മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം വേണ്ട; അവർ വിധേയരാണ്.
മാധ്യമപ്രവർത്തനത്തിന്റെ നൈതികത എന്നതൊക്കെ കച്ചവടതാൽപര്യങ്ങളും ടി.ആർ.പി. റേറ്റിംഗ് യുദ്ധങ്ങളും, ഭരണകൂട വിധേയത്വവും ആരംഭിക്കുന്നിടത്ത് തീരും. അപ്പോഴും വിരലിലെണ്ണാവുന്ന ചില പ്രതീക്ഷകളുണ്ടെന്നത് പറയാതെ വയ്യ.

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം എന്ന ചർച്ച തന്നെ ഒരുതരം പ്രഹസനമാണ്. ബ്രിട്ടീഷുകാരുടെ കാലം മുതൽക്കേ ഇവിടെ ഇല്ലാതിരുന്ന ഒരു സംഗതിയാണത്. കാലാകാലങ്ങളിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടയാനും നിരുത്സാഹപ്പെടുത്താനും ശ്രമിച്ചവരാണ് ഒട്ടുമിക്ക സർക്കാരുകളും. എന്നാൽ ഇന്ത്യയിലെ നിലവിലെ സ്ഥിതിയനുസരിച്ചുള്ള ചർച്ച ഇന്ത്യയിൽ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടോ എന്നതിനേക്കാൾ ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം ഉണ്ടോ എന്നതായിരിക്കണം. മുഖ്യധാരാ മാധ്യമങ്ങൾ ഭരണകൂടത്തോടും ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയോടും അവരുടെ അജണ്ടകളോടും ഇത്രമേൽ രാജിയായ മറ്റൊരു സന്ദർഭം ഇന്ത്യയിൽ നേരത്തേ ഉണ്ടായിട്ടില്ല.
മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നുപറയാൻ മാത്രമുള്ള ചുരുക്കം ചില സ്ഥാപനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സ്ഥിതിയാകട്ടെ പരിതാപകരവുമാണ്. റിപ്പോർട്ടേഴ്സ് ബിയോണ്ട് ബോർഡേഴ്സ് എന്ന സംഘടന വർഷാവർഷം തയ്യാറാക്കുന്ന മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ നടത്തം പിറകിലേക്കാണ്. ആഭ്യന്തര യുദ്ധങ്ങൾ കൊണ്ട് കലുഷിതമായ ചില മദ്ധ്യാഫ്രിക്കൻ രാജ്യങ്ങളേക്കാൾ കഷ്ടമാണ് ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സ്ഥിതി.
ഉത്തർപ്രദേശിൽ മാത്രം കഴിഞ്ഞ കുറച്ചുനാളുകളായി മാധ്യമപ്രവർത്തകർക്കുനേരെ നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങളെ തടയാനോ കുറ്റവാളികളെ ശിക്ഷിക്കാനോ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാരിന് അങ്ങനെയൊരു താല്പര്യമില്ലെന്നതാണ് വസ്തുത. ഉത്തർപ്രദേശ് ഇതിനകം ജംഗിൾരാജായി മാറിയെന്നത് ശക്തമായ ഒരാരോപണമാണല്ലോ. ഇന്ത്യയുടെ പലഭാഗങ്ങളിലായി സർക്കാരുകളുടെ ഒത്താശയോടെ ഗുണ്ടകളും കൊട്ടേഷൻ സംഘങ്ങളും നടത്തികൊണ്ടിരിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരായ അക്രമസംഭവങ്ങൾ കൂടാതെ ഭരണകൂടം ഇച്ഛിക്കുന്നതിനെതിരായി മിണ്ടുന്നവർക്കും എഴുതുന്നവർക്കും ദേശദ്രോഹത്തിന്റെ ചാപ്പമുതൽ നിരോധനത്തിന്റെ പിണ്ഡംവെക്കൽ വരെ വേറെയും സർക്കാർ നേരിട്ട് നടത്തുന്നുണ്ട്. കശ്മീരിലെ മാധ്യമപ്രവർത്തകർക്കു നേരെ യു എ പി എ ചുമത്തുന്നതും വടക്കു കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും നിരോധിക്കപ്പെട്ടതുമെല്ലാം അതാണ് പറയുന്നത്. യോഗി ആദിത്യനാഥിനെതിരെ എഴുതിയതിന് ദി വയറിന്റെ സിദ്ധാർത്ഥ് വരദരാജനെതിരെ കേസ് ഫയൽചെയ്തതും സംഘപരിവാർ അജണ്ടകൾ തുറന്നുകാണിക്കുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത കാരവൻ മാഗസിൻ എഡിറ്റർ വിനോദ് കെ ജോസിന് മുടങ്ങാതെ വധ ഭീഷണി വരെ വരുന്നതും ഇക്കൂട്ടത്തിലെ ചിലതുമാത്രം. 2014നും 2019നുമിടക്ക് മാധ്യമപ്രവർത്തകർക്കെതിരെ 200ലധികം ഗുരുതരമായ ക്രിമിനൽ ആക്രമണങ്ങളുണ്ടായി. അൻപതിലധികം മാധ്യമപ്രവത്തകർ കൊലചെയ്യപ്പെടുകയും ചെയ്തു എന്നാണ് കണക്കുകൾ പറയുന്നത്.
