മരണം
കുറച്ചു ഇൻട്രോ ആവിശ്യമാണ് ഈ കഥക്ക്. നീണ്ടു പോയാൽ ക്ഷമിക്കണം. അല്ല, സഹിക്കണം. കാരണം, മരണത്തെ കുറിച്ച് ചുരുക്കി എഴുതാനെനിക്ക് അറിയില്ല..!

I.
ഞാൻ ഇത്രയും എഴുതിയത് ഒരു കഥ എഴുതാനായിരുന്നു. എഴുതി എഴുതി ഇന്റെ എഴുത്തിൽ ഇനിക്കൊരു വിശ്വാസം വരുമ്പോ എഴുതാൻ മാറ്റിവെച്ച കഥ. ഇന്റെ ബട്ല ഹൗസിനെ കുറിച്ചുള്ള നോവലിന്റെ ആദ്യ അധ്യായം. ഇന്നിപ്പോ ഞാൻ എഴുതേണ്ടിയിരിക്കുന്നു, ഹാരിസ്ക്ക മൂപ്പരുടെ കണ്ണിലൂടെ ആ കഥ എഴുതി തുടങ്ങിയിരിക്കുന്നു. ഇനി ഇനിക്ക് പിടിച്ചു നിക്കാൻ പറ്റൂല. ഇന്റെ ആദ്യ മരണത്തെ പറ്റിയാണ്. അതെ, ഞാൻ ഒരിക്കൽ മരിച്ചതാണ്.

II.
2012 ജൂലൈയിലാണ് കഥ നടക്കുന്നത്. ആദ്യമൊരു മൂന്ന് മാസം പുറകോട്ട് പോണം. പ്ലസ്ടു കഴിഞ്ഞ സമയം. കടലുണ്ടി പുഴയുടെ സർവ്വേയ്ക്ക് ഞാനും ഫ്രണ്ട്സും ഒരു ടീമിന്റെ കൂടെ നടക്കുന്ന സമയത്താണ് റിസൾട്ട് വരുന്നത്. കടലുണ്ടി പുഴയുടെ തീരത്ത് ഒരു തെങ്ങിൻ തോട്ടത്തിൽ ചോറ് തിന്ന് ഇരിക്കുമ്പോയാണ് റിസൾട്ട് അറിയുന്നത്. അത്യാവിശ്യം നല്ല മാർക്ക് കിട്ടി. 90 ശതമാനം. 5 എ പ്ലസും ഒരു എ യും. കൊള്ളാം, പഠിപ്പി. ആര്? ഞാൻ തന്നെ..!
അതിന് ശേഷമാണ്, ഡിഗ്രിക്ക് പുറത്തേക്ക് എവിടേക്കെങ്കിലും പോണം എന്ന ഐഡിയ മനസിലേക്ക് വരുന്നത്. സന്തത സഹചാരിയായി റസിക്കുമുണ്ട് കൂടെ. ഇന്റെ ക്ലാസ്സ്മേറ്റും ക്വിസ് പാർട്ണറും. ഓന്റെ കാല് ഒടിഞ്ഞു കിടക്കുന്ന സമയത്ത് എറണാകുളത്തിലേക്ക് ട്രെയിനിൽ വലിഞ്ഞു കേറി പോയി, കെൽസയുടെ ലീഗൽ ക്വിസിൽ സംസ്ഥാനത്ത് സെക്കൻഡ് അടിച്ചതൊക്കെ ചരിത്രം..! ആ ഇടക്കാണ് തിരൂരിൽ നടക്കുന്ന ഒരു എഡ്യൂക്കേഷണൽ എക്സ്പോയുടെ വാർത്ത പത്രത്തിൽ ഞാൻ കാണുന്നത്. റാസിഖ്നെയും മുഹാഫിസിനെയും വിളിച്ചു പറഞ്ഞു. ഉച്ച ആവുമ്പോത്തിനും തിരൂർ എത്താനും പറഞ്ഞു. മുഹാഫിസ് എത്തിയില്ല. റാസിക്ക് എത്തിയെങ്കിലും കുറച്ചു നേരം വൈകി. ഞമ്മള് അവിടെ എത്തിയപോത്തിനും എക്സ്പോ തീർന്നു..!
സങ്കടത്തിൽ തിരിച്ചു നടക്കുമ്പോ, സംഘാടകന്മാരിൽ ഒരാൾ ഓടി വന്നിട്ട് പറഞ്ഞു.
"ക്ലാസ് എടുക്കാൻ വന്ന ആള് തിരൂരിൽ ഒരു ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ ഇങ്ങളെ മാഷിന്റെ അടുത്തേക്ക് കൊണ്ടുവാം. വെരി ന്റെ വണ്ടിന്റെ ബാക്കിൽ കേറി..."
പേരുപോലും ഓർമ്മയില്ലാത്ത ആ ഇക്കാക്ക ഞമ്മളെ ആ ട്രെയ്നറിന്റെ അടുത്തേക്ക് കൊണ്ടുപോയി ആക്കിത്തന്നു. ട്രെയ്നറിന്റെ അടുത്തുനിന്നാണ് ആദ്യമായി സെൻട്രൽ യൂണിവേഴ്സിറ്റികളെ പറ്റി കേക്കുന്നത്. അയാള് പറഞ്ഞ പ്രകാരം ഞമ്മള് ജാമിയ മില്ലിയ ഇസ്ലാമിയയിൽ ഡിഗ്രിക്ക് അപ്ലൈ ചെയ്തു. ബി എ പൊളിറ്റിക്കൽ സയൻസിന്. അന്ന് ഇന്നത്തെ പോലെ അപ്ലിക്കേഷൻ ഓൺലൈൻ ഒന്നുമല്ല. രണ്ട് ആഴ്ചക്ക് ഉള്ളിൽ അയച്ച അപ്പ്ളിക്കേഷന്റെ ഒരു കഷ്ണം പോസ്റ്റ് വുമൺ വീട്ടിൽ കൊണ്ട് തന്നു. അതിൽ സെന്റർ നമ്പർ 7 എന്ന് നീല മഷിയിൽ സ്റ്റാമ്പ് ചെയ്തു വെച്ചിട്ടുണ്ട്. എന്താണെന്നു മനസിലായില്ല. റാസിക്ക്നെ വിളിച്ചു നോക്കിയപ്പോ ഓൻക്കും വന്നിട്ടുണ്ട്.
ഓന്റെ പെര കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അടുത്തായത് കൊണ്ട് ഓൻ അത് അവിടത്തെ ഒരു മാഷിന് കാണിച്ചു കൊടുത്തു. ഓര് ജാമിഅയിലെ മൂപ്പരെ ഒരു സുഹൃത്തിനെ വിളിച്ചു കാര്യം എന്താണെന്നു ചോദിച്ചു. അപ്പോയാണ് അറിയുന്നത്, അത് എൻട്രൻസ് എഴുതാനുള്ള ഹാൾ ടിക്കറ്റ് ആണെന്ന്. എക്സാമിന് അധികം ദിവസം ഇല്ലാത്തതു കൊണ്ട്, ഞമ്മള് വേഗം തത്ക്കാൽ ടിക്കറ്റ് എടുത്തു. ഡൽഹിയിലേക്ക് പോവാൻ. അടുത്ത ദിവസത്തെ കേരള എക്സ്പ്രെസ്സിനു ഞാനും റസിക്കും ഒറ്റക്ക് ഡൽഹിയിലേക്ക് വണ്ടി കേറി. ഒരു ബാഗും അതിൽ ലേശം ഡ്രെസ്സും കുറച്ചു പൈസയും കൊണ്ടുള്ള ജീവിതത്തിലെ ആദ്യത്തെ ദീർഘദൂര യാത്ര..
III.
ഒന്നും അറിയാത്ത രണ്ട് പൊട്ടന്മാരുടെ ഡൽഹി പോക്ക്. താടി വെച്ചവർ എല്ലാരും ഭീകരവാദികൾ ആണെന്നും, ഡൽഹിയിൽ എപ്പോ വേണമെങ്കിലും ബോംബ് പൊട്ടാം എന്നും ഒക്കെ ആയിരുന്നു ഞമ്മളെ ധാരണകൾ എന്ന് പറയുമ്പോ ഇങ്ങക്ക് ഊഹിക്കാമെല്ലോ ഞമ്മളെ റേഞ്ച്..!
ഡൽഹിയിൽ ഞമ്മക്ക് പാർക്കാൻ ഇപ്പന്റെ ഒരു ഫ്രണ്ടിന്റെ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസ് ഇപ്പ സെറ്റ് ആക്കി തന്നിട്ടുണ്ട്. രണ്ടു ദിവസത്തെ യാത്രക്ക് ശേഷം ഞമ്മള് ഡൽഹിയിൽ വണ്ടി ഇറങ്ങി. മൂന്ന് മണിയായിട്ടും വേനൽ ചൂടിന് ഒരു ആക്കവുമില്ല. പ്ലസ്ടൂന് ഹിന്ദിയിൽ ഫുൾ മാർക്ക് ഉള്ളത് കൊണ്ട് ഞാൻ ഇന്റെ മുറി ഹിന്ദി പറഞ്ഞു റാസിക്കിനെ കൊച്ചാക്കാൻ തുടങ്ങി. ആദ്യമായി മരിക്കുന്ന അന്ന് വരെ ഈ ഓവർ ആക്കൽ ഞാൻ തുടർന്നുകൊണ്ടിരുന്നു..! മരിച്ചാ പിന്നെ ന്തെല്ലും ചെയ്യാൻ പറ്റോല്ലേ, അത് കൊണ്ട് നിർത്തി..!
ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഞമ്മളെ കൂട്ടാൻ ഉബൈദ് സിദിഖി എന്ന ഒരു സ്റ്റാഫിനെ ഇപ്പന്റെ ഫ്രണ്ട് ഏർപ്പാടാക്കിയിട്ടുണ്ട്. വണ്ടി ഇറങ്ങി ഒരുപാട് തവണ മൂപ്പരെ വിളിച്ചെങ്കിലും മൂപ്പരെ കിട്ടിയില്ല. കൊറച്ചു നേരം കഴിഞ്ഞപ്പോ മൂപ്പര് തിരിച്ചു വിളിച്ചു. ഉറുദുലാണ് സംസാരം. ഒന്നും മനസിലാവുന്നില്ല. ഇന്റെ ഹിന്ദിലെ ഫുൾ മാർക്ക്!! കോപ്പ്..! ഒരുപാട് ഗേറ്റുകൾ ഉള്ള, ഒരുപാട് പ്ലാറ്റുഫോമുകളുള്ള നെറച്ചും ആൾക്കാരുള്ള തിരക്കുള്ള വെല്യ സ്റ്റേഷൻ. ഇറങ്ങിയിട്ട് അന്ധാളിപ്പ് ഇത് വരെ മാറിയിട്ടില്ല. ഞാൻ പറഞ്ഞതിൽ നിന്നും എന്തൊക്കൊ മനസിലായിട്ടാണെന്നു തോന്നുന്നു, ഉബൈദ് ഞമ്മളെ കണ്ടെത്തി.
ഒരു ആജാനബാഹു. പേടി തോന്നിയ റാസിക്ക് ഇന്നെ തോണ്ടി. ഒന്നൂടെ ആ നമ്പറിലേക്ക് വിളിക്ക്. വിളിച്ച് ഉറപ്പ് വരുത്ത്. സംശയം തോന്നി ഞാൻ വിളിച്ചു മൂപ്പരെ കയ്യിലിരുന്ന് ഫോൺ റിങ് ചെയ്തപ്പോ, കട്ട് ചെയ്തു. ചെറിയ ഒരു ആശ്വാസം. ഫോണിലേക്ക് നോക്കി, ഉബൈദ് ഭായ് തിരിച്ചു ഞമ്മളെയും നോക്കി. ഞമ്മള് ഇളിഞ്ഞ ചിരി പാസ്സാക്കി. ബോസിന് കാര്യം പിടികിട്ടിയെന്നു തോന്നുന്നു. മൂപര് അന്ന് ഞമ്മക്ക് പാഹാഡ്ഗഞ്ചിൽ ഒരു ഹോട്ടലിൽ റൂം എടുത്തു തന്നു. പുറത്ത് ഇറങ്ങേണ്ടാന്നും ഭക്ഷണം ഹോട്ടലിനു തന്നെ ഓർഡർ ചെയ്തു കഴിച്ചാൽ മതിയെന്നും പറഞ്ഞു. രാവിലെ എട്ടു മണിക്ക് തന്നെ എത്താമെന്നു പറഞ്ഞ് ഉബൈദ് ഭായ് പോയി.
കുറച്ചു കഴിഞ്ഞപ്പോ ഞമ്മള് കുളിച്ച് ഫ്രഷായി പുറത്തേക്ക് നടക്കാൻ ഇറങ്ങി. വഴി തെറ്റി പോവേണ്ടെന്നു കരുതി ഒരു ചായ കുടിച്ച് പെട്ടെന്ന് തന്നെ തിരിച്ചു കേറി. രാത്രി ഫുഡ് ഹോട്ടലിൽ നിന്നും ഓർഡർ ചെയ്തു കഴിച്ചു. രാവിലെ കൃത്യ സമയത്ത് ഉബൈദ് ഭായ് വന്നു. അന്നായിരുന്നു ജാമിഅഃയുടെ എൻട്രൻസ് എക്സാം. ജാമിയയിലേക്ക് 894, ഓഖ്ല ഗാവ് എന്ന് എഴുതിയ ലോ ഫ്ലോർ ബസിൽ ഞമ്മള് കേറി. മുക്കാമണിക്കൂർ നീണ്ട ഓട്ടത്തിന്റെ ഒടുവിൽ ഞമ്മള് ജാമിഅയിൽ ബസിറങ്ങി. മെയിൻ റോഡിന്റെ ഇരുവശങ്ങളിലായി പരന്നു കിടക്കുന്ന ജാമിയ. റോഡിന്റെ നടുവിലൂടെ പോവുന്ന ഡിവൈഡറിൽ മൊത്തം വെല്യ മരങ്ങൾ.
ഉറുദു ഡിപ്പാർട്മെന്റിൽ വെച്ചായിരുന്നു ഞമ്മളെ എക്സാം. എക്സാം കഴിയുന്നത് വരെ ഉബൈദ് ഭായ് പൊരി വെയിലത്തു ഞമ്മളെ കാത്തിരുന്നു. എക്സാം കഴിഞ്ഞതും ഞമ്മള് മൂപ്പരെ കൂടെ പശ്ചിം വിഹാറിലുള്ള ഓരുടെ ഓഫീസിലേക്ക് കൂടി പോയി. എത്ര ബസ് കേറിയെന്നോ എങ്ങനെ അവിടെ എത്തിയെന്നോ ഒന്നും ഇപ്പോളും ഒരു പിടിയുമില്ല. പിന്നീടുള്ള ദിവസങ്ങളിൽ ഓരെ ഓഫീസിലായിരുന്നു.
