ലക്ഷദ്വീപിലെ കുഞ്ഞുമീനുകളും വൻകരയിലെ കൊമ്പൻസ്രാവും
വൻകരയിൽ നിന്നും ദ്വീപിലെത്തുന്ന ആർക്കും ആദ്യം ശ്വാസം മുട്ടും. ഒരു സിനിമാ തിയേറ്റർ പോലും ഇല്ലാത്ത നാട്ടിൽ, പത്രങ്ങൾ രാവിലെ കിട്ടാത്ത ദേശത്ത് ആർക്കും കുറച്ച് ദിവസങ്ങൾ നന്നായി ബോറടിക്കും. പക്ഷേ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ, സ്വതസിദ്ധമായ ആതിഥ്യമര്യാദകൊണ്ട് ദ്വീപുകാർ നമ്മുടെ ആശങ്കകളൊക്കെ അകറ്റും.

ഒരിക്കൽ, ലക്ഷദ്വീപിലെ ഏതോ കടൽത്തീരത്തിരുന്ന് ഒരു കുട്ടി ഉമ്മയോട് ഇങ്ങനെ ചോദിച്ചിട്ടുണ്ടാവാം.
"ഉമ്മാ, ഈ മീനുകളെ പിടിച്ച് കരയ്ക്കിട്ടാൽ എന്തു സംഭവിക്കും?"
"ശ്വാസം കിട്ടാതെ അവ പിടഞ്ഞു മരിക്കും, കുഞ്ഞേ." ഉമ്മ ഇങ്ങനെ മറുപടി പറഞ്ഞിട്ടുമുണ്ടാവാം.
2015ൽ പുറത്തിറങ്ങിയ യശ്ശശരീരനായ സച്ചി സംവിധാനം ചെയ്ത ശന്തനുവിൻ്റെ അനാർക്കലിയോടുള്ള പ്രണയം പറയുന്ന ചലച്ചിത്രമാണ് ഭൂരിഭാഗം മലയാളികൾക്കും ലക്ഷദ്വീപിലെ സാമൂഹികജീവിതത്തെക്കുറിച്ച് എന്തെങ്കിലും അറിവ് നൽകിയത്. പിന്നീട്, ദ്വീപിലെ മനുഷ്യരുടെ കഥകൾ പറയുന്ന മോസയിലെ കുതിരമീനുകളും മൂത്തോനും മലയാളികളുടെ തിരശീലയിൽ തിരയും ഓളവും തീർത്തു. എങ്കിലും, ഭൂരിഭാഗം മലയാളികൾക്കും പവിഴദ്വീപുകൾ എന്നറിയപ്പെടുന്ന ലക്ഷദ്വീപ് ലഗൂണുകൾ ധാരാളമുള്ള കടൽത്തീരം എന്ന ഭൗമശാസ്ത്രപുസ്തകത്തിലെ അറിവ് മാത്രമായിരുന്നു. ഈ ദ്വീപുകളുടെ എണ്ണത്തെക്കുറിച്ചോ വലിപ്പത്തെക്കുറിച്ചോ തമ്മിലുള്ള അകലത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഒരു സാധാരണ 'നിഷ്കു' മലയാളിയായ ഞാൻ തികച്ചും അവിചാരിതമായി 2006 നവംബറിൽ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദേശത്ത് എത്തപ്പെട്ടു. 2007 ജൂലൈ മാസത്തിലെ കോരിച്ചൊരിയുന്ന മഴക്കാലത്ത് ഭാരത് സീമ എന്ന കപ്പലിലേറി കരയിലേക്ക് പോരുന്നതിനു മുമ്പ് മനസ്സിലാക്കിയ ചില കാര്യങ്ങൾ, ലക്ഷദ്വീപ് രാഷ്ട്രത്തിലാകെ ചർച്ചയാവുന്ന ഈ കാലത്ത്, എഴുതുന്നത് ചിലപ്പോൾ ആർക്കെങ്കിലും ഉപകരിച്ചാലോ?