ഭാരത സർക്കാർ ഒരു ലക്ഷണമൊത്ത മുതലാളിത്ത വ്യവസ്ഥിതിയായി പരിണമിച്ചിട്ടുണ്ട് എന്ന യാഥാർഥ്യം കൂടിയാകുമ്പോൾ രാജ്യത്തെ മാധ്യമങ്ങളെ പറ്റിയുള്ള നമ്മുടെ ധാരണകൾക്ക് കൂടുതൽ വ്യക്തത വരുമെന്ന് തോന്നുന്നു. കുത്തക മുതലാളിമാരുടെ ഇംഗിതങ്ങൾക്കൊപ്പിച്ച് ഭരണപരിഷ്കാരങ്ങൾ നടത്തുന്ന, നിയമനിർമ്മാണം ചെയ്യുന്ന, നയനിലപാടുകൾ രൂപീകരിക്കുന്ന ഒന്നാണ് മോദിയുടെ എൻ ഡി എ സർക്കാർ. രാജ്യത്ത് പ്രകടമോ അല്ലാത്തതോ ആയ ഒരു പൊളിറ്റിക്കൽ എക്കോണമിയുടെ അത്രമേൽ വിസ്തൃതമായ ഒരു സംവിധാനത്തിൽ കുടുങ്ങിയിരിക്കുകയാണ് മാധ്യമങ്ങളും എന്നതാണ് സത്യം. അഥവാ, വാർത്തകൾക്ക് പകരം പ്രോപഗണ്ടകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രോപഗണ്ട മെഷീനുകളായി അവ മാറിയിട്ടുണ്ട്. ഇത് 2014ന് ശേഷം തുടങ്ങിയതല്ല. സത്യത്തിൽ അധികാരത്തിലേക്കുള്ള വഴി സംഘപരിവാർ രൂപപ്പെടുത്തിയത് തന്നെ ഈ പ്രോപഗണ്ട ഫാക്ടറികൾ ഉപയോഗിച്ചാണ്. 2012 മുതൽ അന്നത്തെ യു പി എ സർക്കാരിനെതിരെ ദേശീയ മാധ്യമങ്ങൾ എന്ന് നമ്മൾ വിളിക്കുന്ന ഇംഗ്ളീഷ് - ഹിന്ദി ചാനലുകളുടെ പടയൊരുക്കം പറയുന്നത് അതാണ്. ഉള്ളതും ഇല്ലാത്തതുമായ അഴിമതികഥകൾ, ലോക്പാൽ സമരത്തിന്റെയും നിർഭയ കേസുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങളുടെയും മുഴുനീള കവറേജുകൾ, ബി ജെ പിക്ക് മുഖം കൊടുത്ത അന്തിചർച്ചകൾ, പ്രൈം ടൈം ബുള്ളറ്റിനുകൾ, ഒഴിച്ചുകൊടുത്ത കോളങ്ങൾ, പരസ്യത്തിന് വഴിമാറിയ വാർത്തകൾ. ഇങ്ങനെയിങ്ങനെ എല്ലാം ബി ജെ പിയുടെ വരവിന് വഴിവെട്ടിയത് നമ്മൾ കണ്ടതാണ്.
അംബാനി മുതൽ അദാനി അടക്കം അകത്തുനിന്നും പുറത്തുനിന്നും കട്ടുമുടിക്കുന്ന കുത്തക മുതലാളിമാരും അവരുടെ താല്പര്യങ്ങളും സംഘപരിവാരത്തിന്റെ വർഗ്ഗീയ അജണ്ടകളും ചേർന്ന പൊളിറ്റിക്കൽ ഇക്കോണമി പ്രായോജകരായുള്ള നാടകങ്ങളാണ് നമ്മുടെ രാജ്യത്ത് ടി ആർ പി റാങ്കുകളിൽ മുന്നിൽ വരുന്നെന്ന് അവകാശപ്പെടുന്ന മിക്ക ചാനലുകളും നടത്തുന്നത്. ഇവർ വിളമ്പുന്ന നിരർത്ഥകങ്ങളും അസംബന്ധങ്ങളുമായ സ്വപ്നങ്ങൾ കണ്ണടച്ചു വിശ്വസിക്കുന്ന സാധാരണ അരാഷ്ട്രീയരെന്ന് നമ്മൾ കരുതിയ നഗരങ്ങളിലെ മധ്യവർഗ്ഗമാണ് ഈ പൊളിറ്റിക്കൽ ഇക്കോണമി ഏറ്റവും കൂടുതൽ ഉന്നം വെക്കുന്ന 'ടാർഗറ്റ് ഓഡിയൻസും' 'ഒബീഡിയൻറ് കസ്റ്റമേഴ്സും.' മോദി തന്റെ ആദ്യ വരവിൽ ദുരിതങ്ങളല്ലാതെ മറ്റെന്ത് കൊണ്ടുവന്നു എന്നവർ ആലോചിക്കുകയേയില്ല. പകരം, നാളെത്ര കഴിഞ്ഞിട്ടാണെങ്കിലും വരുമെന്ന് അവർ വിശ്വസിക്കുന്ന അച്ഛേ ദിനുകൾക്ക് വേണ്ടി കാത്തുനിൽക്കുകയാണവർ. റിലയൻസിന്റെ വയാകോം പ്രൊഡക്ഷൻസ് അടക്കമുള്ള ദൃശ്യ വിനോദ മേഖലയിലെ വമ്പന്മാർ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഒരേ അച്ചിലിട്ട്വാർത്തുവരുന്ന സീരിയലുകൾ കാണുന്ന അതേ ലാഘവത്തോടെ തന്നെ വാർത്തകളും കാണാൻ കഴിയുന്ന ബോധത്തിലേക്ക് ഈ കാഴ്ചക്കാരും അതേ 'ഭാവുകത്വ'ത്തിലേക്ക് ചാനലുകളും മാറിയിട്ടുണ്ട്. അന്നം മുതൽ പൂജാ വസ്തുക്കൾ അടക്കം സൗന്ദര്യ വർധക വസ്തുക്കളും വസ്ത്രങ്ങളും വരെ ഉല്പാദിപ്പിക്കുന്നതും വിൽക്കുന്നതും ഇതേ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കുത്തകകൾ തന്നെയാണല്ലോ. സിനിമയും, ടിവിയും റേഡിയോ പരിപാടികളും കൊഴുപ്പിച്ചെടുക്കുന്ന കൾച്ചറൽ ഇൻഡസ്ട്രിയുടെ ഏറ്റവും നിസ്സഹായരായ ഉപഭോക്താക്കൾ ഇന്ത്യയിലെ ടെലിവിഷൻ പ്രേക്ഷകരാണെന്നതിൽ സംശയമില്ല. വാണിജ്യവും ആത്മീയതയും ദൈനംദിന ഉപഭോഗവും വിനോദവും പോലെ രാഷ്ട്രീയവും സംഘപരിവാറിന് വേണ്ട അളവിലും പാകത്തിനും തൂക്കമൊപ്പിച്ച് ഊട്ടുകയാണ് ഈ ഇന്ത്യയിലെ ആയിരത്തോളം വരുന്ന ചാനലുകളിൽ ഭൂരിഭാഗവും ചെയ്യുന്നത്. കൂട്ടത്തിലെ നാനൂറ് വാർത്താ ചാനലുകൾക്ക് വന്ന അപചയമാണ് ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് എന്നതാണ് നമ്മുടെ ദയനീയമായ വിധി.
