"പെൺകുട്ടികൾ പഠിച്ചിട്ടെന്തിനാ?"
പഠനമാണോ കുട്ടിയാണോ വലുത് എന്നൊരൊറ്റ ചോദ്യത്തിൽ പെൺകുട്ടിയെ അടക്കിയിരുത്താനുള്ള ശക്തി കുടുംബവ്യവസ്ഥകൾക്കുണ്ട്.

കാലാനുസൃതമായ മാറ്റങ്ങൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രകടമാണ് എന്നു പറയാമെങ്കിലും, ഇനിയും വേണ്ടത്ര മാറ്റങ്ങൾ ഉൾക്കൊണ്ടിട്ടില്ലാത്ത ചില ഇടങ്ങളുണ്ട്. ലിംഗസമത്വവും തുല്യ പങ്കാളിത്തവുമൊക്കെ സജീവമായ ചർച്ചകൾക്ക് വഴിവെക്കുന്നുണ്ടെങ്കിലും, പ്രത്യക്ഷത്തിൽ സമൂഹം എവിടെയെത്തി നിൽക്കുന്നു എന്നത് ചോദ്യചിഹ്നമായി തന്നെ തുടരുന്നു. സാക്ഷരതയിലും സ്ത്രീ - പുരുഷ അനുപാതത്തിലും ഒന്നാമതായ കേരളത്തിൽപ്പോലും ഈ മാറ്റത്തെ ഉൾക്കൊള്ളാൻ പാകത്തിൽ, സമൂഹത്തിന് മനസികവികാസം സംഭവിച്ചിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പെൺകുട്ടികൾ എന്നും മുമ്പിൽ തന്നെയാണ്. എന്നാൽ, പഠനത്തിലും പഠനേതര വിഷയങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന പെൺകുട്ടികൾ ക്രമേണ അപ്രത്യക്ഷമാകുന്നത് കാണാം.
പത്താം ക്ലാസ്സിലും പ്ലസ് ടു വിലുമൊക്കെ ഉയർന്ന മാർക്കുകൾ കരസ്ഥമാക്കുന്നതും ബിരുദപഠനത്തിനു കൂടുതൽ സീറ്റുകളിൽ അഡ്മിഷൻ നേടുന്നതും പെൺകുട്ടികളാണെന്നതിൽ തർക്കമില്ല. എന്നാൽ അവരിൽ എത്ര പേർ പഠനം പൂർത്തിയാക്കുന്നുണ്ട്, അല്ലെങ്കിൽ തുടർ പഠനത്തിലേക്ക് പ്രവേശിക്കുന്നുണ്ട് എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ പഠനം പൂർത്തിയാക്കിയാൽ തന്നെ പിൽക്കാലത്ത് അവരിലെത്ര പേർ തൊഴിൽരംഗത്തേക്ക് കടന്നു വരുന്നു എന്നത് ഗൗരവമുള്ള വിഷയമാണ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസവും ജോലിയുമൊക്കെ തെരഞ്ഞെടുക്കപ്പെടുന്നതിന്റെ പ്രധാന ക്രൈറ്റീരിയ എന്താണ് എന്നത് ആലോചിച്ചാൽ ഈ വൈരുദ്ധ്യത്തിനു പിന്നിലെ കാരണം എളുപ്പം മനസ്സിലാകും. പലപ്പോഴും താത്പര്യത്തെക്കാൾ എളുപ്പത്തിൽ അഡ്മിഷൻ കിട്ടുന്ന എന്തെങ്കിലുമൊരു കോഴ്സ്, അല്ലെങ്കിൽ വിവാഹത്തിന് നിശ്ചയിച്ച പ്രായ പരിധിക്കിപ്പുറം പൂർത്തിയാവേണ്ട കോഴ്സുകൾ ഒക്കെ തിരഞ്ഞെടുക്കാൻ പെൺകുട്ടികൾ നിർബന്ധിതരാകാറുണ്ട്. പഠനത്തിൽ എത്ര മികവ് പുലർത്തിയാലും, ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ കരസ്ഥമാക്കിയാലും ഫൈനൽ ഡെസ്റ്റിനേഷൻ എന്നത് വിവാഹമായിരിക്കണം എന്നൊരു കടുംപിടുത്തം സമൂഹത്തിനുണ്ട്.
