ജയ്പൂരിലേക്ക് ഒരു ജനറൽ യാത്ര
എല്ലാം മാറ്റിവെച്ചു എന്നാണ് നമ്മൾ യാത്ര പോവുക? തിരക്കുകളില്ലാത്ത ജീവിതം യാഥാർഥ്യമാണോ? അതിർത്തികൾക്കപ്പുറത്തുനിന്നുള്ള കാഴ്ചകളും കാഴ്ചക്കാരും നമ്മുടെ ചിന്തകളിൽ നിരന്തരം സ്വാധീനം ചെലുത്താൻ തുടങ്ങിയെങ്കിൽ കടലും മരുഭൂമിയും മുന്നിലുള്ള തടസ്സങ്ങളല്ല. മരുഭൂമിയിലെ വിശാലതയും വിഷമതയും കാറ്റും നിലാവും തേടിയുള്ളതായിരുന്നു ഇത്തവണത്തെ രാജസ്ഥാൻ യാത്ര.

1/3/2020
മരുസാഗർ എസ്സ്പ്രസ്സ് - 12.20 PM
എല്ലാം മാറ്റിവെച്ചു നമ്മൾ എന്നാണ് യാത്ര പോവുക? തിരക്കുകളില്ലാത്ത ജീവിതം യാഥാർഥ്യമാണോ? തിരക്കൊഴിഞ്ഞ ശേഷം മനുഷ്യർ എന്ത് പ്രവർത്തിയാണ് ചെയ്യുന്നത്? LSuC ന്റെ ഇത്തവണത്തെ ക്യാമ്പിന് പങ്കെടുക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ്. പക്ഷെ, പരീക്ഷ മാസമായ മാർച്ചിന്റെ ആരംഭത്തിൽ നടക്കുന്ന ക്യാമ്പായതിനാൽ മോഹങ്ങളെ കുഴിച്ചുമൂടി. എങ്കിലും 'വ്യാമോഹം' എന്ന വാക്കിന്റെ പുറത്ത് വെറുതെ ഒരപേക്ഷ നൽകിയിരുന്നു. പൂർണമായിട്ടില്ലാത്ത ഒരപേക്ഷ. അഖിന്റെ എക്സിബിഷൻ അവസാന ദിവസമായതിനാലും, മുബാറക്ക് രാജസ്ഥാനിലെ ക്യാമ്പിന് പങ്കെടുക്കാൻ വേണ്ടി പോകുന്നതിനാലും വൈകുന്നേരം ഞാൻ കോഴിക്കോട്ടേക്ക് പോയിരുന്നു.
യാത്രയയപ്പ് വേദനയുളവാക്കുന്ന കാര്യമാണെന്നറിയാം. പ്രത്യേകിച്ച് പ്രിയമുള്ളവർ പോകുമ്പോൾ ഹൃദയം ഒന്നുകൂടി വെമ്പൽ കൊള്ളും. ട്രെയിനിൽ അവരുടെ കൂടെ ഓടിക്കയറാൻ തോന്നും. ആദ്യമായി മുബാറക്ക് കാശ്മീരിലേക്ക് പോയ സമയം, ട്രെയിനിൽ കയറി അവനും ആദിലുമെല്ലാം പോയപ്പോൾ വല്ലാത്ത ശൂന്യതയായിരുന്നു. സുലു ആദ്യമായി ബോംബെയിലേക്ക് പോകുമ്പോൾ, മൂപ്പരെ കണ്ണൂരിലേക്ക് യാത്ര അയക്കുന്ന സമയം, കാറ്റാടിയെ ഒരു തവണ വട്ടവടയിൽ നിന്ന് യാത്ര അയക്കുന്ന സമയം, ആസിഫ്ക്ക ഹൈദരാബാദിലേക്ക് പോയപ്പോൾ... ഇങ്ങനെ ഒരുപാട് യാത്രയയപ്പുകൾ കണ്ണുനീരിലും ഹൃദയശൂന്യതയിലും അവസാനിച്ചിട്ടുണ്ട്. കോഴിക്കോട് കടപ്പുറത്ത്, ഇക്കായീസിന്റെ മുൻപിലിരുന്ന് ചായ കുടിക്കുമ്പോഴാണ് ഫഹീം പറയുന്നത്, "ഹന്നത്താ... നിങ്ങൾ പോരുന്നോ, രാജസ്ഥാനിൽ പുഷ്കർ ഫെസ്റ്റിവലാണ്..." "ബാലാമു പീച്ചേ കാരി" എന്ന് പാടി അവൻ വല്ലാണ്ട് കൊതിപ്പിച്ചു.
മാർച്ച് 12 ന് അവസാന സെമസ്റ്റർ പരീക്ഷ ആരംഭിക്കുകയാണ്. പ്രൊജക്റ്റിന്റെ കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്. അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ഇന്റർവ്യൂ ഞായറാഴ്ച നടക്കുന്നു, വെള്ളിയാഴ്ച കാലിക്കറ്റ് ടോക്ക്സ് ഒരു പരിപാടിക്ക് ക്ഷണിച്ചിരുന്നു (സത്യം പറഞ്ഞാൽ, ഈ പരിപാടി ആ സമയത്ത് മറന്നു പോയിരുന്നു. സംഘാടകരോട് ക്ഷമ ചോദിക്കുന്നു.) പോരാത്തതിന് ഇന്ന് ഒരു സ്ത്രീ വീട്ടിലേക്ക് വന്നിരുന്നു. നാലാം ക്ലാസ്സിൽ പഠിക്കുന്ന അവരുടെ മകന് ട്യൂഷൻ എടുത്ത് കൊടുക്കുമോ എന്ന് ചോദിച്ച്. ഞാൻ അധിക സമയം വീട്ടിൽ ഉണ്ടാകാറില്ല, അതുകൊണ്ടാണ് ഇതുവരെ ട്യൂഷൻ എടുക്കാൻ തയ്യാറാകാതിരുന്നത്, എന്ന് പറഞ്ഞെങ്കിലും നിവൃത്തിയില്ല. മകനെ കുറിച്ചോർത്തുള്ള ഉമ്മാന്റെ ആധിയോർത്ത്, എന്റെ സമയത്തിലൊരു മണിക്കൂറും, ഒഴിവ് വേളകളിലും അവനു ട്യൂഷൻ എടുക്കാമെന്ന് കരുതി.
