അജ്ഞതയുടെ പതിമൂന്നാം ഇടം
വിവിധ ഫിസിക്സ് തിയറികൾക്കിടയിൽ വെച്ച് പലവട്ടം ഇരുവരുടെയും കണ്ണുകൾ കഥ പറഞ്ഞപ്പോൾ ഒരു ദിവസം ഹൂഗ്ലിയുടെ തീരത്തേക്ക് അവൾ അവന്റെ ഒരുദിനം കടം വാങ്ങി.

ഇന്നലെ ഹിമാലയത്തിന്റെ മുകൾത്തട്ടിൽ തന്റെ പ്രൊഫസറെ കാണാൻ വള്ളിനിക്കർ ഇട്ടുപോയ അതിദാരുണ സ്വപ്നം കണ്ടാണ് നിർമ്മാൽ പുലർച്ചെ പതിനൊന്നുമണിക്ക് പതിവുതെറ്റി ഉണർന്നത്. അതല്ലെങ്കിലും ഈ നശിച്ച രോഗം ലോകം കീഴ്പ്പെടുത്തിയത് മുതൽ നിർമ്മാൽ ഉണരുന്നത് പതിവുതെറ്റി തന്നെയാണ്. സ്വപ്നത്തിലെ ഹിമാലയ മഞ്ഞുമലകളെക്കാൾ അവനെ കീഴ്പ്പെടുത്തിയത് സ്വപ്നവഴികളിൽ അവൻ കണ്ടുമുട്ടിയ അതീവസുന്ദരിയെപ്പറ്റിയുള്ള വിചാരധാരയായിരുന്നു. തനിക്ക് ആരായിരിക്കും അവൾ, എന്തിനവൾ തന്റെ സ്വപ്നത്തിൽ കടന്നുകൂടി, തനിക്കവൾ എത്രമാത്രം പ്രിയപ്പെട്ടവളാകുന്നു... എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒരായിരം ചോദ്യങ്ങൾ താക്കൂർപുകൂറിലെ തന്റെ ഏകാന്തമുറിയിലെ അടച്ചുവെച്ച പത്രത്തിലെ റൊട്ടിയുടെ സങ്കീർണ്ണതയ്ക്കൊപ്പം അവന്റെ തലക്കുള്ളിൽ ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുന്നു.
പെട്ടെന്നവന് ഓർമ്മയിൽ തെളിഞ്ഞത് കൊൽക്കത്തയിലെ അവന്റെ ആദ്യകാല പ്രിയപ്പെട്ടവളെപ്പറ്റിയുള്ള ചിന്തകളാണ്. സെറ്റപ്പ് കാറ്റ് അടിച്ച മുടി പറത്തി തങ്ങളുടെ ഡിപ്പാർട്മെന്റിന് കുറുകെ തന്റെ മുഴുത്ത ചന്തി കുലുക്കി സിഗ്നേച്ചർ നൃത്തങ്ങളുടെ സിഗ്സാഗ് ഭാഷയിൽ തന്നെ വലംവെച്ച സോനാലി മുഖർജി. തമിഴ്നാട്ടിൽനിന്നും ബിരുദപഠനത്തിന് കൊൽക്കത്തയിലെത്തുമ്പോൾ ഒന്നിനെപ്പറ്റിയും വല്യ ധാരണ ഇല്ലാതിരുന്ന നിർമ്മാലിന് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത് അവളാണ്. അതിൽ അന്ന് വരെയുള്ള നോട്ടുകളും അസൈന്മെന്റുകളും എല്ലാം ഉൾപ്പെടും. പലവിധ കാരണങ്ങളാൽ നിർമ്മാൽ തന്റെ ഡിപ്പാർട്ട്മെന്റിൽ ജോയിൻ ചെയ്തത് അല്പം വൈകിയാണ്. അതുകൊണ്ടുതന്നെ സോനാലിയുടെ സഹായങ്ങൾ അവനെ അത്രമേൽ സ്വാധീനിച്ചിരിക്കണം. നിർമ്മാൽ അവളെപ്പറ്റി കൂടുതൽ ഓർത്തെടുത്തു. എസ്പ്ലനേഡ് മാർക്കറ്റിലെ പ്രത്യേകതരം അത്തർ പൂശി വശീകരിക്കുന്ന സുഗന്ധം പരത്തി, പോകുന്ന വഴികളിൽ തന്റെ ചിരികൊണ്ട് പ്രകാശം പരത്തുന്ന സോനാലി. ചിലപ്പോഴൊക്കെ കുട്ടികൗതുകത്തോടെ അവൾ നടന്ന വഴികളിലെ ഗന്ധങ്ങളെ തഴുകി അവൻ നിൽക്കാറുണ്ട്. പുതുദേശത്തിലെ പുതുസുഗന്ധം. നിർമ്മാലിനു പണ്ട് മുതലേ മണങ്ങളോട് വല്യപ്രിയമാണ്. അതുകൊണ്ടാവാം ഇവിടെ ഞങ്ങൾ തമ്മിൽ മറ്റാരേക്കാളും അടുപ്പമുണ്ടായത്. ഒന്നായിമാറിയത്.
