ഞങ്ങൾ അർഹിക്കുന്നത് ഇതൊന്നുമല്ല!
ആരോഗ്യകരമായ രാഷ്ട്രീയത്തിൽ സംവാദങ്ങളുടെ പങ്കിനെക്കുറിച്ച് ആർക്കും ഒരു അഭിപ്രായവ്യത്യാസവും ഉണ്ടാവാൻ വഴിയില്ല. നമ്മുടെ രാഷ്ട്രീയത്തെ സമ്പന്നമാക്കുന്നതും അർത്ഥപൂർണ്ണമാക്കുന്നതും ചർച്ചകളാണ്. എന്നാൽ, എന്ത് ചർച്ചചെയ്യപ്പെടുന്നു എന്നുള്ളതും വളരെ പ്രധാനമാണ്. കാലമാഗ്രഹിക്കുന്ന, ജനങ്ങൾ അർഹിക്കുന്ന സംവാദങ്ങളിലൂടെ കടന്നുപോയി, പുരോഗമനപരമായ പാതയിലേക്ക് സമൂഹത്തെ നയിക്കാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും, അതിനപ്പുറത്തും ഇപ്പുറത്തുമുള്ള മറ്റ് പക്ഷങ്ങൾക്കും ഒരു പരിധിവരെ പക്ഷമില്ലായ്മകൾക്കും ഒഴിഞ്ഞുമാറാനാവാത്തവിധം ചുമതലയുണ്ട്.

രാഷ്ട്രീയവുമായി നേരിട്ട് ബന്ധമില്ലാത്ത, വർഷങ്ങൾക്ക് മുമ്പ് നടന്ന ചില സംഭവങ്ങൾ കേരളത്തിൽ മുമ്പില്ലാത്തവിധം ഇതാദ്യമായാണ് അത്രയധികം പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്നത്. എവിടെത്തുടങ്ങിയെന്ന് ചോദിച്ചാൽ സാമാന്യമായി ചൂണ്ടിക്കാണിക്കാൻ പല സംഭവങ്ങൾ ഉണ്ടാവുമെങ്കിലും സവിശേഷമായി അത് നാം നിർത്തിയിടത്തുനിന്നാണ് എന്നതാണ് യാഥാർത്ഥ്യം. നമുക്ക് ചുറ്റുമുള്ളവർ അതിദാരുണമായി ഒരു മഹാമാരിക്ക് മുമ്പിൽ തോറ്റുകൊണ്ടിരിക്കുമ്പോൾ നാം ജനാധിപത്യത്തെ വിജയിപ്പിച്ചിടത്തുനിന്നോ, നാം എഴുതിത്തള്ളിയ കക്ഷികളെ തോല്പിച്ചിടത്തുനിന്നോ തുടങ്ങിയതാണ് കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ ചർച്ചാ മണ്ഡലങ്ങളെ ചൂടുപിടിപ്പിച്ച പുതിയ രാഷ്ട്രീയ വിവാദം. ഇത് കേവലമൊരു കോളേജ് കാലത്തെ ഓർമ്മകളുടെ അയവിറക്കലെന്നോ, 'പിച്ചിയും നുള്ളിയും' കടന്നുപോയ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഓർമ്മകൾ ചർച്ചയാവുന്നതോ അല്ല എന്ന പൂർണ്ണ ബോധ്യത്തിന് പുറത്താണ് ഈ വിഷയത്തെ 'ബ്രണ്ണൻ വിവാദ'മെന്നോ മറ്റോ ലഘൂകരിച്ചു കാണാത്തത്. വലിയൊരു അർത്ഥത്തിൽ രണ്ട് വ്യക്തികൾ തമ്മിലുള്ള വാക്പോരല്ലാത്തത് കൊണ്ടാണ് സുധാകരൻ v/s പിണറായി എന്ന ദ്വന്ദത്തിലേക്ക് ഇത് ഒതുക്കിനിർത്താത്തതും. എന്നാൽ, രാഷ്ട്രീയ വിവാദം എന്നുവിളിച്ചാലുണ്ടാവുന്ന പരിണിതികളെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊണ്ടു തന്നെ പറയട്ടെ, ഇത് വെറുമൊരു ആണത്ത അധികാര ബോധത്തിന്റെ മല്ലയുദ്ധം മാത്രമാണ്. അതിൽ കവിഞ്ഞൊരു വിശേഷണമോ, സവിശേഷതയോ കേരളത്തിന്റെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിയും പ്രതിപക്ഷത്തിരിക്കുന്ന പാർട്ടിയുടെ നേതാവും തമ്മിലുള്ള ഈ വാക്പോരിനില്ല.
തുടക്കം
സമാനതകളില്ലാത്തവിധം അച്ചടക്കത്തോടെയാണ് നാം മഹാമാരിക്കാലത്ത് നമ്മുടെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തത്. ഒരു ശരാശരി ഇന്ത്യൻ ഇലക്ഷനെ സവിശേഷമാക്കുന്ന പലതും നമ്മൾ വേണ്ടെന്ന് വെക്കുകയോ, അതിന്റെ വ്യാപ്തി മനുഷ്യസാധ്യമായ അളവിൽ ചുരുക്കുകയോ ചെയ്താണ് തദ്ദേശ തെരഞ്ഞെടുപ്പ് നമ്മൾ പൂർത്തിയാക്കിയത്. അതിന്റെ ഫലം നമ്മുടെ രാഷ്ട്രീയത്തെ പോസിറ്റീവ് ആക്കി നിർത്തിയെങ്കിലും, പോസിറ്റിവിറ്റി നിരക്കിനെ അത് കാര്യമായി ബാധിച്ചില്ല. ഈയൊരുറപ്പിന് മുകളിലും നമ്മുടെ ഭരണാധികരികളെയും, ഇനി നമ്മെ ഭരിക്കാനിരിക്കുന്നവരെയും പൂർണ്ണവിശ്വാസത്തിലെടുത്താണ് അടുത്ത അഞ്ചുവർഷം നമ്മെയാര് ഭരിക്കണം എന്ന് വിധിയെഴുതാൻ നാം പോളിംഗ് ബൂത്തുകളിൽ എത്തുന്നത്. നാം മാതൃകയാക്കേണ്ടവർ ഇതിനിടയിൽ പലവട്ടം നമ്മളെ വെല്ലുംവിധം അച്ചടക്ക രാഹിത്യം കാണിച്ചപ്പോൾ നല്ലതിനുവേണ്ടി നാം കണ്ണടച്ചു. നീണ്ടനാളത്തെ അടച്ചിടലും, അത് നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും ദോഷകരമായി ബാധിച്ചതും മറന്ന്, എല്ലാം പഴയത്പോലെ തന്നെയെന്ന് തോന്നിക്കുംവിധം നാം നമ്മുടെ ഭരണാധികാരികളെ തെരഞ്ഞെടുത്തു.

അതിന്റെ തുടർച്ചയായുണ്ടായ രാഷ്ട്രീയ സംഭവങ്ങളുടെ ഒടുവിലത്തെ വകഭേദമാണ് ഈ വാക്പോര്. ഭരണപക്ഷം തികഞ്ഞ അച്ചടക്കത്തോടെയും സംഘടനാ പാടവത്തോടെയും അവരുടെ പ്രാഥമിക ഉത്തരവാദിത്വങ്ങൾ നിറവേറ്റി. അവർക്ക് ജനങ്ങളാലനുവദിച്ചുകിട്ടിയ ഭരണഘടനാ സ്ഥാനങ്ങളിലേക്ക് പുതുമുഖങ്ങളായും സംഘടനാ പരിചയമുള്ളവരായും അർഹതപ്പെട്ടവരെ തന്നെയെത്തിച്ചു. പക്ഷെ, ഈ തെരഞ്ഞെടുപ്പിൽ മറ്റാർക്കും സാധിക്കാത്തവിധം ഭൂരിപക്ഷത്തോടെ വോട്ടർമാർ ജനവിധിനൽകിയ, കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച മന്ത്രിയായിരുന്ന, ലോകം മുഴുവൻ സശ്രദ്ധം വീക്ഷിച്ചിരുന്ന ശൈലജ ടീച്ചർക്ക് മന്ത്രിസ്ഥാനം നൽകാതെയും അവർ അത്ഭുതപ്പെടുത്തി. വരാനിരിക്കുന്ന നാളുകളുടെ സൂചന അതിലുണ്ടായിരുന്നുവോ?! അറിയില്ല.
ഇപ്പുറത്താണെങ്കിലും വളരെ വൈകിയെന്ന് തോന്നിപ്പിക്കുംവിധം പലവട്ടം മാരത്തൺ ചർച്ചകൾ നടത്തി, എന്നാൽ ആ പാർട്ടിക്കോ മുന്നണിക്കോ മുമ്പ് ഓർമ്മയില്ലാത്തവിധം ഹൈക്കമാൻഡിന്റെ തീരുമാനം അനുനയ ചർച്ചകളില്ലാതെ അനുസരിപ്പിക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ എല്ലാ തരത്തിലും നല്ല മാറ്റത്തിന്റെ സൂചനകളായിരുന്നു പ്രതിപക്ഷത്തിന്റെ പാർലിമെന്ററി പാർട്ടി നേതാവിന്റെ തെരഞ്ഞെടുപ്പ് നൽകിയത്. തലമുറമാറ്റം എന്നത് പൂർണ്ണാർത്ഥത്തിലെന്നല്ല, ഒരു തരത്തിലും നീതിപൂർവ്വമല്ലെങ്കിലും, അവർക്കുള്ള മികച്ചൊരു രണ്ടാം നിരയിലേക്ക് നിയമസഭാ നേതൃത്വം കൈമാറി. അവിടംകൊണ്ടും തോൽവിയിൽനിന്നുരുത്തിരിഞ്ഞ തിരുത്തൽ നടപടികൾ അവസാനിച്ചില്ല. പാർട്ടിയുടെ നേതൃത്വത്തിൽ തന്നെ അവർ മാറ്റം നടത്തി.
പിന്നിലേക്ക്
കേരള സംസ്ഥാനത്ത് മറ്റ് ജില്ലകൾക്ക് അവകാശപ്പെടാനില്ലാത്ത രാഷ്ട്രീയ ചരിത്രം പേറുന്ന ജില്ലയാണ് കണ്ണൂർ. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രതിപക്ഷ നേതാവ് എകെജിയെയും, ഒരു കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഭാഗധേയം നിർണ്ണയിക്കാൻ മാത്രം കരുത്തുണ്ടായിരുന്ന കെ കരുണാകരൻ മുതൽ ഏറ്റവും ഒടുവിൽ മികച്ച യുവനേതാക്കൾക്ക് വരെ പിറവി കൊടുത്ത ജില്ല. എന്നാൽ, കാലാന്തരത്തിൽ, കണ്ണൂർ രാഷ്ട്രീയത്തിന് കണ്ണൂരുമായോ രാഷ്ട്രീയവുമായോ യാതൊന്നും ചെയ്യാനില്ലെന്ന നിലയായി. രാഷ്ട്രീയത്തിൽ അക്രമത്തിന് ഒന്നും ചെയ്യാനില്ലെങ്കിലും അക്രമ രാഷ്ട്രീയത്തിന്റെ പര്യായവാചിയായി 'കണ്ണൂർ രാഷ്ട്രീയം' നിലകൊണ്ടു. വടക്കൻ കളരികളുടെ അങ്കക്കലിയുടെ ജനുസ്സുകൾ പലപ്പോഴും അവിടുത്തെ രാഷ്ട്രീയത്തെ അപകടകരമായ നിലയിലെത്തിച്ചു. ആ അക്രമോത്സുക - പ്രതിരോധ രാഷ്ട്രീയം ഒരഭിമാനത്തിന്റെ അടയാളമായിത്തന്നെ അവിടുന്ന് വരുന്ന പലനേതാക്കളും കരുതിപ്പോരുന്നു.