മൂന്നുമണിക്ക് ആ ഉമ്മ വീട്ടിൽ വന്ന സമയം ഞാൻ ഉറങ്ങുകയായിരുന്നു. അക്ഷരങ്ങളുടെ ലോകം സമ്പാദിച്ച മയക്കം. അതിനിടയിലാണ് മുഹമ്മദും ഉമ്മയും ആരോ നിന്നെ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു വിളിക്കുന്നത്. എന്തായാലും ആ നാലാം ക്ലാസുകാരനെ അഞ്ച് മണിക്ക് വീട്ടിലേക്ക് പറഞ്ഞയക്കാമെന്ന് പറഞ്ഞ് ആ സ്ത്രീ പോയി. പക്ഷെ ആദ്യ ദിവസം തന്നെ ട്യൂഷൻ മുടങ്ങി, എനിക്ക് വീട്ടിൽ നിൽക്കാൻ സാധിച്ചില്ല. അത്യാവശ്യമായി കോഴിക്കോട്ടേക്ക് പോകേണ്ടി വന്നു. രാത്രി പത്തരയ്ക്കാണ് "എനിക്ക് ക്യാമ്പിന് പങ്കെടുക്കണം" എന്ന് പറഞ്ഞ് ഉപ്പാക്ക് വിളിക്കുന്നത്. ഉപ്പയും ഉമ്മയും സമ്മതം മൂളിയതോടെ വീട്ടിലേക്ക് പറന്നെത്തി. സത്യം പറഞ്ഞാൽ സമ്മതം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. പുസ്തകം പ്രകാശനം ചെയ്യുന്ന ദിവസം എല്ലാവരും വാനോളം പുകഴ്ത്തിയതിന്റെ ഫലമാണെന്ന് തോന്നുന്നു. ശ്ശെടാ... ഇങ്ങനെ ആണെങ്കിൽ കുറച്ച് നേരത്തെ പുസ്തകം എഴുതാമായിരുന്നു എന്ന് ആലോചിക്കുമ്പോഴേക്ക് വീടെത്തി. സാധനങ്ങൾ എന്തെല്ലാമോ പാക്ക് ചെയ്ത് ഉമ്മയോടും ഉപ്പയോടും സലാം പറഞ്ഞിറങ്ങി. യാത്രയിൽ ഏറ്റവും മടിയുള്ള ഘട്ടം ഏതെന്ന് ചോദിച്ചാൽ എനിക്കത് ബാഗൊരുക്കലാണ്. പലപ്പോഴും ആവശ്യമുള്ള സാധനങ്ങൾ മറക്കും, ചിലത് ആവശ്യത്തിന് കൂടുതൽ ഉണ്ടായിരിക്കും. അങ്ങനെ ഒരു പാകമല്ലാത്ത രൂപത്തിലാണ് എന്റെ പാക്കിങ്. പക്ഷെ ഇന്ന് വെറും മുപ്പത് മിനിറ്റ് കൊണ്ട് എല്ലാം ശടപടെ കഴിഞ്ഞു. "സൂക്ഷിച്ചു പോയി വരണം, നന്നായി ഭക്ഷണം കഴിക്കണം..." എന്നീ രണ്ട് നിർദേശങ്ങൾ മാത്രമാണ് ഉമ്മ മുന്നോട്ട് വെച്ചത്. വിശ്രമമില്ലാത്ത യാത്രകൾ എന്റെ ഭംഗിയും തടിയും കുറയ്ക്കുന്നു, ഞാൻ ഒരുപാട് ക്ഷീണിച്ചു, മെലിഞ്ഞു തുടങ്ങിയവയാണ് നിരന്തരമായി കേൾക്കുന്ന പരാതികൾ. ഉമ്മാന്റെ ഭാഷയിൽ പറഞ്ഞാൽ "കോലം കെട്ടു". അല്ലെങ്കിലും ആത്മാവിനെ തീറ്റിപ്പോറ്റാനുള്ള യാത്രയിൽ ഞാൻ ശരീരത്തെക്കുറിച്ച് വ്യാകുലപ്പെടാറില്ല.
മരുസാഗർ കൃത്യം 12.20 ന് തന്നെ കോഴിക്കോട് എത്തിയിരുന്നു. ഞാനും ഹനാനും മുബാറക്കും ജനറലിൽ കയറി സീറ്റൊപ്പിച്ചു. മുകളിലെ ബർത്തിലിരിക്കാൻ നല്ല കഷ്ടപ്പാടായിരുന്നു. ഇരിക്കാൻ സുഖമില്ലാത്ത രീതിയിൽ വ്യത്യസ്ത വലുപ്പത്തിലുള്ള കമ്പികൊണ്ടായിരുന്നു അതിന്റെ നിർമ്മാണം. വേദനിച്ചിട്ട് തിരിഞ്ഞും മറിഞ്ഞും കിടന്ന് പുലർച്ചെ വരെ ഒപ്പിച്ചു. എങ്കിലും സീറ്റില്ലാതെ നിൽക്കുന്നവരെ കാണുമ്പോൾ ഇത് തന്നെ വലിയ ആശ്വാസം. നാലരയ്ക്ക് വണ്ടി മംഗലാപുരത്തെത്തി. അതിനിടയിലെപ്പോഴോ ഒരു ചെറിയ കുട്ടിയുടെ കരച്ചിൽ കേട്ടിരുന്നു. വാതിലിന്റെയും ബാത്റൂമിന്റെയും ഇടയ്ക്കുള്ള സ്ഥലത്ത് ഒരു നാടോടി കുടുംബമുണ്ട്.
കൂടെ പാവക്കുട്ടിയെപ്പോലെയുള്ള ഒരു കുഞ്ഞു വാവയും. അമ്മയുടെ മഞ്ഞ തട്ടത്തിനുള്ളിൽ അവൻ കിടക്കുന്നുണ്ട്. ആ ഇടുങ്ങിയ സ്ഥലത്ത് ഇടുങ്ങിക്കിടക്കുന്ന അമ്മയും അച്ഛനും. മൂന്നാമത് കൂടെയുള്ള കുട്ടി അവരുടെ മകനാണോ സഹോദരനാണോ എന്നറിയില്ല. വളരെ ബുദ്ധിമുട്ടിയാണ് കിടക്കുന്നത്. കുറച്ച് സമയം കൊണ്ട് ഹനാൻ യാത്ര പറഞ്ഞിറങ്ങി. ഏകദേശം നേരം വെളുക്കാൻ തുടങ്ങിയിരുന്നു. 5.30 ആകുമ്പോഴേക്കും ഞങ്ങൾ ഉഡുപ്പി എത്തി. അതിനിടയിൽ താഴെ ബർത്തിൽ ഇരിക്കാൻ സീറ്റ് കിട്ടിയിരുന്നു. നേരം പരപരാ വെളുത്തത് കുണ്ടാപുരിയിൽ എത്തിയപ്പോഴാണ്. ഏഴുമണി കഴിഞ്ഞപ്പോഴേക്കും ടിടി വന്നു. ഞങ്ങളുടെ എല്ലാവരുടെയും ടിക്കറ്റ് നോക്കി കഴിഞ്ഞു നാടോടികളുടെ അടുത്തേയ്ക്ക് നീങ്ങി. ടിക്കറ്റ് എടുത്തിട്ടില്ല എന്ന് തോന്നുന്നു. ഹിന്ദിയിൽ എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് ടിടി അവരുടെ പ്രധാന സാധനങ്ങൾ എല്ലാം വെച്ച ഒരു കെട്ട് വാതിലിന്റെ അരികിലേക്ക് നീക്കി, ഇറങ്ങാൻ പറയുന്നു. ആ സ്ത്രീയും പുരുഷനും മറുപടിയായി ടിടി യോട് എന്തെല്ലാമോ പറയുന്നുണ്ട്. പക്ഷേ ടിടി അതൊന്നും ചെവിയോർത്തില്ല. "പൈസ ഇല്ലാത്തവർക്ക് വണ്ടിയിൽ കയറാൻ പറ്റില്ല" എന്ന കാവ്യനീതി