കിതാബിൽ ചേർക്കപ്പെടാത്തവർ
ഫനാ എന്ന സിനിമയിൽ കാജോൾ ധരിച്ചതുപോലെയുള്ള ഒരു മിഡിയാണ് അവരുടെ വേഷം. മലബാർ പെൺകുട്ടികൾ ധരിക്കാറുള്ളതുപോലുള്ള ചുറ്റിത്തട്ടം. പീകോക്ക് ത്രോണിൽ നിന്ന് കണ്ണെടുത്ത് അവർ എന്റെ മുഖത്ത് നോക്കി. ഏത് നാട്ടുകാരിയാണെന്നറിയാത്തതിനാലും ഇംഗ്ളീഷിൽ സംസാരിച്ചു തുടങ്ങാനുള്ള മടി കാരണവും ഞാൻ മുഖം കൊണ്ടുള്ള ആംഗ്യഭാഷയിൽ സംസാരിച്ചുതുടങ്ങി.

ഏതാണ്ട് ഒരു കിലോമീറ്ററുണ്ട് ഹോസ്റ്റലിൽ നിന്ന് ക്ലാസിലേക്ക്. മെസ്സിലെ ചപ്പാത്തിയും പച്ചരിച്ചോറും തിന്ന് മടുക്കുമ്പോൾ പുറത്തു പോയി ചിക്കൻ റൈസ് കഴിക്കണമെങ്കിലും, ഏറ്റവും ചുരുങ്ങിയത് വൈകുന്നേരം ഒന്ന് ചായകുടിക്കാൻ പുറത്തിറങ്ങണമെങ്കിലുമെല്ലാം ഒരു ബൈക്ക് അത്യാവശ്യമാണ്. യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോൾ ആദ്യമാലോചിച്ച കാര്യങ്ങളിൽ ഒന്നായിരിക്കും ഇത്. ഏതാണ്ട് എല്ലാവരുടെയും കാര്യം ഇങ്ങനെയൊക്കെ തന്നെയാണ്. എന്നോ ആരൊക്കെയോ വാങ്ങിയിട്ട കുറെയേറെ ബൈക്കുകളുണ്ട് ക്യാംപസിൽ. രണ്ടോ മൂന്നോ കൊല്ലത്തെ കോഴ്സ് കഴിഞ്ഞ് ഇറങ്ങുന്നവർ പുതിയ കുട്ടികൾക്ക് ചുളുവിലയ്ക്ക് വിൽക്കും. അവർ രണ്ട് വര്ഷം ഉപയോഗിച്ച് അടുത്ത തലമുറക്ക്. അങ്ങനെ പരമ്പരാഗതമായി കൈമാറി വരുന്ന PY രജിസ്ട്രേഷൻ വണ്ടികളിൽ ഒന്ന് സ്വന്തമാക്കുക എന്ന ഉദ്ദേശം റൂമിൽ ചർച്ചക്കിട്ടു. ഒരു പതിനായിരത്തിൽ താഴെ വിലക്ക് സംഗതി കിട്ടുമെങ്കിലും റൂമിലെ മൂന്നാളും കൂടി വാങ്ങി പൊതു വണ്ടി ആക്കി ഉപയോഗിക്കാം എന്നതായിരുന്നു എന്റെ പദ്ധതി. വിഷയം റൂം മേറ്റ്സ് അംഗീകരിച്ചു. ഏറെ വൈകാതെ ആരൊക്കെയോ കൈമാറി വന്ന ഒരു സ്പ്ലെണ്ടർ കബീർ ദാസ് അറുപത്തിരണ്ടാം മുറിയുടെ സ്വന്തമായി. അതികം വൈകാതെ അത് കബീർ ദാസിന്റെ തന്നെ പൊതുമുതൽ ആയി.
ഹോസ്റ്റലിലെ ഒച്ചപ്പാടുകളേക്കാൾ പ്രാധാന്യം മറ്റൊന്നിനും വകവെച്ചു നൽകാൻ ഉദ്ദേശമില്ലാത്തതുകൊണ്ട് തന്നെ ക്ലാസ്സിലോ ലൈബ്രറിയിലോ മറ്റെവിടെയെങ്കിലുമോ അധിക സമയം ചിലവഴിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ആയതിനാൽ അന്ന് ഉച്ചക്ക് കുളിച്ച് മാറ്റി ലൈബ്രറിയിൽ പോകാൻ തീരുമാനിച്ചത് ഒരു അസാധാരണ തീരുമാനമായിരുന്നു. റൂമിലിരുന്ന് ചെയ്താൽ തീരാത്ത അത്ര അസൈൻമെൻറ്റുകൾ ഉണ്ട്. എല്ലാം അതിന്റെ ഡെഡ് ലൈനിലാണുള്ളത്. ലൈബ്രറിയിലാകുമ്പോ വേറെ ശല്യങ്ങളൊന്നുമില്ലാതെ സമാധാനമായി ഇരുന്ന് വർക്ക് കംപ്ലീറ്റ് ചെയ്യാം. ഏകദേശം ഒരു രണ്ട് മണിയൊക്കെ ആയപ്പോൾ ഉച്ചഭക്ഷണവും കഴിഞ് കബീർദാസിന്റെ പൊതു സ്വത്തുമെടുത്ത് നേരെ ലൈബ്രറിയിലേക്ക് വെച്ചു പിടിച്ചു.