അന്ന് വെയ്നേരം ഞാനും റാസിക്കും ഓഫീസിന്റെ അടുത്തുള്ള ഒരു ചിക്കൻ ഫ്രൈഡ് റൈസ് കട കണ്ടുപിടിച്ചു. ഉന്തുവണ്ടിയിൽ തെരുവിൽ വെച്ച് വിക്കുന്ന ഒരു തട്ടുകട. അവിടെന്ന് അന്ന് 120 രൂപക്ക് വാങ്ങി കാഴ്ച ഫുൾ ചിക്കൻ ഫ്രൈഡ് റൈസിനെ വെല്ലുന്ന മറ്റൊരു ഫ്രൈഡ് റൈസ് ഞാൻ പിന്നീട് തിന്നിട്ടില്ല. അടുത്ത ദിവസവും ടിക്കറ്റ് കിട്ടാത്തത് കൊണ്ട് അവിടെ തന്നെ നിന്നു. രാത്രി വീണ്ടും അതേ ഫ്രൈഡ് റൈസ് കഴിച്ചു. രണ്ടാൾക്ക് പള്ള നെറച്ചും കഴിക്കാൻ ഉണ്ടായിരുന്നു അത്. ഇത് എഴുതുമ്പോ പോലും ആ രുചി നാവില് കിട്ടുന്നുണ്ട്. കപ്പലോടാനുള്ള വെള്ളം നിറയുന്നുണ്ട്.
പിന്നീട് ഇത്രയും കാലം ഡൽഹിയിൽ നിന്നിട്ടും ഞാനും ഓനും പശ്ചിം വിഹാറിൽ പോയിട്ടില്ല. എന്നെങ്കിലും അവിടെ പോയി ഉബൈദ് ഭായ്നെ കാണണമെന്നും ആ ഫ്രൈഡ് റൈസ് തിന്നണമെന്നും ഞമ്മള് ഇടക്ക് പറയും... ഇനി എന്തായാലും പോണം, അത്രക്ക് ഓർമ്മ വരുന്നു.
അടുത്ത ദിവസവും ടിക്കറ്റ് കിട്ടിയില്ല. അങ്ങനെ രണ്ടും കല്പിച്ച് ഞാനും ഓനും മംഗളയുടെ ജനറൽ കംപാർട്മെന്റിൽ കേറി. ഒരോ സ്റ്റോപ്പിൽ നിർത്തിപ്പോവുന്ന സാധാരണക്കാരുടെ സൂപ്പർ ഫാസ്റ്റ് എക്സ്സ്പ്രസ്സാണെല്ലോയത്. ആദ്യമായാണ് അത്രക്ക് ദൂരം ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യുന്നത്. അതുകൊണ്ടു തന്നെ കയ്യിൽ ഒന്നും കരുതാനുള്ള വിവരം അന്നുണ്ടായിരുന്നില്ല.
ഇന്ത്യയുടെ ഒരു പരിച്ഛേദമാണ് ഒരോ സെക്കന്റ് ക്ലാസ്സ് കംപാർട്മെന്റുകളെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവൂല. ഞമ്മളെ രാജ്യത്തെ ജനസംഖ്യയുടെ പെരുപ്പം ജനറലിൽ കാണാം. സാധാരണക്കാരിൽ സാധാരണക്കാരാണ് ഇത്തരം കമ്പാർട്മെന്റിലെ ഒരോ യാത്രക്കാരും. പലരും ജോലി തേടിയുള്ള യാത്രയിലാണ്. ജോലി കഴിഞ്ഞു തിരിച്ചു സാധനങ്ങളും കുടുംബവും കുട്ടികളുമായി അടുത്ത സ്ഥലത്തേക്ക് പോകുന്നവരുമുണ്ട്. പല കാര്യത്തിനായി പല ഭാഗത്തേക്ക് പോകുന്ന പലജാതി ആൾക്കാർ. ഭാഗ്യത്തിന് അന്ന് സൈഡ് സീറ്റ് കിട്ടി.
ട്രെയിൻ വന്നു നിക്കുമ്പോൾ വലിഞ്ഞു കേറണം. ഒരുവിധം തിക്കിത്തെരക്കി ഉള്ളിലേക്ക് കേറി, സീറ്റ് കിട്ടാൻ വേണ്ടിയുള്ള ഒരു മരണപ്പാച്ചിലുണ്ട്. മുകളിൽ സാധനം വെക്കാനുള്ള സ്ഥലത്ത് കേറിക്കിടക്കും ചില വിരുതന്മാര്.
യാത്ര തുടങ്ങി ഉത്തരേന്ത്യൻ വേനൽ ചൂടിന്റെ ഊക്കിൽ, പെട്ടെന്ന് ഞാനും ഓനും വാടിയുണങ്ങി. കയ്യിൽ കരുതിയ രണ്ടു കുപ്പി വെള്ളവും ആ ചൂടിൽ വലിച്ചു കുടിച്ചു ദാഹം അകറ്റാൻ നോക്കി. ആഗ്ര എത്തും മുന്നെ എല്ലാം തീർന്നു. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയാൽ പോലും എണീക്കാൻ പറ്റാത്ത അവസ്ഥ. ഒന്ന് പൊന്തിയാൽ വേറെ ആള്ക്കാര് കേറിയിരിക്കും. ഓരോട് തിരിച്ചൊന്നും പറയാൻ ഉള്ളത്ര ഹിന്ദിയോ ഉർദുവോ കയ്യിൽ സ്റ്റോക്കില്ല. നിർത്തിയ സ്റ്റേഷനിൽ അത്രയും പ്ലാറ്റഫോം ഞമ്മള് ഇരിക്കുന്ന ഭാഗത്തിന്റെ എതിരായിരുന്നു. ട്രെയിൻ ജാൻസിയും കഴിഞ്ഞു കുതിച്ചു പായുന്നു. തൊണ്ട വറ്റി ദാഹിച്ച്, നരക സമാനമായ ചൂടിൽ കൊയങ്ങി ഞമ്മള് രണ്ടാളും.
രാവിലെ ഒമ്പതു മണിക്ക് നിസാമുദ്ധീനിൽ നിന്നും എടുത്തതാണ് വണ്ടി. ഇപ്പോ സമയം ഒരുപാടായി. ആറ് ആറര ആയിട്ടും സൂര്യൻ അസ്തമിക്കാൻ ഒട്ടും താല്പര്യം പ്രകടിപ്പിക്കുന്നില്ല. ഉച്ചക്ക് ഒരുമണിക്ക് ആഗ്ര വിട്ടതിനു ശേഷം ഒരു തുള്ളി വെള്ളം കിട്ടിയിട്ടില്ല. ഭോപാലാണ് പ്രതീക്ഷ. രാത്രി 9 മണിക്കേ എത്തൂ. ചിലപ്പോ ലേറ്റും ആവാം. പറയാൻ പറ്റൂല. ഇന്ത്യൻ റെയിൽവേ അല്ലേ..!
അങ്ങനെ ഏഴു മണി ആയപ്പോത്തിനും ഇന്റെ കഥ ഏകദേശം തീരാറായിരുന്നു. ഓൻ ഉറങ്ങിപ്പോയി. കൊയങ്ങി ആണോ എന്നറിയില്ല. ചോദിക്കാൻ പോയില്ല. അവസാനം പിടുത്തം വിടുമെന്നായപ്പോ സീറ്റിൽ നിന്നും എണീറ്റു. ബാത്റൂമിലേക്ക് നടന്നു. നടന്നെന്ന് പറയാൻ പറ്റൂല. അടിയിൽ സൂചികുത്താൻ സ്ഥലമില്ല. സീറ്റില്ലാത്തവരെല്ലാം അടിയിൽ ഇരിക്കുകയാണ്. ഒരോ സീറ്റിന്റെയും ഇടുക്കിൽ കാലു വെച്ച് ഞാൻ സർക്കസ് അഭ്യാസിയെ വെല്ലും വിധം ചാടിക്കടന്ന് കക്കൂസിന്റെ അടുത്തെത്തി. കക്കൂസിൽ പോലും ആൾക്കാരാണ്. അവരുടെ മുന്നിൽ നിന്നു കൊണ്ട് മൂത്രം ഒഴിക്കാം. അത്രേള്ളൂ. വേണമെങ്കിൽ മതി.
പക്ഷേ ഞാൻ പോയത് മൂത്രം ഒഴിക്കാൻ ആയിരുന്നില്ല. വെള്ളം കുടിക്കാനായിരുന്നു. അല്ലേലും മൂത്രമൊഴിക്കാൻ ലേശം വെള്ളമൊക്കെ വേണ്ടേ ശരീരത്തിൽ. ചൂടുകാരണം മേത്തെ ജലാംശം മൊത്തം ആവിയായ ചെക്കനല്ലേ ഞാൻ. വെള്ളം കുടിച്ചു. അത്രക്ക് ആർത്തിയിൽ നോമ്പ് തുറക്കുമ്പോ പോലും ഞാൻ വെള്ളം കുടിച്ചു കാണില്ല. എത്ര കുടിച്ചിട്ടും മതിയാവാതെ, വീണ്ടും വീണ്ടും കുടിച്ചു. അവസാനം ദാഹം നിന്നെന്നു തോന്നിയ ഘട്ടത്തിൽ നിർത്തി മൊഖം കഴുകി വീണ്ടും സർക്കസ്കാരനെ പോലെ സീറ്റിലേക്ക്. ഭാഗ്യത്തിന് ആരും അവിടെ ഇരുന്നിരുന്നില്ല.
എത്ര തെരക്ക് ഉണ്ടെങ്കിലും, ജനറലിൽ ഒരാൾ വന്നയാളുടെ സീറ്റുറപ്പിച്ചാൽ വേറെയൊരാൾ അത് കൈക്കലാക്കിയില്ല എന്ന അലിഖിത നിയമം, അടുത്ത ഒരുപാട് യാത്രകളിലൂടെയാണ് മനസിലാവുന്നത്.
ഒരുപാട് വൈകി ട്രെയിൻ ഭോപ്പാലിൽ 11 മണിയോട് അടുക്കുമ്പോഴാണ് എത്തുന്നത്. അവിടുന്ന് കൊറേ വെള്ളക്കുപ്പിയും ഭക്ഷണവും വാങ്ങി തിന്നു. വിശപ്പ് കെട്ടപ്പോ സീറ്റിൽ തന്നെ കിടന്നുറങ്ങി. രാവിലെ ട്രെയിൻ ഇഗത്പുരിയിൽ എത്തിയപ്പോഴാണ് അറിയുന്നത്. ഇന്റെ അടുത്ത് ആ ഒറ്റ സീറ്റിൽ, ഒറ്റ ചന്തി വെച്ച് ഒരാൾ ഇരിക്കുന്നു. റാസിക്കിന്റെ അടുത്തും അതുപോലെ വേറൊരാൾ. ചെറുപ്പക്കാരാണ്. ഞാൻ ചിരിച്ചു ഓരും. പൂരി തിന്നപ്പോ ഓര് ഞമ്മക്കും തന്നു. ഞമ്മള് വെള്ളം കൊടുത്തു.
കൊങ്കണിൽ എത്തിയപ്പോ ചൂട് പോയി, മഴയും കാറ്റും വന്നു. ആകെ തണുത്തു. തണുത്തു ഞമ്മള് ഓരോ വട്ടവും ജനവാതിൽ അടക്കുമ്പോഴും അവര് കാറ്റു വരുന്നില്ലയെന്ന് പറയും. അതങ്ങനെ അവര് ഇറങ്ങുന്നത് വരെ തുടർന്നു. കാറ്റിനായി കൊതിച്ച അവരെ ഞമ്മള് ഹവാ ഭായിമാരെന്നു വിളിച്ചു പോന്നു.
IV.
നാട്ടിലെത്തി. പുതിയ പാഠങ്ങളുമായി. ഇമ്മന്റെ ഭക്ഷണത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു. അതറിയാൻ കൊറച്ചു ദിവസം വീട്ടിൽ നിന്നും മാറി നിന്നാ മതി..! കുറച്ചു ദിവസത്തിനുള്ളിൽ ജാമിഅഃയുടെ ഇന്റർവ്യൂ ലിസ്റ്റ് വന്നു. മുകളിലും താഴെയുമായി ഇന്റെയും ഓന്റെയും പേരുകളുണ്ട്. വീണ്ടും ഡൽഹിയിലേക്ക് പോണം ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം...
അടുത്ത യാത്ര കേരള സമ്പർക്ക ക്രാന്തിയിലായിരുന്നു. ഇപ്പയും കൂടെ വന്നു. ആ യാത്രയിലാണ് ജാമിഅയിൽ മലയാളി പഠിക്കുന്നുണ്ടെന്നു മനസിലാവുന്നത്. ഞമ്മളെ തൊട്ട അടുത്തെ സീറ്റിൽ അവിടെ പഠിക്കുന്ന ഒരാളുണ്ടായിരുന്നു. ജവാദ് ഭായ്, മൂപ്പരെ കൂടെ ഒരു ചെങ്ങായിയും, ഹൈദർ. മൂപ്പര് ജാമിഅയിൽ എം എ പീസ് ആൻഡ് കോൺഫ്ലിക്റ് പഠിക്കുകയാണ്. ഇപ്പയും ജവാദ്ക്കയും ഫുള്ള് കമ്പനിയായി. നിസാമുദീൻ എത്തുന്നതിന് മുന്നെ വണ്ടി ക്രോസിങ്ങ്ന് ഓഖ്ലയിൽ നിർത്തിയപ്പോ ഓര് രണ്ടാൾക്കാരും അവിടെ ഇറങ്ങി. ഞമ്മള് നിസാമുദീനിൽ ഇറങ്ങി ദർഗ്ഗയുടെ അടുത്ത് റൂമെടുത്തു.
ജൂണിലെ ചൂടിൽ ഡൽഹി ചുട്ടു പൊള്ളുകയായിരുന്നു. ഞമ്മള് നിക്കുന്നത് ആ ഹോട്ടലിലെ നാലാം നിലയിലായിരുന്നു. റൂമിന്റെ ഉള്ള് ശരിക്കും നരകം പോലെ തോന്നിപ്പിക്കും തരത്തിൽ വിങ്ങുന്നുണ്ട്. രാത്രി തിന്ന ചിക്കന്റെ ചൂടും കൂടി കൂട്ടിയാൽ പിന്നെ പറയേണ്ടല്ലോ അവസ്ഥ. രാത്രിയിൽ വിരിപ്പാക്കെ ഞമ്മളെ വിയർപ്പുകൊണ്ട് നനഞ്ഞു കുതിർന്നു. ഒറക്കം കിട്ടിയതേയില്ല. ഇടക്ക് ഇടക്ക് ഞമ്മള് മൂന്നാളും ബാത്ത് റൂമിൽ പോയി വെള്ളം മുക്കി മെത്തേക്ക് ഒഴിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ എപ്പോളോ നേരം വെളുത്തു. അല്ല, വെള്ളം കോരി ഒഴിച്ച് വെളുപ്പിച്ചു.
രാവിലെ എണീറ്റ് ഞമ്മള് ജാമിഅയിലേക്ക്, ബസ് കേറി. ഞമ്മള് ഇന്റർവ്യൂന് പോയ സമയത്ത്, ഇപ്പ പുറത്തിരുന്നു. സോഷിയോളജി ഡിപ്പാർട്മെന്റിന്റെ മുന്നിലെ ആ ബെഞ്ചിന് പഞ്ചാര മുക്ക് എന്ന് പേരിടുന്നതിന്റെ ഒരുപാട് മുന്നേ. അവിടെ വെച്ചാണ് ജാമിഅയിൽ മലയാളികൾ ഉണ്ടെന്നും അവർക്ക് സ്മൃതി എന്ന പേരിൽ ഒരു സംഘടനയുണ്ടെന്നും ഒക്കെ ഞമ്മള് അറിയുന്നത്. ഇന്റർവ്യൂ കഴിഞ്ഞു വരുമ്പോഴാണ് സമീർക്കയെയും ജാഫർക്കയെയും ആദ്യമായി കാണുന്നത്. ഇന്റർവ്യൂ കിട്ടി വരുകയാണെങ്കിൽ സ്മൃതി എടുത്ത റൂമിൽ നിക്കാമെന്നും അവര് പറഞ്ഞു.
