അടുക്കളയിലില്ലാത്ത പാത്രങ്ങൾ

"ഛ്ലും"
എട്ടു വർഷമായി,
കട്ടൻകാപ്പി കുടിക്കുന്ന കപ്പ്,
അവസാനമായി ഒച്ച വെച്ചതാണ്.
അമ്മയുടെ മുഖത്തേക്ക്,
കൊലപാതകം ചെയ്തപോലെ
കുറ്റബോധം നിറച്ചു നോക്കി.
അവരുടെ കണ്ണുകൾ വിടർന്നിരുന്നു.
"വാ."
കിടപ്പുമുറിയിൽ
പ്ലാസ്റ്റിക് വള്ളി പാകിയ,
കട്ടിലിന്നടിയിലെ ഇരുട്ടത്ത്
ഒളിപ്പിച്ചു വെച്ചിരിക്കുന്നു
ഒരു ബക്കറ്റ്.
ബക്കറ്റിന്റെ മൂടി മാറ്റിയപ്പോ,
വലിയൊരു നിധിശേഖരം!
പല വലിപ്പത്തിലും നിറത്തിലുമുള്ള
സെറാമിക് പാത്രങ്ങൾ, ചില്ലു പാത്രങ്ങൾ,
പോഴ്സെലൈൻ പാത്രങ്ങൾ,
അവരുടെ അപരിചിതനോട്ടം.
ചില പാത്രങ്ങൾക്ക്,
കല്യാണത്തിനു മുൻപേയുള്ള
അമ്മയുടെ ചിത്രങ്ങളുടെ മാർദ്ദവം.
അന്നത്തെ അമ്മയെപ്പോലെ ഇവരും
അടുക്കളയിൽ കയറിയിട്ടേയില്ലല്ലോ.
കുലീനതയുള്ള ബൗളുകൾ,
പല പ്രിന്റുകളുള്ള,
തവിട്ടും സ്വർണ്ണവും നിറത്തിൽ
"വൺ ലവ്" എന്നെഴുതിയ
കപ്പുകൾ,
മൂങ്ങയുടെ ആകൃതിയിലുള്ള ജഗ്ഗ്,
പിങ്ക് റോസാപ്പൂക്കളുള്ള പ്ലേറ്റുകൾ.
വെള്ളയിൽ നീല ചിത്രങ്ങളുള്ള
ഒരു ചൈനീസ് ഭരണി.
"ഇതെന്റെ കല്യാണത്തിന് കിട്ടിയതാണ്.
ഇത്, നീയുണ്ടായി വന്നപ്പോ,
നാത്തൂൻ തന്നത്."
ഓരോ പാത്രങ്ങളുടെയും ജീവചരിത്രം
അമ്മ ചുരുക്കിപ്പറഞ്ഞു.
എനിക്ക് ദേഷ്യമാണ് വന്നത്.
"ഇതെന്തിന് ഇവിടെ പൂഴ്ത്തി വെച്ചിരിക്കുന്നു?"
അമ്മ പരിഹാസച്ചിരി ചിരിച്ചു.
എനിക്ക് ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലല്ലോ.
"മണ്ടീ..
നമ്മളിനി നല്ലൊരു വീടുവെക്കുമ്പോ,
ഇതൊക്കെ ഒരു ചില്ലലമാരയിൽ
വെക്കും. ഊണുമുറിയിൽ.
അപ്പോ,
വിരുന്നുകാര് വരുമ്പോ ഇതില് വെളമ്പും."
എനിക്കൊന്നും മനസിലായില്ല.
എന്നോ വരാനിരിക്കുന്ന
സുന്ദരഭാവിലേക്കു വേണ്ടി
അമ്മയുടെ സൂക്ഷിപ്പാണിത്.
വരുമെന്നുറപ്പില്ലാത്ത വിരുന്നുകാർക്ക്
അമ്മയുടെ കരുതലാണ്.
പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ.
അതു വരേക്കും,
നമ്മളോളം ദയനീയമായ പാത്രങ്ങളിൽ
ഉണ്ടുറങ്ങിയാൽ മതി.
സിമന്റു തേക്കാത്ത ഭിത്തിക്ക്,
പഴയ സാരി വിരിച്ച കയറു കട്ടിലുകൾക്ക്,
ഫ്ലക്സ് ബോർഡു മേഞ്ഞ കോഴിക്കൂടിന്,
ടാർപ്പൊളിൻ വിരിച്ച തിണ്ണക്ക്,
അതുമതി.
ബക്കറ്റിന്റെ അടിത്തട്ടീന്ന്
തപ്പിയെടുത്ത,
ചളുങ്ങിയൊരു സ്റ്റീൽ കപ്പുപോലെ
ഉറുമ്പുകേറും മുന്നെ,
ചായ തുടച്ചു കളയാനുള്ള തുണി പോലെ
വീണ്ടും,
ഞങ്ങൾ അപ്രസക്തരായി.