ലക്ഷദ്വീപ് എന്നത് ലക്ഷം ദ്വീപുകൾ ഒന്നുമില്ലെങ്കിലും മുപ്പത്താറ് ദ്വീപുകൾ ചേർന്നതാണ്. അതിൽ ആൾപാർപ്പുള്ളത് - കവരത്തി, ആന്ത്രോത്ത്, മിനിക്കോയ്, അമിനി, കൽപേനി, കടമത്ത്, കിൽത്താൻ, ചെത്ലത്, ബിത്ര, അഗത്തി - എന്നീ പത്തെണ്ണത്തിൽ മാത്രം. ബാക്കിയുള്ള ചെറുദ്വീപുകൾ മിക്കവാറും തെങ്ങുകൾ തിങ്ങി നിറഞ്ഞ, എന്നാൽ ജനവാസത്തിനു പറ്റാത്തത്ര ചെറിയവയാണ്. അഗത്തിയോട് ചേർന്നുള്ള ബംഗാരം ദ്വീപ് ലഗൂണുകളിൽ ആടി ഉല്ലസിക്കാൻ വരുന്ന ടൂറിസ്റ്റുകൾക്കായുള്ള റിസോർട്ടുകളൊക്കെയുള്ള ഒന്നാണ്. ലക്ഷദ്വീപിലെ ഏക വിമാനത്താവളം അഗത്തിയിലാണെങ്കിലും അത് പ്രധാനമായും ടൂറിസ്റ്റുകൾക്ക് വേണ്ടിയാണ്.
ലക്ഷദ്വീപിലെ ഔദ്യോഗികഭാഷ പ്രധാനമായും മലയാളമാണെങ്കിലും ദ്വീപുകാർ തമ്മിൽ സംസാരിക്കുന്നത് ജിസരി എന്ന ഡയലക്റ്റിലാണ്. എന്നാൽ, ഏറ്റവും തെക്കേയറ്റത്തുള്ള മിനിക്കോയ് ദ്വീപുകാർ ദ്വിവേഹി എന്ന മാലിദ്വീപിലെ ഭാഷയുടെ മഹൽ എന്ന് വിളിക്കപ്പെടുന്ന ഒരു വകഭേദമാണ് ഉപയോഗിക്കുന്നത്. മിനിക്കോയ് ദ്വീപുവാസികൾ ഭാഷയിൽ മാത്രമല്ല, സാംസ്കാരികമായും വസ്ത്രധാരണത്തിലും ഭക്ഷണരീതിയിലുമെല്ലാം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണ്. കേട്ടുകേൾവിയനുസരിച്ച്, കപ്പലുകളിലെ വിവിധ തരത്തിലുള്ള ശുചീകരണത്തൊഴിലുകൾക്ക് ലോകത്തെമ്പാടും, മിനിക്കോയിയിലെ പുരുഷന്മാർക്ക് വൻ ഡിമാൻഡുണ്ട്. പൊതുവെ കഠിനാദ്ധ്വാനികളായ ഇവർ, മറ്റു ദ്വീപുകാരേക്കാൾ സമ്പന്നരാണെന്നാണ് പൊതുധാരണ. ഒരു കപ്പൽയാത്രയുടെ ഇടവേളയിൽ, ഒരുപകൽ, മിനിക്കോയ് ദ്വീപിലൂടെ സൈക്കിളിൽ കറങ്ങിയ ഓർമ്മയിൽ പറയട്ടെ: ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ ഒരു സ്ഥലം.