കെ. സുധാകരൻ കെപിസിസി പ്രസിഡന്റായെത്തുന്നത് ഒട്ടും അപ്രതീക്ഷിതമല്ല, രണ്ടാം വട്ടവും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി എത്തിയത് പോലെ. കോൺഗ്രസിന് പ്രത്യയശാസ്ത്രപരമായി അപരിചിതമായ അടിയുടെയും തിരിച്ചടിയുടെയും കണ്ണൂർ രീതികളിൽ എൻ. രാമകൃഷ്ണന്റെ പിന്മുറക്കാരനാണ് കെ സുധാകരൻ. 1970 കൾ വരെ കണ്ണൂരിൽ സിപിഎമ്മിന്റെ എല്ലാമായിരുന്ന എംവിആർ എന്ന എംവി രാഘവന് എതിരാളികൾ ഇല്ലാത്ത കാലമായിരുന്നു. അവിടേക്കാണ് എൻ. രാമകൃഷ്ണൻ കടന്നുവരുന്നതും തുടർച്ചയായി പതിനെട്ടുവർഷം പാർട്ടിയെ ജില്ലയിൽ മുന്നിൽ നിന്ന് നയിക്കുന്നതും. പിന്നീട് കെ. സുധാകരൻ സംഘടനാ തെരഞ്ഞെടുപ്പ് വഴി ഡിസിസി പ്രസിഡന്റ് സ്ഥാനം കൈക്കലാക്കി.
സമാനമായി ഇപ്പുറത്ത്, പാർട്ടിയിലും എതിർപ്പാർട്ടിയിലും എതിരാളികൾ ഇല്ലാത്ത, കൈക്കരുത്തിന്റെയും അണികളെ കയ്യിലെടുക്കുന്ന വാക്ചാതുരിയുടെയും, കീഴ്പെടലുകളില്ലാത്ത നിലപാടിന്റെയും പേരായിരുന്നു എംവി രാഘവൻ. 1986 ൽ അച്ചടക്ക രാഹിത്യത്തിന്റെ പേരിൽ സിപിഐഎം എംവിആറിനെ പുറത്താക്കുമ്പോൾ പിണറായി വിജയനായിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി.

പ്രകടമായ രീതിയിൽ തന്നെ പിണറായി വിജയനിൽ എംവിആറിന്റെ സ്വാധീനമുണ്ടെങ്കിലും, അദ്ദേഹം സിഎംപിക്കാരനായി ജീവിച്ചിരുന്ന കാലത്ത് പിണറായി അത് സമ്മതിച്ചു തരുമായിരുന്നില്ല. എന്ന് മാത്രമല്ല, പാർട്ടിക്ക് തന്റെ പിന്മുറക്കാരനാണ് എന്ന് പറഞ്ഞുകഴിഞ്ഞാൽ പുറത്താവുമെന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരായി അറിയപ്പെട്ടിരുന്ന പിണറായി ഉൾപ്പെടെയുള്ളവർ കരുതിയിരുന്നതിനാലാണ് അത് വകവെച്ചു നൽകാത്തതെന്ന് എംവിആറും പറയുമായിരുന്നു. വിരോധാഭാസമെന്നോ അതിശയകരമെന്നോ വിളിച്ചാലും, 1986 ന്റെയും 1996 ന്റെയും പത്ത് വർഷത്തിന്റെ ഇടവേളകളിൽ ഇരുവരും ഒരുകാലത്തും തങ്ങൾക്ക് എതിർച്ചേരിയിൽ ഉള്ളവരുമായി കൂട്ടുകുടുന്നതാണ് കാണിച്ചുതന്നത്.
