പുലിറ്റ്സർ
പൊടുന്നനെ അല്പം അടുത്തു നിന്നായി ഒരു വെടി പൊട്ടി. ചിന്തയിൽ നിന്ന് ഉണർന്ന് അയാൾ തന്റെ ക്യാമറ ബാഗ് തോളിൽ ശരിപ്പെടുത്തി; ലെൻസുകൾ അഡ്ജസ്റ്റ് ചെയ്ത് ജാഗ്രത്തായിരുന്നു. രണ്ട് പേരുടെ കാലൊച്ചകൾ അയാൾ വിരിച്ചു വെച്ച ഫ്രെയിമിലേക്ക് പാഞ്ഞടുക്കുന്നത് അയാൾക്ക് നന്നായി കേൾക്കാം. ആ കാലുകൾ എവിടെയോ തടഞ്ഞ് അയാളുടെ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാൻ പാകത്തിൽ വന്നു വീണു.

ഇതിനപ്പുറം പോകുന്നത് ജീവൻ തന്നെ നഷ്ടമാക്കുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങൾ. അവയിൽ നിന്ന് ഉയരുന്ന ശ്വാസമടപ്പിക്കുന്ന പുക. അങ്ങിങ്ങായി നിലക്കാതെ കത്തിക്കൊണ്ടിരിക്കുന്ന തീ നാളങ്ങൾ. തുരുതുരാ ഉതിർക്കുന്ന വെടിയൊച്ചകൾ, അവസാനിച്ചെന്ന് തോന്നുമ്പോഴേക്കും ഹൃദയം നിലക്കുമാറ് ഉച്ചത്തിൽ വീണ്ടും പൊട്ടുന്നു. ചിതറിത്തെറിച്ച കൽചീളുകളിൽ രക്തം പറ്റി കാലത്തിന്റെ ചുവർ ചിത്രങ്ങൾ തീർത്തിരിക്കുന്നു. അയാൾ ക്യാമറ അതിലേക്ക് കൂടുതൽ സൂം ചെയ്തു. നടുക്കം മാറാതെ അലക്ഷ്യമായി ഓടുന്ന പൊടിപടലങ്ങൾക്കും പുകയ്ക്കുമിടയിൽ തന്റെ ഫ്രെയിം തെളിഞ്ഞു തന്നെ നിന്നു. പശ്ചാത്തലത്തിൽ അല്പം ദൂരെയായി നൃത്തം ചെയ്യുന്ന തീനാളം കൂടിയായപ്പോൾ അതൊരു മനോഹരമായ ഫ്രെയിം ആയി അയാൾക്ക് തോന്നി.
പക്ഷെ, അയാൾ അതിലൊന്നും തൃപ്തനായിരുന്നില്ല. ഇങ്ങനെ എത്ര വികാരങ്ങൾ അസംഖ്യം ഫ്രെയിമുകളിൽ താൻ പകർത്തിയിരിക്കുന്നു; ഇതിനേക്കാൾ വലിയ സാഹസികതയിൽ, ദുരന്തങ്ങളിൽ, കലാപങ്ങൾക്ക് നടുവിൽ, അഭയാർത്ഥികളോടൊപ്പം നടുക്കടലിൽ. തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ട; കൺമുമ്പിലെ കൊടും ഭീകരതയുടെ, കണ്ണില്ലാത്ത ക്രൂരതയുടെ, ജീവിതത്തിന്റെ പച്ചയായ കരളലിയിപ്പിക്കുന്ന രംഗങ്ങളെ കുറിച്ച് പറയുമ്പോൾ ഐഷു കരഞ്ഞു കൊണ്ട് ഒരു അന്ത്യ യാത്രക്കൊരുങ്ങിയെന്ന വണ്ണം ഏങ്ങലടിച്ച് നെഞ്ചത്തേക്ക് വീഴും. ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞ് അണച്ചു പിടിച്ച് അവളെ പതിയെ അയാൾ സ്വാഭാവികതയിലേക്ക് കൊണ്ടുവരും.