അനാർക്കലി സിനിമയുടെ കഥാപശ്ചാത്തലമായ കവരത്തിയാണ് ലക്ഷദ്വീപിൻ്റെ തലസ്ഥാനം. പക്ഷേ, ഈ ദ്വീപ് മുഴുവൻ സൈക്കിളിൽ കറങ്ങാൻ മുക്കാൽ മണിക്കൂറിൽ താഴെ മതി. ഒരിക്കൽ, ഔദ്യോഗിക ആവശ്യത്തിനായി കവരത്തിയിലെത്തി മൂന്നാലുദിവസം അവിടെ തങ്ങിയപ്പോൾ, കടം വാങ്ങിച്ച ഒരു സൈക്കിളിൽ ദ്വീപ് മുഴുവൻ ചുറ്റി. കുറെയേറെ മലയാളികൾ കവരത്തിയിൽ പല ഓഫീസുകളിലും അന്ന് ജോലി ചെയ്യുന്നുണ്ടായിരുന്നു. സച്ചിയുടെ സിനിമയിലേതുപോലെ, നാവികസേനയിൽ ജോലി ചെയ്യുന്ന കുറച്ച് വടക്കേ ഇന്ത്യാക്കാരും ഇവിടെയുണ്ട്. കവരത്തിയെന്നത്, 2007 ലോകകപ്പ് ക്രിക്കറ്റ് കമന്ററി കേൾക്കാൻ ഒരു റേഡിയോ മൂന്ന് ദിവസത്തേക്ക് കടം തന്ന നന്മ നിറഞ്ഞ ഹൃദയത്തിനുടമയായ ഒരു ഗസ്റ്റ് ഹൗസ് മാനേജറുടെ സ്മരണകൂടിയാണ്.
ഞാൻ ജോലി ചെയ്തിരുന്ന പി.എം.സയിദ് മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന ആന്ത്രോത്താണ് ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള ദ്വീപ്. അഞ്ച് ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ ദ്വീപിൽ ഏകദേശം പതിനായിരത്തോളം ആളുകൾ തിങ്ങിപ്പാർക്കുന്നു. കവരത്തിയാണ് ജനസംഖ്യയിൽ രണ്ടാമൻ. വലിപ്പത്തിൽ മിനിക്കോയിയും. രണ്ടിലും ഏറ്റവും കുഞ്ഞൻ ഇരുനൂറാളുകൾ മാത്രം താമസിക്കുന്ന ബിത്ര ദ്വീപ്. ആന്ത്രോത്ത്, കവരത്തി, മിനിക്കോയ് എന്നിവയൊഴികെ ഒരു ദ്വീപും ഞാൻ സന്ദർശിച്ചിട്ടില്ല. സുന്ദരമായ കൽപേനി ദൂരെ കപ്പലിൽ നിന്ന് മാത്രം കണ്ടിട്ടുണ്ട്.
ലക്ഷദ്വീപും വൻകരയുമായും, ദ്വീപുകൾ തമ്മിലും മണിക്കൂറുകളുടെ യാത്രയുണ്ട്. കൊച്ചിയോട് ഏറ്റവും അടുത്ത് കൽപേനി ദ്വീപാണ്; ഏറ്റവും അകലെ അഗത്തിയും. 117 കിലോമീറ്ററാണ് ആന്ത്രോത്ത് നിന്നും കവരത്തിയിലേക്കുള്ള ദൂരം. അതേസമയം, കവരത്തിയിൽ നിന്നും 258 കിലോമീറ്റർ ദൂരത്തിലാണ് മിനിക്കോയ്. ഓരോ ദ്വീപും അവിടുത്തെ ജനങ്ങളും എത്ര ഒറ്റപ്പെട്ടാണ് കഴിയുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കും. ഓരോ കപ്പലിനും ഓരോ തവണയും വ്യത്യസ്തമായ സഞ്ചാരപഥങ്ങളാകയാൽ ഒരു ആന്ത്രോത്തു നിവാസിക്ക് മിനിക്കോയിലെത്താനും തിരിച്ചെത്താനുമൊക്കെ ചിലപ്പോൾ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം.
