അഫ്ഗാനിസ്ഥാൻ: ഇരകൾക്കൊപ്പമല്ലാത്ത രാഷ്ട്രീയം മനുഷ്യത്വവിരുദ്ധമാണ്
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി താലിബാന്റെ അക്രമങ്ങൾ നേരിട്ട് ജീവിച്ച, ഇരുപത് വർഷം മുൻപ് അവർ ഭരിച്ചപ്പോൾ സംഭവിച്ചത് മറക്കാത്ത അഫ്ഗാനിലെ മനുഷ്യർക്ക് താലിബാൻ ആരാണെന്നും അവരെന്താവുമെന്നും പ്രത്യേകിച്ചൊരു ക്ലാസിന്റെയോ സിദ്ധാന്തത്തിന്റേയോ ആവശ്യമില്ലാത്തത് കൊണ്ടാണ് അവർ രക്ഷപ്പെടാൻ ശ്രമിക്കുന്നത്. തോൽക്കുമെന്നറിഞ്ഞിട്ടും പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നത്! ആ ജീവിതം കാണാതെ, പകരം 'ലിബറലുകളും ഇസ്ലാമോഫോബിക് മീഡിയകളുമെല്ലാം ചേർന്ന് കെട്ടിച്ചമച്ച കഥകളാ'ണ് ഇതെല്ലാമെന്ന് സ്ഥാപിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത് അക്രമികളോടൊപ്പം നിൽക്കുന്നതിന് തുല്യമാണ്. മനുഷ്യത്വവിരുദ്ധമാണ്.

അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ - സാമൂഹ്യ അരക്ഷിതാവസ്ഥ പുതിയ വഴികളിലേക്ക് കടക്കുകയാണ്. കളിമൺ പാടമെന്ന കണക്കിൽ റഷ്യയുടെയും അമേരിക്കയുടേയും നാറ്റോ സഖ്യസേനയുടേയും താത്പര്യങ്ങളിൽ കുരുങ്ങിക്കിടന്ന അഫ്ഗാനി ജനതയുടെ ജീവിതം വീണ്ടും താലിബാന്റെ നിയന്ത്രണത്തിലേക്ക് തന്നെ എത്തിയിരിക്കുന്നു. ഇരുപത് വർഷത്തിന് ശേഷം താലിബാൻ പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ പക്ഷേ മുൻപില്ലാത്ത ചില കാഴ്ചകളുണ്ട് നമുക്ക് മുൻപിൽ - അതിലേറ്റവും ഉള്ളുലക്കുന്നത് ജനിച്ച വീടും നാടും വിട്ട് പലായനം ചെയ്യുന്ന അഫ്ഗാനികളുടെ ദൃശ്യമാണ്.
താലിബാനെ പേടിക്കുന്ന അഫ്ഗാൻ ജനത
ഇരുപത് വർഷം മുൻപ് താലിബാൻ സർക്കാർ രൂപീകരിച്ചപ്പോൾ അഫ്ഗാൻ ജനതയുടെ ഉള്ളിലെവിടെയോ ഒരു പ്രതീക്ഷയുണ്ടായിരുന്നു. വിദേശ ആധിപത്യം അവസാനിപ്പിച്ച് സ്വന്തം നാടും നിറമുള്ളൊരു ഭാവിയും വീണ്ടെടുക്കാനാവുമെന്നൊരു തോന്നൽ. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങളും മറ്റും താരതമ്യേന കുറവുമായിരുന്നു. വിദേശ സൈന്യങ്ങളിൽ നിന്ന് തങ്ങളനുഭവിച്ച യാതനകൾക്ക് അറുതിവരുമെന്നായിരുന്നു അവരിലേറെ പേരുടേയും കണക്ക് കൂട്ടൽ.

