തബലിസ്റ്റ് ഉസ്മാൻ; തബലയിൽ ജീവിതതാളം കണ്ടെത്തിയവൻ
ഉസ്മാന്റെ സംഗീതജീവിതം എം.എസ് ബാബുരാജുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാബുരാജിന്റെ മനസ്സറിഞ്ഞ് വായിക്കുമായിരുന്നു ഉസ്മാൻ. ബാബുരാജ് സിനിമയിൽ പ്രശസ്തനാവുന്നതിനു മുൻപ് കമ്മ്യൂണിസ്റ്റ് പാർട്ടി വേദികളിലും, നാടകവേദികളിലും, കല്യാണവീടുകളിലും പാടിയിരുന്നു. ഉസ്മാനും കൂടെ ഉണ്ടാവും.

1945 - 47 കാലഘട്ടം. പട്ടുതെരുവിലെ ഒരു സംഗീത ക്ലബ്. തൊട്ടടുത്തുള്ള ഹിമായത്തുൽ ഇസ്ലാം സ്കൂളിലെ അഞ്ചാംതരത്തിൽ പഠിക്കുന്ന ഒരാൺകുട്ടി. പഠനത്തിൽ അവന് വലിയ താൽപര്യമില്ല. ക്ലബ്ബിൽ നിന്നുള്ള തബലയുടെയും ഹാർമോണിയത്തിന്റെയും സംഗീതമാണ് അവനെ ആകർഷിച്ചത്. സ്കൂളിലെ ഇടവേളകളിൽ അവൻ മെല്ലെ ക്ലബ്ബിന്റെ പടവുകൾ കയറി ഉള്ളിലേക്ക് ഒളിഞ്ഞുനോക്കും. അപ്പോൾ ക്ലബ്ബിലുള്ളവർ അവനെ ഓടിക്കും. മിക്കവാറും ദിവസങ്ങളിൽ ഇത് ആവർത്തിക്കും. അങ്ങനെ ഒരു വർഷം കടന്നുപോയി.

അടുത്ത വർഷം മുതൽ ക്ലബ്ബിൽ ചായയും ബീഡിയും വാങ്ങിക്കൊടുക്കാൻ അവൻ ഒപ്പം കൂടി. ചിലപ്പോൾ അവിടം വൃത്തിയാക്കും. എല്ലാ ദിവസവും പാഠപുസ്തകം പാലത്തിനടിയിലെ മണ്ണിൽ പൂഴ്ത്തിവെച്ച് അവൻ ക്ലബ്ബിൽ പോയിരിക്കും. വൈകീട്ട് പുസ്തകമെടുത്ത് വീട്ടിലേക്ക് മടങ്ങും.
ഒരു ദിവസം ഒരാൾ അവന് തബലയിൽ കുറച്ച് പാഠങ്ങൾ പറഞ്ഞുകൊടുത്തു. ഓരോ ദിവസവും അവൻ കുറേശ്ശെയായി ചോദിച്ചുമനസ്സിലാക്കി.
നിരന്തരമായി പരിശീലിച്ചു. ആ കുട്ടി പിന്നീട് തബലിസ്റ്റ് ഉസ്മാൻ എന്നപേരിൽ അറിയപ്പെട്ടു - എം.എസ്. ബാബുരാജിന്റെ സന്തതസഹചാരിയായ തബലിസ്റ്റ്.
സംഗീതക്ലബുകളുടെ സമ്പന്നകാലത്താണ് ഉസ്മാൻ തന്റെ തബലവാദനം തുടങ്ങിയത്. ദീർഘമായ രാത്രിജീവിതമായിരുന്നു അന്നത്തെ സംഗീതസദസ്സുകൾക്ക്. ഉത്തരേന്ത്യയിൽ നിന്നുവരുന്ന ഉസ്താദുമാരുടെ തബലവാദനം കേൾക്കാനുള്ള അവസരം ഉസ്മാന് കിട്ടി. അക്കാലത്ത് ഏത് ഉസ്താദുമാർ വന്നാലും അവരെ കൂടെ താമസിപ്പിക്കുകയും അവരിൽ നിന്ന് സംഗീതം പഠിക്കുകയും പതിവാണ്. അങ്ങനെ ഒരു പരദേശി ഉസ്താദിൽ നിന്നും ജലതരംഗവും പഠിച്ചു. ഗുരുക്കന്മാരില്ലാതെ തബല പഠിച്ച അപൂർവ്വം പ്രതിഭകളിൽ ഒരാളാണ് ഉസ്മാൻ. അബു ഉസ്താദും, വിൻസെന്റ് മാഷും കുറച്ച് പറഞ്ഞുകൊടുത്തത് ഒഴിച്ചാൽ മിക്കവാറും തനിയെയായിരുന്നു പഠനം. ഇതിനിടെ ഉസ്മാൻ ബുൾബുളും ഹാർമോണിയവും പഠിച്ചു.

