കൊറോണയും ഞാനും തമ്മിൽ...
സിനിമാപാട്ടുകളുടെ വരികൾ കൊണ്ട് മുറിയങ്ങ് നിറച്ചു വെച്ചു. ഗിരീഷ് പുത്തഞ്ചേരിയോടും "തകിലു പുകില് കുരവകുഴല് തന്തനത്തനം പാടി വാ..." തുടങ്ങിയവയുടെ ഗാനസൃഷ്ടാക്കളോടും കടപ്പാട് തോന്നിയ ദിനങ്ങൾ...

"ഇതിലാരാ അഞ്ജലി?
അഞ്ജലിക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണ്."
ആന്റിജൻ ടെസ്റ്റ് കഴിഞ്ഞ് കുറച്ച് നേരത്തിനു ശേഷം ഹെൽത്ത് ഡിപ്പാർട്മെന്റിൽ നിന്നും റിസൽട് അറിയിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന അനിയത്തിയുടെയും അനിയന്റെയും കണ്ണുകളിൽ നേരിയ പരിഭ്രാന്തി എനിക്ക് കാണാൻ കഴിഞ്ഞു.
ആരോഗ്യപ്രവർത്തകരെ പോലെത്തന്നെ ക്രമസമാധാനപാലകരും റിസ്ക് ഗ്രൂപ്പിലാണല്ലോ. അങ്ങനെ പോലീസ് സ്റ്റേഷനിലെ സമ്പർക്കം വഴി സബ്ഇൻസ്പെക്ടറായ അപ്പയും, പിന്നീട് അമ്മയും ടെസ്റ്റിൽ പോസിറ്റീവ് ആയപ്പോൾ, ഞങ്ങൾ മൂന്നു പേർക്കും ഒക്ടോബർ 10 ന് ആയിരുന്നു ടെസ്റ്റ് നടത്തിയത്.
ഞാൻ വീട്ടിൽ തന്നെ ഐസൊലേഷനിൽ തുടരാനാണ് തീരുമാനിച്ചത്.
പക്ഷേ... പ്രിയപ്പെട്ടവരുടെ കൂടെയിരുന്നു പൊട്ടിച്ചിരിക്കാനോ, ഏകാന്തതയുടെ നേരങ്ങളിൽ തോളിൽ തട്ടി ഒന്നാശ്വസിപ്പിക്കാനോ കഴിയാത്ത അവസ്ഥ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു.
കോവിഡ് മുന്നോട്ടു വെച്ച ഏറ്റവും വലിയ ആകുലത എന്താണെന്ന് വെച്ചാൽ അനിശ്ചിതത്വം തന്നെയാണ്. ഈ വ്യാധിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം ഇപ്പോഴും തുടരുന്ന അനിശ്ചിതത്വം ഒരുപാട് പേരെ പരിഭ്രാന്തിയിലാക്കുന്നുമുണ്ട്.
ഒക്ടോബർ തുടങ്ങിയപ്പോൾ മുതൽ ഐസൊലേഷന് വേണ്ടി ഒരു "കൊറോണ മുറി" വീട്ടിൽ തയ്യാറായിരുന്നു. അന്തേവാസികൾ മാറുന്നു എന്നുമാത്രം. വീടെന്ന ഏറ്റവും പ്രിയപ്പെട്ട ഇടത്തു പോലും കുറച്ച് ദിവസങ്ങൾ ഒറ്റയ്ക്ക് ചെലവഴിക്കാൻ മിക്കവർക്കും ബുദ്ധിമുട്ടാണ്. അപ്പോഴാണ് വർഷങ്ങളായി വീടിനുള്ളിൽ കഴിയേണ്ടി വരുന്ന മനുഷ്യരുടെ ദുഃഖത്തെക്കുറിച്ചോർത്തത്.
'ദിനാന്ത്യ'ത്തിൽ ONV എഴുതിയതെത്ര സത്യം.
"അന്യദുഃഖങ്ങൾ അപാര സമുദ്രങ്ങൾ...
