കുട്ടികളുടെ പ്രിയപ്പെട്ട ബിന്ദു ടീച്ചർ
1999 ജൂൺ ഒന്നാം തിയ്യതി രാവിലെ പത്തുമണിക്ക് ഞാൻ ആദ്യമായി സ്കൂൾ രേഖയിൽ ഒപ്പിട്ടു. അന്നുമുതൽ ഇങ്ങോട്ട് ഞാൻ എല്ലാവർക്കും ടീച്ചറാണ്.

വിദ്യാലയം വീടുകളിലേക്ക് മാറിയ ഇന്നത്തെ സാഹചര്യത്തിൽ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ ആയി മാറിയിരിക്കുന്നു. രക്ഷിതാക്കൾ അദ്ധ്യാപകരായി ഡബിൾ റോളിൽ തകർക്കുന്നു. രക്ഷിതാക്കളുടെ റോളിന് ശേഷമാണു അദ്ധ്യാപകർക്ക് ഇന്ന് സ്ഥാനം. ഇതൊരു വശം.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾ പഠനം ഒരേപോലെ ആസ്വദിക്കുന്നു, കൈമാറ്റം ചെയ്യുന്നതിനിടയിൽ എവിടെയും ഒന്നും ചോർന്ന് പോകാതെ എല്ലാവരും ഒരുപോലെ... ഇതാണ് യഥാർത്ഥത്തിൽ നടക്കേണ്ടത്. വ്യക്തിക്കനുസരിച്ച് ബോധന രീതിയിൽ മാറ്റം വരുന്നത് ഇവിടെ പരിഹരിക്കപ്പെടാൻ സാധ്യത ഉണ്ട്. പക്ഷെ പുസ്തകങ്ങൾക്കപ്പുറത്തേക്ക് നടക്കേണ്ട പഠനം സ്കൂളിൽ നിന്ന് കുട്ടികളോടൊപ്പം അധ്യാപകരോടൊപ്പമാണ് നടക്കേണ്ടത്. ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ ഇത് തൽക്കാലം പ്രായോഗികമല്ല.
കഴിഞ്ഞ വർഷം വരെ, സ്കൂളിലെ ആദ്യദിനം കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസരംഗത്തെ ഓരോരുത്തർക്കും വളരെ ആവേശം നൽകുന്നതായിരുന്നു. എന്നാൽ പ്രവേശനോത്സവത്തിന്റെ പൊലിമ ഇത്തവണ ഇല്ലാതായി. ആദ്യമായി ഒന്നാം ക്ലാസ്സിൽ ചേരുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവനു നഷ്ടപ്പെട്ടത് ജീവിതത്തിലെ ഒരു നല്ല ദിവസമാണ്. ആദ്യ ദിവസത്തെ അങ്കലാപ്പിന്റേയും കൗതുകത്തിന്റേയും അനുഭവം തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു. മറുവശത്ത് അദ്ധ്യാപകരും വളരെ വിഷമത്തിലാണ്. പുതിയ കുട്ടികളെ സ്വീകരിക്കാനായി മനസ്സിലിട്ടു താലോലിച്ച എല്ലാ വർണങ്ങളും ചിത്രങ്ങളും ജലരേഖകളായി. നികത്താനാവാത്ത ഒരു വലിയ നഷ്ടം. രക്ഷിതാക്കളുടെ ചിറകിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന കുഞ്ഞുങ്ങൾ പുറത്തേക്കിറങ്ങിയാലേ അവരുടെ വളർച്ച പൂർണമാകൂ. ആ വളർച്ചക്ക് വഴികാട്ടിയാകേണ്ടിയിരുന്ന അദ്ധ്യാപകർ കാണാമറയത്തു നിന്ന് അവർക്ക് വിജയം ആശംസിക്കേണ്ട ഗതിയായി. ഇതുപോലെ തന്നെ വളരെയധികം മാനസികസംഘർഷം അനുഭവിക്കേണ്ടി വന്ന ഒരു വിഭാഗമാണ് പുതുതായി നിയമനം ലഭിച്ച അദ്ധ്യാപകരും.
ദൈവഹിതം, നിയോഗം എന്നീ വിശേഷണങ്ങളിൽ വിശ്വസിക്കുന്നുവെങ്കിൽ അത്തരത്തിൽ ഒരു അദ്ധ്യാപികയായ ആളാണ് ഞാൻ. മണ്ണപ്പം ചുട്ടുകളിക്കുന്ന പ്രായം മുതൽ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഉണ്ടായ മാനസികവളർച്ചയിൽ ഒരിക്കലും ഒരു അദ്ധ്യാപികയാവുക എന്നത് എന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. സ്കൂൾ അദ്ധ്യാപകനായ അച്ഛനും നൂറു ശതമാനം ആത്മാർത്ഥതയുള്ള വീട്ടമ്മയായ അമ്മയും, ഇവരായിരുന്നു എന്റെ റോൾമോഡലുകൾ. സ്വാഭാവികമായും പെൺകുട്ടികൾ അമ്മമാരെ ആണ് കൂടുതൽ അനുകരിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ സ്വപ്നങ്ങളിലും അമ്മക്ക് കിട്ടിയ പോലൊരു നല്ല കുടുംബജീവിതമായിരുന്നു ഉണ്ടായിരുന്നത്.