കല്യാണം കഴിഞ്ഞ് പലവുരു അവൾ അതേകുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട്. "നമുക്ക് ഈ ജോലി വേണ്ട, വേറെ എന്തെങ്കിലും നോക്കാം...” അവളുടെ നിസ്സംഗത അയാൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. താനില്ലാത്ത പല രാത്രികളിലും ഞെട്ടിയുണർത്തി അവളുടെ ഫോൺ കോൾ വരും. അയാളുടെ മരണവൃത്താന്തങ്ങളായിരുന്നു അവളുടെ പേടിസ്വപ്നങ്ങളത്രയും. മരണത്തിന്റെ പടിവക്കിലെത്തുമ്പോൾ അവൾ ആർത്ത നാദങ്ങളെ ഭേദിച്ച് യാഥാർഥ്യത്തിലേക്ക് പിടഞ്ഞ് എണീക്കും. ഒന്നാർത്ത് അട്ടഹസിക്കാൻ അപ്പോൾ അവൾക്ക് തോന്നും. ഹൃദയം വേച്ചു പിടിച്ച് കുന്ന് കയറുന്ന തിരക്കിലായിരിക്കും. ശരീരം കനം വെച്ച് നിശ്ചലമാകും. വിയർത്ത് വിറയാർന്ന് അങ്ങനെ എത്ര പാതിരകൾ എന്ന് നിശ്ചയമില്ല.
അയാൾക്കും ചിലപ്പോൾ അങ്ങനെയൊക്കെ തോന്നാതിരുന്നിട്ടില്ല. ആറ് വർഷങ്ങൾക്ക് മുമ്പ് അവളുടെ ആദ്യ പ്രസവത്തിന് താൻ മൊസൂളിലായിരുന്നു. ഐസിസ് തീവ്രവാദികളിൽ നിന്ന് മൊസൂൾ തിരിച്ച് പിടിക്കാൻ ഇറാഖി സൈന്യം അവിടേക്ക് ലോങ് മാർച്ച് നടത്തുന്ന സമയമായിരുന്നു അത്. ഒരു ലക്ഷം വരുന്ന ഇറാഖി സൈന്യത്തിന് മുമ്പിൽ പിടിച്ച് നിൽക്കാനാവില്ലെന്ന് കണ്ടതോടെ സൈനിക കേന്ദ്രങ്ങളിലേക്ക് കാർ ബോംബുകൾ ഓടിച്ചു കയറ്റി ഐസിസ് രംഗം ഭീകരമാക്കി. കൂടെയുണ്ടായിരുന്ന ചില സൈനികർക്കും മാധ്യമ പ്രവർത്തകർക്കും പരിക്ക് പറ്റിയിരുന്നു. അവരെ ക്യാഷ്വാലിറ്റി കെയറിലേക്ക് മാറ്റി. അയാൾ അവരോടൊപ്പം ശുശ്രൂഷക്ക് നിന്നു. യുദ്ധമുഖം ഒരു വിധം ശാന്തമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ആയിടയ്ക്കായിരുന്നു ഐഷു പെറ്റ വിവരവുമായി ഫോൺ റിംങ് ചെയ്തത്. അവളായിരുന്നു സംസാരിച്ചത്.
"പെൺ കുഞ്ഞാണ്, എന്താ വിളിക്കേണ്ടത്?”
അവൾ ചോദിച്ചു.
"സൽമ... അതുമതി ”
അയാൾക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. തലേന്ന് ആ പേര് അയാളിൽ അത്രമേൽ ഉള്ളുലച്ചിരുന്നു. "സൽമാ...” കരച്ചിലടക്കാനാവാതെയുള്ള ആ നിലവിളി ഭിത്തിയിൽ തട്ടി പ്രതിധ്വനിക്കുന്നത് അയാൾക്കിപ്പോഴും കേൾക്കാം. അവളെ കയ്യിൽ വാരിയെടുത്താണ് അയാൾ അവിടേക്ക് കടന്നുവന്നത്. ഉദ്ദേശം ഒരു നാൽപ്പത് വയസ്സ് തോന്നിക്കുന്ന താടി രോമങ്ങൾ നരച്ചു തുടങ്ങിയ ഒരാൾ. അവൾ രക്തത്തിൽ കുളിച്ച് പാതി വെന്താണ് കിടക്കുന്നത്. അവളെ കാഷ്വാലിറ്റിയിലേക്ക് കാെടുക്കുമ്പോൾ അയാൾ അലറി വിളിച്ചുകൊണ്ടിരുന്നു.
