ഭീമ കോരേഗാവ് യുദ്ധം: ദളിത് ശക്തിയുടെ രണസ്മരണകൾ
ദളിത് ജനതയുടെ നിതാന്തമായ സ്വപ്നമാണ് ജാതിയുടെ കരാളമായ മതിലുകളെ തകർത്തെറിഞ്ഞു, തങ്ങളുടെ മനുഷ്യാസ്തിത്വം വീണ്ടെടുക്കുക എന്നത്. ഈ നിതാന്ത സമരത്തിന്റെ ചരിത്രത്തിൽ നക്ഷത്രസന്നിഭം തിളങ്ങുന്ന അധ്യായമാണ് ഭീമ കോരേഗാവ് യുദ്ധം.

ആഫ്രോ-അമേരിക്കൻ കവിയായ ലംഗ്സ്റ്റൺ ഹ്യൂഗ്സ് തന്റെ 'ആസ് ഐ ഗ്രിയു ഓൾഡർ' എന്ന കവിതയിൽ കറുത്തവന്റെ സ്വപ്നങ്ങളെ മൂടിക്കളയുന്ന വംശവെറിയുടെ മതിലുകളെ പറ്റി പറയുന്നുണ്ട്. തന്റെ കറുത്ത കൈകളോട് ഈ മതിലുകളെ തകർത്തെറിഞ്ഞു തന്റെ സ്വപ്നങ്ങളെ വീണ്ടെടുക്കാൻ കവി ആഹ്വാനം ചെയ്യുന്നു. ഇതേപോലെ ഇന്ത്യയിൽ സഹസ്രാബ്ധങ്ങളായി അപമാനവീകരണത്തിനു വിധേയമാകുന്ന ദളിത് ജനതയുടെ നിതാന്തമായ സ്വപ്നമാണ് ജാതിയുടെ കരാളമായ മതിലുകളെ തകർത്തെറിഞ്ഞു, തങ്ങളുടെ മനുഷ്യാസ്തിത്വം വീണ്ടെടുക്കുക എന്നത്. ഈ നിതാന്ത സമരത്തിന്റെ ചരിത്രത്തിൽ നക്ഷത്രസന്നിഭം തിളങ്ങുന്ന അധ്യായമാണ് ഭീമ കോരേഗാവ് യുദ്ധം.
1818 ജനുവരി ഒന്നിന് നടന്ന ഈ യുദ്ധത്തിൽ അഞ്ഞൂറോളം വരുന്ന ദളിത് പടയാളികൾ അടങ്ങിയ സൈന്യം, ജാതി നിഷ്ടൂരതയുടെ സംരക്ഷകരായ പേഷ്വാ ബാജി റാവുവിന്റെ ഇരുപത്തിയെട്ടായിരം വരുന്ന മറാത്താ-ബ്രാഹ്മണ സൈന്യത്തെ നിലംപരിശാക്കി. പേഷ്വാ ബാജി റാവു രണ്ടാമനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന യുദ്ധത്തിൽ ദളിതരായ മഹർ പടയാളികൾ ഉൾപ്പെട്ട ബോംബെ നേറ്റീവ് ഇൻഫന്ററി, അനന്യമായ ധീരത പ്രകടിപ്പിച്ചു. വിശപ്പിനേയും ദാഹത്തിനെയും അതിജീവിച്ചാണ് മഹറുകൾ ഈ വിജയം നേടിയത്. ഇരുപത്തിരണ്ട് മഹർ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു. പേഷ്വാ ഭരണത്തിൽ അതിഭീകരമായ പീഡനത്തിന് വിധേയമായവരായിരുന്നു മഹറുകൾ. കാലിൽ ഒരു ചൂലും കഴുത്തിൽ ഒരു കുടവും കെട്ടാൻ മഹറുകൾ നിർബന്ധിക്കപ്പെട്ടിരുന്നു. മഹറുകളുടെ കാൽപ്പാടുകൾ തട്ടി ഭൂമി മലിനമാകാതിരിക്കാനാണ് മഹറിന്റെ കാലിൽ ചൂലുകെട്ടാൻ പെഷ്വാമാർ ഉത്തരവിട്ടത്. അവരുടെ ഉമിനീർ വീണ് നാട് മലിനമാകാതിരിക്കാൻ കഴുത്തിൽ കുടവും തൂക്കി. ഇങ്ങനെ ദളിത് ജനതയെ നിന്ദ്യമായി അപമാനവീകരിച്ചു. അധികാരത്തിൽ നിന്നും സഹസ്രാബ്ധങ്ങളായി ദളിത് ജനതയെ ഭ്രഷ്ടമാക്കിയത് അവരെ സൈന്യത്തിൽ നിന്നും മാറ്റിനിർത്തിക്കൊണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് സൈന്യം ദളിതരെ ബോംബെ നേറ്റീവ് ഇൻഫന്ററിയിൽ അംഗമാക്കിയപ്പോൾ അവർ അവരുടെ ശൗര്യം പ്രകടിപ്പിച്ചു. തങ്ങളെ ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ പേഷ്വാ ഭരണ വർഗത്തിന് താങ്ങാനാകാത്ത ആഘാതം ഏല്പിക്കുകയും ചെയ്തു. ഇത് ദളിത് ജനതക്ക് നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. അതിനാലാണ് എല്ലാ വർഷവും ദളിത് ജനത ഈ യുദ്ധവിജയം ആഘോഷിക്കുന്നത്. ഡോ. അംബേദ്ക്കർ മിക്ക വർഷങ്ങളിലും ഈ യുദ്ധത്തിന്റെ സ്മാരകം സന്ദർശിക്കാറുണ്ടായിരുന്നു.
ദളിത് ജനതയെ സംബന്ധിച്ചിടത്തോളം ഇത് ആത്മാഭിമാനത്തിനു വേണ്ടിയുള്ള വിശുദ്ധ യുദ്ധമായിരുന്നു. വിദ്യയും ആയുധവും നിഷേധിക്കപ്പെട്ട് മൃഗതുല്യരാക്കപ്പെട്ട ജനതയുടെ അഭിമാനപോരാട്ടമായിരുന്നു ഇത്. പെഷ്വാമാരുടെ അധികാരദണ്ഡ് ഈ യുദ്ധത്തോടെ പൊട്ടിച്ചെറിയപ്പെട്ടു. മഹറുകൾക്ക് അതൊരു മധുരപ്രതികാരമായിരുന്നു. മഹറുകളുടെ വീരത വ്യാപകമായി പ്രശംസിക്കപ്പെടുകയും ചെയ്തു. 1851-ൽ കോരേഗാവിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച ഇരുപത്തിരണ്ടു മഹർ പടയാളികളുടെ നാമം ചാർത്തിയ വിജയസ്തംഭം സ്ഥാപിക്കപ്പെട്ടു. ഇത് ഇന്ന് ദളിത് ജനതയുടെ തീർത്ഥാടന സ്ഥലമാണ്. ഡോ. അംബേദ്ക്കർ എല്ലാ വർഷവും ഇവിടം സന്ദർശിച്ചു ദളിത് ജനതയോട് കോരേഗാവ് യുദ്ധത്തിൽ പ്രകടിപ്പിച്ച ധീരതയോടെ ജാതി വ്യവസ്ഥയോട് പോരാടാൻ ആഹ്വാനം ചെയ്യുമായിരുന്നു. 1927 ജനുവരി 1 നു ഇതിനായി അംബേദ്ക്കർ കോരേഗാവിൽ ഒരു വലിയ കൺവെൻഷൻ തന്നെ വിളിച്ചു ചേർക്കുകയുണ്ടായി. ജയ് ഭീം എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്നതും ഈ യുദ്ധത്തിലായിരുന്നു. സഞ്ജീവ് ജയ്സ്വാളിന്റെ '500 : ബാറ്റിൽ ഓഫ് കോരേഗാവ്' എന്ന സിനിമ ഇതേ കുറിച്ചുള്ളതാണ്.
