സ്ത്രീധനവും ലിംഗസമത്വവും നവസ്ത്രീവാദങ്ങളും
സ്ത്രീ മുന്നേറ്റങ്ങളെ വേറിട്ട് നിർത്തേണ്ടത് പലപ്പോഴും നിലവിലെ അധികാരബന്ധങ്ങൾ തുടരേണ്ടവരുടെ കൂടെ ആവശ്യമാണ്. സ്ത്രീയും പുരുഷനും തമ്മിലുണ്ടാവുന്ന വർഗപരമോ, സാമൂഹികമോ ആയ ഐക്യം തകർക്കുക ഈ അധികാരബന്ധങ്ങളെയാണല്ലോ. നവഫെമിനിസമാവട്ടെ പലപ്പോഴും ഇതിനെ സമീപിക്കുന്നത് ആ വിധത്തിലും.

കൊല്ലം സ്വദേശിനിയായ യുവതിയുടെ ഗാർഹിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യയ്ക്ക് ശേഷം സ്ത്രീധനം വീണ്ടും നമ്മുടെ ചർച്ചാ വിഷയമായി വന്നിരിക്കുകയാണ്. 'സ്ത്രീധനം’ എന്നത് എതിർക്കപ്പെടേണ്ട പ്രവണത ആണെന്നതിൽ തർക്കമില്ല. എന്നിരുന്നാൽ തന്നെ സ്ത്രീധനത്തെ സംബന്ധിച്ചും, സ്ത്രീ-പുരുഷ ബന്ധങ്ങളെ സംബന്ധിച്ചും ഈ പശ്ചാത്തലത്തിൽ ഉയർന്ന് വരുന്ന വാദഗതികളും അവയുടെ പരിസരങ്ങളും പരിശോധിക്കേണ്ടത് തന്നെയെന്ന് തോന്നുന്നു.
1958ൽ തന്നെ കേരളത്തിലെ പ്രഥമ സർക്കാർ സ്ത്രീധന നിരോധന ബില്ല് അവതരിപ്പിക്കുന്നുണ്ട്. അത് തന്നെ പൂർണ്ണമായ അർത്ഥത്തിലല്ല, മറിച്ച് 2000 രൂപയിൽ(അന്നത്തെ 2000) കൂടുതൽ ഉള്ള തുക കൊടുക്കുന്നത് ശിക്ഷാർഹം എന്ന വിധത്തിലായിരുന്നു ബിൽ അവതരിപ്പിക്കപ്പെട്ടത്. ഈ ബില്ലിനെ കേരള നിയമസഭയിൽ പരസ്യമായി തന്നെ കോൺഗ്രസും, പി.എസ്.പിയും എതിർക്കുന്നുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനെതിരെ വന്ന ബില്ല് എന്ന വിധത്തിലായിരുന്നു, സ്ത്രീധനനിരോധന ബിൽ വ്യാഖ്യാനിക്കപ്പെട്ടത്.
കോൺഗ്രസിലെ ഇ.പി പൗലോസ്, കുസുമം ജോസഫ്, എം.എ ആന്റണി, ടി.എ തൊമ്മൻ തുടങ്ങിയ ക്രൈസ്തവർ, ബില്ലിന് പ്രസക്തി ഇല്ലാ എന്ന വാദം സഭയിൽ ഉയർത്തിയിരുന്നു. ക്രിസ്റ്റ്യാനികൾക്കിടയിലെ സ്ത്രീകൾക്ക് കുടുംബസ്വത്തിന്റെ ഓഹരി നൽകുന്നത് സ്ത്രീധനമായി വ്യാഖ്യാനിക്കാൻ സാധിക്കില്ലെന്ന് എം.സി എബ്രാഹം വിശദീകരിക്കുകയുമുണ്ടായി.
