പിറവി

ഇന്നലെ കാലും നീട്ടിയിരുന്ന്
പഴങ്കഞ്ഞി മോന്തി പള്ള നിറച്ച്,
പ്രാക്കുകളുടെ അനക്കം നിലയ്ക്കാത്ത
അടിനാഭിയിൽ കയ്യോടിച്ച്,
സകല ദൈവങ്ങളോടും പിണങ്ങി,
ഇക്കൊല്ലെങ്കിലും കൃഷിയിറക്കെടിയെന്ന
കൊഞ്ഞനം കുത്തലുകളോട് കെറുവിച്ച്
പൂക്കാത്ത മൂവാണ്ടന്റെ കൊമ്പിൽ
കുരുക്കിട്ടു പിടഞ്ഞപ്പോഴാണ്
മച്ചി നാരായണി ആദ്യമായി
പേറ്റു നോവറിഞ്ഞത്.
തുറിച്ച കണ്ണുകളിലൂടെ ഓർമ്മക്കുഞ്ഞുങ്ങൾ
വെള്ളൊഴുക്കിലെ പരൽക്കൂട്ടം പോലെ
തുടിച്ചു പുറത്തു ചാടി.
മാസം തികയാതെ രാരീരാരം
ചുണ്ടുകൾക്കിടയിൽ നുരഞ്ഞു പൊന്തി.
രോമത്തുള കടന്ന് നോവിന്റെ കൂണുകൾ
എണ്ണമറ്റ് ചുമന്നു വിടർന്നു.
പിടപ്പു നിലച്ച ചുമലിൽ രണ്ടു കാക്കകൾ
ചിറകു താഴ്ത്തി കൊക്കുരുമ്മി.
കുരുക്കറുത്തെടുത്തപ്പോൾ
വല്ലാത്ത ചെയ്ത്തായിപ്പോയെന്ന
അയൽപക്കക്കാരുടെ അടക്കംപറച്ചിലിൽ
ജീവന്റെ മിടിപ്പ് പിടഞ്ഞൊട്ടി നിന്നു.
പുതച്ച വെള്ളയ്ക്കിടയിൽ ഒച്ച വെക്കാതെ
രണ്ടുറുമ്പുകൾ ഇണ ചേർന്നു.
നനവില്ലാത്ത ഗർഭപാത്രത്തിനു ചുറ്റും
ചെറു നാളങ്ങൾ ഓടിക്കളിച്ചു.
ബാക്കിയായ ചാരം കവച്ച്
ഒരു കുഞ്ഞു പുൽക്കൊടി തല നീട്ടി.
പിറ്റേന്ന്, അതിന്റപ്പുറം, ആണ്ടിൽ,
പിന്നെയോരോ പകലിരവുകളിലും
മച്ചി നാരായണി തൂങ്ങിയാടിയ
പൂക്കാത്ത മൂവാണ്ടൻ
ദേ, മച്ചിമാവെന്ന ചൂണ്ടിക്കാട്ടലിൽ
പിറന്നു കൊണ്ടേയിരുന്നു.
ആത്മഹത്യ ചെയ്ത അന്ന്
മച്ചി നാരായണി അമ്മയായി.
പഴങ്കഞ്ഞി മോന്തി പള്ള നിറച്ച്,
പ്രാക്കുകളുടെ അനക്കം നിലയ്ക്കാത്ത
അടിനാഭിയിൽ കയ്യോടിച്ച്,
സകല ദൈവങ്ങളോടും പിണങ്ങി,
ഇക്കൊല്ലെങ്കിലും കൃഷിയിറക്കെടിയെന്ന
കൊഞ്ഞനം കുത്തലുകളോട് കെറുവിച്ച്
പൂക്കാത്ത മൂവാണ്ടന്റെ കൊമ്പിൽ
കുരുക്കിട്ടു പിടഞ്ഞപ്പോഴാണ്
മച്ചി നാരായണി ആദ്യമായി
പേറ്റു നോവറിഞ്ഞത്.
തുറിച്ച കണ്ണുകളിലൂടെ ഓർമ്മക്കുഞ്ഞുങ്ങൾ
വെള്ളൊഴുക്കിലെ പരൽക്കൂട്ടം പോലെ
തുടിച്ചു പുറത്തു ചാടി.
മാസം തികയാതെ രാരീരാരം
ചുണ്ടുകൾക്കിടയിൽ നുരഞ്ഞു പൊന്തി.
രോമത്തുള കടന്ന് നോവിന്റെ കൂണുകൾ
എണ്ണമറ്റ് ചുമന്നു വിടർന്നു.
പിടപ്പു നിലച്ച ചുമലിൽ രണ്ടു കാക്കകൾ
ചിറകു താഴ്ത്തി കൊക്കുരുമ്മി.
കുരുക്കറുത്തെടുത്തപ്പോൾ
വല്ലാത്ത ചെയ്ത്തായിപ്പോയെന്ന
അയൽപക്കക്കാരുടെ അടക്കംപറച്ചിലിൽ
ജീവന്റെ മിടിപ്പ് പിടഞ്ഞൊട്ടി നിന്നു.
പുതച്ച വെള്ളയ്ക്കിടയിൽ ഒച്ച വെക്കാതെ
രണ്ടുറുമ്പുകൾ ഇണ ചേർന്നു.
നനവില്ലാത്ത ഗർഭപാത്രത്തിനു ചുറ്റും
ചെറു നാളങ്ങൾ ഓടിക്കളിച്ചു.
ബാക്കിയായ ചാരം കവച്ച്
ഒരു കുഞ്ഞു പുൽക്കൊടി തല നീട്ടി.
പിറ്റേന്ന്, അതിന്റപ്പുറം, ആണ്ടിൽ,
പിന്നെയോരോ പകലിരവുകളിലും
മച്ചി നാരായണി തൂങ്ങിയാടിയ
പൂക്കാത്ത മൂവാണ്ടൻ
ദേ, മച്ചിമാവെന്ന ചൂണ്ടിക്കാട്ടലിൽ
പിറന്നു കൊണ്ടേയിരുന്നു.
ആത്മഹത്യ ചെയ്ത അന്ന്
മച്ചി നാരായണി അമ്മയായി.