കോൺഗ്രസിൻ്റെ പ്രശസ്ത നേതാവായിരുന്ന മുൻ കേന്ദ്ര മന്ത്രിയും ലോക്സഭാസ്പീക്കറുമായിരുന്ന പി. എം. സയിദിൻ്റെ ജന്മദേശം ആന്ത്രോത്താണ്. അദ്ദേഹം മരണപ്പെട്ടതിനു ശേഷം അദ്ദേഹത്തിൻ്റെ പുത്രൻ ഹംദുള്ള സയ്ദ് അവിടുത്തെ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹത്തെ രാജ്യസഭാംഗമായി തെരഞ്ഞെടുത്താണ് കേന്ദ്ര ഊർജ്ജവകുപ്പ് മന്ത്രിയാക്കിയത്. ദ്വീപിൽ അന്നൊക്കെ രണ്ടു തരം ആൾക്കാരേയുള്ളൂ, സയിദ് അനുകൂലികളും വിമർശകരും. ആദ്യത്തെ കൂട്ടർ കോൺഗ്രസുകാർ എന്നും മറ്റവർ ജനതാദൾ എന്നും അറിയപ്പെട്ടു. ദ്വീപുകാർ പൊതുവെ, സമാധാന പ്രിയരാണെങ്കിലും, ഈ ഇരുകൂട്ടർക്കുമിടയിൽ ചില്ലറ രാഷ്ട്രീയ സംഘർഷങ്ങളൊക്കെ ഉണ്ടാവാറുണ്ടായിരുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ സൗകര്യങ്ങൾ ദ്വീപിൽ തീർത്തും പരിമിതമാണ്, അന്നും ഇന്നും. 2004ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലക്ഷദ്വീപ് സ്റ്റഡി സെൻററുകൾ ആയി ആന്ത്രോത്തിലും കടമത്തും ആരംഭിച്ച രണ്ടു ഡിഗ്രി കോളേജുകളും കവരത്തിയിലുള്ള അധ്യാപക പരിശീലന കേന്ദ്രവും മാത്രമാണ് എല്ലാ ദ്വീപുകളിലുമായുള്ളത്. അറുപതിനായിരത്തിനു മുകളിൽ വരുന്ന ജനതക്ക് അതു പരിമിത സൗകര്യങ്ങൾ മാത്രമായതിനാൽ ഭൂരിഭാഗം വിദ്യാർത്ഥികളും കേരളത്തിലാണ് കോളേജ്പഠനം നടത്തുന്നത്. കേരള സർക്കാറും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും തമ്മിലുള്ള കരാർ പ്രകാരം എല്ലാ കലാലയങ്ങളിലും ഒരു സീറ്റ് ലക്ഷദ്വീപുകാർക്ക് മാത്രമായി മാറ്റി വെച്ചിട്ടുണ്ട്.
എന്തിലും ഏതിലും വൻകരയെ ആശ്രയിച്ചാണ് ലക്ഷദ്വീപിൻ്റെ നിലനിൽപ് തന്നെ. മത്സ്യവും നാളികേരവുമൊഴിച്ച് - കശാപ്പിനുള്ള കാലികൾ മുതൽ കെട്ടിടം പണിക്കുള്ള കമ്പിയും സിമൻറും വരെ - ബാക്കിയുള്ളതെല്ലാം കരയിൽ നിന്ന് ഉരു എന്ന് വിളിക്കുന്ന ബാർജുകളിൽ വരണം. മഴക്കാലത്ത്, പ്രതികൂലകാലാവസ്ഥയിൽ ചിലപ്പോൾ ഈ ചെറുചരക്കുകപ്പലുകളുടെ വരവ് വൈകുമ്പോൾ, പണ്ടൊക്കെ, ദ്വീപിൽ പട്ടിണി ആകുമായിരുന്നെന്ന് കേട്ടിട്ടുണ്ട്. ദ്വീപുകാരുടെ പ്രിയ മത്സ്യം ട്യൂണ എന്നറിയപ്പെടുന്ന ചൂരയാണ്. വരുതിയുടെ കാലത്തേക്കായി ഇവ ഉണക്കി സൂക്ഷിച്ചാണ് അവർ മൺസൂണിനെ പ്രതിരോധിക്കുന്നത്. മാംസാഹാരപ്രിയർ കൂടിയാണ് ദ്വീപുകാർ. കാലികളുടെ മാംസമാണ് ദ്വീപിൽ ബീഫ് എന്നറിയപ്പെടുന്നത്. ആടും കോഴിയുമൊക്കെ ദ്വീപിൽ പൊതുവെ സുലഭമാണ്. എല്ലാ വീട്ടിലും തേങ്ങ സുലഭമാകയാൽ ചോറു പോലും തേങ്ങയിട്ട് പാചകം ചെയ്യുന്നവർ എന്നതാണ് ഇവിടുത്തെ ആളുകളെക്കുറിച്ചുള്ള മറ്റൊരു കിംവദന്തി.
