മെഹ്ഫിലുകൾ പെയ്ത കോഴിക്കോടൻ തട്ടിൻപുറങ്ങൾ
നാലുവരി പാടിക്കഴിഞ്ഞ് ശ്വാസം എടുക്കാനായാസപ്പെട്ട് വിറയ്ക്കുന്ന കൈപ്പത്തികൊണ്ടു നെഞ്ചുതടവിക്കൊണ്ട് അബ്ദുൽഖാദർ ഈ ഗാനമാലപിച്ചവസാനിപ്പിച്ചപ്പോൾ ശ്രോതാക്കളിൽ പലരുടെയും കണ്ണുകൾ നിറഞ്ഞുതുളുമ്പി. ഓർമകളുടെ കുത്തൊഴുക്കിൽ ഇടയ്ക്ക് അദ്ദേഹത്തിന് തൊണ്ടയിടറും.

വാക്കുകൾ പരാജയപ്പെടുന്നിടത്ത് സംഗീതം സംസാരിക്കുന്നു. മനസുകളിൽ ആനന്ദത്തിന്റെ അലയൊലി സൃഷ്ടിക്കാൻ വല്ലാത്ത കഴിവുള്ള ഒന്നാണ് സംഗീതം. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കാണതിന്റെ സംവേദനം. വല്ലാത്ത മാന്ത്രികതയാണ് സംഗീതത്തെ പൊതിഞ്ഞിരിക്കുന്നത്. ആ മാന്ത്രികതയെ നെഞ്ചോടു ചേർക്കാൻ എല്ലാ വിഭാഗം ജനങ്ങളും ശ്രമിച്ചിട്ടുണ്ട്. കോഴിക്കോട് എന്ന ദേശം സംഗീതത്തിൽ വിസ്മയങ്ങൾ തീർത്ത ദേശമാണ്. കോഴിക്കോട്ടെ മിക്ക തട്ടുമ്പുറങ്ങൾക്കും അനേകം മെഹ്ഫിലുകളുടെ കഥ പറയാനുണ്ടാകും. ഹിന്ദുസ്ഥാനി സംഗീതത്തിന് ഹൃദയം നല്കിയ പാരമ്പര്യമാണ് കോഴിക്കോടിനുള്ളത്. പണ്ഡിത പാമര ധനിക ദരിദ്ര വ്യത്യാസമില്ലാതെ കോഴിക്കോട്ടെ ഹൃദയങ്ങളെ ഒന്നു ചേർക്കുന്ന ഒന്നാണ് ഹിന്ദുസ്ഥാനി സംഗീതം. ഒരു തബലയും ഹാർമോണിയവുമെടുത്ത് നഗരത്തിന്റെ ഓരത്തെവിടെയോ ആരെങ്കിലും പാടിത്തുടങ്ങിയാൽ ഗതാഗതക്കുരുക്കുണ്ടാക്കാൻ മാത്രം വലിയ ആളുകൾ ഇന്നും കോഴിക്കോടിന്റെ നഗരതീരങ്ങളിൽ ഒരുമിച്ചു കൂടിയെന്നിരിക്കും. അത്രയേറെ കോഴിക്കോട് സംഗീതത്തെ ചേർത്തു പിടിച്ചിരിക്കുന്നു.
കോഴിക്കോടിന്റെ സംഗീത ചരിത്രമാരംഭിക്കുന്നത് സമ്പന്നരുടെ ആഘോഷങ്ങളിൽ നിന്നാണ്. ആഘോഷങ്ങൾക്ക് കൊഴുപ്പേറ്റാനായി സമ്പന്നർ സംഘടിപ്പിച്ചിരുന്ന ഗസൽ രാവുകളാണ് പിന്നീട് ഒരു നഗരത്തെയൊന്നാകെ വിഴുങ്ങിക്കളഞ്ഞത്. സമ്പന്നരുടെ കല്യാണവീടുകളും അഘോഷാവസരങ്ങളും തേടിയാണ് ഹാർമോണിയപ്പെട്ടിയുമായി ഒട്ടനവധി പേർ കോഴിക്കോട്ടെത്തുന്നത്. സാധാരണക്കാരിലൊരുവനായി കഴിയാൻ ആഗ്രഹിച്ചിരുന്ന ഇക്കൂട്ടർ സാധാരണക്കാരനിലേക്ക് സംഗീതം പകർന്നു നൽകുകയായിരുന്നു. മതിലു തീർത്തിരുന്ന ഭാഷകൾ ഈ പകർച്ചയിൽ ചാമ്പലായി തീർന്നു. ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്കുള്ള സംവേദനമായി ആ സംഗീതം വളർന്നു. തെരുവോരങ്ങളിലും തട്ടിൻപുറങ്ങളിലും കണ്ണീരും കിനാവും പേറി പാടിയൊഴിഞ്ഞവരാണ് ഈ സംഗീത വിപ്ലവത്തിന് നാന്ദി കുറിച്ചത്.