നടപ്പിലാക്കാൻ നിൽക്കുകയാണയാൾ. കഷ്ടിച്ച് ഒരു ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ചെറിയൊരു യുവാവ്. മുന്നിൽ മുടി മഞ്ഞ നിറത്തിൽ കളർ ചെയ്തിരിക്കുന്നു. പാറിയ മുടിയിഴകൾ. ക്ഷീണവും ഉറക്കവും നിസ്സഹായതയും തുളുമ്പി നിൽക്കുന്ന കണ്ണുകൾ. ടിടിയോട് അധികം തർക്കിക്കാതെ അവരിറങ്ങി. പാതി മയങ്ങിയ കണ്ണുകളുമായി പാതി ഉറങ്ങുന്ന കുട്ടിയെ എടുത്ത് ആ സ്ത്രീയും, എന്തെല്ലാമോ പിറു പിറുത്തും അവർ നടന്നകന്നു. ആരാണ് യഥാർത്ഥത്തിൽ നാടോടികൾ? നാടോടുമ്പോൾ നടുവേ ഓടാൻ സാധിക്കാതെ വഴിയിലിറങ്ങേണ്ടി വരുന്നവരോ..? നാടിന്റെ ഓട്ടത്തോടൊപ്പം ഓടി എത്താതെ, തന്റേതായ വഴികളിലൂടെ കാലത്തിന്റെ കൂടെ ഓടാൻ ശ്രമിക്കുന്നവരോ? വീടില്ലാത്തവരെക്കുറിച്ചും നാടില്ലാത്തവരെക്കുറിച്ചും ഒരുവേള എന്തെല്ലാമോ ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി. ഭൂമിയിൽ ജനിച്ചവർക്കൊക്കെ ഇവിടെ ജീവിക്കാൻ അവകാശമുണ്ടെങ്കിലും, എങ്ങനെയാണ് ഈ മനുഷ്യരെല്ലാം പുറന്തള്ളപ്പെടുന്നത്. പുറത്താക്കപ്പെടുന്ന വേദനയും കഷ്ടപ്പാടും ആലോചിച്ചപ്പോൾ പൗരത്വ ഭേദഗതി നിയമവും അതിനെ തുടർന്നുണ്ടായ സമരങ്ങളും പ്രതിഷേധങ്ങളും പുറത്താക്കപ്പെട്ട ജനതയുടെ ജീവിതവും എല്ലാം ഓർത്തു പോയി. ആനന്ദിന്റെ വരികളാണ് അവരെ കണ്ടപ്പോൾ ഓർമ്മ വന്നത്. "ജീവിതത്തിന്റെ തന്നെ വരാന്തയിലല്ലേ നമ്മൾ? വീടുകളിൽ നിന്ന് നമ്മൾ എന്നേ പുറത്താക്കപ്പെട്ടതാണ്! വെറും വരാന്ത മനുഷ്യരാണ് നമ്മൾ!".
മരണം എല്ലാവർക്കും അനിവാര്യമായ കാര്യമാണെങ്കിലും, മനഃപൂർവം മരണത്തിന് കീഴടങ്ങേണ്ടി വരുന്ന സന്ദർഭങ്ങളില്ലേ? ആ കാരണങ്ങളെ ചികഞ്ഞെടുത്തു വിശകലനം ചെയ്യാൻ നമ്മൾ മെനക്കെടാറുണ്ടോ? ഉണ്ടെങ്കിൽ അവിടെയെല്ലാം പ്രശ്നങ്ങളും പിറവിയെടുക്കുന്നു. അതിന് പിന്നിൽ ഭരണകൂടമാകാം, നിങ്ങളുടെ ജീവിത സാഹചര്യങ്ങളാകാം, ചില സമയങ്ങളിൽ ചെയ്തുപോയ കാര്യങ്ങൾ വേട്ടയാടപ്പെടുന്നതാകാം. അടുത്തിടെ നടന്ന ഡൽഹി കലാപത്തിൽ മരിച്ചുപോയ സഹോദരങ്ങളുടെ കാര്യം തന്നെ ഉദാഹരണമായി എടുത്താൽ മതി. അവരൊക്കെ എന്ത് തെറ്റ് ചെയ്തിട്ടാണ്? മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ക്രൂര ഭരണവർഗം. വരാന്ത മനുഷ്യരുടെ നിലനിൽപ്പിനെ അനുവദിച്ചു കൊടുക്കാത്തവരും ആവശ്യങ്ങളെ മനസ്സിലാക്കാത്തവരും അതിനെ അഭിമുഖീകരിക്കാനും നിവർത്തീകരിച്ചു കൊടുക്കാനും കഴിയാത്തവർ തന്നെയാണ് കൂടുതൽ വരാന്ത മനുഷ്യരെ സൃഷ്ടിക്കുന്നതിൽ വ്യഗ്രത കാണിക്കുന്നത്. അത് മരണത്തിലേക്കുള്ള വേഗതയും വർധിപ്പിക്കുന്നു, വ്യക്തമാക്കി പറഞ്ഞാൽ മനഃപൂർവം ചെയ്യുന്ന കൊലപാതകം. ഗോവർധൻ കല്ലുവിനോട് പറഞ്ഞത് എത്ര ശെരിയാണ്, "വരാന്തയിൽ നിന്ന് അടുത്തപടി ശവക്കുഴിയാണ്, കല്ലൂ. നമ്മൾ അത് അറിയേണ്ടതായിരുന്നു. വേറെയാര് അറിഞ്ഞില്ലെങ്കിലും നമ്മൾ അത് അറിയേണ്ടതായിരുന്നു." എങ്കിൽ, ശവക്കുഴിയാണ് മുന്നിൽ എന്ന് നേരത്തെ മനസ്സിലാക്കിയിട്ടും, അതിനെതിരെ പ്രതിഷേധിച്ചിട്ടും വീണ്ടും ശവക്കുഴിയിലേക്ക് എത്തിപ്പെടുന്ന ജനത എത്രമാത്രം നിസ്സഹായരാണ്. ഞാനും നീയുമെല്ലാം അത്തരത്തിലൊരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷെ ചരിത്രം ധീരന്മാരുടെ കൂടെ നമ്മളെ അടയാളപ്പെടുത്തും. എല്ലാവർക്കും വിജയം വരെ ജീവിക്കാൻ സാധിച്ചില്ലെങ്കിലും, നേരിയ തോതിലെങ്കിലും എന്റെയും നിന്റെയുമെല്ലാം പങ്ക് അതിൽ ഉണ്ടാകും എന്നത് തന്നെ അഭിമാനകരം. ഉയർന്ന വർഗത്തിലുള്ളവർക്ക് എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുന്നു. കാലത്തിനൊപ്പം ഓടി എത്താൻ കഴിയാത്തവരൊക്കെ ജനനം മുതൽ മരണം വരെ വൃത്തിഹീനവും ഇടുങ്ങിയതുമായ വഴികളിലൂടെ വിശപ്പ് സഹിച്ചു നടന്നകലുന്നു. അവർക്കിരിക്കാനുള്ള ഇടവും കിടക്കാനുളളിടവും അഴുക്ക് പറ്റിയ ഇടങ്ങൾ... കഴിക്കാനുള്ളതും വൃത്തിയില്ലാത്തത്, വിസർജിക്കാനുള്ള ഇടവും വൃത്തി ഹീനമായത്. ജനനവും മരണവും അതിന്റെ ഇടയിൽ നടന്നു തീർക്കേണ്ട ജീവിതവും അഴുക്ക് പിടിച്ചതും കറ പറ്റിയതും, ചളി പുരണ്ടതും.