നിന്റെ ദുഃഖങ്ങൾ വെറും കടൽ ശംഖുകൾ..."
എല്ലാ ദിവസവും രാവിലെ വിളിച്ച് "Good Morning Anjali എന്തുണ്ട് വിശേഷം" എന്ന് PHC യിലെ സ്റ്റാഫ് അന്വേഷിച്ചിരുന്നു. കൂടെ ആവശ്യമായ നിർദ്ദേശങ്ങളും നൽകി. ആരോഗ്യവകുപ്പ് വീട്ടിലെത്തിച്ച Pulse ഓക്സിമീറ്ററിൽ കൃത്യമായി SpO2 മോണിറ്ററിങ് നടത്തിയിരുന്നു.
പിന്നെ ചെയ്ത ഒരു കാര്യം എന്താണെന്നു വെച്ചാൽ, എന്നും രാവിലെ എണീറ്റ് പത്രം വായിച്ചിരുന്ന ഞാൻ ആ ശീലം തൽക്കാലത്തേക്ക് നിർത്തി. ഇടയ്ക്ക് പോസിറ്റീവ് വാർത്തകളൊക്കെ ഉണ്ടെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിൽ നെഗറ്റീവ് വാർത്തകളെ മനസ്സ് ചാടിപ്പിടിക്കുകയും മനസ്സിലിങ്ങനെ process ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുമെന്ന് തോന്നി.
ആദ്യ ആന്റിജൻ ടെസ്റ്റ് ചെയ്യാൻ പോവുമ്പോഴും അത്യാവശ്യം ആകുലതകൾ ഉണ്ടായിരുന്നു. പിന്നെ പോസിറ്റീവ് ചിന്താഗതിയുള്ള രണ്ട് സഹോദരങ്ങൾ കൂടെയുള്ളതുകൊണ്ട് കുഴപ്പമുണ്ടായില്ല. അതുകൊണ്ട് വിരസമായി ക്യൂവിൽ നിന്ന നേരത്തും കവിത കുറിയ്ക്കാൻ സാധിച്ചു.
ഏതൊരു അസുഖവും ശരീരത്തെ ബാധിക്കുന്നത് പോലെത്തന്നെ അപകടകരമാണ് അത് മനസ്സിനെ കീഴടക്കുന്നതും. പലപ്പോഴും വൈദ്യഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുന്ന അറിവിനുമപ്പുറം ജീവിതം നമ്മെ ചിലത് പഠിപ്പിക്കും.
മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങളിൽ മുഴുകിക്കൊണ്ട് ആകുലതകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഞാൻ തീരുമാനിച്ചു.

അവസാനം അനിയത്തി വന്ന് "ജയ്സാ... പാട്ട് വേണ്ട" എന്ന് പറയും വരെ മുറിയിലെ ചുമരുകൾ അതെല്ലാം സഹിച്ചു.
രുചിയും മണവും നഷ്ടപ്പെടൽ, തൊണ്ടവേദന, തലവേദന എന്നിവ മാറി മാറി വന്നുപോയി. ലക്സും വിക്സും ഇടയ്ക്കിടെ മാറിമാറി മണത്തുനോക്കി. ഇതൊക്കെ നഷ്ടപ്പെടുമ്പോഴാണല്ലോ അവയുടെ വില മനസ്സിലാവുന്നത്.
കൊറോണയെക്കുറിച്ചും മുറിയിലെ ഏകാന്തതയെ കുറിച്ചും മുന്നേ എഴുതിയ കവിതകൾ ഒക്കെക്കൂടി അറം പറ്റിയെന്നു തോന്നിപ്പോയി ഇടയ്ക്ക്.
ഉത്തരത്തിലെ മാറാലയ്ക്കും ചുമരിൽ വീഴുന്ന വെയിലിനും നിഴലിനുമെല്ലാം പ്രത്യേക ഭംഗിയുണ്ടെന്ന് തോന്നിയ നിമിഷങ്ങൾ.
