കോവിഡ്: കഥകൾ, പാഠങ്ങൾ
ഒരു നെഗറ്റീവ് റിസൾട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ് സഹനശക്തിയുടെ എല്ലാ പരിധികളും കടക്കുമ്പോൾ റൂമിൽ നിരാഹാരം ഇരുന്നവർ, ആത്മഹത്യ ഭീഷണി മുഴക്കിയവർ, പ്രാണവായുവിനായുള്ള കെഞ്ചൽ, കയ്യെത്തും ദൂരത്തു മരണത്തെ കാണുമ്പോഴുള്ള കണ്ണുകളിലെ ദൈന്യത, തിരിച്ചു ജീവിതത്തിലേക്ക് നടന്നു കയറുമ്പോൾ തെളിയുന്ന പ്രകാശം...

"അപ്പച്ചാ കണ്ണു തുറന്നേ, എപ്പോഴും ഉറക്കമാണല്ലോ..."
കോവിഡ് വാർഡിൽ റൗണ്ട്സിനു പോകുമ്പോഴെല്ലാം അപ്പൂപ്പന് ഒരേ പൊസിഷനാണ്. കട്ടിലിന്റെ ഒരറ്റത്ത്, ചരിഞ്ഞ്, രണ്ടു കാലും അൽപ്പം മടക്കിവെച്ച്, കൈ രണ്ടും മടക്കി തലക്കടിയിൽ വെച്ച്, കണ്ണടച്ച് ഒരേ കിടപ്പ്. കിടക്കുന്ന അപ്പച്ചനെ തോളിൽ തട്ടി വിളിച്ചു.
"ഉറക്കം തീരെ ശരിയാവുന്നില്ല."
അപ്പൂപ്പൻ്റെ മറുപടി.
"അതു ശരി, ഉച്ച വരെ കിടന്നുറങ്ങിയിട്ട് ഉറക്കം ശരിയാകുന്നില്ലെന്നോ? ആളു കൊള്ളാലോ..."
ശേഷം പേര്, വയസ്സ് ഏല്ലാം അപ്പൂപ്പൻ കൃത്യം പറഞ്ഞു. കിടക്കുന്നത് ആശുപത്രിയിലാണ്, ചുറ്റും ഡോക്ടർമാർ ആണ്. അതിലും സംശയങ്ങളൊന്നും തന്നെയില്ല. എല്ലാവരും പി പി ഇ കിറ്റ് കൊണ്ട് മൂടി വരുന്നതൊന്നും ഒരു പ്രശ്നം അല്ല. അല്ലെങ്കിൽ കുറച്ചു ദിവസത്തെ കോവിഡ് വാർഡ് ജീവിതം കൊണ്ട് ഇതെല്ലാം ഒരു ശീലമായിക്കാണും.
"ഭക്ഷണം കഴിച്ചോ?"
"രണ്ട് ഇഡ്ഡലി തിന്നു."
"ഫോൺ ഉണ്ടോ? വീട്ടിലേക്ക് വിളിച്ചോ?"
ഒരു പഴയ മോഡൽ ഫോൺ തലയണയുടെ അടിയിൽ നിന്നും തപ്പിയെടുത്തു.
"വിളിക്കൽ ഒന്നും എനിക്ക് ശരിയാകൂല."
"ഞാൻ വിളിച്ചു തരട്ടെ?"
അപ്പൂപ്പൻ ഫോൺ നീട്ടി.
ലാസ്റ്റ് ഫോണിലേക്ക് വന്ന വിളിയുടെ പേര് ആരുടേതാണെന്ന് ചോദിച്ചു. മകളാണ്. അതിൽ തന്നെ വിളിച്ചു. ആശുപത്രിയിൽ നിന്ന് ഡോക്ടർ ആണെന്നും അവരുടെ അച്ഛനെ പരിശോധിച്ച് വിവരം പറയാൻ വിളിച്ചതാണെന്നും പറഞ്ഞു. രോഗവിവരങ്ങൾ പറഞ്ഞ ശേഷം അച്ഛന് ഫോൺ കൊടുക്കാമെന്നു പറഞ്ഞ് ഫോണിന്റെ സ്പീക്കർ ഓൺ ചെയ്ത് കയ്യിൽ കൊടുത്തു. അപ്പൂപ്പൻ വാങ്ങി സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ അടുത്ത ബെഡ്ഡുകളിലേക്ക് നീങ്ങി.
