സിനിമയിലെ സംഘർഷങ്ങൾ, സംഘർഷങ്ങളിലെ സിനിമ
ആഷിക് അബുവിന്റെ സിനിമകൾ കണ്ട് സ്ത്രീകൾ ശക്തരാവാൻ തീരുമാനിക്കുന്നതല്ല, സ്ത്രീകൾ യഥാർത്ഥ സമൂഹത്തിൽ ശക്തരായി മാറിയതുകൊണ്ട് ആഷിക് അബുവിനും, ശ്യാം പുഷ്കരനും അത്തരം കഥാപാത്ര സൃഷ്ടിയിലൂടെ അധികാരമുള്ള സ്ത്രീകളെ കേന്ദ്രബിന്ദുവിൽ നിർത്തി സിനിമ എടുക്കാൻ സാധിക്കുന്നു എന്ന് പറയുന്നതാവും ശരി..!

ഈ കുറിപ്പ് ഒരു ആധികാരിക പഠനമോ, വസ്തുതാപരമായ വാദമോ അല്ല. മറിച്ച് ചില ചിന്തകളുടെ പങ്കുവെയ്ക്കൽ ആണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.
ഒരു സംഭാഷണത്തിനിടയിൽ ഒരിക്കൽ ഒരു സുഹൃത്ത് ഒരു അഭിപ്രായം പങ്ക്വെയ്ക്കുകയുണ്ടായി. ഒരുകാലത്തെ മലയാള സിനിമ അതായത് വാണിജ്യസിനിമകൾ അവതരിപ്പിച്ചിരുന്നത് കൂടുതലും തൊഴിൽ രഹിത യൗവ്വനങ്ങളെയും അവരുടെ ജീവിതത്തേയും ചുറ്റിപറ്റിയായിരുന്നെങ്കിൽ ഇന്ന് അതിന്റെ പ്രമേയങ്ങളിൽ നഗര ജീവിതങ്ങളുടെ അസ്ഥിത്വപ്രതിസന്ധികളല്ലേ കൂടുതലെന്ന്..? കേട്ടപ്പോൾ ശരിയാണെന്ന് തോന്നി.
ഈ അഭിപ്രായം ഒരു വിമർശനമായിട്ടല്ല സുഹൃത്ത് ഉന്നയിച്ചതെങ്കിലും, സിനിമകളിലും മറ്റ് വ്യവഹാര രൂപങ്ങളിലും വരുന്ന മാറ്റങ്ങളെ ചില ആളുകൾ വിമർശന ബുദ്ധിയോടെയും, ചിലർ സ്വാഗതാർഹമായ മനോഭാവത്തോടെയും സമീപിക്കാറുണ്ട്.
ഉദാഹരണമായി പറഞ്ഞാൽ സിനിമയിലെ മൂല്യങ്ങൾ തകരുന്നത്, ലഹരിയുടെ ഉപയോഗത്തെ ഗ്ളോറിഫൈ ചെയ്യുന്നത്, അരാജകവാദം, അഡൾട്ട് ജോക്സ്, സ്ത്രീപക്ഷവാദം, സ്ത്രീവിരുദ്ധത തുടങ്ങിയ കാര്യങ്ങളെല്ലാം ഉന്നയിച്ചു കൊണ്ട് സിനിമകളെ വിമർശിക്കുന്നവരും അഭിനന്ദിക്കുന്നവരുമുണ്ട്. ഷക്കീല ചിത്രങ്ങളാണ് മലയാള സിനിമയെ ഒരു കാലത്ത് നശിപ്പിച്ചത്, സ്ത്രീകളെ രണ്ടാംതരക്കാരാക്കി ചിത്രീകരിക്കുന്ന സിനിമകൾ കാരണം നമ്മുടെ സ്ത്രീസങ്കല്പങ്ങൾ മാറ്റമില്ലാതെ തുടരുന്നു, ബോഡി ഷെയ്മിങ്ങ്, മസ്കുലൈൻ ക്യാരക്ടറുകൾ, നന്മയില്ലാത്ത നഗരം ഇങ്ങനെ പലമേഖലകളിൽ ഈ വിമർശനങ്ങൾ കടന്ന് വരുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവും.