മദ്യനിരോധിത മേഖലയാണ് ലക്ഷദ്വീപുകൾ. തദ്ദേശീയർ താമസമില്ലാത്ത ബംഗാരത്തുമാത്രം മദ്യം അനുവദനീയമാണെന്നാണ് അറിവ്. വിരുതന്മാരായ ചിലർ ഉരുവിൽ മദ്യം കടത്തി അത്യാവശ്യക്കാർക്ക് വിതരണം ചെയ്യുന്നുണ്ടെന്നുള്ള കരക്കമ്പി അക്കാലത്ത് കേട്ടിട്ടുണ്ട്. നീരയെന്നോ മീരയെന്നോ മറ്റോ പേരിൽ ചെത്തിയിറക്കിയ ലഹരിയില്ലാത്ത ഒരു പാനീയം ചില സമയത്ത് ആന്ത്രോത്തിൽ കിട്ടുമായിരുന്നു. തദ്ദേശീയർക്ക് വിനാഗിരി ഉണ്ടാക്കാനുള്ള ഈ പാനീയം മധുരക്കള്ളായി സങ്കൽപിച്ച് രണ്ടു മൂന്നു വട്ടം സേവിച്ചിട്ടുണ്ട്. ദ്വീപിൽ ലഭ്യമായ ആകെയുള്ള ലഹരി വസ്തുക്കൾ സിഗരറ്റും മറ്റ് ചില പുകയില ഉത്പന്നങ്ങളുമാണ്.
കോലത്തിരി രാജാക്കൾ കണ്ണൂരിലെ അറക്കൽ രാജവംശത്തിന് ദാനം നൽകിയതുമായി ബന്ധപ്പെട്ടാണ് ലക്ഷദ്വീപിൻ്റെ ചരിത്രം പറഞ്ഞു കേൾക്കുന്നത്. ഏഴാം നൂറ്റാണ്ടു മുതൽ തന്നെ, മതപരമായി ദ്വീപുകാരിൽ ഭൂരിഭാഗവും ഇസ്ലാം വിശ്വാസികളാണ്. സ്കൂളുകൾക്കും കോളേജുകൾക്കുമൊക്കെ വെള്ളിയാഴ്ച അവധിയാണ്. കേന്ദ്രനിയമമനുസരിച്ച്, ദ്വീപുകാരെല്ലാം പട്ടികവർഗ്ഗക്കാരാണ്. ജനതയിൽ ഒരു ഭാഗം സർക്കാർ ജീവനക്കാരാണെങ്കിലും, ഭൂരിപക്ഷവും മത്സ്യബന്ധനവും അനുബന്ധജോലികളും ചെയ്ത് കുടുംബം പോറ്റുന്നവരാണ്.