മകളാണോ? കൊച്ചുമകളാണോ? എത്ര കുട്ടികളുണ്ട്? ഇവൾ എത്രാമത്തെയാണ്? ചിന്തകൾ അയാളെ വരിഞ്ഞു മുറുക്കി. ഒന്ന് അണച്ചു പിടിക്കണമെന്ന് തോന്നി, ഒരു പക്ഷേ അയാളുടെ കരച്ചിലടക്കാനായെങ്കിൽ; അപ്പോഴേക്കും അവളുടെ മരണവാർത്ത അയാളെ ഒരു തളർച്ചയിലേക്ക് തള്ളിയിട്ടിരുന്നു. പിന്നെ ഒരേ തേങ്ങലായിരുന്നു. കൂടെ കരയില്ലെന്നുറപ്പുള്ള ആ ചുവരിലേക്ക് തല ചേർത്ത് അങ്ങനെ എത്ര നേരമെന്നറിയില്ല. കലങ്ങിച്ചുവന്ന ദൈന്യത തിടം വെച്ച കണ്ണുകളിലേക്ക് നോക്കുമ്പോൾ അയാൾക്ക് നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞുള്ളൂ.
"കുഞ്ഞിനെക്കാണാൻ എത്തില്ലേ?”
കരച്ചിലടക്കാനാകാതെ ഐഷു ചോദിച്ചു. ആ ചോദ്യം മൂകതയുടെ ഒരറ്റത്തേക്ക് അല്പ നേരം അയാളെ കൊണ്ടുപോയി. വീണ്ടും നിസ്സംഗത തളംകെട്ടി. മറുപടി പറയാതെ അയാൾ ഫോൺ കട്ട് ചെയ്തു. എല്ലാം മതിയാക്കി ഇനി അവളുടെയും കുഞ്ഞിന്റെയും കൂടെ കഴിയണം എന്ന് ആദ്യമായി തോന്നിയത് അന്നായിരുന്നു.
സൽമ ഇപ്പോൾ രണ്ടാം ക്ലാസിൽ പഠിക്കുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയാണെന്നാണ് അധ്യാപകരൊക്കെ പറയുന്നത്.
"ആളുകളൊക്കെ മരിക്കാൻ പോകുമ്പോ അബ്ബക്ക് എങ്ങനെണ് ഫോട്ടോ എടുക്കാൻ പറ്റ്ണത്?” അവളുടെ ചോദ്യം കേട്ട് അയാൾക്കും അങ്ങനെ തോന്നി.
“അബ്ബയുടെ ജോലിയല്ലേ അത്...”
"ഞങ്ങൾ കരഞ്ഞു കൊണ്ടിരുന്നു കഴിഞ്ഞാൽ ലോകത്തിന് കരയാനാകുമോ..? ഞങ്ങൾ ലോക മനസ്സാക്ഷിയിലൂടെയാണ് കരയുന്നത്...”
അയാൾ തന്റെ മറുപടിയിൽ തൃപ്തനായിരുന്നില്ല.
“ഞാൻ മരിക്കാൻ പോകുമ്പോ അബ്ബ ഫോട്ടോയെടുക്കോ?”
കൊഞ്ചിയുള്ള ആ ചോദ്യം കേട്ടതും അയാളിൽ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞു. ചോദ്യം രസിച്ചില്ലെന്ന് മനസ്സിലാക്കി അവൾ അബ്ബയോട് ഒട്ടി നിന്നു. അയാൾ അവളുടെ മുടിയിഴകളിൽ തലോടുക മാത്രം ചെയ്തു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയപ്പോൾ സീനിയർ ഫോട്ടോഗ്രാഫറായ കിഷോറിനോട് കരിയർ അവസാനിപ്പിക്കുന്നതിനെ പറ്റി സംസാരിച്ചിരുന്നു. തന്റെ തീരുമാനത്തിൽ കിഷോറിന് ആശ്ചര്യം അടക്കാനായില്ല.
"വാട്ട് എ നോൺസൺസ് ആർ യു ടോക്കിങ്..! സീ മിസ്റ്റർ, നിങ്ങളുടെ ഫ്രെയിമുകൾ ഓരോന്നും ഒന്നിനൊന്ന് മികച്ചതാണ്. മാത്രവുമല്ല, നാഷണൽ അവാർഡിനപ്പുറം ഇനിയും ഒരുപാട് നേടാനുണ്ടല്ലോ. കരിയറിനെ തന്നെ മാറ്റിമറിക്കുന്ന; ലോകത്തിന്റെ നെറുകയിലേക്കുയർത്തുന്ന ‘എൻ എക്സ്ക്ലൂസിവ് വൺ..! അതാണ് ഇനി താങ്കളിൽ നിന്ന് ലോകം പ്രതീക്ഷിക്കുന്നത് !!”