അടിസ്ഥാനപരമായി സിനിമകൾക്ക് സമൂഹത്തിലുള്ള സ്വാധീനം വളരെ വലുതാണ് എന്ന കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ഇത്തരം വാദഗതികളും ആശങ്കകളും ഉയരുന്നതെന്ന് തോന്നുന്നു. സിനിമയ്ക്ക് സമൂഹത്തിലുള്ള സ്വാധീനം തീർച്ചയായും വളരെ വലുതാണ്. എന്നാൽ സമൂഹത്തിന്, നിത്യജീവിതത്തിന് സിനിമയിലുള്ള സ്വാധീനമോ? സമൂഹത്തിന് സിനിമയിലുള്ള സ്വാധീനം, അത് ചെലുത്തുന്ന സമ്മർദ്ദം തിരിച്ചുള്ളതിനേക്കാൾ ശക്തമാണെന്ന കാര്യം പലപ്പോഴും നമ്മൾ പറയാറില്ല. അതുകൊണ്ടുതന്നെ നേരത്തെ പറഞ്ഞത് പ്രകാരമുള്ള വിമർശനങ്ങളും അഭിപ്രായങ്ങളും പൂർണ്ണമാവുന്നത്, ആ സിനിമ പുറത്തിറങ്ങിയ സാഹചര്യം, അന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതകൾ, സിനിമാപ്രവർത്തകർ ആരായിരുന്നു, അവരുടെ താൽപര്യങ്ങൾ എന്തായിരുന്നു എന്നത് കൂടെ പരിഗണിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണെന്ന് തോന്നുന്നു.
നമ്മളാദ്യം പറഞ്ഞ തൊഴിലിന്റെ കാര്യം എടുക്കുകയാണെങ്കിൽ ഇൻ ഹരിഹർ നഗർ, റാംജി റാവു സ്പീക്കിങ്ങ്, ടി.പി ബാലഗോപാലൻ എം.എ, വരവേൽപ്പ്, സന്മസുള്ളവർക്ക് സമാധാനം, കിരീടം, സ്ഥലത്തെ പ്രധാന പയ്യൻസ് തുടങ്ങിയ ഒരു കാലത്തെ പോപ്പുലർ കൾച്ചർ സിനിമകളിലെല്ലാം നായകന്റെ ഗ്രാമീണ പശ്ചാത്തലമോ നഗരത്തിൽ എത്തിച്ചേർന്ന് തൊഴിൽ തേടിയുള്ള അലച്ചിലോ പ്രമേയമായി കടന്ന് വരുന്ന സിനിമകളാണ്. ന്യൂഡൽഹി, വന്ദനം പോലെയുള്ള സിനിമകൾ ഇറങ്ങിയിട്ടേ ഇല്ലെന്നല്ല പറയുന്നത്. മറിച്ച് സിനിമാ മാർക്കറ്റിൽ കൂടുതലായി കടന്ന് വരുന്ന സിനിമകളിലെ നായകർക്ക് ഈ പശ്ചാത്തലങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. നഗരത്തിന്റെ സെറ്റിങ്ങുകൾ മുൻകൂർ ആവശ്യമുള്ള സിനിമകൾ പ്രത്യേകിച്ചും നേരത്തെ പറഞ്ഞ പോലെയുള്ള ആക്ഷൻ, ത്രില്ലർ സിനിമകൾ പോലുള്ളവയിൽ പോലും ആദ്യകാലങ്ങളിൽ ഒരു ഗ്രാമീണ ലിങ്കിങ്ങ് കാണാം. ഇരുപതാം നൂറ്റാണ്ട്, കളിക്കളം ഇതൊന്നും പൂർണ്ണമായി നഗരത്തിൽ നടക്കുന്ന കഥകളല്ല. മറിച്ച്, നഗരത്തിലേക്ക് പറിച്ചു നടപ്പെട്ട, നഗരങ്ങളോടും നഗരങ്ങളിലെ ജീവിതരീതികളോടും ജീവിതമൂല്യങ്ങളോടും കലഹിക്കുന്ന നായകന്റെ കഥയായാണ് അവതരിപ്പിക്കുന്നത്.
