കേവലം അക്ഷരങ്ങൾ അല്ല വാക്കുകൾ..!
മറ്റുള്ളവരുടെ വാക്കുകൾ മനസ്സിലാക്കുന്ന നിമിഷം മുതൽ മനുഷ്യമനസ്സിന്റെ വളർച്ച തുടങ്ങുകയാണ്. ചിന്തിക്കുന്നതും പ്രകടിപ്പിക്കുന്നതും പിന്നീട് വാക്കുകളിലൂടെയാവുന്നു.

"മനഃശാസ്ത്രമല്ലേ വിഷയം? വെറുതെയിങ്ങനെ സംസാരിച്ചാൽ മതിയല്ലോ... സ്വയം പാലിക്കാൻ പറ്റാത്തതെല്ലാം ഉപദേശിക്കാം. അതിനു കാശു കിട്ടും അല്ലെ?"
പതിവ് പ്രതികരണങ്ങളിൽ ചിലതാണ്. വാക്കുകൾ വെറും ഉപദേശങ്ങളുടെ വാലിൽ കെട്ടി പറത്തി വിടുന്ന കൺകെട്ട് ഏർപ്പാടാണ് മനഃശാസ്ത്ര മേഖലയെന്ന പൊതുധാരണ ആണ് ഇതിനു പിന്നിൽ മിക്കപ്പോഴും. എന്നാൽ സ്വന്തം അനുഭവങ്ങളിലെനിക്ക് ഒരു വ്യക്തി എന്ന നിലയിൽ ചെറിയ തോതിലെങ്കിലും പരിണാമം നടത്താൻ വളമായത് ഈ ഉള്ളറിവുകളാണെന്ന് തിരിഞ്ഞു നോക്കുമ്പോൾ നിസ്സംശയം പറയാം. ബാലപാഠങ്ങളിൽ ഒന്ന് "വാക്ക്" എന്നത് ചില്ലറക്കാരനല്ല എന്നതാണ്.
മറ്റുള്ളവരുടെ വാക്കുകൾ മനസ്സിലാക്കുന്ന നിമിഷം മുതൽ മനുഷ്യ മനസിന്റെ വളർച്ച തുടങ്ങുകയാണ്. ചിന്തിക്കുന്നതും പ്രകടിപ്പിക്കുന്നതും പിന്നീട് വാക്കുകളിലൂടെയാവുന്നു. ഓരോ വാക്കും വീഴുന്നത് നമ്മുടെ ഉള്ളിലെ ഒരു വലിയ ഗർത്തത്തിലാണെന്നു തോന്നാറുണ്ട്. ചില വാക്കുകൾ പഞ്ഞിക്കെട്ടു പോലെയാണ്. ഏറെയൊന്നും വികാരങ്ങളെ തൊടാതെ, വേദനിപ്പിക്കാതെ, അങ്ങ് മാഞ്ഞു പോയേക്കും. എന്നാൽ ചിലത് അങ്ങനെയല്ല. മേൽക്കുമേൽ കുമിഞ്ഞു കൂടി മനസ്സിൽ ഇരുട്ട് നിറയ്ക്കും. വാക്കുകളുടെ ഖനത്തിനും നിറത്തിനും അനുസരിച്ച് മനസ്സും രൂപപ്പെടും. പിന്നീട് നമ്മുടെ വ്യക്തിത്വവും, തിരഞ്ഞെടുക്കലുകളും, തീരുമാനങ്ങളും എല്ലാം ഒരു പരിധി വരെ നമ്മൾ കേട്ടതും, കേൾക്കേണ്ടിവന്നതും, മറക്കാൻ കഴിയാത്തതും ആയ വാക്കുകളുടെ നിറങ്ങളിലാണ് ജീവിക്കുന്നത്; അവ തന്നെ നമ്മൾ ചുറ്റുമുള്ളവരോട് പറയുകയും ചെയ്യുന്നു.
ഇത്ര കടുത്ത ആയുധം കൊണ്ട് പണിയെടുക്കുന്നതിനാൽ തന്നെ, സ്വതസിദ്ധമായ എടുത്തുചാട്ടം ഏറെയൊന്നും മാറ്റാൻ പറ്റിയില്ലെങ്കിലും, പറഞ്ഞ വാക്കുകളെക്കുറിച്ച് രണ്ടും മൂന്നും തവണ ആലോചിക്കാനും, കഴിയുമെങ്കിൽ തിരികെ പോയി തിരുത്താനും ശ്രമിക്കുന്നു എന്നുള്ളത് തന്നെ വലിയ വളർച്ചയായി കണക്കാക്കുന്നു!