പിണറായി ശാരദവിലാസം എൽപി സ്കൂളിലും പേരളശ്ശേരി ഗവണ്മെന്റ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പിണറായി വിജയൻ പിന്നീട് ബ്രണ്ണൻ കോളേജിലാണ് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. സാമ്പത്തിക ശാസ്ത്രമായിരുന്നു വിഷയം. എസ്എഫ്ഐയുടെ പൂർവ്വരൂപമായ, കെഎസ്എഫിന്റെ പ്രവർത്തകനായിരുന്നു പിണറായി വിജയൻ. അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കെഎസ്എഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയും, പിന്നീട് സംസ്ഥാന സെക്രട്ടറിയുമായി പിണറായി വിജയൻ. 1966 ന് മുമ്പ് അദ്ദേഹം കോളേജ് പഠനം പൂർത്തിയാക്കുന്നുണ്ട്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തന്നെ രാഷ്ട്രീയത്തിലിറങ്ങിയ കെ. സുധാകരൻ തലശ്ശേരി കെഎസ്യു താലൂക്ക് കമ്മിറ്റി പ്രസിഡന്റായാണ് തുടങ്ങുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയപ്പോൾ 1969 ൽ ദേശീയാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി പിളർന്നു. അന്ന് സംഘടനാ കോൺഗ്രസിന്റെ പക്ഷത്തുനിന്ന കെ. സുധാകരൻ ബ്രണ്ണൻ കോളേജിൽ പ്രബലമായ കെഎസ്യുവിനെതിരെ രണ്ടുവട്ടം, 1970-71 കാലഘട്ടത്തിലും 1973-74 കാലഘട്ടത്തിലും എൻഎസ്ഓ സ്ഥാനാർത്ഥിയായി ചെയർമാൻ പദവിയിലേക്ക് മത്സരിച്ചെങ്കിലും തോറ്റു. പിന്നീട്, രണ്ടു വർഷത്തിന് ശേഷം പിജി പഠിക്കാൻ എത്തിയ സുധാകരൻ ചെയർമാൻ സ്ഥാനാർഥിയായി മത്സരിക്കുകയും വീണ്ടും തോൽക്കുകയും ചെയ്തിരുന്നു. അന്ന് എസ്എഫ്ഐ നേതാവായ എകെ ബാലനാണ് ചെയർമാനാകുന്നത്. അന്ന് എൻഎസ്ഓ സ്ഥാനാർഥിയായി മത്സരിച്ച സുധാകരനെതിരെ കെഎസ്യു സ്ഥാനാർഥിയായി മമ്പറം ദിവാകരനും മത്സരിച്ചിരുന്നു. അങ്ങനെയെങ്കിൽ, സമകാലിക വിവാദത്തിലെ ചില വാദങ്ങളിൽ ഇവിടെ സംശയവും ഉണരുന്നു.
ഒടുക്കം
കെ. സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതോടെയാണ് പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത്. അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയമിച്ച വാർത്ത വന്നത് മുതൽ ലൈവായും അല്ലാതെയും മാധ്യമങ്ങളിൽ, മുഖ്യമന്ത്രിക്ക് മാത്രം അനുവദനീയമായ ഇടങ്ങളിൽ ഇടിച്ചു കയറുന്ന, അല്ലെങ്കിൽ അനുവദിച്ചു കിട്ടുന്ന സാഹചര്യമുണ്ടായി. മറ്റൊരു കെപിസിസി പ്രസിഡന്റിനും ലഭിക്കാത്ത സ്വീകാര്യത മാധ്യമങ്ങളുടെ ഇടയിൽ ലഭിച്ചു. ഇതിന്റെ പ്രധാനകാരണം കെ. സുധാകരൻ രാഷ്ട്രീയത്തിൽ കണ്ണൂർ കളരിയുടെ പ്രയോക്താവാണ് എന്നതാണ്. കെപിസിസിയിൽ പ്രധാനപ്പെട്ട പല സ്ഥാനങ്ങളിലും സുധാകരൻ തന്നെയോ സുധാകരന് സമാനമായ രീതിയിൽ അക്രമണോത്സുക - പ്രതിരോധാത്മക രാഷ്ട്രീയത്തിന്റെ വക്താക്കൾ പലകുറി വന്നിട്ടുണ്ടെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതാദ്യമായാണ്. സമാന രാഷ്ട്രീയത്തിന്റെ ഉത്പന്നമായ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവിന്റെ പാർട്ടിയുടെ തലവനായി അതേ രാഷ്ട്രീയ രീതിയിലുള്ളൊരാൾ എതിരേ വരുന്നു എന്നുള്ളത് കൊണ്ടും കൂടെയാണ്. നാം ഇന്നെത്തിയിരിക്കുന്ന കാലത്ത് ഇതൊരു സ്വാഭാവികത മാത്രമാണ് താനും.