ഉസ്മാന്റെ സംഗീതജീവിതം എം.എസ് ബാബുരാജുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാബുരാജിന്റെ മനസ്സറിഞ്ഞ് വായിക്കുമായിരുന്നു ഉസ്മാൻ. ബാബുരാജ് സിനിമയിൽ പ്രശസ്തനാവുന്നതിനു മുൻപ് കമ്മ്യൂണിസ്റ്റ് പാർട്ടി വേദികളിലും, നാടകവേദികളിലും, കല്യാണവീടുകളിലും പാടിയിരുന്നു. ഉസ്മാനും കൂടെ ഉണ്ടാവും. ബാബുരാജ് സ്വകാര്യസദസ്സുകളിൽ പാടിയ പാട്ടുകൾക്ക് അദ്ദേഹത്തിന്റെ മരണശേഷം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കുണ്ടുങ്ങൽ ആലിക്കോയയുടെ മാളികയിൽ വെച്ച് പാടിയ പാട്ടുകൾ പിന്നീട് 'ബാബുരാജ് പാടുന്നു' എന്ന പേരിൽ വിപണിയിലെത്തി. അതിൽ ഉസ്മാന്റെ തബല എല്ലാവരെയും ആകർഷിച്ചു. അത്രയ്ക്ക് വ്യക്തിത്വമുണ്ടായിരുന്നു ആ വായനയ്ക്ക്.
പക്ഷെ, സിനിമയിൽ ബാബുരാജിന് വേണ്ടി വായിക്കാൻ ഉസ്മാന് കഴിഞ്ഞില്ല. മദ്രാസിലെ സ്റ്റുഡിയോയിൽ ആർട്ടിസ്റ്റുകളുടെ യൂണിയൻ പുറത്തുനിന്നുള്ള ആൾക്ക് അവസരം കൊടുക്കാൻ അനുവദിച്ചിരുന്നില്ല.
ആഴമുള്ള ആത്മബന്ധമായിരുന്നു ഇരുവരുടേതും.'എന്റെ ഉസ്താദ്' എന്നാണ് ഉസ്മാൻ ബാബുരാജിനെ വിളിച്ചിരുന്നത്. ബാബുരാജിന്റെ മരണശേഷം ഉസ്മാൻ അധികം പരിപാടികൾക്കൊന്നും പോയിരുന്നില്ല. വർഷങ്ങൾക്കു ശേഷം 'മാക്ട' ബാബുരാജ് അനുസ്മരണ പരിപാടി നടത്തിയപ്പോൾ അദ്ദേഹത്തിന്റെ നിഴലായി കൂടെ നടന്ന ഉസ്മാനെ മറന്നു.
1966 ൽ ഉസ്മാന് ആകാശവാണിയിൽ ജോലി കിട്ടി. തൃശ്ശിനാപ്പള്ളിയിൽ ആയിരുന്നു നിയമനം. എട്ടുവർഷത്തിനു ശേഷം കോഴിക്കോട് ആകാശവാണിയിൽ തബലയുടെ തസ്തിക വന്നപ്പോൾ രാഘവൻ മാഷിന്റെ ശ്രമഫലമായി സ്ഥലംമാറ്റം കിട്ടി. ആകാശവാണിയിൽ ജോലി കിട്ടി എന്ന് ഉസ്മാൻ ബാബുരാജിനോട് പറഞ്ഞപ്പോൾ 'നിന്റെ കൈകൾ ചങ്ങലക്കിട്ടു' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവിടെ ഉസ്മാന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രാഘവൻ മാഷ് ചിട്ടപ്പെടുത്തിയ ലളിതഗാനങ്ങൾക്ക് തബല വായിക്കുക മാത്രമായിരുന്നു അദ്ദേഹം ആസ്വദിച്ചു ചെയ്തത്. പുറത്തുള്ള പരിപാടികൾക്ക് വായിക്കുന്നതിന് വിലക്കുമുണ്ടായിരുന്നു.