പി.എസ്.പിയിലെ ജോസഫ് ചാഴിക്കാടൻ സ്ത്രീധനം നിരോധിച്ചാൽ സുന്ദരികളല്ലാത്തവരും, വിദ്യാഭ്യാസം ഇല്ലാത്തവരുമായ സ്ത്രീകളുടെ കല്യാണം നടക്കില്ല. 1000 രൂപ കൊടുത്താൽ ചിലപ്പോൾ ഇവരുടെ വിവാഹം നടന്നേക്കും, അത് തടയരുത് എന്ന് നിയമസഭയിൽ തന്നെ പറഞ്ഞത്രേ.
“ക്രിസ്റ്റ്യൻ സമുദായത്തിന്റെ ഇന്നുള്ള മുന്നിട്ട് നിൽക്കലിന് കാരണം അവരുടെ അവകാശക്രമവും, സ്ത്രീധന സമ്പ്രദായവുമാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനും മറ്റും സ്ത്രീധനം കാരണമാവുന്നു. കുറച്ച് വിദ്യാഭ്യാസം ലഭിച്ചാൽ സ്ത്രീധനം കുറയുമല്ലോ എന്ന് കരുതി അവരെ പഠിപ്പിക്കാനയക്കുന്നു" തുടങ്ങിയ കാര്യങ്ങളും ചാഴിക്കാടന്റെ എതിർപ്പിലെ പ്രസക്തമായ ഭാഗങ്ങളായി നമുക്കെടുക്കാം.
പട്ടം താണുപിള്ള പറയുന്ന മറുപടി ശ്രദ്ധേയമാണ്. "എന്റെ സമുദായത്തിൽ സ്ത്രീധനം വലിയ ശാപം ആയിരുന്നില്ല, ഇപ്പോൾ കുറേശ്ശെയായി തുടങ്ങിയിട്ടുണ്ട്, ഈഴവരുടെ ഇടയിലും അങ്ങനെ തന്നെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

സ്ത്രീധന നിരോധന ബില്ലിനെ വിമർശിച്ച് കൊണ്ട് ദീപിക മുഖപ്രസംഗം എഴുതുകയും അഖില കേരള കത്തോലിക്ക കോൺഗ്രസ് പ്രമേയം പുറത്തിറക്കുകയും ചെയ്തു..!
പ്രതിപക്ഷത്ത് നിന്ന് ഇതിനോട് അനുകൂല സമീപനം എടുത്തത് മുസ്ലിം ലീഗ് ആയിരുന്നു. ഈ 2000 രൂപ തന്നെ കൂടുതൽ ആണെന്ന് സി.എച്ച് മുഹമ്മദ് കോയ അഭിപ്രായപ്പെടുകയുണ്ടായി. ലീഗ് നേതാവ് ഹസൻ ഗനിയും ബില്ലിനെ പിന്തുണക്കുകയാണ് ഉണ്ടായത്.

*
ഇന്ന് കാണുന്ന അല്ലെങ്കിൽ കണ്ടുവന്നിരുന്ന ‘സ്ത്രീധനം’ തന്നെ വളരെ പ്രായം കുറഞ്ഞ ഏർപ്പാടാണ്. 1948ൽ എഴുതപ്പെട്ട തകഴിയുടെ രണ്ടിടങ്ങഴിയിലെ ആദ്യ രംഗം തന്നെ നമുക്ക് ഉദാഹരണമായിട്ടെടുക്കാം. ഇഷ്ടപ്പെട്ട പെണ്ണായ ചിരുതയെ കല്യാണം ആലോചിച്ച് നായകനായ കോരൻ ചെല്ലുമ്പോൾ അവളുടെ അച്ഛൻ പറയുന്നത് രണ്ട് കറ്റ അധികം കെട്ടുന്ന പെണ്ണാളാണ്, ഇവളെ കല്യാണം കഴിച്ച് തരണമെങ്കിൽ ചുരുങ്ങിയത് 25 പറ നെല്ലും, 50 രൂപയുമെങ്കിലും 'പെൺപണ’മായി കിട്ടണം എന്നാണ്.
