസ്സിലാക്കി കൈയ്യിലാകെയുണ്ടായിരുന്ന ഭക്ഷണപ്പൊതി ഞങ്ങൾക്ക് മുമ്പിലന്ന് പുഞ്ചിരിച്ചുകൊണ്ട് വെച്ചുനീട്ടിയ ഒരു ഭിക്ഷക്കാരനിലും, പിന്നീടൊരിക്കൽ രണ്ട് പെണ്ണുങ്ങൾ ഒറ്റയ്ക്കൊരു ടെന്റടിച്ചു കിടന്നാൽ ഒറക്കം വരാത്ത കൊറേ പയ്യന്മാരെ ചീത്തപറഞ്ഞു തല്ലിയോടിച്ച് രാവിലെവരെ ഉറങ്ങാതെ തന്റെ ആരുമല്ലാത്ത രണ്ട് പെൺകുട്ടികൾക്ക് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കാവലിരുന്ന ആ നാടോടിയിലും ഞാൻ കണ്ട മഹത്വം, ആഡംബരത്തിനുചുറ്റും ജീവിക്കുന്നവരിലും നാടിനെക്കുറിച്ചും നന്മയെക്കുറിച്ചും വാതോരാതെ പുലമ്പുന്നവരിലും ഞാൻ കണ്ടില്ല എന്നത് തന്നെയാണതിന്റെ കാരണം. ഇങ്ങനെയുള്ളവർ ഇന്നുമീ ലോകത്തെവിടെയൊക്കെയോ ഉണ്ടെന്ന ധൈര്യം തന്നെയാണ് ഒരു പെണ്ണായിരുന്നിട്ടുകൂടി ഒറ്റയ്ക്കുമല്ലാതെയും, രാത്രിയും പകലും പേടി കൂടാതെ യാത്രകൾ പോവാൻ പ്രചോദനമാകുന്നത്.
പോയതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ, അല്ലെങ്കിൽ എന്നും ഓർക്കുന്ന യാത്ര ഏതാണെന്ന് ചോദിച്ചാൽ അത് രാജസ്ഥാനിലോട്ടുള്ളത് തന്നെയാണ്. താർ മരുഭൂമിയുടെ ഭംഗി മാത്രമല്ല, മറിച്ച് അവിടെ ഞാൻ കണ്ട ഓരോ മനുഷ്യന്റെയും മനസ്സിന്റെ ഭംഗിയും കൂടെ ചേർന്നപ്പോഴാണ് അത് അത്രയ്ക്ക് മനോഹരമായത്. ആ സമയം ജാമിഅയിൽ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട സമരങ്ങൾ നടക്കുന്നതുകൊണ്ടുതന്നെ ഒരുപാട് കാലമായി കാമ്പസിൽ നിന്നും മാറിനിൽക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു മൂന്നാല് മാസത്തിനിടയിൽ ഒരു യാത്ര പോലും ചെയ്യാതിരിക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. മൈൻഡ് മൊത്തം ആകെ വല്ലാത്തൊരവസ്ഥയായിരുന്നു. ഡൽഹിയോട് വല്ലാത്തൊരു മടുപ്പും വന്നുതുടങ്ങിയിരുന്നു. അപ്പോഴാണ് എത്രയോ കാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന രാജസ്ഥാൻ യാത്ര അങ്ങുപോയാലോന്ന് ഇൻഫാസ് ചോദിക്കുന്നത്. ആലോചിച്ചപ്പോ അത് നല്ലതാവുംന്ന് എനിക്കും തോന്നി. എന്തായാലും ഒരു യാത്ര പോയി വന്നാൽ മൈൻഡ് ഒക്കെ മൊത്തത്തിലൊന്ന് ഫ്രെഷാവുമെന്ന് ഉറപ്പായിരുന്നു. സത്യംപറഞ്ഞാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നീണ്ടുപോയ ആ യാത്രയ്ക്ക് ഒരു ടെന്റും ബാക്ക്പാക്കും പാക്കെയ്ത് ഇറങ്ങുമ്പോ പ്രത്യേകിച്ച് ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ല. എന്നാലും ആ പൗരത്വ സമരകാലത്ത് ജാമിഅയിലെ രണ്ട് മുസ്ലിം വിദ്യാർഥികൾ എന്ന നിലയിൽ എഴുപത്തഞ്ച് ശതമാനവും ഹിന്ദു പോപുലേഷനുള്ള രാജസ്ഥാനിലേക്കൊരു യാത്ര അതൊരു വലിയ ടാസ്ക് ആവുമെന്നാണ് കരുതിയത്. പക്ഷെ, മുൻധാരണകൾക്കും പ്രെഡിക്ഷൻസിനും അപ്പുറത്ത് നമ്മളെ ഒരുപാട് സ്നേഹിക്കുന്ന, ഉള്ളതെല്ലാം ഒരു മടിയും കൂടാതെ പങ്കുവെക്കുന്ന ഒരുപാട് മനുഷ്യരെയാണ് ഞങ്ങൾ അവിടെ കണ്ടത്. ആദ്യമൊക്കെ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താൻ പേടിയായിരുന്നു. പിന്നെ പിന്നെ അത് ഇല്ലാണ്ടായി. ചോദിക്കുന്നോരോടൊക്കെ സ്വന്തം പേരും പഠിക്കുന്ന കോളേജും ഒക്കെ ധൈര്യത്തിൽ പറഞ്ഞുതുടങ്ങി. പക്ഷെ ഒരാൾ പോലും ഞങ്ങളുടെ പേരുകൊണ്ടും വിലാസം കൊണ്ടും ഞങ്ങളെ ഒറ്റപ്പെടുത്തിയിട്ടില്ല. കൂടുതൽ സ്നേഹവും പരിഗണനയും മാത്രമേ തന്നിട്ടുള്ളൂ. ഒരുപാട് ഭയ്യമാരെ കിട്ടിയ, ഒരുപാട് അമ്മമാരെയും, കൂടപ്പിറപ്പുകളെയും കിട്ടിയ, ലൈഫിൽ എന്നും ചിരിച്ചുകൊണ്ടുമാത്രം ഓർക്കാൻ കഴിയുന്ന ഒരു യാത്രയായിരുന്നു അത്. ആ യാത്ര കഴിഞ്ഞു തിരിച്ച് ഡൽഹിയിലെത്തിയപ്പോൾ മതത്തിന്റെ പേരിൽ സ്വന്തം ചോരയെ വരെ വെട്ടിമുറിക്കുന്നത് മുന്നിൽ കണ്ടപ്പോൾ, പേരും വിലാസവും മാറോട് ചേർത്തുപിടിക്കുന്ന എല്ലാവരെയും കൂട്ടി അങ്ങോട്ട് ഒന്നുകൂടെ പോവണം എന്ന് തോന്നിയിരുന്നു. കാരണം, അവിടെയുള്ള ആളുകൾക്കറിയാമായിരുന്നു, പേരു ചോദിക്കാതെ ചിരിക്കേണ്ടതും വിലാസങ്ങൾക്കപ്പുറം സ്നേഹം പങ്കുവെക്കേണ്ടതും എങ്ങനെയാണെന്ന്. എന്നെ ഒരുപാട് മാറ്റിയ, ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ച, ഒത്തിരി സന്തോഷം തന്ന എന്റെ പ്രിയപ്പെട്ട യാത്രയായിരുന്നു അത്. സ്ഥലങ്ങൾക്കപ്പുറം പച്ചയായ മനുഷ്യരെ കണ്ട അവരുടെ സ്നേഹവും കരുതലുമറിഞ്ഞ ഏഴു ദിവസങ്ങളായിരുന്നു. ഇതുതന്നെയാണ് ഓരോ യാത്രയിലും ഞാൻ കണ്ട ഏറ്റവും മനോഹരമായ കാഴ്ചകൾ, ഏറ്റവും നിഷ്കളങ്കമായ ചിരികൾ. അത് സമ്മാനിക്കുന്ന യാത്രകളെയും അവിടേക്കെന്നെയെത്തിക്കുന്ന പാതകളെയും ഞാനെങ്ങനെ വീണ്ടും വീണ്ടും പ്രണയിക്കാതിരിക്കും.