റോണോ: പ്രചോദനത്തിന്റെ ഇരട്ടപ്പേര്
റൊണാൾഡോയുടെ ജീവിതത്തെ തികച്ചും ഒരു 'അത്ഭുതം' എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടിവരും. ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവിതം ആ രീതിയിൽ നിർവചിക്കപ്പെടുമ്പോൾ ജീവിതത്തിലുടനീളമയാൾ നിലനിർത്തിയ നിശ്ചയദാർഢ്യത്തെയും, പരിശ്രമത്തെയും, പോരാട്ടവീര്യത്തെയുമെല്ലാം ശോഭ ചോരാതെ പ്രതിഫലിപ്പിക്കുന്നൊരാൾ ഇനി ഫുട്ബാൾ ലോകത്ത് പിറവി കൊള്ളുമോ എന്നത് സംശയമാണ്.

സാമ്പത്തിക ബുദ്ധിമുട്ട്, പട്ടിണി, അച്ഛന്റെ മദ്യപാനം തുടങ്ങി ഒരു കുടുംബത്തിന്റെ സ്വസ്ഥതയെ താളംതെറ്റിക്കുവാൻ ഹേതുവായിട്ടുള്ള എല്ലാം ഒത്തിണങ്ങിയ പരിതസ്ഥിതിയിൽ ഒരു കുട്ടിയെക്കൂടി ഉൾക്കൊള്ളുവാൻ ആ കുടുംബത്തിന് സാധിക്കുമായിരുന്നില്ല. ഗർഭമലസിപ്പിക്കുവാനായി അമ്മ നുണഞ്ഞ ലഹരിയേയും ഗർഭച്ഛിദ്രം നടത്തുവാനായി അമ്മയാർജിച്ച മാനസികസ്ഥിതിയേയുമതിജീവിച്ചവൻ 1985 ഫെബ്രുവരി 5 ന് പോർച്ചുഗലിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള മഡീറ ദ്വീപിൽ തന്റെ മാനുഷിക മുദ്ര പതിപ്പിച്ചു. തോട്ടംതൊഴിലാളിയായ പിതാവിന്റെ ആരാധനാപാത്രമായ മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ സ്മരണാർത്ഥം ആ പുതുജീവനുമേൽ ക്രിസ്റ്റിയാനോ റൊണാൾഡോ എന്ന നാമം അവരോധിക്കപ്പെട്ടു. അച്ഛൻ കുടിച്ചനാഥമാക്കിയ എണ്ണമറ്റ കാലിക്കുപ്പികളുടെ ശാപഭാരം വറുതി രൂപേണ ആ കുടുംബത്തിനുമേൽ പരീക്ഷണങ്ങളായാവർത്തിച്ചുകൊണ്ടിരുന്നു. വിരോധാഭാസമെന്ന് പറയട്ടെ, കുഞ്ഞു റൊണാൾഡോയുടെ കാൽപന്തുകളിയെന്ന വിസ്മയത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തോട് മത്സരിച്ചു തോൽക്കുവാനായിരുന്നു വിധിയുടെ നിയോഗം!
ഫുട്ബോൾ എന്ന വികാരം തന്നിൽ ചെലുത്തിയ വിവരണാതീതമായ സ്വാധീനം ആ കൊച്ചു പയ്യനെ സ്വപ്നം കാണുവാൻ പ്രാപ്തനാക്കിയിരുന്നു. അസാമാന്യമായ പന്തടക്കവും ചടുലതയും കൊണ്ട് അവനാ സ്വപ്നതുല്യമായ മാന്ത്രിക ലോകത്തിലേക്ക് ചുവടുറപ്പിച്ചുകൊണ്ട് മുന്നേറിത്തുടങ്ങി. അങ്ങനെ തന്റെ എട്ടാം വയസ്സിൽ ആൻഡോറീന എന്ന ബോയ്സ് ഫുട്ബോൾ ക്ലബ്ബിനുവേണ്ടി അവന്റെ കാലുകളാദ്യമായി ബൂട്ടണിഞ്ഞു. പക്ഷേ, കുടുംബ സാഹചര്യങ്ങളപ്പോഴും അവന്റെ വളർച്ചയിൽ മുഖംതിരിച്ചുനിന്നു. അവനവിഭാജ്യമായി തോന്നിയ ഫുട്ബോളെന്ന വികാരത്തെ നെഞ്ചോട് ചേർക്കുവാനും അതിനിടങ്കോലിടുന്ന പട്ടിണിയെ അതിജീവിക്കാനുമായി തന്റെ സഹോദരിമാർക്കൊപ്പം പലതവണ മഡീറ തെരുവുകൾ വൃത്തിയാക്കുവാൻ കുഞ്ഞു റൊണോയുമെത്തി എന്നത് മറ്റൊരു വസ്തുതയാണ്.