വിവിധ ഫിസിക്സ് തിയറികൾക്കിടയിൽ വെച്ച് പലവട്ടം ഇരുവരുടെയും കണ്ണുകൾ കഥ പറഞ്ഞപ്പോൾ ഒരു ദിവസം ഹൂഗ്ലിയുടെ തീരത്തേക്ക് അവൾ അവന്റെ ഒരുദിനം കടം വാങ്ങി. ഇതിനുമുൻപേ താൻ പുലർത്തിയിരുന്ന അതേ കൗതുകം തനിക്കുമേൽ അവൾക്കുമുണ്ടെന്ന് നിർമ്മാൽ പലരാൽ പറഞ്ഞറിഞ്ഞിരുന്നു. അങ്ങനെ ഒടുവിൽ ഒരവധിദിവസം താക്കൂർപുകൂറിലെ വരാന്ത ഭേദിച്ചവൻ വിജനമായ ശാകിർബസാറിലെ പുച്ചക (പാനിപുരിയുടെ ബംഗാളി നാമം) വിൽക്കുന്ന ദാദയെയും ന്യൂ അലിപൂരിലെ ട്രാമുകളെയും മറികടന്ന് ബാബുഘട്ടിൽ എത്തിച്ചേരുമ്പോൾ അവൻ കരുതിയിരുന്നില്ല തനിക്ക് ഏറ്റവും മനോഹരസായാഹ്നമായിത്തീരും അതെന്നത്, ഒരുപക്ഷെ, ദുഃഖഭരിതവും. പിന്നെ അവൻ കണ്ടത് ഗംഗയുടെ തീരത്ത് (ഗംഗയുടെ ഒഴുക്ക് ബംഗാളിൽ ഹൂഹ്ലി എന്നും അറിയപ്പെടാറുണ്ട് ) സോനാലി അവനെക്കാത്ത് ബൗൾ സംഗീതത്തിന്റെ അകമ്പടിയോടെ കടത്തുകാരനുമായി നിൽക്കുന്നതാണ്. പിന്നെ കടത്തുവള്ളത്തിന്റെ വശ്യതക്കും പ്രണയത്തിന്റെ അകമ്പടിക്കും ശേഷം ഘട്ടിൽ തിരിച്ചെത്തുമ്പോൾ പ്രണയവർണങ്ങളിൽ അവൻ നനഞ്ഞുകുതിർന്നിരുന്നു. ഒടുവിൽ ഘട്ടിലെ പാർക്കിൽ തന്തൂരിചായയുടെയും വർണ്ണപ്പൊതിയിൽ തീർത്ത പാൻകേക്കിന്റെയും നടുവിൽ വിവശനായിരുന്നപ്പോൾ അവൾ അവനോട് ഇങ്ങനെ ആവശ്യപ്പെട്ടു. "നിർമ്മാൽ നമ്മുടെ പാപങ്ങൾക്ക് ഒരു പരിഹാരം വേണം. അതിനാൽ നാം ഈ ഗംഗയിൽ ശുദ്ധി ചെയ്യണം." "ഈ ഗംഗയിലോ?" നിർമ്മാൽ ആശ്ചര്യപ്പെട്ട് തിരിച്ചുചോദിച്ചു. തന്നെക്കാൾ മലിനമായ ഗംഗ, സകലരുടെയും പാപഭാരങ്ങൾ പേറി അശരണയായ ഗംഗ. ഒടുവിൽ നീട്ടിമുറിച്ച ഇടഞ്ഞ മൗനത്തിനുശേഷം നിർമ്മാൽ തന്റെ പാപക്കറകളെപ്പറ്റി ഒന്നോർത്തെടുത്തു. ഇല്ല, കൽക്കട്ടയിൽ വന്നതിൽ പിന്നെ അത്രയൊന്നും... ഏയ്... ഈ ചെറിയ കാലയളവിൽ മാസികകളിൽ മാത്രം വായിച്ചുപരിചയമുള്ള സോനകച്ചി മറ്റുസ്ഥലങ്ങളെപ്പോലെത്തന്നെ കാണാൻ പോയതോ? മാംസമുണങ്ങാത്ത മാംസത്തെരുവുകൾ എന്ന