ലിവർ ആന്റണിയുടെ തിരോധാനം
ഓരോ മനുഷ്യനും അവനവന്റെ ജീവിതത്തിൽ തിരിച്ചറിവിന്റെ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകേണ്ടതുണ്ട്. ഈ ഭൂമിയിൽ താനാരാണ്, തന്റെ സ്ഥാനമെന്താണ്, മറ്റുള്ളവർ തനിക്കു നൽകുന്ന വിലയെന്താണ് എന്ന ആ തിരിച്ചറിവുകൾക്ക് ശേഷമാണ് അയാൾ യഥാർത്ഥത്തിൽ ജീവിച്ചു തുടങ്ങുന്നത്. അത് വരെയുള്ളതെല്ലാം ആ തിരിച്ചറിവിലേക്ക് എത്തിച്ചേരാനുള്ള ചില വഴികൾ മാത്രമാണ്.ആന്റണിയുടെ ജീവിതവുമപ്പോൾ അത്തരമൊരു ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു.

സോളമനെ അന്നാണ് അമുദ ആദ്യമായി കാണുന്നത്. എന്നിട്ടും ഉണങ്ങിയ അരളിയിലകൾ വീണുകിടന്നിരുന്ന നീണ്ട വഴിയുടെ അങ്ങേയറ്റത്ത് മഴയുടെ വെള്ളിനൂലുകൾക്കിടയിലൂടെ തെളിഞ്ഞു കിട്ടിയ ആ കാഴ്ചയിൽ നിന്ന് അത് ആന്റണിയുടെ മകനാണെന്ന് അയാൾ വളരെയെളുപ്പം തിരിച്ചറിഞ്ഞു. അതിൽ തെല്ലും അതിശയിക്കേണ്ടതില്ലായിരുന്നു. കാരണം, ആന്റണിയെ പകർത്തി വെച്ചത് പോലെയായിരുന്നു സോളമന്റെ രൂപം. രൂപത്തിൽ മാത്രമല്ല, നടത്തത്തിലും സംസാരത്തിലും അംഗവിക്ഷേപങ്ങളിലുമെല്ലാം സോളമനും ആന്റണിയും തമ്മിൽ അസാധാരണമായ ഒരു സാദൃശ്യമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് അവസാനമായി നേരിൽ കണ്ട, ആന്റണിയിതാ, പോയകാലത്തിലൂടെ പിറകോട്ടു സഞ്ചരിച്ച് തന്റെ മുന്നിലേക്ക് വീണ്ടും വന്നു ചേർന്നിരിക്കുന്നു എന്നാണ് സോളമന്റെയാ അകലകാഴ്ചയിൽ നിന്ന് അമുദയ്ക്ക് തോന്നിയത്. അയാൾ ആഹ്ലാദാതിരേഖത്തോടെ ഇരിപ്പിടത്തിൽ നിന്നുയർന്ന് ഒട്ടൊരാവേശത്തിൽ, സോളമന് നേർക്ക് കുതിക്കുകയാണുണ്ടായത്. ഒട്ടും പ്രതീക്ഷിക്കാത്ത വിധമുള്ള വൃദ്ധന്റെ പെരുമാറ്റം സോളമനെ തെല്ലൊന്ന് ആശങ്കയിലാഴ്ത്തി. അമുദ തന്റെ ഇരുകൈകളും സോളമന്റെ ചുമലിൽ പതിപ്പിച്ചു. പിന്നെ മതിവരാത്ത മട്ടിൽ അയാളുടെ കവിളുകളിൽ തലോടിക്കൊണ്ട് –'ആന്റണിയുടെ മകൻ!' എന്നൊരു ആത്മഗതമായി. സോളമന് അത് അതിശയമായി തോന്നി. വൃദ്ധൻ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. അപ്പോൾ വൃദ്ധന്റെ കൈകളിൽ നിന്നും ഊഷ്മളമായ സ്നേഹത്തിന്റെ വേരുകൾ തന്റെ കവിളുകളിലേക്ക് പടരുന്നതായി സോളമന് അനുഭവപ്പെടുകയും ചെയ്തു. ജീവിതത്തിൽ ഏറെയാഗ്രഹിച്ചിട്ടും തനിക്കൊരിക്കലും അനുഭവിക്കാനാവാതിരുന്ന ഒരപ്പന്റെ കരുതൽ കൂടിയുണ്ടായിരുന്നില്ലേ ആ സ്പർശത്തിലെന്ന് ഒരു നിമിഷനേരത്തെക്കെങ്കിലും അയാൾക്ക് തോന്നിപ്പോയിരുന്നു. സോളമനെ സംബന്ധിച്ച് എത്തിച്ചേരുമെന്ന് ഒരുറപ്പുമില്ലാതിരുന്ന യാത്രയുടെ അവസാനമായിരുന്നു അത്. അമ്മച്ചിയുടെ പഴയ പെട്ടിയിൽ നിന്നും കണ്ടുകിട്ടിയ, പണ്ടെന്നോ എഴുതി അയക്കപ്പെട്ട ഒരു കത്തിലെ മറുപുറത്തെ വിലാസത്തിന്റെ മാത്രം പിൻബലത്തിൽ, ഒരുപക്ഷേ നിരർത്ഥകമായിപ്പോയേക്കാമെന്നറിഞ്ഞിട്ടും, അപ്പനെ കണ്ടെത്താനുള്ള അവസാന ശ്രമമെന്ന നിലയിൽ, അമ്മച്ചിയുടെ ശവക്കുഴിയ്ക്ക് മുൻപിൽ നിന്ന് തുടങ്ങിയ യാത്ര. ഒടുവിൽ താൻ ലക്ഷ്യത്തിലെത്തിച്ചേർന്നിരിക്കുന്നു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ സോളമന് അല്പനേരം അമുദയ്ക്ക് മുന്നിൽ നിശ്ചലനായി വെറുതേ നിൽക്കേണ്ടി വന്നു.
"വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ?”. അമുദ ചോദിച്ചു.
"ഉണ്ടാവില്ല അല്ലേ. ഒരു കൊലപാതകിയുടെ വിലാസം എളുപ്പം കണ്ടുപിടിക്കാവുന്നതല്ലേ ഉള്ളൂ. ആർക്കാണതറിയാത്തത്?.”
അയാൾ തന്നെ അതിന് ഉത്തരവും വിശദീകരണവും നൽകി. നിസ്സംഗമായിരുന്നു ആ വൃദ്ധന്റെ ശബ്ദം. ഇതൊന്നും തന്നോടല്ലെന്ന ഒരു മട്ടിലായിരുന്നു സോളമന്റെ നിൽപ്പ്. അമുദയുടെ തലക്ക് മുകളിലൂടെ ഭിത്തിയിൽ പതിപ്പിച്ച ഒരു പതിമൂന്നു വയസ്സുകാരിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അപ്പോൾ സോളമന്റെ കാഴ്ചയിലേക്ക് തെളിഞ്ഞു വന്നു.
അയാൾ കണ്ണുകളെടുക്കാതെ അതിലേക്ക് തന്നെ നോക്കി നിന്നു. മുടി വശങ്ങളിലേക്ക് പിന്നിയിട്ട ഫോട്ടോയിലെ പെൺകുട്ടിക്ക് അമുദയുടെ മുഖഛായ ഒട്ടുമില്ലായിരുന്നു.
"അലമേലു...
അവൾ അവളുടെ അമ്മയെപ്പോലെയാണ്."
സോളമന്റെ കൈകളിൽ പിടിച്ച് പൂമുഖത്തേക്ക് കടന്നിരിക്കുമ്പോൾ അമുദ പറഞ്ഞു. ഒരപരിചിതത്വവും തോന്നാത്ത വിധത്തിലായിരുന്നു സോളമനോടുള്ള വൃദ്ധന്റെ സമീപനം. എത്രയോ കാലമായി പരിചയമുള്ള ഒരാൾ തന്നോട് അടുത്തിടപെഴകുന്നതായേ സോളമന് തോന്നിയുള്ളൂ. വൃദ്ധനാകട്ടെ നാക്കിനു വിശ്രമമില്ലാതെ സംസാരിച്ചുകൊണ്ടേയിരുന്നു. ജീവിതം ഏകദേശം അതിന്റെ അറ്റമെത്താറായപ്പോൾ അമുദയെ ഗ്രസിച്ച ഭാരിച്ച ഏകാന്തതയിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു ഒരർത്ഥത്തിൽ വിശ്രമമില്ലാതെയുള്ള ആ സംസാരം. വല്ലപ്പോഴുമൊക്കെ അവിടേക്ക് ആര് കടന്നു വന്നാലും അങ്ങനെത്തന്നെയായിരുന്നു അമുദ. മനുഷ്യരുടെ സ്പർശമേൽക്കാതെ വിരസമായി തീർന്ന ഒരു ജീവിതത്തിന്റെ അവശേഷിക്കുന്ന സ്പന്ദനങ്ങൾ സോളമൻ അമുദയിൽ കണ്ടു.
മൂന്നു വശവും അരഭിത്തിയുള്ള ഒരു പൂമുഖമായിരുന്നു ഓടുമേഞ്ഞ ആ പഴയ വീടിന്റെത്. ഒരു വശത്തെ അരഭിത്തിയോട് ചേർത്ത് പഴയൊരു ചാരുകസേര നിവർത്തിയിട്ടിരുന്നു. അമുദ അതിലേക്ക് അമർന്നിരുന്നു. സോളമൻ അരഭിത്തിയിലും. അവിടെയിരുന്നാൽ ദൂരെ ടൈൽ ഫാക്ടറിയുടെ പുകക്കുഴൽ ഉയർന്നു നിൽക്കുന്നത് വൃക്ഷത്തലപ്പുകൾക്ക് മുകളിലൂടെ വ്യകതമായി കാണാമായിരുന്നു.
