ജിഗർ മൊറാദാബാദി: നുരഞ്ഞു പതയുന്ന ഗസൽ
ഏപ്രിൽ 06, ഗസലെഴുത്തുകാരുടെ നായകൻ ജിഗർ മൊറാദാബാദിയുടെ ജന്മദിനം. ആ ക്രിയാത്മക ജീവിതത്തിന്റെ ഓരം ചേർന്നുള്ള ചെറുസഞ്ചാരമാണീ കുറിപ്പ്.

ye ishq nahīñ āsāñ itnā hī samajh liije
ik aag kā dariyā hai aur Duub ke jaanā hai
ഈ പ്രണയമെന്നാൽ
ഒട്ടും എളുപ്പമല്ലെന്നേ,
ഇത്രയെങ്കിലും മനസ്സിലാക്കൂ,
അഗ്നിയുടെ ഒരു നദിയാണത്,
അതിൽ മുങ്ങിയേ തീരൂ.
ātish-e-ishq vo jahannam hai
jis meñ firdaus ke nazāre haiñ
പ്രണയാഗ്നിയൊരു
നരകമാണ്,
പറുദീസയുടെ
ദൃശ്യങ്ങളുണ്ടതിൽ.
duniyā ke sitam yaad na apnī hī vafā yaad
ab mujh ko nahīñ kuchh bhī mohabbat ke sivā yaad
ലോകത്തിന്റെ ന്യായക്കേടോ
എന്റെ കൂറോ
ഓർമയില്ലെനിക്ക്,
പ്രണയമല്ലാതൊന്നും
ഓർമയില്ലിപ്പോൾ.
ഗസലാസ്വാദകരുടെയുള്ളിൽ സദാ പൂർണശോഭയിൽ ജ്വലിച്ചു നിൽക്കുന്ന അത്ഭുത പ്രതിഭാസമാണ് അലി സികന്ദർ എന്ന ജിഗർ മൊറാദാബാദി. കവിത കൊണ്ട് ജീവിതം നെയ്തെടുത്ത, ജീവിതം കൊണ്ട് കാവ്യാത്ഭുതം തീർത്ത അപൂർവ്വ വ്യക്തിത്വമായിരുന്നു ജിഗർ. പ്രണയവും മദ്യവുമായിരുന്നു എപ്പോഴും ജിഗറിനു കൂട്ടെന്നു കാണാം. കവിതക്കിന്ധനമായിരുന്നു ജിഗറിനു മദ്യമെന്നും ചഷകം വഴിഞ്ഞൊഴികിക്കൊണ്ടിരുന്ന ലഹരിയായിരുന്നു അദ്ദേഹത്തിനു കവിതയെന്നും പറഞ്ഞാൽ ശരികേടാവില്ല.

അല്ലാമാ ഇഖ്ബാലിനെയും മീർസാ ഗാലിബിനെയും പോലെ ദാർശനികവും തത്വചിന്താപരവുമായ ആഴ (Philosophical Depth) മുള്ളവയായിരുന്നില്ല ജിഗർ കവിതകൾ. മറിച്ച്, മീറിന്റെയും ദാഗ് ദഹ് ലവിയുടെയും കവിതകളിലേതു പോലെ വൈകാരികത്വം (Emotionalism) നിറഞ്ഞാടുന്നവയായിരുന്നു അവ. ഗസലെഴുത്തിലായിരുന്നു റഈസുൽ മുതഗസ്സിലീൻ (ഗസലെഴുത്തുകാരുടെ നായകൻ) എന്നറിയപ്പെട്ട ജിഗറിനു പ്രാഗത്ഭ്യം. അദ്ദേഹം തന്നെ പലയിടത്തായി തന്റെയീ ഗസലിഷ്ടം പങ്കുവെച്ചിട്ടുമുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ നസ്മുകളിൽ പോലും ഗസലിന്റെ ഛായ പടർന്നിരുന്നെന്ന് ചില നിരൂപകർ പിൽക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
പ്രണയത്തിന്റെ സർവ്വഭാവങ്ങളും അതിതീവ്രമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് ജിഗറിന്റെ കലാമുകളിൽ. വിഫലപ്രണയത്തിന്റെ നോവും ആനന്ദവും ജിഗറിനോളം ഹൃദ്യമായവതരിപ്പിച്ച കവികൾ തുലോം വിരളമാണെന്നു തന്നെ പറയാം. പ്രണയത്തിൽ ഉത്ഭവിച്ച്, പ്രണയത്തിൽ വികാസം പ്രാപിച്ച്, പ്രണയത്തിൽ തന്നെയവസാനിച്ച കവിതയെന്ന് ജിഗറിനെക്കുറിച്ചെവിടെയോ വായിച്ചതോർമ്മ വരുന്നു.
