സർദാർ ശഹ്ർ - മരുഭൂമിയിലെ നിലാവുള്ള രാത്രികൾ
എന്റെ അപ്പുറത്തും ഇപ്പുറത്തുമായിട്ട് ഒരുപാട് പേര് കിടക്കുന്നുണ്ട്, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ ഭാഷ സംസാരിക്കുന്നവർ, ഇന്ന് ഞങ്ങൾ എല്ലാവരും ഒരു മേൽകൂരയ്ക്ക് താഴെ. അങ്ങനെ ഓരോ ചിന്തകളിൽ മുഴുകുമ്പോൾ ചിലയിടങ്ങളിൽ നിന്ന് കൂർക്കം വലികൾ ഉയർന്നു കേൾക്കാം. എല്ല് തുളച്ചു കയറുന്ന തണുപ്പിൽ ചിന്തകൾക്കും ശബ്ദങ്ങൾക്കും മുകളിലേക്ക് പുതപ്പിട്ടു മൂടി ഞാനും.

(ഭാഗം - 2)
ഇവിടുന്നങ്ങോട്ട് യാത്ര അടിമുടി മാറുകയാണ്. തല മുതലുള്ള മാറ്റം. ജയ്പൂർ യാത്ര എന്ന് പറഞ്ഞാണ് കഥ തുടങ്ങിയിരുന്നത്. ഇനി രാജസ്ഥാന്റെ വടക്കേ അറ്റത്തുള്ള പട്ടണമായ സർദാർ ശഹ്ർ ലക്ഷ്യമാക്കിയാണ് നമ്മുടെ യാത്ര. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സർദാർ ശഹ്ർ സ്ഥിതി ചെയ്യുന്നത്. തലസ്ഥാന നഗരമായ ജയ്പൂരിൽ നിന്ന് ഏകദേശം 285 കിലോമീറ്റർ ദൂരമുണ്ട്. ബസിലായാലും നല്ല സുഖമുള്ള യാത്രയായിരുന്നു, നമ്മുടെ കേരളത്തിലെ KSRTC പോലെ രാജസ്ഥാനിലെ RSRTC യും നല്ല സുഖമുള്ള യാത്രയാണ് സമ്മാനിച്ചത്. 1976 മുതലാണ് ഇവിടെ സ്റ്റേറ്റ് ബസ് പൊതു ഗതാഗതം ആരംഭിക്കുന്നത്. പുറത്തെ കാഴ്ചകൾ കണ്ട് കാറ്റിനൊപ്പം യാത്ര ചെയ്യുന്നത് വല്ലാത്തൊരു അനുഭൂതിയാണല്ലോ.
രാജസ്ഥാനിൽ മുൻപ് വന്നിട്ടുണ്ടെങ്കിലും മരുഭൂമിയിൽ ഇതുവരെ പോയിട്ടില്ല, നിലാവും തണുപ്പും കാറ്റും ചൂടും ഒട്ടകങ്ങളും കഥയിൽ കേട്ട് അല്ലെങ്കിൽ ഫോട്ടോകളിൽ കണ്ട് മാത്രമാണ് ശീലം. വലിയ ഒച്ചയിട്ട് സംസാരിച്ച്, ചിരിച്ചു മറ്റ് യാത്രക്കാരുടെ മുഴുവൻ ശ്രദ്ധയും ഞങ്ങൾ പിടിച്ചുപറ്റിയിരുന്നു. ഏതോ സ്റ്റോപ്പിൽ നിന്ന് ഒരു പോലീസുകാരൻ കയറിയത് കൊണ്ട് പിന്നെ സംസാരങ്ങളുടെ ഒച്ച കുറഞ്ഞു. വയസ്സനായ ഒരു കണ്ടക്ടർ പരക്കം പായുന്നു, കുറേ പേര് വലിയ ഷാൾ തോളത്ത് ഇട്ടിരിക്കുന്നു, തണുപ്പ് ഇനി പ്രതീക്ഷിച്ചതിലും കൂടാൻ പോവുകയാണ്. കുറേ വർത്തമാനം പറഞ്ഞ് ഇടയ്ക്കെപ്പോഴോ മയങ്ങിപ്പോയി.

കണ്ണ് തുറന്നപ്പോൾ പുറത്ത് നല്ല ഇരുട്ടാണ്, ബസ്സിൽ അരണ്ട വെളിച്ചം. ഇനിയും രണ്ട് മണിക്കൂർ യാത്രയുണ്ട്. ബസ് ചായ കുടിക്കാൻ വേണ്ടി ഒരിടത്ത് നിർത്തി, കുറേ പേരൊക്കെ ഇറങ്ങിയിരുന്നു. വിശപ്പിന്റെ കാഠിന്യം കാരണം ഞങ്ങളും ചാടിയിറങ്ങി. ബസ്സിന്റെ നേരെ മുൻപിലെ ഓട്ടോ റിക്ഷ കണ്ട് ഞാൻ ഒന്ന് അത്ഭുതപ്പെട്ടു. അതെ, ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഞങ്ങൾ എവിടെയോ എത്തിയിരിക്കുന്നു. നമ്മുടെ നാട്ടിലെ ഓട്ടോയെ ഒന്ന് അണിയിച്ചൊരുക്കി, കളർഫുളാക്കി മുൻപോട്ട് ഒന്ന് നീട്ടി വലിച്ചാൽ എങ്ങനെയുണ്ടാകും? വീതി കുറഞ്ഞു നീളം കൂടിയ ഓട്ടോ. രാജസ്ഥാനിലെ ചെരുപ്പ് ഒക്കെ ഇങ്ങനെയാണല്ലോ! മുൻപോട്ട് കുറച്ച് നീളം കൂടുതലാണ് എല്ലാത്തിനും.
ചെറിയൊരു കട, "ആനിമാനി" സിനിമയിൽ കണ്ടത് പോലെ കടയുടെ ഏറ്റവും മുൻപിൽ മണ്ണ് കൊണ്ട് ഉണ്ടാക്കിയ ചെറിയൊരു അടുപ്പുണ്ട്. നല്ല കിടിലൻ മസാല ചായ ചെറിയൊരു ക്ലാസ്സിൽ, ചൂടാറ്റി കുടിക്കുമ്പോഴേക്ക് ഡ്രൈവർ സാബ് കിടന്നു ഹോണടിക്കുന്നു. രണ്ട് ബിസ്കറ്റ് പാക്ക് വാങ്ങി ഓടിക്കേറി, ഓടുമ്പോഴും വേണം സൂക്ഷിക്കാൻ, റോഡിൽ ചാണകവും അപ്പിയുമൊക്കെ കാണും. മനുഷ്യരേക്കാൾ പശുവിനെ സ്നേഹിക്കുന്ന ആൾക്കാരെ നാട്ടിലേക്കാണ് പോക്ക്. വാക്കും നോക്കും നടത്തവും ഒക്കെ സൂക്ഷിച്ചു വേണം. ഉറക്കം കഴിഞ്ഞുള്ള ഒരു ഉണർവ്വിൽ ചായയും ബിസ്കറ്റും ഒക്കെ കിട്ടിയെങ്കിലും കാഴ്ചകൾ ഒന്നും കാണാൻ വയ്യ, പുറത്ത് കൂരാ കൂരിരുട്ടാണ്. അല്ല, സൂക്ഷിച്ചു നോക്കിയാൽ നിലാവ് കാണാം, നിലാവിൽ നീണ്ട് പരന്നു വിശാലമായ മരുഭൂമി കാണാം. അവിടെ ഒറ്റയും തെറ്റയുമായി മരങ്ങളും. കാഴ്ചകൾ കണ്ട് ഉറക്കിലേക്ക് വീണ്ടും വഴുതി വീണു. സർദാർ ശഹ്റും കഴിഞ്ഞു ബസ് മുന്നോട്ട് കുതിക്കുകകയാണ്. ഞങ്ങൾക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയിരിക്കുന്നു. പെട്ടെന്ന് ബാഗും എടുത്തു ചാടിയിറങ്ങി. ഉദേശിച്ച സ്ഥലത്ത് നിന്നും വണ്ടി കുറച്ച് മുന്നോട്ട് വന്നത് കൊണ്ട് കുറച്ച് നടന്നു.
അൽഹംദുലില്ലാഹ്, 11.45 ന് ഞങ്ങൾ സർദാർ ശഹ്ർ എത്തി.