ഒരു ദിവസം കൂടെ ഡൽഹിയിൽ തങ്ങി ഞമ്മള് നാട്ടിലേക്ക് തിരിച്ചു. അതിന്റെ ഉള്ളിൽ ദര്യഗഞ്ചിലെ ഞായറാഴ്ചകളിലെ ബുക്ക് മാർക്കറ്റും ഇപ്പ കൊണ്ടുപോയി കാണിച്ചു തന്നു. കിലോമീറ്ററുകളോളം പഴേ പുസ്തകങ്ങൾ തെരുവിൽ ചുരുങ്ങിയ വിലക്ക് വിൽക്കുന്ന ബുക്ക് മാർക്കറ്റ് അന്നും ഇന്നുമെനിക്കൊരു അത്ഭുതമാണ്. അതിലുപരി, ഡൽഹിയിലെ ഇന്റെ ഇഷ്ടപെട്ട സ്ഥലങ്ങളിൽ ഒന്നാണ്.
V.
ഞാനും വേവും ഇപ്പോ നിക്കുന്ന റൂമിന്ന് രാത്രിയാവുമ്പോ, എല്ലാ ഒച്ചയും നിക്കുമ്പോ, ശ്രദ്ധിച്ചാൽ ദൂരെ നിന്ന് ട്രെയിൻ പോവുന്ന ഒച്ച കേക്കാം.. നാട്ടിലെ പോലെ... ഓഖ്ല റെയിൽവേ സ്റ്റേഷൻ ഇവിടെ അടുത്താണ്. ജാമിഅയിൽ അഡ്മിഷൻ കിട്ടിയിട്ട് വരുമ്പോ, വന്ന് വണ്ടിയിറങ്ങുന്നത് അവിടെയാണ്. കെട്ടും മാറാപ്പുമായി, ഞാനും റാസിയും.
ഇന്റർവ്യൂവിന് വന്നപ്പോ ജവാദ്ക്കയും ഹൈദർക്കയും ആണ് നിസാമുദീന് തൊട്ട് മുന്നേയുള്ള, ജാമിഅക്ക് അടുത്തുള്ള ഈ ലോക്കൽ സ്റ്റേഷനെ പറ്റി പറഞ്ഞു തന്നത്. ഇവിടെ ചെലപ്പോ ക്രോസിങ്ങിനോ, സിഗ്നൽ കിട്ടാഞ്ഞാലോ ജസ്റ്റ് ഒന്ന് നിർത്താറുണ്ട് വെല്യ ദീർഘ ദൂരവണ്ടികൾ ഒക്കെ. അങ്ങനെ ആവുമ്പോ ജാമിഅക്ക് പോവാൻ അതാണ് ഏളുപ്പം. പെട്ടെന്ന് എത്താം. മാത്രവുമല്ല എഴുപത് രൂപ തൊട്ട് മുകളിലോട്ടുള്ള കത്തി ഓട്ടോ ചാർജും ലാഭം. ഓല് അന്ന് പറഞ്ഞത് കേട്ടതാണെന്ന് തോന്നുന്നു. ഓല് വണ്ടി സ്ലോ ആക്കിയപ്പോ അവിടെ ഇറങ്ങിയെങ്കിലും, പക്ഷേ ഞമ്മക്ക് ആ വട്ടം ഇറങ്ങാൻ പറ്റീല.
ഇന്റർവ്യൂ കഴിഞ്ഞ് അഡ്മിഷൻ കിട്ടി ജാമിഅയിൽ ചേരാൻ വരുന്ന നേരത്ത് ഞമ്മളെ ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ വണ്ടി സിഗ്നൽ കിട്ടാതെ ഓഖ്ല റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്നത്. പരമ്പരാഗത പിശുക്കൻമാരായ ഞങ്ങൾ, ഉള്ള ബാഗുമെടുത്ത് അവിടെ ചാടിയിറങ്ങി.
ജൂലൈ മാസത്തെ ചൂട്. നട്ടുച്ച. വരണ്ട ചുറ്റുപാട്. അധികം ആൾക്കാറില്ല. ഏറെക്കുറെ വിജനമായ സ്റ്റേഷൻ പരിസരം. ഓഖ്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങീട്ട് കിഴക്കോട്ടോ പടിഞ്ഞാറോട്ടോ പോവേണ്ടത് ജാമിഅക്ക്?! ഞമ്മക്കുണ്ടോ അതൊക്കെ അറിയുന്നു. വെല്യ പെട്ടിയും വലിച്ചു ഏത് സൈഡിലേക്ക് പോവും? അത്യാവശ്യത്തിൽ അധികം കനമുണ്ട് ബാഗും സാധനങ്ങളും ഒക്കെക്കൂടെ. രണ്ടാളുടെയും. മെയിൻ ഭാഗം പടിഞ്ഞാറായിരുന്നു. റാസി ഓട്ടോ കിട്ടോന്ന് നോക്കാൻ ഓവർ ബ്രിഡ്ജ് കയറി ആ സൈഡിൽ പോയി നോക്കി. ഞാൻ സാധനങ്ങൾക്ക് കാവൽ നിന്നു.
ആ സൈഡിൽ ഒന്നും കാണാൻ ഇല്ലെന്നും പറഞ്ഞ് കൊറച്ചു നേരത്തിനുള്ളിൽ ഓൻ തിരിച്ചെത്തി. അപ്പുറത്തെ സൈഡ് കൂടിയൊന്ന് നോക്കി വരാമെന്ന് പറഞ്ഞു ഓൻ പോയി. ഒരുപാട് ദൂരം നടന്ന് അവിടെയും പോയിനോകീട്ട് അതെന്നെ അവസ്ഥ. വെയിലുകൊണ്ട് ഓനും ഞാനും കൊയങ്ങി. ഏതു നേരത്താണോ ഈ നശിച്ച സ്റ്റേഷനിൽ ഇറങ്ങാൻ തോന്നിയതെന്നും പറഞ്ഞ് മനസ്സിൽ പിരാകി. ഓനും പ്രാകിക്കാണും. അത്രക്ക് ക്ഷീണിച്ചീനി രണ്ടാൾകാരും.
കുറച്ച് നേരം റസ്റ്റ് എടുത്ത് രണ്ടും കൽപ്പിച്ച്, പെട്ടിയും ചൊമന്ന് നടന്നു. അടുത്തൊന്നും ഒരീച്ച പോലുമില്ല ഒന്ന് ചോയിക്കാൻ. എങ്ങനെക്കോ, പ്ലാറ്റ്ഫോമും പാളവും മുറിച്ച് കടന്ന് പുറത്തേക്കുള്ള വഴി എത്തിയപ്പോളൊരു സൈക്കിൾ റിക്ഷ കിട്ടി. മുൻജന്മ സുകൃതം! അല്ലാതെന്താ പറയാ... അതിൽ പെട്ടിയും കേറ്റിവെച്ച് ഗഫാർ മൻസിലിലെ സ്മൃതിയുടെ റൂമിലേക്ക്.
VI.
ഓഖ്ല മോഡിൽ നിന്നും ജുലെനയിയിലേക്ക്, അവിടെന്ന് ജാമിഅയുടെ മുന്നിലൂടെ, റിക്ഷകാരൻ സൈക്കിൾ ആഞ്ഞു ചവിട്ടുന്നു. ഗഫാർ മൻസിലിലേക്കുള്ള വിജനമായ റോഡിലേക്ക് റിക്ഷ കേറി. തീർത്തും പുതിയ സ്ഥലം. അപരിചിതത്വം. ഒരു ഭാഗത്ത് പന്നിക്കാടും അവിടത്തെ മുൾച്ചെടികളും, മറുഭാഗത്ത് ജാമിയ. ഗഫാർ മൻസിൽ ഗല്ലി നമ്പർ ഒന്ന് എന്ന് കണ്ടപ്പോ ഫോൺ എടുത്തു സമീർക്കനെ വിളിച്ചു നോക്കി. മൂപ്പര് ലൈബ്രറിയിലാണെന്നും ഇവനെ വിളിച്ചാൽ മതിയെന്നും പറഞ്ഞ് ഒരു നമ്പർ അയച്ചു തന്നു. മെസ്സേജ് വന്നു. ആ നമ്പറിലേക്ക് ഡയൽ ചെയ്തു.
"ഹലോ, റൂമിലേക്കുള്ള വഴി ഒന്ന് പറഞ്ഞു തെരോ, സമീർക്ക പറഞ്ഞിട്ട് വിളിക്കാണ്."
"ഇപ്പോ എവിടെയാണ് ഉള്ളത്?"
"ഞമ്മള് ഇപ്പോ ഗല്ലി നമ്പർ ഒന്ന് പാസ്സ് ചെയ്തു."
"എട്ടാം നമ്പർ ഗല്ലിയിൽ ഇറങ്ങീട്ട് വിളിക്ക്."
"ഒക്കെ."
കുറച്ചു കൂടെ മുന്നിലേക്ക് പോയിട്ട് ഒരു കെമിസ്റ്റ് ഷോപ്പിന്റെ അടുത്ത് റിക്ഷ നിന്നു. ഡൽഹിയിൽ മരുന്നു ഷോപ്പുകൾക്ക് കെമിസ്റ്റ് ഷോപ്പ് എന്നാണ് പറയാ... ഞമ്മള് ബാഗുകളുമായി ഇറങ്ങി. ഇരുപത് രൂപ കൊടുത്തു. ആ നമ്പറിലേക്ക് തന്നെ വീണ്ടും വിളിച്ചു. വീണ്ടും അവൻ വഴി പറഞ്ഞു തന്നു. എന്നിട്ടും വഴി തെറ്റി.
വീണ്ടും വിളിച്ചു. ഇറങ്ങിയോടത്തേക്ക് തന്നെ വരാൻ പറഞ്ഞു. ബാഗുമായി റെയിൽവേ സ്റ്റേഷനിൽ വെച്ചു തന്നെ ഞമ്മള് ഒരു പരിവം ആയിട്ടുണ്ട്, അതിന്റെ ഇടക്കാണ് ഓന്റെ ഒരു പട്ടി ഷോ. ഹംക്ക് എന്ന് മനസ്സിൽ വിളിച്ചു.
ഒന്നൂടെ ഓൻ വഴി പറഞ്ഞു തന്നു. ഈ വട്ടം ഗലി തെറ്റിയില്ല. കുറച്ച് ഉള്ളിലേക്ക് എത്തിയപ്പോ, റൂമിന്റെ ബാൽക്കണിയിൽ നിന്നും ചിരിച്ചു കൊണ്ട് ഒരുത്തൻ ഞമ്മളെ മാടി വിളിക്കുന്നു. അവസാനം റൂമിലെത്തിയിരിക്കുന്നു. സ്തുതി... എത്ര ഗ്ലാസ് വെള്ളം കുടിച്ചൂന്ന് ഓർമ്മയില്ല. അത്രക്ക് ദാഹിച്ചിരുന്നു...
ഓന്റെ പേര് അബ്ദുള്ള. തിരുവനന്തപുരംകാരനാണ്. ബോസ് റൂമിന് താഴേക്ക് ഇറങ്ങി വരാതെ ഇറക്കിയത് ഷോ ആയിരുന്നില്ല പോലും, ഞമ്മക്ക് ഇനി ഒരിക്കലും റൂമിലേക്കുള്ള വഴി തെറ്റാതെ ഇരിക്കാനുള്ള ക്ലാസ്സായിരുന്നു പോലും ഈ കഴിഞ്ഞത്. ഇനി ഇതുപോലത്തെ എന്തൊക്കെ കാണണം ഇന്റെ പടച്ചോനെ..! ഓനും ഞമ്മളെപോലെ ജാമിഅയിൽ അഡ്മിഷൻ എടുക്കാൻ വന്നതാണ്. എന്നിട്ടാണ് ഓന്റെയൊരു ഷോ. പക്ഷെ, അതിന്റെ ഗുണം പിന്നെയാണ് മനസിലായത്. പിന്നീട് ഒരിക്കലും ആ റൂമില്ലേക്ക് ഉള്ള വഴി ഞമ്മക്ക് തെറ്റിയിട്ടില്ല.
VII.
അടുത്ത ദിവസം രാവിലെ, ജൂലൈ 9, അഡ്മിഷൻ എടുക്കാൻ ഞമ്മള് രണ്ടാളും അബ്ദുള്ളയെയും കൂട്ടിക്കൊണ്ട് പോയി. ലാസ്റ് ഡേറ്റ് ആണ്. ഓൻ മുന്നേ തന്നെ അഡ്മിഷൻ എടുത്തത് കൊണ്ട് ഓന്ക്ക് അതിന്റെ പരിപാടി ഒക്കെ നന്നായി അറിയാം. അത്യാവശ്യം ഹിന്ദിയും പറയും ഓൻ. അപ്പോ പിന്നെ ഓനെ കൂടെ കൊണ്ട് പോവാതിരിക്കാൻ കഴിയൂലല്ലോ.
ആദ്യത്തെ ചടങ്ങ് എം എ അൻസാരി ഹെൽത്ത് സെന്ററിൽ പോയി മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാ എന്നുള്ളതാണ്. കേട്ടിട്ട് പേടിക്കൊന്നും വേണ്ട. സംഗതി സിമ്പിൾ ആണ്. ഒന്നാം നിലയിലുള്ള സീനിയർ ഡോക്ടറിന്റെ ഒപ്പ് വാങ്ങാൻ, പടികൾ കേറാൻ പറ്റുന്ന ആർക്കും അപ്പം തന്നെ പടച്ചു കിട്ടും നല്ല ജീവനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
അന്നൊക്കെ ഹെൽത്ത് സെന്റർ, ഫൈൻ ആർട്സ് ഡിപ്പാർട്മെന്റ് ഗേറ്റിന്റെ ഉള്ളിലായിരുന്നു. പിന്നീടാണ്, ഡെന്റൽ ഡിപ്പാർട്മെന്റിന്റെ ബാക്കിലേക്ക് അത് മാറ്റുന്നത്.
അതിനു ശേഷം ജാമിഅഃയുടെ ബോയ്സ് ഹോസ്റ്റലിലേക്ക് പോവുന്ന ഗേറ്റിന്റെ ബാക്കിലെ ബുക്ക് സ്റ്റാളിൽ പോയി. അവിടെന്നാണ് ആന്റി റാഗിങ് അഫിഡവിറ്റ് ഉണ്ടാക്കി കിട്ടാ. അവിടെ പോയി അഫിഡവിറ്റ് ഉണ്ടാക്കി. ഇന്റെയും ഇപ്പന്റെയും ഒപ്പ് ഞാൻ തന്നെ വെക്കുന്ന മറ്റൊരു മനോഹരമായ ആചാരമാണ് അത്..!
പിന്നീട് നേരെ ഡിപ്പാർട്മെന്റിലേക്ക് പോയി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഒക്കെ പെട്ടെന്ന് തീർന്നു. ഫീ സ്ലിപ് തന്നിട്ട് ഓഫീസിലെ സ്റ്റാഫ്, ഇമ്രാൻ ഭായ് ചലാൻ അടച്ചു വരാൻ പറഞ്ഞു. ഇന്ത്യൻ ബാങ്കിൽ പോയി അഡ്മിഷൻ ഫീസ് അടച്ചു. നാലായിരത്തി ചിലാനം റുപ്പ്യ. തിരിച്ചു സ്ലിപ് ഡിപ്പാർട്മെന്റിൽ കൊണ്ട് കൊടുത്തപ്പോ ഇമ്രാൻ ഭായ്, അത് മുറിച്ചു ഒരു കണ്ടം തന്നിട്ട് പറഞ്ഞു. "ഹോഗയാ...!" തീർന്നു. രണ്ടു മാസം മുൻപ് ഒരിക്കൽ പോലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ആ കാര്യം അങ്ങനെ നടന്നു. ജാമിയ മില്ലിയ ഇസ്ലാമിയയിലെ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായി ഞാനും റാസിക്കും.