എട്ടു വർഷമായി,
കട്ടൻകാപ്പി കുടിക്കുന്ന കപ്പ്,
അവസാനമായി ഒച്ച വെച്ചതാണ്.
അമ്മയുടെ മുഖത്തേക്ക്,
കൊലപാതകം ചെയ്തപോലെ
കുറ്റബോധം നിറച്ചു നോക്കി.
അവരുടെ കണ്ണുകൾ വിടർന്നിരുന്നു.
"വാ."
കിടപ്പുമുറിയിൽ
പ്ലാസ്റ്റിക് വള്ളി പാകിയ,
കട്ടിലിന്നടിയിലെ ഇരുട്ടത്ത്
ഒളിപ്പിച്ചു വെച്ചിരിക്കുന്നു
ഒരു ബക്കറ്റ്.
ബക്കറ്റിന്റെ മൂടി മാറ്റിയപ്പോ,
വലിയൊരു നിധിശേഖരം!
പല വലിപ്പത്തിലും നിറത്തിലുമുള്ള
സെറാമിക് പാത്രങ്ങൾ, ചില്ലു പാത്രങ്ങൾ,
പോഴ്സെലൈൻ പാത്രങ്ങൾ,
അവരുടെ അപരിചിതനോട്ടം.
ചില പാത്രങ്ങൾക്ക്,
കല്യാണത്തിനു മുൻപേയുള്ള
അമ്മയുടെ ചിത്രങ്ങളുടെ മാർദ്ദവം.
അന്നത്തെ അമ്മയെപ്പോലെ ഇവരും
അടുക്കളയിൽ കയറിയിട്ടേയില്ലല്ലോ.
കുലീനതയുള്ള ബൗളുകൾ,
പല പ്രിന്റുകളുള്ള,
തവിട്ടും സ്വർണ്ണവും നിറത്തിൽ
"വൺ ലവ്" എന്നെഴുതിയ
കപ്പുകൾ,
മൂങ്ങയുടെ ആകൃതിയിലുള്ള ജഗ്ഗ്,
പിങ്ക് റോസാപ്പൂക്കളുള്ള പ്ലേറ്റുകൾ.
വെള്ളയിൽ നീല ചിത്രങ്ങളുള്ള
ഒരു ചൈനീസ് ഭരണി.
"ഇതെന്റെ കല്യാണത്തിന് കിട്ടിയതാണ്.
ഇത്, നീയുണ്ടായി വന്നപ്പോ,
നാത്തൂൻ തന്നത്."
ഓരോ പാത്രങ്ങളുടെയും ജീവചരിത്രം
അമ്മ ചുരുക്കിപ്പറഞ്ഞു.
എനിക്ക് ദേഷ്യമാണ് വന്നത്.
"ഇതെന്തിന് ഇവിടെ പൂഴ്ത്തി വെച്ചിരിക്കുന്നു?"
അമ്മ പരിഹാസച്ചിരി ചിരിച്ചു.
എനിക്ക് ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ലല്ലോ.
"മണ്ടീ..
നമ്മളിനി നല്ലൊരു വീടുവെക്കുമ്പോ,
ഇതൊക്കെ ഒരു ചില്ലലമാരയിൽ
വെക്കും. ഊണുമുറിയിൽ.
അപ്പോ,
വിരുന്നുകാര് വരുമ്പോ ഇതില് വെളമ്പും."
എനിക്കൊന്നും മനസിലായില്ല.
എന്നോ വരാനിരിക്കുന്ന
സുന്ദരഭാവിലേക്കു വേണ്ടി
അമ്മയുടെ സൂക്ഷിപ്പാണിത്.
വരുമെന്നുറപ്പില്ലാത്ത വിരുന്നുകാർക്ക്
അമ്മയുടെ കരുതലാണ്.
പലിശയേറിക്കൊണ്ടിരിക്കുന്ന ഒരു പ്രതീക്ഷ.
അതു വരേക്കും,
നമ്മളോളം ദയനീയമായ പാത്രങ്ങളിൽ
ഉണ്ടുറങ്ങിയാൽ മതി.
സിമന്റു തേക്കാത്ത ഭിത്തിക്ക്,
പഴയ സാരി വിരിച്ച കയറു കട്ടിലുകൾക്ക്,
ഫ്ലക്സ് ബോർഡു മേഞ്ഞ കോഴിക്കൂടിന്,
ടാർപ്പൊളിൻ വിരിച്ച തിണ്ണക്ക്,
അതുമതി.
ബക്കറ്റിന്റെ അടിത്തട്ടീന്ന്
തപ്പിയെടുത്ത,
ചളുങ്ങിയൊരു സ്റ്റീൽ കപ്പുപോലെ
ഉറുമ്പുകേറും മുന്നെ,
ചായ തുടച്ചു കളയാനുള്ള തുണി പോലെ
വീണ്ടും,
ഞങ്ങൾ അപ്രസക്തരായി.