"ഇതിലിങ്ങനെ എന്റെ കുഞ്ഞിനെ കണ്ടുകൊണ്ടുള്ള ചാരിക്കിടപ്പാണ്, ഇപ്പോൾ ജീവിതം.” അമുദ കുന്നിക്കുരുവള്ളികൾ പടർന്നു നിൽക്കുന്ന അതിരിലേക്ക് വിരൽ ചൂണ്ടി.
"അവിടെയാണ് അലമേലു ഉറങ്ങുന്നത്. അവസാനമായി ആന്റണി വന്നപ്പോൾ അവൾക്കരികിൽ അന്ന് ഏറെ നേരം ചെലവഴിച്ചിരുന്നു.” നഗ്നമായ നെഞ്ചിലെ നരച്ച രോമങ്ങളിൽ തടവിക്കൊണ്ട് അമുദ പറഞ്ഞു. വാർദ്ധക്യം അയാളുടെ വിരലുകളിൽ പിടിമുറുക്കി തുടങ്ങിയിരുന്നു. അപ്പൻ ഇവിടെ വന്നിരുന്നു എന്നല്ലേ ആ പറഞ്ഞതിനർത്ഥം.? അപ്പോൾ ഈ യാത്ര വെറുതേയായില്ല. സോളമൻ യാഥാർഥ്യത്തിലേക്ക് ഉണർന്നു. താനിപ്പോൾ ഇരിക്കുന്നത് അപ്പന്റെ സെൻട്രൽ ജയിൽ വാസക്കാലത്തെ സുഹൃത്തിന്റെ മുൻപിലാണെന്നും കാണാതെപോയ അപ്പനെ തേടിയാണ് ഇത്ര ദൂരം സഞ്ചരിച്ച് ഈ വൃദ്ധന് മുന്നിലിരിക്കുന്നതെന്നും അയാൾക്കുണർവുണ്ടായി. ഇനിയൊരുപക്ഷെ അപ്പനെവിടെയുണ്ടെന്ന് ഈ വൃദ്ധന് അറിയാതിരിക്കുമോ. ഒരു സൂചനയെങ്കിലും കിട്ടാതെ വരില്ല.
"അപ്പനെന്നാണ് അവസാനമിവിടെ വന്നത്?.” സോളമൻ ചോദിച്ചു. ആ ചോദ്യം വാസ്തവത്തിൽ അമുദയിൽ അമ്പരപ്പുണ്ടാക്കുകയാണ് ചെയ്തത്. "അപ്പനെവിടെയുണ്ടെന്ന് നിങ്ങൾക്കറിയാമോ..?" അമുദ സ്തബ്ധനായി... അപ്പോൾ ആന്റണി എവിടെയാണ്? ഏറ്റവുമൊടുവിൽ ഇതുപോലൊരു മഴക്കാലത്ത് അപ്രതീക്ഷിതമായി അയാൾ ഇവിടേക്ക് കയറി വന്നു. കുറേയേറെ സമയം ചെലവിട്ടു. വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു. പിന്നെ എവിടേയ്ക്കാണ് അയാൾ അപ്രത്യക്ഷനായത്.? എന്ത് പറയണമെന്നറിയാതെ അമുദ കുഴങ്ങി.
ഓരോ മനുഷ്യനും അവനവന്റെ ജീവിതത്തിൽ തിരിച്ചറിവിന്റെ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകേണ്ടതുണ്ട്. ഈ ഭൂമിയിൽ താനാരാണ്, തന്റെ സ്ഥാനമെന്താണ്, മറ്റുള്ളവർ തനിക്കു നൽകുന്ന വിലയെന്താണ് എന്ന ആ തിരിച്ചറിവുകൾക്ക് ശേഷമാണ് അയാൾ യഥാർത്ഥത്തിൽ ജീവിച്ചു തുടങ്ങുന്നത്. അത് വരെയുള്ളതെല്ലാം ആ തിരിച്ചറിവിലേക്ക് എത്തിച്ചേരാനുള്ള ചില വഴികൾ മാത്രമാണ്. ആന്റണിയുടെ ജീവിതവുമപ്പോൾ അത്തരമൊരു ഘട്ടത്തിലൂടെ കടന്നു പോവുകയായിരുന്നു.
ജയിൽ മോചിതനാകുന്ന ദിവസമടുക്കുംതോറും ജീവിതത്തോട് അടങ്ങാത്ത ഒരു ആസക്തി അയാളിൽ ഉടലെടുത്തിരുന്നു എന്നതാണ് വാസ്തവം. ഭൂതകാലത്തെ മായ്ച്ചു കളഞ്ഞ് പുതിയ കാൽപ്പാടുകൾ പതിപ്പിക്കണമെന്ന് അയാൾ അതിയായി ആഗ്രഹിച്ചു. ഇത്രയും കാലം താൻ മറ്റാരുടെയോ ജീവിതം ജീവിക്കുകയായിരുന്നു എന്നാണ് ആന്റണിക്ക് തോന്നിയത്. ആർക്കൊക്കെയോ വേണ്ടി ആരെയൊക്കെയോ വെട്ടിയും കുത്തിയും മുറിവേൽപ്പിച്ചു. ചുടുരക്തം ചീറ്റുന്ന കാഴ്ച എന്തു തരത്തിലുള്ള ആനന്ദമാണ് തനിക്ക് നൽകിയിരുന്നത്. എത്ര വ്യർത്ഥമായിരുന്നു അതെല്ലാം. എന്തിനോടായിരുന്നു ലഹരി? ഓർമയിൽ നിന്ന് മറ്റെന്തും മായ്ച്ചു കളയാം. പക്ഷേ, ജീവന് വേണ്ടി യാചിക്കുന്ന ഒരു മുഖം, അത് നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതൊരു 'പാർട്ടി’ കൊട്ടേഷനായിരുന്നു. വെട്ടിവീഴ്ത്തണമെന്നായിരുന്നു കിട്ടിയ നിർദ്ദേശം. പക്ഷേ, മനസ്സ് നിന്നിടത്ത് കൈ നിന്നില്ല. കഴുത്തിലാണ് വെട്ടേറ്റത്. കണ്മുന്നിൽ കിടന്ന് കഴുത്ത് രണ്ടായി പിളരുമ്പോഴും അയാൾ ജീവന് വേണ്ടി യാചിക്കുകയായിരുന്നു. ചോര കണ്ട് അറപ്പ് തീർന്നവനാണ്, എന്നിട്ടും ഒരു നിമിഷം, സർവ്വ ധൈര്യവും ചോർന്നു പോയി. വെട്ടു കൊണ്ട് പിടയുന്നവനെ ഓടിച്ചെന്ന് താങ്ങിയെടുത്ത് മടിത്തട്ടിലേക്ക് കിടത്തുകയായിരുന്നു. മുൻപൊരിക്കലും ആരോടും ഒരല്പം പോലും ദയ തോന്നിയിട്ടില്ല. പക്ഷേ, ഏത് അദൃശ്യശക്തിയാണ് അപ്പോൾ തന്നെ നിയന്ത്രിച്ചിരുന്നതെന്നറിയില്ല. അല്ലെങ്കിൽത്തന്നെ ആർക്കാണ് മനസ്സിന്റെ സഞ്ചാരങ്ങളെ നിയന്ത്രിക്കാനാവുക. മനസ്സിന്റെ കടിഞ്ഞാൺ മാറ്റാരുടെയോ കൈകളിലായിരുന്നു. ഓരോ നേരത്തും ഓരോ തോന്നലുകൾക്കനുസരിച്ചായിരുന്നു ജീവിതം മുന്നോട്ട് തള്ളി നീക്കിയത്. മടിത്തട്ടിലേക്ക് കിടത്തുമ്പോൾ കഴുത്തിലെ പിളർപ്പിലൂടെ രക്തം ചീറ്റുകയായിരുന്നു. ദയ യാചിക്കുന്ന കണ്ണുകൾ. ജീവന്റെ അവസാനത്തെ പിടച്ചിലിനുമൊടുവിൽ തുറന്നു തന്നെയിരിക്കുകയായിരുന്നു അവ. അതിപ്പോഴും വേട്ടയാടുന്നു. ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും മുകളിൽ നിന്ന് രക്തത്തിൽ കുളിച്ച രണ്ട് കണ്ണുകൾ തന്റെ ദേഹത്തേക്ക് അറ്റു വീഴുന്നതായി തോന്നുന്നു. ഞൊടിയിടയിൽ സ്ഥലകാല ബോധം വീണ്ടെടുത്തു. ഓടിരക്ഷപ്പെടണമെന്ന് തോന്നിയില്ല. ഒരു മനുഷ്യജീവനെ മരണത്തിന് വിട്ടു കൊടുത്ത് നിസ്സഹായനായി നോക്കി നിന്നു. മുൻപെല്ലായ്പ്പോഴും 'പാർട്ടിയുടെ’ ദൗത്യങ്ങളെല്ലാം യാതൊരു പാകപ്പിഴവുകളുമില്ലാതെ പൂർത്തീകരിച്ചിട്ടുണ്ട്. പലപ്പോഴും പാർട്ടി തന്നെ രക്ഷകനായിട്ടുമുണ്ട്. ഇത് പക്ഷേ കൊലപാതകമാണ്. 