എന്നാൽ പുതിയ തലമുറ സംവിധായകരുടെ സിനിമകളിൽ പക്ഷേ ഈ ഒരു പാറ്റേണിലല്ല നായികാനായകന്മാർ ഉള്ളത് എന്നത് ഏറെക്കുറേ വ്യക്തമാണ്. ഇതാണ് സുഹൃത്തിന്റെ അഭിപ്രായവും. എന്നാൽ ഇതിനെ സമീപിക്കേണ്ടത് സിനിമയിലെ മൂല്യച്യുതി, അപചയം എന്ന രീതിയിലല്ല.
നവകാല മലയാള സിനിമയുടെ പ്രമേയങ്ങൾ പരിശോധിക്കുമ്പോൾ ഇതുപോലെ നിരവധിയായ മാറ്റങ്ങൾ കടന്നുവന്നിട്ടുള്ളതായി കാണാം. ഉദാഹരണമായി, ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ കൂടുതലായി സിനിമാ നരേറ്റീവുകളിൽ കടന്നുവരുന്നത് കാണാൻ സാധിക്കും. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നിമിഷയോ, ചാർളിയിലെ ടെസ്സയോ, റാണി പദ്മിനിയിലെ റിമയോ തൊണ്ണൂറുകൾക്ക് സങ്കൽപ്പിക്കാവുന്ന കഥാപാത്രങ്ങളായിരുന്നില്ല, അതുപോലെ തിരിച്ചും.
നേരത്തെ പറഞ്ഞ ഗ്രാമീണതയുടെ അഭാവം മൂല്യച്യുതിയായി ചിലരെങ്കിലും വായിക്കുന്നതുപോലെ, ഈ സ്ത്രീകഥാപാത്രങ്ങൾക്ക് സംഭവിച്ചിട്ടുള്ള ശക്തിയാർജ്ജിക്കൽ കൂടുതലും വായിക്കപ്പെടുന്നത് വിപ്ലവകാരികളായ സിനിമാ പ്രവർത്തകരുടെ ബോധപൂർവ്വമുള്ള ക്യാരക്ടർ പ്ലേസ്മെന്റുകളായിട്ടാണ് എന്ന് തോന്നുന്നു. ആ ഒരു എലമെന്റ് തീർത്തും അവഗണിക്കാവുന്നതല്ലെങ്കിലും, മാറിയ കാലത്തിന്റെ 'സിനിമ റിഫ്ലക്ഷൻ’ കൂടെയാണ് എന്ന് പറയുന്നതാവും കൂടുതൽ ശരി. സിനിമ യാഥാർത്ഥ്യത്തെ സ്വാധീനിക്കുന്നതിനേക്കാൾ എത്രയോ ശക്തമാണ് യഥാർത്ഥ ലോകത്തിന് സിനിമയിലുള്ള സ്വാധീനം എന്നത് അംഗീകരിച്ച് കൊണ്ട് മാത്രമേ ഈ മാറ്റങ്ങളെ നമുക്ക് അടയാളപ്പെടുത്താനാവൂ. അതായത് സിനിമയിൽ മാത്രമായി വന്നതോ, സിനിമയിലൂടെ വന്ന മാറ്റങ്ങളോ അല്ല, നമ്മുടെ നിത്യജീവിതത്തിൽ തന്നെ വന്നിട്ടുള്ള മാറ്റങ്ങൾ സിനിമയിൽ പ്രതിഫലിക്കുക മാത്രമാണെന്ന് ലളിതമായി പറയാം.
