മുത്തശ്ശൻ മുത്താണല്ലോ...
കവി ഒളപ്പമണ്ണയെ പേരക്കുട്ടി ശ്രീദേവി ഒളപ്പമണ്ണ ഓർക്കുന്നു.

"കുട്ടികളെത്തിയ കുറ്റിക്കാട്ടിൽ
പൊട്ടിവിടർന്നൂ പൊന്നോണം
നടുമുറ്റത്തുള്ളോണത്തപ്പ-
ന്നട നേദിച്ചൂ മുത്തശ്ശി." ...
ഈ കവിത കുട്ടീല് സ്കൂളിൽ പഠിക്കാത്തോര്‍ ചുരുക്കമാവും. എന്റെ മുത്തശ്ശനാ ഈ കവിത എഴുതിയത്. എല്ലാ ഓണക്കാലത്തും അമ്മമ്മ ഇതു ചൊല്ലിത്തരാറുണ്ട്.
എനിക്ക് മുത്തശ്ശനെ അത്രയ്ക്ക് ഓർമ്മല്യാട്ടൊ. ആറ് വയസ്സായിരുന്നു എനിക്ക്. മുത്തശ്ശനെ ആസ്പത്രീന്ന് കൊണ്ടന്ന് തെക്കേ അറയിൽ കിടത്തി. കുറേ ആൾക്കാരും വന്നു. തങ്കായി എന്റെ മുഖത്തെ ഭാവം കണ്ടിട്ട് പറഞ്ഞു, "മുത്തശ്ശൻ മരിച്ചു കുട്ടീ". അങ്ങനെ പറഞ്ഞാൽ എന്താ എന്ന് എനിക്കറീല്ല്യ. എല്ലാരും കരയണ കണ്ടിട്ട് എനിക്കും കരച്ചിൽ വന്നു. വെള്ളിനേഴിയിൽ സംസ്കാരം നടക്കുമ്പൊ ഞാൻ അമ്മേടെ കൈ കൊതറി വിടീച്ച്, എത്തി നോക്കാൻ പോയി. കുറച്ചു പേര് തോക്കും പിടിച്ചു നിന്ന് ആകാശത്തേക്ക് വെടി വെക്കണ കണ്ടു. ഒന്നു ഞെട്ടി.
പിന്നെ ഞങ്ങൾ മദ്രാസിലേക്ക് താമസം മാറ്റി. എന്റെ സ്കൂൾ തുറന്നു. അങ്ങനെ പോയി കുറേ വർഷങ്ങൾ.
അച്ഛനും അമ്മയും എന്നെ മലയാളം പഠിപ്പിക്കാൻ നല്ലോണം കിണഞ്ഞു. അച്ഛൻ പാലക്കാട് വന്നു മടങ്ങുമ്പോൾ, കൂടെ ജോലി ചെയ്തിരുന്നവരുടെ കുട്ടികൾടെ മലയാളം ടെക്സ്റ്റ് ബുക്ക് കൊണ്ടരും; കഴിഞ്ഞ കൊല്ലത്തെ. ഇരട്ട വര നോട്ടും മേടിച്ചു. എന്നെ എന്നും പത്രത്തിലെ ഒരോ കോളം വായ്പ്പിച്ചു. മലയാള മാസങ്ങളും ഇരുപത്തെട്ട് നാളുകളും രാവിലെ ഗുണനപ്പട്ടികയുടെ കൂടെ ചൊല്ലിക്കും. ഇത് അമ്മയുടെ ഡിപ്പാർട്ട്മെന്റ് ആണേ. "നാളിരുപത്തെട്ട്" എന്ന് ചൊല്ലിയവസാനിപ്പിച്ചു വാ പൂട്ടിയതും, അമ്മ നെയ്യ് കൂട്ടി കുഴച്ച ഉരുള വായിൽ വെച്ച് തന്നേർന്നു. ഉച്ചാരണം ശരിയാക്കിയതും, ഈ കുറിപ്പുൾപ്പടെ എല്ലാത്തിലും അക്ഷരത്തെറ്റുണ്ടോ എന്ന് പരിശോധിച്ചിരുന്നതും അമ്മയാണ്.