പട്ടിണിക്കും പ്രാരാബ്ധത്തിനുമിടയിലും ഫുട്ബോൾ എന്ന വികാരം ചാരം പൊതിഞ്ഞ കനലുപോലെ ആ കുഞ്ഞു മനസ്സിൽ ആരുമറിയാതെ നീറുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ ജീവിതത്തിൽ അതുമായി ബന്ധപ്പെട്ട് പല സംഭവവികാസങ്ങളുമുണ്ടായി. മെലിഞ്ഞുണങ്ങിയ തന്റെ ശരീരത്തെയും, ആർക്കുമുന്നിലും അടിയറവ് വെക്കാൻ മനസ്സില്ലാത്ത കോൺഫിഡൻസിനേയും ചോദ്യം ചെയ്തുകൊണ്ട് പലപ്പോഴായി സഹകളിക്കാരുടെ ചക്രവ്യൂഹത്തിനിടയിൽ പെട്ട് റൊണാൾഡോ അപമാനിതനായി. അതിനിടെ സ്കൂളിൽ മറ്റൊരു സംഭവമുടലെടുത്തു. റൊണാൾഡോ പലപ്പോഴായി ക്ലാസ്സ് കട്ട്ചെയ്ത് ഫുട്ബോൾ കളിക്കാൻ പോകുമായിരുന്നു. ഇതറിഞ്ഞ് ടീച്ചർ അവനെ സ്റ്റാഫ് റൂമിൽ വിളിച്ചുവരുത്തുകയും തുടർന്ന് ഫുട്ബോൾ നിന്റെ പട്ടിണി മാറ്റുമോയെന്നും, നിന്റെ അച്ഛനെപ്പോലെ തോട്ടം തൊഴിലാളിയായി പോകുന്നതാണ് നിനക്കും നല്ലതെന്നും പറയുകയുണ്ടായി. അപമാനിതനായ കുഞ്ഞു റോണോയുടെ നീരസം അവിടെയുണ്ടായിരുന്ന കസേര വായുവിലേക്കുയർന്നു താഴ്ന്ന് ചിതറിയടങ്ങിയതിലൂടെ അവസാനിച്ചു. അതോടനുബന്ധമായി ആ പ്രവൃത്തിക്കുള്ള സമ്മാനദാനം TC രൂപേണ സ്കൂൾ നടപ്പിലാക്കി. ഇരു കണ്ണിലേയും പ്രളയജലം സംഭരണശേഷിയെ മറികടന്ന് ഒട്ടിയ കവിൾതടത്തിലൂടെ പാതവെട്ടി തറയിൽ ചിതറി മരിച്ചു. ടീച്ചറുടെ നാവിൽനിന്നുതിർന്നു വീണ വാക്കുകളേൽപ്പിച്ച മുറിവുകളുമായി തലതാഴ്ത്തിക്കൊണ്ടവൻ സ്കൂളിന്റെ പടിയിറങ്ങി.