സ്ത്രീ കഥാപാത്രങ്ങളുടെ കാര്യമെടുക്കുകയാണെങ്കിൽ, വ്യവസായ, സേവന മേഖലകളുടെ വളർച്ചയും അതുവഴി സ്ത്രീകൾ കൂടുതലായി തൊഴിൽ രംഗങ്ങളിലേക്ക് എത്തിയത്, സമൂഹത്തിന്റെ എക്കണോമിക് യൂണിറ്റായി അണുകുടുംബങ്ങൾ രൂപപ്പെട്ടത്, സമ്പത്ത് കൈകാര്യം ചെയ്യുന്നതിൽ സ്ത്രീകൾക്ക് കൂടുതൽ അധികാരം ലഭിക്കുന്നത് തുടങ്ങിയ ഘടകങ്ങൾ അതിൽ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീപക്ഷ രാഷ്ട്രീയം എന്നത് സിനിമയ്ക്ക് പുറത്തായാൽ പോലും ശക്തിയാർജ്ജിക്കുന്നത് വ്യവസായവിപ്ലവാനന്തരം സ്ത്രീകളുടെ വർക്ക് ഫോഴ്സ് ഗാർഹികജോലികൾക്കുപരിയായി ഉപയോഗപ്പെടുത്താതെ സമ്പദ്ഘടന മുന്നോട്ട് ചലിക്കില്ല എന്ന ഘട്ടം എത്തിയപ്പോഴാണ്. പ്രത്യേക ചിന്താഗതികളോടെ ജനിച്ച ഒരു വ്യക്തിക്കോ, ഒരു സംഘം വ്യക്തികളുടേയോ ചിന്താഗതി കൊണ്ട് ഉണ്ടായി വരുന്ന മുന്നേറ്റമല്ലത്. അത്തരം വ്യക്തികൾക്ക് ഈ ചിന്താഗതിയിലേക്ക് എത്താനും രാഷ്ട്രീയം സംസാരിക്കാനും പ്രാപ്യമായ ഒരു വസ്തുനിഷ്ഠ സാഹചര്യം കൂടെ ഉരുത്തിരിയേണ്ടതായിട്ടുണ്ട്.
സിനിമയിലും നമുക്കിത് പറയാം. ആഷിക് അബുവിന്റെ സിനിമകൾ കണ്ട് സ്ത്രീകൾ ശക്തരാവാൻ തീരുമാനിക്കുന്നതല്ല, സ്ത്രീകൾ യഥാർത്ഥ സമൂഹത്തിൽ ശക്തരായി മാറിയതുകൊണ്ട് ആഷിക് അബുവിനും, ശ്യാം പുഷ്കരനും അത്തരം കഥാപാത്ര സൃഷ്ടിയിലൂടെ അധികാരമുള്ള സ്ത്രീകളെ കേന്ദ്രബിന്ദുവിൽ നിർത്തി സിനിമ എടുക്കാൻ സാധിക്കുന്നു എന്ന് പറയുന്നതാവും ശരി..! മിഥുനത്തിലെ സുലുവിനെ നഗരജീവിത പരിസരത്ത് നിന്ന് വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിക്കുക വിശ്വാസയോഗ്യമല്ല. അതുപോലെ നിമിഷാ സജയന് 1993ലെ മിഥുനത്തിൽ പോയി മോഹൻലാലിന്റെ മുഖത്ത് സാമ്പാർ ഒഴിക്കാനും സാധിക്കില്ല. എന്റെ സാമ്പാറിനെ പറ്റി സേതുവേട്ടൻ മുമ്പിങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞിരുന്നത് എന്ന് പരിഭവിക്കാനേ സാധിക്കൂ.