ഈയൊരു കാരണം തന്നെയാവണം കേരളത്തിലെ ഒന്നാം നിര മാധ്യമസ്ഥാപനത്തിന്റെ സഹപ്രസിദ്ധീകരണത്തിലെ ഒരു അഭിമുഖകാരൻ കെപിസിസി പ്രസിഡന്റിന്റെ പൂർവ്വാശ്രമചരിത്രം ചോദിക്കാൻ പ്രേരിപ്പിച്ചതും. അതും ഇന്നത്തെ മാധ്യമ പരിസ്ഥിതിയിൽ സ്വാഭാവികത മാത്രമാണ്. ശേഷം നടന്ന, നമുക്കൊക്കെ അറപ്പ് തോന്നിച്ച, അസ്വാഭാവികമായ കാര്യങ്ങളെല്ലാം ഈ രണ്ട് വ്യക്തികൾ അവരുടെ വിവേചനബുദ്ധി ശരിയായ രീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന കാര്യങ്ങളാണ്.

ബ്രണ്ണൻ കോളേജിൽ വെച്ചുനടന്ന, വിദ്യാർത്ഥി സംഘടനകൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ ഇന്നത്തെ മുഖ്യമന്ത്രിയുടെ നെഞ്ചിൽ തൊഴിച്ചു എന്നാണ് നിലവിലെ കെപിസിസി പ്രസിഡന്റ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാദം. സംഗതി വിവാദമായപ്പോൾ താനങ്ങനെ അഭിമുഖത്തിനുവേണ്ടി പറഞ്ഞിട്ടില്ലെന്നും, 'ഓഫ് ദി റെക്കോർഡ്' അഥവാ അച്ചടിക്കില്ലെന്ന ഉറപ്പിൽ ലേഖകനോട് പറഞ്ഞതാണ് എന്നുമാണ് വാദം. ഇനിയിപ്പോൾ അങ്ങനെയായിരുന്നു എന്ന് തന്നെയിരിക്കട്ടെ, അങ്ങനെയെങ്കിൽ അദ്ദേഹവും ആരാധകരും അവകാശപ്പെടുന്നതുപോലെയുള്ള അജ്ഞാശക്തിയൊന്നുമില്ലാത്ത ഒരാളാണ് താനെന്ന് പറയുകയല്ലേ അദ്ദേഹം. മറുപുറത്ത്, മുഖ്യമന്ത്രിയുടെ ഉദാഹരണം കൂടെ നമ്മൾ കണക്കിലെടുക്കേണ്ടതാണ്. കുറഞ്ഞപക്ഷം അദ്ദേഹം വഹിക്കുന്ന പദവിയെങ്കിലും അദ്ദേഹം ആ ചോദ്യത്തിന് മറുപടി നൽകുമ്പോൾ ഓർക്കേണ്ടിയിരുന്നില്ലേ?! സികെജിയും അബ്ദുറഹ്മാൻ സാഹിബും ഉൾപ്പെടയുള്ളവരുടെ പിന്മുറക്കാരനാണ് താനെന്ന് അദ്ദേഹം ഓർക്കേണ്ടിയിരുന്നില്ലേ?!
'മാ' പ്രസിദ്ധീകരണങ്ങൾ എന്നപേരിലും 'പൈങ്കിളി വാരികകൾ' എന്ന് അപവാദമെന്നോണവും വിളിച്ചിരുന്ന മാധ്യമങ്ങളിൽ ഒന്നിലാണ് ഈ അഭിമുഖം അച്ചടിച്ചുവന്നത്. അതൊരു വർത്താമാധ്യമമല്ലെന്നുപോലും ഓർക്കണം. അത്തരത്തിലൊരു വാരികയിൽ വന്ന അഭിമുഖത്തിലെ, വിവാദ ഭാഗങ്ങൾക്കുള്ള മറുപടികൾ തന്റെ സ്റ്റാഫിലുള്ളവരെകൊണ്ട് എഴുതി തയ്യാറാക്കിയാണ് 'കോവിഡ് വാർത്താ സമ്മേളന'ത്തിന് മുഖ്യമന്ത്രിയെത്തുന്നത്. സാധാരണ നിലയിൽ കേരളത്തിൽ അത്രയേറെ ചർച്ചചെയ്യപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ പോലും മറുപടി പറയാത്ത മുഖ്യമന്ത്രി, ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായി ഇരുപത്തിയഞ്ചു മിനിറ്റിലേറെ സമയമെടുത്താണ് എഴുതി തയ്യാറാക്കിയ മറുപടി നൽകിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അതുവരെയുള്ള വാർത്താസമ്മേളനം ശ്രദ്ധിച്ചവർക്കൊക്കെ അതൊരു അത്ഭുതമായിരുന്നു. പദവിക്ക് ഒട്ടും ചേരാത്തവിധം വാക് പ്രയോഗങ്ങളും, അംഗവിക്ഷേപങ്ങളും പോലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി. ഒരു പാൻഡമിക്കിനെതിരെ പൊരുതുന്ന സംസ്ഥാനത്തെ സാഹചര്യം വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതെന്ന് ഓർക്കണം. അതിശയകരമാം വിധം പെരുമാറ്റത്തിൽ താഴേക്ക് പോയ മുഖ്യമന്ത്രി കെപിസിസി പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങളും ഉന്നയിച്ചു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ മുമ്പ് കെ. സുധാകരൻ ശ്രമിച്ചിരുന്നു എന്നതായിരുന്നു ആരോപണം. മറ്റ് വിഷയങ്ങളിൽ കെപിസിസി പ്രസിഡന്റിനെ പ്രതിരോധത്തിലാക്കാൻ അപ്പുറത്തെയും ഇപ്പുറത്തെയും നേതാക്കളെപ്പോലും പേര് പറഞ്ഞു പരാമർശിച്ച മുഖ്യമന്ത്രി, ഈ വിഷയത്തിൽ 'ഒരു' മരിച്ചുപോയ വ്യക്തി തന്നോട് പറഞ്ഞു എന്നല്ലാതെ അത് ആരാണെന്ന് വെളിപ്പെടുത്താത്തത് അദ്ദേഹത്തെ കൂടുതൽ നിഴലിൽ നിർത്തി. ഈ പത്രസമ്മേളനം കഴിഞ്ഞു പതിനാറു മണിക്കൂറിനകം ഇതിന് മറുപടിയെന്നോണം കെപിസിസി പ്രസിഡന്റ് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിൽ വ്യക്തതയുള്ള മറുപടി നൽകാതെ, കൂടുതൽ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. മുഖ്യമന്ത്രി അതോടെ നേരിട്ടുള്ള വാക്പോര് നിർത്തിയെങ്കിലും, തലേ ദിവസം താൻ മുഖ്യമന്ത്രിയ്ക്കെതിരെ നടത്തുന്നത് വ്യക്തിപരമായ വിമർശനങ്ങൾ അല്ല എന്ന് പറഞ്ഞത് തിരുത്തിക്കൊണ്ട്, അവ വ്യക്തിപരം തന്നെയാണ് എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. രാഷ്ട്രീയം വ്യക്തിപരമാണ് എന്ന തോന്നലിൽ കൂടെയാവണം അത്.
ഇരുവരുടെയും കൂടുതൽ ചെളിവാരിയെറിയലുകൾ ഏതാണ്ട് അവിടെ അവസാനിച്ചതാണ്. പക്ഷെ, മഴ തോർന്നിട്ടും മരം പിന്നീട് പെയ്യാനിരുന്നതെയുള്ളൂ. മുഖ്യമന്ത്രിയെ കൂടുതൽ പ്രതിക്കൂട്ടിലാക്കുന്ന, അദ്ദേഹത്തിന്റെ സ്വഭാവത്തെ തന്നെ ചോദ്യം ചെയ്യുന്ന, ഗുരുതരമായ ആരോപണങ്ങൾ പിന്നീട് വന്നു. കെ. സുധാകരൻ പലതും പറയാതിരിക്കുന്നതായും വളച്ചൊടിക്കുന്നതായും ആക്ഷേപം വന്നു.
