സൂസന്നയുടെ ഗ്രന്ഥപ്പുര: വാക്കുകൾക്കകം സമാധാനമാവുന്നു
ഞാൻ വായിച്ച പുസ്തകങ്ങൾക്കും ഞാനറിഞ്ഞ മനുഷ്യർക്കുമുള്ള എന്റെ ആദരമാണ് ഈ നോവൽ, അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള എന്റെ ഭാവനയുടെ ചെറുത്തുനിൽപ്പും.

അജയ് പി മങ്ങാട്ടിന്റെ ആദ്യനോവലാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. തുടക്കത്തിൽ അദ്ദേഹം പറയുന്നുണ്ട്: ഞാൻ വായിച്ച പുസ്തകങ്ങൾക്കും ഞാനറിഞ്ഞ മനുഷ്യർക്കുമുള്ള എന്റെ ആദരമാണ് ഈ നോവൽ, അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള എന്റെ ഭാവനയുടെ ചെറുത്തുനിൽപ്പും. പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർത്ഥ്യവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന വിസ്മയ ലോകത്തേക്കുള്ള ഭാവനാ സഞ്ചാരമാണിത്. ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണം കൂടിയാകുന്നു രചന. വായനയെന്നത് ആത്മഹർഷം നൽകുന്ന പ്രക്രിയയാണ്. ഒരുപക്ഷേ മറ്റൊരു വായനക്കാരന് മാത്രം മനസ്സിലാകുന്ന ഒരു വികാരം. ഒരു മികച്ച എഴുത്തുകാരൻ ആദ്യം ഒരു മികച്ച വായനക്കാരനാവണം. മുൻപേ നടന്നവരുടെ വരികളെയും വഴികളെയും പരിചയപ്പെടണം.

സൂസന്നയുടെ ഗ്രന്ഥപ്പുര വാക്കുകളെക്കുറിച്ചാണ്. പറഞ്ഞതും പറയാൻ ആഗ്രഹിച്ചതുമായ വാക്കുകളെക്കുറിച്ച്. വായിച്ചതും വായിക്കാൻ ആഗ്രഹിച്ചതുമായ വാക്കുകളെക്കുറിച്ച്. കേട്ടതും കേൾക്കാൻ ആഗ്രഹിച്ചതുമായ കാര്യങ്ങളെക്കുറിച്ച്. എഴുതാൻ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ വാക്കുകളെക്കുറിച്ച്. ഒരു നോവലെന്ന നിലയിൽ സൂസന്നക്ക് തുടക്കമില്ല ഒടുക്കവും.
നീലകണ്ഠൻ പരമാര എന്ന എഴുത്തുകാരന്റെ അവസാനത്തേതും അപ്രസിദ്ധീകരിച്ചതും അപൂർണ്ണവുമായ "വിഷാദത്തിന്റെ ശരീരഘടന" എന്ന നോവലിന്റെ വീണ്ടെടുപ്പിനായി അലിയും അഭിയും അഞ്ഞൂറിലധികം പുസ്തകങ്ങളുള്ള ഗ്രന്ഥപ്പുരയുടെ ഉടമയായ സൂസന്നയുടെ അടുക്കലെത്തുന്നതാണ് നോവലാരംഭം. പിന്നീട് അവർ സൂസന്നയിലൂടെ കണ്ടുമുട്ടുന്ന വ്യക്തികൾ, ജീവിതാനുഭവങ്ങൾ, ,ആശങ്കകൾ, നൈരാശ്യങ്ങൾ, സ്വപ്നങ്ങൾ, വേദനകൾ, പ്രണയനഷ്ടങ്ങൾ എന്നിവയിലൂടെയെല്ലാം കഥ മുന്നേറുന്നു. ഇവരുടെ ജീവിതങ്ങൾക്കെല്ലാം എഴുത്തുമായി അഭേദ്യമായ ബന്ധമുണ്ട്. നോവൽ എന്ന വിശേഷണമുണ്ടെങ്കിലും സൂസന്നയുടെ ഗ്രന്ഥപ്പുര ആത്മകഥയാണ്. എന്റെയും നിങ്ങളുടെയും അലിയുടെയും ഒപ്പം പുസ്തകം വായിക്കുന്ന മുഴുവൻ പേരുടെയും. നാം ഏറ്റവും പ്രിയപ്പെട്ടതായി കാത്തുസൂക്ഷിക്കുന്ന പുസ്തകങ്ങളുടെ, വാക്കുകളുടെ, എഴുതാൻ ആഗ്രഹിച്ചിട്ടും എഴുതാതെ പോയ നമ്മുടെ തന്നെ കടന്നു പോയ കാലങ്ങളുടെ, നാം ഇപ്പോൾ വായിക്കുന്ന, ചിലപ്പോൾ നമ്മുടെ ശ്വാസത്തെ പോലും തൊട്ടെടുക്കാം ഈ ഗ്രന്ഥപ്പുരയിൽ നിന്ന്. പുസ്തകങ്ങളിലെവിടെയൊക്കെയോ നമ്മൾ നമ്മളെത്തന്നെ കണ്ടുമുട്ടുന്നുണ്ട്. അത്രമേൽ നമ്മുടെ അടുത്താണ് സൂസന്ന. ഇനി അടുക്കാൻ സ്ഥലമില്ലാത്ത അത്രയും അടുത്തത്. ഇനി അകലാൻ കഴിയാത്ത പോലെ ചേർന്നത്. സൂസന്നയെ വായിച്ചെടുക്കാൻ ആർക്കും കഴിയുന്നില്ല. ഭർത്താവിനോ മകനോ സൗഹൃദങ്ങൾക്കോ ആർക്കും. ജോസഫ് ചോദിച്ചതു പോലെ, നാം ഏറ്റവും സ്നേഹിക്കുന്നതിനെ ഒരു നാൾ നാം വിട്ടുകൊടുക്കണം, നിന്നെ ഞാൻ നിനക്ക് വിട്ടു തന്നല്ലോ. നീയെന്തിനാണ് എന്നെ എനിക്കു വിട്ടുതരാത്തത്? നീയെന്താണ് നിന്റെ പുസ്തകങ്ങളെ സ്വതന്ത്രമാക്കാത്തത്? സൂസന്ന മനുഷ്യരേക്കാൾ പുസ്തകങ്ങളെയാണോ സ്നേഹിച്ചിരുന്നത്? അവളെ ആർക്കും വായിച്ചെടുക്കാൻ പറ്റാത്തതിനാലാവണം അവൾ അമൂല്യമായ ആ പുസ്തകശേഖരത്തെ കുറിച്ചുള്ള രഹസ്യം പങ്കു വെക്കാൻ അലിയെ തിരഞ്ഞെടുത്തത്, അയാളിലെ എഴുത്തുകാരന്, വായനക്കാരന് അവളെ മനസിലാക്കാം എന്ന ബോധ്യത്തിൽ.