വാസ്തവത്തിൽ ഇവരുടെ ഉത്സാഹം കാരണാണ് ഞാൻ മലയാളം പഠിച്ചത്. എന്തിനാന്ന് മാത്രം അന്ന് എനിക്ക് മനസ്സിലായില്ല്യ. ചോദിച്ചാൽ അച്ഛൻ പറയും "ബസ്സിൽ ബോർഡ് വായിക്കാനാ" ന്ന്! എനിക്ക് പതിന്നാലു വയസ്സുള്ളപ്പോൾ അച്ഛൻ സ്ഥലംമാറ്റം ചോദിച്ചു മേടിച്ചു. ഞാൻ പാലക്കാട് ലയൺസ് സ്കൂളിൽ ചേർന്നു. ഒരു ദിവസം മലയാളം പഠിപ്പിക്കുന്ന സന്ധ്യ ടീച്ചർ എന്നെ അന്വേഷിച്ച് വന്നു. "എന്താ കുട്ടി മലയാളം ക്ളാസ്സിൽ വരാത്തെ?" ഹിന്ദിയാണ് തെരഞ്ഞെടുത്തതെന്ന് ഞാൻ പറഞ്ഞു. ടീച്ചർ എന്റെ നേർക്കൊരു ചാട്ടം! "ഒളപ്പമണ്ണയുടെ പേരക്കുട്ടി ഹിന്ദി പഠിക്ക്യേ!" ഞാനൊന്നന്ധാളിച്ചു. സ്കൂൾ വിട്ട് ചെന്ന് അച്ഛനോട് പറഞ്ഞപ്പൊ, അച്ഛൻ എന്നോട് ചോയ്ച്ചു,
"ശ്രീക്കുട്ടിക്ക് മുത്തശ്ശനെ ഓർമ്മണ്ടോ?"
ഞാൻ ഇങ്ങനെ ആലോയ്ച്ചു...
വെള്ള ഷർട്ട് വെള്ള മുണ്ട്, തോളത്തൊരു ടർക്കിഷ് ടവൽ, ഇടത്തേ കയ്യിൽ വാച്ച്, വലത്തേ കയ്യിലൊരു വടി. മുത്തശ്ശൻ പൂമുഖത്തെ വാതിൽക്കൽ വന്നാൽ ആ സ്പേസ് നിറയുന്നത് എനിക്കോർമ്മയുണ്ട്.
ഞാൻ മുത്തശ്ശനെ കണ്ടാൽ അടുത്തേക്കോടും. മീറ്റിങ്ങ് കഴിഞ്ഞ് വര്വാണെങ്കിൽ കയ്യിലുള്ള പൂച്ചെണ്ട് എനിക്ക് തരും. പിന്നെനിക്കൊന്നും വേണ്ട. അതിൽത്തെ ഓരോ റോസാപ്പൂവും ഞാൻ മനസ്സിരുത്തി പറിച്ചെടുക്കും, എന്നിട്ടത് ഫ്രിഡ്ജിൽ സൂക്ഷിക്കും. പിറ്റേന്ന് സ്കൂളിൽക്ക് പുറപ്പെടുമ്പൊ മറക്കാണ്ടെ റോസ് കൊണ്ടുവേം ചെയ്യും. മുത്തശ്ശന്റെ മീറ്റിങ്ങുകളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഞാനായിരുന്നു.
ഞാൻ കുറേക്കൂടി വലുതായി കഷ്ടിച്ച് കോളേജ് എത്തിയപ്പഴാണ് അച്ഛൻ എന്നെ അടുത്തിരുത്തി മുത്തശ്ശന്റെ കവിത വായ്ച്ചു തരാൻ തുടങ്ങിയത്. ഒരു കവിത കഴിയുമ്പഴക്കും അച്ഛന്റെ കണ്ണു നിറഞ്ഞൊഴുകാൻ തുടങ്ങും. രണ്ടാളും വല്യ കൂട്ടായിരുന്നു. അമ്മമ്മ പറഞ്ഞിട്ടുണ്ട്. മുത്തശ്ശനോട് ആരോ ചോദിച്ചു, "ഒളപ്പമണ്ണയ്ക്ക് ഏറ്റവും മോഹം എന്തിനാ?" മറുപടി - "മക്കളെ കെട്ടിപ്പിടിക്കാൻ, മാമ്പഴം തിന്നാൻ, മുഖസ്തുതി കേൾക്കാൻ."