ദൂരങ്ങളെല്ലാം പിന്നെയും ദൂരേക്ക് പോകുന്നു. ഇനിയെന്നാണ് പഴയപോലെ യാത്ര ചെയ്യാൻ പറ്റുന്നത്? മുറിക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കവേ, പറമ്പിലും കുന്നിലും കടൽത്തീരത്തും നടക്കാൻ കാലടികൾ കൊതിയ്ക്കുന്നുണ്ടെന്ന് തോന്നി.
പകലിന്റെ വിരസതയകറ്റാൻ രണ്ടാമൂഴത്തിൽ നിന്നും ഭീമസേനനും ദ്രൗപദിയും അഭിമന്യുവുമെല്ലാം കൂട്ടിരുന്നു. സൂതരും മാഗാധരും വീരഗാഥകൾ പാടി. പഴംതമിഴ് പാട്ടുകളും കഥകളും ചുവടുകളും കൂട്ട് വന്നു.
പോസിറ്റീവ് ആയ അന്ന് മുതൽ മനസും പോസിറ്റീവ് ആക്കി വെയ്ക്കാൻ കൂടെ നിന്നവർ...
മുറിയിലിരുന്നാൽ ആകാശം കാണുന്നില്ലെന്ന് പറഞ്ഞപ്പോൾ ആകാശച്ചിത്രങ്ങളും ടെലസ്കോപ്പിലൂടെ കാണുന്ന തിരുവാതിരനക്ഷത്രത്തിന്റെ ഫോട്ടോയും വരെ അയച്ചുതന്ന കൂട്ടുകാർ...
ഓരോ ദിവസവും പ്രിയപ്പെട്ട പാട്ടുകളുടെ വരികൾ തെരഞ്ഞുപഠിച്ച് പാടി വെറുപ്പിച്ചപ്പോൾ അതിന്റെ ബാക്കി പാടി അയച്ച് ചാറ്റ് ഹെഡ് ഗാനമേളയ്ക്കുള്ള വേദി ആക്കി മാറ്റിയവർ...
എന്നെക്കാൾ അഞ്ച് വയസ്സ് കുറവാണെങ്കിലും ഗൃഹഭരണത്തിൽ അനന്യമായ പാടവം കാഴ്ചവെച്ച ഒക്ടോബറിലെ "പെർഫോർമർ ഓഫ് ദി മന്ത്" അനിയത്തി.
വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും മരുന്നും മറ്റും എത്തിച്ച അയൽക്കാർ.
മനസ്സിന്റെ സൃഷ്ടിയാവാം... കട്ടിലിന്റെ തലയ്ക്കൽ ആധിക്കും വ്യാധിക്കും കൂട്ടിരുന്ന വെളുത്ത മേലങ്കി ധരിച്ച ദിവ്യരൂപം.
അങ്ങനെയങ്ങനെ ഒരുപാട് പേർ.
ഇഴഞ്ഞുനീങ്ങിയ പകലുകളാൽ എൻ്റെ ചില്ലയിൽ ഏകാന്തത പൂത്ത് തളിർക്കാതിരിക്കാൻ കൂടെ വന്ന വേനൽ വെളിച്ചം ചുറ്റുമുള്ള മനുഷ്യരാണ്.
പിന്നെയും പിന്നെയും ഉരുവിടാൻ പ്രിയം തോന്നുന്ന ചന്തമുള്ള വാക്കുകൾ പോലെ കൂടെനിന്ന എല്ലാവർക്കും ഒരുപാട് നന്ദി, സ്നേഹം.
എനിക്കറിയാം...
കോവിഡ് ഒരു തമാശയല്ല, പക്ഷേ ആശങ്ക വേണ്ട, ജാഗ്രത മതി. പരസ്പരം താങ്ങായി നിന്നുകൊണ്ട് നമുക്കും അതിജീവനത്തിന്റെ ഉണർത്തുപാട്ടുകാരാവാം.
കൊറോണ പോട്ടെ. സമാധാനം പുലരട്ടെ.