പലപ്പോഴും പഠനം പൂർത്തിയാകും മുമ്പേ, അല്ലെങ്കിൽ ആഗ്രഹിക്കുന്നത് പോലെ ഒരു തൊഴിലിൽ എത്തിച്ചേരുന്നതിനു മുമ്പേ വിവാഹം കഴിക്കാൻ പെൺകുട്ടികൾ പ്രേരിപ്പിക്കപ്പെടാറുണ്ട്. അതിന് പിന്നിലെ പ്രധാന വസ്തുത പെൺകുട്ടിയുടെ പ്രായം തന്നെയാണ്. പഠനത്തിനും ജോലിക്കുമായി പരിശ്രമിക്കുമ്പോൾ പ്രായം കൂടും എന്നത് സ്വാഭാവികമാണ്. എന്നാൽ ഇതേ അവസരങ്ങളിലൂടെ കടന്നു പോകുന്ന പുരുഷനും പ്രായം കൂടുന്നു എന്ന വസ്തുതയ്ക്ക് ഇവിടെ പ്രസക്തിയില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച പുരുഷന്മാരുടെ എണ്ണം കുറയുന്നതും, നേരത്തെ വിവാഹിതരാകുന്ന പുരുഷന്മാരുടെ എണ്ണം കൂടുന്നതും ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവുമൊക്കെ കൈവരിച്ച പുരുഷന്മാരിലും വിവാഹക്കാര്യമെത്തുമ്പോൾ പെൺകുട്ടിയുടെ പ്രായം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മാനദണ്ഡങ്ങൾ എത്രത്തോളം സങ്കുചിതമായിപ്പോകാറുണ്ട് എന്നത് ദൗർഭാഗ്യകരമായ വസ്തുതയാണ്. ഉന്നത വിദ്യാഭ്യാസവും ജോലിയുമൊക്കെയുള്ള പുരുഷന്മാരും വിവാഹം കഴിക്കുമ്പോൾ തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ, പഠനം പൂർത്തിയാക്കിയിട്ടില്ലാത്ത പെൺകുട്ടികളെ തെരഞ്ഞെടുക്കാൻ താല്പര്യം കാണിക്കാറുണ്ട്. പെൺകുട്ടിയെ വിവാഹം കഴിച്ചയയ്ക്കാനുള്ള ഭീമമായ ചെലവും തുടർന്ന് പോരുന്ന സ്ത്രീധന സമ്പ്രദായങ്ങളും പഠനത്തിന് വിലക്കിടുന്ന മറ്റൊരു കാരണമായേക്കാം. വിവാഹത്തിന് വേണ്ടുന്ന നിർബന്ധിത ചെലവിനപ്പുറം വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാൻ തുടർന്ന് പോരുന്ന സാമൂഹിക സമ്പ്രദായങ്ങൾ വൈമുഖ്യം കാണിക്കാറുണ്ട് എന്നതൊരു യാഥാർഥ്യമാണ്. പഠനത്തിൽ താല്പര്യമുള്ള പെൺകുട്ടികളുടെ മാതാപിതാക്കളാകട്ടെ, പലപ്പോഴും സമൂഹത്തിന്റെ ഉപദേശനിർദേശങ്ങൾക്കു പാത്രമാകാറുമുണ്ട്. അധികം പഠിപ്പിച്ചിട്ടെന്തിനാ?, എന്തായാലും മറ്റൊരു വീട്ടിലേക്ക് അയക്കാനുള്ളതല്ലേ? എന്ന പിന്തിരിപ്പൻ ചോദ്യങ്ങളിൽ പതറിപ്പോകാതിരിക്കാൻ ഒരു ശരാശരി രക്ഷിതാവിനു പ്രയാസമാണ്. പഠിച്ചു പഠിച്ചു പ്രായം കൂടിയാൽ വരനെ കിട്ടാൻ ബുദ്ധിമുട്ടാകും എന്ന താക്കീത് കൂടി, ഉദാഹരണ സഹിതം സമർഥിക്കപ്പെടുമ്പോൾ മുന്നോട്ട് ചിന്തിച്ചിരുന്ന രക്ഷിതാക്കൾ പോലും അൽപ്പമൊന്നു പിൻവലിഞ്ഞേക്കും. ഇത്തരത്തിൽ പഠനത്തിൽ സമർത്ഥരായ, ലക്ഷ്യ ബോധമുള്ള പെൺകുട്ടികളെക്കൂടി തളർത്താൻ കെൽപ്പുള്ള, 'സാമൂഹിക ഉത്തരവാദിത്തം' ശിരസ്സാ വഹിക്കുന്ന അഭ്യുദയകാംക്ഷികളും ഒട്ടും കുറവല്ല.