ആ സന്തോഷത്തിൽ അബ്ദുള്ളയെയും കൂട്ടി ഭക്ഷണം കഴിക്കാൻ ക്യാന്റീനിലേക്ക് നടന്നു. 25 രൂപക്ക്, ഒരു ചെറിയ അലുമിനിയം പാത്രത്തിൽ കിട്ടുന്ന കോഴി ബിരിയാണി വാങ്ങി തിന്നു. ആ ബിരിയാണി കഴിക്കുന്നതോട് കൂടെ, എല്ലാരും ജാമിയക്കാരാവും. ജാമിയക്കാരാവാനുള്ള എന്തോ ഒന്ന് ആ ബിരിയാണിയിലുണ്ട്. കാന്റീന്റെ അകത്തെ ചാച്ച, ബിരിയാണി എടുത്തു തരുമ്പോ ഇടക്ക് തമാശക്ക് പറയും, കൗവാ ബിരിയാണീന്ന്... കാക്ക ബിരിയാണിയേ..! കാക്ക ആവാനുള്ള ബിരിയാണി ആവും. സ്നേഹമുള്ള, കിട്ടിയതെന്തും പങ്കുവെക്കുന്ന ബഷീറിന്റെ കാക്കയാവാൻ..!
VIII.
പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട്, അടുത്ത ദിവസം സമീർക്ക ഒരു കാര്യം പറഞ്ഞു. ഈ മാസം അവസാനം ഞമ്മൾ ഈ റൂം ഒഴിയും. ഇങ്ങൾ വേറെയൊരു റൂം നോക്കിക്കോളീ. അബ്ദുള്ളക്കും കണ്ണൂർകാരൻ തഫ്സീറിനും ഡൽഹി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടി, അവർ അങ്ങോട്ട്ക്ക് പോയി. ഞാനും റാസിക്കും എന്ത് ചെയ്യണം എന്നറിയാതെ മുഖത്തോട് മുഖം നോക്കി.
അന്ന് വൈകുന്നേരം, ഞാനും ഓനും ഡൽഹി സിം എടുക്കാൻ പുറത്തേക്ക് പോയി. ഓന്റെ ആധാർ കാർഡിൽ രണ്ടാൾക്കും ഏകദേശം ഒരേ അക്കങ്ങൾ വരുന്ന രണ്ട് വൊഡാഫോൺ സിം വാങ്ങി. നാട്ടിൽ എല്ലാരേയും വിളിച്ച് നമ്പരൊക്കെ കൊടുത്തു. അങ്ങനെ ആ ദിവസവും തീർന്നു.
രാവിലെയും എങ്ങോട്ട് മാറും, ആരോട് ചോദിക്കും എന്നറിയാതെ എന്തൊക്കോ ആലോയിച്ചു ഞമ്മള് ജാമിഅയിലേക്ക് നടന്നു. കാര്യമായി ആരുമില്ല. ഒരു സംഘടനയുടെയും ബാനറിൽ വന്നതല്ല. ഒരു ഒഴുക്കിൽ പെട്ട് ഡൽഹിയിൽ എത്തിപ്പെട്ടതാണ്. ട്രെയിനിൽ നിന്ന് കണ്ട ജവാദ്ക്കനെ ഒന്ന് വിളിച്ചു നോക്കിയാലോ? അയ്യിന് മൂപ്പരെ നമ്പറുണ്ടോ? ഇല്ല, വാങ്ങിയിട്ടില്ല. റാസിക്കിന്റെ കയ്യിൽ പക്ഷെ, മൂപ്പരെ സുഹൃത്ത് ഹൈദർക്കന്റെ നമ്പർ ഉണ്ടായിരുന്നു.
ഭാഗ്യം ഹൈദർക്കനെ വിളിച്ച്, ജവാദ് ഭായ്ന്റെ നമ്പർ എടുത്തു. ക്യാന്റീനിന്റെ അടുത്തേക്ക് വരാൻ പറഞ്ഞു മൂപ്പര്. പോയി കണ്ടു. റൂമിന്റെ കാര്യം പറഞ്ഞു നോക്കിയെങ്കിലും കാര്യമുണ്ടായില്ല. മൂപ്പരുടെ റൂം ഫുള്ളാണ്. നിക്കാൻ സ്ഥലമില്ല. ഇനിയാരാ ഞമ്മക്ക്... ആരുമില്ല. ഒരു ഡിപ് ടീയും കുടിച്ച് ഞമ്മള് ക്യാന്റീനിന്റെ പുറത്തുള്ള ബെഞ്ചിൽ വീണ്ടും ആലോചനയിലാണ്ടു.
പടച്ചോൻ ഇങ്ങനത്തെ സമയത്തല്ലേ ഓരോ ആള്ക്കാരെ വിടാ. ചിരിച്ചുകൊണ്ട് ഒരാൾ ചായ കപ്പും കയ്യിൽ പിടിച്ച് ഞമ്മളെ അടുത്തേക്ക് വന്നു.
"പുതിയ മലയാളികളാണോ?"
മലയാളികൾക്ക് മലയാളികളെ കണ്ടെത്താനുള്ള സിക്സ്ത് സെൻസ് പടച്ചോൻ ഘടിപ്പിച്ചിട്ടാണെല്ലോ പടച്ചത്.
"അതെ. ഇന്റെ പേര് ഷഫീഖ്."
"ഞാൻ റാസിക്ക്"
"ഇങ്ങളെ പേരെന്താ?"
"ഹാരിസ്"
"ഇങ്ങള് നാട്ടിലെവിടാ"
"ഞാൻ പരപ്പനങ്ങാടി"
"ഇങ്ങളോ"
"ഞാൻ ഫറോക്ക്"
"ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി"
"ഏതാ കോഴ്സ്"
"രണ്ടാളും ബി എ പൊളിറ്റിക്കൽ സയൻസ്" "ഇങ്ങളോ"
"ഞാൻ എംഫിൽ സോഷ്യോളജി"
എംഫിലോ അതെന്താ സാധനം എന്നൊക്കെ ചോയിക്കണം എന്നുണ്ടായിരുന്നു. പക്ഷെ തത്കാലം വേണ്ടാന്നു വെച്ചു. സംഭാഷണം തുടരുന്നതിനിടക്ക് മൂപ്പര് തന്നെ എവിടാ നിക്കുന്നതെന്നു ചോദിച്ചു. റാസിക്ക് കാര്യം പറഞ്ഞു. "ഞമ്മള് തത്കാലം സ്മൃതിയുടെ റൂമിലാണ്. അത് ഈ കൊറച്ചു ദിവസത്തിനുള്ളിൽ ഒഴിവാക്കും എന്നാണ് പറയുന്നത്. ഞമ്മള് നിക്കാനൊരു റൂം നോക്കികൊണ്ടിരികാ. പക്ഷേ ആരെയും അറിയൂല."
ആണാ, എന്നാ നാളെ ഞമ്മളെ റൂമിക്ക് മാറിക്കോളി. എന്തേ?
മനസ്സിൽ ആഗ്രഹിച്ചത് മൂപ്പര് തന്നെ പറഞ്ഞു. എന്ത് ചെയ്യുമെന്ന് അറിയാതെ നിക്കുന്നതിനിടക്ക് ആ വാക്കുകൾ ആശ്വാസമായി. കൊറേ നേരം മൂപ്പരോട് വർത്താനം പറഞ്ഞ് അവിടെ തന്നെ ഇരുന്നു.
ഇതിനിടക്ക് വീണ്ടും ഒരുപാട് മലയാളികൾ വന്നു. എല്ലാരും എന്തൊരു സംസാരാ... സന്തോഷായി. ജാടയില്ലാത്ത സഹായിക്കാൻ റെഡി ആയിട്ടുള്ള ഒരുപാട് സീനിയർസ്. അന്ന് മഗ്രിബ് ജാമിയ പള്ളിയിൽ നിന്നും നിസ്കരിച്ചാണ് ഞമ്മള് പുതിയ റൂം കിട്ടിയ സന്തോഷത്തിൽ ഗഫാർ മൻസിലിലേക്ക് തിരിച്ച് നടക്കുന്നത്.
IX.
രാവിലെ തന്നെ ഹാരിസ്ക്കനെ വിളിച്ചു. മൂപ്പര് പറഞ്ഞു തന്ന വഴിയിലൂടെ ഞമ്മള് ഗഫാർ മൻസിലിൽ നിന്നും നൂർ നഗറിലേക്ക് നടക്കാൻ തുടങ്ങി. കുറച്ചു നടന്നപ്പോ ടാറിട്ട റോഡ് അവസാനിച്ചു. ഗഫാർ മൻസിലിലെ വെല്യ ഫ്ലാറ്റുകളിൽ നിന്നും വ്യത്യസ്തമായി ചെറിയ ചെറിയ കുടിലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. കല്ലും മുട്ടിയും ചളി വെള്ളവും വേസ്റ്റും എല്ലാം ഉള്ള റോഡ്. അതിന്റെ ഒക്കെ ഉള്ളിൽ ഒരുപാട് ജീവിതങ്ങൾ. കുട്ടികൾ കളിക്കുന്നു. പെണുങ്ങൾ എന്തൊക്കൊ പണികളിലാണ്. ചില വീടുകൾ അടഞ്ഞു കിടക്കുന്നു. സൈക്കിൾ റിക്ഷകളും ഓട്ടോ റിക്ഷകളും ഉന്തു വണ്ടികളും കുടിലുകളുടെ സൈഡിലും മുന്നിലും ഒക്കെ ആയി നിർത്തിയിട്ടിരിക്കുന്നു. ആകെ പൊടി മയം.

കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോ വീടുകൾ തീർന്നു. പിന്നീട് പൊട്ടിപ്പൊളിഞ്ഞ റോഡ് മാത്രമായി. രണ്ട് സൈഡിലും മതിലുകളും. റോഡ് ചെന്ന് കേറുന്നത് നൂർ നഗർ അങ്ങാടിയിലേക്കാണ്. കൃത്യം അവിടെ തന്നെ ഞമ്മളെയും കാത്ത് ഹാരിസ്ക്ക നിക്കുന്നുണ്ടായിരുന്നു.
ഇന്റെ ബാക്കിൽ പോരീ എന്നും പറഞ്ഞ് ഹാരിസ്ക്ക നടക്കാൻ തുടങ്ങി. ഞമ്മള് ബാക്കിലും. ഒരു ചെറിയ പള്ളിയുടെ ഗലി കടന്ന് മറ്റൊരു റോഡിലേക്ക് കേറി. അവിടെന്നു കുറച്ചൂടെ മുന്നോട്ട് പോയിട്ട് വീണ്ടും ഒരു ചെറിയ ഗല്ലിയിലേക്ക് കേറി. അവിടെന്നു എടത്തോടും വലത്തോടും പല വട്ടം തിരിഞ്ഞു. പിന്നീട് നേരെയുള്ള ഗല്ലി തീരുന്ന ഒരു സ്ഥലത്തേക്ക് എത്തി. പടിവാതിൽ പോലെ ഒരു വാതിലിലാണ് ഗല്ലി ചെന്ന് അവസാനിക്കുന്നത്... അത് തുറന്ന് ഞമ്മള് അകത്തേക്ക് കേറി.
നേരെ നടന്ന്, ഇടത്തേക്ക് തിരിഞ്ഞാൽ റൂമിലെത്തും. റൂം എന്ന് പറയാൻ പറ്റില്ല. ഒരു തറവാട്. അതിൽ ശരിക്കും രണ്ടു വീടുകൾ. രണ്ടു വീടുകൾക്കും ഈരണ്ടു മുറികളും ഓരോ വെല്യ ഹാളും നല്ല നടുമുറ്റവും അടുക്കളയും പിന്നെ കക്കൂസും ബാത്ത്റൂമും. പണ്ട് മോങ്ങത്തുള്ള അമ്മായിന്റെ വീട്ടിലെക്ക് പോകും വഴി കാണാറുള്ള ഗ്രിൽ ഉള്ള കൊണ്ടോട്ടി സൈഡിലെ പഴേ വീടുകൾ പോലെ. ഓടിനു പകരം കല്ലുകൾ കൊണ്ടുള്ള ടെറസാണെന്നു മാത്രം.

അതിലെ ആദ്യത്തെ വീട്ടിൽ അനീസുദ്ധീൻക്ക, മുഫീദ്ക്ക, സാബിക് മുഹമ്മദ് അനീസ് ആദം, അൽത്താഫ്ക്ക, മുഹമ്മദ് മുഹ്സിൻക്ക, പുളിക്കൽ അൻസാരി, അഫ്സൽക്ക, രതികുമാർ ദളിതൻ അങ്ങനെ ഒരുപാട് പേര്. ഇപ്പുറത്തുള്ള വീടിൽ ഹാരിസ്ക്ക, ഷിഹാബുദ്ധീൻക്ക, ലുതുഫിക്ക, ബിലാൽക്ക, ഷെഹീർക്ക, ഫദൽക്ക, ഇർഫാൻക്ക... അങ്ങനെ ഒരുപാട് ആൾക്കാർ. പിന്നെ ഇടക്കും തലക്കും വന്നു പോവുന്ന ഒരുപാട് അന്തേവാസികൾ. ഓരോരുത്തരും ഓരോ കഥാപാത്രങ്ങളാണ്. ഒരായിരം കഥകളുള്ള മനുഷ്യന്മാർ. ഡൽഹിയിൽ കഥയുള്ള മനുഷ്യൻമാരുടെ സംസ്ഥാന സമ്മേളനം ആണോ നടക്കുന്നത് എന്ന് തോന്നിപ്പോവും. അതോ എനിക്ക് വെളിവ് വന്നത് ഇവിടെ വന്നിട്ടാണോ? അറിയൂല. ഓരേ പറ്റി ഇപ്പോ എഴുതാൻ നിന്നാൽ പിന്നെ ഇനിക്ക് ഇന്നൊന്നും മരിക്കാൻ പറ്റൂല..! അതുകൊണ്ട് അത് നോവലിലേക്ക് മാറ്റി വെക്കുന്നു.
ഞമ്മള് വന്നപ്പോ ജാമിഅഃയുടെ വെക്കേഷൻ തീരാനായിട്ടുള്ളൂ. പലരും നാട്ടിൽ നിന്നും വരുന്നേ ഉണ്ടായിരുന്നുള്ളൂ. ഞമ്മളെ റൂമിൽ അന്ന് ഞാനും റാസിയും ഹരിസ്ക്കയും നോയിഡയിലെ ഒരു കോളേജിൽ പഠിക്കുന്ന ഷിഹാബ്ക്കയും മാത്രേ ഉള്ളെനീ. ഓരോ ദിവസവും ഓരോരുത്തർ ഫുഡ് വെക്കണം. ജീവിതത്തിൽ ഒരിക്കലും ചായ ഇടാൻ പോലും അടുക്കളയിൽ കേറാത്ത ഞാനും റസിക്കും അന്ന് തൊട്ട് അടുക്കളയിൽ കേറി തുടങ്ങി.