ലൈബ്രറിയോട് ചേർന്നുള്ള റീഡിങ് റൂമിലെത്തുമ്പോൾ ഏകദേശം രണ്ടേകാൽ ആയിരുന്നിരിക്കണം.ഏറ്റവും ശാന്തമായ ഇരിപ്പിടമായിരുന്നു ലക്ഷ്യം. നാലുപേർക്ക് ഷെയർ ചെയ്യാവുന്ന ടാബിളുകളാണ് ഏറെയും. വലതുഭാഗത്തെ ഗ്ളാസ് ചുമരിനോട് ചേർന്ന് ഒരല്പം സീറ്റുകൾ മാത്രമാണ് രണ്ടുപേർക്ക് ഷെയർ ചെയ്ത് ഉപയോഗിക്കാവുന്നതുള്ളത്. ഞാൻ നേരെ അങ്ങോട്ട് നടന്നു. ഇരുത്തമുറപ്പിച്ചയുടനെ ബാഗിൽ നിന്ന് ലാപ്ടോപ്പും പുസ്തകങ്ങളുമെടുത്ത് മേശപ്പുറത്തു വെച്ചു. മൂന്ന് പുസ്തകങ്ങളായിരുന്നു കയ്യിലുണ്ടായിരുന്നത്. അതിൽ രണ്ടെണ്ണവും എന്റെ പഠന വിഷയവുമായി ബന്ധപ്പെട്ടവയാണ്. മറ്റൊന്ന് 'ദി പീകോക്ക് ത്രോൺ' എന്ന നാടകമാണ്. ഞാൻ എന്തിനാണ് ഈ പുസ്തകം കൊണ്ടുവന്നത് എന്ന് എനിക്ക് തന്നെ ഒരു പിടിയുമുണ്ടായിരുന്നില്ല. പീകോക്ക് ത്രോൺ എടുത്ത് മേശപ്പുറത്തു വെച്ചപ്പോളാണ് മുന്നിലിരിക്കുന്നയാൾ ആ പുസ്തകത്തിലേക്ക് നോക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
അല്ല. ആ വ്യക്തിയെ തന്നെ ശ്രദ്ധിച്ചത് അപ്പോഴാണ്. ഫനാ എന്ന സിനിമയിൽ കാജൽ ധരിച്ചതുപോലെയുള്ള ഒരു മിടിയാണ് അവരുടെ വേഷം. മലബാർ പെൺകുട്ടികൾ ധരിക്കാറുള്ളതുപോലുള്ള ചുറ്റിത്തട്ടം.
പീകോക്ക് ത്രോണിൽ നിന്ന് കണ്ണെടുത്ത് അവർ എന്റെ മുഖത്ത് നോക്കി. ഏത് നാട്ടുകാരിയാണെന്നറിയാത്തതിനാലും ഇംഗ്ളീഷിൽ സംസാരിച്ചു തുടങ്ങാനുള്ള മടി കാരണവും ഞാൻ മുഖം കൊണ്ടുള്ള ആംഗ്യഭാഷയിൽ സംസാരിച്ചുതുടങ്ങി. പുസ്തകം വായിക്കാൻ വേണോന്നാണ് ഞാൻ ചോദിച്ചതെന്നും വേണമെന്നാണ് അവർ പറഞ്ഞതെന്നും രണ്ടുകൂട്ടർക്കും മനസ്സിലായതിനാൽ അവർ നേരെ പീകോക്ക് ത്രോൺ എടുത്ത് വായിച്ച് തുടങ്ങി.
മധ്യ കാല ഇന്ത്യാ ചരിത്രത്തിന്റെ നാടകാവിഷ്കാരമാണ് പീകോക്ക് ത്രോൺ. അവർ വായനയിലും ഞാൻ എന്റെ വർക്കിലും മുഴുകി.
ഇടക്കിടെ ലാപ്ടോപ്പിന്റെ മുകളിലൂടെ ഇടക്കണ്ണിട്ട് ഞാൻ അവരെ നോക്കി. ആദ്യമായാണ് ഇദ്ദേഹത്തെ ഞാൻ കാണുന്നത്. കണ്ടിട്ട് ജൂനിയർ ആകാനാണ് വഴി. ഹാ. എന്തെങ്കിലും ആകട്ടെ. സമയം ഏകദേശം അഞ്ച് മണി ആയിട്ടുണ്ട്. അസർ നിസ്കരിക്കണം. ലൈബ്രറിയിൽ നിന്ന് ഹോസ്റ്റലിലേക്ക് അത്യാവശ്യം ദൂരമുള്ളതിനാൽ ലൈബ്രറിയുടെ അടുത്തുള്ള ഒരു ഒഴിഞ്ഞ ഭാഗത്തുനിന്നാണ് പൊതുവെ എല്ലാവരും നിസ്കരിക്കാറുള്ളത്. ലാപ്ടോപ്പ് അടച്ചുവെച്ച് ഞാൻ എഴുനേറ്റു.
"നീങ്ക പോകിറയാ? വെച്ച്കൊങ്കോ"
പുസ്തകം എന്റെ നേരെ നീട്ടി അവൾ പറഞ്ഞു.
"അസർ നാമാസ്കാക പോറേൻ. തിരുമ്പി വരുവേൻ" അറിയാവുന്ന തമിഴിൽ ഞാൻ മറുപടി പറഞ്ഞു.
ഇതിൽകൂടുതൽ തമിഴ് സംസാരിക്കാനുള്ള ആത്മവിശ്വാസക്കുറവ് കാരണം ഞാൻ അതിവേഗം പുറത്തേക്കിറങ്ങാൻ തുനിഞ്ഞു.
"വെയിറ്റ്. ഐ ആം ആൾസോ കമിങ്" ഞാനും വരുന്നു എന്ന് അവൾ.
അസർ നിസ്കാരം കഴിഞ്ഞ് ഞാൻ റീഡിംഗ് റൂമിന്റെ പുറത്തെ സ്റ്റോൺ ബെഞ്ചിലിരുന്നു. ലൈബ്രറിയെക്കാൾ വിശാലമായ പാഠശാലയാണ് പുറത്തെ സ്റ്റോൺ ബെഞ്ചുകൾ. അകത്തിരുന്ന് വായിക്കുന്ന പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്നവ മാത്രമല്ല, പുറത്തെ സ്റ്റോൺ ബെഞ്ചിൽ പൂക്കുന്ന സൗഹൃദങ്ങളും പകർന്നു തരുന്നത് വിശാലമായ അറിവുകൾ തന്നെയാണെന്നല്ലേ. പണ്ട് സ്കൂളിൽ പോകാൻ മടി കാണിക്കുമ്പോൾ ഉമ്മ പറയാറുള്ള ഒരു കഥയുണ്ട്. സ്കൂളുകളോ ലൈബ്രറികളോ വിദ്യ നേടാൻ മറ്റു മാർഗങ്ങളോ ഇല്ലാത്ത ഒരു ഗ്രാമം. തന്റെ കുട്ടിക്ക് മികച്ച അറിവ് ലഭിക്കണം എന്ന് ആഗ്രഹമുള്ള ആ ഗ്രാമത്തിലെ ഒരമ്മ തന്റെ മകനോട് അടുത്ത ഗ്രാമത്തിലെ ഒരു ഗുരുവിനെ പോയി കാണാൻ നിർദേശം നൽകുന്നു. കൂടെ പോകാൻ അമ്മക്ക് സമയമോ സൗകര്യമോ ഇല്ലാത്തതിനാൽ കുട്ടിയെ തനിച്ച് പറഞ്ഞയക്കാൻ അമ്മ നിർബന്ധിതയാകുന്നു. കുട്ടി നടന്ന് ഗുരുവിന്റെ വീട്ടിലെത്തി. ഗുരു സന്നിധിയിലാകെ ഊദിന്റെ സുഗന്ധം. ചിലർ കഹ്വ തയ്യാറാക്കുന്നു. മറ്റുചിലർ ഈന്തചുള കീറിയിരുന്നു. ശിഷ്യന്മാർ ഗുരുസന്നിധിയിൽ ഇരുന്ന് അറിവ് നുകരുന്നു. കുട്ടി പുറത്ത് ഗുരു വിളിക്കുന്നതിനായി കാത്തിരുന്നു. എന്നാൽ ഗുരുവാകട്ടെ കുട്ടി സ്വയം ആവശ്യപ്പെടുന്നതായി കാത്തിരുന്നു. നേരം ഏറെ വൈകി. ക്ലാസ് അവസാനിച്ചു. ശിഷ്യർ മടങ്ങി. ഗുരുവിനോട് തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കാൻ ആവശ്യപ്പെടാനുള്ള ധൈര്യം ഇല്ലാത്തതിനാൽ കുട്ടി ഒന്നും മിണ്ടാതെ മറ്റുള്ളവരോടൊപ്പം മടങ്ങി. രണ്ടാം ദിവസവും കഥ ആവർത്തിച്ചു. എന്നാൽ ഇത്തവണ ഗുരു ചോദിച്ചു.