ചെറിയൊരു ഗേറ്റ് കടന്ന് വലിയൊരു ഉദ്യാനത്തിലേക്കാണ് ഞങ്ങൾ എത്തിയത്. കെട്ടിടങ്ങൾക്കിടയിലൂടെ നീണ്ടു പോകുന്ന വഴിയും കുറേ മരങ്ങളും പൂക്കളുമൊക്കെയുണ്ട്. ഒരു അമ്പലവും രണ്ട് വലിയ കെട്ടിടങ്ങളും, മുറ്റത്ത് നിറയെ പച്ചപ്പുല്ലുകൾ, വഴിയിൽ നിറയെ കടലാസ് പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. ക്യാമ്പ് നാളെ തുടങ്ങുന്നത് കൊണ്ട് കുറച്ച് സ്ഥലങ്ങളിൽ ലൈറ്റ് വെച്ചിരുന്നു, നിലാവിന്റെ കൂടെ ആ വെളിച്ചങ്ങളും നമുക്ക് വഴികാട്ടി. ഹാളിലേക്ക് കടന്നപ്പോൾ കുറച്ച് പേരുണ്ട് രെജിസ്ട്രേഷൻ കൗണ്ടറിൽ, കുറച്ച് പേര് വിശാലമായ ഹാളിൽ വർത്തമാനത്തിലാണ്, അവർ റൂം കാണിച്ചു തന്നു, അതും രണ്ട് വലിയ ഹാളുകൾ. ഒരുപാട് മുറികളുമുണ്ട്, എല്ലാത്തിലും ആളുകളും, അഞ്ഞൂറിലേറെ ആളുകളുണ്ട്. രാത്രി ഭക്ഷണം കഴിച്ചിട്ടില്ലാത്തതിനാൽ ബാഗ് വെച്ച് വേഗം ധാബയിലേക്ക് നടന്നു. മരുഭൂമിയിലെ തണുപ്പിന്റെ വല്ലാത്ത കുളിര് ഞങ്ങളെയെല്ലാവരെയും ഒരുപോലെ വട്ടം ചുറ്റുന്നുണ്ടായിരുന്നു.

ഉച്ചക്ക് കഴിച്ച ബിരിയാണിയാണ് കാര്യപ്പെട്ട ഭക്ഷണം, ശേഷം വഴിയിൽ നിന്ന് കുടിച്ച മസാല ചായയും. വയറു കാളുന്നുണ്ട് എന്ന് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞങ്ങൾ ബസ്സിറങ്ങി നടന്നു വരുന്ന വഴിയിൽ ധാബയുണ്ട്, വരുന്ന സമയത്ത് അവിടെ കുറച്ച് ആളുകളെയും കണ്ടിരുന്നു. അലക്ഷ്യമായി വഴിയിൽ കിടക്കുന്ന കാള ഇവിടെ പുതിയ കാഴ്ചയല്ലാത്തത് കൊണ്ട്, അതിനെ അലോസരപ്പെടുത്താതെ ഞങ്ങൾ വേഗം ധാബയിലേക്ക് കയറി.
മലയാളികൾക്ക് എവിടെപ്പോയാലും മലയാളിയെ കാണാനും കൂട്ടുകൂടാനും ഭാഗ്യം ഉണ്ടാകും എന്ന മഹാ സത്യം വീണ്ടും തെളിഞ്ഞു. അവിടെ പുറത്ത് നിന്ന് സംസാരിക്കുമ്പോഴാണ് അരുണിനെയും റോക്സിയെയും പരിചയപ്പെടുന്നത്. ഭക്ഷണം ഓർഡർ ചെയ്ത് അവരും കൂടെയിരുന്നു. റൊട്ടിയും നല്ല പനീറും ചോറും ഒക്കെ നന്നായി കഴിച്ചു. സ്വരാജ് യൂണിവേഴ്സിറ്റിയിലാണ് അരുൺ പഠിച്ചത്, റോക്സിയാണെങ്കിൽ ഡൽഹിയിലാണ് താമസം, തമാശകളും വർത്തമാനങ്ങളും ഒക്കെയായി അവിടെ നിന്ന് ഇറങ്ങുമ്പോഴേക്ക് ഒരുമണി കഴിഞ്ഞു.
LSuC യിൽ സമയം ഒന്നിനും തടസ്സമല്ല, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സംഗീതവും വെളിച്ചവും ബഹളവും ആളും ആരവങ്ങളും തീയും വെള്ളവും ഒക്കെയിവിടെ കാണാം. ഹാളിലേക്ക് കടന്ന് ഞാൻ ഞങ്ങളുടെ മുറിയിലേക്ക് പോയി. ബാക്കിയെല്ലാവരും അവരുടെ ഇടങ്ങളിലേക്കും. ഒറ്റപ്പെടലിന്റെ ഒരു വല്ലാത്ത ശൂന്യത, കാലിയായ ഒരു അവസ്ഥ അനുഭവിക്കുന്നത് ആ സമയത്താണ്. അതുവരെ ഏത് യാത്രയായാലും ക്യാമ്പായാലും ഏതെങ്കിലും ഒരു പെൺകുട്ടി കൂടെയുണ്ടാവാറുണ്ട്. ഇത്തവണ ഇതുവരെ ഈ നാലഞ്ചു ആൺപിള്ളേര് കൂടെയുള്ളത് കൊണ്ട് ഒറ്റപ്പെടലിന്റെ ഒരു തോന്നലും എന്നെ തൊടാൻ ധൈര്യപ്പെട്ടിരുന്നില്ല. അവർ കിടക്കാൻ വേറെ ഇടങ്ങളിലേക്ക് പോയപ്പോൾ എന്റെ വലതും ഇടതും എന്റെ ചുറ്റും മുഴുവൻ പെട്ടെന്ന് കാലിയായത് പോലെ. ഒരു പക്ഷെ അത് നന്നായെന്ന് തോന്നും, ഒറ്റപ്പെട്ടവന് മരുഭൂമി മറ്റൊരു അനുഭവമാണ് തരുന്നതെങ്കിലോ!!
ഞാൻ എത്തിയപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു, ഒത്ത നടുക്കായി ഒരു ഒഴിഞ്ഞ ബെഡ് എന്നെ മാടി വിളിക്കുന്നു. നേരെ മുകളിൽ ജനാലയും പിന്നെ ഒരു പ്ലഗ് പോയിന്റും, ആഹാ അന്തസ്സ്! ഇതിൽ കൂടുതൽ നമുക്ക് എന്ത് വേണം. മൊബൈൽ ഫോൺ അധികം ഉപയോഗിക്കാറില്ലെങ്കിലും ചാർജ് 100% ആക്കി വെച്ചാൽ ഒരു സന്തോഷമാണ്. ഇനി മൊബൈൽ ഉപയോഗിക്കാത്ത ബുദ്ധിജീവിയാണ് ഞാൻ എന്നൊന്നും കരുതണ്ട, സംഭവം റെയ്ഞ്ച് ഇല്ലാത്തോണ്ടാണ്.

ജനലിനുള്ളിലൂടെ പാതിയിൽ നിന്ന് പതിയെ വളർന്നു വികസിക്കുന്ന ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ഞാനും കിടന്നു. നമ്മുടെ നാട്ടിലെ പോലെ കമ്പിയുള്ള ജനാലയല്ല, നെറ്റ് അടിച്ചു പിന്നെ ഒരു പൊളിയുമാണ്, ഇതെന്താ ഇങ്ങനെയെന്ന് കരുതിയിരുന്നു, അതിന്റെ ഉത്തരം പിന്നീടുള്ള ദിവസങ്ങളിലാണ് മനസ്സിലായത്, മരുഭൂമിയിലെ കാറ്റ് ഒന്ന് വേറെത്തന്നെയാണ്. എന്റെ അപ്പുറത്തും ഇപ്പുറത്തുമായിട്ട് ഒരുപാട് പേര് കിടക്കുന്നുണ്ട്, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ ഭാഷ സംസാരിക്കുന്നവർ, ഇന്ന് ഞങ്ങൾ എല്ലാവരും ഒരു മേൽകൂരയ്ക്ക് താഴെ. അങ്ങനെ ഓരോ ചിന്തകളിൽ മുഴുകുമ്പോൾ ചിലയിടങ്ങളിൽ നിന്ന് കൂർക്കം വലികൾ ഉയർന്നു കേൾക്കാം. എല്ല് തുളച്ചു കയറുന്ന തണുപ്പിൽ ചിന്തകൾക്കും ശബ്ദങ്ങൾക്കും മുകളിലേക്ക് പുതപ്പിട്ടു മൂടി ഞാനും.
LSuC
രാവിലെ എട്ടുമണിക്ക് റിപ്പോർട്ടിങ് സമയമായത് കൊണ്ട്, നേരത്തെ തന്നെ എണീറ്റിരുന്നു. ആദ്യത്തെ ദിവസമാണ്, അൺകോൺഫറൻസിന് അപ്ലൈ ചെയ്യാതെ വന്നത് കൊണ്ട് എന്താകുമെന്ന് നേരിയ ഒരാശങ്കയുണ്ടായിരുന്നു. പക്ഷെ ഇത് മൊത്തത്തിലൊരു സൗഹൃദ വലയമായത് കൊണ്ട് അതൊന്നും പ്രശ്നമായി വന്നില്ല. ഞാനും പുതിയതായി റജിസ്റ്റർ ചെയ്തു. LSuC, ഒരാൾക്ക് 6000 രൂപയാണ് പറഞ്ഞതെങ്കിലും നമുക്ക് കയ്യിലുള്ളത് കൊടുത്താൽ മതി. കൂടുതലുള്ളവർക്ക് കൂടുതൽ കൊടുക്കാം, ഇനി കൊടുത്തില്ലെങ്കിലും പ്രശ്നമില്ല, പണമായി തന്നെ കൊടുക്കണമെന്നുമില്ല, പണത്തിന് പ്രാമുഖ്യം കൊടുക്കാത്ത സമ്പ്രദായമാണ്. മറ്റെന്തെങ്കിലും സഹായം ചെയ്താലും മതി, പണമില്ലാത്തതിന്റെ പേരിൽ ആർക്കും അവസരം നഷ്ടപ്പെടരുതെന്ന് രത്നച്ചുരുക്കം. അതുകൊണ്ട് കയ്യിലുള്ളത് അവിടെയുള്ള പെട്ടിയിൽ നിക്ഷേപിച്ചു ഞങ്ങൾ പുറത്തിറങ്ങി.