മറ്റൊന്ന് വിവാഹത്തിന് ശേഷവും പഠനം തുടരാം എന്ന മോഹന വാഗ്ദാനമാണ്. ഒട്ടുമിക്ക സാഹചര്യങ്ങളിലും, വിവാഹം കഴിയുന്നതോടെ ഈ വാഗ്ദാനവും കാലാവധി കഴിഞ്ഞു പോകാറുണ്ട്. വിവാഹ ശേഷം ഭർത്താവിനും കുടുംബത്തിനും സമ്മതമാണെങ്കിൽ പഠനം തുടർന്നോട്ടെ, എന്നു ചിന്തിക്കുന്ന രക്ഷിതാക്കളും കുറവല്ല. സ്വാഭാവികമായും വിവാഹ ശേഷം കുടുംബത്തിനകത്തു വന്നു ചേരുന്ന ചുമതലകളുടെ കൂട്ടത്തിൽ തുടർപഠനം മാറ്റിവയ്ക്കാൻ പെൺകുട്ടികൾ നിർബന്ധിതരാകാറുണ്ട്. കുടുംബത്തിൽ നിന്ന് എതിർപ്പില്ലെങ്കിൽ പോലും, പലപ്പോഴും മെച്ചപ്പെട്ട രീതിയിൽ പഠനം തുടരാനാകാതെ പെൺകുട്ടികൾ സ്വയം പിന്മാറുന്ന സാഹചര്യവും കൂടുതലാണ്. വിവാഹശേഷം ഗർഭധാരണം, പ്രസവം തുടങ്ങിയ ശാരീരികാവസ്ഥകളിലേക്ക് കടക്കുന്നതോടെ വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും സാധ്യതകൾ കുറച്ചു കൂടി മങ്ങുകയാണ്. പഠനമാണോ കുട്ടിയാണോ വലുത് എന്നൊരൊറ്റ ചോദ്യത്തിൽ പെൺകുട്ടിയെ അടക്കിയിരുത്താനുള്ള ശക്തി കുടുംബവ്യവസ്ഥകൾക്കുണ്ട്. തൊഴിലിടങ്ങൾ വീടിന്റെ ചുറ്റുവട്ടത്തിൽ നിന്നും ദൂരെയാവുകയോ, ജോലിയുടെ സമയമോ സ്വഭാവമോ ഒക്കെ പരമ്പരാഗത കുടുംബിനി സങ്കൽപ്പങ്ങൾക്ക് എതിരാവുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ എന്താണ് സംഭവിക്കുന്നത്? അവിടെയും വീടിനും കുടുംബത്തിനും ഉതകേണ്ടവളാണ് സ്ത്രീയെന്ന അടിയുറച്ച വിശ്വാസത്തിന്മേൽ അവൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടതായി വരുന്നു. ഇഷ്ടപ്പെട്ട ജോലി, കഠിന പ്രയത്നത്താൽ നേടിയെടുത്തിട്ടും ഇത്തരത്തിൽ കുടുംബത്തിന്റെ ഇംഗിതങ്ങൾക്കു വേണ്ടി എല്ലാം വേണ്ടെന്നു വയ്ക്കുന്നവരുണ്ട്.