1920-30കളിലെ കർഷകതൊഴിലാളി സംഘാടനവും പുലയസമുദായവും പശ്ചാത്തലമായി വരുന്ന നോവലിൽ 'സ്ത്രീധനം’ ഇല്ല മറിച്ച് 'പെൺപണം’ ആണുള്ളത്. സ്ത്രീയെ വിവാഹം കഴിക്കാൻ അങ്ങോട്ട് പണം നൽകേണ്ട ഏർപ്പാട്. അല്ലെങ്കിൽ അവളുടെ അധ്വാനശക്തി വില കൊടുത്ത് സ്വന്തമാക്കുന്ന തരം ഇടപാട് എന്നൊക്കെ വേണമെങ്കിൽ പറയാം. അടിമവ്യാപാരത്തോട് സാദൃശ്യമുണ്ട്, എന്നാൽ പൂർണ്ണമായ അർത്ഥത്തിൽ അങ്ങനെ അല്ലതാനും.

ചില വരേണ്യസമുദായങ്ങളിൽ പുരുഷനെ പണം കൊടുത്ത് സ്വന്തമാക്കുന്ന രീതി നിലനിന്നതായും കാണാം. പ്രത്യേകിച്ച് സ്ത്രീകൾക്ക് സ്വത്ത് കൈമാറ്റത്തിൽ നിർണ്ണായക സ്വാധീനം ഉണ്ടായിരുന്ന സമൂഹങ്ങളിൽ. കാളയേയോ, കുതിരയേയോ വില കൊടുത്ത് വാങ്ങുന്ന പോലെ പുരുഷനെ വില കൊടുത്ത് വാങ്ങുന്ന രീതി. ഇവിടെ 'സ്ത്രീധന’ വ്യവസ്ഥിതി പോലെത്തന്നെ പണം പുരുഷനാണ് കൊടുക്കുന്നത് എങ്കിൽ കൂടെ അതിൽ കൃത്യമായ നിയന്ത്രണാവകാശം സ്ത്രീകൾക്ക് ഉണ്ടായിരുന്നതായി പറയുന്നു. വിവാഹബന്ധം വേർപ്പെടുത്തുന്നത് അനുവദനീയം ആയത് കൊണ്ട് തന്നെ, അങ്ങനെ ചെയ്യുമ്പോൾ കൊടുത്ത പണം തിരികെ വാങ്ങാനും സാധിക്കുമായിരുന്നത്രെ.
ബഹുഭാര്യാത്വം, ബഹുഭർത്തൃത്വം, Living Together ന് സമാനമായ 'വീടാരംകയറൽ’ ഇതൊക്കെ പല സമൂഹങ്ങൾക്കിടയിലും കേരളത്തിൽ നിലനിന്നിരുന്നു എന്നതും വസ്തുതയാണ്.
മക്കത്തായം പിന്തുടർന്ന മലയാളി ബ്രാഹ്മണർ, സുറിയാനി ക്രിസ്റ്റ്യാനികൾ ഇവർക്കിടയിലത്രെ ഇന്നത്തെ രീതിയിലുള്ള സ്ത്രീധനം അന്നും ഉണ്ടായിരുന്നത്. അതായത് സ്ത്രീകൾക്ക് സ്വത്ത് കൈമാറ്റത്തിലോ, അധ്വാനത്തിലോ പങ്ക് ഇല്ലാതിരുന്ന കമ്യൂണിറ്റികളിൽ എന്ന് പറയാം. 19ആം നൂറ്റാണ്ടോട് കൂടി, വൈദേശിക വിദ്യാഭ്യാസം പലവിഭാഗങ്ങളും കരസ്ഥമാക്കി തുടങ്ങിയതോടെയാണ് വിവാഹത്തിലേക്ക് ബ്രാഹ്മണ ആദർശം കടന്ന് വരുന്നത് എന്നാണ് ജെ.ദേവികയെ പോലെയുള്ളവർ നിരീക്ഷിക്കുന്നത്. അതുപോലെ ഫ്യൂഡൽ ബന്ധങ്ങളിൽ നിന്ന് വേറിട്ട് കേരളത്തിൽ മുതലാളിത്തം അതിന്റെ പ്രാരംഭ ദിശയിലെത്തിയതും കാരണമായി പറയാം.