എന്നാൽ ആ പ്രതീക്ഷകളേയും ധാരണകളേയുമെല്ലാം താലിബാന്റെ ഭരണം കാറ്റിൽ പറത്തി. ക്രൂരമായ ശിക്ഷാമുറകളിലും മനുഷ്യത്വവിരുദ്ധമായ നടപടികളിലും ജനങ്ങൾ വിറച്ചു. തോക്കേന്തിയ താലിബാൻ നേതാക്കളുടെ കണ്ണിൽ സ്ത്രീകളുടെ വിദ്യാഭ്യാസവും അവകാശങ്ങളുമൊന്നും പരിഗണിക്കപ്പെടേണ്ടതായിരുന്നില്ല. മതത്തെ തങ്ങളുടെ തീവ്രചിന്തകൾക്ക് അനുസൃതമായി വ്യാഖ്യാനിച്ചും നിയമമാക്കിയെഴുതിയും അവരുടെ താത്പര്യങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടു. എതിർത്തവർ അവരുടെ തോക്കിനിരയായി.
പാശ്ചാത്യമാധ്യമങ്ങളുടെ അജണ്ടകൾക്കനുസരിച്ച് എഴുതപ്പെട്ട കഥകളും വാർത്തകളും മാത്രമല്ല, അവിടെ നിന്നുള്ള മനുഷ്യരിൽ നിന്ന് നേരിട്ടും മനുഷ്യാവകാശ സംഘടനകളുടെ പഠനങ്ങളിൽ നിന്നും കണക്കുകളിൽ നിന്നുമെല്ലാം ആ കാലം നമ്മൾ കേട്ടതും വായിച്ചതുമാണല്ലോ.
1996 മുതൽ 2001 വരെയുള്ള അഞ്ചു വർഷത്തെ ഭയപ്പെടുത്തുന്ന ആ കാഴ്ചകളും കഥകളും ലോകത്ത് മറ്റാരേക്കാളും തെളിച്ചത്തോടെ ഓർക്കുന്നത് കൊണ്ടാണ് അഫ്ഗാൻ ജനതക്ക് താലിബാന്റെ രണ്ടാം വരവ് അത്രമേൽ ഭീതീജനകമാവുന്നത്. പറച്ചിലുകൾക്കപ്പുറം അനുഭവിക്കേണ്ടി വരുന്നത് എന്താവുമെന്ന ഏകദേശ ധാരണ അവർക്കുണ്ട്.
കാബൂൾ പിടിച്ചടക്കുന്നതിനും മാസങ്ങൾക്ക് മുൻപേ അഫ്ഗാനിലെ പല പ്രവിശ്യകളും താലിബാന്റെ നിയന്ത്രണത്തിലായിരുന്നു. അവിടെ നിന്നുള്ള ആയിരക്കണക്കിന് മനുഷ്യർ കാബൂളിൽ അഭയം പ്രാപിച്ചിരുന്നു. കാബൂൾ കൂടെ താലിബാന്റെ കീഴിലായപ്പോൾ എങ്ങനെയെങ്കിലും രാജ്യത്തിന്റെ പുറത്ത് കടക്കാനായി ശ്രമം. പ്രവിശ്യകളിൽ തങ്ങളുടെ അധികാരം സ്ഥാപിക്കുമ്പോൾ പോലും അവിടെയുള്ള ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ താലിബാന് സാധിച്ചിരുന്നില്ല. സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്ന് വിലക്കിയും യൂണിവേഴ്സിറ്റികളിൽ നിന്ന് പെൺകുട്ടികളെ തിരിച്ചയച്ചും വരാനുള്ള ഭരണത്തിന്റെ കർട്ടനുയർത്തുകയാണ് അവർ ചെയ്തത്. പ്രതിരോധിക്കാൻ ശ്രമിച്ചവർക്ക് ജീവൻ നഷ്ടമായി. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ബോംബ് സ്ഫോടനം നടക്കുകയും അറുപതിലേറെ കുട്ടികൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തത് ഈ കഴിഞ്ഞ മെയ് മാസത്തിലാണ് - പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് ഇഷ്ടമില്ലാത്തവരാണ് ഇത് ചെയ്തത് എന്ന് അവിടെയുള്ള മനുഷ്യർ ലോകത്തോട് പറയുമ്പോൾ, അതാരാണെന്ന് മനസ്സിലാക്കാൻ കൂടുതൽ അന്വേഷണത്തിന്റെയൊന്നും ആവശ്യമില്ല.