മുത്തശ്ശന്റെ കവിതകൾ അച്ഛന് 'ജാതകം' പോലെയാണെന്നാണ് അച്ഛന്റെ പക്ഷം. അച്ഛൻ നേരിടാൻ പോണ എല്ലാ സാഹചര്യങ്ങളെ കുറിച്ചും മുത്തശ്ശൻ എഴുതി വെച്ചിട്ടുണ്ടത്രെ. ലോക്ക്ഡൗൺ കാലത്ത് മുത്തശ്ശന്റെ നാലു വരി പലരും 'സ്റ്റാറ്റസ്' വെച്ചു ഞാൻ കണ്ടിരുന്നു,
"ഒക്കെയും കണ്ടു മടങ്ങുമ്പോഴാണല്ലൊ
മക്കളേ, നിങ്ങളറിഞ്ഞിടുന്നു:
നാടായനാടൊക്കെക്കണ്ടുവെന്നാകിലും
വീടാണു ലോകം, വലിയ ലോകം!"
മുത്തശ്ശൻ കുടുംബ കവിയായിരുന്നു. ഭാര്യേം മക്കളും തന്നെയായിരുന്നു കഥാപാത്രങ്ങൾ. എന്നെ പറ്റിയും മുത്തശ്ശൻ ഒരു കവിത എഴുതിയിട്ടുണ്ട്.
" പേരക്കുട്ടി ചിരിക്കുമ്പോൾ -
ച്ചിരി ഞാൻ കണ്ടിരിക്കുക:
ഞാനുമൊപ്പം ചിരിക്കുക!
....
മുത്തശ്ശൻ മരമാവുക,
കാറ്റിൽത്തൂമണമാവുക!
ഞാനെൻ കുഞ്ഞിനെ മുത്തുമ്പോൾ
മണമൊന്നായ വായുവിൽ
ജഗൽപ്രാണൻ ശ്വസിക്കുക!"
വെറും ആറു വർഷത്തെ പരിചയേള്ളൂച്ചാലും ഞാൻ മുത്തശ്ശനെ മിസ്സ് ചെയ്യണ്ട്ട്ടൊ, പ്രത്യേകിച്ച് ഓണക്കാലത്ത്. പക്ഷെ ആരും സങ്കടായിട്ട് ഇരിക്കരുത് എന്ന് മുത്തശ്ശൻ പറഞ്ഞിട്ടുണ്ട്.
"ഇന്നാണല്ലോ പാതാളം വി-
ട്ടിങ്ങോട്ടെത്തുക മാവേലി!
ആരും കരയരു, താരും കരയരു-
തദ്ദേഹത്തിൻ തിരുമുമ്പിൽ!"
[ഒളപ്പമണ്ണ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യന്‍ നമ്പൂതിരിപ്പാട് 1923 ജനുവരി 10ന് പാലക്കാട് ജില്ലയിലെ ഒളപ്പമണ്ണ ഇല്ലത്ത് ജനിച്ചു. ചെറുപ്പത്തിലേ കവിതയെഴുത്ത് ആരംഭിച്ചു. വീണ, കല്‍പ്പന, കിലുങ്ങുന്ന കയ്യാമം, കുളമ്പടി, പാഞ്ചാലി, നങ്ങേമക്കുട്ടി, ദുഃഖമാവുക സുഖം, നിഴലാന, ജാലകപ്പക്ഷി, വരിനെല്ല് തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
1967ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും നിഴലാന എന്ന കാവ്യസമാഹാരത്തിന് ഓടക്കുഴല്‍ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1998ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2000 ഏപ്രില്‍ 10ന് അദ്ദേഹം അന്തരിച്ചു.]