വീണ്ടും ഇതേ ചടങ്ങുകൾ ഓരോ ബെഡിലായി ആവർത്തിച്ചു. ചിലരുടെ കൂടെ ബന്ധുക്കളുണ്ട്. മിക്കവാറും പ്രായം കുറഞ്ഞ രോഗികളുടെ കൂടെയാണ് ആളുള്ളത്. നല്ല പ്രായം ഉള്ള രോഗികളുടെ കൂടെ ബന്ധുക്കൾ കുറവാണ്. കെയർ ടേക്കർമാരും നഴ്സുമാരും നഴ്സിംഗ് അസിസ്റ്റന്റ്മാരും ഒക്കെക്കൂടിയാണ് അവരെ കഞ്ഞി കുടിപ്പിക്കുന്നതും തുടച്ചു കൊടുക്കുന്നതും ഒക്കെ. അവരോടൊക്കെ കുശലം പറഞ്ഞും കിന്നരിച്ചും കുറേ സമയം പോയി. കൂടെ നടക്കുന്ന ഹൗസ് സർജന് ഒരു തലകറക്കം പോലെ തോന്നിയപ്പോൾ റൗണ്ട്സിന്റെ വേഗത കൂട്ടി പെട്ടെന്ന് പൂർത്തിയാക്കി. തിരിച്ചു നടക്കുമ്പോൾ നമ്മുടെ അപ്പൂപ്പനെ ഒന്നുകൂടി നോക്കി. കള്ളൻ പഴയ പൊസിഷനിലേക്ക് തിരിച്ചു പോയിരിക്കുന്നു.
"ആഹാ വീണ്ടും ഉറങ്ങുന്നോ?"
മുഖം കാണുന്ന രീതിയിൽ കട്ടിലിന്റെ വശത്തേക്ക് നടന്നു. ഇല്ല, അപ്പൂപ്പൻ ഉറക്കമല്ല, കണ്ണ് അടച്ചു വെച്ചെന്നേ ഉള്ളൂ. ചുണ്ടിൽ ചിരിയുണ്ട്. തലയണയുടെ അടിയിൽ ഫോൺ അപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. വീട്ടിലെ ഓരോരുത്തരായി കുശലം ചോദിക്കുകയാണ്. അപ്പൂപ്പൻ കണ്ണടച്ച് ചിരിച്ചു കേൾക്കുന്നു, ഇടക്ക് മൂളുന്നു. അപ്പൂപ്പൻ്റെ ചിരി ആദ്യമായാണ് കാണുന്നത്.
അപ്പോൾ പറഞ്ഞത് ശരിയാണ്, കണ്ണടച്ചത് ഉറങ്ങാനായിരുന്നില്ല, ഒരു മാസമായി അപ്പൂപ്പൻ ഇങ്ങനെയാണ് വീടും പറമ്പും ഒക്കെ കാണുന്നത്. സ്വന്തക്കാരോട് സൊറ പറയുന്നത്.