നല്ല കാലാവസ്ഥയാണ്, ഗ്രൗണ്ടിന്റെ ഓരത്ത് പന്തലിട്ടിരിക്കുന്നു, അവിടെയാണ് നമുക്കുള്ള ഭക്ഷണം. പോകുന്ന വഴി മനീഷ് ജെയിനെ കണ്ടു, വിശേഷങ്ങൾ ചോദിച്ചു, സ്വരാജ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിൽ ഒരാളാണ്. അരുൺ ദേവിൽ നിന്ന് സ്വരാജിനെ കുറിച്ച് കൂടുതൽ കേട്ട സമയം അവിടെ പഠിക്കാൻ മോഹം. എന്റെ യഥാർത്ഥ ഇക്തിദായ (പാഷൻ) എന്താണെന്ന് എനിക്ക് മനസ്സിലാക്കണം. ഏതായാലും എളിമയോടെയുള്ള മൂപ്പരെ സംസാരം ഭയങ്കര ഇഷ്ടായി.
ഭക്ഷണം കഴിക്കാൻ പോയത് മുതൽ എന്റെ കൗതുകം തുടങ്ങുകയായിരുന്നു. ഭക്ഷണം വിളമ്പാനൊക്കെ നമ്മൾ തന്നെയാണ്. വേണമെങ്കിൽ ഇഷ്ടമുള്ളവർക്ക് വിളമ്പിക്കൊടുക്കാം, ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കാം. അവിടെ താഴെ പുല്ലിലിരുന്ന് ഭക്ഷണം കഴിക്കുന്നവരുണ്ട്, പരസ്പരം പുഞ്ചിരിതൂകി സംസാരിക്കുന്നവരുണ്ട്, പരിചയപ്പെടുന്നവരുണ്ട്. മൂന്ന് ഭാഗത്തായി ഭക്ഷണം എടുക്കാൻ സൗകര്യമുണ്ട്, വെജിറ്റേറിയൻ വേറെ തന്നെ സൗകര്യവും.

റൊട്ടിയും കറികളും എടുത്ത് വരുന്ന സമയത്താണ് കാക്കുനെ പരിചയപെടുന്നത്. അങ്ങനെ ഞങ്ങളെല്ലാവരും കൂടി പുതിയൊരു വട്ടമുണ്ടാക്കി. കാക്കു എന്ന പേരിൽ ഒരാളെ ഞാൻ ആദ്യമായിട്ട് കാണുകയായിരുന്നു, നല്ല പരിചയമുള്ളവരെ ഞാനും സ്നേഹത്തോടെ കാക്കു എന്ന് വിളിക്കാറുണ്ട്. ഏതായാലും ഈ കാക്കുന്റെ സ്വദേശം ഡൽഹിയാണ്. കാക്കു എപ്പോഴും പുഞ്ചിരി തൂകിയ മുഖവുമായാണ് ഉണ്ടാവുക. സോഷ്യൽ മീഡിയ ഒന്നും ഉപയോഗിക്കാത്ത കാക്കുനെ കണ്ടപ്പോൾ ഞങ്ങളെ ആമിനെയാണ് ഓർമ്മ വന്നത്. പക്ഷെ തമിഴിലെ കവിയത്രി സൽമയെ പറഞ്ഞാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങിയത്, അവരുടെ കവിതകൾ ഇഷ്ടമാണെന്നും അതുപോലെ "ഗുൽച്ചേ" പ്രിയപ്പെട്ട സിനിമയാണെന്നും പറഞ്ഞു.
ഭക്ഷണം കഴിച്ചു പാത്രം കഴുകാൻ പോയപ്പോൾ വീണ്ടും എന്റെ അത്ഭുതം കൂടി. നിരനിരയായ പൈപ്പുകൾക്ക് പകരം വലിയ മൂന്ന് ചെമ്പുകളാണ് കണ്ടത്. ചെമ്പിൽ നിറയെ വെള്ളം. ആദ്യത്തേതിൽ നല്ല ചെളിവെള്ളം ആണെങ്കിൽ, അതിനപ്പുറത്തുള്ളതിൽ കുറച്ച് കുറഞ്ഞു, അവസാനത്തെ വെള്ളം തെളിഞ്ഞ വെള്ളം. എല്ലാവരും മണ്ണ് കൊണ്ട് ആദ്യം പ്ലേറ്റ് കഴുകിയിട്ടു വേണം, വെള്ളത്തിലിട്ടു കഴുകാൻ, വിമ്മും സോപ്പും ഒന്നുല്ല, തനി നാടൻ രീതിയിൽ, പക്ഷെ നല്ല വൃത്തിയാവും, വെള്ളവും ലാഭിക്കാം. സുസ്ഥിര വികസനം മുൻ നിർത്തിയാണ് ഞങ്ങളുടെ പരിപാടി. പിന്നെ മരുഭൂമിയിൽ വെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ലല്ലോ. വെള്ളം എല്ലായിടത്തും പ്രാധാനപ്പെട്ട വസ്തു തന്നെയാണ്. നിലനിൽപ്പിന് അത്യാവശ്യ ഘടകമായത് കൊണ്ട് നമ്മൾ കുറച്ചുകൂടി ശ്രദ്ധിക്കും. സത്യം പറഞ്ഞാൽ ഈ ഭൂമിയിലെ എല്ലാ വസ്തുക്കളും നമ്മുടെ നിലനിൽപ്പിന് ആവശ്യമായ ഘടകങ്ങളല്ലേ... ഒന്ന് ഒന്നിനോടു ബന്ധപ്പെട്ടിരിക്കുന്നു, ഒരു വലിയ ചങ്ങലയിൽ കോർത്തിണക്കിയ കണ്ണികൾ പോലെ.
LSuC ലെ മുഴുവനും സംഗീത സാന്ദ്രമായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോൾ എന്റെ അതിശയം വീണ്ടും തുടങ്ങി. ഉച്ചത്തിൽ പാട്ട് വെച്ചിട്ടുണ്ട്, പാട്ട് കേട്ട് ആസ്വദിച്ചു കഴിക്കുന്നവരുണ്ട്, ആടുന്നവരുണ്ട്. അതൊരു ചെറിയ തുടക്കം മാത്രമായിരുന്നു. ഇവിടെ എല്ലാം പാട്ടിൽ പൊതിഞ്ഞതാണ്, ആസ്വാദനത്തിന്റെ മൂർത്തീഭാവം എന്താണെന്നും അത് എങ്ങനെയാണെന്നും ഇവിടെ നിന്നാണ് ഞാൻ അനുഭവിച്ചത്. ആരെ പരിചയപ്പെടണമെന്നും എങ്ങനെ തുടങ്ങണമെന്നും ഒരു ഐഡിയ ഇല്ലാത്തത് കൊണ്ട് ഈ കാര്യത്തിൽ നല്ല ധാരണയുള്ള ആസിഫ്ക്കാന്റെ കൂടെ തന്നെയായിരുന്നു. മൂപ്പരുടെ രണ്ടാമത്തെ Lsuc ആണ്, ഇതിന് മുൻപ് ഒഡിഷയിൽ വെച്ചു നടന്ന പരിപാടിയിൽ മൂപ്പര് പങ്കെടുത്തിരുന്നു.
ഹിന്ദിയും ഇംഗ്ലീഷും സംസാരിച്ചു ശീലിച്ചിട്ടില്ലാത്തതിനാൽ എങ്ങനെ എല്ലാവരോടും പോയി സംസാരിക്കുമെന്ന് നല്ല ആശങ്കയുണ്ടായിരുന്നു. "സംസാരിച്ചിട്ട് തന്നെയാണ് റെഡി ആവുക, ഞങ്ങളൊക്കെ ഇങ്ങനെ തന്നെയായിരുന്നു" എന്ന് പറഞ്ഞു ആത്മവിശ്വാസം തരാൻ കൂടെയുള്ളവരാരും മറന്നില്ല. "നമ്മള് ഒരുമിച്ചു വന്നതാണെന്ന് കരുതി, എല്ലാ സമയവും ഒരുമിച്ച് നടക്കരുത്, അപ്പൊ പിന്നെ പുതിയ ആളുകളെ പരിചയപ്പെടാനും ഭാഷ പഠിക്കാനൊന്നും കഴിയൂല, മാക്സിമം മറ്റുള്ളവരുടെ കൂടെ ചിലവഴിക്കുക, ആകെ നാല് ദിവസം മാത്രമാണ് കൈയിൽ." ഇതായിരുന്നു ആസിഫ്ക്ക മുന്നോട്ട് വെച്ച നിർദേശം. ആദ്യത്തെ ദിവസമായത് കൊണ്ട് എനിക്കൊരു ഇളവ് കിട്ടി, മൂപ്പരുടെ ഒരു സുഹൃത്തിനെ പരിചയപ്പെടാനാണ് ആദ്യം പോയത്. ആഷിഖ്, മലയാളിയാണ്, പാലക്കാട് സ്വദേശം. Lsuc പങ്കെടുത്ത ശേഷം "ട്രാവല്ലേസ് യൂണിവേഴ്സിറ്റി" തുടങ്ങി. ഇപ്പൊ അതും മറ്റു യൂത്ത് ഓറിയന്റഡ് പരിപാടികളുമൊക്കെയായി പോകുന്നു. ആ ക്യാമ്പസിന്റെ അകവും പുറവുമൊക്കെ നടന്നു കൊണ്ടാണ് ഞങ്ങൾ സംസാരിച്ചത്. അവിടെ തന്നെ ഒരു അമ്പലമുണ്ട്, പ്രധാനമായും നാല് ചിഹ്നങ്ങൾ അവിടെ കാണാം, അതിന് മുകളിൽ "സബ് മേം ഏക് ഹെ, ഏക് മേം സബ് ഹെ" എന്നെഴുതിവച്ചിരിക്കുന്നു. അമ്പലം അടച്ചിട്ടതായത് കൊണ്ട് പുറമെ മാത്രമാണ് ഞങ്ങൾ കണ്ടത്.