ഞങ്ങളുടെ സീറ്റിന് മുൻപിലാണ് റംസായും മലീഹയും അവരുടെ ഉമ്മയും ഉണ്ടായിരുന്നത്. പർദ്ദയും ബുർഖയും ധരിച്ചിരിക്കുന്ന ആ സ്ത്രീ മലീഹയെ മടിയിൽ കിടത്തിയിരിക്കുന്നു. സത്യം പറഞ്ഞാൽ റംസയെ ആണ് ആദ്യം ശ്രദ്ധിച്ചത്, പച്ച നിറത്തിലുള്ള ഒരു കുഞ്ഞുടുപ്പിട്ട നാലുവയസ്സുകാരിയാണ് റംസ. കുസൃതി നിറഞ്ഞ കണ്ണും മുഖവും. കുഞ്ഞിക്കണ്ണിൽ കണ്മഷിയും, മോളി അയിഷുവിന് മുടി കെട്ടിക്കൊടുക്കുന്നത് പോലെ വാർന്നു മുകളിൽ കൊമ്പ് കെട്ടി, നെറ്റിയിലേക്ക് മുടി തൂക്കിയിട്ടിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് അവളുടെ ഓരോ കുസൃതിയുണ്ടാകും. ആദ്യം പേര് ചോദിച്ചുവെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. അവളുടെ ഉപ്പയാണെന്ന് തോന്നുന്നു, കുറച്ചപ്പുറത്തായി നിൽക്കുന്നുണ്ട്, ഒരു മധ്യവയസ്കൻ. ഇടയ്ക്കെപ്പോഴോ റംസയുമായി കൂടുതൽ അടുത്തു. കയ്യിലുള്ള ചോക്ലേറ്റ് ബിസ്കറ്റ് വെച്ച് നീട്ടിയപ്പോൾ പെണ്ണ് പാക്കറ്റോടെ തന്നെ കൈക്കലാക്കി, അങ്ങനെയാണ് ഞങ്ങൾ കൂടുതൽ അടുക്കുന്നത്. അവളുടെ കളികളിൽ ഞങ്ങളും പങ്കുകാരായി. മലീഹയെ എടുക്കാനും കളിപ്പിക്കാനും ഞങ്ങൾക്കും അവസരം കിട്ടി. മലീഹ ഒരു കുഞ്ഞി വാവയാണ്. ചെറുതിലും ചെറുതായ വാവ. മെലിഞ്ഞ ശരീരവും കുഞ്ഞി കണ്ണുകളും മൂക്കുമായി ഒരു കുഞ്ഞു പാവക്കുട്ടിയെപ്പോലെ. ചുവപ്പും നീലയും ഉടുപ്പിട്ട കുഞ്ഞിമോള്, കനം തീരെ കുറവാണ്, ആളെ എടുത്താലും നമുക്ക് കൂടെ ഒരാൾ ഉണ്ടെന്ന തോന്നലേ ഉണ്ടാകില്ല, അത്രയ്ക്കും തടിയില്ല. ഒരുപാട് നേരം എന്റെയും മുബുന്റെയും കയ്യിൽ തന്നെയായിരുന്നു. ഞങ്ങൾ മാറി മാറി എടുത്ത് അവളെ പുന്നാരിച്ചു, റംസയെ കളിപ്പിക്കാൻ വേണ്ടി മലീഹയെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ട് പോകും എന്ന് പറയും, അത് കേട്ടാൽ പിന്നെ അവൾ ഉമ്മാന്റെ അടുത്ത് പോയി പരാതി പറയലാണ്. പലപ്പോഴും ഈർത്തു വലിച്ചു അവളും മലീഹയെ എടുക്കും. ചൂടിന്റെ കാഠിന്യം കൊണ്ടാകണം, കുറേ ദൂരം പിന്നിട്ടപ്പോഴേക്കും ആ ഉമ്മയും ബുർഖയും പർദ്ദയുമെല്ലാം മാറ്റിയിരുന്നു. അന്യ പുരുഷന്മാർ ആരെങ്കിലും കടന്ന് വരുമ്പോഴേക്കും അവര് വേഗം തട്ടം കൊണ്ട് മുഖം മറക്കും. ചെറിയ മെലിഞ്ഞ മുഖം, മലീഹയുടേത് പോലെത്തന്നെ, ഒരു പൊന്നിന്റെ മൂക്കുത്തി ഉണ്ടെന്ന് മാത്രം. ഉത്തരേന്ത്യയിൽ പാൻമസാലയും ഗുഡ്കയും വ്യാപകമാണല്ലോ. ട്രെയിനിൽ എല്ലായ്പ്പോഴും ഇവ ധാരാളമായി ആളുകൾ കൊണ്ട് നടക്കുന്നു, വാങ്ങാനായി ആളുകളും ധാരാളം. ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചുകഴിഞ്ഞിരിക്കുന്ന സമയം, തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന മനുഷ്യൻ, "ഭക്ഷണം വേണോ?" എന്ന് ചോദിച്ച് ആളുകൾ വന്നിട്ടും ഒന്നും വാങ്ങിക്കുന്നില്ല. ഇനി കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ടാണോ ഇയാൾ ഒന്നും കഴിക്കാത്തത് എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ്, പാൻമസാലയുടെ പാക്കറ്റ് മാലപോലെ തൂക്കികൊണ്ട് ഒരു വിൽപ്പനക്കാരൻ കടന്നുവരുന്നത്. അയാളെ കണ്ടപാടെ ഇയാൾ രണ്ട് പാക്ക് പാനും വാങ്ങി കീശയിലാക്കി. അപ്പൊ പൈസയില്ലാഞ്ഞിട്ടല്ല, ഭക്ഷണം വാങ്ങിയിട്ടില്ലെങ്കിലും ആളുകൾ ഇത് വാങ്ങി കഴിക്കും. അവരുടെ പല്ലുകളിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന കറുപ്പും ചുവപ്പും കാപ്പിയും അടയാളങ്ങൾ കണ്ടാൽ മനസ്സിലാക്കാം.

നിർഭാഗ്യവശാൽ മലീഹയുടെ ഉമ്മയുടെ കുഞ്ഞിപ്പല്ലുകളിലും അത്തരത്തിലുള്ള അടയാളങ്ങൾ ഞാൻ കണ്ടു. ചോക്ലേറ്റ് ബിസ്ക്കറ്റ് ഞങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിയതിന് ആദ്യം ഉമ്മയോട് റംസയ്ക്ക് അടികിട്ടിയിരുന്നു. സമയം കഴിയുംതോറും, ആ സ്ത്രീയും ഞങ്ങളോട് കൂടുതൽ അടുത്തു. മലീഹ എന്റെ മടിയിൽ കുറേ സമയം കിടന്നുറങ്ങി, അപ്പോഴാണ് ആ സ്ത്രീയും സമാധാനത്തോടെ ഒന്ന് കണ്ണടയ്ക്കുന്നത്. അല്ലാത്തപ്പോഴൊക്കെ മലീഹയെ മടിയിൽ വെച്ചാണ് കിടത്തം. ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത അവരോട് എന്റെ സ്വന്തം ഇത്താത്തയോടെന്ന പോലൊരു സ്നേഹം എന്നിൽ പിറവിയെടുത്തു. മടിയിൽ കിടക്കുന്ന ആ കൊച്ചു കുട്ടി എന്റെ സ്വന്തം കുട്ടിയെപ്പോലെയും. മുത്തം കൊടുക്കാൻ മടിച്ചിരുന്ന ഞാനും പിന്നെ മലീഹയെ മുത്തം കൊണ്ട് മൂടി, അവളാണെങ്കിൽ കൊച്ചു മോണ കാട്ടി ഭയങ്കര ചിരിയാണ്. കുഞ്ഞി കളി കണ്ടു കുലുങ്ങിച്ചിരിക്കുന്ന സുന്ദരി വാവ. പണ്ട് മുതലേ ഉമ്മ പറയാറുണ്ട്, കുട്ടിയെ കൈയ്യിലെടുത്ത് ആര് വന്നാലും പെട്ടെന്ന് അവരുടെ കയ്യിൽ നിന്ന് വാങ്ങി പിടിക്കണം, കാരണം ചെറിയ മക്കളാണെങ്കിലും എടുത്ത് നടക്കുക എന്നുള്ളത് ആയാസകരമായ ജോലിയാണ്. പക്ഷേ ഉമ്മയുടെ വാക്ക് ഓർമ്മയില്ലെങ്കിലും ചെറിയ മക്കളെ കണ്ടാൽ താനെ കൈ നീളും, ആരും തിരിച്ചു നിരാശപെടുത്തിയിട്ടില്ല. എല്ലാ പൈതങ്ങളും എന്റെ കുട്ടിയാണെന്ന തോന്നൽ ഉള്ളത് കൊണ്ടാകും എല്ലാവരും പെട്ടെന്ന് ഇണങ്ങാറുണ്ട്. പിന്നെ ചെറിയ മക്കളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്?!