****
പക്ഷാഘാതം വന്ന് കിടപ്പിലായതു മുതൽ അച്ഛൻ ഒരു ശരീരം മാത്രമായിരുന്നു. ശ്വാസവും ഹൃദയമിടിപ്പും ഒഴികെ അച്ഛന്റെ എല്ലാ ചലനങ്ങളും അമ്മയാണ്. അച്ഛനു വേണ്ടി അമ്മ സംസാരിക്കും. അമ്മക്ക് കഴിക്കണമെന്ന് തോന്നുന്ന ഭക്ഷണം ജ്യൂസ് പരുവത്തിലാക്കി അച്ഛന്റെ മൂക്കിലൂടെ വയറ്റിലേക്കിട്ട ട്യൂബിൽ ഒഴിച്ചു കൊടുക്കും. ശരീരം തുടച്ചു വൃത്തിയാക്കി ഓരോ ദിവസം ഓരോ വസ്ത്രം ഉടുപ്പിക്കും, വിശേഷ ദിവസങ്ങളിൽ വിശേഷ വസ്ത്രങ്ങൾ അടക്കം. ഒരു വർഷത്തിൽ കൂടുതലായുള്ള ഈ പതിവ് തെറ്റിക്കുന്നതും കോവിഡ് തന്നെ. അവിചാരിതമായി അച്ഛന് പനി, കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ്. അച്ഛൻ ഐസൊലേഷൻ വാർഡിലായി. പ്രായാധിക്യം കൊണ്ട് അമ്മക്ക് കോവിഡ് വാർഡിൽ പ്രവേശനമില്ല. അതിനു ശേഷം അമ്മ മിണ്ടാട്ടമില്ല. കിടപ്പ് മാത്രം. അച്ഛന്റെ അവസാന നാളുകളിൽ പരിചരിക്കാനുള്ള അമ്മയുടെ അവകാശം കൂടി കവർന്നെടുക്കുകയായിരുന്നു കോവിഡ്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്ക് ദൃക്സാക്ഷി ആവാൻ പോലും കഴിയാതെ അമ്മ അവരുടെ ജീവിതം ആ കട്ടിലിലേക്ക് ഒതുക്കി. അച്ഛൻ ബാക്കിയാക്കിയ ശൂന്യത സ്വന്തം ശരീരം കൊണ്ട് നികത്താൻ ശ്രമിച്ചു കൊണ്ട്.
****
പള്ളിയാണ് മുസ്ലിയാരുടെ വീട്. അള്ളാഹുവിനെ പരിചരിക്കലാണ് അദ്ദേഹത്തിന്റെ ജീവിതം. കോവിഡ് വന്ന് അത്യാസന്ന നിലയിൽ വെന്റിലേറ്ററിലാക്കും വരെ മുസല്യാർ അഞ്ചു നേരം സമയം തെറ്റാതെ ബാങ്ക് കൊടുത്തു. മരണത്തോടുള്ള യുദ്ധം തോൽക്കാനായെന്ന സന്ദേശം മകന് കൈമാറുമ്പോൾ ഒരു ആധിയേ അവർക്ക് ബാക്കിയുള്ളൂ, അന്ത്യകർമങ്ങൾ. ജീവിതം ദൈവത്തിനു സമർപ്പിച്ച ഉപ്പയുടെ മരണം ഇങ്ങനെ അല്ല അവർ സങ്കൽപ്പിച്ചത്. മരണ വാർത്ത അറിയിക്കുമ്പോൾ ഒരു ചോദ്യം മാത്രം, ശരീരം കുളിപ്പിക്കാൻ എങ്കിലും അനുവദിക്കുമോ? കുളിപ്പിക്കാനോ ആചാരങ്ങൾ നടത്താനോ നിയമം അനുവദിക്കുന്നില്ലെന്ന് പറയാനേ കഴിയുമായിരുന്നുള്ളൂ. തിരിച്ചു കൊടുക്കാൻ ശരീരം അടക്കിയ ഒരു പ്ലാസ്റ്റിക് കവറും ഒരിക്കലും ഉണങ്ങാത്ത വേദനയും മാത്രം.
****
"ARDS (ശ്വാസകോശം രോഗം ബാധിച്ചു ഓക്സിജൻ അളവ് വല്ലാതെ കുറയുന്ന ഗുരുതരമായ അവസ്ഥ) ഉണ്ടല്ലേ?"
നേരത്തെ കോവിഡ് വാർഡിൽ ജോലി എടുത്ത ജൂനിയർ ഡോക്ടർ രോഗംബാധിച്ച് ഐ സി യു വിൽ അഡ്മിറ്റായപ്പോൾ തന്റെ സ്വന്തം അവസ്ഥയെ കുറിച്ച് ചോദിക്കുന്ന സംശയം. കോവിഡിനെ കുറിച്ച് അയാൾക്കെല്ലാം അറിയാം. സ്വന്തം ടെസ്റ്റുകളും എക്സ്റേയും കണ്ട ശേഷം ചോദിക്കുന്ന ചോദ്യമാണ്. നോൺ ഇൻവേസീവ് വെന്റിലേറ്റർ സഹായത്തിൽ കഴിയുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ എന്താണ് പറയുക!