ഇന്നലെ രാത്രിയിൽ എത്തിയത് കൊണ്ട് സ്ഥലങ്ങളൊന്നും മുഴുവൻ മനസ്സിലായിരുന്നില്ല. പകൽ വെളിച്ചത്തിൽ എല്ലാം വ്യക്തമാണ് താനും. ഒരുപാട് മരങ്ങളുണ്ട്, കടലാസ് പൂക്കളാൽ സമൃദ്ധമാണ്, ജയ്പൂരിലെ ഹൈവേക്ക് നടുവിലൊക്കെ ഒരുപാട് കടലാസ് പൂക്കൾ കണ്ടിട്ടുണ്ട്. ഇവിടെ പാറ കൊണ്ടുള്ള ഒരു ചെറിയ കവാടം കടന്നാൽ, ഇരുവശത്തും പടർന്നു പന്തലിച്ചു പൂവിട്ടു നമ്മളെ വരവേൽക്കുന്നത് കടലാസ് പൂക്കളാണ്. പിന്നെയുള്ള വിശാലമായ മുറ്റത്ത് പച്ചപുല്ല് വെച്ച് പിടിപ്പിച്ചിരിക്കുന്നു. ഇത് മരുഭൂമിയുടെ ഭാഗമെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും പ്രധാന കെട്ടിടത്തിന്റെ മുൻവശത്തുള്ള ചെറിയൊരു സ്റ്റേജിൻമേൽ പരിപാടിയുടെ സംഘാടകർ ഒത്തുകൂടിയിരുന്നു. സ്റ്റേജെന്ന് പറഞ്ഞാൽ വലിയ ഉയരത്തിലൊന്നുമല്ല, തറയിൽ നിന്നും കഷ്ടിച്ച് ഒരടിയിലേറെ ഉയരം, അതിന്റെ പുറകിലേക്ക് മൂന്ന് നില കെട്ടിടവും, മുന്നിലാണെങ്കിൽ അത്യാവശ്യം വലിപ്പമുള്ള പച്ചപ്പുൽ മൈതാനവും, ഏതായാലും പങ്കെടുക്കാൻ വന്നവരൊക്കെ ആ മൈതാനത്തേയ്ക്ക് വരാൻ മൈക്കിലൂടെ വിളിച്ചു പറയുന്നുണ്ട്, ഒറ്റയും തെറ്റയും കൂട്ടമായും കുശലം പറഞ്ഞുകൊണ്ടിരുന്ന എല്ലാവരും പെട്ടെന്ന് തന്നെ അവിടേക്ക് എത്തി.

പന്ത്രണ്ടാമത്തെ LsUC ആണ് ഈ വർഷം സർദാർ ശഹറിലെ ഗാന്ധി വിദ്യ മന്ദിറിൽ വെച്ച് നടക്കുന്നത്. പ്രകൃതിയുമായുള്ള മനുഷ്യന്റെ പരീക്ഷണങ്ങൾ, സുസ്ഥിരവികസന പരിപാടികൾ, നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ വിശ്വസ്ഥത, പരിരക്ഷ, മറ്റുള്ളവരെ സഹായിക്കുക എന്നിവയെക്കുറിച്ച്, മനുഷ്യന്റെ ബോധ മണ്ഡലത്തിന്റെ വികാസം, മനുഷ്യ ശരീരത്തിന്റെ സ്വാതന്ത്ര്യം തിരിച്ചറിയുക, മെഡിറ്റേഷൻ, പ്രശ്നങ്ങളെ സാധൂകരിക്കൽ, unlearning, deconditiong and decolonizing yourself, ഇതൊക്കെയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളും ഇവിടെ ചർച്ച ചെയ്യാൻ പോകുന്നതും. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ഉണ്ടെന്ന് പറഞ്ഞല്ലോ ഇതിൽ തന്നെ അധ്യാപകരും അനധ്യാപകരും, വീട്ടിൽ നിന്ന് പഠിക്കുന്നവരും പഠിപ്പിക്കുന്നവരും, കലാകാരന്മാരും, പാട്ടുകാരും, മെഡിറ്റേഷൻ ചെയ്യുന്നവരും, യൂത്ത് - ചിൽഡ്രൻ ഓറിയെന്റഡ് പരിപാടികൾ നടത്തുന്നവരും, ചിത്രകാരന്മാരും, യാത്രികരും, പഠനം പാതി വഴിക്ക് വെച്ചു നിർത്തി മറ്റു വഴികൾ തേടിപ്പോയവരും, സ്വന്തമായി സ്റ്റാർട്ട് അപ്പ് ബിസിനസ് ചെയ്യുന്നവരും, എഞ്ചിനീയർമാരും, പ്രൊഫസർമാരും, ഭക്ഷണം ഉണ്ടാക്കുന്നവരും അങ്ങനെ എല്ലാ മേഖലയിൽ നിന്നുള്ളവരുമുണ്ട്.
നാല് ദിവസത്തെ പരിപാടിയിൽ മൂന്ന് ദിവസമെങ്കിലും പങ്കെടുക്കണം. എന്നാൽ മാത്രമേ ഇതിന്റെ കാമ്പ് നിങ്ങൾക്ക് കിട്ടുകയുള്ളൂ. പിന്നെ ഇവിടെ ക്യാമ്പ് നടത്തുന്നവർ / പങ്കെടുക്കുന്നവർ എന്നൊന്നില്ല, എല്ലാവരും പങ്കെടുക്കുന്നു എല്ലാവരും പരിപാടികൾ നടത്തുന്നു. ഇവിടെ കൂടിയ എല്ലാവർക്കും ഒരു ഗിഫ്റ്റ് ഉണ്ട്, അത് നമ്മൾ പരസ്പരം ഷെയർ ചെയ്യുന്നു. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും സഹായിക്കാം, ഇഷ്ടമുള്ളത് കേൾക്കാം, ഇഷ്ടമുള്ളതിൽ പങ്കെടുക്കാം, ഒന്നിനും ആരും നിർബന്ധിക്കില്ല, സ്റ്റേജിന് പുറകിലുള്ള വാളിൽ ഓരോ ദിവസവും അന്ന് നടക്കാൻ പോകുന്ന പരിപാടികളുണ്ടാകും, അത് അപ്പപ്പോൾ നിങ്ങൾക്ക് തന്നെ തീരുമാനിക്കാവുന്നതാണ്... ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ആദ്യത്തെ രണ്ട് ദിവസം എനിക്കും കാര്യമായി ഒന്നും പിടികിട്ടിയിരുന്നില്ല, പിന്നെ പിന്നെ ഇത് വല്ലാത്തൊരു രസമായി. രാവിലെ മെഡിറ്റേഷൻ ചെയ്യുന്നവരുണ്ടാകും, യോഗ ചെയ്യുന്നവരുണ്ടാകും, അല്ലെങ്കിൽ പാതിരാ വരെ പാട്ട് കച്ചേരിയിൽ പങ്കെടുത്തു നേരം പുലരുമ്പോൾ ഉറങ്ങാൻ പോയവരുണ്ടാകും. ഏതായാലും രാവിലത്തെ ചായ കുടിച്ചാണ് നമ്മളും പല വഴിക്ക് തിരിയുക. വേണമെങ്കിൽ നമുക്ക് ഭക്ഷണം ഉണ്ടാക്കാനും വിളമ്പിക്കൊടുക്കാനും പാത്രം അടുക്കി വയ്ക്കാനും സഹായിക്കാം. വിളമ്പിക്കൊടുക്കാൻ പല സമയത്ത് നിന്നിട്ടുണ്ട്. വെജ് - വീഗൻ എന്നിങ്ങനെ രണ്ട് തരത്തിൽ പെട്ട ഭക്ഷണങ്ങളുണ്ടാകും, മൂന്ന് ഭാഗത്ത് ഭക്ഷണം കൊടുക്കുന്നത് കൊണ്ട് വലിയ തിരക്ക് ഉണ്ടാവുകയുമില്ല. അപ്പപ്പോൾ പരിചയപ്പെടുന്നവരും മുൻപ് പരിചയമുള്ളവരുമൊക്കെ ഒരുമിച്ചു കഴിക്കുന്നത് കാണാം. മലയാളികൾ പിന്നെ എവിടെപ്പോയാലും നമ്മുടെ കൂട്ടത്തെ തിരിച്ചറിയുമെന്നത് കൊണ്ട് ഡൽഹി മലയാളികളും മുംബൈ മല്ലുസും കേരളത്തിൽ നിന്ന് വന്നവരുമൊക്കെയായി ഞങ്ങളുടെ വട്ടം വികസിച്ചു വന്നു. റോക്സി, സൗമ്യ, സുഹൈൽ, സജിത ചേച്ചി, നീരജ് തുടങ്ങി ആ കൂട്ടം ദിവസം കഴിയുംതോറും വലുതായി.
