"തലയോലപ്പറമ്പ് മുഹമ്മദ് ബഷീർ"
കോഴിക്കോട്ടുകാർ ബഷീറിനെ സ്വന്തമാക്കിയത് കണ്ട് എനിക്ക് കുശുമ്പ് തോന്നി. "ഇമ്മിണി പുളിക്കും, ബഷീർ ഞങ്ങളുടെ ആളാ” എന്ന് മനസ്സിൽ പറഞ്ഞു. എന്റെ വീട് വൈക്കത്താണ് എന്ന് പറയുമ്പോൾ എല്ലാവരും ബഷീറിനെപ്പറ്റി ചോദിക്കും. അപ്പോൾ തലയോലപ്പറമ്പിലെ പഴയ കഥകൾ പറഞ്ഞു ഞാൻ ഒത്തിരി അഭിമാനം കൊള്ളും.

വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പ് യു പി സ്കൂളിൽ ടീച്ചറായി അമ്മച്ചിക്ക് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് ഞങ്ങൾ തലയോലപ്പറമ്പിൽ സ്ഥിരതാമസമാക്കിയതും അവിടെ ഞാൻ അഞ്ചാം ക്ലാസ്സിൽ ചേർന്നതും. പിൽക്കാലത്ത് ആ സ്കൂളിന്റെ പേര് വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ സ്കൂൾ എന്നായി.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ ചെറിയ മാമയുടെ പുസ്തകക്കെട്ടുകൾക്കിടയിൽ നിന്നാണ് "പാത്തുമ്മായുടെ ആട്" എന്ന നോവൽ എന്റെ കൈയ്യിൽ കിട്ടിയത്. പുറംചട്ട കീറിയ, തുടക്കവും ഒടുക്കവും ഒന്നും ഇല്ലാത്ത ആ പുസ്തകം എന്റെ അഞ്ചാം ക്ലാസ് ബുദ്ധി വച്ചാണ് ആദ്യമായി വായിച്ചത്. എഴുത്തുകാരനെ പറ്റിയുള്ള കുറിപ്പിൽ വൈക്കം മുഹമ്മദ് ബഷീർ തലയോലപ്പറമ്പിലാണ് ജനിച്ചത് എന്ന് കണ്ടപ്പോൾ അതിശയം തോന്നി.
വേമ്പനാട്ട് കായലിന്റെ കരയിലുള്ള വെച്ചൂർ എന്ന കുഗ്രാമത്തിൽ നിന്നും 20 കിലോമീറ്ററോളം അകലെയുള്ള തലയോലപ്പറമ്പിൽ എത്തിയ ഞങ്ങളെ പുതുമയുള്ള കാഴ്ചകളും ജീവിതവുമാണ് കാത്തിരുന്നത്. അതിൽ പ്രധാനം ചൊവ്വാഴ്ചയും ശനിയാഴ്ചയും നടക്കുന്ന പ്രസിദ്ധമായ തലയോലപ്പറമ്പ് ചന്തയാണ്. ഒരു കിലോമീറ്ററോളം നീളത്തിൽ റോഡിന് ഇരുവശത്തുമായി കച്ചവടക്കാർ നിരന്നിരിക്കുന്ന, പച്ചക്കറികൾ, പാത്രങ്ങൾ, ചട്ടികൾ, പായകൾ അങ്ങനെ ഒരുപാട് നിത്യോപയോഗ വിഭവങ്ങൾ നിറഞ്ഞ ചന്തയിലേക്കുള്ള യാത്രകൾ എന്റെ കുട്ടിക്കാലത്തെ രസകരമായ ഓർമ്മയാണ്.
ഒരുദിവസം കേട്ടു, നോവലിലെ പാത്തുമ്മയുടെ മകൾ ഖദീജയുടെ ഭർത്താവാണ് എന്നെ അഞ്ചാം ക്ലാസിൽ പഠിപ്പിക്കുന്ന ഷംസുദീൻ സാർ!ഷംസുദീൻ സാറിന്റെ വീട് തലയോലപ്പറമ്പ് ചന്തയുടെ ഭാഗമായ റോഡിന്റെ പിന്നിലായിരുന്നു. ചന്തക്കടുത്തു താമസിക്കുന്ന "ചന്തക്കകത്തെ മാമ" എന്ന ഞങ്ങളുടെ ഒരകന്ന ബന്ധുവാണ് ആ വീട്ടിലേക്കുള്ള വഴി കാണിച്ചുതന്നതും എഴുത്തുകാരനെപ്പറ്റിയും പാത്തുമ്മായെപ്പറ്റിയും ഖദീജയെപ്പറ്റിയുമൊക്കെയുള്ള വിവരങ്ങൾ പറഞ്ഞു തന്നതും.