താൻ യാത്ര ചെയ്ത വഴികളുടെ രേഖാ ചിത്രം വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ മുഴുവൻ വ്യാപിക്കുന്നത് ഐസൊലേഷൻ മുറിയിലിരുന്ന് വായിച്ചറിയുന്ന പ്രവാസി...
ഒരു നെഗറ്റീവ് റിസൾട്ടിനു വേണ്ടിയുള്ള കാത്തിരിപ്പ് സഹനശക്തിയുടെ എല്ലാ പരിധികളും കടക്കുമ്പോൾ റൂമിൽ നിരാഹാരം ഇരുന്നവർ, ആത്മഹത്യ ഭീഷണി മുഴക്കിയവർ, പ്രാണവായുവിനായുള്ള കെഞ്ചൽ, കയ്യെത്തും ദൂരത്തു മരണത്തെ കാണുമ്പോഴുള്ള കണ്ണുകളിലെ ദൈന്യത, തിരിച്ചു ജീവിതത്തിലേക്ക് നടന്നു കയറുമ്പോൾ തെളിയുന്ന പ്രകാശം...
ഇത് കോവിഡ് വാർഡിലെ ചില കാഴ്ചകൾ മാത്രം. ഒട്ടും കണ്ടു പരിചയമില്ലാത്ത സങ്കടങ്ങൾ, ഒറ്റപ്പെടലുകൾ, ഉയിർത്തെഴുന്നേൽപ്പുകൾ, കൂട്ടായ്മകൾ, സഹകരണങ്ങൾ അങ്ങനെ അങ്ങനെ...
കോവിഡ് ഓരോരുത്തർക്കും ഓരോന്നായിരുന്നു. ചിലരെ ഓടിപ്പിടിച്ചു ടെസ്റ്റ് ചെയ്ത് പതിച്ചുകൊടുത്ത പോസിറ്റീവ് ലേബൽ, ചിലർക്ക് മരണ വാറന്റ്, ചിലർ എന്നെന്നേക്കുമായി രോഗിയായി മാറുന്ന ഒരു ഡയഗ്നോസിസ്, കുഞ്ഞുങ്ങൾക്ക് സന്തോഷത്തിന്റെ അവധി ദിനങ്ങൾ, ഒരു ഫോൺസ്ക്രീനിലേക്ക് ഒതുക്കപ്പെട്ട ക്ലാസ്സ്റൂമുകൾ, ആരോഗ്യ പ്രവർത്തകർക്ക് ഒരിക്കലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത പരീക്ഷണങ്ങൾ, പ്രായമായവർക്ക് ഒറ്റപ്പെടൽ, ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ ദിവസക്കൂലിയെയും കച്ചവടങ്ങളെയും ആശ്രയിച്ചവർക്ക് പ്രതിസന്ധികൾ, നാളുകളായി വീട് കാണാതെ ജോലി ചെയ്തിരുന്നവർക്ക് ഇരുപത്തി നാല് മണിക്കൂറും വർക്ക് അറ്റ് ഹോം... ഇങ്ങനെ പലത്. കോവിഡ് സ്വാധീനിക്കാതെ പോയ ഏതെങ്കിലും മനുഷ്യൻ ഇന്ന് ഭൂമിയിൽ ഉണ്ടാകുമോ എന്നത് സംശയം തന്നെ.
ഈ അനുഭവങ്ങൾ ഓരോരുത്തരെയും പഠിപ്പിച്ച പാഠങ്ങളും വെവ്വേറെ ആകുമെന്നതിലും സംശയം ഇല്ല. എന്നാലും മനുഷ്യൻ എന്ന നിലയിൽ പഠിക്കാതെ പോകാൻ പാടില്ലാത്ത ചിലതുണ്ട്, കോവിഡ് നമുക്ക് കാണിച്ചു തന്നത്.