കലാകാരനും ആസ്വാദകനും തമ്മിലുള്ള അകലം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു ഉസ്മാൻ. സാധാരണക്കാരുമായി നല്ല ബന്ധമായിരുന്നു. മത്സ്യത്തൊഴിലാളികൾ, പോർട്ടർമാർ, കൂലിവേലക്കാർ എന്നിവരുമായി ഉസ്മാൻ നല്ല സൗഹൃദം പുലർത്തി. സൈക്കിളിലായിരുന്നു സ്ഥിരം യാത്ര. ജനങ്ങളുടെ ഇടയിലിരുന്ന് തബല വായിക്കുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തി. അവരുടെ മനസ്സറിഞ്ഞു വായിക്കാൻ കഴിഞ്ഞു. ചുറ്റും കൂടി നിന്നവർ വാഹ്... വാഹ്... എന്ന് വിളിച്ചുപറയുമായിരുന്നു.പോസ്റ്റ്മാൻ സൈദ്ഭായിയുടെ ഈവനിംഗ് ആർട്സ് ക്ലബ്ബിലായിരുന്നു സ്ഥിരമായി വായിച്ചിരുന്നത്. ആ വായനയെ 'ഹരാക്കുക' എന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞിരുന്നത്. (ആനന്ദിക്കുക എന്നർത്ഥം).
ലഹരി ഒരാവേശമായി മാറിയ നാളുകളിൽ ഉസ്മാന്റെ ജീവിതത്തിന്റെ താളം തെറ്റി. പുകവലി, മദ്യം, ഓപ്പിയം എന്നിവയുടെ ഉപയോഗം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു. അക്കാലത്ത് സജീവമായിരുന്ന കറുപ്പ് വിൽക്കുന്ന ഗോലി ഷോപ്പുകൾ ഉസ്മാന്റെ ലഹരി ഉപയോഗത്തിന് പ്രേരണയായി. ചെറുപ്പം മുതൽ തുടങ്ങിയ ശീലം അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. അസുഖം വന്ന് കുറച്ചുകാലം നിർത്തിയെങ്കിലും വീണ്ടും തുടർന്നു.

തൊണ്ണൂറുകൾക്ക് ശേഷം ഉദാരവത്കരണത്തിന്റെ ഫലങ്ങൾ സംഗീതത്തെയും ബാധിച്ചുതുടങ്ങി. പുതിയ മാറ്റങ്ങൾ പാട്ടുകാരനും കേള്വിക്കാരനും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു. ക്ലബുകളുടെ പിന്മാറ്റവും സംഗീതക്കൂട്ടായ്മകൾ അപ്രത്യക്ഷമായിത്തുടങ്ങിയതും ഉസ്മാനെ ഏകാന്തതയിലേക്കും ഒറ്റപ്പെടലിലേക്കും നയിച്ചു. ഭാര്യ ബീമാബീയുടെ ആകസ്മിക മരണവും അദ്ദേഹത്തെ തളർത്തി. ഭാര്യ നല്ലൊരു ഗായികയായിരുന്നു. സ്വകാര്യ മെഹ്ഫിലുകളിൽ പാടുമായിരുന്നു. അടുപ്പിൽ നിന്ന് തീ ദേഹത്ത് പടർന്നു മരിക്കുകയായിരുന്നു ബീമാബീ. അതിനു ശേഷം ആറുമാസം മാത്രമാണ് ഉസ്മാൻ ജീവിച്ചത്. 1995 ജൂലൈ 28 ന് മരിക്കുമ്പോൾ ആകാശവാണിയിലെ ജോലിയിൽ നിന്ന് റിട്ടയർ ചെയ്യാൻ രണ്ടു ദിവസം കൂടി ബാക്കിയുണ്ടായിരുന്നു. നസീർ അഹമ്മദ്, സക്കീർ ഹുസ്സൈൻ, സഹീറ ബാനു, ഫിറോസ് ഖാൻ എന്നിവരാണ് മക്കൾ. ഇവരിൽ ആൺകുട്ടികൾ മൂന്നുപേരും പിതാവിന്റെ വഴിയിൽ തബല വായിക്കുന്നു.
(സമത ബുക്ക്സ് പ്രസിദ്ധീകരിച്ച 'മെഹ്ഫിലുകളുടെ നഗരം' എന്ന പുസ്തകത്തിൽ നിന്നുമെടുത്തത്.)