തീപ്പാളി മെയ്തൂട്ടി
'പെണ്ണെ, ഇനീം കരഞ്ഞാൽ അന്നെ തീപ്പാളി മെയ്തൂട്ടിക്ക് കെട്ടിച്ചു കൊടുക്കും.' ഇത് കേട്ടപാടെ പാത്തൂട്ടിയുടെ കരച്ചിലിന് ഊക്ക് കൂടി

"പെണ്ണെ, ഇനീം കരഞ്ഞാൽ അന്നെ തീപ്പാളി മെയ്തൂട്ടിക്ക് കെട്ടിച്ചു കൊടുക്കും!" ഇതു കേട്ടപാടെ പാത്തൂട്ടിയുടെ കരച്ചിലിന് ഊക്ക് കൂടി. തീപ്പാളിയും കുട്ടികളും പണ്ടേ ശത്രുക്കളായിരുന്നു. പടച്ചവൻ ദുനിയാവ് പടച്ച തൊട്ട് അവർ അങ്ങനെയാണ് എന്ന് തോന്നുന്നു.
തീപ്പാളി എന്ന് കേൾക്കുമ്പോൾ വ്യാളിയെ പോലെ തീ ഉള്ളിൽ കൊണ്ടു നടക്കുന്ന ഒരു രൂപമാണ് ഓർമ വരിക. കുട്ടികളെ പേടിപ്പിക്കാൻ തീ പാറുന്ന കണ്ണുകളുമായി തീപ്പാളി മെയ്തൂട്ടി ഇരുട്ടിൽ ഒളിച്ചിരിക്കുമെന്ന് ഉമ്മമാർ കഥയുണ്ടാക്കി അവരെ ചോറു കഴിപ്പിച്ചു.
പക്ഷെ മെയ്തൂട്ടിക്ക് തീപ്പാളി എന്ന പേര് നേടിക്കൊടുത്ത കഥയുടെ നേര് ഇതായിരുന്നു.
ഹജ്ജിനു പോയി പുണ്യഭൂമിയിൽ മരണപ്പെട്ട കുഞ്ഞു മുഹമ്മദിന്റെ നാലാമത്തെ സന്താനമായിരുന്നു മെയ്തൂട്ടി. ജീവിച്ചിരിക്കെ ഒരുപാട് ഭൂമിയും സ്വത്തും കൈവശമുണ്ടായിരുന്ന കുഞ്ഞു മുഹമ്മദിന്റെ കടബാധ്യതകൾ മരണശേഷമാണ് വെളിപ്പെട്ടത്. കടം വീട്ടുവാനായി പലതും വിൽക്കേണ്ടി വന്നു. ദാരിദ്ര്യം പെട്ടന്നാണ് ആ കുടുംബത്തെ കീഴടക്കിയത്.
മെയ്തൂട്ടിക്ക് ചെറുപ്പം തൊട്ടെ അപസ്മാരത്തിന്റെ പ്രയാസങ്ങൾ ഉണ്ടായിരുന്നു. ഒരു സൂചന പോലും കൊടുക്കാതെ പെട്ടെന്നാണ് അത് അവനെ കീഴ്പ്പെടുത്തുക. കയ്യിൽ ആരെങ്കിലും ഒരു ഇരുമ്പിന്റെ കഷ്ണം പിടിപ്പിക്കുന്നത് വരെ മുൾകാട്ടിലോ റോഡരികിലോ ഒക്കെ സ്ഥലകാലബോധമില്ലാതെ അവൻ തളർന്നു കിടക്കും. പക്ഷെ അന്നേരം മെയ്തൂട്ടിക്കു മുന്നിൽ മറ്റൊരു ലോകത്തേക്കുള്ള കവാടങ്ങൾ തുറന്നു കൊടുക്കപ്പെട്ടിരുന്നു. വല്ല്യമ്മ പറഞ്ഞുകൊടുത്ത കഥകളിലെ ഏഴാം ആകാശത്തിലെ മലക്കുകൾക്കിടയിലേക്ക്, നക്ഷത്രങ്ങൾ നിറഞ്ഞ അനന്തതയിലൂടെ ബുറാക്കിന്റെ പുറത്തേറി അവൻ പറന്നകന്നു. അന്നേരം ബുറാഖിനു തന്റെ ഉമ്മയുടെ സുന്ദരമായ മുഖമാണെന്ന് അവനു തോന്നി. നീണ്ട ഇടതൂർന്ന മുടിയിൽ തല പൂഴ്ത്തി അവൻ അതിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചിരുന്നു. ബോധം വീഴുമ്പോൾ അവന്റെ അത്ഭുത കാഴ്ചകൾ പുകച്ചുരുളുകളായി അലിഞ്ഞുപ്പോയി...