ആദ്യമായി ഞാൻ ഉണ്ടാക്കിയ ഡിഷ് ഡാർക്ക് ഉപ്പുമാവായിരുന്നു. ഡാർക്ക് സീൻ. അത് റൂമിൽ വരാറുള്ള വെളുത്ത പൂച്ചക്ക് നന്നായി ഇഷ്ടപ്പെട്ടു..! എന്നാലും ഞാൻ പരീക്ഷണങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു. അന്നൊക്കെ അടി കരിയാത്ത ചോറും ടേസ്റ്റുള്ള കറിയും കൂട്ടണമെങ്കിൽ ഹാരിസ്ക്ക ഫുഡ് വെക്കാൻ അടുക്കളയിൽ കേറണം.

രണ്ട് ആഴ്ച്ച കൊണ്ട് ക്ലാസ് തുറക്കും. കഴിഞ്ഞ രണ്ടു മാസത്തിനിടക്ക് മൂന്ന് വട്ടം അങ്ങോട്ടും ഇങ്ങോട്ടും വന്നത് കൊണ്ട്, കാലാവസ്ഥയും ആയി ഇണങ്ങാൻ വേണ്ടി ഡൽഹിയിൽ തന്നെ നിക്കാം എന്ന് ഞമ്മള് തന്നെ എടുത്ത തീരുമാനായിരുന്നു. ഇനിയുമുണ്ട് 12 നീണ്ട ദിനരാത്രങ്ങൾ.
X.
മൂന്ന് നാല് ദിവസം ആയിക്കാണും, അപ്പോ വെല്യ പെട്ടിയുമായി ഒരു ചെങ്ങായി റൂമിലേക്ക് കേറി വന്നു. ബിലാൽ എന്നൊരു വെളിയങ്കോട്കാരൻ. ഹിന്ദിക്കാരായ ചെങ്ങായിമാർക്കുള്ള തേൻ കുപ്പിയാണ് പെട്ടിയിൽ മൊത്തം. ബിസിനസ്സാണ് മൂപ്പരെ മെയിന്. ബാക്കിയുള്ളവരെല്ലാം ഓരോ തിരക്കിലാണ്. ഹാരിസ്ക്ക ജെഎൻയുലേക്കുള്ള എംഫിൽ ഇന്റർവ്യൂന്റെ തിരക്കില്ലാണ്. അനീസ്ക്ക മൂപ്പരെ പി എച്ച് ഡി യുടെ മൂഡിലാണ്. പിന്നെ ഓരോന്നും പറയുന്നത് മനസിലാക്കാനുള്ള വിവരവുമില്ല. മൊത്തം ലോകകാര്യങ്ങളാണ് പറയാ. ജമാഅത്തെ ഇസ്ലാമിയുടെ ഓരോ ചർച്ചകൾ. ചാത്തപ്പനെന്തു മഹ്ശറ എന്ന് പറഞ്ഞമായിരി ഇനിക്ക് എന്ത് ജമായത്ത്.
പക്ഷേ റാസിക്ക് ഇന്റെ പോലെ ഒന്നുമെല്ലാ. ഓന് അന്ന് തന്നെ കടുത്ത കമ്മ്യൂണിസ്റ്റാണ്. നല്ല അസ്സൽ കമ്മ്യൂണിസ്റ്റ്. വ്യവസ്ഥാപിത പാർട്ടിയുടെ ആളൊന്നുമെല്ലാ. അമ്പതിയൊന്ന് വെട്ടുവെട്ടി കൊന്ന കമ്മ്യൂണിസ്റ്റ് ടി പി ചന്ദ്രശേഖരന്റെ ആളാണ്. ഓൻ മൂപ്പരെ കൂടെയൊക്കെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ട്.
ചർച്ചകളിൽ റൂമിലെ ഇക്കാക്കമാരെ ഓൻ ഒറ്റക്ക് നേരിട്ടു. പലപ്പോഴും ഒച്ച ഉയരും. ജമാഅത്തിന് ലെഫ്റ്റ് എന്ന് പറഞ്ഞാൽ എന്നും സിപിഎം മാത്രമാണല്ലോ. പക്ഷെ, റാസിക്ക് വിമതനാണ്. സിപിഎംനെ കുറ്റം പറയുന്നതിന്റെ ഒപ്പം തന്നെ ഓൻ മൗദൂദിയുടെ മതരാഷ്ട്രവാദത്തെയും എതിർക്കും. ചർച്ചകൾ കനക്കുമ്പോ ഞാൻ സൈഡിലിരുന്ന് ഈ റൂമും പോയാലുള്ള അവസ്ഥയെ പറ്റി ചിന്തിക്കും..!
ഇതൊന്നും അന്നും ഇന്നും ഇന്നെ ബാധിക്കുന്ന പ്രശ്നങ്ങളേ അല്ല. റൂം പോയാ അത് പ്രശ്നാണ്. അത്രേയുള്ളൂ..!
ബിലാൽക്കാ വന്നത് ഇനിക്ക് വല്യൊരു ആശ്വസമായിരുന്നു. മൂപ്പരും ഇതൊക്കെ കേക്കുമെങ്കിലും വെല്യ താല്പര്യമൊന്നും കാണിക്കാറില്ല. അങ്ങനെ ഞമ്മള് സെറ്റായി. ബിലാൽക്ക വന്ന അന്ന് വൈകുന്നേരം ഞാനും റാസിയും മൂപ്പരും കൂടെ ജൂലൈന വരെ നടക്കാൻ പോയി. ജൂലൈനയിൽ എത്തിയപ്പോ കേരള ഹോട്ടലിലേക്ക് പോവാനുള്ള വഴി മൂപ്പര് ചൂണ്ടി കാണിച്ചു തന്നു. എന്നിട്ട് പറഞ്ഞു, ഇങ്ങള് പൈസ എടുക്കാണെങ്കിൽ ഞമ്മക്ക് വേണമെങ്കിൽ പോയി തിന്നിട്ട് വരാം..! കയ്യിൽ കാര്യമായി പൈസ ഒന്നും ഇല്ലാത്തോണ്ട് പിശുക്കി ചെലവാക്കുന്നത് കൊണ്ടും ഞമ്മള് തിരിച്ചു റൂമിലേക്ക് നടന്നു..! അതാണ് ചരിത്ര പ്രസിദ്ധമായ ജൂലൈന കാണിക്കൽ സംഭവം. പഠിച്ചു വെച്ചോളീ, അടുത്ത പി എസ് സിക്ക് വരാൻ സാധ്യതയുണ്ട്. അല്ല പിന്നെ.
പക്ഷേ, ഞമ്മള് വേറൊരൂസം ബിലാൽക്കക്ക് കേരളാ ഫുഡ് വാങ്ങി കൊടുത്തു, ഹോട്ടലിൽ നിന്നല്ലാ... എയർഫോർസിന്റെ കോട്ടേഴ്സിൽ നിന്നും. ഇന്റെ സ്വന്തം രാജൻ മാഷിന്റെ, പുറ്റെക്കാടിന്റെ എഴുത്തുകാരന്റെ, ഒരു കുടുംബക്കാരൻ, രാമു ഏട്ടനെ പോയി കാണാൻ മാഷ് പറഞ്ഞിരുന്നു. ഡൽഹി പോക്ക് പറയാൻ പോയ അന്ന്. നമ്പറും തന്നു. ഒരു ഞായറായ്ച്ച ഞാനും റാസിയും ബിലാൽകാനെയും കൂട്ടി, രാമു ഏട്ടനെ കാണാൻ പോയി, ഡൽഹി പാലത്തിലുള്ള മൂപ്പരെ കോട്ടേഴ്സിൽ. കുറച്ച് കായ വർത്തതും കയ്യിൽ കരുതി. നാട്ടീന്ന് വന്നതല്ലേ. എന്തെങ്കിലും കൊണ്ടോവണ്ടേ. അവിടെ രാമു ഏട്ടനും ചേച്ചിയും നാലൊരു സദ്യ തന്നെ ഉണ്ടാക്കി ഞമ്മളെ കാത്തിരിക്കുന്നുണ്ടായിരുന്നു. നാട്ടിൽ നിന്നും വന്നതിനു ശേഷം ആദ്യമായിട്ടായിരുന്നു ഞമ്മളെ ഭക്ഷണം കഴിക്കുന്നത്. നന്നായിട്ട് തന്നെ തിന്നു. ഭക്ഷണപ്രിയനായ ബിലാൽക്ക ഫുൾ ഹാപ്പിയായി.

ക്ലാസ്സു തുറക്കാൻ കഷ്ടിച്ച് ഒരാഴ്ച. പക്ഷേ, എനിക്കും റാസിക്കിനും ഒരുമിച്ചു പനിപിടിച്ചു. മോന്തിയാവുമ്പോ കൂടുന്ന പനി. തിന്നാനും കുടിക്കാനും പറ്റാത്ത പനി. അടുത്ത് ഇമ്മയില്ലാത്ത ആദ്യത്തെ പനി. പനിയാണെന്നു പറഞ്ഞപ്പോ അനീസ്ക്ക പറഞ്ഞു മലബാറിൽ പോയി, ബീഫും പൊറാട്ടയും തിന്നാൽ പനി പോവുമെന്ന്. ഇന്നലെ വന്ന ഞമ്മക്കെന്തു മലബാർ.
ഓരോ ദിവസം കൂടും തോറും പനി കൂടി കൂടി വന്നു. ജാമിഅഃയുടെ ഫീ സ്ലിപ് ഉള്ളത് കൊണ്ട് എം എ അൻസാരി ഹെൽത്ത് സെന്റർ പോയാൽ ഫ്രീ ആയിട്ട് ഡോക്ടറെ കാണാമെന്നു പറഞ്ഞത് ഹാരിസ്ക്കയാണെന്ന് തോന്നുന്നു. ഞാനും ഓനും കൂടെ അവിടെ പോയി. ഡോക്ടറോട് ഒരുവിധം മുറി-ഇംഗ്ലീഷിൽ പനിയാണെന്നും ഒന്നും കഴിക്കാൻ പറ്റുന്നില്ലെന്നും പറഞ്ഞു. മൂപ്പര് ഞമ്മളെ ഒന്ന് തൊട്ടു പോലും നോക്കാതെ മരുന്ന് എഴുതി തന്നു..! കിച്ചടി തിന്നാനും പറഞ്ഞു. ആർക്കറിയാം അത് ഇനി എന്ത് കുന്തമാണെന്നു. മാറിയില്ലെങ്കിൽ 3 ദിവസം കഴിഞ്ഞു വീണ്ടും വരാനും പറഞ്ഞു.
പനിയും ഫുഡ് കഴിക്കാൻ പറ്റാത്തതും ഞമ്മളെ രണ്ടാൾകാരെയും ശെരിക്കും തളർത്തി, ശാരീരികമായും മാനസികമായും. ഇടക്കൊക്കെ റാസിക്ക് പേരെക്ക് തിരിച്ചു പോണമെന്നു പറഞ്ഞു കരയാൻ തുടങ്ങി. ഓന്റെ കഥ കേട്ടിട്ട് ഉള്ളിൽ അതിനേക്കാളും ഇടങ്ങേറ് ഉണ്ടായിട്ടും ഞാൻ ഓവറാക്കി.
"ഡാ, മോനെ ഇനിക്ക് ഒരു പ്രശ്നവുമില്യ. ഞാൻ പണ്ട് പത്തൂസം എൻ എസ് എസിന്റെ ക്യാമ്പിനോക്കെ പോയതാ. അന്റെ പോലെയെല്ല..!"
ഓന്റെ വാപ്പയാവലും ഇക്കാക്ക ചമ്മയലും ഒക്കെ അങ്ങനെ ഞാൻ തുടർന്ന് പോന്നു. പക്ഷെ, പനി മാത്രം എവിടേക്കും പോയില്ല. ഞമ്മളെ കൊണ്ടേ പോവൂ എന്നൊരു വാശിയുണ്ടോ അതിന് എന്നൊരു ചെറിയ സംശയം പോലെ. മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ഹെൽത്ത് സെന്ററിലേക്ക് ഞമ്മള് സൈക്കിൾ റിക്ഷയിൽ പോയി. പഴേത് പോലെത്തന്നെ തൊട്ട് പോലും നോക്കാതെ ഡോക്ടർ അതെ മരുന്ന് വീണ്ടും എഴുതി.
ക്ലാസ് തുടങ്ങിയ അന്ന് പനി കാരണം പോവാൻ പറ്റിയില്ല. രണ്ടാമത്തെ ദിവസവും അത് തന്നെ അവസ്ഥ. ഇന്നിലെ പഠിപ്പിക്ക് ഇതിലും വെല്യ അടി വേറെയൊന്ന് കിട്ടാനില്ല. ഓൻ ഉണർന്നു.
"റാസിയെ, നാളെ ഞമ്മക്ക് ന്തു വന്നാലും ക്ലാസ്സി പോണം. ഞമ്മള് ഇവിടെ വന്നത് ക്ലാസ്സി പോവാനാണ്. പനിച്ചു കെടക്കാനെല്ലാ..!" ഡും, ഞാൻ ഓർഡറിട്ടു. അടുത്ത ദിവസം മേലും കയ്യും വേദന ആയിട്ട് പോലും ഞമ്മള് രണ്ടാൽകാരും പെരസിറ്റമോൾ കുടിച്ച്, സൈക്കിൾ റിക്ഷയിൽ വലിഞ്ഞു കേറി ജാമിഅയിലേക്ക് പോയി. മുക്കാമണിക്കൂർ വീതമുള്ള രണ്ട് ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. രണ്ടിലും ഇരുന്നു. ക്ലാസ്സിലൊക്കെ നല്ല അടിപൊളി കുട്ടികളാണ്. വേദനകൊണ്ട് ആരോടും മിണ്ടാനോ, ക്ലാസ് മര്യാദക്ക് കേക്കാനോ ഒന്നും പറ്റിയില്ല. എന്നാലും ക്ലാസ്സിനിരിക്കാൻ പറ്റിയെല്ലോ.

രണ്ട് പീരിഡുകൾക്ക് ശേഷം എങ്ങനെയാണ് കസാരയിൽ നിന്നും എണീറ്റത് എന്നറിയില്ല. ഊരക്ക് അത്രക്ക് വേദനയുണ്ടെനി. പതുക്കെ കോണിപ്പടികൾ ഇറങ്ങി ഞമ്മള് എന്തെങ്കിലും തിന്നാൻ ക്യാന്റീനിലേക്ക് നടന്നു. രാജ്മ ചവലും ക്രീം റോളും ഒക്കെ തിന്നാൻ നോക്കിയെങ്കിലും ഒന്നും ഇറക്കാൻ പറ്റുന്നില്ല. നല്ല തൊണ്ട വേദന. ഓരോ ചെറിയ ബോട്ടിൽ ഫ്രൂട്ടി വാങ്ങി കുടിച്ച് ഞമ്മള് ഏതോ ലൗണിലെ തണലിൽ പോയി കിടന്നുറങ്ങി.
XI.
മരണത്തോട് അടുത്തെത്തുമ്പോ പടച്ചോൻ മനുഷ്യർക്ക് പല രീതിയിൽ സൂചനകൾ കൊടുക്കും. ആ വെയ്കുന്നേരം ഇനിക്ക് ഓരോന്ന് തോന്നി തുടങ്ങിയിരുന്നു. വയ്യാഞ്ഞിട്ടും ഗഫാർ മൻസിലിൽ പോവണം എന്നുള്ളത് ഇന്റെ വാശിയായിരുന്നു. അബ്ദുള്ളയും തഫ്സീറും ഡി യു ലേക്ക് പോവുന്നതിനു മുന്നേ അവരെ ഒന്നൂടെ കാണാം. നോമ്പ് തുറയിൽ കൂടാം. വർത്താനം പറയാം. യാത്രയയക്കാം. ആരെ? ശെരിക്കും ആരാണ് യാത്രയാവുന്നത്?!