സിനിമ എന്ന വ്യവഹാരരൂപത്തിന് മറ്റേത് വ്യവഹാരത്തേയും പോലെ അതിന്റേത് മാത്രമായ ചിന്താപരിസരം ഇല്ലെന്നും, യാഥാർത്യ ലോകത്തിലെ സംഭവങ്ങളെ, സംഘർഷങ്ങളെ പ്രതിഫലിപ്പിക്കുകയാണ് സിനിമ ചെയ്യുന്നത് എന്നുമാണ് ഇതിൽ നിന്നെല്ലാം മനസിലാവുക. ഒറ്റയായി നിന്നുകൊണ്ട് സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഏതൊരു വ്യവഹാര രൂപവും അശക്തമാണ്. സംഘർഷങ്ങൾ സാധ്യമായ ഭൗതിക പരിസരങ്ങളിൽ മാത്രമേ അതിന് ശക്തി പകരുന്ന വ്യവഹാരരൂപങ്ങൾക്ക് സാധ്യതയുള്ളൂ. മധ്യവർഗ സ്ത്രീയും മധ്യവർഗ പുരുഷനും തമ്മിൽ ആധുനിക ലോകത്ത് ഉടലെടുത്ത സംഘർഷത്തിന് ശക്തി പകരാൻ 'ഗ്രേയ്റ്റ് ഇന്ത്യൻ കിച്ചണിന്’ കഴിയുമെങ്കിൽ, ഈ മധ്യവർഗ മോഡേണിറ്റിക്ക് പുറത്ത് നിൽക്കുന്ന സമൂഹങ്ങളിൽ ആ സിനിമ ചലനങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത വിരളമാണ്. റഷ്യൻ കമ്യൂണിസ്റ്റ് പ്രൊപഗാണ്ട സിനിമകളോ, നാസി പ്രൊപഗാണ്ടകളോ ഇന്നത്തെ സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കാത്തത് പോലെ.
ഈ വാദത്തിന് ഒട്ടനവധി ഉദാഹരണങ്ങൾ ചരിത്രത്തിൽ നിന്നുതന്നെ സ്വരൂപിക്കാൻ സാധിക്കും. എൺപതുകളുടെ അവസാന കാലഘട്ടത്തിലേക്ക് വന്നാൽ വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിൽ ദൗർലഭ്യം കേരളത്തെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നു. കേരളത്തിലെ മധ്യവർഗ തൊഴിൽ അഭിലാഷങ്ങൾ പൂർത്തികരിച്ചിരുന്ന സേവനമേഖലക്കൊപ്പം വ്യവസായമോ, കാർഷികമേഖലയോ വികാസം പ്രാപിക്കാത്തത് വലിയ പ്രതിസന്ധിയിലെത്തിച്ചു. ഇതോടൊപ്പം തൊഴിൽ രംഗത്ത് സംവരണം നടപ്പിലാവുക എന്ന ഭീതി മധ്യവർഗ-സവർണ സമുദായങ്ങൾക്കിടയിൽ ശക്തമാവുകയും ചെയ്യുകയുണ്ടായി. ഇത് സിനിമയിൽ കാര്യമായി പ്രതിഫലിച്ചതായി കാണാം. ടി. ദാമോദരൻ തിരക്കഥയിൽ വന്നിട്ടുള്ള ഐ.വി ശശി സിനിമകളിലും, പ്രിയദർശൻ സിനിമകളിലും ഈ നായർ സമുദായ ആശങ്ക പ്രതിഫലിക്കുന്നുണ്ട്. ദരിദ്ര നമ്പൂതിരി, തൊഴിൽ രഹിതനും വിദ്യാസമ്പന്നനുമായ നായർ യുവാവ് തുടങ്ങിയ പശ്ചാത്തലങ്ങളിലെ ആര്യൻ, കിരീടം പോലെയുള്ള ചിത്രങ്ങൾ ഈ കാലഘട്ടത്തിൽ പുറത്തിറങ്ങിയവയാണ്.