മറ്റ് കീഴാള കമ്യൂണിറ്റികളിലേക്ക് ഈ 'സ്ത്രീധന’ സംവിധാനം കടന്ന് വരാൻ പിന്നേയും ഒരുപാട് സമയമെടുത്തു എന്ന് നമ്മൾ രണ്ടിടങ്ങഴിയിലും, പട്ടം താണുപ്പിള്ളയുടെ നിയമസഭാ പ്രസ്താവനയിലും കണ്ടു. ഈഴവർക്കും പുലയർക്കും ഇടയിൽ ഈ സംവിധാനം വളരെ വൈകിയാണ് പ്രചാരത്തിലാവുന്നത്. പുലയരുടെ ജീവിതത്തിൽ നിന്ന് 'പെൺപണ’ സംവിധാനം ഇല്ലാതാക്കാൻ സി.എം.എസ് മിഷണറി പ്രവർത്തകനായ റവ. ബേക്കർ (ജൂനിയർ) നടത്തിയ ശ്രമങ്ങൾ കാണാം. ഉയർന്ന സമുദായക്കാരെ പോലെ സ്ത്രീധനം പുലയജീവിതങ്ങളിലേക്ക് വന്നത് ഇത്തരം മിഷണറി പ്രവർത്തനങ്ങളിലൂടെ കൂടെയായിരുന്നു.
എന്നാൽ ഈ സമൂഹങ്ങളിൽ പലതിലും അത് പുരുഷനെ പണം കൊടുത്ത് വാങ്ങുന്നവ ആയാലും, സ്ത്രീധനം ആയാലും, പെൺപണം ആയാലും സ്ത്രീയുടെ അസമത്വം ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും ഒരു യാഥാർത്ഥ്യമായി നിലനിൽക്കുന്നു എന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ ‘സ്ത്രീധനം,’ അല്ലെങ്കിൽ മെച്ചപ്പെട്ട പുരുഷനെ, തൊഴിൽ, സൗന്ദര്യം, ജാതി, കുടുംബം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് ലഭിക്കാൻ പണം കൊടുത്ത് വാങ്ങുന്ന ഇന്നത്തെ രീതി സ്ത്രീ അസമത്വവുമായി നേരിട്ട് ബന്ധപ്പെടുത്തുന്നത് ശരിയായിരിക്കുകയില്ല.
അത് കൂടുതലും സ്വത്ത് കൈമാറ്റത്തിന്റെ വ്യവസ്ഥ, അതിൽ സ്ത്രീയുടേയും പുരുഷന്റേയും നിയന്ത്രണാധികാരം എന്ത്, അത് ഇന്നെങ്ങനെ പ്രവർത്തിക്കുന്നു എന്ന രീതിയിൽ മനസിലാക്കുന്നതിനാവും കൂടുതൽ തെളിമ നൽകാൻ സാധിക്കുക.
*
സ്ത്രീധനം എന്നത് വളരുന്ന മലയാളി മധ്യവർഗ്ഗത്തിന്റെ യാഥാർത്ഥ്യം അല്ലെന്നാണ് തോന്നുന്നത്. സ്വത്ത് കൈമാറ്റം എന്നതിൽ കവിഞ്ഞ് പരിഷ്കൃത സമൂഹങ്ങൾ ഇതിനെ സ്വീകരിക്കുന്നില്ല. അല്ലെങ്കിൽ ഈ സ്വത്തിലെ നിയന്ത്രണാവകാശം സ്ത്രീയും പുരുഷനും പങ്ക് വെയ്ക്കുന്നുണ്ട് എന്ന് പറയാം.