ആരോഗ്യം എന്നത് തന്റെ ശരീരത്തിന്റെ ആരോഗ്യം മാത്രമല്ലെന്ന ബോധ്യം ആണ് ഒന്നാമത്തേത്. തെരുവിലുറങ്ങുന്ന, ആരാലും ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന, പേരറിയാത്ത, ഊരില്ലാത്ത മനുഷ്യരുടെ ആരോഗ്യവും തന്റെ ആരോഗ്യം നില നിർത്തുന്നതിൽ പ്രധാനമാണെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചു. അതുകൊണ്ട് തന്നെ ആദ്യമായി അവർക്കും പാർപ്പിടവും ഭക്ഷണവും നമുക്ക് ഒരുക്കേണ്ടി വന്നു.
ഒരു രാജ്യത്തിന്റെ വികസനം എന്നാൽ ആയുധക്കോപ്പുകളും അന്യഗ്രഹ പര്യവേഷണങ്ങളും മാത്രമല്ല മനുഷ്യന്റെ അടിസ്ഥാന ആരോഗ്യ സംവിധാനങ്ങൾ കൂടി ആണെന്ന് കോവിഡ് പഠിപ്പിച്ചു. ആകെ മൂലധനത്തിന്റെ വിഭജനത്തിൽ നാം കാണിച്ച മണ്ടത്തരങ്ങൾക്കുള്ള വില എണ്ണിയെണ്ണി കൊടുക്കേണ്ടിയും വന്നു.
ഭൂമിയിലെ ഏറ്റവും വലിയവൻ എന്ന മനുഷ്യന്റെ അഹങ്കാരത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടി കൂടിയായി കോവിഡ്. നിലനിൽക്കാനായി ഒരു ശരീരം പോലും സ്വന്തമായി ഇല്ലാത്ത വെറും ഒരു RNA കണം മതി ഉഗ്രപ്രതാപികളായ മനുഷ്യൻ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങൾ പൊളിച്ചടുക്കാൻ എന്നും തിരിച്ചറിഞ്ഞു.
പ്രകൃതിയിലേക്കുള്ള കടന്നു കയറ്റവും അതുണ്ടാക്കുന്ന അസംതുലിതാവസ്ഥയും വെറും ഭാവനയല്ലെന്നും, മരങ്ങളും മൃഗങ്ങളും കാടും മലയും പുഴയുമെല്ലാം ഭൂമിയുടെ അവകാശികൾ ആണെന്നും പഠിച്ചു. പ്രകൃതിയോടുള്ള, മൃഗങ്ങളോടുള്ള മനോഭാവം മാറാത്തിടത്തോളം കാലം ഇനിയും പുതിയ പുതിയ വൈറസുകൾ നമ്മെ തേടി വരുമെന്നും അതിനു നാം കനത്ത വില നൽകേണ്ടി വരുമെന്നും കോവിഡ് പഠിപ്പിച്ചു.
കാലാകാലങ്ങളായി കൊതുകിനും എലിക്കും വവ്വാലിനുമൊക്കെയായി പതിച്ചു നൽകിയിരുന്ന രോഗവാഹകർ എന്ന ഓമനപ്പേരിന് ഏറ്റവും അർഹൻ മനുഷ്യൻ തന്നെ ആയിരുന്നു എന്ന് നാം തിരിച്ചറിഞ്ഞു. ഓരോ വ്യക്തിയുടെയും ഉത്തരവാദിത്ത ബോധത്തോടെയുള്ള പെരുമാറ്റം മാത്രം മതി സമൂഹത്തിലെ പകർച്ചവ്യാധികളുടെ എണ്ണം കുത്തനെ കുറക്കാൻ എന്നും നാം മനസ്സിലാക്കി.
എല്ലാത്തിനുമപ്പുറം ഏത് പ്രതിസനധിയിൽ നിന്നും തിരിച്ചു വരാനും ഉയിർത്തെഴുന്നേൽക്കാനുമുള്ള മനുഷ്യന്റെ അപാരമായ കഴിവ് ഒരിക്കൽ കൂടി തെളിയിക്കുന്നതുമായി കോവിഡ്. കോവിഡ് വൈറസിന്റെ കണ്ടെത്തൽ മുതൽ വാക്സിൻ നിർമ്മാണം വരെയുള്ള സംഭവവികാസങ്ങൾ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കുതിച്ചു ചാട്ടങ്ങളിൽ ഒന്നായി ചരിത്രത്തിൽ രേഖപ്പെടുത്തും.
(കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ).