അസംതൃപ്തിയുടെ ശാസ്ത്ര-ചരിത്ര വിശകലനങ്ങൾ
ചരിത്രത്തിലുടനീളം മിക്കവാറും മനുഷ്യൻ ജീവിച്ചത് ദൗർലഭ്യത്തിൻ്റേതായ ഒരു സാഹചര്യത്തിലാണ്. അതുകൊണ്ടുതന്നെ മിതത്വം ഒരു ആദർശമായി പരിവർത്തിക്കപ്പെട്ടു. ഒരു 'നല്ല വ്യക്തി' ആർഭാടങ്ങൾ ഒഴിവാക്കി. ഇതിന് അപവാദമായത് രാജാക്കന്മാരും പ്രഭുക്കന്മാരും മാത്രമാണ്. എന്നാൽ ധാരാളിത്തം നല്ലതാണെന്നും ചിലവിലെ മിതത്വം സ്വയമേവ വരിക്കുന്ന അടിച്ചമർത്തലാണെന്നും ജനസാമാന്യത്തെ ബോധ്യപ്പെടുത്തുന്നതിൽ ഉപഭോഗ സാമ്രാജ്യം ഇന്ന് വിജയിച്ചിരിക്കുന്നു.

(യുവാൽ നോവാ ഹരാരിയുടെ സാപിയൻസ്, ഹോമോ ദിയൂസ്, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഇരുപത്തൊന്ന് പാഠങ്ങൾ എന്നീ കൃതികളെ മുൻനിർത്തിയുള്ള ലേഖനം)
"വികാരകങ്ങളുടെ പടനിലങ്ങളിൽ ആധുനികത കൈവരിച്ച വലിയ നേട്ടങ്ങളിലൊന്ന് ആത്മഹത്യയാണ്."
- വാൾട്ടർ ബെന്യാമിൻ
"ഒരു നാടകത്തിന്റെ ആദ്യ രംഗത്തിൽ ഒരു തോക്ക് പ്രത്യക്ഷപ്പെടുകയാണെങ്കിൽ മൂന്നാം രംഗത്തിലെങ്കിലും അത് പൊട്ടിയിരിക്കും" എന്ന നിരീക്ഷണം വിശ്വോത്തര സാഹിത്യകാരനായ ആൻ്റൺ ചെഖോവിൻ്റേതാണ്. എന്നാൽ ഇന്നിത് തിരുത്തപ്പെട്ടിരിക്കുന്നതായാണ് കാണാൻ കഴിയുന്നത്. പുതിയ ആയുധങ്ങൾ കയ്യിലെത്തുന്ന രാജ്യങ്ങളും അധികാരികളും അവയുടെ ഹിംസാത്മകമായ പരീക്ഷണങ്ങളിൽ വ്യാപൃതരായിപ്പോന്നിരുന്ന പ്രവണത ആണവായുധങ്ങളുടെ കടന്നുവരവോടെ നിലച്ചിരിക്കുന്നു. ലോകത്തിൻ്റെത്തന്നെ നാശം എന്ന വസ്തുതയാണ് ഇതിന് കാരണമാകുന്നത്. ഇതിനു സമാനമായി, "മരണത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ യാതൊന്നിനുമാകില്ലെന്നിരിക്കെ ജീവിതത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ പ്രണയത്തിനെങ്കിലുമാകട്ടെ" എന്ന പാബ്ലോ നെരൂദയുടെ പ്രതീക്ഷയും പുതിയ കാലത്ത് അപ്രസക്തമായിത്തീർന്ന ഒന്നാണ്. സമൂഹ മധ്യത്തിൽ വിലവയ്ക്കപ്പെടുന്നതും തന്നെയാഗ്രഹിക്കുന്നതും തനിക്ക് ഹിതകരമാം വിധം പ്രവർത്തിച്ചേക്കാവുന്നതുമായ ഒരു ചരക്കെന്ന നിലയിലേക്കുള്ള ആഗോളവൽകരണകാലത്തെ പങ്കാളിത്തത്തിൻ്റെ പരിവർത്തനം പ്രണയം എന്ന കാൽപനികാദർശത്തിനുള്ള ചരമഗീതമാണ്.
മൃഗങ്ങളുടെ മനസ്സിനെ പഠിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ ഒരു പരീക്ഷണത്തിൽ, അനങ്ങാൻ പോലും കഴിയാത്ത ഒരു ചെറിയ കൂടിനകത്ത് ഒരെലിയേയും അതിന് ചുറ്റുമായി താരതമ്യേന ചലനസ്വാതന്ത്ര്യമുള്ള വലിയ കൂട്ടിൽ മറ്റൊരെലിയേയും സ്ഥാപിച്ചു നോക്കിയിരുന്നു. ചലന സ്വാതന്ത്ര്യമുള്ള കൂട്ടിലെ എലി പങ്കുവയ്ക്കപ്പെടേണ്ടതില്ലാത്ത ചോക്ലേറ്റിൻ്റെ സാന്നിധ്യത്തിൽ പോലും യാതന സഹിക്കുന്ന സഹജീവിയെ മോചിപ്പിക്കുന്നതായാണ് ആവർത്തിച്ചുള്ള പരീക്ഷണങ്ങളിലും ഭൂരിപക്ഷമായത്. എന്നാൽ ഇത് വാസ്തവത്തിൽ സഹജീവി സ്നേഹമാണോ, അതോ അസുഖകരമായ ശബ്ദവീചികളിൽ നിന്നുള്ള മോചന ശ്രമമോ. നാമൊരു യാചകന് ഔദാര്യപൂർവ്വം ഭിക്ഷ നൽകുമ്പോൾ വാസ്തവത്തിലത് മാനവികതയാണോ, അതോ അസ്വസ്ഥതാ ജനകമായ ഒരു നേർക്കാഴ്ചയെ നിർമാർജനം ചെയ്യാനുള്ള കൂട്ടായ ശ്രമത്തിൻ്റെ ഒരു ഭാഗം മാത്രമോ?
അയ്യായിരം വർഷം മുൻപുള്ള ഒരു ഗോത്ര ഗ്രാമത്തിൽ പിറന്ന ഒരാളായിരുന്നു നമ്മളെങ്കിൽ നമുക്ക് സ്വന്തം സൗന്ദര്യത്തിൽ സംശയമേതും തോന്നില്ലായിരുന്നു. ഗോത്രത്തിലെ പകുതിയിലധികം പേർ വൃദ്ധരും കുട്ടികളുമായ ഒരു സാമൂഹിക ക്രമത്തിൻ്റെ സ്വാഭാവികതയാണത്. എന്നാൽ ഇന്ന് നമ്മൾ സ്വയം താരതമ്യം ചെയ്യുന്നത് ടെലിവിഷനുകളിലും സോഷ്യൽ മീഡിയകളിലും നിറഞ്ഞുനിൽക്കുന്ന അന്താരാഷ്ട്ര അത്ലറ്റുകളും സൂപ്പർ മോഡലുകളും സിനിമാ താരങ്ങളുമായാണ്. സമാധാനം അപൂർവ്വതയായി മാറുന്ന നേരങ്ങളിൽ ആശ്രയമായേക്കാവുന്ന യുട്യൂബിലെ റിലാക്സേഷൻ മ്യൂസിക്കുകൾക്കിടയിൽ - സബ്സ്ക്രിപ്ഷൻ്റെ അഭാവത്തിൽ - നിങ്ങളെ കാത്തിരിക്കുന്നത് ഇൻസ്റ്റഗ്രാമിൻ്റെയും ഫ്ലിപ്കാർട്ടിൻ്റെയും പരസ്യങ്ങളാണ്. മൂന്നാം ലോകത്തിന്റെ ദുരിതങ്ങളുടെ അടിസ്ഥാനം ഒന്നാം ലോകം നേടിയ ദൃശ്യതകൂടിയാണെന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുക കൂടിയാണ് ഇന്ന് സംഭവിക്കുന്നത്.