ചിലപ്പോൾ പുറമെ ശാന്തമെന്ന് തോന്നുന്ന കടൽ ഉള്ളിൽ ഇളകി മറിയുന്നതായിരിക്കും. മരുമക്കത്തായം നിലനിൽക്കുന്ന ലക്ഷദ്വീപിൽ സ്ത്രീകൾ പൊതുവെ സ്വാതന്ത്ര്യം അനുഭവിക്കുന്നു എന്നാണ് വയ്പ്. ഇക്കാര്യം ഒരു പരിധി വരെ സത്യവുമാണ് താനും. എന്നാൽ ചിലപ്പോഴെങ്കിലും ഉൾക്കടൽ പ്രഷുബ്ധമായിരിക്കും. എന്നോടൊപ്പം ലക്ഷദ്വീപിൽ ഉണ്ടായിരുന്ന, നിയമബിരുദധാരി കൂടിയായ, മലയാളിയായ ഒരു അധ്യാപകൻ പിന്നീട് കേരളാ ഹൈക്കോടതിയിലെ ലക്ഷദ്വീപ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രധാന വക്കീലായി മാറി. പുറമേ നിന്ന് നോക്കുമ്പോൾ, ശാന്തമായ ദ്വീപിലെ കുടുംബങ്ങളിൽ ഭർത്താക്കന്മാർ യാതൊരു ജീവനാംശവും നൽകാതെ മൊഴിചൊല്ലിപ്പോയ കുറെ സ്ത്രീകൾ ഉണ്ടായിരുന്നു. അതിൽ ഒരാളുടെ കേസ് ഏറ്റെടുത്ത് അദ്ദേഹം വിജയിപ്പിച്ചതോടെ, ഇപ്രകാരം നീതി നിഷേധിക്കപ്പെട്ട സ്ത്രീകൾ കൂട്ടമായി അദ്ദേഹത്തെ സമീപിച്ചു. ഇന്നദ്ദേഹം അധ്യാപനം ഉപേക്ഷിച്ച്, വക്കീൽ ജോലി ചെയ്യുകയാണ്.
ആന്ത്രോത്തിൽ മിക്കവരുടെയും വാഹനം അന്ന് സൈക്കിളായിരുന്നു. ബൈക്ക് സ്വന്തമായുള്ള അപൂർവം ആളുകൾ ഉണ്ടായിരുന്നു. ദ്വീപിൽ പെട്രോൾ പമ്പുകളില്ല, കന്നാസിലാണ് പെട്രോളൊക്കെ ആളുകൾ വാങ്ങിയിരുന്നത്. സൈക്കിൾ ഉപയോഗിക്കാത്തവർക്കായി ദ്വീപിനെ വലംവച്ച് സർവീസ് നടത്തുന്ന വാൻ പോലെയുള്ള ഒന്നോ രണ്ടോ കുട്ടി ബസ് ഉണ്ടായിരുന്നു, അന്ന്. രണ്ടോ മൂന്നോ ഓട്ടോറിക്ഷയും ഉണ്ടായിരുന്നെന്നാണ് എൻ്റെ ഓർമ്മ. കുട്ടി ബസ്സിന്റെ വീതിയായിരുന്നു റോഡിനും. ആക്സിഡൻ്റ് എന്നത് കരയിൽ മാത്രം നടക്കുന്ന ഒന്നായാണ് ദ്വീപുകാർ മനസ്സിലാക്കിയിരിക്കുന്നത്.