hasīñ terī āñhkeñ hasīñ tere aañsū
yahīñ Duub jaane ko jī chāhtā hai
സുന്ദരം നിന്റെ നയനങ്ങൾ,
സുന്ദരം നിന്റെ കണ്ണുനീർ.
ഇവിടെത്തന്നെ മുങ്ങിമരിക്കണമെന്ന്
മനസ്സു വല്ലാതെ കൊതിക്കുന്നു.
dil hai qadmoñ par kisī ke sar jhukā ho yā na ho
bandagī to apnī fitrat hai ḳhudā ho yā na ho
ജീവിതമൊരുവളുടെ
കാൽപടിയിലാണ്,
സാഷ്ടാംഗം ചെയ്താലുമില്ലേലും.
അടിമത്തം
നമ്മുടെ പ്രകൃതമാണല്ലോ,
ദൈവമാണേലും അല്ലേലും!
ibtidā vo thī ki jiinā thā mohabbat meñ muhāl
intihā ye hai ki ab marnā bhī mushkil ho gayā
തുടക്കം
പ്രണയത്തിൽ ജീവിക്കലായിരുന്നു
അസാധ്യം.
ഒടുക്കം
മരിക്കൽ പോലും
പ്രയാസകരമായിരിക്കുന്നു!
തുടങ്ങി കാവ്യാസ്വാദകർ എന്നും മനസ്സിൽ താലോലിക്കുന്ന ഒത്തിരി ശിഅ്റുകളുണ്ട് ജിഗറിന്റേതായി.
ജീവിതത്തെ ഇമ്മിണിശ്ശ കൃത്രിമത്വം പോലും കലർത്താതെ അതേ തന്മയത്വത്തിൽ വരച്ചിടുന്നതായിരുന്നു ജിഗർ കവിതകളെന്നത് ആ കവിതകളിലൂടെ പലായനം ചെയ്യുന്ന ആർക്കും അനുഭവിക്കാനാവും. മുശായരകളുടെ കവി കൂടിയായിരുന്നു ജിഗറെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ലതിൽ. അക്കാലത്തെ കവിയരങ്ങുകളുടെ വിജയത്തിൽ നിയാമകമായിരുന്നു ജിഗറിന്റെ സാന്നിധ്യമെന്ന് പലയിടങ്ങളിലായി വായിച്ചിട്ടുണ്ട്. അത്രമേൽ ജനപ്രിയമായിരുന്നു അദ്ദേഹത്തിന്റെ കലാമുകൾ. "ജിഗർ ഏതു നാട്ടിലെത്തുന്നുവോ, അവിടുത്തെ രാത്രികളുണരും, ജനങ്ങളുടെ സമയക്രമങ്ങളെല്ലാം മാറിമറിയും" എന്ന് ആധുനിക ഉർദു കവികളിൽ ശ്രദ്ധേയനായ മുർതസാ ബിർലാസിന്റെ വാക്കുകൾ മാത്രം മതി ജിഗർ ആർജ്ജിച്ചെടുത്ത സ്വീകാര്യതയുടെ ആഴപ്പരപ്പുകൾ അളന്നെടുക്കാൻ.