കിഷോറിന്റെ വാക്കുകൾ അയാളിലെ ഫോട്ടോഗ്രാഫറെ തിരികെയെത്തിച്ചു. മൊസ്യൂളിൽ നിന്നേറ്റ ഹൃദയത്തിലെ മുറിപ്പാടുണങ്ങും മുമ്പ് വീണ്ടുമൊരു യുദ്ധമുഖത്തേക്കിറയിങ്ങിയത് അങ്ങനെയാണ്.
പൊടുന്നനെ അല്പം അടുത്തു നിന്നായി ഒരു വെടി പൊട്ടി. ചിന്തയിൽ നിന്ന് ഉണർന്ന് അയാൾ തന്റെ ക്യാമറ ബാഗ് തോളിൽ ശരിപ്പെടുത്തി; ലെൻസുകൾ അഡ്ജസ്റ്റ് ചെയ്ത് ജാഗ്രത്തായിരുന്നു. രണ്ട് പേരുടെ കാലൊച്ചകൾ അയാൾ വിരിച്ചു വെച്ച ഫ്രെയിമിലേക്ക് പാഞ്ഞടുക്കുന്നത് അയാൾക്ക് നന്നായി കേൾക്കാം. ആ കാലുകൾ എവിടെയോ തടഞ്ഞ് അയാളുടെ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കാൻ പാകത്തിൽ വന്നു വീണു. പുറകിൽ വന്ന കാലൊച്ച ഒരു ഭീകര രൂപം പൂണ്ടു. ബലിഷ്ഠമായ ശരീരം, പാതി മറച്ച മുഖത്ത് ശൗര്യമായ കണ്ണുകൾ, കയ്യിൽ ഭീമാകാരമായ ഒരു റൈഫിൾ. വീഴ്ച്ചയുടെ ആഘാതത്തിൽ എഴുന്നേൽക്കാനാകാതെ കിടക്കുന്ന ഇരയുടെ മുഖത്ത് ആ കാലുകൾ അമർന്നു. റൈഫിൾ തലയ്ക്കു നേരെ വെടിയുതിർക്കാൻ പാകത്തിൽ നിന്നു. 'എൻ എക്സ്ക്ലൂസിവ് വൺ!' അയാൾ ക്യാമറ കുറച്ചു കൂടി സൂം ചെയതു. ബലിഷ്ഠമായ ആ കാലിനടിയിൽ ഞെരിയുന്ന മുഖം ഫ്രെയ്മിൽ തെളിഞ്ഞു വന്നു. ഓമനത്തം വിട്ടുമാറിയിട്ടില്ലാത്ത ഒരു പെൺകുട്ടി. സൽമയുടെ അത്രയേ പ്രായം വരൂ. അല്ല സൽമ തന്നെയാണ്. അയാൾക്ക് തോന്നി. അതേ കണ്ണുകൾ... അതേ ചുണ്ടുകൾ... അതേ കവിളുകൾ... അവളുടെ നെറ്റി പൊട്ടി ചോരയൊലിക്കുന്നു. അയാളുടെ കയ്യൊന്ന് വിറച്ചു. മുഖമാകെ വിയർത്തൊലിച്ചു. കാതുകളിൽ മൊസ്യൂളിലെ ആ നിലവിളി വീണ്ടും വന്നടിച്ചു.
അയാൾ ക്യാമറ ലൈറ്റിംഗ് മോഡിലേക്കു മാറ്റി.
ജീവൻ നഷ്ടമാകുമെന്ന് അയാൾക്കറിയാമായിരുന്നിട്ടും അയാൾ വിരലമർത്തി. ഒരു നിമിഷം ഫ്ലാഷ് മിന്നി മറഞ്ഞു. റൈഫിൾ നിവർത്തിപ്പിടിച്ച് ബലിഷ്ഠമായ കാലുകൾ പാതി തകർന്ന ജനാലക്കരികിലേക്ക് നടന്നു. മൂന്ന് വെടിയുണ്ടകൾ ഒരേ നിമിഷം അയാളുടെ നെഞ്ചത്തേക്ക് തറച്ചു കയറി. രക്തം തെറിച്ച് അയാൾ നിലത്തു വീണു. അവൾ ദൂരെ പുകമറക്കുളളിലേക്കെങ്ങോ ചിറകു വെച്ച് പറന്നകലുന്നത് ബലിഷ്ഠമായ ആ കാലുകൾക്കിടയിലൂടെ അയാൾ കണ്ടു.
“ഇല്ല... അബ്ബേടെ മോള് മരിക്കുമ്പം അബ്ബക്കതിന് കയ്യൂല..." ഹൃദയം മെല്ലെ മന്ത്രിച്ചു.