അതിന്റെ ശക്തമായ ഉദാഹരണമാണ് വിസ്മയയുടെ വിഷയത്തിൽ രൂപപ്പെട്ട പൊതുവായ വിമർശനം. പണ്ട് കേരള നിയമസഭയിൽ കോൺഗ്രസും, പി.എസ്.പിയും സ്ത്രീധന നിരോധന ബില്ലിനെ വിമർശിച്ചെങ്കിൽ ഇന്നങ്ങനെ ചെയ്യാൻ സാധിക്കില്ല. ദീപിക ഇന്ന് മുഖപ്രസംഗവും എഴുതില്ല. എന്തിന് 2000 രൂപ ലിമിറ്റ് വെയ്ക്കുന്നത് പോലും ഇന്ന് അപരിഷ്കൃതമാണ്. അതിന്റെ അർത്ഥം സ്ത്രീധനം ഇന്നാരും കൊടുക്കുന്നില്ല എന്നല്ല. തീർച്ചയായും പല സമൂഹങ്ങളിലും ഉണ്ട്. എന്നാൽ വിസ്മയയുടെ സംഭവം സാമാന്യവത്കരിക്കാനോ, പുതിയ കാലത്തും പ്രത്യേകിച്ച് പുതിയ മധ്യവർഗ്ഗങ്ങൾക്കിടയിൽ സ്വത്തിന്റെ നിയന്ത്രണം പൂർണ്ണമായും പുരുഷനിൽ മാത്രം നിക്ഷിപ്തമാണ് എന്ന് പറയുവാനോ സാധിക്കില്ല.
ഒരു കാലത്ത് മുതലാളിത്തത്തിന്റെ പ്രാരംഭ ഘട്ടത്തിലും, അതിന് മുമ്പും സ്ത്രീകളെ ഗാർഹിക ജോലികളിൽ മാത്രം തളച്ചിടുക സാധ്യമായിരുന്നു. കൂലി നൽകാതെ തന്നെ അടുത്ത തലമുറ തൊഴിലാളികളെ നിശ്ചിത മൂല്യങ്ങളിൽ വളർത്തിയെടുക്കാനുള്ള ചുമതല സ്ത്രീകളെ കൊണ്ട് ചെയ്യിപ്പിക്കാൻ സാധിക്കുകയും ചെയ്തു.
എന്നാൽ ഉത്പാദനതോത് വർദ്ധിക്കുന്നതോട് കൂടെത്തന്നെ പുരുഷന്മാരുടെ മാത്രം അധ്വാനം ഉപയോഗപ്പെടുത്തി മുന്നോട്ട് പോവുക എന്നത് ഇന്ന് നമുക്ക് സാധ്യമല്ല. പണ്ട് സ്ത്രീകൾ ഗാർഹിക ജോലികളാണ് ചെയ്തതെങ്കിൽ ഇന്നവർ വിദ്യാഭ്യാസം നേടുകയും തൊഴിലിടങ്ങളിൽ എത്തുകയും ചെയ്താൽ മാത്രമേ Production Demands പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. സ്ത്രീകളെ തൊഴിൽശാലകളിൽ എത്തിക്കേണ്ടതും അവരെ അതിന്റെ ഭാഗമാക്കേണ്ടതും മുതലാളിത്ത വ്യവസ്ഥയുടെ തന്നെ ആവശ്യമായി മാറുന്നുണ്ട്. ഇങ്ങനെ സ്ത്രീ ആധുനിക ഇടങ്ങളിൽ എത്തുന്നതോടു കൂടെ തന്നെ സ്ത്രീ മുന്നേറ്റങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുന്നതായി കാണാം. മുമ്പില്ലാത്ത വിധം ഇന്ന് കേരളത്തിൽ ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങൾ ശക്തമാണ്.