തമിഴ്നാട്ടിൽ നിന്ന് സരവണനെയും കൂട്ടുകാരെയും പരിചയപ്പെട്ടു. തമിഴ് പറയുന്നത് കേൾക്കാൻ നല്ല രസമായത് കൊണ്ട് അവരോട് സംസാരിക്കാൻ തിടുക്കമായിരുന്നു. കറുത്ത ഷാൾ കൊണ്ട് തലയിൽ ഒരു തലപ്പാവും കെട്ടി, നീണ്ട താടിയും, കുർത്തയും, പാന്റും അണിഞ്ഞ, ആസാദിനെ കാണാൻ ഒരു യോഗിയെപ്പോലെ ഉണ്ടായിരുന്നു. നമ്മളുടെ മനസ്സിലൊക്കെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും ഓരോ സങ്കൽപ്പം ഉണ്ടാവുമല്ലോ, എന്റെ മനസ്സിലെ യോഗിയുടെ സങ്കൽപ്പത്തെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആസാദിന്റെ വാക്കും പ്രവർത്തിയും. ഭക്ഷണം കഴിക്കുന്നതിലെ ശ്രദ്ധ, കഴിക്കുന്ന രീതി, ഓരോ കാര്യത്തെയും നിരീക്ഷിക്കുന്നത്, ഇതെല്ലാം വ്യത്യസ്തമായിരുന്നു. ജയ്പൂരാണ് വീട്, ഹിന്ദി കുറച്ചു മാത്രം അറിയുന്നത് കൊണ്ട് കാണുമ്പോൾ പലപ്പോഴും ഞാൻ മുങ്ങി നടക്കും, സംസാരിക്കാനുള്ള മടി തന്നെ. പക്ഷേ രണ്ട് ദിവസം കൊണ്ട് തന്നെ കൂടുതൽ കമ്പനിയായി, ആസാദിന്റെ ഓടക്കുഴൽ വായന ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. അത്രയും മധുരമായിരുന്നു ആ സംഗീതം. വെയിലാറിയ ഒരു വൈകുന്നേരം, മരുഭൂമിയിൽ അതിവേഗത്തിൽ കാറ്റ് വീശുന്നു, സമീപത്തെ മരങ്ങളൊക്കെ ആടിയുലയുന്നു, കയ്യിലൊരു മൈലാഞ്ചി ട്യൂബും പുല്ലാങ്കുഴലുമായി ആസാദ് വരുന്നുണ്ട്, മൈലാഞ്ചി കൈകളിൽ പരീക്ഷണം തുടങ്ങിയത് ഞാനാണ്, പിന്നെ ആ വട്ടവും കൈകളുടെ എണ്ണവും കൂടി വന്നു, കുട്ടികളൊക്കെ ചുറ്റും കൂടി, ആവശ്യക്കാരുമായി, പക്ഷേ മൈലാഞ്ചി ഒന്നേയുള്ളൂ, അതാണെങ്കിൽ തീർന്നും പോയി. തീരുന്നതിനു മുൻപ് എന്റെ ഒരു കയ്യിൽ ആസാദ് മൈലാഞ്ചി ഇട്ട് തന്നിരുന്നു.
ആസാദിലൂടെയാണ് സുഹനിയോനെ പരിചയപ്പെടുന്നത്, കാണുമ്പോഴൊക്കെ "തേരി ആംകോം കി..." തുടങ്ങി എന്തോ ഒരു സിനിമ ഡയലോഗ് പറഞ്ഞു നോക്കി ചിരിക്കും. ഏതായാലും ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞു, മലയാള സിനിമകളെ കുറിച്ചായി ചർച്ച, ദുൽഖർ സൽമാന് അവിടെയും ഫാൻസ്, "സുന്ദരി പെണ്ണെ.." എന്ന മലയാള പാട്ട് പാടി കൊടുക്കാൻ, ആ പാട്ട് പിന്നെ ഞങ്ങളുടെ സ്വന്തം ആയത് കൊണ്ട് പാടാൻ അറിയില്ലെങ്കിലും പാടിക്കൊടുത്തു. (ആ പാട്ടിന്റെ പിന്നിലൊരു കഥയുണ്ട്, ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സമയം, ഷെരീഫ് മാഷ് ഒരിക്കൽ ക്ലാസിൽ പാട്ടുകാരോടൊക്കെ പാടാൻ പറഞ്ഞു, സീറ്റിലിരുന്നു താളം പിടിക്കുന്നത് കണ്ടു എന്നെയും പാടാൻ ക്ഷണിച്ചു. അറിയില്ലെങ്കിലും സംഗീതത്തോടുള്ള പ്രേമം കണക്കിലെടുത്തു ഞാൻ പോഡിയത്തിലേക്ക് പോയി. "സുന്ദരി പെണ്ണാണ് " ഓർമ്മ വന്നത്. പാടി. പാടി എന്ന് മാത്രമല്ല, രണ്ടാമത്തെ വരി മറക്കുകയും ചെയ്തു. അതിന് ശേഷം ക്ലാസ്സിലുള്ളവരുടെ "സുന്ദരി പെണ്ണ്" ആയി ഞാൻ മാറി). പക്ഷേ ഇത്തവണ വരികൾ നോക്കി പാടിയത് കൊണ്ട് ഞാൻ പെട്ടില്ല കേട്ടോ...
LsUC മുഴുവൻ സംഗീതസാന്ദ്രമായിരുന്നെന്ന് ഞാൻ പറഞ്ഞല്ലോ...
ആദ്യത്തെ ദിവസം രാത്രി അങ്കിത്തിന്റെയും സുഹൃത്തുക്കളുടെയും കൂടെയായിരുന്നു, മുറ്റത്തു തീയും കൂട്ടി, അതിന്റെ ചുറ്റും കുറച്ചു പേര്. അങ്ങനെയുള്ള നാലഞ്ച് കൂട്ടങ്ങൾ അകത്തും പുറത്തും മരത്തിന്റെ ചുവട്ടിലുമൊക്കെയായിട്ടുണ്ട്. പത്തു പതിനേഴു വയസ്സ് തോന്നിക്കുന്ന, പൊടി മീശക്കാരായ മൂന്ന് കുട്ടികൾ, എല്ലാവരും ഡൽഹിയിലാണ് പഠിക്കുന്നത്, ഒരാള് പാടുകയും മൂന്ന് പേരും ഗിറ്റാർ വായിക്കുകയും ചെയ്യുന്നു. മരുഭൂമിയിലെ തണുത്ത കാറ്റിൽ പാട്ട് കേട്ട് അവിടെ എത്ര സമയം ഇരുന്നെന്നറിയില്ല. ഉറക്ക് വന്ന എപ്പോഴോ ആണ് എഴുന്നേറ്റ് പോയത്.

ഇവിടുന്ന് പോകുന്നതിന് മുൻപ് മരുഭൂമിയിൽ പോകണമെന്നത് ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ഉച്ചതിരിഞ്ഞു ഞങ്ങൾ പുറത്ത് ചാടി. ഗാന്ധി വിദ്യ മന്ദിറിന്റെ പുറകിലെ റോഡിലൂടെ നേരെ നടന്നു, ഞങ്ങളൊരു പന്ത്രണ്ടോളം പേരുണ്ടായിരുന്നു. "ബാലാജി മന്ദിർ" എന്ന അമ്പലത്തിലേക്ക് അത്യാവശ്യം ദൂരമുണ്ട്, അതുകൊണ്ട് ഞങ്ങളവിടുത്തെ നീണ്ട ഓട്ടോയിൽ കയറി, ഒരേ സമയം ആറ് പേർക്ക് ഇരിക്കാം. ഹനുമാന്റെ അമ്പലമാണ് ബാലാജി മന്ദിർ, അത്യാവശ്യം വലിപ്പമുള്ള അമ്പലം, വലിയ തിരക്കുകളൊന്നുമില്ലായിരുന്നു, അതുകൊണ്ട് വേഗം ഇറങ്ങാനും സാധിച്ചു. അവിടെ പോയി കഴിഞ്ഞു മരുഭൂമിയിലേക്ക് പോകാനായിരുന്നു പ്ലാൻ. അമ്പലത്തിന് അടുത്തുള്ള കടയിലൊക്കെ കേറി, അവസാനം മരുഭൂമിയിലേക്ക് ഓട്ടോ ചോദിച്ചവരൊക്കെ "ഇത് തന്നെയാണ് മരുഭൂമി" എന്ന മറുപടിയാണ് നൽകിയത്. മണലാരണ്യമാണെങ്കിലും ഇവിടെ ഇടയ്ക്ക് ചെടികളുണ്ട്, ഞങ്ങളാണെങ്കിൽ തിരയുന്നത്, ഫോട്ടോയിൽ കാണുന്ന പോലെ മുഴുവനും മണല് നിറഞ്ഞ വിശാലമായി കിടക്കുന്ന മരുഭൂമിയാണ്.