'ഇന്നലെയും വന്നു ഇന്നും വന്നു.എന്താ വന്നേ'
മറുപടി പറയാനുള്ള ധൈര്യം ഇല്ലാതിരുന്ന കുട്ടി ഒന്നും മിണ്ടാതെ ക്ലാസ് കഴിഞ്ഞ് മടങ്ങി പോകുന്ന കുട്ടികളോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അന്ന് രാത്രി അമ്മ കുട്ടിയോടു ചോദിച്ചു, "ഗുരുസന്നിധിയിൽ നിന്നും നീ എന്താണ് അഭ്യസിച്ചത്? അന്നന്ന് പഠിപ്പിക്കുന്ന കാര്യങ്ങൾ അന്നന്ന് തന്നെ മനഃപാഠമാക്കണം."
അവൻ ഉറക്കെ ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു 'ഇന്നലെയും വന്നു ഇന്നും വന്നു എന്താ വന്നേ..' ഈ ഒരൊറ്റ വാക്ക് മാത്രമാണല്ലോ അവൻ ഗുരു സന്നിധിയിൽ നിന്നും കേട്ടത്.
ആ നാട്ടിൽ ഒരു കള്ളൻ ഉണ്ടായിരുന്നു. ഒരു രാത്രി വീട് കയറി വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കും. പിറ്റേന്ന് രാത്രി എല്ലാം കൊണ്ടുപോകാനുള്ള വാഹനവുമായി അയാൾ വീണ്ടും വരും. മോഷ്ടിക്കും. തലേ ദിവസം രാത്രി അയാൾ ഈ വീട്ടിൽ വന്നിരുന്നു. മോഷ്ടിച്ച സാധനങ്ങൾ കൊണ്ടുപോകാനുള്ള സാമഗ്രികളുമായാണ് അയാൾ ഇന്നെത്തിയത്. അപ്പോഴാണ് വീട്ടിൽ നിന്നും ആവർത്തിച്ചാവർത്തിച്ചുള്ള ചോദ്യം. "ഇന്നലെയും വന്നു ഇന്നും വന്നു എന്താ വന്നേ." വീട്ടുകാർ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് തോന്നിയ കള്ളൻ ജീവനും കൊണ്ട് ഇറങ്ങിയോടുന്നു.
സ്റ്റോൺ ബെഞ്ചിന്റെ കഥ ഇങ്ങനെയൊക്കെയാണ്. അകത്തിരുന്ന് പുസ്തകം വായിച്ചവരോളം തന്നെ രക്ഷപ്പെട്ടവരുണ്ട് പുറത്തിരുന്ന് സൊറപറഞ്ഞവരിൽ. സ്റ്റോൺ ബെഞ്ച് ബഡ്ഡീസ് എന്ന വാട്സ്ആപ് ഗ്രൂപ്പ് വരെ ഉണ്ടെന്നാണ് കേട്ടത്. അസർ നിസ്കാരം കഴിഞ്ഞ് അവൾ പുറത്തെത്തി എന്നെ കണ്ടപാടെ അകത്തേക്ക് വരുന്നില്ലേയെന്ന് ചോദിക്കാനുള്ള മാന്യത അവൾ കാണിക്കാതിരുന്നില്ല. "ഐ വിൽ കം. കൊഞ്ചം നേരം റസ്റ്റ്."
"ഒറു ടീ ശാപ്പിട പോലാമാ".
ചായ കുടിക്കാൻ ആര് ക്ഷണിച്ചാലും അത് നിരസിക്കരുത് എന്നാണ് യൂണിവേഴ്സിറ്റിയിലെ അലിഖിത നിയമം. ഒരു ഗ്ളാസ് ചായയാണ് ബെറ്റ് വെക്കാൻ പോലും ഉപഗോഗിക്കാറ്. ഞാൻ സമ്മതം മൂളി നേരെ വേലു അണ്ണന്റെ ചായക്കടയിലേക്ക്. ഏകദേശം ഒരു ഇരുന്നൂറ് മീറ്റർ നടത്തമുണ്ട് അണ്ണന്റെ ചായക്കടയിലേക്ക്. കൂടുതൽ കൂടുതൽ പരിചയപ്പെട്ടും കഥകളും തമാശകളും പറഞ് ഏറെ സമയമെടുത്തതാണ് ചായക്കടയിലെത്തിയത്. ചെന്നൈക്കടുത്ത് വെല്ലൂർ എന്ന സ്ഥലത്താണ് അവളുടെ വീട്. ചെന്നൈയിൽ തന്നെയാണ് ബിരുദ പഠനം. ഇവിടെ മൈക്രോ ബയോളജിയിൽ പിജി ചെയ്യുന്നു. ആള് ഒരു ടോക്കെറ്റിവ് ആണെന്ന് മനസ്സിലാക്കാൻ സംസാരിക്കാനുള്ള അവരുടെ ആവേശം തന്നെ ധാരാളമായിരുന്നു.