നിരനിരയായി പണിത കടകൾക്കും കെട്ടിടങ്ങൾക്കും ഇടയിലൂടെയായിരുന്നു ആ വീട്ടിലേക്കുള്ള വഴി. കയറിച്ചെല്ലുന്നത് ഒരു നടുത്തളത്തിലേക്കാണ്. തളത്തിന്റെ ചുറ്റുമുള്ള മരത്തൂണുകളിൽ പ്ലാവിലകളുടെ ചെറിയ കെട്ടുകൾ ഞാത്തിയിട്ടിരുന്നു. അത് കടിച്ചുകൊണ്ട് ആ വീട്ടിലെ അസംഖ്യം ആടുകൾ. ഒരു കോണിൽ ചാരുകസേരയിൽ വെളുത്ത കുപ്പായവും പുള്ളിമുണ്ടും ഉടുത്ത്, തലയിൽ വെളുത്ത മൽമൽ തട്ടവും ഇട്ട് മുഖത്തൊരു കറുത്ത കട്ടിക്കണ്ണടയും വച്ച് ഇരിക്കുന്നുണ്ടാവും പാത്തുമ്മ വല്ലിമ്മ. ചുറ്റും വട്ടമിട്ട് ആടുകൾ. ഓരോ ആടുകൾക്കും ഓരോ പേരുകൾ ഉണ്ട്. അവരോട് മനുഷ്യരോടെന്ന പോലെ സംസാരിച്ചുകൊണ്ടാണ് വല്ലിമ്മയുടെ ഇരുത്തം. ഇടക്കിടെ ആടുകൾ ചന്തയിലേക്ക് പോകുകയും പച്ചക്കറി വേസ്റ്റും തിന്നു തിരികെ വരികയും ചെയ്തുകൊണ്ടിരിക്കും.
വീട്ടിൽ നിന്നു ഞാനും അനിയൻ ഹാരിഷും ആണ് ചന്തയിൽ പോകുന്നവർ. സാധനങ്ങൾ വാങ്ങുന്നതിലുപരി മദ്രസയിലെയും സ്കൂളിലെയും ഞങ്ങളുടെ കൂട്ടുകാരായ ഷംസുദീൻ സാറിന്റെ മക്കളോടൊപ്പം കളിക്കലാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശം. ഞങ്ങളെ കാണുമ്പോൾ തന്നെ ഉള്ളിലേക്ക് നോക്കി വല്ലിമ്മ പേരക്കുട്ടികളെ വിളിക്കും.
പാത്തുമ്മ വല്ലിമ്മയുടെ മകൾ ഖദീജ ഞങ്ങൾക്ക് ആട്ടിൻ പാൽ ചേർത്ത ചായ തരും. ഞങ്ങൾ ആടുകളും കൂട്ടുകാരുമൊക്കെയായി കളിച്ചു നേരം വൈകി വീട്ടിലെത്തി വഴക്ക് കേൾക്കും. ചന്തയിൽ നിന്ന് വാങ്ങിയ ചില സാധനങ്ങൾ അവരുടെ വീട്ടിൽ മറന്നു വെച്ചതിന്റെ പേരിലും ഇഷ്ടം പോലെ വഴക്ക് കേട്ടിട്ടുണ്ട്.
കഥയിൽ വായിച്ച പാത്തുമ്മയെ അതിശയത്തോടെയും ആരാധനയുടെയും ഞാൻ നോക്കിയിരിക്കും. ആടുകളോട് സംസാരിക്കുന്നതിനിടയിൽ പഴയ വിശേഷങ്ങൾ അവർ തുരുതുരാ പറയും. അന്ന് കേട്ടതിൽ പലതും ഇപ്പോൾ ഓർമയില്ല.
ഇടയ്ക്കിടെ പാത്തുമ്മ വല്ലിമ്മയെ കാണാൻ ഒരു വൃദ്ധൻ വരാറുണ്ട്. മുഹമ്മദ് ബഷീറിന്റെ അനിയൻ അബ്ദുൽ ഖാദർ. കുട്ടിക്കാലത്ത് കുരുത്തക്കേടുകളും കള്ളത്തരങ്ങളും ഒക്കെ ഒപ്പിച്ചിട്ട് ചേട്ടനായ ബഷീറിനെ തല്ലുകൊള്ളിച്ചിരുന്ന സാക്ഷാൽ അബ്ദുൽ ഖാദർ. ഒരു കാലിന് സ്വാധീനക്കുറവുള്ളതിനാൽ, വലിയ ഒരു ഇരുമ്പു വടിയിൽ എന്തിയേന്തിയാണ് മൂപ്പരുടെ നടപ്പ്.
പാത്തുമ്മയും അബ്ദുൽ ഖാദറും തമ്മിൽ സംസാരിക്കുമ്പോൾ ഇക്കാക്ക എന്നാണു ബഷീറിനെ പറ്റി പറയുക. ഇക്കാക്കയുടെയും കുടുംബത്തിന്റെയും സുഖവിവരങ്ങൾ ഒക്കെ കൈമാറും. ഇക്കാക്ക പെരുന്നാളിനു വരും എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. എങ്കിലും ഒരിക്കലും വന്നതായി ഓർമ്മയില്ല. അക്കാലത്ത് വൈക്കം മുഹമ്മദ് ബഷീർ, ഫാബി എന്ന കോഴിക്കോട്ടുകാരി ഭാര്യയും മക്കളുമൊത്ത് ബേപ്പൂർ സുൽത്താനായി കേരളത്തിലെ എഴുത്തുകാർക്കും വായനക്കാർക്കും വരുന്നവർക്കൊക്കെയും സുലൈമാനിയും തമാശകളും കഥകളും സൽക്കരിച്ച് മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ ഇരിപ്പുറപ്പിച്ചിരുന്നു.