പിറ്റേന്ന് രാവിലെ പത്തരയ്ക്ക് സ്വൈമധോർപുർ ജംഗ്ഷനിൽ ആ ചെറിയ കുടുംബം ഇറങ്ങി. കയ്യിൽ നാജി തന്ന പേരക്കയും കടിച്ച് ഇരിക്കുമ്പോഴാണ്, പ്ലാറ്റ്ഫോമിൽ ഇവരെ കാണുന്നത്. മുബുനെ വിളിച്ച് ഓടിപ്പോയി അവരോട് യാത്ര പറഞ്ഞു. റംസയ്ക്ക് കയ്യിലുള്ള പേരയ്ക്ക കൊടുത്തു, ഉമ്മയും കൊടുത്തു. മലീഹ നല്ല ഉറക്കിലാണ്. ഉമ്മാന്റെ തട്ടത്തിന്റെ ഉള്ളിൽ കിടന്ന് അവൾ നന്നായി ഉറങ്ങുന്നു. ട്രെയിൻ പോകാൻ കുറച്ച് നേരം കൂടെ എടുക്കും എന്നറിഞ്ഞതോടെ കയ്യിലുണ്ടായിരുന്ന നുറുക്കിന്റെ പാക്കും അവർക്ക് കൊടുത്തു, സലാം പറഞ്ഞു. അപ്പോഴേക്കും ചൂളം വിളിച്ചു കൊണ്ട് വണ്ടിയും മുന്നോട്ടു പാഞ്ഞിരുന്നു.
തന്റെ ലക്ഷ്യം കാണാൻ ചുറ്റുമുള്ള കാഴ്ചകളെ അപ്രസക്തമാക്കികൊണ്ട്, ആരോടോ വാശി തീർക്കാനെന്ന മട്ടിൽ തുരങ്കത്തിലെ ഇരുട്ടിനെ പോലും വകവെയ്ക്കാതെ അവൾ ചീറിപ്പായുന്നു. കൂക്കി വിളിച്ചു കൊണ്ട് നാടിനെ വിറപ്പിച്ചു കടന്ന് പോകുമ്പോഴാണ് ഞാനും പെട്ടെന്ന് ഞെട്ടിയുണർന്നത്. ട്രെയിൻ ഗോകർണ സ്റ്റേഷൻ എത്തിയിരിക്കുന്നു. ഇളം പച്ച നിറമുള്ള കണ്ണുകളും സ്വർണ തലമുടികളുമുള്ള ഒരുപാട് വിദേശികൾ, വലിയ ബാഗും തൂക്കി, നമ്മുടെ ബോഗിയിലേക്ക് കയറിത്തുടങ്ങി. ട്രെയിൻ നീങ്ങുന്നതിനനുസരിച്ച് അവര് ഒരുപാട് പേരുണ്ടെന്ന് മനസ്സിലായി. നല്ല ഹിപ്പി ലുക്കിൽ എല്ലാവരെയും വീക്ഷിക്കാൻ തന്നെ നല്ല രസം. ശരിക്കും ആസ്വാദനത്തിന് വേണ്ടിയാകുമോ ദൈവം ഓരോരുത്തരെയും ഓരോ ചേലിൽ പടച്ചത്, വ്യത്യസ്തത എന്നും കൗതുകമുണർത്തുന്ന കാര്യമാണ്. അവരെ ഓരോരുത്തരെയും ആകാംഷ പൂർവ്വം നോക്കുകയായിരുന്നു ഞാൻ.
കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ഞാൻ ലാരിസയെ പരിചയപ്പെടുന്നത്. പോളണ്ടുകാരിയായ ലാരിസ ഇന്ത്യയിൽ രണ്ട് മാസമായി യാത്ര ചെയ്യുന്നു. ഇന്ത്യയിലെ വിവിധങ്ങളായ മത-തീർത്ഥാടന കേന്ദ്രങ്ങൾ തേടിയാണ് യാത്ര. ഇപ്പോൾ അജ്മീരിലേക്ക് പോകുന്നു. സാമൂഹിക പ്രവർത്തകയും യാത്രക്കാരിയുമായ അവളുടെ യാത്രകൾ മുഴുവനും ശാന്തിയും സമാധാനവും തേടിയാണ്. റിഷികേശിൽ പോയിരുന്നു, അവിടുത്തെ ശാന്തത വല്ലാതെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. അജ്മീർ പോയ ശേഷം പുഷ്കറിലേക്ക് ഹോളിക്ക് പോരെന്ന് എന്റെ ക്ഷണം. പക്ഷേ അവളാദ്യം ആരാഞ്ഞത് അവിടെ ഒരുപാട് പേരുണ്ടാകുമോ എന്നാണ്, വലിയ ജനത്തിരക്കിനെ ഇഷ്ടപെടാത്ത അവളൊരു സമാധാന പ്രേമിയാണ്. മുടഞ്ഞിട്ട മുടിയുമായി അധികവും വാതിലിന്റെയരികെ കാണാം. സമയം കഴിയും തോറും, അല്ലെങ്കിൽ ട്രെയിനിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നതിനിടയ്ക്ക് ഞങ്ങൾ കൂടുതൽ സംസാരിച്ചു. 'വർത്തായ്ക്ക' കൊടുക്കാൻ പെണ്ണിന്റെ അടുത്ത് പോയപ്പോഴാണ് കയ്യിലുള്ള യൂക്കലേല ഞാനും ശ്രദ്ധിക്കുന്നത്. പിന്നെ നാജിയും മുബാറക്കിയും കൂടി വന്നതോടെ പാടാൻ വേണ്ടി ഞങ്ങളുടെ നിർബന്ധമായി. തനിക്കറിയാവുന്ന ഭാഷയിൽ സുന്ദരമായി പാടിയവളും... അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ മുടിയിൽ തട്ടി, മുഖത്തേയ്ക്കിറങ്ങി കൺ പീലിയിൽ തട്ടി വെട്ടിത്തിളങ്ങുമ്പോൾ, ഞങ്ങൾ ആ ശബ്ദത്തിൽ ലയിച്ചു ചേർന്നു. അവളുടെ കൂടിയിരിക്കുന്ന മറ്റ് ആളുകൾ, എന്തോ അവളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് തോന്നി. ഇനിയുള്ള യാത്രാപ്ലാനിനെപ്പറ്റിയും താമസത്തെപ്പറ്റിയും അവിടെ നിന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞിരുന്നില്ല. പിന്നീട് ട്രെയിൻ മുഴുവൻ നടക്കാൻ വേണ്ടി അവളെ കൂടി ക്ഷണിച്ചപ്പോഴാണ് അവൾ കാര്യം പറഞ്ഞത്. "ഹന്നാ, നേരത്തെ ചോദ്യത്തിന് ഉത്തരം പറയാഞ്ഞത്, ആ കൂട്ടർ അവിടെ ഉള്ളത് കൊണ്ടായിരുന്നു" എന്ന്.