അജ്മീർ ശരീഫ് നഅ്തീ മുശായരക്കൊരുങ്ങുന്ന സമയം. സംഘാടകർ വിശിഷ്ടാതിഥികളുടെ പട്ടിക തയ്യാറാക്കുകയാണ്. സ്വാഭാവികമായും ആദ്യം മനസ്സിലെത്തുന്ന പേരുകളിലൊന്ന് ജിഗറിന്റെതാവുമല്ലോ. ജിഗർ മുഴുക്കുടിയനാണെന്ന കാര്യം നാട്ടിലാകെ പാട്ടാണെന്നിരിക്കെ ഈ വിശുദ്ധ സദസ്സിലേക്ക് അദ്ദേഹത്തെ എങ്ങനെ ക്ഷണിക്കും? ജിഗറില്ലാതെ എങ്ങനെയാണൊരു മുശായര പൂർണമാവുക? സംഘാടകർ ആകെ ആശയക്കുഴപ്പത്തിലായി. ജിഗറിനെ വിളിച്ചാൽ തീർച്ചയായും എതിർപ്പുകളും പ്രതിഷേധങ്ങളുമുണ്ടാകും. വിളിച്ചില്ലെങ്കിൽ പൊലിമ നഷ്ടപ്പെടും. നീണ്ട തർക്കവിതർക്കങ്ങൾക്കൊടുവിൽ ജിഗറിനെ ക്ഷണിക്കാൻ ധാരണയാവുകയും പ്രമുഖ കവികളുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ക്ഷണിക്കുകയുമുണ്ടായി. നിരവധി തവണ നിരസിച്ചെങ്കിലും തന്റെ മാർഗദർശി അസ്ഗർ ഗോണ്ടവിയുടെ നിർബന്ധപ്രകാരം അദ്ദേഹം നഅ്ത്തെഴുതാനും മുശായരയിൽ പങ്കെടുക്കാനും തീരുമാനിച്ചു. കുറച്ചു നാൾ മദ്യമുപേക്ഷിച്ച് നഅ്ത്തെഴുതുകയും മുശായരക്കുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു അദ്ദേഹം. പ്രതിഷേധങ്ങൾ ഭയന്ന് സംഘാടകർ ജിഗറിന്റെ പേര് രഹസ്യമാക്കി വെക്കുകയും ജിഗറിനെ ദിവസങ്ങൾ മുമ്പു തന്നെ അജ്മീറിലെത്തിക്കുകയും ചെയ്തു. മുശായരയുടെ സമയമായപ്പോൾ ജിഗറിന്റെ പേര് വിളിക്കുന്നത് കേൾക്കുമ്പോഴാണ് ആളുകൾ ജിഗർ നഅ്ത്ത് ചൊല്ലാനെത്തുന്ന വിവരമറിയുന്നത്. ആകെ പ്രതിഷേധവും ശബ്ദകോലാഹലങ്ങളുമായി. "എനിക്കെന്റെ പ്രവാചകനെപ്പുകഴ്ത്താനവസരം കിട്ടിയപ്പോൾ നിങ്ങളത് തടയുകയാണോ, എന്നെയാണോ നഅ്തിനെയാണോ നിങ്ങളെതിർത്തു തോൽപ്പിക്കുന്നത്" എന്നു തുടങ്ങി ജിഗർ വികാരഭരിതനായി ഒന്നു രണ്ടു വാചകങ്ങൾ പറഞ്ഞപ്പോൾ ആൾക്കൂട്ടം നിശ്ശബ്ദരായി. ജിഗർ തന്റെ സർവ്വ പ്രഭാവവും പുറത്തെടുത്ത് ജീവിതത്തിലെ ആദ്യത്തെ നഅ്ത്ത് (പ്രവാചക പ്രകീർത്തന കാവ്യം) ഉരുവിട്ടു. ആ ആർദ്രസുന്ദരമായ നഅ്ത്തിൽ ജനം അലിഞ്ഞില്ലാതായെന്നത് ചരിത്രം.
Ek Rind Hai Our Midhat-e-Sultan-e-Madina
Haan Koi Nazar Rehmat-e-Sultan-e-Madina.