പക്ഷെ പെട്ടെന്നൊരു ദിവസം അദ്ധ്യാപനപരിശീലനത്തിന് പോയി ചേരേണ്ടി വന്ന, എന്റെ അന്നത്തെ മാനസികാവസ്ഥ എനിക്കിന്നും ഓർമ്മയുണ്ട്. ഏതായാലും നനഞ്ഞു ഇനി കുളിച്ചുകയറാം എന്ന രീതിയിലേക്ക് പെട്ടെന്ന് ഞാൻ മാറി. ഒരു വർഷത്തെ മലപ്പുറം BEd ജീവിതം എന്റെ ചിന്തകളേയും സ്വപ്നങ്ങളേയും ജീവിതവീക്ഷണങ്ങളേയും മാറ്റിമറിച്ചു. ജീവിതത്തിൽ ഇത്രയധികം ആസ്വദിച്ച ഒരു പഠനകാലം മുൻപ് ഉണ്ടായിട്ടില്ല. കോഴ്സ് പൂർത്തിയായി ഒന്നരവർഷം കഴിഞ്ഞപ്പോൾ ജോലിയിൽ പ്രവേശിച്ചു. ഓരോ തുടക്കങ്ങളും വല്ലാത്ത മാനസികപിരിമുറുക്കത്തിലൂടെയാണ് കടന്നുപോയത്. കോഴ്സിന് ചേർന്നപ്പോൾ ഉണ്ടായിരുന്ന അതേ അവസ്ഥ. സ്കൂളിൽ ഒഴിവുണ്ട്, ഇന്ന് തന്നെ വന്ന് ജോയിൻ ചെയ്യണമെന്ന് സ്കൂളിൽ നിന്ന് ഹെഡ്മാസ്റ്റർ, സ്കൂൾ മാനേജർ കൂടിയായ എന്റെ ഭർത്താവിന്റെ അമ്മയെ വിളിച്ചു പറഞ്ഞപ്പോൾ ഞാനാകെ തളർന്നു. ഒരു വയസ്സ് പൂർത്തിയാകാത്ത മകളെ വീട്ടിൽ അമ്മയെ ഏൽപ്പിച്ചു ജോലിക്ക് പോകുക എന്നത് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. ഞാൻ അടുത്തില്ലാതെ അവളുടെ കാര്യങ്ങൾ ഒന്നും ശരിയാകില്ല എന്നതായിരുന്നു എന്റെ ചിന്ത. പക്ഷെ ഒരു നിവൃത്തിയുമില്ല. നാളെ പോയേതീരൂ.
1999 ജൂൺ ഒന്നാം തിയ്യതി രാവിലെ പത്ത് മണിക്ക് മുൻപ് ഞാൻ ആദ്യമായി സ്കൂൾ രേഖയിൽ ഒപ്പിട്ടു. അന്ന് മുതൽ ഇങ്ങോട്ട് ഞാൻ എല്ലാവർക്കും ടീച്ചറാണ്. ഇന്ന് 20 വർഷം പിറകോട്ട് ചിന്തിക്കുമ്പോൾ മുന്നിലൂടെ കടന്നു പോകുന്ന മുഖങ്ങൾ... പല തരക്കാർ, ഓരോ അണുവിലും വ്യത്യസ്തർ. ഒന്നു പോലെ മറ്റൊരാൾ എന്ന് പറയാൻ പറ്റുന്നില്ല. അത്രയും വൈവിധ്യം!