'പാർട്ടിക്ക്’ മുഖം രക്ഷിച്ചേ മതിയാവൂ. പിടിക്കപ്പെടുമെന്നുറപ്പായിരുന്നു. കോടതിയിൽ നിന്ന് ജയിലിലേക്കുള്ള യാത്രയിൽ ജീപ്പിലിരിക്കുമ്പോൾ ആദ്യമായിട്ടായിരുന്നു അത്തരമൊരു ചിന്ത മനസ്സിലേക്ക് വന്നത് - അയാളുടെ വീട്ടുകാരെ കുറിച്ച്. ഒരു മധ്യവയസ്കനായിരുന്നു. പേരെന്തെന്നോ നാടേതെന്നോ അറിയില്ല. അടയാളങ്ങളെല്ലാം കൃത്യമായിരുന്നു. കാത്തിരിക്കാൻ അയാൾക്കൊരു ഭാര്യയുണ്ടാകും. മാതാപിതാക്കൾ ഉണ്ടാകും. ചിലപ്പോൾ കൗമാരത്തിലേക്ക് കടന്ന ഒരു പെൺകുട്ടിയുടെ അച്ഛനായിരിക്കാം. അല്ലെങ്കിൽ ഒരു മകനുണ്ടായിരുന്നിരിക്കും. അവരുടെയെല്ലാം പ്രതീക്ഷകളെയാണ് വെട്ടിവീഴ്ത്തിയത്. സഹജീവികൾ, ആരുമാകട്ടെ, അവരുടെയെല്ലാം ജീവനെടുക്കാൻ, അതെന്തിനു വേണ്ടിയാണെങ്കിലും, ഏത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെങ്കിലും ശരി, കേവലം മനുഷ്യനെന്താണ് അധികാരം. അജ്ഞാതരായ ഒരു കൂട്ടം മനുഷ്യരുടെ നിലവിളി ആന്റണിയുടെ കാതുകളിൽ വന്നലച്ചുകൊണ്ടിരുന്നു. അയാൾ ജീപ്പിലിരുന്ന് അസ്വസ്ഥനായി. അത്തരമൊരനുഭവം ആദ്യമായി നേരിടുകയായിരുന്നു. മാനസികമായി ഏറെ തളർന്നു പോയൊരവസ്ഥയിലാണ് അയാൾ സെൻട്രൽ ജയിലിൽ എത്തുന്നത്. ലിവർ ആന്റണിയെന്ന പേരിന് ഒട്ടും ചേരാത്ത വിധം ഒരു മനുഷ്യൻ - ജയിൽ സൂപ്രണ്ടും വാർഡനും മറ്റു പോലീസുകാരും ആന്റണിയെ തെല്ലതിശയത്തോടെയാണ് നിരീക്ഷിച്ചത്. ഒരു വിചിത്ര മനുഷ്യൻ. എപ്പോഴും ചിന്തകളിൽ മുഴുകി, ഭാവിയിലോ ഭൂതത്തിലോ വാർത്തമാനത്തിലോ അല്ലാതെ മറ്റേതോ കാലത്തിലായിരുന്നു അയാൾ. ഇടയ്ക്കിടെ ഓർമയിലേക്ക് തന്റെ മകന്റെ മുഖം തെളിഞ്ഞു വന്നു. ഒന്നരവയസ്സ് പോലും തികയാത്ത സോളമൻ, അവനെ മാറോടു ചേർത്തുപിടിച്ച് മരവിച്ചു നിൽക്കുന്ന ഗ്രേസി. അവരുടെ സുരക്ഷിതത്വം, കണ്മുന്നിലെ അനാഥമായ ജീവിതത്തിന്റെ വരണ്ടുണങ്ങിയ വഴികൾ. പൊടുന്നനെ അയാളുടെ ഹൃദയം വിങ്ങി. താൻ തിരഞ്ഞെടുത്ത വഴികൾ അത്രയും തിരിച്ചു താണ്ടി മറ്റൊരു വഴിയിലൂടെ, കൂടുതൽ വെളിച്ചമുള്ള മറ്റൊരു വഴിയിലൂടെ നടന്നു തുടങ്ങാനായിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. ജീവിതത്തിനുണ്ടാകുമോ ഇനിയൊരു രണ്ടാമൂഴം.
"ഒരു പക്ഷേ അവിശ്വസനീയമെന്ന് തോന്നിയേക്കാം. ജയിലിൽ വെച്ച് സൗഹൃദങ്ങളോ എന്ന്..? ഒരർത്ഥത്തിൽ പറഞ്ഞാൽ സൗഹൃദങ്ങളുണ്ടാക്കാൻ ഏറ്റവും യോജിച്ച ഇടം ജയിലാണ്. ഞങ്ങൾ തമ്മിൽ വളരെ വേഗം അടുത്തു. അതെന്തുകൊണ്ടാണ് അങ്ങനെ എന്നു ചോദിച്ചാൽ അതിനുത്തരമില്ല. സൗഹൃദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ്? അതങ്ങനെ സംഭവിച്ചു പോവുകയല്ലേ. ചില സ്നേഹങ്ങൾക്ക് കാരണങ്ങളന്വേഷിക്കേണ്ടതില്ലല്ലോ.” അമുദ ആ ദിവസങ്ങൾ ഓർത്തെടുത്തു. "തമ്മിൽ കാണുമ്പോഴെല്ലാം ആന്റണി വളരെ സൗമ്യനായിരുന്നു എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു. പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരുത്തന്റെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത വിധം ഒരു മട്ട്. ജയിലിൽ വെച്ച് മരണപ്പെട്ട പഴയൊരു സ്വാമിയുടെ ബാധ കൂടിയതാണെന്ന് ഞങ്ങളിൽ ചിലരൊക്കെ കളി പറയാറുണ്ടായിരുന്നു. അതിൽ തെറ്റ് പറയാനാവില്ല. മരണപ്പെട്ട സ്വാമി ഒരു തട്ടിപ്പ് വീരനായിരുന്നെങ്കിലും അത്യാവശ്യം ആത്മീയ ജ്ഞാനമൊക്കെ ഉണ്ടായിരുന്ന കൂട്ടത്തിലായിരുന്നെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അത്തരമൊരു പെരുമാറ്റരീതിയും തത്വജ്ഞാനിയുടേതിനു സമമായ സംസാരവുമൊക്കെയായിരുന്നു ചില നേരത്ത് ആന്റണിയുടേത്. ഒരിക്കലെപ്പോഴോ ആന്റണി ചോദിച്ചു – ഒരാളെ കൊല്ലാൻ നേരത്തും കൊന്നു കഴിഞ്ഞപ്പോഴും അണ്ണന് എന്താണ് തോന്നിയത് എന്ന്. അതിനുത്തരം പറയാൻ ഞാൻ നന്നേ വിഷമിച്ചു. ആന്റണി എന്താണ് മനസ്സിൽ ഉദ്ദേശിച്ചു വെച്ചിട്ടുള്ളതെന്നറിയില്ലല്ലോ.
"അവന്റെ നെഞ്ചിൻകൂടിന് നേർക്ക് പിച്ചാത്തിപ്പിടി കുത്തിയിറക്കുമ്പോൾ എന്റെ അലമേലുവിന്റെ മുഖം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അവനെന്റെ അയൽവാസിയായിരുന്നെന്നോർക്കണം. അലമേലു അവനെ 'മാമാ’എന്നാണ് വിളിച്ചിരുന്നത്. ആ സ്നേഹത്തെയാണ് അവൻ ഒറ്റിയത്. ആ വിശ്വാസത്തെയാണ് അവൻ മുതലെടുത്തത്. കൊന്നുകളഞ്ഞു... ഒന്ന് നിലവിളിക്കാൻ പോലും അവസരം കൊടുക്കാതെ പിച്ചിച്ചീന്തിയിട്ടു. നിയമത്തിനു മുന്നിൽ നിന്നേ അവൻ രക്ഷപ്പെട്ടുള്ളു. അവനെ വകവരുത്തണം എന്ന ഒരൊറ്റ ചിന്തയേ എനിക്കുണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ജീവിതം മുഴുവൻ അതിനു വേണ്ടിയായിരുന്നു. ഒടുവിൽ അവസരം വന്നെത്തിയപ്പോൾ ഞാനത് കൃത്യമായി നിറവേറ്റി. പക്ഷേ, നെഞ്ച് പിളർന്ന് ചോര ചാടിയപ്പോൾ പതറിപ്പോയി. അവനെപ്പോഴും അണ്ണാ എന്നെന്നെ സ്നേഹത്തോടെ വിളിക്കുമായിരുന്നു. എന്റെ കാതുകളിൽ അണ്ണാ അണ്ണാ എന്നുള്ള ഒരായിരം പ്രതിധ്വനികൾ കേൾക്കുന്നത് പോലൊരു അനുഭവമായിരുന്നു അപ്പോൾ. കൈ കാലുകൾ വിറച്ചു. എന്തിനെന്നറിയാത്ത ഒരു ശൂന്യത എന്നെ ആവേശിച്ചു. ഇപ്പോഴും ആത്മാവിൽ ഞാൻ ആ ശൂന്യത അനുഭവിക്കുന്നുണ്ട്. ജീവന്റെ ഊഷ്മളത ശരീരം വിട്ടുപോയത് പോലെ, മരവിപ്പെന്നാണോ അതിനെ വിളിക്കേണ്ടത്. അറിയില്ല... ഏത് ലക്ഷ്യത്തിനു വേണ്ടിയാണോ ജീവിച്ചത്, ആ ലക്ഷ്യം നിറവേറി കഴിഞ്ഞപ്പോൾ അതിന്റെ ആത്മസംതൃപ്തി അനുഭവിക്കാൻ കഴിയാത്ത വിധം ഒരു നിരാശ ജീവിതത്തെ പിടിമുറുക്കുകയാണുണ്ടായത്. പകയും പ്രതികാരവും എന്താണ് നമുക്ക് തിരിച്ചു നൽകുന്നതെന്ന് ചോദിച്ചാൽ, നിരർത്ഥകത എന്നേ ഞാൻ പറയൂ. പക്ഷേ എന്റെ അലമേലുവിനെ സംബന്ധിച്ച് അവളുടെയീ അച്ഛൻ ചെയ്തതാണ് ശരി. അത് മാത്രമാണ് ശരി. അത്രയെങ്കിലും ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ പിന്നെ എന്തൊരച്ഛനാണ്. അല്ലേ? അപ്പോൾ സ്വഭാവികമായും ഒരു ചോദ്യമുണ്ടാകാം, ഒരാൾക്ക്, മറ്റൊരാളുടെ ജീവനെടുക്കാമോ എന്ന്. അതിനെങ്ങനെയാണ് ഉത്തരം പറയുക. വേണമെങ്കിൽ ഒരു മറുചോദ്യമാവാം. അലമേലുവിന്റെ ജീവിതം തട്ടിപ്പറിച്ചെടുക്കാൻ അവന് കഴിഞ്ഞെങ്കിൽ പിന്നെ എനിക്കായാലെന്ത്? എങ്കിൽ പകരത്തിനു പകരം മറ്റൊരു ജീവനെടുക്കുന്നത് ശരിയാണോ... ഇതിനൊന്നും ഇപ്പോഴും എനിക്കുത്തരമറിയില്ല. ഇപ്പോൾ അതാലോചിക്കുമ്പോൾ ഒരു നിർവികാരതയാണ് അനുഭവപ്പെടുന്നത്... മറ്റൊരർത്ഥത്തിൽ ഇത് മനുഷ്യന്റെ ഗതികേടു കൂടിയാണ്.”