തന്റെ പതിനാലാം വയസ്സിൽ റൊണാൾഡോ പറങ്കി നാട്ടിലെ പ്രധാന ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നായ സ്പോർട്ടിംഗ് FC യിൽ സെലക്ട് ചെയ്യപ്പെട്ടു. പക്ഷേ നിർഭാഗ്യം അവനെ വീണ്ടും വേട്ടയാടി. സ്പോർട്ടിംഗ് യൂത്ത് ലീഗ് മത്സരത്തിനിടെ ആ പതിനാലുകാരന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു. 'ടാക്കി കാർഡിയ' എന്ന രോഗം അവന്റെ ഹൃദയത്തെ ബാധിച്ചിരിക്കുന്നുവെന്ന് ഡോക്ടർമാർ വിധിയെഴുതി. അവർ രണ്ടുമാർഗ്ഗങ്ങൾ അവനുമുന്നിലവതരിപ്പിച്ചു. അതിലൊന്ന് ഫുട്ബോൾ ഉപേക്ഷിക്കുകയെന്നതും രണ്ടാമത്തേത് ജീവിതത്തെ പരീക്ഷിക്കുകയെന്നതുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കളി തുടർന്നാൽ ഹൃദയസ്തംഭനം മൂലം മരണം രുചിക്കേണ്ടി വരുമെന്നർത്ഥം. അതല്ലെങ്കിൽ ഒരു മേജർ ഓപ്പറേഷൻ ഈ പ്രായത്തിൽ നടത്തേണ്ടിവരും. പക്ഷേ നിലവിലെ ആരോഗ്യസ്ഥിതിയിൽ അത്തരം ഒരു ഓപ്പറേഷനെ അതിജീവിക്കുകയെന്നത് സമസ്യയാണെന്ന പ്രസ്താവന കൂടി ഡോക്ടർമാർ നടത്തി. മരണഗന്ധം വമിച്ച ഗർഭപാത്രത്തെയതിജീവിച്ചവൻ ഡോക്ടർമാരുടെ സമസ്യയെ പരീക്ഷിക്കാനൊരുങ്ങി. അത്ഭുതത്തിന്റെ അകമ്പടിയോടൊപ്പം മാസങ്ങൾക്കകം സ്പോർട്ടിംഗിലെ അങ്കക്കളരിയിലേക്കവൻ ബൂട്ടണിഞ്ഞിറങ്ങി.

കഥയിനിയാണ് ആരംഭിക്കുന്നത്. 2003 ൽ സ്പോർട്ടിംഗ് പുതിയ സ്റ്റേഡിയത്തിന്റെ ആരവത്തിലേക്ക് ചുവടുമാറ്റി. ഉദ്ഘാടന മത്സരത്തിനായി തീയേറ്റർ ഓഫ് ഡ്രീംസിലെ അതികായരായ ചുവന്ന ചെകുത്താൻമാരെ (മാഞ്ചസ്റ്റർ യുണൈറ്റഡ്) ക്ഷണിച്ചു. സർ അലക്സ് ഫെർഗ്യുസണെന്ന പരിശീലക തമ്പുരാന്റെ കീഴിൽ ലിസ്ബണിന്റെ മണ്ണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പറന്നിറങ്ങി. എന്നത്തേയും പോലെ സർ അലക്സ് തന്റെ പടയാളികൾക്ക് നിർദ്ദേശങ്ങൾ നൽകി. അതിലൊന്ന് ഇങ്ങനെയായിരുന്നു. "സ്പോർട്ടിങ്ങിനെ നിങ്ങൾ ഭയക്കരുത്. എന്നാൽ അവരുടെ പക്കൽ ഒരു വിങ്ങറുണ്ട്. അവനെയൊന്ന് സൂക്ഷിച്ചേക്കണം."