"ഇതാണ് നിങ്ങളുടെ പുതിയ ടീച്ചർ" എന്ന് നാലാം ക്ലാസിലെ കുട്ടികൾക്ക് പരിചയപ്പെടുത്തി എന്നെ ക്ലാസ്സ് ചാർജ് ഏൽപ്പിച്ച് ഹെഡ്മാസ്റ്റർ ഓഫീസ് റൂമിലേക്ക് പോയി. കുറച്ച് സമയം കുട്ടികളെക്കാളധികം കൗതുകത്തിലും അമ്പരപ്പിലും ആയിരുന്നു ഞാൻ. അന്തം വിട്ട് നിൽക്കുന്ന എന്നെ കണ്ട് അടുത്ത ക്ലാസ്സിൽ നിന്നു സീനിയർ ടീച്ചർ വന്നു സീൻ ശരിയാക്കി. ആദ്യ ദിവസം തട്ടിമുട്ടി കഴിഞ്ഞു. ഓരോ മുഖം നോക്കുമ്പോഴും വീട്ടിൽ എന്നെ കാണാതെ വിഷമിക്കുന്ന എന്റെ മോളായിരുന്നു മനസ്സിൽ. ആ അനുഭവമാകാം ഇന്നുവരെ എല്ലാ കുട്ടികളെയും എന്റെ സ്വന്തമെന്ന് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
മാറിവന്ന വിദ്യാഭ്യാസ രീതികളും ഉദ്യോഗസ്ഥരുമൊന്നും കുട്ടികളോടുള്ള അദ്ധ്യാപകരുടെ മാതൃ മനോഭാവത്തെ മാറ്റാൻ ആവശ്യപ്പെടുന്നില്ല. മൂന്നു വയസ്സു മുതൽ 10 വയസ്സ് വരെയുള്ള കുട്ടികളാണ് എന്റെ സ്കൂളിൽ ഉള്ളത്. ഞാൻ കണ്ടും കേട്ടും പരിചയിച്ചിട്ടുള്ള അധ്യാപകരെ മോഡലാക്കാൻ ശ്രമിച്ച ആദ്യ നാളുകളിൽ ഞാൻ കുറച്ച് കർക്കശക്കാരി ആയിരുന്നു. ഇത് ശരിയല്ല എന്ന് തിരിച്ചറിയാൻ എനിക്ക് മൂന്ന്-നാല് വർഷം വേണ്ടിവന്നു. ആദ്യ ബാച്ചിലെ കുട്ടികൾ ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്. "വെറുതെ ഇരുന്നാലും വിറച്ച് കൊണ്ടിരിക്കും" എന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്ന വിഷ്ണു. എന്നോട് കിന്നാരം പറയാൻ മാത്രം എങ്ങനെയെങ്കിലും സമയം കണ്ടെത്തുന്ന ഒരു കൂട്ടം സുന്ദരിമാർ... അങ്ങനെ 35 പേർ. വിഷ്ണുവിനെ എന്റെ വരുതിയിൽ എത്തിക്കാൻ ദിവസേനെ ഒരു നൂറ് തവണയെങ്കിലും 'വിഷ്ണൂ' എന്ന് ഞാൻ വിളിക്കാറുണ്ടായിരുന്നു. എന്നാലും അവൻ മിക്കപ്പോഴും എൻറെ കളത്തിന് അപ്പുറത്തായിരിക്കും. മറ്റൊരു ബാച്ചിൽ ആരുടെ പിടിയിലും ഒതുങ്ങാത്ത ആളായി വിലസിയ അഭിജിത്ത്, ഒരു ദിവസം അടക്കി ഇരുത്താൻ ചൂരൽ പ്രയോഗം നടത്തേണ്ടി വന്നപ്പോൾ എന്റെ മുഖത്ത് നോക്കി "എനിക്ക് നിങ്ങളുടെ ക്ലാസ്സിൽ പഠിക്കേണ്ട" എന്ന് പറഞ്ഞ ധീരൻ. ആ ഒരു പ്രതികരണം എന്നെ വല്ലാതെ വിഷമിപ്പിച്ചു. അവൻ എന്താണ് ഇങ്ങനെ എന്ന് ഒരിക്കൽ പോലും ചിന്തിക്കാനുള്ള ഒരു പക്വതയോ അധ്യാപനപരിചയമോ എനിക്കില്ലായിരുന്നു. പക്ഷേ, അവനുമായി ഇന്നും ഞാൻ നല്ല ചങ്ങാത്തത്തിലാണ്.
ഇന്നുവരെയുള്ള എന്റെ അനുഭവത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞ ഒരു വസ്തുത, ക്ലാസ്സിൽ തല്ലുകൊള്ളി എന്ന് മുദ്രകുത്തപ്പെട്ടവനെ ഒതുക്കാനുള്ള ഏറ്റവും നല്ല മാർഗം അവനെ ക്ലാസ് ലീഡർ ആക്കി നിയമിക്കുക എന്നതാണ്. ഇത് അവരെ ഉത്തരവാദിത്വ ബോധം ഉള്ളവരാക്കാറുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്തതുക്കൊണ്ടാണ് പലരും അടങ്ങിയിരിക്കാൻ മടിക്കുന്നത്. പോയ വഴിയേ തെളിക്കുക എന്ന രീതി, പിന്നെ നമ്മൾ അവർക്കൊപ്പമാണ് എന്ന വിശ്വാസം ഇതെല്ലാം അവരിൽ ഉണ്ടാക്കിയെടുത്താൽ പിന്നെ അവർ ടീച്ചറുടെ സ്വന്തം! ഇന്ന് ഇവരൊക്കെ വളർന്ന് വലിയ ആളുകളായി എങ്കിലും അന്നത്തെ സ്നേഹം ഇന്നും കാത്തുസൂക്ഷിക്കുന്നവരാണ്. ഇവരെല്ലാം എന്റെ ഉറ്റ മിത്രങ്ങളും കൂടിയാണ്.