പക്ഷെ, തന്റെ ഈ രഹസ്യ സഞ്ചാരങ്ങളെ കുറിച്ച് മറ്റു കുട്ടികളോട് പറയുവാൻ അവൻ ധൈര്യപ്പെട്ടില്ല. അവർ തനിക്ക് ഭ്രാന്താണെന്ന് പറഞ്ഞു നടക്കുമെന്ന് അവനു പേടിയുണ്ടായിരുന്നു. എങ്കിലും റബ്ബ് തനിക്കായി മാത്രം അനുവദിച്ചു തന്ന കാഴ്ചകളിൽ മെയ്തൂട്ടി അഭിമാനിച്ചു. തന്റെ അസാധാരണത്വത്തിലും.
അവന്റെ വീട്ടിലെ പഴയ ഇരുമ്പലമാരയ്ക്ക് പിന്നിൽ ഒട്ടിച്ചു വെച്ചിരുന്ന ബുറാക്കിന്റെ ചിത്രം എന്നും അവൻ നോക്കി നിന്നു. അതിനോട് സംസാരിച്ചു. അവന്റെ ഒരേയൊരു കൂട്ട് ആ ചിത്രവും അവന്റെ ഉമ്മയും മാത്രമായിരുന്നു.
പക്ഷെ വീണ്ടുമൊരിക്കൽ അപസ്മാരമിളകിയപ്പോൾ മെയ്തൂട്ടി വീണത് കത്തിക്കൊണ്ടിരുന്ന അടുപ്പിലേക്കായിരുന്നു. സ്കൂൾ വിട്ടു വന്നു കഞ്ഞിക്കലം തുറന്നതും തളർന്നു വീണതും ഒരുമിച്ചായിരുന്നു. ശബ്ദം കേട്ട് ഉമ്മ ഓടിയെത്തും മുൻപ് തന്നെ കാത്തിരുന്ന ഇരയെ കിട്ടിയ പോലെ തീ മെയ്തൂട്ടീയുടെ വലതു കാൽ വിഴുങ്ങിക്കഴിഞ്ഞിരുന്നു. എന്നാൽ ബോധം വീണ്ടെടുക്കും വരെ മെയ്തൂട്ടി നരകത്തിന്റെ വാതിൽക്കൽ നിന്ന് നീറുകയായിരുന്നു. തീജ്വാലകൾ ജീവനുള്ള ശരീരങ്ങളെ വേവിച്ചെടുക്കുമ്പോൾ ഉയരുന്ന നിലവിളികൾ കൊണ്ട് അവന്റെ ചെവികൾ ചുട്ടുപൊള്ളി. തീക്ഷ്ണമായ ആ ചുവപ്പ് വെളിച്ചത്തിൽ തന്റെ കൃഷ്ണമണികൾ ഉരുകിപ്പോകുന്നതായി അവനു തോന്നി.
"ഉമ്മാ...ഉമ്മാ..."
ഒന്ന് നിലവിളിക്കാൻ പോലും കഴിയുന്നില്ല!
ആ സംഭവത്തിനു ശേഷം രണ്ടു പകലും രാത്രിയും മെയ്തൂട്ടി പനിച്ചു കിടന്നു. വ്രണങ്ങൾ നീറി പഴുത്തു. പിന്നീടൊരിക്കലും അവൻ ഏഴാനാകാശവും ബുറാഖിനെയും കണ്ടില്ല. എന്നെന്നേക്കുമായി നഷ്ടപെട്ട ഒരു സ്വപ്നം പോലെ എല്ലാം അവനിൽ നിന്നും അകന്നു പോയി. ഒരിക്കലും മായാത്ത ഒരു അടയാളം മാത്രം തീ അവന്റെ കാലിൽ വരച്ചിട്ടു.
മുറിവുകൾ എല്ലാം ഉണങ്ങിയെങ്കിലും മെയ്തൂട്ടി പിന്നീടൊരിക്കലും ആ കെട്ട് അഴിച്ചു മാറ്റിയതുമില്ല. മാലോകരുടെ നോട്ടം ആ മുറിവും കടന്നു തന്റെ ആത്മാവും കടന്നു താൻ അന്ന് കണ്ട ഭയാത്മകമായ കാഴ്ചകളിലേക്ക് എത്തിയാലോ!
"തീപാളിയതാണോ?" എന്ന നാട്ടുകാരുടെ ചോദ്യവും പരിഹാസവും ആവർത്തിച്ചും ലോപിച്ചും മെയ്തീന്റെ പേരിനോട് ചേർക്കപ്പെട്ടു.