തലക്കെട്ടിനപ്പുറം അവിടുത്തെ ജീവിതങ്ങൾ അടുത്തറിഞ്ഞതോ? അല്ല, അതൊന്നുമാവില്ല. അവൻ ഒരു നിമിഷം നെടുവീർപ്പിട്ടു. പിന്നെ കാളിഘട്ടിലെ കാളി അമ്പലത്തിൽ തന്റെ മനസ്സിലെ പ്രതിഷ്ഠയെ കണ്ടെത്താത്തതിനാൽ കുമ്പിടാതിരുന്നതോ? ഇതൊക്കെ പാപങ്ങളാണോ? അവൻ ഒരു നിമിഷം മൗനത്തിലാണ്ടു. അല്ല ഇനി തന്റെ ജന്മദേശത്തിലെ പാപങ്ങളാകുമോ? അതൊരിക്കലും അനുവദനീയമല്ല. ജന്മനാട്ടിലെ പാപങ്ങൾക്കൊന്നും അന്യനാട്ടിൽ സ്ഥാനമില്ല. അതൊക്കെയും ആ നാട്ടിലെ സ്വകാര്യതയാണ്. അല്ല, ഇനി താൻ അവൾക്ക് കുറച്ചുമുമ്പ് കൈമാറിയ പ്രണയമെങ്ങാനും... ഹ ഹ... എന്നുമുതലാണ് പ്രണയം പാപമായി രൂപം പ്രാപിച്ചത്. നിർമ്മാൽ തന്നോട് തന്നെ ചിരിച്ചു. തനിക്കു താഴെ മാത്രം ദൈവങ്ങളെ വിശ്വാസത്തിലെടുക്കുന്ന തന്റെ പാപങ്ങൾ ക്ഷമിക്കാൻ ഏത് ദൈവത്തിനാണ് അർഹതയുള്ളത്. "തന്റെ പാപങ്ങൾ തന്റേതു മാത്രമാണ്. ഒരു ദൈവത്തിനും അതിനുമേൽ സ്ഥാനമില്ല" എന്ന് പറഞ്ഞതുമുതലാണ് അവർ പരസ്പരം അകന്നിരുന്നത്. അന്ന് തൊട്ടാണ് അവർ പരസ്പരം മിണ്ടാതായത്. ഒടുവിൽ മൂടൽമഞ്ഞിന്റെ നേർത്ത ഫലകം നീക്കി അവൻ ഓർമ്മകളിൽ നിന്നും തലപൊക്കി.
ഇല്ല, മുഖർജിയാവാൻ തരമില്ല. കടം കൊടുത്ത സാധനത്തിനും സഫലമാകാത്ത പ്രണയത്തിനും പിന്നെ അവശേഷിക്കുന്ന പാപമോചനത്തിന്റെ ഗംഗാജലഭാരത്തിനുമപ്പുറം തങ്ങൾക്കിടയിൽ ഒരു മഞ്ഞ്, മഴ, ഒരു ഇടവുമില്ല. നിർമ്മാൽ ഉറപ്പിച്ചു. മറന്നുപോയ സ്വപ്നത്തിന്റെ വീണ്ടെടുപ്പിന് ആഞ്ഞു കിണഞ്ഞു. തന്റെ വഴികളിൽ നഷ്ടപ്പെട്ട സ്വപ്നത്തെ കണ്ടുമുട്ടുവാൻ അവൻ വീണ്ടും ഇറങ്ങിത്തിരിച്ചു. കിട്ടേണ്ട സ്വപ്നത്തിന് ഉറക്കം കടം വാങ്ങി. പക്ഷെ നിരാശ ബാക്കിയാക്കി കടം വാങ്ങിയ ഉറക്കത്തിനപ്പുറം ഒരു സ്വപ്നവും തിരികെ വന്നില്ല. അവന്റെ പൂർത്തീകരിക്കാത്ത സ്വപ്നത്തിന്റെ പിരിമുറുക്കത്തിൽ ഓർമ്മകളുടെ ഉച്ചിയിൽവെച്ച് ഓർമ്മ ഓടിച്ചെന്നത് ഒടുവിൽ ഗുജറാത്തിലേക്കാണ്.
പേരിനു മഴ തോർന്ന ഗന്ധമുള്ളവൾ തന്റെ ഇൻസ്റ്റയിലെ തൂലികാനാമം മാത്രം പരിചിതമായ ഗുജറാത്തി സുഹൃത്ത്. അതേ പേരുള്ള മറ്റൊരു ഫ്രെണ്ടിനയച്ച മെസ്സേജ് വഴിതെറ്റി അവരുടെ ചാറ്റ് ബോക്സിൽ എത്തുമ്പോൾ നിർമ്മാൽ കരുതിയിരുന്നില്ല താൻ തുറക്കാത്ത പല വഴികളും അവൾക്കുമുമ്പിൽ തുറക്കുമെന്ന്. മഴതോർന്ന നേരങ്ങളിൽ ആ മഴ അവനുമേൽ ഉറക്കം കെടുത്തിയ പല രാത്രികൾ സമ്മാനിച്ചപ്പോൾ അവൻ ഉണർന്നിരുന്ന പകലുകൾ ഇനിയും ബാക്കിയുള്ള ഔചിത്യബോധ്യത്തിനുമേൽ പെയ്തിട്ടില്ലാത്ത മഴയുടെ ഗന്ധമുള്ള തന്റെ പ്രിയപ്പെട്ടവൾ. ഇല്ല, മഴ മൂടിക്കെട്ടിയ ആകാശങ്ങൾക്കും ഇടയ്ക്കിടെ പെയ്യുന്ന പെരുമഴക്കും ഉപരി തങ്ങൾക്കിടയിൽ ആ നേർത്ത മഞ്ഞുമഴയുടെ നേരിയ സാധ്യത അവനു കണ്ടെത്താനായില്ല. ഏയ്, അവിടെ വെച്ച് നൽകിയ തന്റെ വിലപ്പെട്ട വിലക്കപ്പെടാത്ത ചുംബനങ്ങൾ എങ്ങനെ അവൾക്കാകും. ഒരു ഇടവുമില്ല. ആ മഴക്ക് മഞ്ഞിന്റെ ഗന്ധമില്ല. നിർമ്മാൽ ഉറപ്പിച്ചു. ഓർമ്മകൾ ഓടി ഒളിക്കുമ്പോൾ അവന് എങ്ങുനിന്നോ എന്തെന്നില്ലാത്ത ചിരി വന്നു. അത് അവളെക്കുറിച്ച് ഓർത്തെടുത്തത് കൊണ്ടല്ല. മറിച്ച് പ്രത്യയശാസ്ത്രപരമായി അത്തരമൊരു സ്ഥാനം തന്റെ സ്വപ്നങ്ങളിൽ ഇപ്പോൾ കടന്നുവരരുതെന്ന് അവന്റെ നിർബന്ധം കൂടി അതിലുടലെടുത്തത് കൊണ്ടാണ്. ഒരുപക്ഷെ, അവന്റെ അസഹിഷ്ണുതയാവാം.