ഒരു വലിയ വിഭാഗം സ്ത്രീകൾ മധ്യവർഗ സ്റ്റാറ്റസ് നേടുന്നതിന്റെ കൂടെ ഭാഗമായി സംഭവിക്കുന്നതാണിത്. ഇത് കേരളത്തിന്റെ പ്രത്യേക കേസ് മാത്രമല്ല, ആഗോളതലത്തിൽ തന്നെ സ്ത്രീപക്ഷ വാദങ്ങൾ കരുത്താർജ്ജിക്കുന്നത് അവർ തൊഴിൽശാലകളിലേക്ക് എത്താൻ തുടങ്ങിയതോടെയാണ്. സ്ത്രീകൾ മാത്രമല്ല മോഡേൺ-നാഗരിക സ്പേസുകളിലെത്തിയ പുരുഷന്മാർ, ഈ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരുയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് മധ്യവർഗ്ഗ സ്വഭാവവുമുണ്ട്.
ബാംഗ്ലൂരിലോ, ഹൈദരബാദിലോ, മുംബൈയിലോ തൊഴിൽ അന്വേഷിച്ച് പോവുന്നവർ ആണ് ഇന്ന് കേരളത്തിലെ മധ്യവർഗം. (ഇത് വെറുതെ ഊഹമായി പറയുന്നതല്ല. കേരളത്തിൽ വിദ്യാഭ്യാസം നേടുന്ന ബഹുജന സമൂഹത്തിന്റെ തൊഴിൽ ആഗ്രഹങ്ങൾ സഫലീകരിപ്പെടുന്നത് പലപ്പോഴും ഇത്തരം വ്യവസായവത്കൃതമായ മെട്രോപൊളിറ്റനുകളിലാണ്. കൊച്ചി പോലെയുള്ള നഗരങ്ങൾ തൊഴിൽ കേന്ദ്രങ്ങളായി വികസിക്കുന്നെങ്കിൽ തന്നെ, നമ്മുടെ വിദ്യാഭ്യാസം നേടിയിറങ്ങുന്ന മുഴുവൻ ചെറുപ്പക്കാർക്കും തൊഴിൽ നൽകുക കേരളത്തിന് സാധ്യമല്ല എന്നത് ഒരു വസ്തുതയാണ്. നമ്മുടെ സിനിമകളിൽ, അടുപ്പക്കാരിൽ എല്ലാം ഈ ബാംഗ്ലൂർ-കൊച്ചി ഫ്ലാറ്റ് ജീവിതങ്ങൾ കൂടി വരുന്നത് ശ്രദ്ധിച്ചാൽ മതിയാവും).
നഗരജീവിതങ്ങളിൽ എത്തുന്ന പുതുതലമുറയെ സംബന്ധിച്ച് സമാന തൊഴിൽ ചെയ്യുന്ന ഭാര്യയോടൊപ്പം ഗാർഹിക ജോലികൾ പങ്കിടാതെ ജീവിക്കുക സാധ്യമല്ലാതായി വരുന്നത് കാണാം. പുതിയ കാലത്തെ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഇങ്ങനെയൊക്കെ മാറുന്നുണ്ട്. അതിനെ പ്രതിഫലിപ്പിക്കുന്നത് 'ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചണി’ലെ നിമിഷ സജയനും സുരാജുമല്ല, മറിച്ച് ഇന്ന് കുക്കർ ബിരിയാണി വെച്ചാലോ എന്ന് ചോദിക്കുന്ന നിമിഷയുടെ തന്നെ സുഹൃത്തിന്റെ കഥാപാത്രമായിരിക്കും.