വൃദ്ധൻ വിഷയത്തിൽ നിന്ന് വ്യതിചലിക്കുകയാണോ എന്നൊരാശങ്ക സോളമൻറെ മനസ്സിലുണ്ടായിരുന്നു. കഥപറച്ചിൽ തടസ്സപ്പെടുത്തി മുഷിപ്പിക്കുന്നത് ശരിയല്ലല്ലോ എന്നത്കൊണ്ട് മാത്രം അയാൾ ക്ഷമയോടെ വൃദ്ധനെ കേട്ടു കൊണ്ടിരുന്നു. "അന്നീ കഥയൊക്കെ കേട്ടിട്ട് ആന്റണി എന്റെ കൈവിരലുകളിൽ മുറുകെ പിടിക്കുകയാണ് ചെയ്തത്. എന്തായിരുന്നു അയാളുടെ മനോനില എന്നോ വിചാരങ്ങളെന്നോ ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല.”
കഥ പറച്ചിലിന് പശ്ചാത്തല സംഗീതമൊരുക്കി മഴ വീണ്ടും പെയ്തുതുടങ്ങിയിരുന്നു. കാറ്റിൽ ഇളകിമറിയുന്ന വൃക്ഷത്തലപ്പുകൾ ടൈൽ ഫാക്ടറിയുടെ പുകക്കുഴലിനെ ഇടയ്ക്കിടെ കാഴ്ചയിൽ നിന്ന് മറച്ചു കൊണ്ടിരുന്നു. എന്തു കൊണ്ടോ അത് സോളമനെ അസ്വസ്ഥനാക്കി.
"ഒരു ചായയാവാം അല്ലേ..?” അമുദ ചോദിച്ചു. വേണമെന്നോ വേണ്ടെന്നോ സോളമൻ അതിന് മറുപടി പറഞ്ഞില്ല. അപ്പനെവിടെയുണ്ടെന്നതിനെ കുറിച്ചുള്ള ഒരു സൂചനയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു അയാൾ. മറ്റൊന്നും അപ്പോൾ അയാൾക്കാവശ്യമില്ലായിരുന്നു. എങ്കിലും വൃദ്ധനെ നിരുത്സാഹപ്പെടുത്താൻ സോളമന് മനസ്സ് വന്നില്ല. ഒരു പക്ഷേ, ഈ തണുപ്പിൽ ഒരു ചൂട് ചായ അയാൾ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. അമുദ, വീടിനകത്തേക്ക് സോളമനെ കൂട്ടിക്കൊണ്ടുപോയി. വീടിനകം നിറയെ അലമേലുവിന്റെ ചിത്രങ്ങളായിരുന്നു, ഫ്രെയിം ചെയ്ത് ഭിത്തിയിൽ പതിപ്പിച്ചവ. പല കാലങ്ങളിലെ പല ഭാവങ്ങളിലുള്ള അലമേലു. ആ മുറി കടന്നു പോകുമ്പോൾ അമുദ പറഞ്ഞു – "ഇതൊക്കെ ഈയടുത്താണ് ഭിത്തിയിൽ പതിപ്പിച്ചത്. അലമേലുവിന്റെ വളർച്ചയുടെ ഓരോരോ ഘട്ടങ്ങൾ.”
വികാരങ്ങളുടെ കുത്തൊഴുക്കില്ലാതെ ശാന്തവും ഒതുങ്ങിയതുമായിരുന്നു അമുദയുടെ ശബ്ദം. ജീവിതത്തെ അയാൾ ഏറെക്കുറെ മെരുക്കിയെടുത്തത് പോലെ, അതിജീവിച്ചത് പോലെ. ചെറിയൊരു അടുക്കളയായിരുന്നു. ഒരാൾക്ക് കഴിഞ്ഞു കൂടാൻ മാത്രം വേണ്ടുന്ന വളരെ കുറച്ച് സാധനങ്ങളുള്ള ഒരടുക്കള.
"അലമേലുവിന്റെ അമ്മ?” തീർത്തും ഔപചാരികമായിരുന്നു സോളമന്റെ ചോദ്യം.
"ഓഹ്... അവൾ പണ്ടേ ഞങ്ങളെ തനിച്ചാക്കി പോയിരുന്നല്ലോ.” കടുപ്പം കുറഞ്ഞ കട്ടൻ ചായയിലേക്ക് ചെറുനാരങ്ങ നീര് പിഴിഞ്ഞൊഴിക്കുന്നതിനിടയിൽ അമുദ പറഞ്ഞു. മഴയിൽ ചൂടുള്ള ചായ കുടിക്കാൻ ഒരു പ്രത്യേക സുഖമുണ്ടായിരുന്നു. അടുക്കളയിൽ ഒരു വശത്തോട് ചേർത്തിട്ടിരുന്ന മേശയ്ക്ക് ഇരുവശത്തായി മരത്തടിയിൽ തീർത്ത സ്റ്റൂളിൽ അവർ മുഖാമുഖം ഇരുന്നു.
"സത്യം പറഞ്ഞാൽ ജയിൽ ശിക്ഷയിൽ നിന്ന് ഒരു മോചനം ഞാൻ ആഗ്രഹിച്ചിരുന്നില്ല. പുറത്തിറങ്ങിയിട്ട് എന്താണ് കാര്യം? കാത്തിരിക്കാൻ ആരാണുള്ളത്. എങ്കിലും പുറത്തിറങ്ങാതെ മറ്റു വഴിയില്ലല്ലോ.” അമുദ കഥ തുടർന്നു. സോളമന്റെ മനസ്സിലപ്പോൾ അപ്പനില്ലായ്മയുടെ ഓർമ്മകളായിരുന്നു.അപ്പൻ മടങ്ങി വരുന്നത് കാത്തിരുന്നിരുന്നോ അമ്മച്ചിയും താനും? ഇല്ല... ഒരിക്കലുമില്ല. അമ്മച്ചിയുടെ കാര്യമെന്തെന്നറിയില്ല, പക്ഷേ താൻ ഒരിക്കലും അപ്പന് വേണ്ടി ദിവസങ്ങളെണ്ണി കാത്തിരുന്നിട്ടില്ല, അപ്പനില്ലായ്മയെയാണ് സ്നേഹിച്ചത്. വെറുപ്പായിരുന്നു. കഠിനമായ വെറുപ്പ്.