അങ്ങനെ ചാറ്റൽമഴയുടെ ശമനത്തിനും ബാക്കിയായ മഴപ്പാറ്റകളുടെ ഉയിർപ്പിനും ശേഷം വീണ്ടും ഉറക്കം അവനെ തേടിയെത്തി. ഇന്നവന്റെ ഉറക്കം പുലർച്ചെ പത്തുമണിയായി നിശ്ചയിക്കപ്പെട്ടിരുന്നു. ഉറക്കച്ചടവിൽ ഒഴുകിയെത്തിയത് തനിക്കവിടെ അപരിചിതമായ രവീന്ദ്രസംഗീതമായിരുന്നു. ഈയടുത്ത കാലത്ത് തന്നെ അലട്ടുന്ന പ്രിയപ്പെട്ട പൂർത്തീകരിക്കാത്ത സ്വപ്നത്തിന്റെ വരവിനുമുൻപ് ആകാശത്തിന്റെ അതിരുകളിൽ നിന്ന് തന്റെ ജനലരികിൽ ഭേദിച്ച് തന്നെ വരവേറ്റിരുന്ന സൂര്യപ്രഭയേക്കാൾ തേജസ്സുണ്ടായിരുന്നു ഇന്നവന് തന്റെ ഇടത്തിലെ ആ സംഗീതം, തന്റെ ഇന്നത്തെ ഉണർവ്വ്.
പുലർച്ചെ, ഓർമ്മകളുടെ അകമ്പടിയോടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ തന്റെ പരുത്ത റൊട്ടിയെ പ്രതിഫലിപ്പിക്കുന്ന മുഖഭാവമുള്ള ഹൗസോണറോട് മനസ്സിൽ മായാതിരുന്ന, ഒഴുകിയെത്തിയ സംഗീതത്തെപ്പറ്റി നിർമ്മാൽ ചോദിച്ചു. റൊട്ടി ചൂടുപാലിൽ വീണ അതുമല്ലെങ്കിൽ തനിക്കുമുൻപിൽ മാസമുറതെറ്റാതെ വാടക ചോദിക്കാൻ വരാറുള്ളതിനുമപ്പുറം, അവന് അപരിചിതമായ ഒരു മുഖഭാവത്തോടെ ഹൗസോണർ പറഞ്ഞുതുടങ്ങി. "അത് അപരാജിത, അവളുടെ പാട്ടാണത്. സോംനാഥ് മിൽത്രയുടെ ഏക മകൾ. ഈ ഗല്ലിയിലെ പതിമൂന്നാമത്തെ വളവിൽ, അവിടെയാണ് അവരുടെ വീട്". ഒരു പതിഞ്ഞ താളമില്ലായ്മക്കു ശേഷം അയാൾ തുടർന്നു. "ഞാനറിയുന്ന കാലം മുതൽ അവളിങ്ങനെ ഇടയ്ക്കിടെ പാടും. നല്ല കഴിവുള്ള കുട്ടിയാണ്. പറഞ്ഞിട്ടെന്താ അരയ്ക്കു കീഴ്പോട്ടു തളർന്നു കിടപ്പാണ്".
പിന്നീട് കൂടുതലൊന്നും അയാൾ പറഞ്ഞില്ല. അവന് അധികമൊന്നും ചോദിച്ചില്ല. പതിഞ്ഞ നിശബ്ദതയോടെ റൊട്ടി പൂർത്തീകരിച്ച നിർമ്മാൽ ചിന്തിച്ചു. തനിക്ക് അന്യമായ പതിമൂന്നാമത്തെ വളവ്. തന്റെ വലതുവശത്തെ ശവപ്പറമ്പിനും അത് കഴിഞ്ഞുള്ള അഴുക്കുചാലിനും പിന്നെ അവശേഷിച്ച പള്ളിയും കഴിഞ്ഞ് തന്റെ 'അജ്ഞതയുടെ പതിമൂന്നാം ഇടം'.
ഒരുപക്ഷെ, ആ വളവിലെ അപരാജിതയുടെ വീടിന് തനിക്കു പ്രിയപ്പെട്ട ചുവന്ന നിറമായിരിക്കണം. ചിലപ്പോൾ കൊൽക്കത്തയിലെ മരങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കുറിയ വാകമരവും വീട്ടുമുറ്റത്തുണ്ടാവാം. ആ നിമിഷം രൂപമില്ലാത്ത എന്തൊക്കെയോ ചിന്തകൾ അവന്റെ മനസ്സിൽ രൂപം പ്രാപിച്ചുകൊണ്ടേയിരുന്നു. അപരാജിതയെപ്പോലെ എത്രപേർ. നാം തടവിലകപ്പെടുന്നതിനുമുമ്പ് തടവിലാക്കപ്പെട്ടവർ ഒരുപക്ഷെ നമ്മളെക്കാൾ മുൻപ് സ്വാതന്ത്ര്യം നേടിയവർ. ഒടുവിൽ അത്തരം ചിന്തകൾക്കുമിപ്പുറം അവനെ തേടിയെത്തിയത് ലോക കോവിഡിന്റെ രോഗവ്യാപനം മൂലം രാജ്യത്തെ ലോക്ക്ഡൗൺ ഇനിയും നീളും എന്ന വാർത്തയാണ്. ഇനിയും പരസ്പരം വേർത്തിരിക്കാനാവാത്ത എത്ര രാവുകൾ, എത്ര പകലുകൾ.
നിർമ്മാലിന്റെ സ്വപ്നങ്ങൾ എന്ന പോലെ ഞാനും എന്റെ പഴയ ഓർമ്മകളിലേക്ക് തിരികെപ്പോയി. ഇപ്പോൾ ഒന്നും പഴയപടി അല്ല. മനുഷ്യരെല്ലാം വീട്ടിൽ അടച്ചിരിക്കുന്നതിനാൽ എനിക്ക് പഴയപോലെ ആ ദുർഗന്ധങ്ങൾ വമിക്കണ്ട. അല്ലെങ്കിൽ ഈ സമയം ആകുമ്പോഴേക്കും നൂറ്റാണ്ടുകൾക്കുമുമ്പ് നിരത്തിലോടിയ വാഹനങ്ങളുടെ ഗന്ധം മുതൽ പുതുതായി ഉടലെടുത്ത കെട്ടിട സ്തൂപങ്ങളുടെ കെട്ടടങ്ങാത്ത മണങ്ങൾ വരെ ഞാനൊറ്റയ്ക്ക് ചുമക്കേണ്ടി വന്നേനേ. ഈ നേരമാകുമ്പോഴേക്കും ഒന്ന് തളരും. ഇന്നെന്റെ ഒഴുക്കിൽ വല്ലാത്ത സ്വാതന്ത്ര്യം ഞാനനുഭവിക്കുന്നു. ഇവിടെ നിർമ്മാലിന്റെ ഇടത്തിൽ മിക്ക ആളുകളും വൈകുന്നേരങ്ങളിൽ എന്നെ പ്രാപിച്ചാണ് നിൽപ്പ്. പട്ടം പറത്തലാണ് പ്രധാനവിനോദം. നിർമ്മാലിന്റെ ഫ്ലാറ്റിന്റെ ഉച്ചിയിലുമുണ്ട് അവസാനിക്കാത്ത മത്സരങ്ങൾ. വൈകുന്നേരങ്ങളിൽ അവരുടെ തെരഞ്ഞെടുത്ത സമയങ്ങളിൽ ഞാൻ അവയെ പ്രാപിക്കും. ചില പ്രത്യേക വർണങ്ങൾ ഉള്ള പട്ടങ്ങൾ എനിക്ക് വല്യ പ്രിയമാണ്. തന്റെ കെട്ടിടത്തിന്റെ മുകളിൽ ഒറ്റയ്ക്ക് നിൽക്കുന്ന നിർമ്മാലിനെ എനിക്കിപ്പോൾ കാണാം. എന്തോ ആലോചിച്ചു നിൽപ്പാണ്. തന്റെ സ്വപ്നങ്ങളൊക്കെ മറന്ന മട്ടാണ് അവനെന്നു തോന്നുന്നു. അല്ലെങ്കിലും ഹിമാലയത്തിന്റെ മുകൾത്തട്ടിൽ പോയിട്ട് തനിക്ക് പ്രിയപ്പെട്ട കോളേജ് ചത്വരത്തിൽ ഇനി എന്ന് എന്ന ദുഖത്തിലാവാം അവൻ. ഞാൻ മെല്ലെ അവനിലേക്ക് ഒഴുകി. പൂർത്തിയാക്കാൻ കഴിയാതെ സ്വപ്നങ്ങൾ നൂലുവിട്ട പട്ടങ്ങൾ പോലെയാണ്. പണ്ട് ആരെങ്കിലും ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചോ എന്നറിയില്ല. പക്ഷെ എനിക്കിപ്പോൾ അങ്ങനെ തോന്നുന്നു.
ആരോടെന്നില്ലാതെ ഞങ്ങൾ പറഞ്ഞു, "അപരാജിത തുമി".