പോകുന്ന ട്രെയിനിന്റെ തുടക്കം മുതൽ അവസാനം വരെ വെറുതെ നടന്നു നോക്കണമെന്ന് എന്റെ ആഗ്രഹമായിരുന്നു. എല്ലാ കമ്പാർട്ട്മെന്റുകളും പാൻട്രിയും എല്ലാം കടന്നുമുറിച്ചൊരു പോക്ക്. വിവിധങ്ങളായ ബ്ലോക്കിൽ കയറി, വിവിധങ്ങളായ മനുഷ്യർ, ഇങ്ങനെ എല്ലാവരെയും കാണാൻ വേണ്ടി. ഏസിയിൽ കംപാർട്മെന്റിൽ തന്നെ ഒരുപാട് വകഭേദങ്ങൾ ആദ്യമായിട്ടാണ് കാണുന്നത്, സംഭവം എസിയിൽ കയറുന്നതും ആദ്യമായിട്ടാണ്. സാമ്പത്തിക അടിസ്ഥാനത്തിൽ സമൂഹത്തിലുള്ള തട്ട് സഞ്ചരിക്കുന്ന ഇടങ്ങളിലെല്ലാം നമ്മുടെ കൂടെയുണ്ട്. ഞങ്ങളുടെ ട്രെയിനിലെ പാൻട്രിയിൽ ഫെറോക്കിലെ ആളുകളാണ് പാചകം ചെയ്തിരുന്നത്. ഇതുവരെ ട്രെയിനിൽ നിന്ന് കഴിച്ച ഭക്ഷണത്തേക്കാളും ഇച്ചിരി രസം കൂടുതൽ അതുകൊണ്ട് ആണോ ആവോ..!
സ്ലീപ്പറിൽ നാജിയും അഫ്സലും ഉള്ളതുകൊണ്ട് അവിടേക്ക് ഇടയ്ക്ക് പോയിരുന്നു. പേരയും പേരഷിയും അവരുടെ അച്ഛനും അമ്മയും അല്ലാതെ ഒരാൾ കൂടെയുണ്ടായിരുന്നു ഞങ്ങളുടെ അടുത്ത സീറ്റിൽ. സൈന്യത്തിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനെപ്പോലെ വലിയ വട്ടക്കണ്ണും കൊമ്പൻ മീശയും കുടവയറും നല്ല നീളവും വണ്ണവുമൊക്കെയുള്ള ആജാനുബാഹുവായ ഒരു മനുഷ്യൻ. വലിയ വായിൽ നിറയെ പാൻ കഴിച്ചു ചുവന്ന ദ്രാവകം, ഇടയ്ക്ക് പുസ്തകം എടുത്തു വായിക്കും. ജയ്പൂർ സ്വദേശിയാണ് അദ്ദേഹം. ഫ്രാൻസിൽ നിന്ന് വരുന്ന വിദേശികൾക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കലാണ് ജോലി, അതുകൊണ്ട് വ്യത്യസ്ത ഭാഷ അറിയാം, സംസാരങ്ങൾ ഒരുപാട് നീണ്ട് പോയി, പല കാര്യങ്ങളും ചർച്ച ചെയ്തു. ഇന്ത്യയിൽ കൊറോണ വീണ്ടും സ്ഥിതീകരിച്ചതൊക്കെ അയാൾ പറഞ്ഞപ്പോഴാണ് അറിയുന്നത്.
രാഷ്ട്രീയത്തിലേക്ക് വിഷയം പോയപ്പോഴാണ് നിലവാരം മനസ്സിലായത്, സുഹൃത്തുക്കളെ വരെ തിരഞ്ഞെടുക്കുമ്പോൾ "Politics really matters" എന്ന് ആരോ പറഞ്ഞത് ഞാൻ ഓർത്തു പോയി. "ഉമർ ഖാലിദും, കൻഹയ്യയും വെറുതെ മീഡിയ ശ്രദ്ധ പിടിച്ചു പറ്റാൻ ആണ് ശ്രമിക്കുന്നത് " എന്ന് പറഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ എനിക്ക് മനസ്സിലായിരുന്നു. അതുവരെ കുറേ മറ്റു പല കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ കുറച്ച് ബഹുമാനം ഒക്കെ തോന്നിയിരുന്നു, ആ ഗ്രാഫ് പെട്ടെന്നാണ് താഴേക്ക് പോയത്. നാജി CAA- NRC വിഷയത്തിൽ മൂപ്പരോട് നിലപാട് ചോദിച്ചപ്പോൾ തന്നെ ഉത്തരം എന്താണെന്ന് പ്രതീക്ഷിച്ചതാണ്. അയാളോട് സംസാരിക്കാൻ പോയിട്ട് കാര്യമില്ല എന്നും അറിയാം. നമ്മുടെ പ്രധാനമന്ത്രി പറയുന്നത് പോലെ "NRC യിൽ കൂടിയേറ്റക്കാരെ പുറത്താക്കുന്നു. CAA പിന്നെ പൗരത്വം കൊടുക്കാനുള്ളതല്ലേ, അതൊരു നല്ല കാര്യം അല്ലേ..!" ആഹാ, എന്തൊരു സൗമ്യമായ മറുപടി, അയാളിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിച്ചതല്ല. കുടിയേറിയവർ ബംഗ്ലാദേശികൾ അക്രമികളാണെന്നും അവരെ പുറത്താക്കണമെന്നും ഇവർ പറയുന്നു. "എന്തുകൊണ്ട് മുസ്ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കുന്നു?" അങ്ങനെ സംഭാഷണത്തിന് തീവ്രത കൂടി വന്നു. കാരണം ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ആവേശം പകർന്ന CAA-NRC ചർച്ചയാണ്. അതും ഇരുപക്ഷത്ത് നിന്നുള്ള ആളുകളുമായതുകൊണ്ട് ചർച്ചയുടെ തീവ്രത കൂടും. നാജിക്കൊപ്പം ആദ്യം മുബുവും അയാളോട് സംസാരിക്കാൻ പോയിരുന്നു. പിന്നെ അവൻ നിർത്തി, ഞാൻ ആദ്യമേ നിർത്തിയതാണ്. നാജി കൂടുതൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കുംതോറും അയാൾ അവരുടെ വാദങ്ങൾക്ക് തന്നെയാണ് മുൻഗണന നൽകിയത്. സത്യം പറഞ്ഞാൽ എനിക്ക് അവസാനം പേടിയായി. ട്രെയിനിൽ നിന്ന് ബീഫിന്റെ പേരും പറഞ്ഞു കൊലപ്പെടുത്തിയ ജുനൈദിനെയാണ് എനിക്ക് ആദ്യം ഓർമ്മ വന്നത്.