എവിടെന്നോ കിട്ടിയ ഊർജത്തിൽ ഞമ്മള് ജാമിഅയിൽ നിന്നും ഗഫാർ മൻസിൽ വരെ നടന്നു. കൊയക്ക് ഒക്കെ പോയത് പോലെ? നോമ്പ് ഇല്ലാഞ്ഞിട്ടും അന്ന് ഓരൊടൊപ്പം ഞമ്മള് നോമ്പ് തുറന്നു. തൊള്ളേ കൂടെ ഒന്നും ഇറങ്ങുന്നില്ല. കട്ടിയുള്ളത് ഒന്നും തിന്നാൻ പറ്റാത്തത് കൊണ്ട്, ഞാൻ ആകെ തിന്നത് ഫ്രൂട്ട് സലാഡായിരുന്നു. മധുരം കാരണം കൊറേ ഒഴിച്ച് കുടിച്ചു. അബ്ദുള്ള ഞമ്മളെ ആക്കി തെരാൻ അടിയിലേക്ക് ഇറങ്ങിയപ്പോ ഓനെ കൂടി കൊണ്ടുപോയി ചെറിയൊരു ഹോട്ടലിൽ നിന്നും നഹാരിയും തണ്ടൂരി റൊട്ടിയും വാങ്ങിക്കൊടുത്തു. തിരിച്ചു പോവുമ്പോ എന്തോ സങ്കടം. പോവാൻ തോന്നുന്നില്ല. അബ്ദുള്ള കുറച്ചു ദൂരം കൂടെ കൂടെ വന്നു. കുറച്ചു കഴിഞ്ഞപ്പോ ഓനോട് പോയിക്കോ എന്ന് പറഞ്ഞു.
തിരിച്ച് ഗഫാറിലൂടെ നൂർ നഗറിലേക്കുള്ള വഴിയിലൂടെ റൂമിക്ക് നടക്കുമ്പോ, ഞാൻ ഇമ്മനെ വിളിച്ചു സംസാരിച്ചു. ഞമ്മള് ഫ്രണ്ട്സിന്റെ അടുത്ത് പോയി നോമ്പ് തുറന്നെന്നും പള്ളിയിൽ പോയി ഇഷാഹ് നിസ്കരിച്ചു റൂമിലേക്ക് കേറുമെന്നും പറഞ്ഞു. റാസിക്കും ഇന്നേ പോലെ തന്നെ കുഴഞ്ഞു പോയിരുന്നു. പക്ഷെ, ഓൻ പൂച്ചയാണ്, വീണാലും നാല് കാലിലെ വീഴൂ എന്ന ഇടക്ക് ബഡായി പറയും..!
എത്ര ദിവസായി എന്തെങ്കിലും നന്നായിട്ട് കഴിച്ചിട്ട്. തൊള്ളേന്ന് ടേസ്റ്റ് ഒക്കെ പോയി. ഒന്നും ഇറക്കാൻ പറ്റുന്നില്ല. അതിന്റെ കൂടെ നോമ്പും വന്നതോണ്ട് ഞമ്മളെ ഭക്ഷണം ഞമ്മള് തന്നെ ഉണ്ടാകണം... ഇക്കാക്കമാർക്കൊക്കെ നോമ്പല്ലേ. ഉണ്ടാക്കി തെരാൻ ആരുമില്ല. ഇമ്മയുണ്ടായിരുന്നെങ്കിൽ?! വീട്ടിലായിരുന്നെങ്കിൽ?!
പനി വരുമ്പോഴാണ് ഒരു പ്രവാസി വീടിലായാൽ മതിയേനിയെന്ന് ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുക. ദാഹിച്ചു കൊഴങ്ങി എണീക്കുമ്പോ ഒരു ഗ്ലാസ് കട്ടൻ ചായയും ബണ്ണും തെരാൻ ഇമ്മയില്ലെല്ലോയിവിടെ. ഓടി പോരുമ്പോ ഞമ്മള് കരുതും ഞമ്മള് ഫ്രീ ആയെന്നു. വീടെന്ന ഓർമ്മ ഇങ്ങനെ ആകെ തകർന്നു പോവുമ്പോഴാണ് കേറി വരുക. സങ്കടം കൊണ്ട് കരയാൻ പറ്റോ? ആൺകുട്ട്യേള് കരയോ? ആള്ക്കാര് അങ്ങനെ പലതും പറയും. സങ്കടം വരുമ്പോ കരയണംട്ടോ. ഇല്ലേല് പിരാന്താവും. കയ്യീന്ന് പോവും.
റാസിക്ക് കരഞ്ഞപ്പോ ഞാൻ കരഞ്ഞില്ല. ഓന്റെ സങ്കടങ്ങൾ കേട്ടപ്പോ, മിണ്ടാതെയിരുന്നു. ഇന്റെ സങ്കടങ്ങൾ ഉള്ളിലൊതുക്കി. തലക്ക് പെരുപ്പ് തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസായി. ഒരൂസം ഞാൻ ലുത്ഫിക്കനോട് ആരാന്ന് ചോദിച്ചു? പേരൊക്കെ അറിയാമായിരുന്നിട്ടും പെട്ടെന്ന് എനിക്ക് ആളെ മനസ്സിലായില്ല. ഞാൻ ഇങ്ങള് ആരാന്ന് ചോയിച്ചപ്പോ ഓർക്കും മനസ്സിലായില്ല, ഇനിക്ക് എന്തോ പ്രശ്നമുണ്ടെന്ന്. ഇനിക്ക് തന്നെ മനസ്സിലായില്ല, പിന്നെയല്ലേ ഇന്നും ഇന്നലെയും ഇന്നേ കാണാൻ തുടങ്ങിയ ഓര്ക്ക്. ഇമ്മാക്ക് മനസിലാവുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഈ ലോകത്തിൽ ആരെങ്കിലും അത് മനസിലാവുമെങ്കിൽ അത് ഇമ്മമാർക്കാവും. വേറെ ആർക്കാ കുട്ട്യേളെ അത്രക്ക് മനസ്സിലാവാ, ഓരെ ഓരോ ചെറിയ മാറ്റങ്ങള് പോലും തിരിയാ..! ഇമ്മാ..!
എത്ര വൈകുന്നേരങ്ങളിൽ ഇങ്ങള് ഉണ്ടാക്കി വെച്ചത് തിന്നാതെ ഞാൻ കളിക്കാൻ പോയിട്ടുണ്ട്. എന്തൊക്കെ കള്ളം പറഞ്ഞ് ഞാൻ പറ്റിച്ചിട്ടുണ്ട്. എത്ര സങ്കടപ്പെടുത്തിയിട്ടുണ്ടാവും, ഇന്റെ ബുദ്ധിയില്ലായ്മ കൊണ്ട്, ഞാൻ ഇങ്ങളെ... മാപ്പ്..!
റൂം എത്താൻ നേരത്ത് എനിക്ക് ഞാൻ മൊത്തം മധുരമായത് പോലെ തോന്നി. റാസിനോട് പറഞ്ഞു. ഓൻക്കും വയ്യല്ലോ... ആരോട് പറയാൻ. രണ്ട് പേരും മിണ്ടാതെ... ബാക്കി ദൂരം മിണ്ടാതെ നടന്നു തീർത്തു. റൂമിൽ എത്തി ബെഡിൽ കെടക്കാൻ നേരത്ത് ഞാൻ ഓനോട് ഇങ്ങനെ പറഞ്ഞു, "ഡാ, ഇന്നേ ഹോസ്പിറ്റലിൽ കൊണ്ട് പോവോ?, ഇല്ലേല് ഞാൻ മരിച്ച് പോവുമെടാ..!". "നാളെ രാവിലെ തന്നെ പോവാടാ, ഇയ്യിപ്പോ കെടക്ക്." അതും പറഞ്ഞ് ഓൻ കെടന്നു. ക്ഷീണിച്ചത് കൊണ്ട് ഞാനും ഉറങ്ങിയത് എപ്പോളാണെന്ന് ഓർമ്മയില്ല.
രണ്ടൂസം മുന്നേ ഒരു കാര്യം നടന്നിരുന്നു. അപ്പുറത്തെ മുറിയിൽ റാബിയതാത്ത, അനീസ്കന്റെ ജീവൻ, വന്നപ്പോ ഞമ്മള് എല്ലാരും ഓരേ കാണാൻ പോയി. ഓര് ജാമിഅയിൽ ഹിസ്റ്ററി എംഎ കഴിഞ്ഞ്, ജെഎൻയു ല് എംഫിൽ ചെയ്യുന്ന സമയം. ഓര് രണ്ടാൾക്കാരും തമ്മിൽ പ്രണയമായിരുന്നുവെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. കഥയൊന്നും അറിയൂല. ഒരു ജാമിയ പ്രണയം. വർത്താനം പറഞ്ഞു നിക്കുന്നതിനിടക്ക്, അനീസ്ക്ക പാൽചായ ഉണ്ടാക്കി കൊണ്ട് വന്നു. ലേശം കുടിച്ചപ്പോ തന്നെയെനിക്ക് തല പെരുക്കുന്നത് പോലെ തോന്നി.
പതുക്കെ, ചായ തീർത്ത് ഞാൻ റൂമിലേക്ക് പോന്നു. തല പൊട്ടുന്നത് പോലെ. തൊട്ട് നോക്കിയപ്പോ ചൂടാവുന്ന പോലെ. വേഗം, ഞാൻ ബാത്റൂമിൽ പോയി ഡ്രസ്സ് പോലും മാറ്റാതെ തലയിൽ കൂടെ വെള്ളമൊഴിച്ചു. മുക്കി കൊഴങ്ങിയപ്പോ, പൈപ്പിന്റെ അടിയിൽ തല വെച്ചിരുന്നു. എത്ര നേരം ആ ഇരിപ്പ് ഇരുന്നു കാണും എന്നറിയില്ല. ആരും കാണാതെ, പൈപ്പിന്റെ ഒച്ചയിൽ ഞാൻ ആർത്താർത്ത് കരഞ്ഞു. തല തണുത്തെന്നു തോന്നിയപ്പോ എണീറ്റ് പോയി, തല തുടച്ച് വേറെ കുപ്പായം മാറ്റി.
ആ കഥയിൽ നിന്നും തിരിച്ചു വരാം. കിടന്നിട്ടും എനിക്ക് ഉറക്ക് വരുന്നില്ല. എന്തൊക്കൊ തലക്ക് ഉള്ളിൽ നടക്കുന്നുണ്ട്. ശരീരത്തിലും എന്തൊക്കൊ നടക്കുന്നുണ്ട്. ഒന്നും മനസ്സിലാവുന്നില്ല. പെട്ടെന്നെനിക്ക് തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. ഞാൻ മരിക്കാൻ പോവുന്നത് പോലെ. കാലിന്റെ വിരൽ തുമ്പ് തൊട്ട് തണുപ്പ് കേറുന്നത് പോലെ. പതുക്കെ ഞാൻ മരിക്കാണ്. വിരലിൽ നിന്ന് കാലിലേക്ക്, അവിടെന്ന് തുടയിലൂടെ മരണം വളരെ പതുക്കെ അരിച്ചരിച്ച് കേറി വെരാണ്. മരണത്തിന്റെ മണം തണുപ്പാണ്.
പണ്ട്, എപ്പോഴോ ഖത്തീബ് ഖുതുബയിൽ പറയുന്നത് കേട്ടിട്ടുണ്ട്, മരിക്കാൻ ആവുമ്പോ "ലാഇല്ലാഹയില്ലള്ളാഹ്" എന്ന് പറഞ്ഞു മരിച്ചാൽ സ്വർഗത്തിൽ പോവുമെന്ന്. ഞാൻ ഉരുവിട്ട് കൊണ്ടിരുന്നു.
"ലാഹില്ലാഹയില്ലള്ളാഹ്"... "ലാഹില്ലാഹയില്ലള്ളാഹ്..." "ലാഹില്ലാഹയില്ലള്ളാഹ്"... "ലാഹില്ലാഹയില്ലള്ളാഹ്..."
മനുഷ്യരെല്ലാം നിസ്സഹായരാവുന്ന ഒരു നേരമുണ്ടെങ്കിൽ അത് മരണത്തെ മുന്നിൽ കാണുന്ന ആ നേരമാണ്. അപ്പോ ആരും അറിയാതെ പ്രപഞ്ചശക്തിയെ ഒന്ന് ഉറക്കെ വിളിച്ചു പോവും. പടച്ചോനെ..!
ഏകദേശം തണുപ്പ് ഹൃദയത്തോട് അടുക്കാനായപ്പോ റൂമിൽ ആരോ വന്ന് ലൈറ്റിട്ടു. ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം വന്ന കണ്ണൂരുകാരൻ ഫദൽക്കയാണ്. ഇവിടെ രണ്ടാം കൊല്ലം, ബി എ ഇംഗ്ലീഷ് പഠിക്കുന്നു. മൂപ്പര് ഗൾഫിന്ന് കൊണ്ടൊന്ന ചോക്ലേറ്റ് തെരാൻ വന്നതാണ്. നാളേക്ക് വെച്ചാൽ ഇങ്ങൾക്ക് കിട്ടിയില്ലെങ്കിലോയെന്ന് പറഞ്ഞ് മൂപ്പര് ചോക്കലേറ്റും തന്ന് ലൈറ്റ് ഓഫാക്കി പോയി.
ഞാൻ അവസാനം തിന്ന ഭക്ഷണം, ചോക്ലേറ്റ്. നന്ദി, മരിക്കാൻ പോവുന്നയെനിക്ക് ചോക്ലേറ്റ് തന്നത് കൊണ്ട് പടച്ചോൻ ഇങ്ങക്ക് സ്വർഗം തുറന്നു തരട്ടെ..! എല്ലാവിധ ആശംസകളും. ചോക്ലേറ്റ് ഒറ്റയടിക്ക് മുണുങ്ങി ഞാൻ വീണ്ടും മരണത്തിലേക്ക് തിരിച്ചു പോയി.
കൃത്യമായി മരിക്കാൻ പോവുന്നത് എനിക്ക് കാണാൻ പറ്റുന്ന നിമിഷത്തിൽ, ഇന്റെ മുന്നിൽ ഒരു വെല്യ സ്ക്രീൻ പ്രത്യക്ഷപെട്ടു. ചെറുപ്പം തൊട്ട് ഇന്നേ ദിവസം വരെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം, ക്രിക്കറ്റ് മാച്ച് തീർന്നാൽ അടുത്ത ദിവസം രാവിലെ ടി വിയിൽ വരാറുള്ള ഹൈലൈറ്റ്സ് പോലെ കണ്മുന്നിൽ ആരോ പ്ലേ ചെയ്തു തന്നു.