പിന്നീട് ഗൾഫ് കുടിയേറ്റങ്ങൾ മലയാള സിനിമാ പരിസരത്തേക്ക് കൂടുതലായി കടന്നുവരുന്നത് കാണാം. ഗൾഫിൽ പോകാൻ ആഗ്രഹിക്കുന്ന നായകൻ, ഗൾഫിൽ നിന്ന് മടങ്ങി വരുന്ന നായകൻ തുടങ്ങിയ കഥാപാത്രങ്ങൾ, ഗൾഫ് മൂലധനം കേരളത്തിലേക്ക് കൂടുതലായി എത്തുകയും, അതിന്റെ ഭാഗമായി കൈവരുന്ന ആധുനിക ബന്ധങ്ങളിലേക്ക് സ്വയം വിളക്കിച്ചേർക്കാൻ പ്രയാസപ്പെടുന്ന കഥകളും, തൊണ്ണൂറുകളുടെ ആരംഭത്തോടെ തന്നെയുള്ള ഗൾഫ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന കഥകളും ശക്തിയാർജ്ജിക്കുന്നതായി കാണാം. നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, വരവേൽപ്പ് പോലെയുള്ള സിനിമകൾ പ്രതിഫലിപ്പിച്ചത് ഇത്തരം ജീവിതപരിസരങ്ങളാണ്.
ഇനി സോഫ്റ്റ് പോൺ സിനിമകൾ ശക്തിയാർജ്ജിക്കുന്ന തൊണ്ണൂറുകളിൽ പോലും അതിന് പലവിധ സാമൂഹ്യ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും. ടെലിവിഷനുകൾ, സിനിമാ കാസറ്റുകൾ തുടങ്ങിയ സാങ്കേതികവിദ്യകളുടെ വരവ് ഒരു വ്യവസായം എന്ന നിലയിൽ സിനിമയെ കാര്യമായി ബാധിച്ച ഒരു കാലഘട്ടമാണിത്. വലിയ ബഡ്ജറ്റ് സിനിമകൾ നേരിട്ട ഈ പ്രതിസന്ധിയെ തുടർന്ന് ചെറിയ ബഡ്ജറ്റുകളിൽ സിനിമകൾ നിർമ്മിക്കാനും, അതിൽ നിന്ന് പരമാവധി ലാഭം നേടാനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സോഫ്റ്റ് പോൺ ചിത്രങ്ങൾ ശക്തിയാർജ്ജിച്ചതെന്ന് പറയാം. സിനിമാനിർമ്മാതാക്കൾ തന്നെക്കൊണ്ട് ഒരു സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങൾ മറ്റ് സിനിമകളിൽ ഉപയോഗിക്കാനുള്ള അനുമതിപത്രത്തിൽ ഒപ്പുവെപ്പിച്ചതായി ഷക്കീല ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അന്നത്തെ സിനിമാവ്യവസായത്തിന്റെ ധനദൗർലഭ്യത്തെ ഇത് അടയാളപ്പെടുത്തുന്നു.