ചായ കുടിച്ച് ഞങ്ങൾ ലൈബ്രറിയിലേക്ക് തിരിച്ച് നടന്നു തുടങ്ങി. ഒരു ആറ് മണിയായിക്കാണും. ഞാൻ നേരെ റീഡിങ് റൂമിന്റെ പുറത്തുള്ള സ്റ്റോൺ ബെഞ്ചിലേക്ക് നടന്നു. ഏതാണ്ട് ആറരയാകുമ്പോൾ മഗ്രിബ് ബാങ്ക് കൊടുക്കും. ഇപ്പൊ അകത്ത് കയറി വീണ്ടും ഇറങ്ങുന്നതിലും നല്ലത് ആറരക്ക് മഗ്രിബ് കുടി നിസ്കരിച്ച് കയറുന്നതാണെന്ന് തോന്നി. അവളും അതെ അഭിപ്രായമായിരുന്നു. രണ്ടുപേരും സ്റ്റോൺ ബെഞ്ചിലേക്ക്. അതിനിടയിൽ അവളുടെ ഫോൺ റിങ് ചെയ്തു. നാഗൂർ ഹനീഫയുടെ ഒരു പഴയ പാട്ടാണ് റിങ് ടോൺ. ഹനീഫ സാബിന്റെ പാട്ടുകളോട് വല്ലാത്ത ഇഷ്ടമാണെന്ന് അവൾ. എനിക്കും മറിച്ചായിരുന്നില്ല.
ഒരിക്കൽ ഗാന്ധി ഫെൽലോഷിപ്പിന്റെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് വേണ്ടി ചെന്നൈക്ക് പോയ സമയത്ത് അപ്രതീക്ഷിതമായി കേട്ട ഹനീഫ സാബിന്റെ പാട്ട് ഓർമ്മ വന്നു. രാവിലെ എട്ട് മണിക്ക് ചെന്നൈ എത്തണം. അതിനാൽ അതിരാവിലെ സുബ്ഹി നിസ്കരിച്ച ഉടനെ യൂണിവേഴ്സിറ്റി ഗെയ്റ്റിന് മുന്നിൽ ബസ് കാത്തുനിന്നു. ജീവിതത്തിലെ തന്നെ ആദ്യത്തെ ഇന്റർവ്യൂ ആയിരുന്നു അത്. ചെറിയ ഭയം ഇല്ലാതില്ല. ബസ് വന്നു. കാലാപ്പേട്ട് കഴിഞ്ഞ് മാരക്കാനത്തെ ഉപ്പുപാടം വഴി ബസ് പോകുമ്പോൾ ഏതാണ്ട് നേരം വെളുക്കുന്നതെ ഉണ്ടായിരുന്നുള്ളു. പ്രഭാതത്തിന്റെ മനോഹാരിതയിലിങ്ങനെ ഇരിക്കുമ്പോൾ ഡ്രൈവർ ഹനീഫ സാബിന്റെ പാട്ട് വെച്ചു. 'ഇറൈവനിടം കൈയ്യേന്തുങ്കൽ,
അവൻ ഇല്ലയെൻഡ്രു സൊല്ലുവതില്ലൈ.
പൊരുമയുടൻ കേട്ട് പാറുങ്കൽ
അവൻ പൊക്കിഷത്തെ മൂടുവതില്ലൈ.'
പടച്ചോനോട് ചോദിച്ചാൽ അവൻ നൽകും എന്ന പ്രതീക്ഷ നൽകുന്ന പാട്ടിനേക്കാൾ മനോഹരമായ എന്ത് മോട്ടിവേഷനാണ് ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോകുമ്പോൾ കേൾക്കേണ്ടത്... ഇന്റർവ്യൂയിൽ പങ്കെടുക്കുകയും ഫെല്ലോഷിപ്പ് ലഭിക്കുകയും എന്നാൽ ചില കാരണങ്ങളാൽ ജോയിൻ ചെയ്യാതിരുന്നതുമെല്ലാം മറ്റൊരു കഥ.
"എന്ന യോസിക്കിറെ?" (എന്താണ് ആലോചിക്കുന്നത്)
"ഒൻറും ഇല്ലൈ." തുടങ്ങി ഓൾടെ തമിഴ്.
മഗ്രിബിന്റെ സമയമായി. നിസ്കരിച്ച് ഞങ്ങൾ വീണ്ടും അകത്ത് കയറി വർക്ക് തുടർന്നു.
എനിക്ക് ഒരല്പം മടുപ്പ് വന്നുതുടങ്ങി. സമയം ഏഴായി, എട്ടായി, ഒമ്പതായി. ഭക്ഷണം കഴിക്കാൻ പോകുന്നില്ലേയെന്ന് ചോദിച്ചപ്പോൾ, ഇല്ല റൂം മേറ്റ് എടുത്ത് വെക്കും എന്ന് പറഞ്ഞു.
സമയം പത്തായി, പതിനൊന്നായി, പന്ത്രണ്ടായി. ഒന്നരക്ക് റീഡിങ് റൂം ക്ളോസ് ചെയ്യും.
ഒരുമണി ആയപ്പോഴേക്ക് എനിക്ക് വയ്യാതായി.ലാപ്ടോപ്പും പുസ്തകങ്ങളും എടുത്ത് ബാഗിൽ വെച്ചു.
"ആർ യൂ ലീവിങ്. (പോവുകയാണോ)
"അതെ, ഉറക്കം വരുന്നു"
അവൾ പീകോക്ക് ത്രോൺ എടുത്ത് എന്റെ നേരെ നീട്ടി. വെച്ചോളൂ എന്ന് ഞാനും
“ഇയാൾ മൈക്രോ ബയോളജിയിൽ അല്ലെ. ഞാൻ അവിടെ വന്ന് വാങ്ങിക്കോളാം.”
അവൾക്കും അതായിരുന്നു വേണ്ടിയിരുന്നത്. അതും പറഞ്ഞ് പാതി ഉറക്കത്തിൽ ഞാൻ പുറത്തിറങ്ങി.
“വെയ്റ്റ്, ഐ ആം ആൾസോ കമിങ്” (നിൽക്ക്, ഞാനും വരുന്നു).
നമ്മൾ രണ്ടുപേരും ഒരുമിച്ച് പുറത്തിറങ്ങി. നേരത്തെ പറഞ്ഞ സ്പ്ലെണ്ടർ ബൈക്ക് ലൈബ്രറിയുടെ ഇടതുവശത് ഭദ്രമായി തന്നെയുണ്ട്. അവൾ ഒരു സൈക്കിളിലായിരുന്നു വന്നത്. ഒരൽപം പിറകിലാണ് സൈക്കിൾ പാർക്ക് ചെയ്തിരുന്നത്.