കൂടുതലും ഇന്റെ കള്ളത്തരങ്ങളായിരുന്നു. അതെ, ചെറുപ്പം തൊട്ട് ഞാനൊരു പഠിച്ച കള്ളനായിരുന്നു. മാന്യത അഭിനയിച്ചു കള്ളങ്ങൾ ചെയ്ത ഒരുത്തൻ. പാവത്താനെ പോലെ നിന്ന് കരുക്കൾ നീക്കിയ ഒരുത്തൻ. ഞാൻ ചെയ്തു കൂടിയ കള്ളത്തരങ്ങളുടെ ഒരു കെട്ട് തന്നെ ഇന്റെ മുന്നിൽ തുറന്നിട്ടു. ചെറുപ്പത്തിൽ പാത്തുട്ടിത്താത്തന്റെ മോളെ തലയിൽ മണ്ണ് വാരിയിടുന്നത്. ചെടിച്ചട്ടി പൊട്ടിച്ചതിന് ഇപ്പന്റെ കയ്യിൽ നിന്നും അടി പേടിച്ച് കട്ടിലിന്റെ അടിയിൽ ഒളിച്ചു നിന്നത്, പിഞ്ചുട്ടേട്ടന്റെ കാർഡും നെയിംസ്ലിപ്പും ഓരെ വീട്ടിന്റെ കട്ടിലിന്റെ അടിയിൽ നിന്നും അതിവിദഗ്ധമായി കട്ടെടുത്തത്, ഇമ്മനെ പറ്റിച്ച് കളിക്കാൻ പോവുന്നത്, ലൈബ്രറിയിലേക്കെന്നും പറഞ്ഞ് പോയി നല്ലൂർ മിനി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിക്കുന്നത്, കൗമാരക്കാരന്റെ കൗതുകത്തിൽ മാഗസിനുകളിൽ പെണ്ണിന്റെ നഗ്നത തിരയുന്നത്, ഫോൺ കിട്ടിയപ്പോ ആരും അറിയാതെ വീഡിയോസ് കാണുന്നത്, വല്ലാത്ത സുഖം തന്നിരുന്ന ശേഷം തളർന്നു ഉറങ്ങാൻ പറ്റിയിരുന്ന, ഇനിക്ക് മാത്രമുള്ള കഴിവെന്നു സ്വയം കരുതിയ എത്രയോ സ്വയംഭോഗങ്ങളുടെയെല്ലാം തെറ്റുകൾ ഇന്റെ മുന്നിലെ സ്ക്രീനിൽ ഞാൻ തെളിഞ്ഞു കണ്ടു.
ഇപ്പോ ഞാനൊരു വെല്യ തെറ്റുകാരനാണ്. കുറ്റബോധം കൊണ്ട് ഞാനാകെ തളർന്നു പോയി. ഇന്റെ ചുറ്റിലും ചരന്മാരാണ്. റാസിക്ക് അടക്കം. റൂമിലെ ഇക്കാക്കമാരെല്ലാം. എല്ലാരും പോലീസിന്റെ ആൾക്കാരാണ്. എനിക്ക് ഇവിടുന്നു എങ്ങനേലും രക്ഷപ്പെടണം. വേറെ ഒരു വഴിയുമില്ല. കുറച്ചു നേരത്തിനുള്ളിൽ പോലീസ് വരും, ഇന്നേ അറസ്റ്റ് ചെയ്തു കൊണ്ട് പോവും. അതിന്റെ മുന്നേയെനിക്ക് പന്നിക്കാട്ടിലെത്തണം, ആരും കാണാതെ. ബർമുഡ മാത്രം എടുത്തു കെടന്നിരുന്ന ഞാൻ അതീവ ശക്തിയിൽ എണീറ്റു.
മേശപ്പുറത്ത് നിന്നും കിട്ടിയ പെന്നിന്റെ ഒരു ട്യൂബ് കൊണ്ട് ഞാൻ വിറച്ചു വിറച്ചു എഴുതി,
"ഇന്റെ ആത്മഹത്യക്ക് ആരും ഉത്തരവാദിയല്ല..!"
റാസിക്ക് നല്ല ഉറക്കമാണ്. ഇക്കാക്കമാര് ആരുമില്ല. പെട്ടെന്ന് ഞാൻ പോലീസ് വണ്ടിയുടെ സൈറൺ കേട്ട്. ഫോൺ മേശപ്പുറത്ത് കണ്ടെങ്കിലും എടുത്തില്ല. ട്രേസ് ചെയ്യാൻ എളുപ്പമാണ്. അതുവേണ്ട. ഇനി അധികം നേരം പാഴാക്കാനില്ല. വേഗം പുറത്തിറങ്ങണം. ആരും കാണാതെ. ഷർട്ട് ഇടാൻ നേരമില്ല. റൂമിന്റെ പുറത്തിറങ്ങി പതുക്കെ. ഇന്റെ ബാറ്റയുടെ കറുത്ത കെട്ടുന്ന ചെരിപ്പ് ഇട്ടു. നടുമുറ്റം കഴിഞ്ഞ് ഇടവഴിയിലേക്ക് കടന്നു. അപ്പുറത്തെ റൂമിൽ ഇക്കാക്കമാര് വർത്താനം പറഞ്ഞിരിക്കുകയാണ്. ഒറ്റ ചാട്ടത്തിന് ആ റൂമിന്റെ പുറത്തെ വാതിൽ ഞാൻ ചാടിക്കടന്നു. ഓടാൻ തുടങ്ങി.
ഗല്ലി അവസാനിക്കുന്നോടത്തുള്ള വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോ ഗല്ലിയിൽ മൊത്തം പെണ്ണുങ്ങളും കുട്ടികളും. എല്ലാരും ഇന്നേ നോക്കി ചിരിക്കുന്നു. അങ്ങനെത്തെ കോലമല്ലേ..! മെലിഞ്ഞുണങ്ങിയ വടിയിൽ ഒരു ബർമുഡയും കെട്ടുന്ന ചെരുപ്പും മാത്രമിട്ട്, വാരിയെല്ല് മൊത്തം കാണിച്ചൊരുത്തൻ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ നടക്കുന്നു. ചിരി കൂടി വന്നു. ഇനിക്കാകെ പിരാന്തായി. ഞാൻ ഓടാൻ തുടങ്ങി. ഓടിയോടി ഗല്ലി തീർന്നു മെയിൻ റോഡിൽ എത്താൻ നേരം ഞാൻ വീണ്ടും പോലീസ് വണ്ടിയുടെ സൈറൺ കേട്ടു.

മെയിൻ റോഡിൽ ആൾക്കാരുമുണ്ട്. പോലീസും അടുത്തുണ്ട്. രക്ഷപ്പെടൽ എളുപ്പമല്ല. പന്നിക്കാട്ടിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ട്. ഗല്ലികൾ ശാന്തമാവുന്നത് വരെ എവിടെയെങ്കിലും കാത്ത് നിക്കാതെ നിവർത്തിയില്ല. ചുറ്റും ഒളിക്കാൻ ഞാൻ സ്ഥലം തിരഞ്ഞു. മുന്നിൽ ഒരു ചെറിയ പാർക്കുണ്ട്. അതിന്റെ അപ്പുറത്ത് ഒരു ചെറിയ ഇടവഴിയുണ്ട്. അതിന്റെ ഒരു ഭാഗത്ത് ഒരു നില വീടിന്റെ സൺ ഷെയ്ഡ് ഉണ്ട്. അതിന്റെ മോളിൽ കേറിയാൽ തത്കാലം ഒളിച്ചു നിക്കാം. പക്ഷേ, അവിടെ പോയി നോക്കിയപ്പോ അതിന്റെ മോളിൽ ഫുള്ളും ആണി തറച്ചു വെച്ചിരിക്കുന്നു. രക്ഷയില്ല. തീർന്നു. ഇല്ലാ.
അതിന്റെ അടുത്തുള്ള മരത്തിന്റെ അടിയിൽ ഞാനൊരു കാർ കണ്ടു. ചെരുപ്പ് സൈഡിൽ ഊരി വെച്ച് ഞാൻ അതിന്റെ ഉള്ളിലേക്ക് നുഴഞ്ഞു കേറി. പണ്ട് കട്ടിലിന്റെ അടിയിൽ ഒളിച്ചു നിന്നപോലെ. എത്ര നേരം ഇനിയും കാക്കണം പടച്ചോനെ, ഞാൻ മരണത്തിൽ നിന്നെല്ലേ ഓടിയത്. അതോ, പോലീസിനെ പേടിച്ചോ?! മണ്ണിൽ തലവെച്ചു കിടന്നു. തലയും മുഖവും മണ്ണിൽ ഒരച്ചു. മണ്ണ് കൊറേ വാരി തിന്നു. മണ്ണിൽ ലയിച്ചാണെല്ലോ ഞമ്മള് ഞമ്മളെല്ലെല്ലാതാവ..!
സ്വയം ശ്വാസം മുട്ടിച്ച്, മരണത്തിനെ കാത്തു നിക്കാതെ ഞാൻ മരിച്ചു. മരണത്തെ അങ്ങോട്ട് പോയി കണ്ടു. ഒരു റൂഹായി ഇന്റെ ശരീരം കാറിനടിയിൽ അഴിച്ചു വെച്ച് പന്നിക്കാട്ടിലേക്ക് ഞാൻ നടന്നു. വളരെ പതുക്കെ. ഇനിയാരെ പേടിക്കാൻ. ആരു കാണാൻ, ആരെ കാണിക്കാൻ.
സ്നേഹമാണ് പടച്ചോൻ. അതാണ് സത്യം. അല്ലാതെ ഇങ്ങള് പറയുന്ന പോലെ ആൾക്കാരെ പിടിച്ച് തീയിൽ എറിയുന്നവനല്ല. ഇനിയൊരു മനുഷ്യനായി ജീവിക്കണം, പേടിയില്ലാതെ, കുറ്റബോധമില്ലാതെ, പൊതുബോധത്തിനും പൊതുധാരണകൾക്കും അടിമപ്പെടാതെ. പന്നികളുടെ ഒപ്പം, ആർക്കും വേണ്ടാത്ത ജീവിതമായി. മണ്ണിൽ ഉറച്ചു നിന്ന് വളരണം.
XII.
ഞാൻ അവസാനം പറഞ്ഞതെല്ലാം കള്ളമായിരുന്നു. റൂമിൽ നിന്നും ആത്മഹത്യാക്കുറിപ്പ് എഴുതി നടക്കുമ്പോഴുള്ള ഇന്റെ ആഗ്രഹം മാത്രമായിരുന്നു പാണ്ടിക്കാട് എത്തിച്ചേരാൻ ആഗ്രഹിച്ച ഇടം എന്നൊക്കെ പറയാം.
റൂമിന്റെ വഴി തീർന്ന്, ആ നീണ്ടു മെലിഞ്ഞ ഗലിയിൽ എത്തിയപ്പോ അവിടെ പെണ്ണുങ്ങളും കുട്ടികളും ഒരുപാടുണ്ട്. അവരുടെയെല്ലാം മുന്നിലേക്കാണ് ഞാൻ ഒരു ബർമുഡയും കെട്ടുന്ന ചെരുപ്പും ഇന്റെ എണ്ണാൻ പാകത്തിലുള്ള വാരിയെല്ലുകളും കാട്ടി ധൃതിയിൽ കേറി ചെല്ലുന്നത്. അടക്കിപ്പറച്ചിലും കളിയാക്കിച്ചിരികളും. ഇന്റെ കോലത്തെ പറ്റി ഇനിക്ക് വൈകാതെ വന്ന തിരിച്ചറിവ്. പെട്ടെന്നൊരു നിമിഷത്തേക്ക് ഒന്ന് ചിന്തിപ്പിച്ചു.
തിരിച്ച് മുറിയിലേക്ക് പോയാലോ? വേണ്ട..! അത് വേണ്ട. കുറച്ചു നേരത്തിനുള്ളിൽ പോലീസ് എത്തും. പിടിച്ചു കൊണ്ട് പോവും. പിടികൊടുക്കാൻ പറ്റൂല്ല. കഴിച്ചിലാവണം, പന്നിക്കാട്ടിലേക്ക്. അവിടെ പോയി ഒളിക്കണം. മുടിയും താടിയും നീട്ടി ഒരു പിരാന്തന്റെ പോലെയാവണം. അപ്പോ ആർക്കും തിരിച്ചറിയാൻ പറ്റൂല. കണ്ടെത്താൻ കഴിയൂല. ഞാൻ രക്ഷപെടും. സ്വാതന്ത്രനാകും, പോലീസിൽ നിന്ന്.
ഓർമ്മകളിൽ നിന്നോ? ഓർമ്മകളിൽ നിന്നെനിക്ക് രക്ഷപ്പെടാനോ, ഓടിയൊളിക്കാനോ പറ്റോ? വേദിനെപ്പറ്റിയുള്ള... വീട്ടുകാരെപ്പറ്റിയുള്ള... നാടിനെപ്പറ്റിയുള്ള... സ്നേഹിതന്മാരെപ്പറ്റിയുള്ള... നടക്കാതെ പോയ പ്രണയങ്ങളെപ്പറ്റിയുള്ള... അങ്ങനെ ഒരായിരം ഓർമ്മകളിൽ നിന്നെനിക്കെന്ന് കര കേറാൻ പറ്റും? മനസ്സിലെ മഞ്ഞനിറമുള്ള ഓർമ്മകളുടെ അറയിലെ തടവുകാരനല്ലേ ഓരോ മനുഷ്യനും..!
ചിരികളും അടക്കിപ്പിടിച്ചുള്ള സംസാരങ്ങളും സഹിക്കാൻ പറ്റാതെ ആയപ്പോ, പെട്ടിയിൽ കുടുങ്ങിയ എലിയെ പോലെ ഞാനൊരു മരണപ്പാച്ചിൽ പാഞ്ഞു നോക്കി. ഗല്ലി തീർന്ന് മെയിൻ റോഡ് എത്താൻ നേരം വീണ്ടും പോലീസിന്റെ സൈറൺ. ഒച്ചപ്പാട്. മെയിൻ റോഡില് നിറച്ചും ആള്ക്കാര്. ഗലി അവസാനിക്കുന്നതിന്റെ അടുത്ത്, ജുബ്ബ അടിക്കാറുള്ള കാക്ക കട അടച്ചിട്ടുണ്ട്. സമയം എത്രയായെന്നു ഒരു പിടുത്തവുമില്ല. ഇന്റെ സമയം അടുത്തെന്നു മാത്രമറിയാം..!
നോമ്പ് കാലത്ത്, ജാമിയ നഗർ അത്തായം കഴിച്ച് സുബഹി നിസ്കരിച്ചിട്ടേ ഒറങ്ങാറുള്ളു. നീണ്ടു നിൽക്കുന്ന മരണച്ചൂടുള്ള പകലുകൾ. വെളുപ്പിന് നാല് മണി തൊട്ട് ചിലപ്പോ വെയ്കുന്നേരം ഏഴര വരെ നീണ്ടു പോവാറുള്ള നീളമുള്ള നോമ്പ് ദിനങ്ങൾ. അസഹനീയമായ ചൂട് കൂടെ ആവുമ്പോ പിന്നെ പറയേണ്ടല്ലോ, അവസ്ഥ. വൈകുന്നേരം ചൂടിന്റെ കാഠിന്യം കുറയുമ്പോ മാത്രമേ മനുഷ്യന്മാര് പുറത്തിറങ്ങുകയുള്ളൂ. അത്രക്ക് കടുപ്പത്തിൽ പിടിക്കുന്ന നോമ്പായിട്ടാവും. ഓരോ നോമ്പ് തുറക്ക് ശേഷവും ജാമിയ നഗറിന്റെ തെരുവുകളിൽ പെരുന്നാളാണ്..!
പറ്റില്ല, മെയിൻ റോഡിലേക്ക് ഇറങ്ങാൻ പറ്റൂല. ഓഖ്ല വിഹാറിലേക്കും, ബട്ല ഹൗസിലേക്കും പോവുന്ന ഒരുപ്പാട് സൈക്കിൾ റിക്ഷകളും വണ്ടികളും കാൽനടയാത്രക്കാരും കൊണ്ട് റോഡാക്കെ നിറഞ്ഞിരിക്കുന്നു. അടുത്തുള്ള ചെറിയ പാർക്കിലെ മഞ്ഞ അരണ്ട വെളിച്ചത്തിൽ കുട്ടികൾ ഓടിക്കളിക്കുന്നുണ്ട്. പാർക്കിനെ ചുറ്റിപ്പോവുന്ന മെയിൻ റോഡിന്റെ എതിർവശത്തുള്ള വഴിയിൽ രണ്ട് മൂന്ന് പൈസക്കാരുടെ വീടുകളാണ്. സദാ സമയവും അടഞ്ഞു കിടക്കുന്നവ. അവിടത്തെ ആൾക്കാരെയോ കുട്ടികളെയോ അധികം പുറത്തു കാണാറില്ല. പൈസക്കാരും ഗലികളിലെ സാധാരണക്കാരും തമ്മിലെ അകലം..! അത് കൊണ്ട് തന്നെ ആ വഴിയിൽ തിരക്ക് കുറവാണ്.