ഇങ്ങനെ സമൂഹത്തിന്റെ ഉത്പാദന ക്രമത്തോട് വളരെ ക്രിയാത്മകമായി ആൺ-പെൺ ബന്ധങ്ങൾ പ്രതികരിക്കുന്നുണ്ട്. ഇത്തരം പുതുകാല ബന്ധങ്ങളിലും 'സ്ത്രീധനം’ എന്ന സങ്കല്പം ഉണ്ടാവുമെങ്കിൽ കൂടെ, അതിന്റെ നിയന്ത്രണം സ്ത്രീയ്ക്ക് കൂടെ അവകാശപ്പെട്ടതായി മാറുന്നുണ്ട്. പുരുഷനൊറ്റയ്ക്ക് കൈകാര്യം ചെയ്യുക എന്നത് അപ്രാപ്യമായി വരുന്നത് കാണാം. ഇത് നഗരങ്ങളിൽ മാത്രം പ്രത്യേകമായി സംഭവിക്കുന്നതുമല്ല. ഗ്രാമീണ ബന്ധങ്ങളിൽ പലപ്പോഴും പുതിയ സാംസ്ക്കാരിക മാറ്റങ്ങളെ ഏറ്റെടുക്കാൻ നഗരങ്ങളെ അപേക്ഷിച്ച് വിമുഖത ഉണ്ടെങ്കിൽ തന്നെ, 80കളിലേയോ 90കളിലേയോ രൂപത്തിലല്ല ഇന്ന് സ്ത്രീ-പുരുഷ ബന്ധങ്ങൾ പ്രവർത്തിക്കുന്നത്.
ഈ മാറ്റത്തെ കാണാതിരിക്കുന്നതോടൊപ്പം 'നവസ്ത്രീവാദങ്ങൾ’ പലപ്പോഴും ചെയ്യുന്നത് യൂണിവേഴ്സൽ കാറ്റഗറികളായി സ്ത്രീയേയും പുരുഷനേയും കാണുന്നതാണ്. കാഞ്ച ഇല്ലയ്യയുടെ 'Why I Am not a Hindu’ എന്ന പുസ്തകത്തിൽ ഇന്ത്യൻ ബഹുജന സംസ്ക്കാരവും, വരേണ്യവർഗ സംസ്ക്കാരവും അദ്ദേഹം താരതമ്യം ചെയ്യുന്നുണ്ട്. വരേണ്യ കുടുംബങ്ങളിൽ, ഭർത്താവ് ഭാര്യയെ മർദ്ദിക്കുമ്പോൾ അവർ മിണ്ടാതിരുന്ന് കരയുമെങ്കിൽ, സ്ത്രീകൾ തൊഴിലെടുക്കുന്നത് Essential ആയ ബഹുജന ബന്ധങ്ങളിൽ ഭാര്യ ഭർത്താവിനെ തിരിച്ച് അടിക്കുകയും തെറി പറയുകയും ചെയ്യുന്ന ആക്ടീവ് പാർടണർ തന്നെയാണെന്ന് കാഞ്ച ഇല്ലയ്യ നിരീക്ഷിക്കുന്നത് കാണാം.
സ്ത്രീകളുടെ തൊഴിലും വിദ്യാഭ്യാസവും ഇല്ലാതെ തുടരാൻ മധ്യവർഗത്തിനും സാധിക്കാതെ വരുന്നതോടെ തന്നെ ഈ 'മിണ്ടാതിരുന്ന് കരയൽ' കൺസെപ്റ്റ് മധ്യവർഗങ്ങളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുണ്ട്.
*
സ്ത്രീകളുടെ വിമോചനം എന്നത് വിവിധ അധികാര ബന്ധങ്ങളിൽ നിന്നുള്ള ബഹുജനങ്ങളുടെ വിമോചനത്തിൽ നിന്ന് ഒട്ടും വേറിട്ട് നിൽക്കുന്ന മൂവ്മെന്റേ ആവുന്നില്ല. കേരളത്തിൽ ശക്തമായി ജന്മിത്വത്തിന് പ്രതിരോധം തീർത്ത കല്ലുമാല സമരവും, മാറുമറയ്ക്കൽ സമരവും നോക്കൂ. അത് സ്ത്രീകളുടെ ഒറ്റപ്പെട്ട മൂവ്മെന്റ് ആയല്ല, മറിച്ച് പുലയ മൂവ്മെന്റായിട്ടാണ് സംഭവിക്കുന്നത്.