"ഇത്തവണ അത്ര മനുഷ്യത്വവിരുദ്ധമാവാനിടയില്ല" എന്ന പുറംലോക സിദ്ധാന്തങ്ങൾക്ക് ചെവികൊടുക്കാതെ സ്വന്തം കുടുംബത്തെ ചേർത്തുപിടിച്ച് വിമാനത്തിന്റെ ടയറിനിടയിൽ ഒളിച്ചിരുന്നെങ്കിലും രക്ഷപ്പെടട്ടേ എന്ന് ആ ജനത കരുതുന്നത് അതുകൊണ്ടാണ്. തങ്ങൾക്ക് അപ്പുറം കടക്കാൻ സാധിക്കുമോ എന്നുറപ്പില്ലെങ്കിലും മാസങ്ങൾ മാത്രം പ്രായമായ സ്വന്തം കുഞ്ഞിനെ ഇരുമ്പുകമ്പികൾക്കിടയിലൂടെ മറുവശത്തെ പട്ടാളക്കാരന്റെ കയ്യിലേക്ക് വച്ചുകൊടുക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നത് അത്രമേൽ നിസ്സഹായരായതുകൊണ്ടാണ്. എത്തിച്ചേരുന്ന രാജ്യത്ത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന യാതൊരു ധാരണയുമില്ലാതെ ഏതെങ്കിലുമൊരു വിമാനത്തിൽ കയറിപ്പറ്റാൻ തിക്കുംതിരക്കും കൂട്ടുന്നത് മുന്നോട്ട് നോക്കുമ്പോൾ മറ്റൊരു വെളിച്ചവും കാണാത്തത് കൊണ്ടാണല്ലോ!
ഇതേ താലിബാനിൽ 'പ്രതീക്ഷ'യർപ്പിക്കുന്നവർ!
എന്നാൽ കൺമുന്നിലുള്ള ഈ മനുഷ്യയാതനകളേയും യാഥാർത്ഥ്യങ്ങളെയുമൊന്നും കാണാതെ എല്ലാം 'വെറും കെട്ടുകഥളും' 'പാശ്ചാത്യമാധ്യമങ്ങളുടെ അജണ്ട'യുമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം മനുഷ്യരുണ്ട് എന്നത് ഏറെ ആശങ്കാജനകമായ വസ്തുതയാണ്. താലിബാനെ പ്രതീക്ഷയായി കരുതുന്ന, താലിബാൻ അക്രമങ്ങളെ മറച്ചുവച്ച്, റഷ്യയുടേയും അമേരിക്കയുടെയും സൈനീക അക്രമങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്യുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും എണ്ണത്തിൽ കുറവെങ്കിലും, നമ്മുടെ സാമൂഹിക-സോഷ്യൽ മീഡിയാ ചുറ്റുവട്ടങ്ങളിൽ തന്നെയുണ്ട്.
ചില മത രാഷ്ട്രീയ സംഘടനകൾ ഇറക്കിയ പ്രസ്ഥാവനകൾ അതിനുദാഹരണമാണ്. 20 വർഷത്തിലേറെയായി സാമ്രാജ്യത്വശക്തികൾ അഫ്ഗാനിസ്ഥാനിൽ നടത്തിയ അക്രമങ്ങളെക്കുറിച്ച് പറഞ്ഞ്, അതവസാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന അവർ പക്ഷേ താലിബാന്റെ കഴിഞ്ഞകാല ഭരണത്തെക്കുറിച്ചും അക്രമത്തെക്കുറിച്ചും മൗനം പാലിക്കുന്നു. അവരുടെ പ്രസ്താവനയെ കണക്കിലെടുത്ത് അവരുടെ ഭരണത്തിൽ പ്രത്യാശ പ്രകടിപ്പിക്കുന്നു! താലിബാനുമായി സഹകരിക്കുമെന്ന് ചൈന പ്രഖ്യാപിച്ചതിന് ശേഷം വന്ന മറ്റൊരു ഇന്ത്യൻ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസ്ഥാവന സാമ്രാജ്യത്വഭണം തകർന്നതിൽ സന്തോഷം പ്രകടിപ്പിക്കുമ്പോൾ തന്നെ താലിബാൻ അക്രമങ്ങളെ എടുത്തുപറയാനെങ്കിലും ശ്രമിക്കുന്നുവെന്ന് കരുതാം. അവിടുത്തെ ജനങ്ങൾ നേരിടുന്ന ഭയത്തെക്കുറിച്ച് ഫസ്റ്റ് ഹാൻഡ് റിപ്പോർട്ടുകളുണ്ടാവുമ്പോൾ, ആ യാതന കൺമുന്നിൽ വീഡിയോ ദൃശ്യങ്ങളായി ഉണ്ടാവുമ്പോൾ, താലിബാൻ ഭരിച്ചിരുന്ന പ്രവിശ്യകളിൽ നിന്ന് രക്ഷപ്പെട്ട മനുഷ്യർ നേരിട്ട ക്രൂരതകൾ വിവരിക്കുമ്പോൾ... അതൊക്കെ 'വെറും പ്രൊപഗണ്ടയാണ്, താലിബാൻ പറയുന്നതിൽ പ്രതീക്ഷയുണ്ട്' എന്ന് പറയുന്നത് എന്തൊരു അനീതിയാണ്.
ഇരകളുടെ വാക്കുകൾക്ക് വില കൊടുക്കാതെ അക്രമികളുടേയും തീവ്രവാദികളുടെയും വാക്കുകൾക്ക് വിശ്വാസ്യത കൽപ്പിക്കുന്ന ഈ 'സെലക്ടീവ് സ്വത്വവാദികൾ', മുസ്ലിംകൾക്കെതിരെയുണ്ടാവുന്ന അക്രമങ്ങളിൽ (പലസ്തീനിലായാലും ഉത്തരേന്ത്യയിലായാലും മ്യാൻമറിലായാലുമൊക്കെ) ഇതേ നിലപാടാണോ സ്വീകരിക്കാറുള്ളത്? അല്ലല്ലോ, ഇരകളുടേയും പലായനം ചെയ്യുന്നവരുടേയും വാക്കുകൾക്കല്ലേ പ്രാധാന്യം കൊടുക്കുക? ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തോട് ഏറ്റവും നീതിരഹിതമായി പെരുമാറുന്ന ഭരണാധികാരികളിലൊരാളായ യോഗി ആദിത്യനാഥിനോട് ചോദിച്ചാലും "ഞങ്ങൾ മുസ്ലിംങ്ങളോട് മാന്യമായ നിലപാടേ കൈകൊള്ളാറുള്ളൂ" എന്ന് പറയില്ലേ?!
കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി താലിബാന്റെ അക്രമങ്ങൾ നേരിട്ട് ജീവിച്ച, ഇരുപത് വർഷം മുൻപ് അവർ ഭരിച്ചപ്പോൾ സംഭവിച്ചത് മറക്കാത്ത അഫ്ഗാനിലെ മനുഷ്യർക്ക് താലിബാൻ ആരാണെന്നും അവരെന്താവുമെന്നും പ്രത്യേകിച്ചൊരു ക്ലാസിന്റെയോ സിദ്ധാന്തത്തിന്റേയോ ആവശ്യമില്ലാത്തത് കൊണ്ടാണ് അവർ രക്ഷപ്പെടാൻ ശ്രമിക്കുന്നത്. തോൽക്കുമെന്നറിഞ്ഞിട്ടും പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നത്! ആ ജീവിതം കാണാതെ, പകരം 'ലിബറലുകളും ഇസ്ലാമോഫോബിക് മീഡിയകളുമെല്ലാം ചേർന്ന് കെട്ടിച്ചമച്ച കഥകളാ'ണ് ഇതെല്ലാമെന്ന് സ്ഥാപിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത് അക്രമികളോടൊപ്പം നിൽക്കുന്നതിന് തുല്യമാണ്. മനുഷ്യത്വവിരുദ്ധമാണ്.
അതിന് "ഇന്ത്യയിലെ മുസ്ലിംങ്ങൾ എന്തിന് പ്രതികരിക്കണം"?
"അഫ്ഗാനിൽ താലിബാൻ നടത്തുന്നതിന് ഇന്ത്യയിലെ മുസ്ലിംങ്ങൾ എന്തിന് അപോളജറ്റിക് ആവണം?", "എന്തിന് പ്രതികരിക്കണം?" എന്നൊരു മറുചോദ്യമുണ്ട്. ശരിയാണ്, ലോകത്ത് എവിടെയെങ്കിലും ഇസ്ലാമിന്റെയോ മുസ്ലിംകളുടെയോ പേരിൽ അക്രമം നടക്കുന്നതിന് ഇന്ത്യയിലെ മുസ്ലിംകൾ പ്രതികരിച്ചേ മതിയാവൂ എന്ന് പറയുന്നത് ശരിയല്ലാത്ത കാര്യമാണ്. അത്തരം 'ലിബറൽ ആശങ്കകൾ' പരിഗണന അർഹിക്കുന്നുമില്ല. മാത്രമല്ല, ഇന്ത്യയിലെയും കേരളത്തിലെയും ഭൂരിഭാഗം വരുന്ന മുസ്ലിങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രമുഖ സംഘടനകൾ ഒന്നും തന്നെ താലിബാനോട് ഐക്യപ്പെട്ട് പ്രസ്താവനകൾ ഇറക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
പക്ഷെ, മറ്റൊരു വശം കൂടിയുണ്ട്. സകലമാന മുസ്ലിംങ്ങളും പ്രതികരിക്കണമെന്നതിനപ്പുറം, ലോകത്തെവിടെയുമുണ്ടാവുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്ന, പ്രത്യേകിച്ച് മുസ്ലിം അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാറുള്ളവരുടെ മൗനം അസ്വസ്ഥപ്പെടുത്തുന്നതാണ്. അഫ്ഗാനികൾ, അവരുടെ മനുഷ്യാവകാശങ്ങൾ പരിഗണനാവിഷയം ആവാത്തത് എന്തുകൊണ്ടാണെന്നാണ് ചോദ്യം. നാറ്റോ സഖ്യവും യു എസ് എസ് ആറും നടത്തിയ ആക്രമണങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും വിമർശിക്കാൻ റോയിട്ടേഴ്സിന്റെയും അംനെസ്റ്റി ഇന്റർനാഷണലിന്റെയും മറ്റു രാജ്യാന്തര സംഘടനകളുടെയും കണക്കുകൾ നിരത്തുന്ന അതേ ആളുകൾ താലിബാന്റെ ആക്രമണങ്ങളുടെ കാര്യം വരുമ്പോൾ ഈ സോഴ്സുകളെ വിശ്വാസത്തിലെടുക്കാതെ, ഒളിഞ്ഞും തെളിഞ്ഞും അവരെ തലോടുന്ന പ്രവണത കാണിക്കുന്ന പശ്ച്ചാത്തലത്തിലാണ് നമ്മൾക്കിടയിലെ പല സജീവ പ്രൊഫൈലുകളുടെയും മൗനത്തെ ചോദ്യം ചെയ്യേണ്ടി വരുന്നത്.

നാറ്റോ സൈന്യവും സാമ്രാജ്യത്വ അജണ്ടകളും അഫ്ഗാനിസ്ഥാനെ ചവിട്ടിമെതിച്ചതിനെതിരെ പ്രതികരിച്ചിട്ടുള്ള അതേ വീര്യത്തോടെ എതിർക്കപ്പെടേണ്ടതാണ് സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് ഭീതി പരത്തിയുള്ള ഈ കടന്നുകയറ്റവും. പ്രതികരിക്കണോ വേണ്ടയോ എന്നത് തീർത്തും വ്യക്തിയധിഷ്ടിതമായ കാര്യമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ, അത്രമേൽ മുസ്ലിംവിരുദ്ധമായ പൊതുബോധത്തിലേക്ക്, ഇത്തരം 'താലിബാൻ അനുകൂല നിലപാടുകൾ' കൂടിയാവുമ്പോൾ, രാഷ്ട്രീയമായും സാമൂഹികപരമായും അത് കൂടുതൽ അപകടകരമാണ് എന്ന വസ്തുത കാണാതിരിക്കാനാവില്ല.
പുറത്തുള്ളവരുടെയോ ലിബറലുകളുടെയോ ഒന്നും കാര്യമല്ല. ഉള്ളിൽ നിന്നുള്ള കാഴ്ചയെക്കുറിച്ചാണ്. ഓരോരുത്തരും അവരവരുടെ ചുറ്റുപാടുകളിലേക്കും ചുറ്റുമുള്ളവരിലേക്കും തട്ടിച്ചുനോക്കി വായിക്കേണ്ടതാണ്.
മ്യാൻമറിൽ നിന്ന് വംശഹത്യ ഭയന്ന് പലായനം ചെയ്യുന്ന മുസ്ലിംങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന, പലസ്തീനിലെ മനുഷ്യരുടെ അവകാശങ്ങൾക്കായി കവലകളിലും കാമ്പസുകളിലും ഒത്തുകൂടാറുള്ള, ഉത്തരേന്ത്യയിലും മറ്റുമുണ്ടാവുന്ന അതിഭീകരമായ മുസ്ലിംവിരുദ്ധ-ജാതി അക്രമങ്ങളിൽ വേദനിക്കാറുള്ള... ഇങ്ങനെ നമുക്ക് ചുറ്റും നടക്കുന്ന എല്ലാ മനുഷ്യത്വവിരുദ്ധപ്രവർത്തനങ്ങളെയും അടയാളപ്പെടുത്തുകയും അതിൽ രോഷം കൊള്ളുകയും ചെയ്യുന്ന മനുഷ്യർക്ക് താലിബാൻ നടത്തുന്ന അക്രമങ്ങളെയും അതേപോലെ അടയാളപ്പെടുത്താനും തള്ളിക്കളയാനും കഴിയേണ്ടതുണ്ട്. മനുഷ്യത്വമുള്ള ആർക്കും തോക്ക് ചൂണ്ടിയുള്ള ഭരണത്തെ അംഗീകരിക്കാൻ ആവില്ല.

ഒരുവശം കാണുകയും മറുവശത്ത് കൺമുന്നിലുള്ള താലിബാന്റെ പിടിച്ചടക്കലും മനുഷ്യത്വവിരുദ്ധനയങ്ങളും (ഭാവിയിൽ അവരെന്താവുമെന്ന പ്രവചനമല്ല!) ഭയന്ന് പലായനം ചെയ്യുന്നവരോട് ചേർന്ന് നിൽക്കാനും ആ അക്രമങ്ങളെ അക്നോളജ് ചെയ്യാനും കഴിയുന്നില്ലെങ്കിൽ; അത് ഉള്ളിലെ അന്ധതയായേ കണക്കാക്കാനാവൂ. അത് മനുഷ്യരെ അടുപ്പിക്കുന്നതിലേറെ അകറ്റാനും ഭയം സൃഷ്ടിക്കാനുമേ ഉതകുകയുള്ളൂ. അതിനോട് ചേർത്തുവച്ച് കൂടുതൽ പ്രചരിപ്പിക്കപ്പെടുന്ന മുസ്ലിംവിരുദ്ധ നയങ്ങൾക്കും നിലപാടുകൾക്കും ഇങ്ങനെയുള്ള ന്യായീകരണക്കാർ കൂടി ഉത്തരവാദികളാണ്.
താലിബാനെതിരെയുള്ള നിലപാട് പൊതുസമൂഹത്തിന്റെ 'ഗുഡ് മുസ്ലിം' സർട്ടിഫിക്കറ്റ് കിട്ടാനോ ആരെയും ബോധ്യപ്പെടുത്താനോ അല്ല. അവനവൻ പറയുന്ന വാക്കിനോടും മുന്നോട്ട് വയ്ക്കുന്ന നീതിയുടെ സമവാക്യങ്ങളോടും ആത്മാർഥത പുലർത്താനാണത്. അതിനായില്ലെങ്കിൽ, പിന്നേത് നീതിയെക്കുറിച്ചാണ് നാം സംസാരിക്കുന്നത്?
Photo Courtesy: Reuters