ഒറ്റ കിക്കറിൽ വണ്ടി സ്റ്റാർട്ട് ആയാൽ അത് ആചാര ലംഘനമാകും എന്ന് നന്നായറിയാവുന്ന ഞങ്ങളുടെ സ്പ്ലെണ്ടർ നാലാമത്തെ അടിയിൽ സ്റ്റാർട്ട് ആകാൻ സമ്മതം മൂളി. വണ്ടി ഒരല്പം മുന്നോട്ട് നീങ്ങിയപ്പോഴാണ് വണ്ടിക്ക് ഒരു പുളച്ചിൽ ശ്രദ്ധയിൽ പെട്ടത്.
ശ്രദ്ധിച്ചപ്പോഴാണ് ബാക്ക് ടയർ പഞ്ചറാണെന്ന് തിരിച്ചറിയുന്നത്.അപ്പോഴേക്കും സൈക്കിളുമായി അവളുമെത്തി.
"എന്നാച്ച്?"
"ബൈക്ക് പഞ്ചറായ്ച്ച്"
"ഇപ്പൊ എന്ന പണ്ണ പോറേൻ"
"ഐ വിൽ വാക്, പരവേല്ല" (നടന്ന് പൊയ്ക്കോളാം, പ്രശ്നമില്ല)
അവൾ വാച്ചിലേക്ക് നോക്കി. സമയം വല്ലാതെ വൈകി. ഈ രാത്രിയിൽ ഇത്രയും ദൂരം ഞാൻ ഒറ്റക്ക് നടക്കുന്നതിൽ അവൾക്ക് വിഷമമുള്ളതായി തോന്നി. നമുക്ക് ഒരുമിച്ച് നടക്കാം എന്നായി അവൾ. വേണ്ട, ഞാൻ ഒറ്റക്ക് നടന്നോളാം. നീ വിട്ടോളൂ എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അവൾ കേട്ടില്ല. നമ്മൾ ഒരുമിച്ച് നടന്നു തുടങ്ങി. ഏകദേശം ഒന്നര കിലോമീറ്റർ. റോഡിന്റെ ഇരുവശത്തുമുള്ള മഞ്ഞ ലൈറ്റുകളാണ് രാത്രികളിൽ ക്യാമ്പസിനെ മനോഹരമാക്കുന്നത് രണ്ടുഭാഗത്തുമുള്ള മരങ്ങൾ മുകളിലെത്തുമ്പോൾ ഒന്നായി ചേർന്നാലിംഗനം ചെയ്യുന്നതിനാൽ ആകാശം കാണുക പ്രയാസം. പതിവിൽ കൂടുതൽ തണുപ്പുണ്ട് വേലു അണ്ണന്റെ ചായക്കടക്കടുത്തെത്തിയപ്പോഴാണ് മൂപ്പർ കട പൂട്ടാൻ പോവുകയാണെന്ന് മനസ്സിലായത്. സൈക്കിൾ എന്റെ നേരെ ഇട്ടിട്ട് അണ്ണാ എന്ന് വിളിച്ച് അവൾ നേരെ ചായക്കടയിലേക്ക് കയറി.
"രണ്ട് ടീ"
കട പൂട്ടാൻ നേരമായതിനാലും ഗ്ളാസ് കഴുകാനുള്ള മടി കാരണവും അണ്ണൻ പേപ്പർ ഗ്ലാസ്സിൽ ചായ തന്നു. ചായ കുടിക്കാൻ അഞ്ച് മിനുട്ട് ഇരുന്നതൊഴിച്ചാൽ ബാക്കി സമയം മുഴുവൻ ഹോസ്റ്റലിലേക്ക് നടക്കുകയായിരുന്നു. ഗേൾസ് ഹോസ്റ്റലാണ് ആദ്യമെത്തുക. അത് കഴിഞ്ഞ് അല്പം കുടി നടന്നു വേണം കബീർ ദാസിലെത്താൻ. ഭൂമി മലയാളത്തിൽ ഇനിയൊരു കഥയും പറയാൻ ബാക്കിയില്ലാത്ത വിധം അവൾ സംസാരിച്ചുകൊണ്ടേയിരുന്നു. ഹനീഫ സാബിന്റെ തമിഴ് ഖവ്വാലിയെക്കുറിച്ചാണ് സംസാരിച്ച് തുടങ്ങിയതെങ്കിലും മെഹ്ദി ഹസന്റെയും ഗുലാം അലിയുടെയും ഗസലുകൾ, അതിലെ പ്രണയം, വിരഹം, സംസാരവിഷയങ്ങൾ അങ്ങനെ നീണ്ടു. പ്രണയത്തോടൊപ്പം എല്ലായ്പ്പോഴും വിരഹത്തെ ചേർത്തുവെക്കുന്നത് മോർച്ചറിയുടെ മുന്നിൽ ‘ഭാഗ്യം ഇന്നാണ്, ഇന്നാണ്’ എന്ന് പറഞ്ഞ് അലറി വിളിച്ച് കച്ചവടം നടത്തുന്ന ലോട്ടറി വില്പനക്കാനന്റെ പാഴ്ശ്രമത്തോളം അനുചിതമാണെന്നാണ് എനിക്ക് തോന്നാറ്.രണ്ടുപേരുടെയും ഇഷ്ടങ്ങൾക്ക് ഒട്ടേറെ സാമ്യതകളുണ്ട്. ഗസൽ, ഖവാലി. രണ്ടുപേരുടെയും ഇഷ്ടങ്ങളിലെ പ്രധാനപ്പെട്ട കോമൺ ഫാക്ടർ അതായിരുന്നു മുഹമ്മദ് റാഫിയുടെ ഉറുദു ഗാനങ്ങളുടെ ഈണത്തിൽ തമിഴിൽ നാഗൂർ ഹനീഫ സാബ് പാടിയ പാട്ടുകളുണ്ട് എന്നത് അവളിൽ നിന്നാണ് ഞാൻ അറിയുന്നത്. ആ ഗണത്തിൽ പെടുന്ന ഹനീഫ സാബിന്റെ ‘ഇരു ലോകം പോറ്റ്റും ഇരൈ ദൂതരാം’ എന്ന പാട്ട് അതോടെ എന്റെ ഫേവറൈറ്റ് ആയി. "ചുപ്കേ ചുപ്കേ രാത് ദിൻ ആൻസു ബഹാനാ യാദ് ഹേ" അവൾ ഗുലാം അലിയുടെ ഗസൽ ചെറുതായൊന്ന് മൂളി തുടങ്ങി. ഹസ്രത് മൊഹാനിയുടെ മനോഹരമായ രചന.
