നടന്നൊടുക്കം


കലണ്ടറോട്ടങ്ങളെ ചോപ്പിൽ നിർത്തി
കാലമത് ആഘോഷിച്ചു.
പൊടുന്നനെ
മഹാനഗരങ്ങൾക്ക് ശ്വാസംമുട്ടി.
അവ
അവരെ ചുമച്ചു തുപ്പി.
ഗ്രാമങ്ങൾ പക്ഷെ
അമ്മയെപ്പോലെ
അവരെ വിളിച്ച്
വിലപിച്ചുകൊണ്ടിരുന്നു...
ഉറുമ്പുകളെപ്പോലെ
താങ്ങാവുന്നതിലും ഭാരം
നെഞ്ചിലും ചുമലിലും പേറി
അവർ നടന്നു.
അവരുടെ വിണ്ടുകീറിയ
പാദങ്ങളിൽകിളിർത്ത തണലിൽ
നട്ടെല്ലുവളച്ചവർ
നാണംകെട്ടുറങ്ങി.
നിരത്തിലും പാളത്തിലുമായി,
നടത്തത്തിലും ഉറക്കത്തിലുമായി,
കൊലവണ്ടികൾ അവരെ
കടന്നു പോയി...
അവർ ഉരുവിട്ട പ്രാർത്ഥനകൾ
നിലവിളികളായി...
വിയർപ്പിൽ വെന്തവരുടെ റൊട്ടികൾ
തലച്ചോറു പോലെ ചിതറിപ്പോയ്.
വാമൂടിക്കഴിഞ്ഞ നഗരങ്ങൾ
വാക്കുകൾക്കിടയിൽപോലും
അകലം പാലിച്ചു...
'മനുഷ്യൻ'
അനേകം പിരിവുകളുള്ള വഴിക്കവലകളിൽ
അമ്മ നഷ്ടപ്പെട്ട വാക്കായ്
അർത്ഥം തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ,
പിസ്സ വാങ്ങിക്കൊടുക്കാത്തതുകൊണ്ട് - മാത്രം
അത്താഴം കഴിക്കാതെകിടന്ന നഗരങ്ങൾക്ക്
ഉറക്കുകഥകളിൽ പുതിയ ചേരുവകൾചേർത്ത് വിളമ്പി
മാധ്യമമമ്മികൾ
പ്രശ്നം പരിഹരിച്ചു.
രക്തം കുടിച്ച് പൂക്കുന്ന
കള്ളിച്ചെടികൾക്കൊണ്ട്
മരുഭൂമികൾ മാത്രമല്ല
ചതുപ്പുകളും പുൽമേടുകളും നിറഞ്ഞു.
ലോകം,
പ്രതീക്ഷകൾ അറ്റുപോയി
ബാക്കിയായ നൂലിൽ
ചിറകുകുരുങ്ങി കിടന്നു.
ഇനിയൊരിക്കൽ
കാൽനടയായി രാജ്യാതിർത്തിയിലേക്ക്
പോകാനിരിക്കുന്നവരെ
വിശപ്പ് വലിച്ചിഴച്ചവരുടെ
വിളിയും വിഴുപ്പും
കാത്തിരിക്കും.
അപ്പോൾ
കാലമൊരു കുടിയന്റെ
അബോധം പോലെ
ദഹിക്കാത്ത ചോദ്യങ്ങളെ
ഛർദ്ദിച്ചലറും:
"ചലവും ചോരയും ചേർത്തു കുഴച്ച
എത്ര എത്ര പ്രതിമകൾക്കൊണ്ടിനി നാം
രാജ്യപ്രതാപം വാഴ്ത്തണം?
എത്ര തറമാന്തി-
തറകെട്ടണം?
എത്ര വെട്ടിയീ മഹാമരം
പിളർത്തണം?
നമ്മെ നടത്തുന്ന കാലുകൾ
ആരുടേത്?
നമ്മെ നയിക്കുന്ന ചിന്തകൾ ഏതുസംഹിതകളിൽനിന്നും
കടമെടുത്തവ?
ആത്മരതി ആഴമുള്ള കിണറും,
കിണറിലെ ശത്രു
മനസ്സാക്ഷിയുമെങ്കിൽ;
ഒരു മുയൽ
ഇവിടെവിടെയോ പതുങ്ങുന്നുണ്ടാവണം."
രാജാവ് നീണാൾ വാഴട്ടെ
രാവ് വാഴട്ടെ
ആൾ വാഴട്ടെ
നീ വാഴട്ടെ
വാഴട്ടെ
വാഴ
ട്ടേ... "