സ്ത്രീകളുടെ കൂലി ഇല്ലാതെയുള്ള ഗാർഹിക ജോലി എന്നത് ഇന്നത്തെ ഉല്പാദനബന്ധങ്ങൾ അവസാനദിശയിലേക്ക് വരുമ്പോൾ തന്നെ സാധ്യമല്ലാതെ ആവുന്നുണ്ട്. സ്ത്രീകൾക്ക് പുരുഷന് തുല്യമായ വേതനവും, സ്റ്റാറ്റസും നൽകാതെ തുടരാൻ ഈ ബന്ധങ്ങളിൽ തന്നെ സാധിക്കില്ല. വർദ്ധിക്കുന്ന വൈരുദ്ധ്യങ്ങൾ മധ്യവർഗങ്ങൾക്കിടയിൽ രൂപപ്പെടുന്നതും, മധ്യവർഗ സ്ത്രീകൾ (അവരോടൊപ്പം മധ്യവർഗ പുരുഷന്മാരും) അവകാശങ്ങൾ ശക്തമായി ഉയർത്തുന്നതും കാണാം. സ്ത്രീകൾക്ക് തുല്യവേതനം ലഭിക്കേണ്ടത് പുരുഷന്റെ കൂടെ ആവശ്യമായി വരുന്നു.
സ്ത്രീ മുന്നേറ്റങ്ങളെ വേറിട്ട് നിർത്തേണ്ടത് പലപ്പോഴും നിലവിലെ അധികാരബന്ധങ്ങൾ തുടരേണ്ടവരുടെ കൂടെ ആവശ്യമാണ്. സ്ത്രീയും പുരുഷനും തമ്മിലുണ്ടാവുന്ന വർഗപരമോ, സാമൂഹികമോ ആയ ഐക്യം തകർക്കുക ഈ അധികാരബന്ധങ്ങളെയാണല്ലോ. നവഫെമിനിസമാവട്ടെ പലപ്പോഴും ഇതിനെ സമീപിക്കുന്നത് ആ വിധത്തിലും.
പുരുഷന്റെ മനോനില, Morality, ബോധവത്കരണത്തിലൂടെ പരിഹരിക്കാവുന്നത്, സിന്ദൂരം-താലി പോലെയുള്ള ചിഹ്നങ്ങളുടെ മാറ്റിനിർത്തലിൽ പരിഹാരം കാണാവുന്നത് തുടങ്ങിയ രീതിയിലുള്ള സമീപനങ്ങളും കാണാം. ഇത്തരം കോൺഷ്യസ് ആക്ടിവിറ്റികൾക്ക് പ്രാധാന്യം ഉള്ളപ്പോൾ തന്നെ അതിന്റെ യഥാർത്ഥ പരിഹാരം വസ്തുനിഷ്ഠം ആയിരിക്കണം എന്നത് കൂടെയുണ്ട്.
മനോനില തകരാർ ആയവനെന്ന പേരിൽ ബഹുജന പുരുഷന്മാരെ അപരിഷ്കൃതർ ആക്കുന്നതും, സിന്ദൂരം അണിഞ്ഞത് കൊണ്ടോ, വ്യവസ്ഥാപിതമായ സങ്കല്പങ്ങൾ (വിവാഹം, വസ്ത്രധാരണം) തുടങ്ങിയവ പിന്തുടരേണ്ടി വരുന്നത് കൊണ്ടോ സ്ത്രീകളെ കുലസ്ത്രീ അക്കുന്നതും സ്ത്രീ വിമോചനത്തെ ശക്തിപ്പെടുത്തുകയല്ല, ദുർബലപ്പെടുത്തുകയാണ് ചെയ്യുക.
വിവരശേഖരണം: കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും - കെ. രാജേശ്വരി കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ - ജെ. ദേവിക രണ്ടിടങ്ങഴി- തകഴി ശിവശങ്കരപ്പിള്ള