എന്നാൽ സിനിമകളിലെ ഈ പ്രമേയങ്ങൾ ഏത് വിഭാഗങ്ങൾക്കിടയിലെ സംഘർഷങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയത് എന്ന ചോദ്യവും ഒരുപോലെ പ്രസക്തമാണ്. ഗൾഫ് പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ തന്നെ, അത് വിദ്യാസമ്പന്ന നായർ യുവാവിന്റെ ഗൾഫ് മോഹങ്ങളിലാണ് ചുറ്റിക്കറങ്ങിയത്. വരവേൽപ്പിൽ മോഹൻലാലിന്റെ ഗൾഫ് സമ്പാദ്യം കൊണ്ടാരംഭിച്ച ബസ് കമ്പനി തകർക്കുന്നത് കീഴാള ട്രേഡ് യൂണിയൻ പ്രവർത്തകരാണ്. ആര്യനിലാവട്ടെ നമ്പൂതിരി ഇല്ലങ്ങൾ അഴിമതിയിലൂടേയും അസാന്മാർഗിക മാർഗങ്ങളിലൂടേയും കൈയ്യടക്കുന്നത് അവർണ സമുദായത്തിൽ പെട്ട കഥാപാത്രങ്ങളാണ്. ഈ വീക്ഷണഗതിക്ക് തീർച്ചയായും സിനിമാ പ്രവർത്തകരുടെ വ്യക്തിപരമായ ജാതിപരിസരവും, സാമ്പത്തിക പരിസരവും ഘടകങ്ങളായി വർത്തിച്ചിരിക്കണം.
പൂർവ്വ കുടിയേറ്റ കാലങ്ങളിൽ മലയാള കലാരംഗം കയ്യടക്കി വെച്ചിരുന്നത് സവർണ്ണ സമുദായത്തിലെ അംഗങ്ങളാണെന്ന് പറയാം. സാഹിത്യത്തിലായാലും, സിനിമയിലായാലും ക്ഷയിച്ച തറവാടും, തൊഴിൽരഹിത നമ്പൂതിരിയും, അയാളുടെ നഷ്ടപ്രണയവും ഉൾപ്പെടുന്ന ഒരു ഘട്ടം നമ്മൾ പിന്നിട്ടുണ്ട്. ഗൾഫാനന്തരം ഈഴവ-മുസ്ലിം സമുദായത്തിൽ നിന്ന് കൂടുതൽ ബുദ്ധിജീവികൾ ഉണ്ടായി വരികയും, അവരീ അപ്രമാദിത്തത്തെ ചോദ്യം ചെയ്യുകയും, ആധുനിക ബന്ധങ്ങളിലേക്ക് മലയാള സിനിമയെ എടുത്തുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലൂടേയോ മറ്റ് വ്യാവഹാരിക രൂപങ്ങളിലൂടെയോ പ്രകാശനം ചെയ്യപ്പെടാതിരുന്ന ബഹുജനങ്ങളുടെയും അവരുടെ ജീവിതപരിസരങ്ങളെയും പറ്റിയുള്ള ആവിഷ്കാരങ്ങൾ എത്തിതുടങ്ങുന്നതോടെ തന്നെ, പഴയ സിനിമാപ്രവർത്തകർക്ക് ഗരിമ നഷ്ടപ്പെടുന്നു.
പുതിയ ജീവിതപരിസരം ഗ്രാമീണതയുടേതല്ല. സേവന മേഖലയുടെ വളർച്ച, ബാംഗ്ലൂർ, കൊച്ചി തുടങ്ങിയ നഗരങ്ങൾ, ഐടി സംബന്ധിയായ തൊഴിലുകൾ, അതിന്റെ ഭാഗമായ ജീവിതപരിസരങ്ങൾ എന്നിവിടങ്ങളിലേക്ക് മാറിയവരാണ് ആധുനിക മലയാളി സമൂഹം. മുൻകാല സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സ്വതന്ത്രരായ സ്ത്രീകഥാപാത്രങ്ങൾ, മദ്യപിക്കുന്ന സ്ത്രീകൾ, വിവാഹേതരബന്ധങ്ങൾ, ലഹരിയുടെ ഉപഭോഗം തുടങ്ങിയ പശ്ചാത്തലങ്ങൾ എന്നിവ സിനിമകളിലും മറ്റ് വ്യവഹാരങ്ങളിലും പ്രതിഫലിക്കുക എന്നത് അതിന്റെ ഭാഗമായി സംഭവിക്കുന്നതായി കൂടെ അടയാളപ്പെടുത്തണ്ടതായുണ്ട്.