ഏറ്റവും പ്രയാസമേറിയ ജോലി കുഞ്ഞുങ്ങളോട് സംസാരിക്കുന്നതാണ്. അതെനിക്ക് മനസ്സിലായത് ഒട്ടനവധി മുതിർന്നവരോട് സംസാരിച്ചതിന് ശേഷം വന്ന തിരിച്ചറിവിലൂടെയുമാണ്. നമ്മൾ ഇപ്പോൾ എന്താണ് എന്നതിൽ ഏറെ പങ്കും നമ്മൾ കുട്ടിയായിരുന്നപ്പോൾ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നതിന്റെ ഒരു ബാക്കി പത്രമാണെന്നു തോന്നിയിട്ടുണ്ട്. കുഞ്ഞുങ്ങളോട് പറയുന്ന വാക്കുകളിൽ ചുറ്റുമുള്ളവർ കലർത്തുന്ന എല്ലാം ഏറിയും കുറഞ്ഞും അവരുടെ വലുപ്പത്തിലെ ചിന്തകളിലും കാണാം. അതിനാൽ തന്നെ ഒരു കുഞ്ഞിനോട് കൂടി ഇടപഴകുക എന്നത് ഏറെ വലിയ ഉത്തരവാദിത്തമാണുതാനും.
"നീ ഓരോ കള്ളത്തരം പറഞ്ഞു ഞങ്ങൾക്ക് മാനക്കേട് ഉണ്ടാക്കാനാണോ വിചാരിക്കുന്നത്?" എന്ന് പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു. അടുത്ത ബന്ധത്തിൽ പെട്ടൊരു ആളിൽ നിന്നും എട്ടാം വയസ്സിൽ ശാരീരിക പീഡനം അനുഭവിച്ച ഞെട്ടലിൽ, സർവ്വ ധൈര്യവും സംഭരിച്ചു അമ്മയോട് പറയാൻ മുതിർന്നപ്പോൾ ഉണ്ടായ പ്രതികരണം ആണ് മുപ്പത്താറാം വയസ്സിലും ആ സ്ത്രീ അതേ വികാര തീവ്രതയോടെ തുറന്നു പറഞ്ഞു കരഞ്ഞത്. കുഞ്ഞുങ്ങൾ ഭാവനയിൽ മെനഞ്ഞെടുത്ത കഥയെന്ന പേരിൽ മിക്കപ്പോഴും അവർക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ അവരുടെ ജീവിതത്തിലെ ഏറിയ പങ്കും മറ്റുള്ളവരിൽ വിശ്വാസം നഷ്ടപ്പെട്ടു സ്വയം നീറി കഴിയേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്ന് കാണിച്ചു തന്ന അങ്ങനെ ചിലർ...
"ഓ എന്നെ ഒന്നിനും കൊള്ളില്ല... അല്ലെങ്കിൽ സ്വന്തം അമ്മയും അച്ഛനും കൂടി എന്നെ കഴിവില്ലാത്തവനെന്നു പറയുവോ?" ഭാരതത്തിലെ തന്നെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന മിടുക്കനായ യുവാവ് തന്റെ ഉത്തരക്കടലാസിലെ ഓരോ ചെറിയ തെറ്റുകളെയും കൊണ്ട് ചെന്നെത്തിച്ചത് ഈ വാചകത്തിലായിരുന്നു. കുഞ്ഞുങ്ങൾക്ക് മുൻപിൽ അവരുടെ നേട്ടങ്ങളെ വിലകുറച്ചു കാണിക്കുന്നത് ശീലമാക്കിയതോ അല്ലെങ്കിൽ പുകഴ്ത്തിയത് അഹങ്കാരിയായി പോകുമെന്ന തോന്നലിൽ കുഞ്ഞുങ്ങളെ വളർത്തുന്ന അച്ഛനമ്മമാർ... സ്വന്തം വിജയങ്ങളിലും, കഴിവിലും ഒരിക്കലും തൃപ്തരാവാതെ, ആത്മനിന്ദ വെള്ളമൊഴിച്ചു വളർത്തുന്ന മക്കളായി മാറുമെന്നു പഠിപ്പിച്ച യുവതികളും യുവാക്കളും...
ലേബർ റൂമിന്റെ പുറത്തു കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ കാതോർത്തു നിന്നതും, ഒടുവിൽ ആരോഗ്യവാനായ ആ കുഞ്ഞിനെ കയ്യിൽ കൊടുത്തപ്പോൾ തന്നെപ്പോലെ ഇരുണ്ട നിറമായി പിറന്നല്ലോ തന്റെ മകനും എന്ന് പറഞ്ഞു കണ്ണുനീർ പൊഴിച്ച അച്ഛൻ! "അവൻ വളരുമ്പോൾ എന്നെ ശപിക്കുമല്ലോ?" എന്ന് പറഞ്ഞതിൽ ആ മനുഷ്യന്റെ ബാലിശമായ ചിന്തകളല്ല, മറിച്ച് ആയുസ്സിൽ അന്നോളം നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ കേൾക്കേണ്ടിവന്ന വാക്കുകളുടെയും, അറിയേണ്ടിവന്ന അനുഭവങ്ങളുടെയും ആകെത്തുകയാണ് കാണേണ്ടത്.