2005-ൽ ഭീമ കോരേഗാവ് രണസ്തംഭ സേവാ സംഘ് എന്ന സംഘടന രൂപീകരിക്കപ്പെടുകയുണ്ടായി. ഭീമ കോരേഗാവ് യുദ്ധത്തിന്റെ സ്മരണ നിലനിർത്തുക എന്നതാണ് അതിന്റെ ലക്ഷ്യം. ഓരോ വർഷവും ലക്ഷക്കണക്കിന് ദളിത് ജനങ്ങൾ ഈ രണവിജയസ്തംഭം സന്ദർശിക്കുന്നു. ഉത്തർ പ്രദേശ്, ഗുജറാത്ത്, കർണാടക തുടങ്ങി എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ദളിത് നേതാക്കൾ ഇവിടെ വരുന്നു. മഹർ റെജിമെന്റിലെ റിട്ടയർ ചെയ്ത സൈനികരും പുതുവർഷത്തിൽ ഇവിടം സന്ദർശിക്കുന്നു. ഇത്തവണ ശനിവാർവാദ കോട്ടയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ (എൽഗാർ പരിഷത്തിൽ) ദളിത് ജനതയുടെ പുതുപ്രതീക്ഷയായ ജിഗ്നേഷ് മേവാനി അടക്കമുള്ള നേതാക്കൾ പങ്കെടുക്കുകയുണ്ടായി. എന്നാൽ ഇത് ബ്രാഹ്മണ മേധാവികളെ ശുണ്ഠി പിടിപ്പിച്ചിരിക്കുകയാണ്. ദളിത് ജനതക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.
ഡോ. അംബേദ്ക്കർ, 1930-ൽ ഒന്നാം റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കവെ ദളിത് സൈനികർ ബ്രിട്ടീഷ് സൈനിക മുന്നേറ്റത്തിന് നൽകിയ സംഭാവന അടിവരയിട്ടു പറയുകയുണ്ടായി. പ്ലാസി യുദ്ധത്തിൽ റോബർട്ട് ക്ലൈവിനു വേണ്ടി പോരാടിയത് ദുസാദുകളാണ്. അവർ ദലിതുകൾ ആയിരുന്നു. ഭീമ കോരേഗാവ് യുദ്ധത്തിൽ മഹറുകളാണ് ബ്രിട്ടീഷുകാരെ വിജയിപ്പിച്ചത്. 1859-ൽ ഇന്ത്യയിലെ സൈന്യത്തിന്റെ പുനഃസംഘടനയെ പറ്റി പഠിക്കാൻ നിയോഗിച്ച പീൽ കമ്മീഷന് നൽകിയ നോട്ടിൽ ട്വീട് ഡെയിൽ പ്രഭു ദളിതുകളുടെ യുദ്ധവീര്യത്തെ പ്രശംസിച്ച കാര്യം അംബേദ്ക്കർ ചൂണ്ടിക്കാണിക്കുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധകാലത്ത് മഹർ റെജിമെൻറ് രൂപീകരിക്കുന്നതിൽ അംബേദ്ക്കർ വലിയ പങ്ക് വഹിക്കുകയുണ്ടായി. അംബേദ്ക്കറുടെ പിതാവ് രാംജി മാലോജി സക്പൽ മഹർ റെജിമെന്റിൽ സുബേദാർ ആയിരുന്നു. ഇത്തരത്തിൽ ദളിത് ജനതയുടെ വീര്യവും ആത്മവിശ്വാസവും ഉയർത്തുന്നതിൽ ഭീമ കോരേഗാവ് യുദ്ധവിജയാസ്മൃതിക്ക് വലിയ പങ്കുണ്ട്. അപമാനവീകരണത്തിനെതിരായ ദളിത് പോരാട്ടത്തിന് ഇത് രാസത്വരകമായി വർത്തിക്കുകയും ചെയ്യുന്നു. ഇതുകൊണ്ട് തന്നെയാണ് ഫാസിസ്റ്റു അധീശ വർഗത്തിന് ഈ യുദ്ധസ്മൃതി ഏറെ അസഹ്യമാകുന്നതും.