ആഢ്യത്വത്തിന്റെ രൂപമായി കണ്ടിരുന്ന മെഹ്ഫിലുകൾ സാധാരണക്കാരന്റേതായി മാറിയ ആ വലിയ വിപ്ലവം സോഷ്യലിസത്തിന്റെ പ്രാവർത്തിക രൂപമായിരുന്നിരിക്കണം. ഹാർമോണിയവും തബലയും ഇഴചേരുന്ന തട്ടുമ്പുറങ്ങൾ തന്നെയായിരിക്കണം കോഴിക്കോട് അബ്ദുൽ ഖാദറിനെയും ബാബുരാജിനേയുമെല്ലാം വാർത്തെടുത്തിട്ടുണ്ടാവുക. ഗായകന്റെ പാട്ടുകൾക്ക് ഒത്തുപാടുന്ന ഒരു സംസ്കാരം കോഴിക്കോടുണ്ടായിരുന്നു.
കോഴിക്കോടിന്റെ തീരപ്രദേശങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു ഹിന്ദുസ്ഥാനി സംഗീതം വളരുന്നത്. കടലോരങ്ങളിൽ സാധാരണക്കാരന്റെ ഉള്ളകങ്ങളിൽ ഗസലുകൾ വിരിയുമ്പോൾ തളി പോലുള്ള സ്ഥലങ്ങളിൽ കർണാടിക് സംഗീതത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. പുതിയാപ്പ, വെള്ളയിൽ, പള്ളിക്കണ്ടി, കോതി, ഇടിയങ്ങര, കുറ്റിച്ചിറ, ഫ്രാൻസിസ് റോഡ് അങ്ങനെ നീണ്ടു കിടക്കുന്നു മെഹ്ഫിൽ വേദികൾ. പൂഴിത്തൊഴിലാളികൾ, തട്ടുകടക്കാർ, ഖബറു കുഴിക്കുന്നവർ എന്നു തുടങ്ങി നാനാവിധ മേഖലകളിൽ നിന്നുള്ളവരും മെഹ്ഫിലുകളിൽ സജീവമാകും. ഓരോ പീടിക മുറികളുടെ മുകൾത്തട്ടും സംഗീത സാന്ദ്രമാകും. മുഹമ്മദ് റഫി, മുകേഷ്, ഹേമന്ദ് കുമാർ തുടങ്ങിയവരുടെ പാട്ടുകൾക്കിടക്ക് വയലാറിന്റെയും പി. ഭാസ്കരന്റെയും വരികളും മെഹ്ഫിലുകളെ കുളിരു കോരിച്ചിരുന്നു.
പിന്നീട് കോഴിക്കോട് അബ്ദുൽഖാദറും ബാബുരാജും ദർബ മൊയ്തീൻ കോയയുമെല്ലാം മെഹ്ഫിലുകളിലെ താരങ്ങളായി. എൺപതുകളുടെ അവസാനം വരെയായിരുന്നു മെഹ്ഫിൽ കാലഘട്ടം. ആരാണ് കേമൻ എന്നു തെളിയിക്കുന്നതിനായി മികച്ച കലാകാരന്മാരെ കൊണ്ടു വരാനും അവർക്ക് അവസരം നല്കാനും ഓരോ മെഹ്ഫിൽ കൂട്ടായ്മകളും മത്സരിക്കുകയായിരുന്നു. മാളികപ്പുറങ്ങൾ വാടകയ്ക്കെടുത്ത് ക്ലബുകൾ സ്ഥാപിച്ചു. സംഗീത പ്രേമികളായ കച്ചവടക്കാരുടെ ഓരോ യാത്രയിലും പുതിയ കലാകാരന്മാരെയും കൊണ്ടായിരിക്കും മടക്കം. കോഴിക്കോട്ടെ തട്ടിൻപുറങ്ങളിൽ പാകിസ്താനി സംഗീതജ്ഞർ പോലും പാടിയിട്ടുണ്ടത്രെ. കോഴിക്കോടിന്റെ മെഹ്ഫിലുകളെയും സംഗീതത്തെയും സമ്പന്നമാക്കിയ രണ്ടു പേരായിരുന്നു കോഴിക്കോട് അബ്ദുൽഖാദറും ബാബുരാജും. അവരുടെ ചരിത്രമെന്നതു തന്നെ കോഴിക്കോടിന്റെ സംഗീത ചരിത്രമാകും.
കോഴിക്കോട് അബ്ദുൽ ഖാദർ
അൻപതുകളിലെ മലയാളികളുടെ സംഗീത ജീവിതത്തെ സ്വാധീനിച്ച സ്വരമാധുരിയായിരുന്നു കോഴിക്കോട് അബ്ദുൽ ഖാദർ. കോഴിക്കോട് മിഠായി തെരുവിൽ ഒരു വാച്ച് കമ്പനി നടത്തിയിരുന്ന ജെ എസ് ആൻഡ്രൂസിന്റെ മകനായി 1915 ജൂലൈ 19 നാണ് അദ്ദേഹത്തിന്റെ ജനനം. ലെസ്ലി ആൻഡ്രൂസ് എന്നായിരുന്നു പേര്. വയലിൻ വിദ്വാനായിരുന്ന പിതാവിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുകയും വിദ്യാർഥി കാലത്തു തന്നെ നന്നായി പാടുകയും ചെയ്യുമായിരുന്നു. പതിവായി പാതിരാ മെഹ്ഫിലുകളിൽ ലെസ്ലി പങ്കെടുക്കാറുണ്ടായിരുന്നു. അതായിരിക്കാം പള്ളിപ്പാട്ടുകൾ പാടി നടന്നിരുന്ന ലെസ്ലിയെ ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് നയിക്കുന്നത്. പാട്ടും കളിയുമായി നടന്ന ലെസ്ലിയെ നേർവഴിക്കാക്കാൻ പിതാവ് ആൻഡ്രൂസ് ബർമയിലെ സഹോദരിയുടെ അടുത്തേക്ക് അയച്ചു. ബർമ യാത്ര ഒട്ടും താൽപര്യമില്ലായിരുന്നെങ്കിലും ഗത്യന്തരമില്ലാതെ ബർമയിലെത്തിയ ലെസ്ലി അവിടെയും സംഗീതക്ലബുകളിലായിരുന്നു സമയം ചിലവഴിച്ചത്. തങ്ങളുദ്ദേശിച്ച വഴിയിലേക്ക് മകൻ വരുന്നില്ല എന്നു കണ്ടപ്പോൾ രണ്ടു വർഷങ്ങൾക്കിപ്പുറം ലെസ്ലിയെ നാട്ടിലേക്കു തന്നെ തിരികെയയച്ചു.

ലെസ്ലിയുടെ സൗഹൃദങ്ങളിൽ വന്നു പെട്ട ബർമക്കാരായ മുസ്ലിം ഗായകരുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ ഇസ്ലാം സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത്. നാട്ടിലെത്തിയ അദ്ദേഹം അബ്ദുൽ ഖാദർ എന്ന പേരും സ്വീകരിച്ചു. പിന്നീടാണ് കോൺസ്റ്റബ്ൾ കുഞ്ഞുമുഹമ്മദിന്റെ സഹോദരി ആച്ചുമ്മയെ അദ്ദേഹം വിവാഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെ പത്തു മക്കളിൽ നാലു പേർ നന്നേ ചെറുപ്പത്തിൽ തന്നെ വിടപറഞ്ഞു. പ്രസിദ്ധ ഗായകനായിരുന്ന നജ്മൽ ബാബു അദ്ദേഹത്തിന്റെ മകനാണ്. വിവാഹശേഷം അവസരങ്ങൾ തേടി അദ്ദേഹം മുംബൈക്ക് കയറി. അവിടെ സൈഗാളിന്റെ പാട്ടുകൾ പാടി നടന്നു. ഒടുവിൽ മലബാർ സൈഗാൾ എന്ന പേരും അദ്ദേഹത്തിന് ചാർത്തപ്പെട്ടു. സംഗീത സംവിധായകൻ നൗഷാദ് ഒരു സിനിമയിൽ അദ്ദേഹത്തിന് അവസരം നല്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഒരു മകന്റെ മരണം. തുടർന്ന് നാട്ടിലേക്ക് തിരിച്ച അദ്ദേഹം തിരികെ പോയതേയില്ല.
പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി വേദികളിൽ അദ്ദേഹം സ്ഥിരസാന്നിധ്യമായി. പിന്നീട് 1951 മുതൽ അദ്ദേഹം സിനിമയിൽ പാടിത്തുടങ്ങിയെങ്കിലും 1954 ലെ നീലക്കുയിലിൽ പാടുന്നതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. "എങ്ങനെ നീ മറക്കും കുയിലേ" എന്ന ഗാനം അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. പോവുന്നിടത്തെല്ലാം ആളുകൾ അദ്ദേഹത്തെ പൊതിഞ്ഞു. ഒന്നു തൊട്ടു നോക്കാൻ ആളുകൾ വട്ടം കൂടി. അതിനു ശേഷം മൂന്നു വർഷം കഴിഞ്ഞാണദ്ദേഹത്തിനു പാടാൻ അവസരം ലഭിക്കുന്നത്. അതും ഉറ്റ ചങ്ങാതി ബാബുരാജിന്റെ ഈണത്തിൽ. പാട്ടുകൾ ഹിറ്റായെങ്കിലും സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് കുറച്ചുകാലം പാട്ടുകളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല.
നാടകങ്ങളായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വേദി. പൂച്ചെടി പൂവിന്റെ മൊട്ട് പറിച്ചു കാതിൽ കമ്മലിട്ടു, പച്ചപ്പനം തത്തേ പുന്നാരപ്പൂമുത്തേ പോലെ അനേകം നാടക ഗാനങ്ങളെ അദ്ദേഹം അനശ്വരമാക്കി. പക്ഷേ വേണ്ട രീതിയിൽ സംരക്ഷിക്കാത്തതിനാൽ അദ്ദേഹത്തിന്റെ പാട്ടുകളിൽ പലതും വിസ്മൃതിയാലാവുകയായിരുന്നു.
“എങ്ങനെ നീ മറക്കും കുയിലേ
എങ്ങനെ നീ മറക്കും…”
അമ്പത് വർഷങ്ങൾക്ക് ശേഷവും ഈ ഗാനം സംഗീതപ്രേമികൾ മറക്കാതിരിക്കുന്നതിന്റെ രഹസ്യം ആ പാട്ടിലെ ശോകഭാവമാണ്. മലയാളികൾക്ക് ശോകഗാനങ്ങളോട് എന്നും ഒരു പ്രത്യേക ആഭിമുഖ്യമുണ്ട്. യേശുദാസ് മലയാളിയുടെ ശോകഗാനങ്ങളോടുള്ള താൽപര്യങ്ങളെ തൊട്ടുണർത്തുന്നതിന് മുമ്പ് അബ്ദുൽ ഖാദറായിരുന്നു ശോക ഗാനങ്ങളിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ ഗായകൻ. അദ്ദേഹം ഓർക്കപ്പെടുന്നതും ഈ ഗാനങ്ങളിലൂടെ തന്നെ.
1976 ഡിസംബർ ഒന്ന്. കോഴിക്കോട്ടെ ശ്രീനാരായണ ശതാബ്ദിഹാളിൽ തിങ്ങിനിറഞ്ഞിരിക്കുന്ന ആയിരക്കണക്കിനു സംഗീതപ്രേമികളെ സാക്ഷിനിർത്തി കോഴിക്കോട് അബ്ദുൽഖാദർ മൈക്കിൽകൂടി പാടി.
“പാടാനോർത്തൊരു മധുരിത
ഗാനം പാടിയതില്ലല്ലോ...”
നാലുവരി പാടിക്കഴിഞ്ഞ് ശ്വാസം എടുക്കാനായാസപ്പെട്ട് വിറയ്ക്കുന്ന കൈപ്പത്തികൊണ്ടു നെഞ്ചുതടവിക്കൊണ്ട് അബ്ദുൽഖാദർ ഈ ഗാനമാലപിച്ചവസാനിപ്പിച്ചപ്പോൾ ശ്രോതാക്കളിൽ പലരുടെയും കണ്ണുകൾ നിറഞ്ഞുതുളുമ്പി. ഓർമ്മകളുടെ കുത്തൊഴുക്കിൽ ഇടയ്ക്ക് അദ്ദേഹത്തിന് തൊണ്ടയിടറും. സിനിമയുടെയും നാടകങ്ങളുടെയും ഗാനമേളകളുടെയും സ്വകാര്യ സദസ്സുകളുടേയുമൊക്കെ വെള്ളിവെളിച്ചത്തിൽ ഒരുപാടുകാലം തിളങ്ങി നിന്ന കോഴിക്കോട് അബ്ദുൾ ഖാദറിന് അവസാനകാലത്ത് പാട്ടിന്റെ പേരിൽ തന്നെ ഏറെ സങ്കടപ്പെടേണ്ടിയും വന്നു. പോകെപ്പോകെ അദ്ദേഹത്തിന്റെ സ്റ്റേജ് പരിപാടികൾ പലതും വിജയിക്കാതെയായി. കാരണം, എവിടെച്ചെന്നാലും കാണികൾ അദ്ദേഹത്തോട് ആദ്യം തന്നെ എങ്ങനെ നീ മറക്കും കുയിലേ… എന്ന അനശ്വരഗാനം ആലപിക്കാൻ ആവശ്യപ്പെടും. അദ്ദേഹം അത് പാടിത്തുടങ്ങുമെങ്കിലും മുഴുമിക്കാനാവില്ല. ഇടക്കുവെച്ച് ഓർമ്മകളുടെ കുത്തൊഴുക്കിൽ പെട്ട് കരച്ചിൽ വരും. പാട്ട് പാതിവഴി നിർത്തി അദ്ദേഹം സ്റ്റേജിലിരുന്ന് വിതുമ്പിക്കരയും. അക്കാലത്ത് പാർട്ടിക്കാർ അദ്ദേഹത്തിനായി പിരിച്ചെടുത്തിരുന്ന കാശുപോലും കിട്ടാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. കലാരംഗത്തുള്ള അവഗണന, സാമൂഹ്യരംഗത്തുളള അവഗണന, സാമ്പത്തിക രംഗത്തുള്ള തകർച്ച, ഇതിനൊക്കെ നടുക്കുകിടന്ന് ശരിക്കും വീർപ്പുമുട്ടി ഒടുക്കം മരിച്ചുപോവുകയായിരുന്നു അദ്ദേഹം.
എം എസ് ബാബുരാജ്
കോഴിക്കോട്ടുകാരുടെ അഹങ്കാരമായിരുന്നു എം എസ് ബാബുരാജ്. കോഴിക്കോടൻ തനിമ ഉള്ളിലും പുറമെയും പേറി നടന്ന ഇതിഹാസം. മെഹ്ഫിലുകളെ പാടിയുണർത്തിയ ഹാർമോണിയത്തിൽ ഇന്ദ്രജാലം സൃഷ്ടിച്ച ബാബുരാജ് എന്ന ബാബുക്കയെ മറന്ന് എങ്ങനെയാണ് കോഴിക്കോടിനു പോകാനാവുക. ഒരു തുറന്ന പുസ്തകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തുറന്ന വേദികളിൽ തന്റെ സമൂഹവുമായി സംവദിക്കുന്ന സംഗീതജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മാപ്പിളപ്പാട്ടിന്റെ പാരമ്പര്യവും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആത്മാവും സന്നിവേശിക്കപ്പെട്ട സംഗീതമായിരുന്നു അദ്ദേഹത്തിനുള്ളിലുണ്ടായിരുന്നത്. കല്യാണവീടുകളിൽ നിന്നാരംഭിച്ച് നഗരങ്ങളിലെ മാളിക മുറികളും പീടികമുറികളും കടന്ന് വ്യാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. കോഴിക്കോട് അബ്ദുൽഖാദറിന്റെ ശബ്ദത്തിന് ബാബുരാജിന്റെ ഹാർമോണിയം എന്നതായിരുന്നു അക്കാലത്തെ ഹിറ്റ്. ഹാർമോണിയം ബാബുരാജിന് കേവലമൊരു സംഗീതോപകരണമായിരുന്നില്ല. ഒരവയവം പോലെ തന്നോട് ചേർന്നു നില്ക്കുന്ന ഒന്നായാണ് അദ്ദേഹം അതിനെ കണക്കാക്കിയത്. അതുകൊണ്ട് അദ്ദേഹം ഇന്ദ്രജാലങ്ങൾ തീർത്തു. സി എച്ച് ആത്മ, ബുലോസി റാണി, തലത് മഹ്മൂദ് തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതത്തിന്റെ വക്താക്കളെപ്പോലും ബാബുരാജ് തന്റെ വിരലുകൾ കൊണ്ട് വിസ്മയിപ്പിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തെ ഭാഷയെ ഉപദ്രവിക്കാതെ എങ്ങനെ മലയാളത്തിലേക്ക് സന്നിവേശിപ്പിക്കാം എന്നത് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ് താമസമെന്തേ വരുവാൻ പോലുള്ള ഗാനങ്ങൾ ഇന്നും നമുക്ക് മടുപ്പുളവാക്കാത്ത ഒന്നായി നിൽക്കുന്നത്. അദ്ദേഹത്തിലെ ഗായകൻ ഒരിടത്ത് മാത്രമായി അടങ്ങിയിരിക്കുന്നതായിരുന്നില്ല. സിനിമയിൽ സംഗീത സംവിധായകനായി തിളങ്ങുമ്പോഴും കോഴിക്കോട്ടെ തട്ടുംപുറങ്ങൾ അദ്ദേഹത്തെ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. കല്യാണവീടുകളിലും മെഹ്ഫിലുകളിലും അദ്ദേഹം പിന്നെയുമോടിയെത്തി.

അന്ധമായ പ്രണയമായിരുന്നു ബാബുക്കയ്ക്ക് സംഗീതത്തോട്. അതുകൊണ്ടു തന്നെ അതിൽ അലിഞ്ഞു ചേരാൻ എന്തും നഷ്ടപ്പെടുത്താനും അദ്ദേഹം ഒരുക്കമായിരുന്നു. രണ്ടു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം. പാമരനായി പിറന്നു, വളർന്നു, അങ്ങനെ തന്നെ മരിക്കുകയും ചെയ്തു. വെറുമൊരു പാമരനാം പാട്ടുകാരനായി ജീവിക്കാനാണ് ബാബൂക്കയും ഇഷ്ടപ്പെട്ടത്. സംഗീത ജീവിതത്തിൽ അരേ വാഹ് വാഹ്, സബാഷ് വിളികൾ അദ്ദേഹത്തെ ഭ്രമിപ്പിച്ചതുമില്ല. കോഴിക്കോടിന്റെ സംഗീത പ്രേമത്തെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണെന്നു തോന്നുന്നു.

പുതിയ കോഴിക്കോട്
രൂപത്തിലും ഭാവത്തിലും കോഴിക്കോട് ഏറെ മാറിക്കഴിഞ്ഞു. പണ്ടത്തെപ്പോലെ അത്ര സജീവമല്ല മെഹ്ഫിലുകൾ. എന്നാൽ പുതിയ തലമുറ അത് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിലാണ്. കല്ലായിയിലും ഹൽവ ബസാറിലും ചെറൂട്ടി റോഡിലുമെല്ലാം ഇപ്പോഴും മെഹ്ഫിലുകൾ നടക്കുന്നുണ്ട്. കോഴിക്കോടിന്റെ സംഗീത പ്രേമത്തിന് ഇപ്പോഴും ഇടിവു സംഭവിച്ചിട്ടില്ല. കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇപ്പോഴും ഹിന്ദുസ്ഥാനി സംഗീതം ഉയർന്നു കേൾക്കാം. കടകളിൽ, തെരുവു ഗായകരിൽ നിന്നെല്ലാം ഉയരുന്നത് ഈ മാസ്മരികമായ സംഗീതം തന്നെ. റഫിയും സൈഗാളും ജഗ്ജിത് സിംഗുമെല്ലാം ഇപ്പോഴും കോഴിക്കോട്ടുകാരുടെ സ്വന്തമാണ്. ഹിന്ദുസ്ഥാനി സംഗീതം ഇത്രമേൽ കോഴിക്കോടിനെ കീഴടക്കിക്കഴിഞ്ഞു. കോഴിക്കോട് അബ്ദുൽഖാദറും ബാബുരാജും പിന്നിട്ട് അതിങ്ങനെ യാത്ര തുടരുന്നു, മനസുകളിൽ പ്രണയക്കുളിർമഴയും പെയ്യിച്ച്.