ഇതിനെയെല്ലാം അതിജീവിച്ചു കൊണ്ട് വിവാഹത്തിനും പ്രസവത്തിനും ശേഷവും മികച്ച രീതിയിൽ പഠനവും ജോലിയും മുന്നോട്ട് കൊണ്ടു പോകുന്ന പെൺകുട്ടികളുണ്ടെങ്കിലും വളരെ വിരളമാണ്. എന്നാൽ അവർക്ക് കുടുംബത്തിൽ നിന്നും, സമൂഹത്തിൽ നിന്നും കിട്ടുന്ന പിന്തുണ എത്രത്തോളമാണെന്ന കാര്യത്തിൽ പലപ്പോഴും നമുക്ക് തലതാഴ്ത്തേണ്ടി വരും. വിവാഹത്തോടെ അല്ലെങ്കിൽ ഒരു കുഞ്ഞാകുന്നതോടെ പഠനത്തിനും ജോലിക്കും ബ്രേക്ക് ഇടേണ്ടി വരുന്ന സ്ത്രീകളിൽ ഭൂരിപക്ഷവും പിന്നീടങ്ങോട്ട് അതേ ജീവിതാവസ്ഥയിൽ തുടരുന്നവരാണ്. വീടിനകത്തെ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതിലും കുട്ടികളുടെയും മുതിർന്നവരുടെയും പരിചരണത്തിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമ്മയാകുന്നതോടെ കുഞ്ഞിന്റെ പരിചരണത്തിനായി ഇടവേള എടുക്കുന്നവർക്ക് പിന്നീട് ഒരു തിരിച്ചു വരവ് അത്രയെളുപ്പമായിരിക്കില്ല. ഇത്തരം ഘട്ടങ്ങളിൽ അവരോടൊപ്പം നിൽക്കേണ്ട വീട്ടുകാരും പലപ്പോഴും വിപരീത ഫലം ആയിരിക്കും നൽകുന്നത്. അധ്വാനിച്ചു കുടുംബം മുന്നോട്ട് കൊണ്ടുപോകുന്ന പുരുഷന് എല്ലാത്തരത്തിലും അനുയോജ്യമായ സാഹചര്യങ്ങൾ കുടുംബത്തിൽ ഒരുക്കുക എന്നതാകുന്നു സ്ത്രീയുടെ അടിസ്ഥാന കർത്തവ്യവും ജീവിത ലക്ഷ്യവും. അൽപ്പം വിദ്യാഭ്യാസം സിദ്ധിച്ച സ്ത്രീകളാണെങ്കിൽ മക്കളെ പഠിപ്പിക്കുക എന്നതാകും അവരുടെ വിദ്യാഭ്യാസത്തിന്റെ പരമോന്നത സാഫല്യം!
വിദ്യാഭ്യാസമുള്ള, സ്വയം തൊഴിൽ ചെയ്ത് സമ്പാദിക്കാൻ പ്രാപ്തയായ സ്ത്രീകളെ സമൂഹം നോക്കിക്കാണുന്നതെങ്ങനെ എന്നത് വിമർശനാത്മകമായി പരിശോധിക്കേണ്ടിയിരിക്കുന്നു. പഠനകാലത്തു സർഗാത്മകമായി ജ്വലിച്ചു നിന്നിരുന്ന പെൺകുട്ടികളിലധികവും, വിവാഹശേഷം അതെല്ലാം പൂട്ടിക്കെട്ടി വയ്ക്കാറുണ്ട്. സർഗാത്മകമായി പ്രതികരിക്കുന്ന, ഇടപെടുന്ന സ്ത്രീയെ കുടുംബവും സമൂഹവും എത്രത്തോളം പ്രോത്സാഹിപ്പിക്കുന്നു എന്നത് സമീപകാലത്തുണ്ടായ പല സംഭവങ്ങളും തുറന്നു കാണിച്ചിട്ടുണ്ട്. എഴുതുന്ന പെണ്ണിനെ ഭയക്കുന്ന സമൂഹം വിവാഹ ശേഷം അവൾ നൃത്തം ചെയ്യുന്നതും പാടുന്നതും അഭിനയിക്കുന്നതുമെല്ലാം അൽപ്പം അസ്വാഭാവികതയോടെയാണ് കാണാൻ ശ്രമിക്കാറുള്ളത്. അല്ലെങ്കിൽ വിവാഹത്തോടെ പരിമിതപ്പെടുത്തേണ്ടതോ ഭർത്താവിന്റെ സമ്മതത്തോടെ മാത്രം തുടരേണ്ടതോ ആയ ഒന്നു മാത്രമാണ് സ്ത്രീയുടെ സർഗാത്മകത എന്നൊരു ബോധ്യം വളരെ സ്വാഭാവികമായി കണ്ടീഷൻ ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന പെൺരത്നങ്ങൾക്ക്, വിവാഹ ശേഷം തങ്ങളുടെ രാഷ്ടീയവും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ വീട്ടിനുള്ളിലേക്ക് ഒതുക്കേണ്ടിവരാറുണ്ട്.