മെയ്തൂട്ടിയുടെ ബാല്യവും കൗമാരവും ആരോടെന്നില്ലാത്ത എന്തിനെന്നില്ലാത്ത ഒരു പ്രതികാരത്തിൽ കത്തിയമർന്നു. ഉമ്മയുടെ മരണശേഷം പഴയ ഒരു റേഡിയോ പാടിപ്പിച്ചു ആ പഴയ വീട്ടിൽ അയാൾ ഒറ്റയ്ക്ക് ചടഞ്ഞു കൂടി. പുറംലോകം പരിഹാസങ്ങളുമായി മെയ്തൂട്ടിയെ കാത്തിരുന്നു.
"തീപാളിയെ അന്റെ തീ പാളിയ കാലൊന്ന് കാണിച്ചു താടാ"
കേട്ടപാടെ മെയ്തൂട്ടി കല്ലെടുത്തു അവരുടെ പിന്നാലെ പായും.
"ഈ കണ്ട പറമ്പുകൾ എല്ലാം ഇന്റെ വാപ്പ കുഞ്ഞു മുഹമ്മദിന്റെ ആയിരുന്നെടാ കുരിപ്പുകളെ... എല്ലാം പറ്റിച്ചു കൈക്കലാക്കിയില്ലേ?"
അറിയാവുന്ന തെറികളെല്ലാം വിളിച്ചിട്ടും തന്റെ രോഷം പ്രകടിപ്പിക്കുവാൻ അതൊന്നും അയാൾക്കു തികയാതെ വന്നു.
അവസാനം തോറ്റുപോയ പടയാളിയെ പോലെ മെയ്തൂട്ടി വിതുമ്പി.
മെല്ലെ മെല്ലെ അയാൾ വാർദ്ധക്യത്തിലേക്ക് നടന്നടുത്തു. പഴകി മുഷിഞ്ഞു കീറിയ ഒരു കുപ്പായവും മുണ്ടുമുടുത്ത് മുടന്തിക്കൊണ്ടു നടക്കുമ്പോൾ കാലിലെ കെട്ടിന്റെ ഒരറ്റം ചെളിയിലൂടെയും മണ്ണിലൂടെയും അയാളെ പിന്തുടർന്നു.
ഊന്നുവടിയിൽ കെട്ടിവെച്ച പാട്ടയിലേക്ക് ആരെങ്കിലും അലിവ് തോന്നി ചില്ലറത്തുട്ടുകൾ ഇട്ടു കൊടുത്താലായി. ഉറ്റവരോ ഉടയവരോ ഇല്ലാതെ ഒരു മൂത്ത ഒറ്റയാനെ പോലെ മെയ്തൂട്ടി അലഞ്ഞു നടന്നു. കുട്ടികൾ കൈകൊട്ടിയും കല്ലെറിഞ്ഞും പിന്നാലെ നടന്ന് അയാളെ നിഷ്കരുണം വേട്ടയാടി.
ഏതൊക്കെയോ അദൃശ്യ ശക്തികളോട് എണ്ണിപ്പറഞ്ഞുകൊണ്ട് മെയ്തൂട്ടി തന്റെ സങ്കടങ്ങളുടെ ഭാരം എന്നെന്നേക്കുമായി ഇറക്കി വെച്ചു.
അവസാനത്തെ കാഴ്ചകളും കണ്ടു തീർത്ത കണ്ണുകൾ അടഞ്ഞു തുടങ്ങി.
"അഷ്വതു അൻ ലാ ഇലാഹ ഇല്ലല്ലാഹ്
വ അഷ്വതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്!"
(അള്ളാഹു അല്ലാതെ മറ്റൊരു ആരാധനാപാത്രമില്ല, മുഹമ്മദ് അവിടുത്തെ പ്രവാചകൻ ആവുന്നു)
അവസാനത്തെ കലിമയും ചൊല്ലി, അവസാനത്തെ ശ്വാസവും വെടിഞ്ഞു കിടക്കുന്ന മെയ്തൂട്ടിയുടെ അടുക്കലേക്ക് നരച്ച പച്ചനിറമുള്ള ആ ചുമരിലെ ചിത്രത്തിൽ നിന്നും ചിറകു വിരിച്ചുകൊണ്ടു ബുറാക്ക് ഇറങ്ങി വന്നു. മെയ്തൂട്ടിയുടെ മുഖത്തേക്ക് തന്റെ മുഖം താഴ്ത്തിക്കൊണ്ട് അത് കണ്ണീർ പൊഴിച്ചു