"ഹം കോ അബ് തക് ആശികീ കാ വോ സമാനാ യാദ് ഹേ" ഞാൻ ഏറ്റു മൂളി. "നീങ്ക പാടുവീർകളാ?"
"ചെറുതായിട്ട്. ലിറ്റിൽ ബിറ്റ്." - ഞാൻ മറുപടി പറഞ്ഞു.
പാടിയും പറഞ്ഞും ഞങ്ങൾ നടത്തം തുടർന്നു. അവൾ ചില ഗസലുകളുടെ അർത്ഥങ്ങളുടെ ആഴങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. എനിക്ക് ഉറുദു അറിയില്ല എന്ന് പറഞ്ഞത് ആദ്യമവൾ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. കേരളത്തിലെ മുസ്ലിംകൾ ഉറുദുവിന് മറ്റു സംസ്ഥാനത്തേതുപോലെ പ്രാധാന്യം കൊടുക്കാറില്ല എന്നത് അവൾക്ക് അതിശയമായി തോന്നി. തമിഴ് മുസ്ലിംകൾക്കിടയിൽ ഉറുദു സജീവമാണെന്നത് എനിക്കും ഒരല്പം കൗതുകമായിരുന്നു. വെല്ലൂർ ഭാഗത്ത് തമിഴ് അറിയാത്ത ഉറുദുവിൽ മാത്രം സംസാരിക്കുന്നവർ വരെ ഉണ്ടത്രേ.
ഇന്ന് കമിതാക്കൾക്കൊക്കെ അവധിയാണെന്ന് തോന്നിക്കുന്ന വിധമുള്ള അസാധാരണമായ വിജനതയെ മറികടന്ന് ഗംഗയിലെത്തുമ്പോൾ (ഗേൾസ് ഹോസ്റ്റൽ) രാത്രി രണ്ടര ആയിരുന്നു. ഗുഡ് നൈറ്റ് പറഞ്ഞ് അവൾ ഹോസ്റ്റലിലേക്ക് കയറി. പിന്നീടുള്ള ഓരോ കാൽവെപ്പിലും മുമ്പില്ലാത്ത ഒരുതരം ഏകാന്തത അനുഭവപ്പെട്ടു.
ഇതുപോലൊരു ഒറ്റപ്പെട്ട നടത്തം മുമ്പ് നടന്നതാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണെന്ന് തോന്നുന്നു. അതിരാവിലെ സുബ്ഹി നിസ്കരിക്കാൻ പള്ളിയിൽ പോകുന്ന ശീലമുണ്ടായിരുന്നു അന്ന്. ഇന്നത്തെ പോലെ മൊബൈലും മറ്റുമൊന്നും കയ്യിലില്ല. അഞ്ചരക്കാണ് സാധാരണ വീട്ടിൽ നിന്ന് ഇറങ്ങാറ്. പതിവുപോലെ അന്നും അതിരാവിലെ ഉണർന്ന് പള്ളിയിലേക്ക് പുറപ്പെട്ടു. സാധാരണ അടുത്ത വീട്ടിലൊക്കെ ലൈറ്റ് കാണാറുണ്ടായിരുന്നു. അന്ന് എല്ലാ വീടുകളിലും ലൈറ്റ് ഓഫ്. ഇന്നെന്താ എല്ലാവർക്കും പതിവില്ലാത്ത ഉറക്കം എന്നതായി എന്റെ സംശയം. പള്ളിയിലെത്തിയപ്പോളാകട്ടെ ഗ്രിൽസും വാതിലുമെല്ലാം അടഞ്ഞ് കിടക്കുന്നു. പറ്റിയ അബദ്ധം അപ്പോഴാണ് മനസ്സിലായത്. സമയം അഞ്ചരയൊന്നും ആയിട്ടില്ല. നട്ടപ്പാതിരായാണ്. സമയം തെറ്റി ഉണർന്നതാണ്. ഈ പാതിരാത്രിയിൽ ഒറ്റക്ക് തിരിച്ചുപോകാനുള്ള ധൈര്യം ഏതായാലും ഇല്ല. ഇനി പള്ളിപ്പടിയിലിരിക്കാം എന്നാണെങ്കിൽ വലതുഭാഗത്തെ ഖബർസ്ഥാനിലെ ചീവീടുകൾ വല്ലാത്ത ശബ്ദമുണ്ടാക്കി പേടിപ്പിക്കാനൊരുങ്ങുന്നു. എത്ര നേരമിരുന്നെന്ന് ഒരു നിശ്ചയവുമില്ല. പള്ളിയുടെ അയല്പക്കത്തെ വീട്ടിലെ കാരണവർ പള്ളിയിലെത്തുന്നത് വരെ സ്വലാത്തും ദിക്റും ചൊല്ലി പേടിച്ച് വിറച്ച് അങ്ങനെയിരുന്നു.
ചിന്തകൾ കാടും മലയും കയറും മുമ്പേ ഞാൻ കബീർ ദാസിലെത്തി. ഹോസ്റ്റലിനു പുറത്ത് അധികാരത്തോടെ ഇരിക്കുന്ന രണ്ട് നായകളുണ്ട്. വല്ലപ്പോഴും ഹോസ്റ്റൽ അന്തേവാസികൾ റൂമിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ബാക്കിയും മെസ്സിലെ ഭക്ഷണത്തിൽ നിന്ന് ചില മൃഗ സ്നേഹികൾ നൽകുന്നതും ഒഴിച്ചാൽ കാര്യമായി ഒന്നും ലഭിക്കാതെ മെലിഞ്ഞൊട്ടിയ രണ്ട് ശരീരങ്ങൾ.
പണ്ടൊക്കെ നായകളെ പേടിയായിരുന്നു. പെങ്ങളുടെ കുട്ടി സ്കൂളിൽ നിന്ന് ലഭിച്ച മുട്ടയും കൊണ്ട് വരുന്നതിനിടെ ഒരിക്കൽ ഒരു തെരുവുനായ ആക്രമിക്കുകയുണ്ടായി. അതിൽ പിന്നെ രൂപപ്പെട്ട ഈ ഭയം മാറിയത് ഹോസ്റ്റലിലെ ഈ പാവങ്ങളെ കണ്ടത് മുതലാണ്.