ജോലിക്ക് പോകുന്ന അമ്മമാർക്ക് കുട്ടികളെ സ്കൂളിൽ പോവാനായി ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും അവർക്ക് കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റാത്തതിന്റെ കാരണവും മനസിലാക്കാൻ എനിക്ക് നാലു വർഷം വേണ്ടി വന്നു എന്നത് എന്റെ പരാജയമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ഞാനും ഒരു സ്കൂൾ കുട്ടിയുടെ രക്ഷിതാവായപ്പോഴാണ്.
എന്നാണ് ഞാൻ മാറിത്തുടങ്ങിയത് എന്ന് എനിക്കും അറിയില്ല. ക്രമേണ ഞാനും കുട്ടിയായി. ഇപ്പോൾ കുട്ടികളുടേയും രക്ഷിതാക്കളുടേയും ഇഷ്ടപ്പെട്ട ഒരാളാണ് ഞാനെന്ന് തിരിച്ചറിയുന്നുണ്ട്. ഇന്ന് പഠനരീതി പാടെ മാറിയ സാഹചര്യത്തിൽ കുട്ടികളെ പോലെത്തന്നെ ഞങ്ങളും പഴയതൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.
ഓരോ കുട്ടിയും പറയുന്ന കഥകളിൽ നിന്നാണ് അവന്റെ/ അവളുടെ ജീവിതസാഹചര്യത്തിലേക്ക് ഞങ്ങൾ എത്തുന്നത്. രക്ഷിതാക്കളുമായി ഇടപെട്ടാൽ കുട്ടിയുടെ പഠനപ്രശ്നങ്ങളും സ്വഭാവവൈരുദ്ധ്യങ്ങളും തിരിച്ചറിയാനും ഓരോരുത്തർക്കും വേണ്ട രീതിയിൽ പരിഗണന നൽകാനും അദ്ധ്യാപകർക്ക് കഴിയും. ചികിത്സകളും കൗൺസിലിംഗുകളും വേണ്ടവരെ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിൽ തന്നെ അതിലേക്കെത്തിക്കുവാനും രക്ഷിതാക്കളെ അതിനായി സന്നദ്ധരാക്കുവാനും ഏറ്റവും അധികം കഴിയുന്നത് എൽ പി സ്കൂൾ അദ്ധ്യാപകർക്കാണ്.
ഇന്ന് ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ കുട്ടികൾക്ക് നഷ്ടപ്പെടുന്ന സ്കൂൾ അന്തരീക്ഷം എത്തിച്ചുകൊടുക്കാൻ പുതിയ സംവിധാനങ്ങൾ അന്വേഷിക്കുകയാണ് അദ്ധ്യാപകർ. പഠനം എന്നതിലുപരി ഒരു സാമൂഹ്യജീവിയാകാനുള്ള തയ്യാറെടുപ്പുകൂടിയാണല്ലോ വിദ്യാലയം. ഇത് ഇന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടക്കുന്നു. ഓരോ ക്ലാസ്സിനും വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് പരസ്പരം സംസാരിക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കുന്നു. ഇവിടെ കുട്ടികൾ മനസ്സുതുറക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷമാണ്. ഓൺലൈൻ ക്ലാസിനു ശേഷം നോട്ടുകൾ തയ്യാറാക്കുന്നതിന് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച നടത്താറുണ്ട്. പിന്നീട് കുട്ടികൾ നോട്ടെഴുതി അദ്ധ്യാപകരുടെ നമ്പറിൽ വാട്സാപ്പ് ചെയ്യുന്നുണ്ട്. ദിനാചരണങ്ങൾ വീട്ടുകാരോടൊത്തു വ്യത്യസ്തമായി ആഘോഷിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുമ്പോൾ ജനങ്ങളും ഓൺലൈൻ ആയി സ്കൂളുകളുമായി അടുക്കുന്നു. പുതിയ പഠന രീതികളുമായി കുട്ടികൾ വിജയകരമായി മുന്നോട്ടുപോവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
[കോഴിക്കോട് ജില്ലയിലെ മക്കട എ.എൽ.പി സ്കൂൾ അദ്ധ്യാപികയാണ് ലേഖിക.]