തിരിച്ചു പോകാനെന്ന മട്ടിൽ ഞങ്ങളൊരു ഓട്ടോയിൽ കയറി, അയാൾ മരുഭൂമി കാണിച്ചു തരാമെന്ന് പറഞ്ഞു. അവിടുത്തെ ആളുകൾ താമസിക്കുന്ന ഒരിടം വരെ എത്തിച്ചു തന്നു. പൈസ പറഞ്ഞ് അവസാനം വഴക്കായി. സ്ഥലം കണ്ടു പന്തിയില്ലാത്തത് കൊണ്ട് പൈസയും കൊടുത്തു നമ്മള് നടന്നു. വഴിയിലൊക്കെ ഒട്ടകത്തിന്റെ അപ്പി കാണാം. വൃത്തിഹീനമായ ഒരു സ്ഥലം. ആളുകൾ താമസിക്കുന്ന ഇടമായത് കൊണ്ട് തന്നെ കുറച്ചപ്പുറത്ത് ഒരു ജലസംഭരണിയും, മരുഭൂമിയിൽ അനിവാര്യമായ ഘടകം!
ഏതായാലും നടക്കാതെ ഇനി രക്ഷയില്ല, ഉച്ചയ്ക്ക് ശേഷമായത് കൊണ്ട് വെയിലിന്റെ വലിയ ഉപദ്രവമില്ല. ഞങ്ങൾ പോകുന്ന വഴി ചുമടുമായി ഒട്ടകങ്ങളും പോകുന്നുണ്ട്. മരുഭൂമിയിലും അതിന്റെതായ ഭംഗിയും ആവാസവ്യവസ്ഥയുമുണ്ടല്ലോ... വ്യത്യസ്ത പക്ഷികളും പൂക്കളും ചെടികളുമൊക്കെ ഇവിടെയും കാണാം. എല്ലാത്തിനേക്കാളും വേദന തോന്നിയത്, പ്ലാസ്റ്റിക് കവർ കഴിച്ച് വഴിയിൽ ചത്തു കിടക്കുന്ന പശുക്കളെയും കാളയെയുമൊക്കെ കണ്ടപ്പോഴാണ്. "ഗോ സംരക്ഷണം" എന്ന പേരിൽ ആളുകളെ കൊല്ലുന്നതേ കേട്ടിട്ടുള്ളൂ... ഇവയെ ആത്മാർത്ഥതയോടെ സംരക്ഷിക്കാൻ ആ ആൾക്കൂട്ടം മുന്നോട്ടു വന്നത് കണ്ടിട്ടില്ല.
നടന്നു കുഴഞ്ഞപ്പോഴേക്കും രണ്ട് മൂന്ന് കടയുടെ മുന്നിലെത്തിയിരുന്നു. ലസ്സിയും ചായയും ബിസ്കറ്റുമൊക്കെ കഴിച്ചു. പുറത്തേക്കിട്ടിരിക്കുന്ന കട്ടിലുകളിൽ വൃദ്ധരിരിക്കുന്നുണ്ട്. ഇവിടെ ടെറസ്സിലും കടയുടെ മുൻപിലുമൊക്കെ പായകൊണ്ടുണ്ടാക്കിയ ഈ കട്ടിൽ കാണാം. പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ച മൂപ്പരെ കണ്ടപ്പോൾ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ പൂതി. പിന്നെ കുശലാന്വേഷണവും ചിരികളും സന്തോഷത്തോടു കൂടിയുള്ള പടമെടുക്കലുമായി. വലിയ കുടങ്ങളിൽ വെള്ളം കൊണ്ട് വരാന്തയിൽ വെച്ചതും എനിക്കൊരു പുതിയ കാഴ്ചയായിരുന്നു.
"തേടി വന്നവരെ മരുഭൂമി നിരാശപ്പെടുത്തില്ല" എന്ന് പറഞ്ഞത് പോലെയായിരുന്നു. കുറച്ചൂടെ മുന്നോട്ട് നീങ്ങിയപ്പോൾ മണൽകൂന കണ്ടത്, പിന്നെ അവിടേക്ക് ലക്ഷ്യം വെച്ച് നേരെ നടന്നു. ക്ഷീണം മാറ്റാൻ കുറച്ചു നേരം അവിടെയിരുന്നു. മണലിൽ നീങ്ങിയും നിരങ്ങിയും കളിച്ചു, ആരെങ്കിലും കണ്ടാൽ കരുതും മരുഭൂമി ആദ്യമായിട്ട് കാണുകയാണെന്ന്, പക്ഷേ അത് സത്യമാണ് താനും, വന്ന സ്ഥിതിക്ക് കുറച്ചു ഫോട്ടോ എടുത്തു, ഞങ്ങൾ ഗാന്ധി മന്ദിറിലേക്ക് തിരിച്ചു.
LsUC ൽ വെച്ചു പരിചയപ്പെട്ടതിൽ മറക്കാത്ത ഒരു മുഖമാണ്, അമീഷ. ഞങ്ങളുടെ അമി. ബീഹാറ്കാരിയാണ്. വളരെ പെട്ടെന്ന് തന്നെ ഞങ്ങളോട് കൂട്ടായി. അവസാനം വരെ എല്ലാത്തിനും കൂടെ അവളുണ്ടായിരുന്നു. ടെറസിൽ നിന്നുള്ള സൂര്യോദയം മറക്കാനാവാത്ത കാഴ്ചയാണ്, ഓർമ്മയാണ്. ദൂരെ സൂര്യൻ മണലിലേക്ക് ആഴ്ന്നിറങ്ങുന്നു, കൂടെ ആസാദിന്റെ പുല്ലാങ്കുഴൽ വായനയും, ഞങ്ങൾ രണ്ട് പേരെയും കെട്ടിപ്പിടിച്ചിരിക്കുന്ന അലീനയും, അവൾ ജർമ്മൻകാരിയാണ്. ഇന്ത്യയിലേക്ക് വന്നിട്ട് കുറച്ചു മാസങ്ങളായി. കൈയിൽ മൈലാഞ്ചി ഇട്ട് കൊടുത്ത് ഞങ്ങൾ വല്ലാത്ത പരിചയത്തിലായിരുന്നു. അവളുടെ കൂടെയുള്ളവൾക്ക് എന്റെ ഒരു ഡ്രസ്സ് നല്ല ഇഷ്ടമായി എന്ന് പറഞ്ഞപ്പോൾ പോകാൻ നേരം അവളുടെ കൈയ്യിലേൽപ്പിച്ച് പോന്നു, കീറിയിട്ടുണ്ടെങ്കിലും നല്ല സുഖമാണ് ആ ടോപ് ഇടാൻ, കൈമാറി കൈമാറി നമ്മുടെ വസ്ത്രം കടൽ കടന്ന് പോകാ എന്ന് പറഞ്ഞാൽ സന്തോഷല്ലേ... ക്ലരനുമായിട്ട് ഞാൻ ഒരുപാടൊന്നും സംസാരിച്ചിട്ടില്ല, എന്നാലും എപ്പോഴും ചിരിച്ചു കളിച്ചു നടക്കുന്ന അവളെ കാണാൻ തന്നെ നല്ല രസമായിരുന്നു. കുട്ടികളുടെ കൂടെ കൈ പിടിച്ചു കറങ്ങുന്നതൊക്കെ ഇപ്പോഴും കണ്ണിൽ കാണാം. എപ്പോഴും ചിരിച്ചിരിക്കുന്നവരെ കാണാനല്ലേ എല്ലാവരും ഇഷ്ടപ്പെടുന്നത്.
ഒരു പരിപാടി നടക്കുന്നുണ്ട്, സഹായിക്കണമെന്ന് പറഞ്ഞ് ആസാദ് വിളിച്ചപ്പോഴാണ് ഞാൻ പോകുന്നത്, ഒരു സമയം 20 പേരെയൊക്കെ ഉൾക്കൊള്ളിക്കുകയുള്ളൂ... എട്ട് മണിക്ക് തുടങ്ങി എത്ര മണിക്ക് പരിപാടി അവസാനിക്കും എന്നൊരു നിശ്ചയം ഉണ്ടായിരുന്നില്ല, എന്റെ കൂടെയുള്ള മൂന്ന് പേരും വരുമെന്ന് പറഞ്ഞിട്ടും ആർക്കും വരാൻ കഴിഞ്ഞില്ല. ഫ്രാൻസിൽ നിന്ന് വന്ന എലീസയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. എല്ലാവരെയും കണ്ണടച്ച് നിർത്തി, ചന്ദനത്തിരി കത്തിച്ചു, കൈയും പുറവുമൊക്കെ മസാജ് ചെയ്തു, എന്തെല്ലാമോ മണപ്പിച്ചു, അവരെ മറ്റൊരു ബോധത്തിലേക്ക് കൊണ്ട് പോകുന്നു, ഒരു മൂലയ്ക്ക് തകൃതിയായി പാട്ടും. അങ്ങനെ അവിടെ കിടന്ന് ഉറക്കം തൂങ്ങും, സത്യം പറഞ്ഞാൽ എല്ലാവരും പോയപ്പോഴും ഞാൻ അവിടെ കിടന്ന് ഉറങ്ങുകയായിരുന്നു. സഹായിക്കാൻ പോയി എന്നത് ശരിയാണ്, പക്ഷേ അവിടെ നടന്നത് എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല.