ഒരു കുടിയൻ അവതരിച്ചിട്ടുണ്ടിവിടെ,
മദീനയിലെ രാജനെപ്പുകഴ്ത്താൻ.
മദീനയിലെ സുൽത്താനേ,
കരുണയുടെ ഒരു കടാക്ഷമെങ്കിലും പകരണേ...
എന്നു തുടങ്ങുന്നതായിരുന്നു വിഖ്യാതമായ ആ നഅ്ത്ത്.
പ്രസിദ്ധ ഗസൽ ഗായകരുടെയെല്ലാം ഇഷ്ട കവിയായിരുന്നു ജിഗർ. ലാളിത്യം, ശ്രുതിമാധുര്യം, ശ്രവണസുഖം തുടങ്ങിയ സവിശേഷതകളുള്ളതിനാൽ കൂടിയാവാം അദ്ദേഹത്തിന്റെ മിക്കവാറും രചനകൾ ജനകീയമായ സംഗീത ശിൽപങ്ങളായി മാറിയിട്ടുണ്ട്. വൊ അദായെ ദിൽബരി, ത്വബീഅത്ത് ഇൻ ദിനോം ബേഗാന (ബേഗം അഖ്തർ), തേരീ ഖുശീ സേ അഗർ, മൊഹബ്ബത്ത് മേ ക്യാ ക്യാ (മെഹ്ദി സാബ്), ആദ്മീ ആദ്മീ സേ മിൽതാ ഹേ, ഇക് ലഫ്സ് മുഹബ്ബത്ത് കാ (ആബിദാ ജി) തുടങ്ങിയവ ഏതാനും ഉദാഹരണങ്ങൾ മാത്രം. കഹ്കശാൻ (ഹസ്റത്ത് മൊഹാനി, ജോഷ് മലീഹാബാദി, ജിഗർ, മജാസ് ലഖ്നവി, ഫിറാഖ്, മഖ്ദൂം മൊഹ്യുദ്ദീൻ എന്നീ പ്രസിദ്ധ ഉർദു കവികളെക്കുറിച്ചുള്ള ടെലിവിഷൻ സീരീസ്) സീരീസിന് സംഗീതം നൽകിയ ജഗ്ജിത് ജീ, ജിഗറിനെക്കുറിച്ചുള്ള എപ്പിസോഡിൽ ആലപിച്ച ഗസലുകൾ ഏറെ ജനപ്രിയമാണിന്നും.
എത്രയോ കാലമായി ജിഗറിന്റെ കലാമുകൾ അനുഭവിക്കാൻ തുടങ്ങിയിട്ട്. മെഹ്ദി സാബ്, ആബിദാജി, ജഗജിത്ജീ, ആശാജി, ഭൂപീന്ദർജീ തുടങ്ങി നിരവധി ഇതിഹാസങ്ങളുടെ ശബ്ദത്തിൽ ജിഗർ കലാമുകൾ പലതവണ കേട്ടിട്ടുമുണ്ട്. എന്നാൽ, കേട്ടു തുടങ്ങിയ കാലം മുതലേ ബേഗം അഖ്തർജി ജിഗറിനെ അവതരിപ്പിക്കുമ്പോൾ മാത്രം മറ്റാർക്കും പകർന്നു നൽകാനാവാത്തൊരനുഭൂതി പ്രസരണം ചെയ്യപ്പെടുന്നതനുഭവപ്പെടാറുണ്ട്. ബേഗംജീയുടെ ഇഷ്ടകവിയായിരിക്കും ജിഗറെന്നും ആ കലാമുകൾ അവരെ ആഴത്തിൽ സ്പർശിച്ചിരിക്കാമെന്നും മനക്കണക്കു കൂട്ടിയിട്ടുമുണ്ട്. എന്നാൽ, വളരെയടുത്താണ് ബേഗംജിയ്ക്ക് ജിഗർസാബിനോടുണ്ടായിരുന്ന ഇശ്ഖിനെക്കുറിച്ചു വായിച്ചറിഞ്ഞത്. ജിഗറിന്റെ കവിതകൾ വായിച്ച്, അവ ആലപിച്ച് ജിഗറിനോട് ഇഷ്ടം തോന്നുകയുണ്ടായി ബേഗംജിയ്ക്ക്. ഇഷ്ടം മൂത്ത് ചില വേദികളിൽ നിരവധി ഫർമായിശുകളുണ്ടായിട്ടും ജിഗറിനെ മാത്രം ആലപിച്ചിരുന്നത്രേ അവർ. ഇഷ്ടം പെരുക്കുന്നത് നിയന്ത്രിക്കാനാവാതെ ജിഗറിന്റെ വിലാസം കണ്ടെത്തി അദ്ദേഹത്തിന് ബേഗം ഒരു കത്തയക്കുകയുണ്ടായി. എന്നാൽ തമ്മിൽ കണ്ടിട്ടില്ലാത്ത നമ്മൾ തമ്മിൽ പ്രണയിച്ചാലതു വിജയകരമാവില്ലെന്നും കവിതയിലേതു പോലെ സൗന്ദര്യമൊന്നുമില്ല തനിക്കെന്നുമൊക്കെയായിരുന്നു ജിഗറിന്റെ മറുപടി. ഈ മറുപടിക്കത്ത് കൈപ്പറ്റിയ ദിവസം ബേഗം തന്റെ കൺസേർട്ട് തുടങ്ങിയത് ഗാലിബിന്റെ ദുഃഖാർദ്രമായ ഈ ഗസലുകൊണ്ടായിരുന്നത്രേ,
ye na thī hamārī qismat ki visāl-e-yār hotā
agar aur jiite rahte yahī intizār hotā
പ്രണയിയോടു ചേരാനായിരുന്നില്ല
എന്റെ വിധി,
ഇനിയും ജീവിച്ചിരുന്നെങ്കിൽ
ഇങ്ങനെത്തന്നെ
(അനന്തം) കാത്തിരിക്കാമായിരുന്നു.
ഏപ്രിൽ 06 ജിഗറിന്റെ ഓർമ്മ ദിനമാണ്. പൂർണ്ണതയ്ക്കായി ജിഗറിന്റെ ഏതാനും കലാമുകൾ പരിചയപ്പെടുത്താമെന്നു കരുതുന്നു. അസീസ് മിയാൻ, സാബ്രി ബ്രദേഴ്സ് തുടങ്ങിയവരുടെ ആലാപനത്തിൽ അനശ്വരമായ 'യ ഹേ മേകദ' തന്നെയാവട്ടെ ആദ്യം.
യ ഹേ മേകദ
ഇത് മദ്യാലയമാണ്,
കുടിയന്മാരാണിവിടെ.
മദ്യം വിളമ്പുന്നവനാണിവിടെ
ഇമാം.
ശൈഖ് ജീ,
ഇത് ഹറമല്ല,
ഇവിടെ വിശുദ്ധി
വിലക്കപ്പെട്ടതാണ്.
ഇത്തിരി കുടിച്ചപ്പഴേക്ക്
ലക്കു കെട്ടവനെ
പിടിച്ചു പുറത്തിടൂ,
സങ്കുചിതർക്കിവിടെ ഇടമില്ല,
വിശാലമനസ്കരുടെ പണിയാണിത്.
മത്തുപിടിച്ചവർ ചിലർ,
ചുണ്ടുവരണ്ടവർ ചിലർ,
കൈകളിൽ ചഷകങ്ങളേന്തിയവർ ചിലർ...
ആരെന്തു ചെയ്യാനാണ്?!
ഇതാണല്ലോ മദ്യശാലയിലെ നടപ്പ്.
അതിവിചിത്രം തന്നെ
ഈ ശൈഖിന്റെ ഫിലോസഫി!
അവിടെ(സ്വർഗത്തിൽ)ക്കുടിച്ചാൽ,
ഹലാൽ
ഇവിടെ (ദുൻയാവിൽ)ക്കുടിച്ചാലോ,
ഹറാം!