കളി ആരംഭിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലോകനിലവാരമുള്ള 11 ചെകുത്താൻമാർ ഫെർഗ്യുസൺ വിതച്ച ഫോർമേഷനിൽ ആ പുത്തൻ മൈതാനത്ത് കിക്കോഫിനായി നിലയുറപ്പിച്ചു. പക്ഷേ, ആ കിക്കോഫ് ചരിത്രത്തിലേക്കുള്ള പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നുവെന്നത് നിശ്ചിത സമയത്തിന് പുറമെ റഫറി കനിഞ്ഞുനൽകിയ അധിക സമയവും കടന്നുപോയപ്പോഴാണ് ലോകമറിഞ്ഞത്. മോഹസുന്ദരമായ പളുങ്കുകൊട്ടാരം പോലെ യുണൈറ്റഡ് പടുത്തുയർത്തിയ ലോകോത്തരമായ പ്രതിരോധക്കോട്ട പൊളിച്ചുകൊണ്ട് വെളുത്തുമെലിഞ്ഞ ഒരു മധുരപ്പതിനേഴുകാരൻ 28ആം നമ്പർ ജേഴ്സിയുമണിഞ്ഞ് യുണൈറ്റഡ് ബോക്സിൽ തന്റെ ഇരു കാലുകളിൽനിന്നും വെടിച്ചില്ലുകൾ പായിച്ചു. ഡ്രിബിളിങ്ങ്സും, ചടുലതയും, പവർഷോട്ടുകളും, സ്കില്ലും കൊണ്ടവൻ അവർക്കുവേണ്ടി ഒരേസമയം ഗാലറിയിൽ മെക്സിക്കൻ തിരമാലകളും, യുണൈറ്റഡ് ബോക്സിൽ മാന്ത്രികതയും, സർ അലക്സ് ഫെർഗ്യുസണിന്റെ മനസ്സിൽ ഹൃദയമിടിപ്പിന്റെ പഞ്ചാരിമേളവും നടത്തി. ചരിത്രത്തിലേക്കുള്ള അവസാന വിസിൽ മുഴങ്ങുമ്പോൾ യുണൈറ്റഡിനെ 3-1 നു കടപുഴക്കിക്കൊണ്ട്, ഫുട്ബോൾ ലോകത്തെ ചുവന്ന ചെകുത്താന്മാരെ ചാരമാക്കി കൊണ്ട്, ആ പതിനേഴുകാരൻപുഞ്ചിരിതൂകി ഗ്യാലറിയുടെ ആർത്തിരമ്പലാസ്വദിച്ചൊരു വന്മരമായി ലോക ഫുട്ബോളിന്റെ പുൽമൈതാനിയിൽ വേരുറപ്പിച്ചിരുന്നു.
2003 ൽ നടന്ന ലിസ്ബണിലെ ആ മത്സരത്തിനിപ്പുറം ആറാം നാൾ 12.24 മില്യൺ പൗണ്ടിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആ കൊള്ളിയാനെ ഓൾഡ് ട്രാഫഡിലേക്ക് റാഞ്ചി. സർ അലക്സ് ഡേവിഡ് ബെക്കാമിനു ശേഷം7ആം നമ്പർ ജേഴ്സി നൽകിയവനെ തീയേറ്റർ ഓഫ് ഡ്രീംസിലേക്ക് അരങ്ങേറ്റത്തിനായഴിച്ചുവിട്ടു. കളിയുടെ അറുപതാം മിനിറ്റിൽ റൊണാൾഡോ തന്റെ വിശ്വവിഖ്യാതമായ ഏഴാം നമ്പർ ജേഴ്സിയിൽ അരങ്ങേറി. കളി 4-0 ന് യുണൈറ്റഡ് ജയിച്ചു. ബോൾട്ടനെതിരെയുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം കണ്ട് ലൂയിസ് സാഹ എന്ന കളിക്കാരൻ ആ പതിനേഴുകാരനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: "അവൻ ഒരു സാധാരണ കളിക്കാരനാണെന്ന് നിങ്ങളാരും കരുതരുത്. റൊണാൾഡോ ശരിക്കും ഒരു മൃഗം തന്നെയാണ്!"