"എന്നാൽ നേരെ മറിച്ചായിരുന്നു ആന്റണിയുടെ കാര്യം. അയാൾ ശിക്ഷാകാലാവധി തീരുന്നത് ക്ഷമയോടെ കാത്തിരിക്കുന്നതായാണ് എനിക്ക് തോന്നിയത്. പുറത്തെ ജീവിതത്തോട് ഒരാർത്തിയുള്ളത് പോലെ! ഞാൻ ജയിലിൽ നിന്നിറങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ ആന്റണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അന്നത്തെ ആന്റണിയുടെ മുഖം ഇപ്പോഴും എന്റെ കണ്ണിൽ നിന്നു മാഞ്ഞു പോയിട്ടില്ല. നീണ്ട വർഷങ്ങൾ അയാൾക്ക് മുന്നിൽ ബാക്കി കിടക്കുകയാണ്. വീണ്ടും കാണാമെന്നു യാത്ര പറഞ്ഞു പോകേണ്ടുന്ന ഒരിടമല്ലല്ലോ ജയിൽ. ജയിലിൽ നിന്നിറങ്ങിയതിനു ശേഷം നേരിൽ കാണാമെന്നു പറഞ്ഞാണ് പിരിഞ്ഞത്. പക്ഷേ ഒന്നുണ്ടായി. അന്ന് യാത്ര പറഞ്ഞു പിരിയുമ്പോൾ ആന്റണി വീട്ടിലെ വിലാസം എനിക്ക് പറഞ്ഞു തന്നു. പറഞ്ഞു തരികയായിരുന്നില്ല, മനപാഠമാകുന്നത് വരെ പറഞ്ഞു പഠിപ്പിച്ചു എന്നുള്ളതാണ് ശരി. പുറത്തിറങ്ങിയാൽ, തനിക്ക് വേണ്ടി, ഒരു കത്തെഴുതി വീട്ടിലേക്ക് അയക്കണമെന്ന് അപേക്ഷിക്കുന്ന മട്ടിലാണ് ആന്റണി പറഞ്ഞത്. അതിന്റെ യുക്തി എനിക്കൊട്ടും മനസ്സിലായില്ല. ആന്റണിക്ക് വേണ്ടി, അല്ലെങ്കിൽ ആന്റണിക്ക് പകരക്കാരനായി ഞാൻ ഒരു കത്തെഴുതിയിട്ടെന്താണ്..? എന്നിട്ടും ആ അപേക്ഷ നിരസിക്കാൻ എനിക്കായില്ല. ആ കത്ത്, ഗ്രേസിയുടെ പേരിൽ അങ്ങനെയാണ് ഞാൻ എഴുതി അയക്കുന്നത്. കുറ്റബോധം കൊണ്ടോ അപകർഷതകൊണ്ടോ എന്നറിയില്ല. ഒരു പക്ഷേ ഭാര്യയും മകനും തന്നെ, മനസ്സിന്റെ പടിവാതിലിനപ്പുറം ഉപേക്ഷിച്ചിരിക്കുമോ എന്ന ചിന്ത അയാൾക്കുണ്ടായിരുന്നിരിക്കണം. എന്തോ, ആ കത്തിനു മറുപടി കിട്ടിയതുമില്ല, പിന്നീട് അതേക്കുറിച്ച് ചിന്തിച്ചതുമില്ല. പോകപ്പോകെ ആന്റണിയും എന്നെ മറന്നു കാണുമെന്നാണ് കരുതിയത്. എന്നാൽ ആ ധാരണ തെറ്റായിരുന്നു. വർഷങ്ങൾക്ക് ശേഷം, ഒരിക്കൽ കൂടി, കൃത്യമായി പറഞ്ഞാൽ 2001ൽ ഒരു മഴക്കാലത്ത്, ജൂൺ മാസമാണത്, ആന്റണിയെ ഞാൻ കണ്ടു... തേടിപ്പിടിച്ച് ഇവിടേക്ക് ഇതുപോലെ വരികയായിരുന്നു. അവസാനത്തെ കൂടിക്കാഴ്ച അതായിരുന്നു. പത്തിരുപത് വർഷമായെങ്കിലും ആ തീയതി മറക്കാതിരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഒരു വലിയ ദുരന്തത്തിന്റെ ഓർമയാണത്.”
കഥ ഉദ്വേഗത്തിന്റെ വലിയൊരു മുനമ്പിൽ കൊണ്ട് നിർത്തി അമുദ ഒരു ദീർഘശ്വാസമെടുത്തു. എന്നിട്ട് ചോദിച്ചു.- "കുട്ടിയെന്നാണ് അപ്പനെ അവസാനമായി കണ്ടത്?”
2001 ജൂൺ. അപ്പൻ ജയിൽ മോചിതനായതും ഏകദേശം അതേ ദിവസങ്ങളിലാണ്. മഴയിൽ നനഞ്ഞ് കുതിർന്ന് വീട്ടിലേക്ക് കയറി വരികയായിരുന്നു ആന്റണി. സോളമൻ ആ ദിവസമോർക്കുന്നു .അന്ന് തന്നെയാണ് അയാൾ അപ്പനെ അവസാനമായി കാണുന്നതും. ആ ദിവസം വീട്ടിൽ നിന്നിറങ്ങിപ്പോയ അപ്പൻ, അപ്പോൾ നേരെ അമുദയുടെ അടുത്തേക്കാണ് പോയിരിക്കുക. പിന്നീടെന്തുണ്ടായി. അവസാനമായി അപ്പനും അമുദയും തമ്മിൽ എന്താണ് സംസാരിച്ചത്. അപ്പനിലേക്കെത്താനുള്ള ഒരു സൂചനയെങ്കിലും ആ സംസാരത്തിൽ നിന്നും കിട്ടാതിരിക്കില്ല.
"ജനറൽ ആശുപത്രിയുടെ വരാന്തയിൽ എനിമ കൊടുത്ത് കിടത്തിയപ്പോഴും അമ്മച്ചി എന്നെ ശപിച്ചു കൊണ്ടിരിക്കുകയായിരുന്നു.” സോളമൻ കഥയുടെ വിട്ടഭാഗം പൂരിപ്പിക്കുകയാണ്. "അപ്പൻ വീട് വിട്ടിറങ്ങിപ്പോയത് ഞാൻ കാരണമാണെന്നായിരുന്നു അമ്മച്ചിയുടെ കുറ്റപ്പെടുത്തൽ.”
'നിന്റെ വാക്ക് കേട്ടിട്ട്, മരിക്കാൻ കിടക്കുമ്പോ പോലും എനിക്കെന്റെ കെട്ട്യോനെ ഒന്ന് കാണാൻ പറ്റിയില്ലല്ലോടാ നായിന്റെ മോനെ’ എന്ന് വിലപിച്ചു കൊണ്ടാണ് ഗ്രേസി കണ്ണടച്ചത്. മരണം തന്നിലേക്ക് നടന്നടുക്കുന്നത് അവർ തിരിച്ചറിഞ്ഞിരുന്നിരിക്കണം. ജീവിതത്തോടുള്ള അവരുടെ പ്രതിഷേധം ശാപവാക്കുകളായി ഒടുങ്ങുകയായിരുന്നു. എങ്കിലും അതിലെ വൈരുദ്ധ്യാത്മകത സോളമന് എളുപ്പം ദഹിക്കാവുന്നതായിരുന്നില്ല. "ആയുസിന്റെ ഏറിയപങ്കും അപ്പനെ വെറുത്തുകൊണ്ട് ജീവിച്ച അമ്മച്ചിയാണ് ഒടുവിൽ അപ്പനെ കാണാതെ വിലപിച്ചുകൊണ്ട് ഭൂമി വിട്ടു പോയത്. എത്ര വിചിത്രമാണ് മനുഷ്യമനസ്സ്. പക്ഷേ, അമ്മച്ചിയുടെ വാക്കുകളിൽ സത്യമില്ലാതാകുന്നുമില്ല. പൂർണമായും ശരിയാണെന്നും പറയാൻ വയ്യ. അന്നാ വിധം പെരുമാറിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ അപ്പൻ വീട് വീട്ടിറങ്ങി പോകില്ലായിരുന്നു.”
തിരശ്ശീല നീക്കി പുറത്ത് വന്ന ആ ദിവസത്തെ കുറിച്ചുള്ള ഓർമകളിൽ സോളമന് പൊള്ളലേറ്റു. അമുദയുടെ കണ്ണുകളിൽ ദൈന്യം നിറഞ്ഞു നിന്നു. ജയിലിൽ നിന്നിറങ്ങിയ ആന്റണിയെ വീടിനകത്തേക്ക് കയറ്റാതെ തടഞ്ഞു നിർത്തുകയായിരുന്നു സോളമൻ. ആന്റണി അത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം കരുതാൻ. അയാളുടെ മുഖത്ത് വിരിഞ്ഞ അങ്കലാപ്പ് അതിന്റെ ലക്ഷണമായിരുന്നു. ജയിലിലേക്ക് പോകുമ്പോൾ ഗ്രേസിയുടെ മാറിൽ പറ്റി ചേർന്നിരുന്ന തന്റെ മകനാണ് കണ്മുന്നിലുള്ളതെന്ന് ആന്റണിക്ക് വിശ്വസിക്കാനായില്ല.
"നിങ്ങൾ ഈ വീടിനകത്തേക്ക് കയറരുതെന്നാണ് ഞാനന്ന് അപ്പനോട് പറഞ്ഞത്. തോന്നിയത് പോലെ ജീവിച്ച്, ആർക്കൊക്കെയോ വേണ്ടി വെട്ടിയും കുത്തിയും കൊന്നും നടന്ന് ഒടുവിൽ ജയിലിൽ പോകുമ്പോൾ ഞങ്ങളെങ്ങനെ ജീവിക്കുമെന്ന് അപ്പൻ ഓർത്തിരുന്നോ? ഇല്ല..! ഒരു കൊലപാതകിയുടെ കുടുംബത്തെ സമൂഹം എങ്ങനെ നോക്കിക്കാണുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുന്നുണ്ടോ?” സോളമൻ അമുദയോട് ചോദിച്ചു. തണുത്തതും മൂർച്ചയുള്ളതുമായിരുന്നു ആ ചോദ്യം.