തികഞ്ഞ ഉത്സാഹിയും ആരോഗ്യവതിയുമായ പെൺകുട്ടി. അവൾ നന്നേ മെലിഞ്ഞ പ്രകൃതമായിരുന്നു. കൂട്ടുകാർക്കിടയിൽ സർവ്വരെയും രൂപത്തിന്റെയും സ്വഭാവത്തിന്റെയും പേരിൽ കളിയാക്കുന്നവൾ... "എന്നെയവൾ തടിച്ചിയെന്നു വിളിച്ചു വല്ലാതെ കളിയാക്കുന്നു" എന്ന കൂട്ടുകാരിയുടെ പരാതിയിന്മേൽ ഒരിക്കൽ ഈ പ്രവണതയെകുറിച്ച് അവളോട് ചോദിച്ചു. തുടങ്ങിയത് കൂട്ടുകാരിൽ നിന്നായിരുന്നെങ്കിലും, ഒടുവിൽ കണ്ണീർ ചാലൊഴുക്കി അവൾ പറഞ്ഞതെല്ലാം അവളുടെ മെലിഞ്ഞ ശരീര പ്രകൃതിയെ ചൊല്ലി കേൾക്കേണ്ടി വന്ന, "നീയൊരു പെണ്ണാണോ?" എന്നുൾപ്പടെ ഒരായിരം വാചകങ്ങളാണ്... സ്വയം അനുഭവിക്കുന്ന വൈകാരിക പീഡനം ഇരയെ മാത്രമല്ല, പലപ്പോഴും മറ്റുള്ളവരെ ഇതേ കയ്യളവിൽ അപമാനിക്കാൻ കഴിവുള്ളവരെക്കൂടി സൃഷ്ടിക്കാനും കഴിയുമെന്ന് തെളിയിച്ച ചിലർ...
മുന്നിലൂടെ പോകുന്ന നീല ബസിൽ നോക്കി "മോള് ഈ ബസിൽ ആണോ വീട്ടിലേക്കു പോകാറ്?" എന്ന് ചോദിച്ച എന്നോട്" അയ്യോ അതിൽ നമ്മൾ കേറാൻ പാടില്ലാലോ... അതിൽ ...... യുടെ പടമല്ലേ മാലയിട്ടു വച്ചിരിക്കുന്നെ? നമ്മൾ അമ്പലക്കാരല്ലേ? എന്ന് തിരിച്ചു ചോദിച്ച ആറു വയസ്സുകാരിയാണ് എന്നെ ഏറ്റവും പേടിപ്പിച്ചത്. വീട്ടിൽ മുതിർന്നവർ പറയുന്ന വാക്കുകൾ എത്രത്തോളം കുഞ്ഞുമനസ്സിൽ പതിയുന്നു, അതെങ്ങനെ ഒരു തലമുറയുടെ മാനസിക വൈകാരികതകളെ വാർത്തെടുക്കുന്നുവെന്നു കണ്മുന്നിൽ വരയ്ക്കുന്ന വാക്കുകൾ.
ആയതിനാൽ, ഇന്നെനിക്കു പറയാം...
കേവലം അക്ഷരങ്ങൾ അല്ല വാക്കുകൾ...
ഓരോ വാക്കും ഓരോരുത്തർക്കും അവരവരുടേതായ അനുഭവങ്ങളാണ്. നമ്മൾ കല്പിക്കുന്ന മാനങ്ങൾ ചിലപ്പോൾ തീരെ ചെറുതും ചിലപ്പോൾ ഒരു ജീവിതത്തോളം വലുതും ആവുമെന്ന പൂർണ്ണ തിരിച്ചറിവുമാണ് ഏറ്റവും വലിയ പാഠവും ഉത്തരവാദിത്തവും.
ഇത്രയുമാണ് ഈ നിമിഷത്തേക്ക്... വാക്ക് ആയുധമാക്കിയവളുടെ വെളിപാടുകൾ!
[തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന "കേഡർ" ഓട്ടിസം സെന്ററിലെ മനശ്ശാസ്ത്രജ്ഞയും, കുട്ടികളിലെ ഭിന്നശേഷികളിൽ ചികിത്സാവിദഗ്ധയുമാണ് ലേഖിക.]