സൂസന്നയുടെ ലോകത്തുനിന്ന് അലി കണ്ടെത്തുന്ന ചില വിചിത്ര മനുഷ്യരുണ്ട്. മനസ്സിൽ നിന്ന് പറിച്ചു നടാൻ പറ്റാത്ത വിധം വേരുറച്ച മുഖങ്ങൾ. സൂസന്ന ഒരിക്കലും മറുപടി എഴുതാത്ത കത്തുകൾക്ക് ദാഹിച്ചിരുന്ന അലിയുടെ ശൂന്യമായ വേനൽ കത്തുന്ന നഗര ദിനങ്ങളിലേക്ക് ഇലകൾ പടർന്ന വഴികളുമായി വന്ന അമുദ എന്ന പെൺകുട്ടി, ഒരേ നഗരത്തിൽ ഒരു ഇടുങ്ങിയ വീട്ടിൽ മാത്രം പാർത്ത, ലോകം കാണാത്ത എഴുത്തുകാരനായ കാഫ്ക, ചെറുപ്പക്കാർക്ക് മാത്രം കേൾക്കാവുന്ന ഒച്ചകളും മർമരവും യൗവനം കൊണ്ടുമാത്രം അറിയുന്ന ഗന്ധങ്ങളും സൃഷ്ടിച്ച പാബ്ലോ നെരൂദ, ചെന്നിയിൽനിന്നു ചോരയൊലിക്കുന്ന, വിറയ്ക്കുന്ന ചുമലുകളുള്ള യേശുവിനെ നേരിൽക്കണ്ട മേരിയമ്മ, ചന്ദ്രനോടുള്ള ദുഷ്ക്കരമായ പ്രണയത്തിൽ മുറിവേറ്റുകൊണ്ടേയിരുന്ന രാച്ചിയമ്മയുടെ കരുത്തുള്ള ജല, സ്നേഹത്തിന്റെ വിചിത്രവഴികളിൽ കുടുങ്ങിപ്പോയ ഫാത്വിമ, ഫാത്തിമയുടെ സ്നേഹം ആവോളം ആസ്വദിച്ച ഓടക്കുഴൽ നാദമുള്ള കൃഷ്ണൻ, കവിതയുടെ സ്വപ്ന ലോകങ്ങൾ പ്രണയത്തെ മുൻപിൽ കൊണ്ടു നിർത്തുമെന്ന് ഗ്രഹിച്ചറിഞ്ഞ ലക്ഷ്മി, ജീവിതകാലം മുഴുവൻ പിതാവിനോട് യുദ്ധം ചെയ്ത് ജയിച്ച ധീരയായ മതി എന്ന എഴുത്തുകാരി, സൂസന്നയുടെ സഹായി സരസ, മരിച്ചവരോടൊപ്പം ഇരുട്ടിന്റെ പുഴയിൽ മുങ്ങി നിവർന്ന് മഴ നനയുന്ന വെള്ളത്തൂവൽ ചന്ദ്രൻ.
കഥ കടന്നു പോകുന്ന മറയൂരും ചെങ്കുളവും വെള്ളത്തൂവലും കൊച്ചിയും കമ്പവും ബോഡിനായ്ക്കനൂരുമെല്ലാം തദ്ദേശ പ്രകൃതി ചിഹ്നങ്ങളാൽ വായനക്കാരനോട് സംവദിക്കുന്നുണ്ട്. പ്രകൃതി ഗ്രന്ഥപ്പുരയുടെ സൂക്ഷ്മ ഭാഷയാണ്, അലങ്കാരവും ആഭരണവുമാണ്. ആദ്യന്തം ഒഴുക്കുള്ള രചനാ ശൈലി, ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സ്വാഭാവികമായി മുന്നേറുന്ന തെല്ലും വിരസതയനുഭവിക്കാത്ത എഴുത്ത്, മലയാളത്തിൽ അപൂർവം രചനകൾക്കു മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന വൈകാരികോർജ്ജം!
സൂസന്ന ഒഴുകുകയാണ് ഞാനും നിങ്ങളും ഉൾപ്പെടുന്ന വായനക്കാരെയും താണ്ടി...