മരണഭയം സൃഷ്ടിച്ച വേവലാതിയിൽ ഞാൻ നാജിന്റെ കൈ പിടിച്ചു കേണു, ഒന്ന് നിർത്താൻ. വിമർശിക്കുന്നവർക്ക് നേരെ കഠാര പൊക്കി ശീലമുള്ള ഈ കൂട്ടത്തോട് ജനാധിപത്യപരമായ സംവാദത്തിന് പോയിട്ട് കാര്യമുണ്ടോ!? കാരണം അവരോട് എത്ര പറഞ്ഞാലും എങ്ങനെ പറഞ്ഞാലും എന്ത് മനസ്സിലാക്കിക്കൊടുത്താലും ഇനിയിപ്പോൾ മോദി എന്ത് ചെയ്താലും അവര് മോദിന്റെ സ്തുതി പാടുന്നവരാണ്. പിന്നെയെന്തിനാണ് നമ്മുടെ എനർജി ചുമ്മാ തീർക്കുന്നത്. ഞങ്ങളുടെ സീറ്റിന്റെ നേരെ മറുവശത്തിരിക്കുന്ന യുവാക്കളൊന്നും ചർച്ചയിൽ പങ്കെടുക്കാനോ മിണ്ടാനോ വന്നിട്ടില്ല. അറിയാത്തതുകൊണ്ടാണോ താല്പര്യമില്ലാത്തത് കൊണ്ടാണോ എന്നറിയില്ല. "നായിന്റെ വാല് എത്രകാലം കുഴലിലിട്ടാലും നീരൂല" എന്ന് നമ്മൾ പഴഞ്ചൊല്ല് പറയാറില്ലേ... അതുപോലെത്തന്നെ. കുറച്ച് കഴിഞ്ഞപ്പോൾ അവനും മൗനമായി. അങ്ങനെ ഭീകരമായ ഒരു മൗനം അവിടെ തളം കെട്ടി നിന്നപ്പോഴാണ് നാജിന്റെ കൂടെ ഞാൻ വാതിലിന്റെ അടുത്തേക്ക് പോയത്.
നാജിനെ ഞാൻ ആദ്യമായിട്ട് കാണുന്നത് മെഡിക്കൽ കോളേജിലെ ഞങ്ങളുടെ റൂമിലേക്ക് ജെസീലിന്റെ കൂടെ വന്നപ്പോഴാണ്. അന്ന് വല്ലാതെ ഒന്നും സംസാരിച്ചിട്ടില്ല, സൗമ്യ ശീലനായ ഒരു യുവാവ്. നല്ല സൗഹൃദങ്ങൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവളാണ് ഞാൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, അൽഹംദുലില്ലാഹ്. നാജിയും എന്റെ സുഹൃദ്ലിസ്റ്റിലേക്ക് വന്ന പുതുമുഖമായിരുന്നു. ട്രെയിൻ ചീറിപ്പാഞ്ഞു, പാലവും നദിയും മലകളും വരണ്ട പ്രദേശങ്ങളും പിന്നിടുമ്പോൾ ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു, പഠനവും യാത്രയും ഇഷ്ടങ്ങളും അനുഭവങ്ങളുമെല്ലാം.
ഹംബിയിൽ നിന്ന് ഞങ്ങളുടെ കൂടെ ട്രെയിനിൽ കയറിയ വിദേശികളെക്കുറിച്ച് പറഞ്ഞിരുന്നല്ലോ, ആ കൂട്ടത്തിൽ പരിചയപ്പെട്ടതാണ് ഇസ്രയേൽകാരനായ ഒമറിനെ. ഇവരുടെ നീളവും മുടിയുമാണ് ആദ്യം തന്നെ എന്നെ ആകർഷിച്ചത്. കറുപ്പും മഞ്ഞയും കലർന്ന മുടിയുള്ളവരും സ്വർണ നിറമുള്ളവരും വെയിലിന്റെ നിറമുള്ള മുടിയുള്ളവരും ആ കൂട്ടത്തിലുണ്ട്. നല്ല രസത്തിൽ പല കോലത്തിൽ ആ മുടി കെട്ടിയിട്ടവരും അഴിച്ചിട്ടവരുമുണ്ട്. ഇളം പച്ച നിറത്തിലുള്ള കണ്ണുകളും, ചൂടിനും സുഖത്തിനും നമ്മുടെ തൃപ്തിക്കും അനുസരിച്ചുള്ള വസ്ത്രവും, കാതും മൂക്കും പിന്നെ ശരീരം തുളച്ചു കല്ല് വെച്ചാൽ രസമുണ്ടാകുന്ന എല്ലാ ഭാഗത്തുള്ള ആഭരണങ്ങളും, കയ്യിലും കാലിലും പലതരത്തിലുള്ള ചരടുകളും മോതിരവും ഒക്കെയായിട്ട് അവരെയെല്ലാവരെയും മൊത്തത്തിൽ കാണാൻ തന്നെ ഒരു രസം. ⠀ ⠀

ഒമറിനോട് കൂടുതൽ സംസാരിച്ചപ്പോഴാണ് അറിയുന്നത്, ഇരുപത്തിരണ്ട് വയസ്സ് ആയിട്ടുള്ളൂ. കൂടെയുള്ളവരൊക്കെ ആ പ്രായത്തിലുള്ളവരാണ്. ഇന്ത്യ ഒരുപാട് ഇഷ്ടമായി, എവിടെ പോയി കണ്ടാലും അവസാനം ഇന്ത്യയിൽ വന്നു താമസിക്കണം എന്നാണ് ഒമറിന് ആഗ്രഹം. ഇസ്രായേൽ പണ്ടത്തെ പോലെ അല്ല, അവിടെ ജീവിക്കാൻ ഇഷ്ടവുമില്ല എന്ന് പറഞ്ഞു. ഒമർ നല്ല പാട്ടുകാരനും ആണ്, സ്പോട്ടിഫൈ എടുത്തു നോക്കിയാൽ "ഒബെ" എന്ന പേരിൽ ആൽബം ഒക്കെയുണ്ട്. ഞങ്ങൾ പറഞ്ഞപ്പോൾ ചെങ്ങായി പാട്ട് പാടിത്തരികയും ചെയ്തു. മറ്റേതോ ട്രെയിനിന് പോകാൻ വേണ്ടി ഞങ്ങളുടെ വണ്ടി വഴിക്ക് നിർത്തിയപ്പോഴാണ് അവരുടെ കൂടെയുള്ള കുറേ പേര് പുറത്തിറങ്ങിയത്. ട്രെയിനിലെ ചൂട് കാരണം ഞങ്ങളും ഇറങ്ങിയിരുന്നു. നിരന്തരം സിഗരറ്റും മറ്റ് മരുന്നുകളും അവര് ഉഷാറായിട്ട് ഉപയോഗിക്കുന്നുണ്ട്.