ചരിത്രത്തിലുടനീളം മിക്കവാറും മനുഷ്യൻ ജീവിച്ചത് ദൗർലഭ്യത്തിൻ്റേതായ ഒരു സാഹചര്യത്തിലാണ്. അതുകൊണ്ടുതന്നെ മിതത്വം ഒരു ആദർശമായി പരിവർത്തിക്കപ്പെട്ടു. ഒരു 'നല്ല വ്യക്തി' ആർഭാടങ്ങൾ ഒഴിവാക്കി. ഇതിന് അപവാദമായത് രാജാക്കന്മാരും പ്രഭുക്കന്മാരും മാത്രമാണ്. എന്നാൽ ധാരാളിത്തം നല്ലതാണെന്നും ചിലവിലെ മിതത്വം സ്വയമേവ വരിക്കുന്ന അടിച്ചമർത്തലാണെന്നും ജനസാമാന്യത്തെ ബോധ്യപ്പെടുത്തുന്നതിൽ ഉപഭോഗ സാമ്രാജ്യം ഇന്ന് വിജയിച്ചിരിക്കുന്നു. ജനകീയ മനഃശാസ്ത്രം കമ്പോളത്തിനായി ഒഴുക്കിയ വിയർപ്പിന്റെ ഫലമായാണ് ഇങ്ങനെയൊന്ന് വളരെയെളുപ്പത്തിൽ കെട്ടിപ്പടുക്കാൻ അവർക്കായത്. ഷോപ്പിംഗ് ഇന്നൊരു ഇഷ്ട 'വിനോദമായി' മാറിക്കഴിഞ്ഞിരിക്കുന്നു. കുടുംബാംഗങ്ങൾ തമ്മിലും ഇണകൾ തമ്മിലും സുഹൃത്തുക്കൾ തമ്മിലുമുള്ള ബന്ധത്തിന്റെ അവശ്യ ഘടകമായി ഇന്ന് ഉപഭോഗ വസ്തുക്കൾ മാറിയിരിക്കുന്നു. സുഹൃത്തിൻ്റെ കാമുകൻ അവൾക്ക് ആപ്പിൾ ഫോൺ സമ്മാനിച്ചെന്നും തനിക്കും ഒന്ന് വേണമെന്നും ആവശ്യപ്പെടുന്ന കാമുകിക്ക് ആപ്പിൾ എന്ന ജൈവ വസ്തു ഫോൺ ബോക്സിൽ സമ്മാനിക്കുന്ന കാമുകനെ ചിത്രീകരിക്കുന്ന 'തരം താഴ്ന്ന' ഒരു തമിഴ് തമാശ അവരുടെ സാംസ്കാരിക കടുംപിടത്തങ്ങളുടെ സാന്നിധ്യത്തിലും അധികകാലം ആരെയും ചിരിപ്പിക്കാനിടയില്ല.
ലോകക്രമത്തിൻ്റെ ദുരിതങ്ങളിൽ നിന്നും താൽക്കാലികമായെങ്കിലും മോചനം നേടുന്നതിനുള്ള ഒരു മാർഗമായി പലരും സ്വീകരിക്കുന്ന ഒരു മാർഗമാണ് യാത്രകൾ. മനുഷ്യരുടെ സാധ്യതകൾ പരമാവധിയാക്കുന്നതിന് നമുക്ക് വൈവിധ്യപൂർണമായ അനുഭവങ്ങൾ -ബന്ധങ്ങൾ, രുചികൾ, സംഗീതങ്ങൾ- ഉണ്ടായിരിക്കണമെന്നാണ് കാൽപനികത നമ്മോടു പറയുന്നത്. 'പുതിയ ഒരനുഭവം എൻ്റെ കണ്ണ് തുറപ്പിച്ചു'വെന്ന റൊമാന്റിക് മിത്ത് നാം ആവർത്തിച്ചു കേൾക്കാറുള്ള ഒന്നാണ്. ഇതേ നിലയിൽ, സന്തോഷകരമായിരിക്കുന്നതിന് കഴിയുന്നത്ര ഉത്പന്നങ്ങളും സേവനങ്ങളും നാം ഉപഭോഗം ചെയ്യണമെന്നാണ് ഉപഭോക്തൃത്വം നമ്മോട് പറയുന്നത്. വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കാൽപനികത കൺസ്യൂമറിസവുമായി ആവശ്യത്തിലധികം ചേർന്നുപോകുന്ന ഒന്നാണ്. ആധുനിക ടൂറിസം വ്യവസായം നിലനിൽക്കുന്നതു തന്നെ ഇത്തരത്തിൽ 'അനുഭവങ്ങളുടെ വിപണി'യുമായി ബന്ധപ്പെട്ടാണ്.