സമീപ കാലത്തായി ചർച്ച ചെയ്യപ്പെട്ട പല സിനിമകളും സംഭവങ്ങളും ഈ വിഷയത്തെ വ്യക്തമായി തുറന്നു കാണിക്കുന്നുണ്ട്. "പഠിച്ച പെൺകുട്ടികൾക്ക് കൊമ്പോ ചിറകോ ഉണ്ടാകും, നിനക്കിതിൽ ഏതാണുള്ളത്? ഏതായാലും സ്വയം അരിഞ്ഞേക്കുക, ഞാനതു ചെയ്താൽ വേദന കൂടും" എന്ന് നവവധുവിനോട് പറയുന്ന പട്ടാളക്കാരനായ ചെറുപ്പക്കാരനെ ഹെല്ലാരോ എന്ന ഗുജറാത്തി സിനിമ കാണിച്ചു തരുന്നുണ്ട്. സ്വന്തം പ്രയത്നത്താൽ മെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്ന അയൽവാസിയായ വിധവയായ സ്ത്രീയെ നോക്കി ഇവരിതെന്തു ജോലിയാണ് ചെയ്യുന്നത്? എന്ന ധ്വനി നിറഞ്ഞ ചോദ്യമുയർത്തുന്ന നായകനെ ഥാപ്പഡ് സിനിമയിലും കാണാം. ചുരുക്കത്തിൽ സാമൂഹികമായ ഉന്നമനം നേടുന്ന, സാമ്പത്തികമായി സ്വാതന്ത്രയായ സ്ത്രീകൾ എന്നും സമൂഹത്തിനു മുമ്പിൽ അഹങ്കാരികളും തന്റേടികളും ദുർമാർഗത്തിൽ സമ്പാദിക്കുന്നവരുമായി മുദ്രകുത്തപ്പെടുത്തുന്നു!?
അറിവും കഴിവും കൊണ്ടു മികവ് പുലർത്തിയിട്ടും മാറ്റി നിർത്തപ്പെടുന്ന സ്ത്രീകൾ പരിമിതികൾക്കപ്പുറം, സമൂഹ നിർമിതികൾക്കു മുമ്പിൽ തോറ്റു പോകാറുണ്ട്. ഗ്ലാസ് സീലിങ്ങിനെ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്ന സ്ത്രീകളെ കൂടുതൽ തളർത്താൻ പരിശ്രമിക്കുന്ന പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സമീപകാലത്തു റിലീസ് ചെയ്ത ഗുഞ്ജൻ സക്സനയുടെ ജീവിതം പ്രമേയമായ ഹിന്ദി സിനിമ ഈയവസ്ഥയെ വ്യക്തമായി ചിത്രീകരിക്കുന്നുണ്ട്. സ്വന്തം സ്വപ്നങ്ങൾക്ക് പുറകെ പോകാൻ ആഗ്രഹിക്കുന്ന, ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യാൻ പരിശ്രമിക്കുന്ന പ്രണയിനിയെ ആണത്തത്തിനേറ്റ മുറിവുണക്കാനെന്ന വണ്ണം ആസിഡൊഴിച്ചു തോൽപ്പിക്കാൻ ശ്രമിക്കുന്ന ഗോവിന്ദിനെ മലയാള സിനിമയും അവതരിപ്പിച്ചിട്ടുണ്ട്.