ആഷിഖിന്റെ ട്രാവലേഴ്സ് യൂണിവേഴ്സിറ്റിയെക്കുറിച്ച് പറയുന്ന ഒരു സെഷനിലാണ് ഞാൻ ആകെ കൂടിയത്, ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് ഏഴോളം പേരുടെ ഒരു ചർച്ച. 2018 ലാണ് അവരിത് തുടങ്ങുന്നത്, ഒരു സാധാരണ യൂണിവേഴ്സിറ്റി ഘടനയൊന്നും ഇതിനില്ല. ഓരോ പ്രൊജക്റ്റുകളായി, ഒരു മാസത്തോളമൊക്കെ നീണ്ടു നിൽക്കുന്ന യാത്ര ചെയ്തൊക്കെയാണ് പഠനം. ആൾറ്റർനേറ്റീവ് എഡ്യൂക്കേഷൻ ഫോളോ ചെയ്യുന്ന ഒരു സിസ്റ്റം. "നിള യാത്ര"യാണ് അടുത്ത പ്രൊജക്റ്റ് എന്നും അറിയാൻ കഴിഞ്ഞു.
എപ്പോഴോ ഒരു ആശ്വാസത്തിന് വേണ്ടി എഴുതാൻ പുസ്തകവുമെടുത്തു ഞാൻ ആരുമില്ലാത്ത ഒരു മരച്ചുവട്ടിൽ പോയിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും രണ്ട് മൂന്ന് പേര് അവിടേക്ക് വന്നിരുന്നു, "ഇപ്പോഴത്തെ വിദ്യാഭ്യാസത്തിന്റെ പോരായ്മയെയും, അത് എങ്ങനെ നികത്താം" എന്നുള്ളതുമായി ചർച്ച. ഏതായാലും എന്റെ കാഴ്ചപ്പാടുകളൊക്കെ ഞാനും പങ്ക് വെച്ചു. ചർച്ചയ്ക്ക് നേതൃത്വം വഹിച്ചത് ജർമ്മനിയിൽ നിന്നുള്ള ആനിയയാണ്, അവരിപ്പോൾ ഫ്രാൻസിൽ ജീവിക്കുന്നു. ആരോ വിളിക്കാൻ വന്നപ്പോൾ ഞാൻ മെല്ലെ എഴുന്നേറ്റു, അപ്പോഴാണ് മനസ്സിലായത്, അവിടെ ഒരു സെഷനാണ് നടന്നത്, ഞാൻ നമ്പർ ബോർഡിന്റെ പുറകു വശത്താണ് പോയിരുന്നതെന്നും.
ഇടയ്ക്ക് എല്ലാവരെയും മൈതാനത്തിന് മുന്നിലേക്ക് വിളിപ്പിച്ചു, പല ഗൈമുകളും ഒന്നിച്ചുള്ള ഡാൻസുമൊക്കെയുണ്ടായിരിക്കും. ആ വലിയ കൂട്ടം രണ്ട് മൂന്ന് വൃത്തമായി കൈപിടിച്ച് ഒരുപാട് ഡാൻസ് കളിച്ചിട്ടുണ്ട്. തുർക്കി വെഡിങ് ഡാൻസ് അതിൽ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും സംഗീതത്തിനൊത്ത് ഒരുപോലെ നൃത്തം വയ്ക്കുമ്പോൾ കാണാൻ തന്നെ ഹരം, കളിക്കാൻ അതിലേറെ ഹരം. എല്ലാ ദിവസവും രാത്രി ഭക്ഷണം കഴിഞ്ഞും ഡാൻസ് ഉണ്ടായിരിക്കും, അതിൽ മതിമറന്ന് എല്ലാവരും നൃത്തം വയ്ക്കും. ഒരു ദിവസം ഓരോരുത്തർ വന്ന് പാട്ടും ഡാൻസും ഗെയിമുകളൊക്കെ കളിച്ചിരുന്നു. ആ രാത്രി മലയാളികൾ, "കാന്താ, ഞാനും വരാം" എന്ന പാട്ടും പാടി എല്ലാവരുടെയും കൈയ്യടി വാങ്ങി. നമ്മുടെ കഥാപുസ്തകത്തിലെ ജിമ്പാലുവിനെ പോലെ വേഷം ധരിച്ച ഒരാളുണ്ടായിരുന്നു. അയാളുടെ കൈയ്യിൽ എപ്പോഴും ഒരു വടിയുണ്ടാകും, മൂപ്പർക്കാണെങ്കിൽ ഒരുപാട് ഗെയിമുകൾ അറിയുകയും ചെയ്യാം. അങ്ങനെ ചുറ്റും കൗതുകം നിറഞ്ഞ ആളുകളും കാഴ്ചകളും കൂടി സമ്മാനിക്കുന്നു LsUC.

ആസിഫ്ക്കയാണ് ഷമ്മിയെ പരിചയപ്പെടുത്തി തരുന്നത്, "അഹിംസാഗ്രാം" എന്ന ഓർഗാനിക് ഫുഡ് കഫെയുടെ ഓണറാണ്. ഭക്ഷണത്തിലൂടെയുള്ള ഒരു മാറ്റം മുന്നിൽ കണ്ടു പ്രവർത്തിക്കുന്നു. "പറുദീസ"യെ കുറിച്ച് പറഞ്ഞപ്പോൾ അതിലെ ഏറ്റവും പ്രിയപ്പെട്ട കുറച്ചു വരികൾ വായിക്കാൻ പറഞ്ഞു. പുള്ളിക്കാരന്റെ ആദ്യഭാര്യ മലയാളിയായത് കൊണ്ട് അവർക്ക് കുറച്ചു മലയാളം അറിയാം. വട്ടവടയിൽ നിന്നുള്ള കുറച്ചു ഭാഗം വായിച്ചു കേൾപ്പിച്ചു. പോകാൻ നേരം അവിടേക്ക് ക്ഷണവും കിട്ടി. അവിടെ പോയാൽ വേണമെങ്കിൽ നമുക്ക് പാചകവും ചെയ്യാം. LsUC യിൽ ഒരു ദിവസം എല്ലാവർക്കും അവരുടെ പ്രോഡക്റ്റ് സെയിൽ ചെയ്യാൻ ഒരു അവസരമുണ്ടാകും, ഫുഡ്, സ്വീറ്റ്സ്, ജ്വല്ലറി, ജേർണൽ, ബുക്സ്, ക്ലോത്ത് പാഡ് തുടങ്ങി പല സാധങ്ങളുണ്ടാകും. അന്നാണ് അഹിംസാഗ്രാം സ്വീറ്റ്സ് ആദ്യം കഴിക്കുന്നത്, രുചികരമായിരുന്നെന്ന് സത്യം.
ഛത്തീസ്ഖണ്ടിലുള്ള ഒരു ഫിസിക്സ് പ്രൊഫസറെ പരിചയപ്പെട്ടിരുന്നു, കൻവർ ജിത് സിംഗ്. Alternative എഡ്യൂക്കേഷൻ ന്റെ മറ്റൊരു വശമാണ് മൂപ്പർ നമ്മളോട് പങ്ക് വെച്ചത്. സംഭവം നല്ല ആശയമാണെങ്കിലും എല്ലാർക്കും ഒരുപോലെ ചിലവ് താങ്ങാൻ കഴിയില്ല, റിസോഴ്സസ് കിട്ടിയെന്നും വരില്ല. ഇവിടെ വന്നവരിലധികം elite ക്ലാസ്സ് ആണ്, ഈ കുട്ടികളുടെയൊക്കെ രക്ഷിതാക്കൾ തലമുറകളായി നല്ല വിദ്യാഭ്യാസ നിലവാരമുള്ളവരും. അതുകൊണ്ടാണ് അവർക്ക് അവരുടെ കുട്ടികളെ സ്കൂളിൽ പറഞ്ഞയക്കുന്നില്ലെങ്കിലും കഴിവുറ്റവരായി വളർത്താൻ സാധിക്കുന്നത്. സത്യം പറഞ്ഞാൽ ആ ഫിസിക്സ് പ്രൊഫസറിൽ ഞാനൊരു സോഷിയോളജിസ്റ്റിനെ കണ്ടു, അദ്ദേഹം നല്ലൊരു യാത്രികൻ കൂടിയാണ്. ഏതായാലും ഞങ്ങൾക്ക് അവിടേക്കും ക്ഷണം കിട്ടി. അദ്ദേഹം ഇപ്പോഴും ഇടയ്ക്ക് വിളിക്കാറുണ്ട്. ഞാൻ നാട്ടിലേക്ക് പോയ പിറ്റേന്ന് എന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം മറ്റൊരു യാത്ര തുടങ്ങിയിരുന്നു, അന്നവർ അദ്ദേഹത്തിന്റെ വീട്ടിലും പോയി. മഞ്ഞും മഴയും തണുപ്പും ചൂടും നിലാവും മഴവില്ലും ഉദയവും അസ്തമയവുമൊക്കെ ഈ നാല് ദിനങ്ങൾ കൊണ്ട് നമുക്ക് കിട്ടിയിരുന്നു. മരുഭൂമിയിൽ വല്ലപ്പോഴും സംഭവിക്കുന്നതാണ് മഴ, അത് കിട്ടിയ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ.