"ഹനക്ക് സിഗരറ്റ് വേണോ??"എന്ന ഒമറിന്റെ ചോദ്യം. ഞാനും മുബുവും അത് ഇഷ്ടപ്പെടാത്തവരാണ്, വലിച്ചു നോക്കണം എന്നും ഇതുവരെ തോന്നിയിട്ടില്ല. ⠀ "ഉപയോഗിച്ചു നോക്കാതെ ഒരു സാധനത്തെ എങ്ങനെ ഇഷ്ടപ്പെടാതെ നിൽക്കാൻ പറ്റും? ഹറാമാണോ? എന്ന് അവൻ. ⠀
"ഇഷ്ടമില്ലാഞ്ഞിട്ടാണ്" എന്നുപറഞ്ഞ് വേഗം വിഷയം മാറ്റി. അപ്പോഴേക്കും ട്രെയിൻ ചൂളം വിളിച്ചു തുടങ്ങിയിരുന്നു. അവരെല്ലാവരും പുഷ്കറിലേക്ക് ഹോളിക്ക് വരുന്നുണ്ട്, അപ്പോൾ അവിടെ നിന്ന് കാണാം ലാൽ സലാം പറഞ്ഞു പോന്നതാണ്. ⠀ ⠀
3.45 ന് ഞങ്ങൾ ജയ്പൂർ റെയിൽവേ സ്റ്റേഷനിലെത്തി. അവിടുന്ന് തന്നെ ഭക്ഷണവും കഴിച്ചു. നല്ല അടിപൊളി ബിരിയാണിയും ചിക്കൻ പൊരിച്ചതും ഒക്കെയായിരുന്നു. ട്രെയിനിന്റെ പാൻട്രിയിൽ നമ്മുടെ നാട്ടുകാരായിരുന്നു എന്ന് പറഞ്ഞല്ലോ, ഞങ്ങൾ നടക്കാൻ പോയപ്പോൾ ഭക്ഷണം കഴിഞ്ഞു. പിന്നെ അവർ സീറ്റിലേക്ക് കൊണ്ടുതന്നതാണ്, അപ്പോഴേക്കും ഞങ്ങൾ ജയ്പ്പൂർ എത്തി. ജയ്പൂർ ബസ് സ്റ്റാൻഡിലേക്ക് ഞങ്ങൾ എല്ലാവരും ഓട്ടോ വിളിച്ചു പോയി. അവിടെ ആസിഫ്ക്ക ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. സർദാർ ഷഹറിലേക്ക് ഏകദേശം ആറുമണിക്കൂർ യാത്രയുണ്ട്. ബസ്സിൽ പോകുന്നതാണ് ഉത്തമം എന്ന് പറഞ്ഞു. ആസിഫ്ക്കനോട് ഞാൻ വരുന്നത് പറഞ്ഞിട്ടില്ലായിരുന്നു, മൂപ്പർക്ക് സർപ്രൈസ് കൊടുക്കാൻ ഒരുങ്ങിയപ്പോയേക്കും ഒരു സ്ത്രീ എന്റെ അടുത്ത് വന്നു, അവരുടെ ഭർത്താവിനെ ഫോൺ വിളിക്കാൻ, അവര് സാധനം വാങ്ങാൻ വന്നതാണ് പോലും. പക്ഷെ വാങ്ങിക്കഴിഞ്ഞപ്പോഴേക്കും മൂപ്പരെ കാണുന്നില്ല. ഏതായാലും ഫോൺ വിളി കഴിഞ്ഞപ്പോഴേക്കും സർപ്രൈസ് ചെറുതായൊന്നു ചീറ്റിപ്പോയി.
ആസിഫ്ക്ക അഹിംസ ഗ്രാം ഒക്കെ പോയി വരികയാണ്. പുള്ളിക്കാരൻ രണ്ട് ദിവസം മുൻപ് ജയ്പൂരിൽ എത്തിയിട്ടുണ്ട്. അവിടുന്ന് നല്ല അടിപൊളി സ്വീറ്റ്സ് ഒക്കെയായിട്ടാണ് വരവ്. പിന്നെ സ്നേഹം കൊടുക്കാൻ അത്തറും കൈയിലുണ്ടല്ലോ. ഏതായാലും ചുരു - സർദാർ ശഹ്ർ ബസ് നോക്കി കയറി. പെൺകുട്ടി ആയത് കൊണ്ട് എനിക്ക് മാത്രം ടിക്കറ്റ് നല്ല കുറവ്. സ്വരാജ് യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങിയ ഒരു കുട്ടിയും അവിടുന്ന് ഞങ്ങളുടെ കൂടെ ബസ്സിൽ കയറിയിരുന്നു. നമ്മുടെ നാട്ടിലെ ബസിൽ നിന്നും ഇവിടെ വ്യത്യാസം ജനലുകളാണ്, അത് കുറച്ച് താഴേക്ക് ആയി വലുതായിട്ടാണ് ഇവിടെ. ജനാല സീറ്റിന് ഡിമാൻഡ് ഉള്ളത് കൊണ്ട് ഞങ്ങൾ ആദ്യം അവിടെ കയറി ഇരിപ്പുറപ്പിച്ചു.
ഏതായാലും ഇവിടെ എത്തിയതല്ലേ, ഉമ്മക്കും ബദരിയ്യ ടീച്ചറിനും ഒന്ന് വിളിച്ചു. കുറച്ചുദിവസം കഴിഞ്ഞാൽ പരീക്ഷയാണല്ലോ! പഠിക്കാൻ ഒക്കെ ഞാൻ ഫോണിൽ pdf നോക്കി പഠിക്കും എന്ന് മിസ്സിനെ ആശ്വസിപ്പിച്ചു. "ഇനി പരീക്ഷ എങ്ങാനും പിന്നെ എഴുതാൻ പറ്റോ?" എന്നായിരുന്നു എന്റെ ചോദ്യം. സെമസ്റ്റർ പരീക്ഷകൾ സ്പോർട്സ് കുട്ടികൾക്ക് മാത്രമാണ് പിന്നീട് നടത്തിക്കൊടുക്കുക, നീ വേഗം ഇങ്ങോട്ട് പോരെ, അല്ലെങ്കിലേ സ്റ്റഡി ലീവിന്റെ സമയത്താണ് യാത്ര, മിസ്സിന് നമ്മളെക്കാൾ ആധിയാണ്. സ്നേഹം കൊണ്ടാണ്, സ്വന്തം കുട്ടികളെപ്പോലെ എല്ലാവരെയും നോക്കുന്ന ഒരു ടീച്ചറെ മാത്രേ ഞാൻ ഞങ്ങളുടെ ഡിപ്പാർട്മെന്റിൽ കണ്ടിട്ടുള്ളൂ... ഞങ്ങളുടെ പ്രിയപ്പെട്ട ബദരിയ്യ ടീച്ചർ, നമുക്ക് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്, മിസ്സ് ഉണ്ടാവുമ്പോൾ ഒരു സമാധാനം ആണ്. നമുക്ക് ഉമ്മാനെപ്പോലെയാണ്.

ഇവിടുന്നങ്ങോട്ട് യാത്ര അടിമുടി മാറുകയാണ്. തല മുതലുള്ള മാറ്റം. ജയ്പൂർ യാത്ര എന്ന് പറഞ്ഞാണ് കഥ തുടങ്ങിയിരുന്നത്. ഇനി രാജസ്ഥാന്റെ വടക്കേ അറ്റത്തുള്ള പട്ടണമായ സർദാർ ശഹ്ർ ലക്ഷ്യമാക്കിയാണ് നമ്മുടെ യാത്ര.
(തുടർന്ന് അടുത്ത എഡിഷനിൽ വായിക്കാം.)