"വീട്ടിൽ കയറി നിരങ്ങാത്തവരില്ല. പരിഹാസവും അപമാനവും പുറത്ത് പറയാൻ കൊള്ളാത്ത പലതും സഹിച്ചു. ഒക്കെ തന്നിട്ട് പോയത് അപ്പനൊരാളായിരുന്നു. അത്രയും കാലം അങ്ങനെയൊക്കെ ജീവിക്കാമെങ്കിൽ തുടർന്നും അങ്ങനെത്തന്നെ മതി എന്നായിരുന്നു.” ഒന്ന് നിർത്തി പതറിയ ശബ്ദത്തിൽ സോളമൻ തുടർന്നു – "ഞാൻ അപ്പനെ തള്ളിയിട്ടു.” സാന്ദ്രമായ മൗനം അമുദയ്ക്കും സോളമനുമിടയിൽ ചൂഴ്ന്നു നിന്നു. "ഇപ്പോൾ അതാലോചിക്കുമ്പോൾ കുറ്റബോധം തോന്നുന്നുണ്ട്. എങ്കിലും അപ്പനിറങ്ങി പോകുമെന്ന് കരുതിയല്ല അങ്ങനെ പറഞ്ഞത്. ആത്മസംഘർഷങ്ങൾ കടുത്ത വാക്കുകളായി പുറത്ത് വരികയായിരുന്നു. അതിന് അധികനേരം ആയുസ്സുമുണ്ടായിരുന്നില്ല. അമ്മച്ചിയപ്പോൾ തടുത്തതുമില്ല. തനിക്ക് ചോദിക്കാനുള്ളത് കൂടിയാണ് മകന്റെ ശബ്ദമായി പുറത്ത് വരുന്നതെന്ന മട്ടായിരുന്നു അമ്മച്ചിക്ക്. അവർ ആത്മാവുകൊണ്ടും ശരീരം കൊണ്ടും നരകിക്കുകയായിരുന്നു. അപ്പൻ മറുത്ത് എന്തെങ്കിലും പറയുമെന്നായിരുന്നു കരുതിയിരുന്നത്. അതുണ്ടായില്ല. അസാധാരണമായ ഒരു ശാന്തതയും മൗനവുമായിരുന്നു അപ്പനിൽ അപ്പോൾ കണ്ടത്. തിരിഞ്ഞു നോക്കാതെ അപ്പൻ പടിയിറങ്ങി പോവുകയായിരുന്നു. എവിടേക്ക് പോകാനാണ്. പോകാൻ മറ്റൊരിടമോ പറയാൻ പേരിനു സൗഹൃദങ്ങളോ ഇല്ലാത്ത ഒരു മനുഷ്യൻ എവിടം വരെ പോകും. അങ്ങനെയാണ് അപ്പോൾ ചിന്തിച്ചത്. മണിക്കൂറുകൾ, ദിവസങ്ങളായി. ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി. മാസങ്ങൾ വർഷങ്ങളായി. അപ്പൻ മടങ്ങി വന്നില്ല.”
സോളമന്റെ ശബ്ദം ഇടർച്ചയോട് അടുത്തിരുന്നു.
"മരിക്കും വരെ അമ്മച്ചി എന്നെ ശപിച്ചു കൊണ്ടിരുന്നു. ഒന്നോർത്താൽ അമ്മച്ചിയുടെ ശാപവാക്കുകളിൽ കെട്ടിപ്പടുത്ത ജീവിതമാണ് എന്റേത്. അപ്പനെ കാണാനില്ലെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പരിഹാസവും അവഗണനയുമായിരുന്നു മറുപടി. താല്പര്യമില്ലാത്ത മട്ടിലായിരുന്നു അവരുടെ സമീപനം. അമ്മച്ചിയോടൊപ്പമായിരുന്നു അന്ന് പരാതി കൊടുക്കാൻ പോയത്. നിനക്ക് എന്തിനാടീ അവനെപ്പോലൊരു ഭർത്താവ്, നീയൊന്ന് മനസ്സ് വെച്ചാൽ മതി. ജീവിതം പിന്നെ സ്വർഗ്ഗമാണ് എന്നാണ് യൂണിഫോമിട്ട ഒരുത്തൻ പറഞ്ഞത്. പിന്നെ അവിടെയിരിക്കാൻ മനസ്സ് വന്നില്ല. ഞങ്ങൾ അന്വേഷിക്കാ, പക്ഷേ കണ്ടു കിട്ടാൻ വകയില്ല, ആരുടെയെങ്കിലുമൊക്കെ പിച്ചാത്തി പിടിക്ക് തീരേണ്ടവനാടി അവൻ എന്നാണ് പോലീസുകാര് പറഞ്ഞത്. പിന്നീട് അന്വേഷണങ്ങൾ ഒന്നും ഉണ്ടായതായി അറിവില്ല. അതേകദേശം ഉറപ്പായിരുന്നു. അറിയാവുന്നിടത്തൊക്കെ തിരക്കി. ഒരു വിവരവും എവിടെ നിന്നും കിട്ടിയില്ല. പിന്നെ പിന്നെ അന്വേഷണം, ഒരിക്കലും എവിടെയും എത്തിച്ചേരാത്ത ഈ അന്വേഷണം ജീവിതത്തിന്റെ ഒരു ഭാഗമായി. അതോർമിപ്പിക്കാൻ എന്നവണ്ണം അമ്മച്ചിയുടെ ശാപവാക്കുകളും..!”
സോളമൻ ചൂടാറിയ ചായ ഒറ്റ വലിയിൽ കുടിച്ചു തീർത്തു. "ഇപ്പോഴും അപ്പനോട് സ്നേഹമുണ്ടായിട്ടല്ല. അമ്മച്ചിയോടുള്ള കടം വീട്ടണം. അപ്പനെ കണ്ടെത്തി അമ്മച്ചിയുടെ കുഴിമാടത്തിനു മുന്നിൽ കൊണ്ട് നിർത്തണം. എങ്കിലേ മനസ്സമാധാനമുണ്ടാകൂ, അമ്മച്ചിയുടെ വിലാപങ്ങൾ എന്നെ വിട്ടു പോകൂ.”
അവർ അടുക്കളയിൽ നിന്നും വീണ്ടും പഴയ സ്ഥാനത്തേക്ക് തിരിച്ചു വന്നു. യഥാസ്ഥാനങ്ങളിൽ ഇരിപ്പു തുടർന്നു. അൽപനേരം ഇരുവരും നിശബ്ദരായിരുന്നു.
മഴയ്ക്ക് തോർച്ചയുണ്ടായിരുന്നു.
അമുദ ഓർമകളിലൂടെയുള്ള സഞ്ചാരം തുടർന്നു. "നല്ല മഴയുള്ള ദിവസമായിരുന്നു. അപ്രതീക്ഷിതമായി ആന്റണി കയറി വരികയായിരുന്നു. പ്രതീക്ഷിച്ചത് പോലെ ഒരു ആഹ്ലാദമൊന്നും മുഖത്തുണ്ടായിരുന്നില്ല. ശവത്തിന്റേത് പോലൊരു തണുപ്പ്, അത് ശവത്തിന്റേത് പോലൊരു തണുപ്പായിരുന്നു ആന്റണിയുടെ ദേഹം മുഴുവൻ. എന്നെ ഇവിടെയിരുത്തി ആന്റണി തന്നെ അന്ന് അടുക്കളയിലൊക്കെ കയറി ഭക്ഷണം പാകം ചെയ്തു. അലമേലുവിന്റെ മുറിയിൽ ഒത്തിരി നേരം ചെന്നിരുന്നു. ഞാൻ അവളുടെ പഴയ ഫോട്ടോകളെല്ലാം കാണിച്ചു കൊടുത്തു. പിന്നെ ഏറെ നേരം തൊടിയിലൊക്കെ നടന്നു. പഴയത് പോലെ സംസാരമൊന്നും ഉണ്ടായില്ല. ചോദിച്ചതത്രയും അലമേലുവിനെ കുറിച്ചാണ്. കുറേ നേരം അങ്ങനെ ഇരുന്ന് ഒടുവിൽ ചോദിച്ചു - തെക്കോട്ടെപ്പോഴാണ് അണ്ണാ ഇനി വണ്ടിയുള്ളത് എന്ന്. മറുപടി ശ്രദ്ധിച്ചുവെന്ന് തോന്നിയില്ല. ഉന്മേഷമില്ലാത്ത വിധം ഒന്ന് മൂളി. പിന്നെ യാത്ര പറഞ്ഞു. എവിടേക്കെന്ന് ചോദിച്ചില്ല. വീട്ടിലേക്ക് തന്നെയായിരിക്കണമല്ലോ. മറ്റെവിടെ പോകാനാണ്.”
വൃദ്ധൻ കഥ പറഞ്ഞവസാനിപ്പിക്കുകയാണോ. ഇനിയുമെന്തോ കേൾക്കാനുണ്ടെന്ന മട്ടിൽ സോളമൻ അൽപനേരം കാത്തു. അതുണ്ടായില്ല. "പിന്നീട് ആന്റണി എവിടെക്കാണ് പോയത്?" തന്നോട് തന്നെയെന്ന മട്ടിൽ അമുദ ചോദിച്ചു. പിന്നെ ചാരുകസേരയിലേക്ക് ചാഞ്ഞ് മുഖം അലമേലുവിന്റെ കുഴിമാടത്തിനു നേരെ തിരിച്ചു. സോളമന്റെ മുഖത്ത് നിരാശ പടർന്നു തുടങ്ങിയിരുന്നു. അപ്പനിലേക്ക് ഒരു വഴി തെളിഞ്ഞു കിട്ടുമെന്നാണ് അല്പം മുൻപ് വരെയും തന്നിലുണ്ടായ പ്രതീക്ഷ. അതറ്റു പോയിരിക്കുന്നു. ഇരുട്ട് മൂടിയ ഒരു വലിയ തുരങ്കത്തിനു മുന്നിൽ തന്റെ യാത്ര അവസാനിച്ചിരിക്കുന്നു എന്നാണ് അയാൾക്ക് തോന്നിയത്. ഇനിയെങ്ങോട്ടാണ് പോവുക. ഇനിയാരെയാണ് കാണുക. ഉത്തരമില്ല. കൂടുതൽ സമയം അവിടെ ചെലവഴിക്കുന്നതിൽ അർത്ഥമില്ലെന്ന് സോളമന് തോന്നി. തന്റെ അന്വേഷണം എവിടെയുമെത്താതെ അവസാനിച്ചുവല്ലോ എന്ന നിരാശ സോളമനെ തളർത്തിയിരുന്നു. എങ്കിലും വൃദ്ധൻ നേരത്തെ സൂചിപ്പിച്ച ആ ദുരന്തം, അതെന്താണ് എന്നറിയാൻ സോളമന് ജിജ്ഞാസയുണ്ടായിരുന്നു. യാത്ര പറഞ്ഞിറങ്ങാൻ നേരം, ഏറെ നേരത്തെ മൗനമുടച്ച് ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നിട്ടെന്ന പോലെ അമുദ പറഞ്ഞു -
"അന്നായിരുന്നു കടലുണ്ടി തീവണ്ടിയപകടം!”
ഒരു നിമിഷം, സോളമനെ അത് കൂടുതൽ ആശങ്കകളിലേക്ക് തള്ളിയിട്ടു എന്ന് പറയുന്നതാവും ശരി. ഇനി അപ്പൻ ആ തീവണ്ടിയപകടത്തിൽ പെട്ടു എന്നാകുമോ. അമുദയുടെ മുഖത്തും ഒരു നടുക്കം പ്രകടമായി കാണാമായിരുന്നു. മനസ്സ് വായിച്ചിട്ടെന്ന പോലെ അമുദ പറഞ്ഞു – "അങ്ങനെ സംഭവിക്കാൻ തരമില്ല. വൈകുന്നേരത്തെ ചെന്നൈ മെയിൽ ആണ് അപകടത്തിൽ പെട്ടതെന്നാണ് ഓർമ്മ. അതേ... അത് തന്നെ. എന്റെ ഓർമകൾ പിഴക്കാറില്ല. ആന്റണി അതിന് മുൻപേ വണ്ടി കയറിയിരുന്നിരിക്കണം. ഇവിടുന്നിറങ്ങിയ സമയം വെച്ചു നോക്കുമ്പോൾ അങ്ങനെയാവാനേ തരമുള്ളൂ.”
പൊടുന്നനെ എല്ലാ പ്രതീക്ഷകളും അറ്റു പോകുന്നതിനേക്കാൾ നല്ലതല്ലേ ഇനിയും സാധ്യതകൾ ബാക്കിയുണ്ടെന്നുള്ള തോന്നലുണ്ടാകുന്നത്. സോളമനെ ആശ്വസിപ്പിച്ചെങ്കിലും അയാൾ യാത്ര പറഞ്ഞു പോയതിനു ശേഷവും അങ്ങനെയൊരു അപകടത്തിന്റെ സാധ്യത ഒരു നിഴൽ പോലെ അമുദയുടെ മനസ്സിൽ തങ്ങി നിന്നു. ആന്റണി ജീവിച്ചിരിപ്പുണ്ടാകില്ലേ..??
മഴയിൽ വഴിയുടെ ഇരുവശത്തും പച്ചപ്പ് പടർന്നിരുന്നു. പച്ചയുടെ ഒരു സമുദ്രം തനിച്ചു താണ്ടുന്നതായി ആന്റണിക്ക് തോന്നി. ഏകനായ ഒരു തോണിക്കാരനെപ്പോലെ താനിപ്പോൾ ഒരു സമുദ്രത്തിലൂടെ സഞ്ചരിക്കുകയാണ്. അതിന്റെ അലകളിൽ ഉലഞ്ഞ്, ഉയർന്നും താഴ്ന്നും ലക്ഷ്യമില്ലാതെ മുന്നോട്ട് പോകുന്നു. വെളിച്ചം നന്നേ കുറവായിരുന്നു. നടത്തം ഒടുവിൽ റെയിൽവേ സ്റ്റേഷനിൽ അവസാനിച്ചു. പ്രധാനപ്പെട്ട തീവണ്ടികളൊന്നും നിർത്തുന്ന ഒരു സ്റ്റേഷനയായിരുന്നില്ല അത്. വിജനമായ, വളരെ പഴക്കമുള്ള ഒരു റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നാൽ അമുദയുടെ വീട്ടിൽ നിന്ന് നോക്കുമ്പോൾ ദൂരെയായി കണ്ടിരുന്ന ടൈൽ ഫാക്ടറിയുടെ പുകക്കുഴൽ കുറേക്കൂടി അടുത്തായി, വ്യക്തമായി കാണാമായിരുന്നു. ആകാശത്തിനു താങ്ങു കൊടുത്ത ഭീമാകാരനായ ഒറ്റ തൂൺ പോലെ അതങ്ങനെ നിന്നു. ഉടനെയൊന്നും ആ സ്റ്റേഷനിൽ നിർത്തുന്ന തീവണ്ടികളില്ല. വടക്കോട്ട് നടന്നാൽ ചാലിയാറിനെ മുറിച്ചു കടക്കാം. ആന്റണി റെയിൽ പാളത്തിലൂടെ തെക്കോട്ടിറങ്ങി നടന്നു.അങ്ങനെയാണ് അപ്പോൾ തോന്നിയത്. എന്തായിരുന്നു ആന്റണിയുടെ മനസ്സില്ലെന്ന് ആന്റണിക്ക് തന്നെ വ്യകതമായിരുന്നില്ല. പേടിപ്പെടുത്തുന്ന ഒരു ശൂന്യത തന്നിൽ പിടിമുറുക്കിയിരിക്കുന്നു. എങ്കിലും ആ ശൂന്യതക്ക് ഒരു സുഖമുണ്ട്. സമയം എത്രയായെന്നും നിശ്ചയമില്ല. അസ്തമയം അടുത്തിരിക്കണം. മഴയായത് കൊണ്ട് അതുറപ്പിക്കാനും വയ്യ.. അല്ലെങ്കിൽ തന്നെ എല്ലാ പ്രതീക്ഷകളിൽ നിന്നും പുറന്തള്ളപ്പെട്ടവന് എന്ത് സമയം, എന്ത് കാലം... അതിനിടെ പല തീവണ്ടികളും കടന്നു പോയി. അപ്പോഴെല്ലാം പാളത്തിൽ നിന്നിറങ്ങി നിന്നു. അതൊരു രസകരമായ ഏർപ്പാടായി ആന്റണിക്ക് തോന്നി. തീവണ്ടി ദൂരെ നിന്ന് വരാൻ നേരം ഭൂമി വിറകൊള്ളുന്നു, പാളം വിറകൊള്ളുന്നു. അത് തിരിച്ചറിഞ്ഞ് താൻ വഴിമാറിയെങ്കിൽ മാത്രമേ തീവണ്ടികൾ കടന്നു പോവുകയുള്ളൂ. ഈ വിനോദം തുടർന്ന് ഒരു തീവണ്ടി വരുമ്പോൾ അതിന് മുൻപിൽ നിന്ന് വഴി മാറാതിരുന്നെങ്കിലോ. ഒരു നിമിഷം ആന്റണി ചിന്തിച്ചു. മഴയിൽ അയാളാകെ നനഞ്ഞു കുളിച്ചിരുന്നു. നടന്നു നടന്ന് എവിടെയെത്തിയെന്നറിയില്ല. മറ്റൊരു റെയിൽവേ സ്റ്റേഷൻ കൂടി പിന്നിട്ടിരിക്കുന്നു. സ്റ്റേഷനുകളിൽ എത്തുമ്പോൾ അയാൾ പ്ലാറ്റ്ഫോമിലൂടെ കയറി നടക്കും. ഒടുവിൽ കടന്നു പോയ സ്റ്റേഷന്റെ പേര് വായിക്കാൻ മറന്നു. ദൂരെ പുഴക്ക് കുറുകെ ഒരു പാലം കാണുന്നുണ്ട്.കുറച്ച് കൂടി അടുത്തെത്തിയപ്പോൾ പാലത്തിനു വശത്തെ റെയിൽവേ സ്ഥാപിച്ച ബോർഡ് വ്യകതമായി കാണാമെന്നായി. പേര് വായിക്കുന്നതിനിടെ ഒരു ട്രെയിൻ കടന്നു പോയി. പാളത്തിനിറക്കിലേക്ക് ഇറങ്ങി നിന്നു കൊണ്ട് പേര് മുഴുവനായും വായിച്ചു. പൊടുന്നനെ ഒരു പൊട്ടിത്തെറിപോലൊരു ശബ്ദം കേട്ടു. പൊട്ടിത്തെറിയല്ല, എന്തോ ഒന്ന് തകർന്നു വീഴുകയാണ്. കണ്മുന്നിലെ കാഴ്ചയിൽ ആന്റണി നടുങ്ങി. കൊടും മഴയിലും വിയർത്തു. പാലം പൊളിഞ്ഞ് തൊട്ട് മുൻപ് കടന്നു പോയ തീവണ്ടി പുഴയിലേക്ക് മറിയുകയാണ്. കുറച്ച് ബോഗികൾ വെള്ളത്തിലും ബാക്കി പാലത്തിലുമായി തീവണ്ടി തൂങ്ങി നിൽക്കുകയായിരുന്നു. ആന്റണി പകച്ചു നിന്നു. ഞൊടിയിടയിൽ സ്വബോധം വീണ്ടെടുത്ത് അയാൾ കുതിച്ചു. പാലത്തിനു വശത്തെ മഞ്ഞ ബോർഡിൽ കറുത്ത അക്ഷരത്തിൽ എഴുതിവെച്ചിരുന്ന പേര് 'കടലുണ്ടി പാലം’ എന്നായിരുന്നു. ഓടിയടുക്കുമ്പോൾ കടലുണ്ടി പുഴയിൽ ജീവന് വേണ്ടി പിടയുന്ന ഒരു കൂട്ടം മനുഷ്യർ, അവരുടെ നിലവിളികൾ. അയാൾ പുഴയിലേക്ക് എടുത്തു ചാടി. നടുവിലുള്ള മൂന്ന് ബോഗികളിൽ കുടുങ്ങിയവർ വെള്ളത്തിൽ മുങ്ങി. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് മുൻകൈ എടുത്തത്. ആരെന്നോ എന്തെന്നോ നോക്കാതെ കണ്മുന്നിൽ പെട്ടവരെയെല്ലാം രക്ഷപ്പെടുത്തുകയായിരുന്നു. ബോഗിക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തലായിരുന്നു ഏറെ ശ്രമകരം. പറ്റാവുന്നവരെയെല്ലാം മുടിക്ക് പിടിച്ച് വലിച്ച് നീന്തി കരയ്ക്കടുപ്പിച്ചു. കടലുണ്ടി പുഴ നിറയെ തോണികളും ബോട്ടുകളും നിറഞ്ഞു. നിരവധി ജീവനുകൾ ആന്റണിയുടെ കൈകളിലൂടെ മരണത്തിൽ നിന്നും പിടിച്ചുകയറുകയായിരുന്നു. ആരോ ഒരാളിൽ നിന്നും ഗ്യാസ്കട്ടർ പിടിച്ചു വാങ്ങി ബോഗിയുടെ അഴികൾ മുറിച്ച് മാറ്റിയാണ് ഒരാളെ രക്ഷപ്പെടുത്തിയത്. അയാൾ മരണത്തോട് ഏറെ അടുത്തിരുന്നു. പുഴക്കരയിലെ ആംബുലൻസിലേക്ക് കയറ്റുമ്പോൾ രക്ഷപ്പെടണേ എന്ന് മാത്രം പ്രാർത്ഥിച്ചു. അവസാനമാകുമ്പോഴേക്കും മുങ്ങിയെടുത്തവരെല്ലാം മരിച്ചവരായിരുന്നു. എത്രപേരുണ്ടായിരുന്നു അതെന്നറിയില്ല. ഒടുവിൽ പുഴയിൽ നിന്ന് മുങ്ങി നിവർന്ന് കരയിലേക്ക് കയറുമ്പോൾ ആന്റണിയുടെ ശരീരം നീർപോള പോലെ കുതിർന്നു വീർത്തിരുന്നു. സ്വയം തൊട്ടു നോക്കുമ്പോൾ ശവത്തിന്റെ തണുപ്പാണ് തന്റെ ശരീരത്തിനെന്ന് അയാൾക്ക് തോന്നി. രാത്രിയായിരിക്കുന്നു, മഴ തോർന്നിരിക്കുന്നു. ഒരു പ്രേത ശില്പം പോലെ തകർന്ന പാലവും പുഴയിലേക്ക് മൂക്ക് കുത്തിയ തീവണ്ടിയും അവിടെ ബാക്കിയായി. ദൂരെ പൊട്ടു പോലെ വെളിച്ചങ്ങൾ കാണുന്നുണ്ടായിരുന്നു. അവ പുഴയിലെ ഓളത്തിൽ ഉലഞ്ഞു. ഒഴുക്ക് പടിഞ്ഞാറേക്കാണ്. ഒന്ന് നിവർന്ന് ആന്റണി പിന്നെയും പുഴയിലേക്ക് ഊളിയിട്ടു, പിന്നെ ഓളങ്ങളിൽ അപ്രത്യക്ഷനാവുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ തെക്കോട്ടുള്ള ട്രെയിൻ കാത്തിരിക്കുമ്പോൾ അന്നത്തെയാ അപകടത്തെ കുറിച്ചുള്ള അതേ ആശങ്ക സോളമനെയും ബാധിച്ചിരുന്നു. അപ്പൻ ജീവിച്ചിരിപ്പുണ്ടാകില്ലേ..? എല്ലാ തരത്തിലുമുള്ള പ്രതീക്ഷകളും നഷ്ടപ്പെട്ട് അപ്പൻ ഇനി ആത്മഹത്യ ചെയ്തു എന്നിരിക്കുമോ. ഒരു നിമിഷം അങ്ങനെ തോന്നിപ്പിച്ച തന്റെ ബുദ്ധിയെ പഴിച്ചു കൊണ്ട്, ഇല്ല ഒരിക്കലുമില്ല എന്ന് സ്വയം ആശ്വസിച്ച് അയാൾ തെക്കോട്ടുള്ള അടുത്ത വണ്ടി കയറി. തീവണ്ടിയിരിലിരിക്കുമ്പോൾ അയാൾ ആലോചിച്ചു – 'അമ്മച്ചിയോടുള്ള കടം വീട്ടൽ മാത്രമാണോ ഇപ്പോൾ തന്റെ ഈ അന്വേഷണം. അല്ല... അതു മാത്രമല്ല. മറ്റെന്തോ ഒരു കാരണമുണ്ട്. അപ്പനോടിപ്പോൾ മനസ്സിൽ തനിക്കെന്താണ് തോന്നുന്നത്?" ജനറൽ കമ്പാർട്മെന്റിലിരുന്നുള്ള ആ ആലോചനയിൽ നിന്ന് സോളമനെ ഉണർത്തിയത് എതിർവശത്തിരിക്കുന്ന വൃദ്ധന്റെ സഹയാത്രികരോടുള്ള ഉച്ചത്തിലുള്ള സംസാരമായിരുന്നു. തീവണ്ടിയുടെ ശബ്ദത്തിൽ തന്റെ വാക്കുകൾ മുങ്ങിപ്പോകരുതെന്ന് നിർബന്ധമുള്ളത് പോലെ അയാളുടെ പ്രായത്തിനു കഴിയാത്ത വിധം ഉച്ചത്തിലായിരുന്നു അത്.
"കടലുണ്ടി സ്റ്റേഷനിലായിരുന്നു എനിക്കന്ന് ഡ്യൂട്ടി. രാത്രി ഒൻപത് മണിക്ക് ഡ്യൂട്ടിക്കെത്താനാണ് കൊയിലാണ്ടിയിൽ നിന്ന് മെയിലിൽ കയറിയത്. കടലുണ്ടിയിൽ സ്റ്റോപ്പില്ല. അപ്പോൾ പരപ്പനങ്ങാടി ഇറങ്ങി കണ്ണൂർ പാസഞ്ചറിൽ തിരിച്ചു കടലുണ്ടിയിലിറങ്ങും. ഉദ്ദേശം അഞ്ച് മണി കഴിഞ്ഞു കാണും. പാലത്തിലെത്തുമ്പോൾ, മുന്നിലെ ഏതാനും ബോഗികൾ കടന്നപ്പോൾ ഞാൻ കയറിയ ബോഗി ആടിയുലഞ്ഞു. തലയ്ക്കു പുറകിൽ എന്തോ ശക്തമായി ഇടിച്ചതേ ഓർമയുള്ളൂ... വണ്ടി പുഴയിലേക്ക് മറിയും മുൻപേ ബോധം പോയിരുന്നു. ബോധം തെളിഞ്ഞപ്പോൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഒരാൾ കമ്പി മുറിക്കുന്നതാണ് കണ്ടത്. മരണം പിടിച്ചു വലിക്കുമ്പോൾ ജീവിതത്തിലേക്കുള്ള പ്രതീക്ഷയുടെ കൈ നീട്ടി ഒരു മനുഷ്യൻ. ഒരപരിചിതൻ. അയാൾ എന്നെയും വലിച്ച് നീന്തുകയായിരുന്നു. ആംബുലൻസിലേക്ക് കയറ്റുമ്പോൾ അയാളുടെ മുഖം അവസാനമായി ഞാൻ കണ്ടു. ഒരിക്കലും മറക്കില്ല ആ മുഖം. അയാളുടെ ശരീരത്തിന് ശവത്തിന്റെ തണുപ്പായിരുന്നു.” അയാൾ കണ്ണടച്ച് പിടിച്ച് നെടുവീർപ്പിട്ടു. അയാളുടെ ഓർമകൾ അപ്പോൾ ആ ദുരന്തത്തിന്റെ വക്കിലൂടെ കടന്നു പോവുകയായിരുന്നു. "ആദ്യം ചെട്ടിപ്പടിയിലെ ആശുപത്രിയിൽ. പിന്നെ മെഡിക്കൽ കോളേജിൽ. മരണത്തിനും ജീവിതത്തിനുമിടയിൽ രണ്ടാഴ്ച. ദൈവം കാത്തു എന്ന് പറയുന്നതിനേക്കാൾ ഉചിതം അന്നത്തെ ആ അപരിചിതനായ മനുഷ്യൻ കാത്തു എന്ന് പറയുന്നതാവും.”
എന്തുകൊണ്ടോ, ആ വൃദ്ധന്റെ കഥപറച്ചിലിന്നവസാനം സോളമന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിടർന്നു. ട്രെയിൻ അപ്പോൾ കടലുണ്ടി പാലം കടക്കുകയായിരുന്നു. വൃദ്ധൻ ആവേശത്തോടെ സഹയാത്രികർക്ക് അന്നത്തെ ട്രെയിൻ അപകടത്തിന്റെ കൃത്യസ്ഥാനം ചൂണ്ടിക്കാണിച്ചു കൊടുക്കുകയായിരുന്നു. മഴ മാറി നിൽക്കുകയായിരുന്നു. കടലുണ്ടി പുഴക്ക് മേൽ ഇരുട്ട് പരന്നിരുന്നു. ഒരു കൈ രേഖ പോലെ മെലിഞ്ഞ ചന്ദ്രൻ മേഘങ്ങളിൽ നിന്ന് പുറത്ത് വന്ന് വിളറിയ വെളിച്ചം ചൊരിയുന്നുണ്ടായിരുന്നു.