ഒടുക്കത്തിന് ശേഷം
ആരോഗ്യകരമായ രാഷ്ട്രീയത്തിൽ സംവാദങ്ങളുടെ പങ്കിനെക്കുറിച്ച് ആർക്കും ഒരു അഭിപ്രായവ്യത്യാസവും ഉണ്ടാവാൻ വഴിയില്ല. നമ്മുടെ രാഷ്ട്രീയത്തെ സമ്പന്നമാക്കുന്നതും അർത്ഥപൂർണ്ണമാക്കുന്നതും ചർച്ചകളാണ്. എന്നാൽ, എന്ത് ചർച്ചചെയ്യപ്പെടുന്നു എന്നുള്ളതും വളരെ പ്രധാനമാണ്. കാലമാഗ്രഹിക്കുന്ന, ജനങ്ങൾ അർഹിക്കുന്ന സംവാദങ്ങളിലൂടെ കടന്നുപോയി, പുരോഗമനപരമായ പാതയിലേക്ക് സമൂഹത്തെ നയിക്കാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും, അതിനപ്പുറത്തും ഇപ്പുറത്തുമുള്ള മറ്റ് പക്ഷങ്ങൾക്കും ഒരു പരിധിവരെ പക്ഷമില്ലായ്മകൾക്കും ഒഴിഞ്ഞുമാറാനാവാത്തവിധം ചുമതലയുണ്ട്. പുരോഗമനപരമായ ചർച്ചകൾ നടക്കേണ്ടുന്ന ഒരു സമൂഹത്തിൽ, പ്രബുദ്ധമെന്ന് നാം കൊണ്ടാടുന്ന നിലവാരം തുടർന്നുപോരുന്ന സമുദായത്തിൽ, ഇത്രയും ബാലിശമായ ചർച്ചകൾ ഉന്നയിക്കുക വഴി ഭരണകൂടവും, പ്രതിപക്ഷവും നൽകുന്ന സന്ദേശമെന്താണ്?! ലോകം മുഴുവനും അങ്ങേയറ്റം ദ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തെ അഭിമുഖീകരിക്കുന്ന ഈ കാലത്ത് നാം ചർച്ച ചെയ്യേണ്ടുന്ന രാഷ്ട്രീയം ഇതൊന്നുമല്ലെന്ന് നമ്മുടെ നേതാക്കൾക്ക് ബോധ്യമില്ലാത്തതെന്താണ്.
ബഹുമാനപ്പെട്ട കേരളത്തിന്റെ ഭരണപക്ഷമേ, പ്രിയപ്പെട്ട പ്രതിപക്ഷമേ, ഇന്നീക്കാലം ആവശ്യപ്പെടുന്നത് 56 ഇഞ്ചിന്റെ ആണത്ത അധികാര പ്രകടനമോ, വ്യക്തികേന്ദ്രീകൃത അപ്രമാദിത്വ ഭരണകൂടങ്ങളെയോ അല്ലെന്ന് പൂർണ്ണ ബോധ്യമുള്ളവരാണ് നാം മലയാളികൾ. അത്തരം രാഷ്ട്രീയത്തെ പാത്തും പതുങ്ങിയും ഒളിഞ്ഞും മാത്രമല്ല, തെളിഞ്ഞും പറയുന്നവരെ ഒരു തീണ്ടാപ്പാട് അകലെ നിർത്തിയവരാണ് നമ്മൾ. അതുകൊണ്ടുതന്നെ നമ്മൾ അർഹിക്കുന്നത് എതിരെ നിൽക്കുന്നവന്റെ നെഞ്ചിന്റെ ആഴം ചവിട്ടിയളക്കുന്ന രാഷ്ട്രീയത്തെയോ, കൈകൂട്ടിയിടിച്ചു പ്രത്യേക ശബ്ദമുണ്ടാക്കുന്ന രീതികളെയോ അല്ല. അത്തരം പ്രകടനങ്ങൾ നിങ്ങൾ നിങ്ങളുടെ ഏറ്റവും സ്വകാര്യമായ ഇടങ്ങളിൽ മാത്രം പുറത്തെടുത്ത് ആത്മ നിർവൃതി നേടിക്കോളൂ. ഞങ്ങൾക്ക് ആവശ്യം എല്ലാ കാലത്തും, സവിശേഷമായി ഈ മഹാമാരിക്കാലത്തും കൈത്താങ്ങാവുന്ന, നെഞ്ചോട് ചേർത്തുപിടിക്കുന്ന രാഷ്ട്രീയത്തെയാണ്.
ഒരിക്കൽ കൂടെ വ്യക്തമായി പറഞ്ഞാൽ, ഞങ്ങൾ അർഹിക്കുന്നത് ആ അമ്പത്തിയാറിഞ്ചിന്റെ രാഷ്ട്രീയമല്ല. ഇരട്ട ചങ്കോ, സിംഹഗർജ്ജനമോ പോലുമല്ല!