കോവിഡ് കാലത്തു ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിനെതിരെ പ്രതികരിച്ച വനിതാ ആരോഗ്യപ്രവർത്തകയോട് 'പെൺകുട്ടികൾക്കെന്തിനാണ് ശമ്പളം?' എന്നു ചോദിച്ച മേലധികാരിയും സിനിമയ്ക്കപ്പുറത്തെ യഥാർത്ഥ ജീവിതത്തിൽ നിന്ന് വെല്ലുവിളിയുയർത്തുന്നുണ്ട്. സ്ത്രീകൾക്ക് സ്വന്തമായ സമ്പാദ്യത്തിന്റെ ആവശ്യമില്ല എന്നു വിശ്വസിക്കുന്ന സമൂഹം പെണ്ണിന്റെ എല്ലാ അർഥത്തിലുമുള്ള എക്കാലത്തെയും സംരക്ഷണ ചുമതല ആണിന്റെ കയ്യിൽ ചാർത്തിക്കൊടുക്കുകയാണ് ചെയ്യുന്നത്. കോളേജ് പഠനകാലത്ത് "നിങ്ങൾക്ക് ജോലി ആയില്ലെങ്കിലുമെന്താ, കെട്ടിയോന് ജോലിയുണ്ടാകുമല്ലോ" എന്നു നിഷ്കളങ്കമായി ചോദിച്ച ആൺ സുഹൃത്തിനെ ഓർത്തു പോകുന്നു. ഉണ്ണാനും ഉടുക്കാനും കൃത്യമായി തരുന്നുണ്ടല്ലോ, പിന്നെ നിനക്കെന്താണ് ഇവിടെ കുറവ്? എന്ന് ആക്രോശിക്കുന്ന പുരുഷ കേസരികളും, വിവാഹം കഴിച്ചയച്ച പെൺകുട്ടിക്ക് പരമ സുഖമാണെന്ന് ഊറ്റം കൊള്ളുന്ന സ്ത്രീജനങ്ങളും മേല്പറഞ്ഞ മനസ്ഥിതിയുടെ ഫലമായി ഉരുവം കൊണ്ടവരാണ്. സ്ത്രീയുടെ സമ്പാദ്യം കൊണ്ടു കുടുംബത്തിലെ ചെലവുകൾ നോക്കുന്നതിനെ അങ്ങേയറ്റം അപലപനീയമായി കാണാൻ ശീലിച്ചിട്ടുള്ള പൊതു സമൂഹം തന്നെയാണ് ഈ നിർമിതിയുടെ വക്താക്കൾ. കുടുംബം നോക്കുക എന്നതിനപ്പുറം അവൾ സമ്പാദിക്കുന്നത് അവളുടെ സ്വത്വാവിഷ്കാരത്തിനാണെന്നു പറഞ്ഞാൽ തന്നെയും സ്ത്രീയ്ക്ക് സ്വന്തമായി സ്വത്വമുണ്ടെന്ന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്തവർക്ക് എങ്ങനെയാണ് അത് ഉൾക്കൊള്ളാനാകുക?
എന്നാൽ, എല്ലാകാലവും പുരുഷന്റെ സംരക്ഷണയിൽ കഴിയേണ്ടവളാണ് ഉത്തമയായ സ്ത്രീ എന്നു വിധിക്കുന്ന അതേ സമൂഹം തന്നെ ആൺതുണ നഷ്ടപ്പെടുന്ന സ്ത്രീയെ ഒറ്റപ്പെടുത്താനും മുമ്പിൽ തന്നെയാണ്. വിവാഹം കഴിച്ചയക്കുന്ന മകൾ മരണം വരെയും ഭർത്താവിന്റെ സംരക്ഷണയിൽ സുരക്ഷിത ആയിരിക്കും എന്ന വിശ്വാസത്തിൽ രക്ഷിതാക്കൾ അന്ധരായിപ്പോകാറുണ്ട്. നാളെ ഭർത്താവിന്റെ മരണം കൊണ്ടോ, ഉപജീവനമാർഗം ഇല്ലാതെയാകുന്ന സാഹചര്യത്തിലോ, അല്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കേണ്ട സാഹചര്യം സംജാതമായാലോ മകൾ ജീവിക്കേണ്ടത് എങ്ങനെയാണെന്ന് ചിന്തിക്കാൻ അവർ മെനക്കെടാറില്ല എന്നതാണ് വാസ്തവം. ഭർത്താവിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസരം വരുമ്പോൾ, ഭർത്താവ് മരണപ്പടുമ്പോൾ ഒക്കെ ഇത്തരത്തിൽ പകച്ചു നിൽക്കേണ്ടി വരുന്ന സ്ത്രീകളുണ്ട്. സന്തോഷകരമല്ലാത്ത ദാമ്പത്യത്തിൽ, ജീവനും ജീവിതത്തിനും ഭീഷണിയുണ്ടെങ്കിലും, എല്ലാം സഹിച്ചും ക്ഷമിച്ചും