ആൽഡസ് ഹസ്ക്ലിയുടെ 'ദ ബ്രേവ് ന്യൂ വേൾഡ്'എന്ന നോവൽ മനശാസ്ത്ര മരുന്നുകൾ ലോകം കയ്യടക്കുന്നതായി ചിത്രീകരിക്കുന്നതായ ഒന്നാണ്. ജോർജ് ഓർവലിന്റെ '1984' എന്ന രചനയെക്കാൾ ഒരുപക്ഷേ അസ്വസ്ഥമാക്കുന്നതാണ് ഈ കൃതി. വ്യവസ്ഥ അനുശാസിക്കുന്ന രീതിയിൽ പഠനം, ജോലി, കുടുംബം പുലർത്തൽ എന്നിവയിലൂടെ ഒരു വിഭാഗം നേടിയെടുക്കാൻ ശ്രമിക്കുന്ന ആനന്ദം കൃത്യമായ അളവ് തന്മാത്രകളുടെ സംയോജനത്തിലൂടെ മറ്റൊരു വിഭാഗം വളരെയെളുപ്പത്തിൽ നേടിയെടുക്കുന്നു. വ്യവസ്ഥയുടെ സാമ്പത്തികവും സാമൂഹികവുമായ ഘടനയെ അസ്ഥിരപ്പെടുത്തിയേക്കും എന്നതുകൊണ്ടാണ് ഭരണകൂടങ്ങൾ മയക്കുമരുന്നുകൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത് എന്ന ഒരു വാദം നിലനിൽക്കെത്തന്നയും സാമൂഹികവും സാംസ്കാരികവുമായ വിഭജനങ്ങളെ മുൻനിർത്തി ലഹരികൾ ആരെ 'രക്ഷിക്കും' ആരെ 'ശിക്ഷിക്കും' എന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. "ആശ്വാസങ്ങളറ്റ മനുഷ്യന് ദുശീലങ്ങളേക്കാൾ ഉതകുന്ന മിത്രമുണ്ടോ" എന്ന കൽപറ്റ നാരായണൻ്റെ കവിതാശകലത്തോട് -സൈകഡലിക് ഡ്രഗുകളുടെ കാര്യത്തിലെങ്കിലും- നമുക്ക് ഇടയേണ്ടിവരുന്നത് ഇവിടെയാണ്. ജീവിതത്തിൽ മടുപ്പനുഭവിക്കുന്നവർക്ക് ആരോരുമറിയാതെ തിരോഭവിക്കാനും പുതിയൊരു ജീവിതം പടുത്തുയർത്താനുമുള്ള സാധ്യതകൾ ചില രാജ്യങ്ങളിൽ നിയമപരിരക്ഷയോടെ ഇന്ന് നിലവിലുണ്ട്. 2020 ൽ പുറത്തിറങ്ങിയ Taipei Suicide Story എന്ന തായ്വാൻ ചലച്ചിത്രം ആത്മഹത്യ ചെയ്യാൻ മാത്രമായി മുറികളൊരുക്കുന്ന ഒരു സാങ്കൽപിക ഹോട്ടലിനെ അവതരിപ്പിക്കുന്ന ഒന്നാണ്. എന്നാൽ അവിടെയും തിരോധാനത്തിൻ്റെയും മരണത്തിന്റെയും ആയാസരാഹിത്യം ആർക്കൊക്കെയായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ കൊല്ലപ്പെടുന്നതിനേക്കാൾ സാധ്യത ആത്മഹത്യ ചെയ്യാനാണെന്നും വിശന്നു മരിക്കുന്നതിനേക്കാൾ സാധ്യത പൊണ്ണത്തടിയിൽ ഒടുങ്ങാനാണെന്നുമുള്ള യുവാൽ നോവാ ഹരാരിയുടെ പ്രവചനം അർത്ഥവത്താകുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്.