വൻകരയിൽ നിന്നും ദ്വീപിലെത്തുന്ന ആർക്കും ആദ്യം ശ്വാസം മുട്ടും. ഒരു സിനിമാ തിയേറ്റർ പോലും ഇല്ലാത്ത നാട്ടിൽ, പത്രങ്ങൾ രാവിലെ കിട്ടാത്ത ദേശത്ത് ആർക്കും കുറച്ച് ദിവസങ്ങൾ നന്നായി ബോറടിക്കും. പക്ഷേ, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ, സ്വതസിദ്ധമായ ആതിഥ്യമര്യാദകൊണ്ട് ദ്വീപുകാർ നമ്മുടെ ആശങ്കകളൊക്കെ അകറ്റും. അചുംബിതമായ ബീച്ചിൽ മലർന്ന് കിടന്ന് ആകാശം കാണാൻ പ്രേരിപ്പിക്കും. അകലെ, അറബിക്കടലിലൂടെ മെല്ലെ നീങ്ങുന്ന കപ്പലിൻ്റെ സഞ്ചാരപഥം നോക്കിയിരിക്കാൻ പരിശീലിപ്പിക്കും. കടലിലെ തിരകളുടെ വ്യത്യസ്ത ചലനങ്ങൾ നിരീക്ഷിക്കാൻ പഠിപ്പിക്കും. അല്ലെങ്കിൽ, 2007ലെ വിമ്പിൾഡൺ ഫൈനലിൽ ഫെഡററും നഡാലും ഏറ്റുമുട്ടുന്നത് എനിക്ക് ടിവിയിൽ കാണാൻ വേണ്ടി കട അടയ്ക്കേണ്ട നിശ്ചിതസമയം കഴിഞ്ഞും മണിക്കൂറുകൾ കട തുറന്നു വച്ച കച്ചവടക്കാരനെപ്പോലെ, നിങ്ങളുടെ ഇഷ്ടം കണ്ടറിഞ്ഞ് പെരുമാറി നിങ്ങളുടെ സങ്കടങ്ങൾ അകറ്റും.

ദ്വീപുകാർക്ക് കൊച്ചിയും കോഴിക്കോടുമാണ് അവരുടെ ആഗ്രഹപൂരണത്തിനുള്ള നഗരങ്ങൾ. ദ്വീപിൻ്റെ ചുരുക്കത്തിൽ നിന്നും വൻകരയുടെ വിസ്തൃതിയിലേക്ക് മാറുമ്പോൾ അവർ ആകെ മാറും. സിനിമകൾ കാണും; നല്ലൊരു ഹോട്ടലിൽ നിന്നും രുചിയുള്ള ഒരു കോഴിക്കോടൻ ബിരിയാണി കഴിക്കും. അങ്ങനെയങ്ങനെ.
അടുത്ത ദിവസങ്ങളിൽ ലക്ഷദ്വീപ് ഗുണ്ടാ ആക്ടിൻ്റെയും ബീഫ് നിരോധനത്തിൻ്റെയും മദ്യനിരോധനം നീക്കുന്നതിൻ്റെയും പേരിൽ വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. ദ്വീപുകൾ മയക്കുമരുന്നിൻ്റെയും ആയുധക്കടത്തിൻ്റെയും കേന്ദ്രമായി മാറിയെന്ന് വാർത്തകൾ പ്രചരിക്കുന്നു. പരിചിതമില്ലാത്ത വിധത്തിൽ ദ്വീപുവാസികൾ ഭരണാധികാരികൾക്ക് എതിരെ മുദ്രാവാക്യം വിളിക്കുന്നു, പ്രതിഷേധിക്കുന്നു. ഒരു പക്ഷേ, മുക്കുവൻമാർ പിടിച്ചു കരയിൽ ഇട്ട മീനുകൾ ശ്വാസത്തിനു വേണ്ടി പിടയുന്നതാവും.
കടൽത്തീരത്ത് ഇരുന്ന കുട്ടി ഉമ്മയോട് ഇങ്ങനെ വീണ്ടും ചോദിച്ചിട്ടുണ്ടാവാം. "ഉമ്മാ, ആരെങ്കിലും നമ്മളെ പിടിച്ച് കടലിൽ ഇട്ടാൽ എന്തു സംഭവിക്കും?" "ശ്വാസം കിട്ടാതെ നമ്മളും പിടഞ്ഞു മരിക്കും, കുഞ്ഞേ."
(കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ആണ് ലേഖകൻ.)