അവസാന ദിവസം കമ്മ്യൂണിറ്റി വാക്കുണ്ടായിരുന്നു. അന്നാണ് സർദാർ ശഹറിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്.
താർ മരുഭൂമിയുടെ ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം 700 വർഷങ്ങൾക്ക് മുൻപ് രാജാ രഥൻ സിംഗ് സ്ഥാപിച്ചതാണ്. ബികണീർ രാജാവായിരുന്ന സർദാർ സിംഗിന്റെ മരണശേഷമാണ് ഈ സ്ഥലത്തിന് ആ പേര് വരുന്നത്. രാജസ്ഥന്റെ തലസ്ഥാനമായ ജയ്പൂരിൽ നിന്ന് 285 കിലോമീറ്റർ മാറിയാണ് ഈ മരുപട്ടണം സ്ഥിതി ചെയ്യുന്നത്. ബാഗരിയാണ് ഇവിടുത്തെ ഭാഷ. സർദാർ ശഹർ രാജസ്ഥാനി സംഗീതത്തിന് പേര് കേട്ട സ്ഥലമാണ്, അതുപോലെത്തന്നെ ഇവിടുത്തെ മധുരപലഹാരങ്ങളും പ്രശസ്തമാണ്.
സർദാർ ശഹറിലെ ഹവേലികൾ വളരെ പ്രസിദ്ധിയാർജിച്ചതാണ്, അവിടെ കാണാനും പോകാനും ഭാഗ്യമുണ്ടായി. ഹവേലികളുടെ ചിത്രപ്പണികളും കൊത്തുപണികളും കാണേണ്ടത് തന്നെയാണ്. എന്നെ അത്ഭുതപ്പെടുത്തിയത് അവിടെ ഇപ്പോഴും ആളുകൾ താമസിക്കുന്നുണ്ട് എന്നതാണ്. അങ്ങനെ ഒരുപാട് സ്വകാര്യ വ്യക്തികളുടെ കൈവശവും ഹവേലികളുണ്ട്. ഹവേലികൾ ചരിത്രപരമായും വസ്തുവിദ്യാപരമായും പ്രാധാന്യമുള്ളവയാണ്. ഇവയുടെ ഫ്രസ്കോ പെയിന്റിംഗ് രീതി, ബികനീർ രാജാക്കന്മാരുടെയും റാണിയുടെയുമൊക്കെ ചിത്രവും അത്യാകർഷകമാണ്. എത്രയോ വർഷം മുൻപുള്ളത് ഇപ്പോഴും അതേപടി നിലനിൽക്കുന്നു. ഞങ്ങൾ ഒരു വലിയ ജനക്കൂട്ടമുള്ളത് കൊണ്ട് അധികസമയവും ഒരിടത്ത് തന്നെ ചിലവഴിച്ചില്ല, കാണാനിനിയും ബാക്കിയുള്ളത് കൊണ്ട് നടന്നു കൊണ്ടേയിരുന്നു.
നാലുഭാഗവും സഞ്ചാരയോഗ്യമായ റോഡുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്ലോക് ടവറാണ്, സർദാർ ഷഹറിലേത് (Ghanta Ghar ). 60 അടി ഉയരമുള്ള ഈ ടവറിന്റെ നാല് ഭാഗത്തും, സ്വിറ്റ്സർലാൻഡിൽ നിന്നും നിർമിച്ച ആംഗ്ലോ-സ്വിസ്സ് ക്ലോക്കുകളുണ്ട്. വെള്ള മാർബിളിനാൽ നിർമിച്ച ടവറിന്റെ നാല് ഭാഗത്തും തിരക്കേറിയ തെരുവുകളാണ്. ഇവിടുത്തെ സിൽവർ വർക്കുകളും, ഹാൻഡി ക്രാഫ്റ്റ്, വുഡ് ക്രാഫ്റ്റ് വർക്കുകളും പേര് കേട്ടതാണ്. വഴിയിലൊക്കെ ഒരുപാട് ഷോപ്പുകൾ കാണാം. കൂടെ വന്ന പലരും പല സാധനങ്ങളും വാങ്ങിക്കുന്നുണ്ട്. ഒരു ചെറിയ അമ്പലം കൂടി സന്ദർശിച്ച ഞങ്ങളെല്ലാവരും മടങ്ങി. ആ തെരുവിൽ നിന്ന് ഒരു മസാല ചായ കുടിക്കാനും മറന്നില്ല. ഒട്ടകങ്ങളും കുതിരകളും അലങ്കരിച്ച, പഴയ ഓട്ടോകൾ നിറഞ്ഞു നിന്ന റോഡുകൾ പഴയ ഏതോ കാലത്തെ ഓർമ്മിപ്പിച്ചു.
ഇനി വിട പറയൽ രംഗമാണ്. അതിനുമുൻപ് എല്ലാവരും അവരവരുടെ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ ഗ്രൂപ്പായി കൂടിയിരുന്നു. പലരും എങ്ങനെയായിരുന്നു ഈ നാല് ദിവസമെന്ന് അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വികാരതീവ്രമായ വിടവാങ്ങൽ തന്നെയായിരുന്നു. സത്യം പറഞ്ഞാൽ അവിടെ നിന്ന് തിരികെ പോരേണ്ട എന്ന് മനസ്സ് പറഞ്ഞു. നാല് ദിവസം എത്ര ഓർമ്മകളാണ് നൽകിയത്. വളരെ പെട്ടെന്ന് തീർന്നുപോയ പോലെ. സംഗീതസാന്ദ്രമായ ദിനങ്ങൾ ഇവിടെ അവസാനിക്കുകയാണ്. അമിയാണെങ്കിൽ കെട്ടിപ്പിടിച്ചു കരയുന്നു. "ഫിർ മിലെൻ ഗെ" പറഞ്ഞ് എല്ലാവരോടും ബൈ പറഞ്ഞു. ക്യാമ്പിന്റെ ഇടയ്ക്ക് ജയ്പൂരിൽ ഏതോ ഇറ്റലിക്കാരന് കൊറോണ റിപ്പോർട്ട് ചെയ്തിരുന്നു എന്ന് കേട്ടു. സ്പെഷ്യൽ പെർമിഷനോട് കൂടിയാണ് ഇവിടെ ഈ പരിപാടി നടന്നത്. കൊറോണ കാരണം പുഷ്കറിലേക്കുള്ള ഞങ്ങളുടെ യാത്ര മാറ്റി വെച്ചു. മൂന്ന് ദിവസം കഴിഞ്ഞാൽ എനിക്ക് പരീക്ഷയാണ്. അതുകൊണ്ട് ഡൽഹിയിൽ നിന്ന് ഫ്ലൈറ്റ് ബുക്ക് ചെയ്തിരുന്നു.

ജയ്പൂർ -ഡൽഹി ട്രെയിനിലായിരുന്നു. കൂടെ മൂന്ന് പേരുള്ളത് കൊണ്ട് ഞാൻ സുഖമായി ഉറങ്ങി. അവരാണെങ്കിൽ ഉറക്കമൊഴിച്ച് എനിക്ക് കാവലിരുന്നു എന്ന് പറയാം. ഏതായാലും മരം കോച്ചുന്ന തണുപ്പുമായാണ് ഈ മാർച്ച് മാസത്തിലും ഡൽഹി ഞങ്ങളെ വരവേറ്റത്. പുലർച്ച സമയമാണ്. പറഞ്ഞിട്ട് കാര്യമില്ല. പിന്നെ യൂബർ വിളിച്ചു സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് പോയി. നാളെ ഹോളിയാണ്, അതിന്റെ തയ്യാറെടുപ്പിലാണ് ഡൽഹി നഗരം. കൊറോണ റിപ്പോർട്ട് ചെയ്തത് കൊണ്ട് കുറച്ച് പേരൊക്കെ മാസ്ക് ധരിച്ചിട്ടുണ്ട്. ഏതായാലും എന്റെ പ്രണയനഗരം ഓരോ തവണ വരുമ്പോഴും എനിക്ക് ഓരോന്നായി കാത്ത് വെയ്ക്കാറുണ്ട്. ഈ നഗരത്തോട് ആത്മാവിനൊരു പ്രത്യേക ബന്ധം എപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ ആദ്യമായി മെട്രോയിൽ കയറിയത് ഡൽഹിയിൽ നിന്നാണ്. എന്റെ ആദ്യത്തെ വിമാനയാത്രയും ഇവിടെ നിന്ന് തന്നെ. തനിച്ചുള്ള യാത്രയായത് കൊണ്ട് കുറച്ച് ആശങ്കയുണ്ടായിരുന്നു, പക്ഷേ എപ്പോഴും ധൈര്യം തരാൻ കൂടെ സുഹൃത്തുക്കളുണ്ട്. പോകാൻ മനസ്സില്ലെങ്കിലും പോയല്ലേ പറ്റൂ... മനസ്സില്ലാമനസ്സോടെ ഡൽഹി നഗരത്തോടും പ്രിയപ്പെട്ടവരോടും ടാറ്റാ പറഞ്ഞു. ഇനി എന്നാണ് ഒരു തിരിച്ചു വരവ്..? അറിയില്ല, ഈ യാത്രയിൽ കണ്ടു മുട്ടിയ എല്ലാവരെയും ഇനി കാണുമോ..? അറിയില്ല, ഒന്നും. എന്നാലും ഹൃദയം നിറഞ്ഞ ഒരു മടക്കം.