ഞാൻ ആ വഴിയിലേക്ക് നടന്നു. കാര്യമായി വെളിച്ചവുമില്ല. റോഡിൽ ആളനക്കം നിക്കുന്നത് വരെ എവിടെ ഒളിക്കും? അത് മാത്രമായിരുന്നു മനസ്സിൽ. ഒളിക്കാൻ വേണ്ടി സ്ഥലം തപ്പുന്നതിന്റെ ഇടക്കാണ് പാർക്കിന്റെ അങ്ങേ വശത്ത് മെയിൻ റോഡിലേക്ക് തന്നെ പോവുന്ന മറ്റൊരു ചെറിയ ഗലി ശ്രദ്ധയിൽപ്പെടുന്നത്. മുൻപ് മൂസാ പള്ളിയിൽ നിസ്കരിക്കാൻ ഈ ഗലിയിലൂടെ പോയിട്ടുണ്ട്. കഷ്ടിച്ച് ഒരു ഇരുപത് മീറ്റർ കാണും മെയിൻ റോഡിലേക്ക്. ആ ഗലി വന്നു കേറുന്നത്, "ഷാദി ഗർ" എന്ന് പ്രദേശവാസികൾ വിളിക്കുന്ന ജാമിഅഃയുടെ കല്യാണ ഹാളിന്റെ അടുത്തേക്കാണ്. ഇതിനെ ഗലിയെന്നു വിളിക്കുന്നതിനെക്കാൾ രണ്ട് ഫ്ളാറ്റുകളുടെ ഇടയിലുള്ള ഗ്യാപ് എന്ന് പറയാം.
അതിന്റെ ഒരു ഭാഗത്ത് വെല്യ ഫ്ലാറ്റാണ്. മറുഭാഗത്ത് ഒരുനില മാത്രമുള്ളൊരു വീടാണ്. അതിന് ഗലിയിലേക്ക് ഉന്തിനിക്കുന്ന കേറാൻ പാകത്തിലുള്ള ഒരു ചെറിയ സൺ ഷെയ്ഡ് ഉണ്ട്. അത് കേറാൻ പറ്റിയാൽ ആ വീടിന്റെ മുകളിലേക്ക് സുഖമായി കേറാം. ഒളിച്ചു നിക്കാം. പ്രതീക്ഷയോടെ അതിന്റെ അടുത്തേക്ക് നടന്നെങ്കിലും നിരാശയായിരുന്നു ഫലം. ആരും കേറാതിരിക്കാൻ തറച്ചു വെച്ച ഒരായിരം ആണികൾ. കൂർത്തു നിൽക്കുന്നു, തറച്ചു കേറാൻ.
വീണ്ടും ഒളിക്കാനുള്ള ഇടത്തിനായുള്ള തെരച്ചിൽ. അടുത്ത് തന്നെയുള്ളൊരു മരത്തിന്റെ അടിയിൽ മൂടിയിട്ടൊരു കാറു കണ്ടു. ആദ്യം കാഴ്ച്ചയിൽ പെട്ടിരുന്നില്ല. ഇപ്പോ തെളിഞ്ഞു കാണാൻ പറ്റുന്നുണ്ട്. നോട്ടവും ലക്ഷ്യവും മാറുമ്പോ കാഴ്ചയും മാറും അല്ലെ..! കാണാത്ത പലതും ഇടക്ക് എന്നും പോവാറുള്ള വഴിയിൽ ഞമ്മള് അപ്പോ കാണാറില്ലെ. ഉണ്ടോ? എന്തായാലൂം ഞാൻ കണ്ടു.
അതിന്റെ അടുത്തേക്ക് നടന്നു. ചെരിപ്പ് ഊരി വെച്ചു. എന്തിനാണ് അത് ചെയ്തെന്നു ഇപ്പോളും ആലോയിച്ചിട്ട് ഒരുപിടിയും കിട്ടുന്നില്ല. പടച്ചോന്റെ ഒരു കൈ ആയിരുന്നു അതെന്നു തോന്നാറുണ്ട്. ഞാൻ എവിടെയെന്നു തെരഞ്ഞു പരിഭ്രാന്തരായി നടക്കുന്ന റൂമിലെ ഒരുപാട് ആൾക്കാർക്കുള്ള ക്ലൂ ആയിരുന്നു അത്. ഇന്റെ മയ്യത്ത് കണ്ടെടുക്കാൻ..!
കാറിന്റെ ഉള്ളിലേക്ക് നെരങ്ങി നെരങ്ങി കേറിയപ്പോ, പണ്ട് കള്ളത്തരം ചെയ്തിട്ട് ഇമ്മന്റെ കണ്ണ് വെട്ടിച്ച് കട്ടിലിന്റെ അടിയിൽ ഒളിച്ചു നിക്കുന്നത് ഓർമ്മവന്നു. കുട്ടിക്കാലം ഓർമ്മ വന്നാണോ ഞമ്മള് മരിക്കാറ്. നേരത്തെ കിടക്കയിൽ കിടന്ന് ആലോയിച്ചത് പോലെ, എന്തൊക്കെയോ മനസ്സിലേക്ക് കേറി വന്നു. വീണ്ടും ഞാനൊരു കുറ്റവാളി ആവുന്നത് പോലെ. കഴുകിയാൽ പോവാത്ത അത്രക്ക് പാപം ചെയ്ത ഒരാളെപ്പോലെ തോന്നിയെനിക്ക്. കുറ്റബോധത്തിൽ ഞാൻ വീണ്ടും മുങ്ങി മരിക്കുന്നത് പോലെ. ഇന്നോട് തോന്നിയ അസഹനീയമായ വെറുപ്പ് മൂലം ഞാൻ തല മണ്ണിലടിക്കാൻ തുടങ്ങി. മണ്ണ് ചവച്ച് ഇറക്കാൻ നോക്കി. ശ്വാസം മുട്ടിച്ച് പല വട്ടം ഇന്നെ കൊല്ലാൻ നോക്കി. ഒരുപാട് നേരം ശ്വാസം പിടിച്ച് വെക്കും, പക്ഷേ ജീവന്റെ അവസാന തുടിപ്പിന്റെ ശക്തിയിൽ പിടിവിട്ടു പോകും. എത്ര നേരം ശ്വാസം മുട്ടിച്ച് ഇന്നെ ഞാൻ തന്നെ കൊല്ലാൻ നോക്കിയെന്ന് അറിയില്ല. അതിന്റെ ഇടക്ക് എപ്പോളോ ഞാൻ കൊയങ്ങി മരിച്ചെന്നു തോന്നുന്നു. വേറെയൊന്നും ഓർമ്മയില്ല.
XIII.
മണ്ണിൽ, ആ കാറിന്റെ അടിയിൽ ഞാൻ ബോധംകെട്ടു ഒറങ്ങുമ്പോ, റൂമിലെ ആൾക്കാർക്ക് ഇന്റെ ആത്മഹത്യാ കുറിപ്പ് കിട്ടിയിരുന്നു. അതോ ഞാൻ മരിച്ചതിനു മണിക്കൂറുകൾക്ക് ശേഷമാണോ ഓര് അത് കണ്ടെത്തുന്നത്. അറിയൂല. മരണക്കുറിപ്പ് കാണുമ്പോ റാസിക്കിന് ഇന്നോട് എന്താവും തോന്നുക? ഒപ്പരം വന്ന് ഓനെ തനിച്ചാക്കി മരിക്കാൻ ഇറങ്ങിപ്പോയ ചെങ്ങായിനോട് ഓന്ക്ക് ദേഷ്യമാവുമോ?! അലറിക്കരഞ്ഞു കാണുമോ? കൊയഞ്ഞു വീണു കാണുമോ? അറിയൂല...
ഞാൻ ആരാണെന്നുപോലും ശെരിക്ക് അറിയാത്ത എത്രയോ ആൾക്കാരുണ്ട് ആ രണ്ട് റൂമിലായിട്ട് ഓർക്കൊക്കെയോ?! അറിയൂല..! അറിയാത്ത രണ്ട് ചെക്കന്മാർക്ക് റൂം കൊടുത്തതിൽ ഹാരിസ്ക്കക്ക് ഇപ്പോ കുറ്റബോധം കാണുമോ? അതും അറിയൂല. പലർക്കും പേടിയായി കാണും. ആരോടൊക്കെ ഉത്തരം പറയേണ്ടി വരും. എന്തൊക്കെ ആയിരിക്കും ഇതിന്റെ ബാക്കിൽ വരാൻ പോവുന്നത്? എന്നൊക്കെ ആലോയിച്ച് ബേജാറായി പലരും ഇന്നെ തെരഞ്ഞു ഓടി നടക്കുന്നുണ്ടാവും. പലയിടത്തും പോയി നോക്കുന്നുണ്ടാവും.
ഉറങ്ങാൻ കിടന്ന ഇപ്പയുടെ ഫോൺ അർദ്ധരാത്രിയിൽ റിങ് ചെയ്യും. പാതി ഉറക്കത്തിൽ നിന്നും ഇപ്പ കേക്കാൻ പോവുന്നത് മോനെ കാണാതായ വാർത്തയായിരിക്കും. ഇപ്പയുടെ സൗണ്ടിൽ വന്ന മാറ്റത്തിൽ ഇമ്മയും എണീക്കും. എന്ത് പറഞ്ഞാവും അവർ പരസ്പരം ആശ്വസിപ്പിക്കുക. ഇമ്മയും ഇപ്പയും ഇതെങ്ങനെ സഹിക്കും? അതൊന്നും അറിയൂല. പ്രതീക്ഷയുടെ ഒരു കൂമ്പാരവുമായി ഡൽഹിയിലേക്ക് പഠിക്കാൻ വന്ന ഓരെ മോൻ ഒരാഴ്ചക്കുള്ളിൽ മയ്യത്തായി തിരിച്ചു വീട്ടിലേക്ക് വരുന്നത് കണ്ടുനിക്കാൻ ഓർക്ക് ഉറപ്പുണ്ടാവോ? അറിയൂല..!
എല്ലാം ഒപ്പിച്ചിട്ട് ഞാൻ മണ്ണിനോട് ചേർന്ന് ഉറങ്ങുകയാണ്. ഒരിക്കലും ഉണരാൻ പറ്റാത്ത അവസാനത്തെ ഒറക്കം...!
XIV.
എത്ര മണിക്കാണ് ഇന്നെ റൂമിലെ ആൾക്കാർ കണ്ടെത്തുന്നത് എന്ന് ഓർമ്മയില്ല. മൂസാ പള്ളീൽ പോയി നോക്കി തിരിച്ചു നടക്കുമ്പോ വേഗം എത്താൻ വേണ്ടി ആ ഇടവഴിക്ക് വന്ന ആരോ ആണ് ഇന്നെ കണ്ടെത്തിയതെന്ന് തോന്നുന്നു. അതോ ആരോ കള്ള് കുടിച്ച് കാറിന്റെ അടിയിൽ കിടക്കുന്നത് കണ്ട ആരെങ്കിലും ആണോ ഇന്നെ ഓർക്ക് കാണിച്ചു കൊടുക്കുന്നത്. അറിയൂലാ..! അല്ലേലും മരിച്ച ആൾക്ക് അതൊക്കെ ചിന്തിക്കേണ്ട എന്തെങ്കിലും ആവശ്യമുണ്ടോ?!
പതുക്കെ ഇന്നെ ആ കാറിന്റെ അടിയിൽ നിന്നും വലിച്ചെടുക്കുമ്പോഴാണ് ബോധം വരുന്നത്. ബോധമില്ലാത്തയൊരു ബോധം. എല്ലാരും കൂടെ ഇന്നെ റൂമിലേക്ക് എടുത്തു കൊണ്ട് വന്നു. മണ്ണൊക്കെ തട്ടി. ഒരു കള്ളിത്തുണി ഉടുപ്പിച്ചു. ആരോ ഒരു ബനിയൻ കൊണ്ട് തന്നു. വീണ്ടും സംസ്കാരമുള്ള മനുഷ്യനാക്കി. ഡ്രസ്സ് ഒക്കെ ഉടുപ്പിച്ച് ഇന്റെ എല്ലുകളെ മറച്ചു.
ഒരുപാട് ആൾക്കാരുണ്ട്. പലരെയും ആദ്യമായി കാണുകയാണ്. കൂട്ടത്തിൽ ഉള്ളവരെ പലരെയും പിന്നെയാണ് പരിചയപ്പെടുന്നത്. നൗഷാദ്ക്ക, ഹബീബ് മാഷ്, ഹസനുൽ ബന്നക്ക, പിന്നെ ഇപ്പോളും പേര് അറിയാത്ത ഒരു പൂച്ചക്കണ്ണുള്ള ഒരു മനുഷ്യൻ. മൂപ്പരാണെനിക്ക് ഖുർആൻ ഓതിത്തരുന്നത്. ഞാൻ അതൊക്കെ ഏറ്റുചൊല്ലി. അവസാനത്തെ എളുപ്പമുള്ള ചെറിയ സൂറത്തുകൾ ഞാൻ മൂപ്പര് ആവിശ്യപെട്ടത് അനുസരിച്ചു ചൊല്ലിക്കൊടുത്തു.
എന്തിനായിരിക്കും അപ്പോ അങ്ങനെയൊക്കെ, ഇന്നെക്കൊണ്ട് ചെയ്യിച്ചത്..?! ബോധമുണ്ടോ എന്ന് നോക്കാനുള്ള പരീക്ഷയായിരുന്നോ അത്? അറിയൂല... മരണത്തിനു ശേഷം ഞാൻ ആദ്യമായി ചൊല്ലിയത്, കുൽഹുവല്ലാഹു അഹദ് എന്നായിരിക്കും, പറയുക അല്ലാഹു ഏകനാണ്...
മരണം അന്ന് അനിവാര്യമായിരുന്നു. അഹം എന്ന ബോധത്തിന്റെ മരണത്തിന്റെ തുടക്കമായിരുന്നു അത്. കഴിഞ്ഞ പതിനെട്ടു കൊല്ലം കൊണ്ട് "ഞാൻ" എന്ന് കരുതിയതെല്ലാം, അന്ന് ആ മണ്ണിൽ കിടന്നു മരിച്ചു. ഇനിയുള്ളത് പുതിയ ജീവിതമാണ്...
പിന്നെ ആരുടെയോ സ്കൂട്ടറിൽ ഇന്നെ നടുക്ക് കുത്തിരിപ്പിച്ച് കൊണ്ട് ഓര് അൽ-ശിഫാ ഹോസ്പിറ്റലിലേക്ക് വണ്ടി വിട്ടു...

ആദ്യ മരണത്തിന്റെ അദ്ധ്യായം ഇവിടെ അവസാനിക്കുന്നു. ഇനിയുള്ളത്, ഇന്റെ യാത്രയാണ്. മരണത്തിൽ നിന്ന് മരണത്തിലേക്ക്... മരിച്ചു മരിച്ചാണ് ഞാൻ ഇന്നും ജീവിക്കുന്നത്..!