പിന്നേയും മുമ്പോട്ട് പോകുവാൻ അവരെ നിർബന്ധിതരാക്കുന്നതും ഇതേ അപര്യാപ്തതയാണ്. സ്ത്രീധനത്തിനു കനം കൂട്ടുന്ന തിരക്കിൽ തൂക്കം കുറഞ്ഞു പോകുന്ന വിദ്യാഭ്യാസത്തിനും, വിലകല്പിക്കാതെ പോകുന്ന സ്വയം പര്യാപ്തതയ്ക്കും പിന്നീട് കനത്ത വില കൊടുക്കേണ്ടി വരുന്നത് സ്ത്രീകൾ തന്നെയായിരിക്കും. മകളുടെ മരണം വരെ അവളെ ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രാപ്തയാക്കാൻ രക്ഷിതാക്കൾക്ക് കഴിയണമെങ്കിൽ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. പെൺകുട്ടി ജനിക്കുമ്പോൾ തൊട്ട് നാളെ മറ്റൊരു വീട്ടിലേക്ക് പോകേണ്ടവളാണെന്ന ബോധ്യം അവളിൽ ഊട്ടിയുറപ്പിക്കുകയും, നല്ല ഭാര്യ -നല്ല മരുമകൾ പട്ടത്തിനായി വളർച്ചയിലുടനീളം പരിശീലിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം നമുക്കുണ്ട്. നല്ല പെൺകുട്ടി ടാഗിങ്ങിനപ്പുറത്തേക്ക് നല്ലൊരു വ്യക്തിയായി, അവളെ വാർത്തെടുക്കാൻ കുടുംബവും സമൂഹവും എന്താണ് ചെയ്യുന്നത് എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവാഹം കഴിച്ചയക്കുന്നതോടെ വലിയൊരു ബാധ്യത അവസാനിച്ചു എന്നാശ്വസിക്കുന്നവരാകട്ടെ, അവളുടെ ജീവിതം എല്ലാ അർത്ഥത്തിലും പരിപൂർണമായതായി ആശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ആശ്വാസം ശാശ്വതമായ ഒന്നാണോ എന്നത് ഇനിയെങ്കിലും പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
വിവാഹ പ്രായം 21 ആക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. നിലവിൽ വിവാഹിതയാകാൻ 18 വയസ്സ് നിയമം അനുശാസിക്കുന്നതിനാൽ കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസം വരെയെങ്കിലും പൂർത്തിയാക്കാനുള്ള അവസരം പെൺകുട്ടികൾക്ക് ലഭിക്കാറുണ്ട്. വിവാഹം വരെ പെൺകുട്ടികൾ എന്തെങ്കിലും പഠിച്ചോട്ടെ എന്നൊരു നയം നമ്മുടെ നാട്ടിലുണ്ട്. അതായത് പ്രായപരിധി ഉയർത്തിയാൽ ഡിഗ്രി വിദ്യാഭ്യാസം വരെ പൂർത്തിയാക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കാൻ വലിയ സാധ്യതയാണുള്ളത്. അതുണ്ടാക്കിയേക്കാവുന്ന സാമൂഹിക മാറ്റങ്ങൾ ചെറുതായിരിക്കില്ല. ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ അതിന്റെ പ്രയോജനം ലഭിക്കുന്നത് ഒരു കുടുംബത്തിനാണെന്ന് പ്രിയങ്ക ചോപ്ര അഭിപ്രായപ്പെട്ടിരുന്നു. ഈയൊരു പ്രസ്താവനയ്ക്ക് പൊതുസമൂഹത്തിൽ എത്രത്തോളം സാധുതയുണ്ടെന്നത് വ്യക്തമാണ്.
( പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിലെ എം.എ. പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിയാണ് ലേഖിക )