ബഷീറിനെപ്പറ്റി തലയോലപ്പറമ്പിലെ നാട്ടുകാരിൽ നിന്നും പലതും അറിഞ്ഞു.
സ്കൂളിൽ പഠിക്കുന്ന കാലത്ത് വൈക്കം സത്യാഗ്രഹപ്പന്തൽ സന്ദർശനം കഴിഞ്ഞ് എന്നും ക്ലാസിൽ വൈകിയെത്തിയിരുന്നു കൊച്ചു ബഷീർ. സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ വൈക്കത്തെത്തിയ ഗാന്ധിജിയെ തിരക്കിലൂടെ നൂണ്ടു കയറി ഒന്ന് തൊട്ടത്, ഗാന്ധിയെ തൊട്ടയാൾ എന്ന് നാട്ടിലൊക്കെ പൊങ്ങച്ചം പറഞ്ഞു നടന്നത്, പിന്നീട് സ്കൂൾ പഠനം ഉപേക്ഷിച്ച് കോഴിക്കോട്ട് ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തത്, അങ്ങനെ ബഷീറിന്റെ കഥകളും കഥാപാത്രങ്ങളും ആ ഭൂമികയും ഒക്കെ അനുഭവിച്ചിട്ടായിരുന്നു തലയോലപ്പറമ്പിലെ ജീവിതം.
പാത്തുമ്മയുടെ ആടിന് ശേഷം സ്കൂൾ ലൈബ്രറിയിൽ നിന്നും കിട്ടിയ പുസ്തകം "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു" എന്ന പുസ്തകമാണ്. പുരോഗമനക്കാരനായ നിസാർ അഹമ്മദും കുഞ്ഞുപാത്തുമ്മയും തമ്മിലുള്ള പ്രേമത്തെക്കാൾ ആനമക്കാരിന്റെ പുന്നാരമോളായ കുഞ്ഞു പാത്തുമ്മയുടെ ഉമ്മയുടെ വീരസ്യങ്ങൾ ആയിരുന്നു ആ കഥയുടെ ശരിയായ രസം. അങ്ങനെ കൊമ്പനാന എന്നൊരു ആനക്കാര്യത്തിൽ തുടങ്ങി കുഴിയാനയിൽ അവസാനിക്കുന്ന കഥ. ബഷീറിന്റെ പല കഥകളിലും കേരളത്തിന്റെ തെക്ക് ഭാഗത്തുള്ള, പാവപ്പെട്ട മുസ്ലിം ജീവിതങ്ങൾ കാണാം. മലബാറിലേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അവരുടെ ജീവിത രീതി, സംസാരശൈലി, മതപരമായ ആചാരങ്ങൾ എന്നിവ.
വൈക്കം മുഹമ്മദ് ബഷീറുമായി എനിക്ക് പിന്നീടുണ്ടായ വൈകാരിക ബന്ധം എന്റെ ഭർത്താവിന്റെ പേര് മുഹമ്മദ് ബഷീർ എന്നതാണ്. കരുവാരക്കുണ്ടിലെ ഉപ്പ നല്ല വായനക്കാരനായിരുന്നു. അദ്ദേഹം "പാത്തുമ്മയുടെ ആട് " വായിച്ച കാലത്ത് ജനിച്ച സീമന്തപുത്രന് പ്രിയപ്പെട്ട എഴുത്തുകാരന്റെ പേര് നൽകി. ഒരുപാട് കാലം കഴിഞ്ഞു ജോലി സംബന്ധമായി കോഴിക്കോട്ട് താമസമാക്കിയപ്പോൾ കോഴിക്കോട്ടുകാർ ബഷീറിനെ സ്വന്തമാക്കിയത് കണ്ട് എനിക്ക് കുശുമ്പ് തോന്നി. "ഇമ്മിണി പുളിക്കും, ബഷീർ ഞങ്ങളുടെ ആളാ” എന്ന് മനസ്സിൽ പറഞ്ഞു. എന്റെ വീട് വൈക്കത്താണ് എന്ന് പറയുമ്പോൾ എല്ലാവരും ബഷീറിനെപ്പറ്റി ചോദിക്കും. അപ്പോൾ തലയോലപ്പറമ്പിലെ പഴയ കഥകൾ പറഞ്ഞു ഞാൻ ഒത്തിരി അഭിമാനം കൊള്ളും. ഈ ജൂലൈ 5 നും ഓർത്തു വൈക്കം മുഹമ്മദ് ബഷീറിനെ, പാത്തുമ്മയുടെ ആടുകളെ, തലയോലപ്പറമ്പിൽ ചന്തക്കകത്തുള്ള ആ വീടിനെ, ബഷീറിന്റെ കഥകൾ ഒത്തിരി പറഞ്ഞുതന്ന് കടന്നുപോയ എന്റെ അമ്മച്ചിയെ...