ഈ ലോകത്തു നിന്ന്
ഇനിയും വിപ്ലവം വരും,
മനുഷ്യനെത്ര ഉയർന്നാലും
ഇച്ഛകളുടെ അടിമയാണെന്നതിനാൽ.!
ആശാ ഭോസ് ലേയുടെ ആലാപനത്തിൽ പ്രസിദ്ധമായ ഗസലാണ് 'കഭീ ശാഖോ സബ്സ'.
കഭീ ശാഖോ സബ്സ
ചില്ലയിൽ, വള്ളിയിൽ,
ഇലയിൽ, പൂവിൽ, മുള്ളിൽ...
ആരാമത്തിലെവിടെയും
ഞാൻ വസിക്കും.
വസന്തകാലത്തിനു മേൽ
അവകാശമുണ്ടെനിക്ക്.
അത്ഭുതം തന്നെ
കാലത്തിന്റെയീ വച്ചുമാറ്റം,
ഹ്രസ്വമാണെന്റെ പ്രണയകഥ.
ചുമലിനിപ്പോൾ ഭാരമായ
ഇതേ ശിരസ്സു തന്നെ
പ്രണയിനിയുടെ മടിയിലായിരുന്നൊരിക്കൽ.
ഇളംകാറ്റേ,
എന്റെയൊടുക്കത്തെ ദുഃഖ സന്ദേശം
ദയവായവളെയറിയിക്കൂ,
കാണണമെങ്കിലിപ്പോൾ നോക്കിക്കോ
കാരണം,
എന്റെ വസന്തത്തിലിപ്പോൾ
ശരത്കാലമാണ്.
ശരിയാണ്,
വേദനയോട്
കടപ്പാടുണ്ടെനിക്ക്.
എന്നാലും
എനിക്കിനിയെന്തു വേണം?!
പ്രണയദുഃഖമാണെന്റെ ഉന്മാദം,
പ്രണയദുഃഖത്തിൽ
വശീകൃതനാണു ഞാൻ.
തലത്ത് മഹ്മൂദ്ജീയും ഈ സുന്ദരമായ ഗസൽ ആലപിച്ചിട്ടുണ്ട്. കുറച്ചുകൂടി വരികളുണ്ടതിൽ.
വൊ അദായെ ദിൽബരീയെന്ന കലാമാണ് അവസാനത്തേത്. ബീഗം അഖ്തർജീയുടെ മാസ്മരികമായ ആലാപനം ഈ കലാമിനെ വൈകാരികതയുടെ മറ്റൊരു തലത്തിലേക്കുയർത്തുന്നുണ്ട്.
വൊ അദായെ ദിൽബരീ
മനംകവരുന്ന രീതി,
പ്രണയാർദ്രമായ നാദം,...
ഹൃദയങ്ങളെ കീഴടക്കുന്നതെന്തോ
കാലത്തെയും കീഴടക്കുമത്.
അതേ കൂസലില്ലാത്ത പ്രൗഢി,
അതേ രാജകീയ പ്രതാപം
പ്രണയിനിയുടെ അവസ്ഥയെ
മാറ്റാനായിട്ടില്ല,
കാലത്തിനു പോലും.
നിന്നോടുള്ള
അടുപ്പത്തിന്റെയും
അകൽച്ചയുടെയും
അത്ഭുതലോകമാണിത്,
ജീവിതം
യാഥാർഥ്യമാണെന്നു തോന്നുന്നു,
ചിലപ്പോൾ,
ചിലപ്പോൾ
കെട്ടുകഥയാണെന്നും.
എനിക്കു കൂട്ടുപാടുന്ന
വാനമ്പാടീ,
ഞാനും നീയും തമ്മിലെന്ത്?
പാഴ്നിലത്തിന്റെ, പുഴയുടെ
ഉൾത്തുടിപ്പാണു ഞാൻ,
നീയോ
കൂട്ടിലകപ്പെട്ട ബന്ധിയും.