സർ അലക്സ് തോളിൽ തട്ടിയിറക്കിവിട്ട വെളുത്തു മെലിഞ്ഞ ആ ചെറുക്കൻ ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും തലയെടുപ്പുള്ള ഒറ്റയാനാണ്. പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെഅസാമാന്യമായ കായികശക്തിയും, പ്രായത്തെ തളർത്തുന്ന വേഗതയും, കളിയുടെ അവസാനനിമിഷം വരെ സമ്മർദ്ദമേതുമില്ലാതെ എതിർപോർമുഖത്തിൽ അപകടം വിതയ്ക്കാനുള്ള ശേഷിയുമെല്ലാം അയാളെ താരതമ്യങ്ങൾക്കതീതനാക്കി. തന്റെ ഇരുപത്തിനാലാം വയസ്സിൽ ഓൾഡ് ട്രാഫഡിനോട് അവൻ വിട പറയുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഷെൽഫ് 3 പ്രീമിയർ ലീഗ് കീടങ്ങളാലും, ഒരു ചാമ്പ്യൻസ് ലീഗ് കിരീടത്താലും, ഒരു FA കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവയാലും സമ്പന്നമായിരുന്നു. 6 വർഷം കൊണ്ട് എതിർ പോർമുഖത്തിലെ ലക്ഷ്യസ്ഥാനത്തെ അവൻ പ്രകമ്പനം കൊള്ളിച്ചത് 118 തവണയായിരുന്നു! കൂടെ ഒരു ബാലൻഡിയോറും അവനെ തേടിയെത്തി.
താനാണ് മികച്ചവനെന്ന മനോഭാവവും, അതിലേക്കെത്തിച്ചേരുവാനുള്ള കഠിന പരിശ്രമവും, ഓൾഡ്ട്രാഫഡും, അലക്സ് ഫെർഗ്യുസൺ എന്ന ചാണക്യനും അവന്റെ വളർച്ചയിൽ അവിഭാജ്യ ഘടകമായി മാറി. അതിലെല്ലാമുപരി മറ്റൊരു കാവ്യനീതി അതിനിടയിൽ നടപ്പിലായി. പണ്ട് തന്നെ അപമാനിച്ചിറക്കിവിട്ട സ്കൂൾ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ അവനത് പുനർനിർമിച്ചു. അധ്യാപകരുടെ ക്ഷണം സ്വീകരിച്ച് ഉദ്ഘാടനം നിർവഹിക്കാനായി വിമാനത്തിൽ അയാൾ പറന്നിറങ്ങുമ്പോൾ ആ എയർപോർട്ടിന്റെ പേര് ഇങ്ങനെയായിരുന്നു, "മഡേരിയ ഇന്റർനാഷണൽ എയർപോർട്ട് ക്രിസ്ത്യാനോ റൊണാൾഡോ!"

റൊണാൾഡോയുടെ ജീവിതത്തെ തികച്ചും ഒരു 'അത്ഭുതം' എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടിവരും. ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവിതം ആ രീതിയിൽ നിർവചിക്കപ്പെടുമ്പോൾ ജീവിതത്തിലുടനീളമയാൾ നിലനിർത്തിയ നിശ്ചയദാർഢ്യത്തെയും, പരിശ്രമത്തെയും, പോരാട്ടവീര്യത്തെയുമെല്ലാം ശോഭ ചോരാതെ പ്രതിഫലിപ്പിക്കുന്നൊരാൾ ഇനി ഫുട്ബാൾ ലോകത്ത് പിറവി കൊള്ളുമോ എന്നത് സംശയമാണ്. വരുംതലമുറയ്ക്ക് റോണോ എന്ന രണ്ടക്ഷരം കൈമാറുന്ന ഊർജ്ജം ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെയാണ് ഒരു കൂട്ടം ആളുകൾക്ക് അദ്ദേഹം പ്രിയപ്പെട്ടതാവുന്നതും അത്രമേൽ പ്രചോദനമാവുന്നതും. പ്രചോദനം എന്നല്ലാതെ എന്ത് വാക്ക് കൊണ്ടാണ് അയാളെ പിന്നെ നിർവ്വചിക്കേണ്ടത്..!