രസകരമായ മറ്റൊരു സംഭവമുണ്ട്. നാട്ടിലുണ്ടായിരുന്ന സമയത്ത്, അടുത്ത വീട്ടിലെ രണ്ട് കുട്ടികൾ കളിക്കുന്നതിനിടെ പരസ്പരം വഴക്കായി. അതിൽ ദേഷ്യം വന്ന ഒരു കുട്ടി മറ്റേ കുട്ടിയെ 'നായെ... നായെ ' എന്ന് ഉറക്കെ വിളിച്ചു. കേട്ടപാടെ കുട്ടിയുടെ ഉമ്മ വീട്ടിൽ നിന്ന് ഇറങ്ങി വന്ന് കുട്ടിയെ പൊതിരെ തല്ലി. "നീ കൂട്ടുകാരനെ നായേന്ന് വിളിക്കുമോ? നിന്നെയാരാണ് ചീത്ത വിളിക്കാനൊക്കെ പഠിപ്പിച്ചത്?"
ഉമ്മയുടെ ശകാരം കേട്ട കുട്ടി ഇല്ല ഇല്ല എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. നായ എന്ന വാക്ക് ഇത്ര ഭീകരമായ തെറിയായതെങ്ങനെയെന്ന് കുട്ടിക്ക് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല. യുദ്ധം കഴിഞ്ഞ് കുട്ടിയുടെ ഉമ്മ അകത്തേക്ക് പോയി. അവൻ താടിക്ക് കയ്യും വെച്ച് വീടിന്റെ പുറത്ത് ഇരിപ്പ് തുടർന്നു. അതിനിടയിൽ ഒരു നായ നാവ് നീട്ടി വീടിന്റെ മുന്നിലേക്ക് വ ന്നു. ഒരല്പം പേടിപ്പെടുത്തുന്ന ഭാവം. 'ഉമ്മാ... നായ' എന്ന് ഉറക്കെ വിളിച്ച് പറയണം എന്നുണ്ടായിരുന്നിരിക്കണം അവന്റെ ഉള്ളിൽ. പക്ഷെ അവൻ മിണ്ടാതെ പേടിച്ച് വിറച്ച് അങ്ങനെയിരുന്നു. നായ ഒന്ന് കുരച്ചപ്പോൾ അവൻ ഉറക്കെ വിളിച്ച് പറഞ്ഞു. "ഉമ്മാ... പശു... പശു... പശു ഉമ്മാ പശു..."
കബീർ ദാസ് അറുപത്തിരണ്ടാം മുറി. മുട്ടുവിൻ തുറക്കപ്പെടും എന്നാണെങ്കിലും വാതിൽ തുറക്കാൻ കുറെയേറെ മുട്ടേണ്ടി വന്നു. ഒടുവിൽ തുറക്കപ്പെട്ടു. മുഖത്ത് പോലും നോക്കാതെ ഉറക്കപ്പിച്ചിൽ വാതിൽ തുറന്ന ഉടനെ വീണ്ടും മൂപ്പർ കട്ടിലിലേക്ക് വീണു.
"മ്മൾടെ വണ്ടീടെ സൗണ്ട് കേട്ടില്ലല്ലോ. നീ എങ്ങനെയാ വന്നേ?"
"വണ്ടി പഞ്ചറായി, ഞാൻ നടന്നു വന്നു"
"നിനക്ക് വിളിക്കായിരുന്നില്ലേ. ഞാൻ റൂഫസിന്റെ വണ്ടി എടുത്ത് വരുമായിരുന്നല്ലോ"
"രാത്രിയല്ലേ. ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി. പിന്നെ ഒരു സുഹൃത്തുമുണ്ടായിരുന്നു. സംസാരിച്ച് മെല്ലെ നടക്കാം എന്ന് കരുതി"
"ഓഹ്"
"ഏത് സുഹൃത്ത്?"
മൈക്രോ ബയോളജിയിലെ ഒരു ഫസ്റ് ഇയർ സ്റ്റുഡന്റ് ആണ്"
"ഹം"
"നല്ല കുട്ടി. ഇഷ്ടായി" അറിയാതെ വായിൽ നിന്ന് വീണുപോയ ഒരു വാക്ക്. റൂം മേറ്റ് ഏറ്റുപിടിച്ചു.
"നിനക്ക് ഇഷ്ടായോ?"
"യെസ്"
"അവളോട് പറഞ്ഞോ?"
"ഹേയ്, അങ്ങനെ ഇഷ്ടം എന്നല്ല ഞാൻ ഉദ്ദേശിച്ചത്. ഒരു നല്ല കുട്ടി എന്ന് മാത്രം. നിങ്ങൾ അതിനെ ഇങ്ങനെ ഇൻറ്റർപ്രറ്റ് ചെയ്യല്ലേ."
"അവൾ ഏതാ ഹോസ്റ്റൽ?"
"ഗംഗ"
"വാ പോകാം"
"എങ്ങോട്ട്?"
"ഗംഗയിലേക്ക്"
“എന്തിന്?”
“ അവളോട് ഇഷ്ടമാണെന്ന് പറയാൻ”
“നിങ്ങൾ വേണ്ടാത്ത മാലക്കെട്ട് എടുത്ത് തലയിൽ വെക്കല്ലേ”
“ഇതൊക്കെ ഒരു രസല്ലേ മോനെ. നീ വാ“
റൂം മേറ്റ് അടുത്ത റൂമിന്റെ വാതിൽ മുട്ടി അവരെയും എഴുനേൽപ്പിച്ചു. രണ്ട് ബൈക്ക് സംഘടിപ്പിച്ചു എന്നെയും പിടിച്ച് വലിച്ച് നേരെ ഗംഗയിലേക്ക് "നീ പോയി ഓളോട് ഇഷ്ടമാണെന്ന് പറ"
"പോടാ"
ഗേൾസ് ഹോസ്റ്റലിൽ ആൺകുട്ടികൾക്ക് പ്രവേശനമില്ല. ആയതിനാൽ ഫോണിൽ വിളിച്ച് പുറത്തു വരാൻ പറയണം. എന്റെ കയ്യിലാകട്ടെ അവളുടെ നമ്പറൊന്നുമില്ല. ഞാൻ ചോദിച്ചിരുന്നില്ല. ആകെയുള്ള വഴി ഹോസ്റ്റലിന്റെ പുറത്ത് ഇരിക്കാം എന്നുള്ളതാണ്. ഏതെങ്കിലും പെൺകുട്ടികൾ അകത്തോട്ട് പോവുകയോ പുറത്തേക്ക് വരുകയോ ചെയ്യുമ്പോൾ അവരുടെ സഹായം തേടാം. അധികമൊന്നും കാത്ത് നിൽക്കേണ്ടി വന്നില്ല. സിൽവർ ജൂബിലിയിലെ സല്ലാപം കഴിഞ്ഞ് വരുന്ന കമിതാക്കളെ കണ്ടെത്തി. അതിലൊരാൾ ഗംഗ ഹോസ്റ്റലിലാണ്. കാര്യം അവതരിപ്പിച്ചു. വട്ടാണല്ലേ എന്ന മോഹൻലാൽ സ്റ്റൈൽ ചോദ്യമായിരുന്നു ആദ്യ പ്രതികരണം. കാണേണ്ടയാളെ കുറിച്ച് അറിയാവുന്ന വിവരങ്ങൾ നൽകി.
"നിങ്ങൾ പറയുന്ന പോലൊരാൾ ഈ ഹോസ്റ്റലിൽ ഇല്ല"
"ഉണ്ട്. ഞാൻ ഇപ്പൊ അവരെ ഇവിടെ കൊണ്ട് വിട്ട് റൂമിലെത്തിയതെ ഉള്ളു."
അപ്പോഴേക്ക് ഗംഗയിലെ വേറെയും ചില കുട്ടികൾ പുറത്തെത്തി.
"എഡോ, ഈ ഹോസ്റ്റലിൽ ഏറെയും സെക്കന്റ് ഇയേഴ്സ് മാത്രമാണ്. അപൂർവം ജൂനിയേസ്സും. നീ പറയുന്ന പോലൊരാൾ ഏതായാലും ഈ ഹോസ്റ്റലിൽ ഇല്ല"
ഞാൻ ആകെ കൺഫിയൂസ്ഡ് ആയി. റൂം മേറ്റ്സിന്റെ മുഖത്ത് പതിവില്ലാത്ത ദേഷ്യം പ്രകടമായി. നട്ടപ്പാതിരാക്ക് ഉറക്കം കെടുത്താൻ ഓരോ മൂച്ചിപ്പിരാന്തും കൊണ്ട് വരും എന്ന മട്ടിൽ ഓരോരുത്തരും എന്റെ മുഖത്ത് മാറി മാറി നോക്കി. എനിക്കറിയാവുന്ന പരമാവധി വിവരങ്ങൾ ഞാൻ അവർക്ക് നൽകി. “ചിലപ്പോ വേറെ ഏതെങ്കിലും ഹോസ്റ്റൽ ആകും. ഇവിടെയായിരിക്കില്ല.” “ഇവിടെ തന്നെയാണ്. അവർ ഈ ഹോസ്റ്റലിലേക്കാണ് കയറി പോയത്.” “എങ്കിൽ നീയീ പറയുന്ന കുട്ടിയുടെ സൈക്കിൾ എവിടെ?” ന്യായമായ ചോദ്യം "വണ്ടി എടുക്ക്. ഇവന് ഭ്രാന്താണ്"
ആരോ ഇടക്ക് പറഞ്ഞ അഭിപ്രായം ഐക്യകണ്ടേനേ പാസായി. നമ്മൾ തിരിച്ച് കബീർ ദാസിലെത്തി. അന്ന് രാത്രി ഉറങ്ങാൻ ഞാൻ ഒരല്പം കഷ്ടപ്പെട്ടു. അതിരാവിലെ എഴുനേറ്റു കുളിച്ച് ഞാനെന്റെ ഹിസ്റ്ററി ക്ലാസിലേക്ക് പോകുന്നതിനു പകരം നേരെ മൈക്രോ ബയോളജിയിലേക്ക് വെച്ച് പിടിച്ചു. ഡിപ്പാർട്ട്മെന്റിൽ പോയി അന്വേഷിച്ചു. എല്ലാവർക്കും ഒരേ അഭിപ്രായം. അങ്ങനെ ഒരാൾ ഇവിടെയില്ല. കൂടുതൽ ആലോചിച്ച് തല പുണ്ണാക്കാൻ എനിക്കും ഉദ്ദേശമുണ്ടായിരുന്നില്ല. നേരെ ലൈബ്രറിയിൽ പോകണം. വണ്ടി പഞ്ചറൊട്ടിക്കണം. ക്ലാസിൽ പോകണം.
വേലു അണ്ണന്റെ ചായക്കടയുടെ മുന്നിൽ അക്കമാർ അടിച്ചുവാരുന്നുണ്ട്. ഇന്നലെ കുടിച്ച ചായയുടെ ഗ്ളാസ് പുറത്ത് അലസമായുപേക്ഷിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. ലൈബ്രറിയിലും റീഡിംഗ് റൂമിലുമൊക്കെ ആളുകൾ വന്ന് തുടങ്ങുന്നതേയുള്ളൂ. ഞാൻ എന്റെ ബൈക്ക് ലക്ഷ്യമാക്കി നടന്നു. ബൈക്ക് തള്ളി പങ്ചർ ഷോപ്പിൽ പോകാനൊരുങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്. വണ്ടി പഞ്ചറല്ല. യാതൊരു കുഴപ്പവുമില്ല. വണ്ടി എടുത്ത് ഒന്ന് ഓട്ടി നോക്കി. ഒരു പുളച്ചിലുമില്ല. ഇന്നലെ രാത്രി വല്ലാതെ പുളഞ്ഞ വണ്ടിക്ക് ഇന്നിപ്പോ എന്ത് സംഭവിച്ചു? ഹോസ്റ്റലിൽ പോയി ബാഗെടുത്ത് നേരെ ക്ലാസിൽ പോകണം. ആശങ്കകളൊഴിയുന്നില്ലെങ്കിലും ക്ലാസ് മുടക്കുന്നതിൽ അർത്ഥമില്ലല്ലോ. ഇന്നലെ കുടിച്ച ചായയുടെ ആ പേപ്പർ ഗ്ളാസ് വലിച്ചെറിഞ്ഞ സ്ഥലത്ത് ഉണ്ടോന്നറിയണം. വണ്ടി എടുത്ത് ഒന്നുടെ വേലു അണ്ണന്റെ ചായക്കടക്ക് മുന്നിലേക്ക് വിട്ടു. അടിച്ചുവാരി വൃത്തിയാക്കി അക്കമാർ അപ്പോഴേക്ക് അവിടം വിട്ടിരുന്നു. ഞാൻ വീണ്ടും കബീർ ദാസിലെ എന്റെ മുറിയിലെത്തി.
"പഞ്ചറൊട്ടിച്ചോ?"
"ആഹ്"
ക്ലാസിൽ പോകാൻ ധൃതിയിൽ ബാഗെടുത്ത് തോളിൽ വെച്ചു. അപ്പോഴാണ് ശ്രദ്ധിച്ചത്. ബാഗിനടിയിൽ ഭദ്രമായി ഒരു പുസ്തകം.
'ദി പീകോക്ക് ത്രോൺ