വാർത്തകൾ പ്രോപഗണ്ടകൾക്ക് വഴിമാറുന്ന ഈ പ്രതിഭാസത്തെ കുറിച്ച് നോം ചോംസ്കിയും എഡ്വേഡ് ഹെർമനും പ്രോപഗണ്ട മോഡൽ എന്ന അവരുടെ പഠനത്തിൽ കൃത്യമായി നിരീക്ഷിക്കുന്നത് കാണാം. വാർത്താ വിതരണം അവസാനിപ്പിച്ച് സമൂഹത്തിലെ ഒരു വരേണ്യ വിഭാഗത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങൾ പ്രചരിപ്പിക്കുന്ന അവസ്ഥയിലേക്ക് മാധ്യമ സ്ഥാപനങ്ങൾ മാറുന്ന സ്ഥിതിവിശേഷമാണ് പ്രോപഗണ്ട മോഡലിൽ ചൂണ്ടിക്കാണിക്കുന്നത്. ഭരണത്തിലുള്ളവരും സാമ്പത്തിക രംഗം നിയന്ത്രിക്കുന്നവരും തമ്മിലുള്ള കൂട്ടുകെട്ട് മാധ്യമങ്ങളെ വാങ്ങി ചൊൽപ്പടിക്ക് നിർത്തുന്നതോടെ അഭിപ്രായ രൂപീകരണത്തിൽ കടുത്ത അട്ടിമറിയും അഴിമതിയും സംജാതമാകും. 2014 ലെ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് കൃത്യമായും ഇതുതന്നെയാണ്. അതിനു മുൻപേ തുടങ്ങിയ അതിനു ശേഷം കലശലായ സംഘപരിവാർ- കോർപറേറ്റ് വിധേയത്വം കോട്ടമില്ലാതെ ഇപ്പോഴും മാധ്യമങ്ങൾ തുടരുന്നുണ്ടല്ലോ.
ചാനൽ എയറിങ്ങിൽ ബി ജെ പിക്കും മറ്റു പാർട്ടികൾക്കും കൊടുക്കുന്ന ദൃശ്യതയുടെ അന്തരം തന്നെ നോക്കൂ. അത് തീരെ ചെറുതല്ല. ബി ജെ പിക്കും മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനുമുള്ള വരുമാനത്തിന്റെ കോർപറേറ്റ് വിഹിതം ഏകദേശം ഏഴ് ഇരട്ടി അധികമെന്ന തോതിലാണ് ബി ജെ പി കൈവശപ്പെടുത്തിയിട്ടുള്ളത്. അതായത്, ഇന്ത്യയിലെ ജനാധിപത്യത്തെ വളരെ എളുപ്പത്തിൽ പണാധിപത്യമാക്കാനുള്ള കോപ്പൊക്കെ ബി ജെ പിയുടെ പക്കലുണ്ട്. ഇലക്ട്രൽ ബോണ്ട് അടക്കമുള്ള കൊടും അഴിമതികളുടെ കഥകൾ വിശദീകരിക്കേണ്ടതില്ലല്ലോ. സാമ്പത്തിക സ്രോതസിലും ലബ്ധിയിലുമുള്ള ഇതേ അന്തരം ഇന്ത്യയിലെ വാർത്താ ഇടങ്ങളിൽ നൽകിക്കൊണ്ടിരിക്കുന്ന ദൃശ്യതയിലുമുണ്ട്. ഇന്ത്യൻ ജനാധിപത്യം കൃത്യമായി അട്ടിമറിക്കപ്പെടുന്ന ഒരിടമായി ഇന്ത്യയിലെ വാർത്താ ചാനലുകൾ മാറുന്നു എന്നുകൂടിയാണ് ഇത് സൂചിപ്പിക്കുന്നത്. അതായത്, 24*7 വാർത്താ ചാനലുകളുടെ പ്രൈം ടൈം ചർച്ചകളിലും മറ്റും ഏകപക്ഷീയമായ മേൽക്കോയ്മ ബി ജെ പിക്കുണ്ട്. നമോ, റിപ്പബ്ലിക്, സുദർശൻ തുടങ്ങി പരസ്യമായി സംഘപരിവാർ രാഷ്ട്രീയം ഉയർത്തുന്ന ചാനലുകൾ മാത്രമല്ല ബി ജെ പിക്ക് വേണ്ടി പണിയെടുക്കുന്നത് എന്ന് സാരം. എല്ലാത്തിനുമുപരി ദൂരദർശൻ വരെയും പാർട്ടി ചാനലെന്ന നിലക്കാണ് വർത്തിക്കുന്നത്. ആർ എസ് എസ് മേധാവിയുടെ പ്രസംഗം ലൈവായി ടെലികാസ്റ്റ് ചെയ്യുന്നത് തുടങ്ങി രാമക്ഷേത്ര നിർമ്മാണോദ്ഘാടന വേളയിൽ ആഘോഷപൂർവ്വം പ്രത്യേക കവറേജുകൾ ഉറപ്പുവരുത്തിയും വെറ്ററൻ സംഘപരിവാർ ആചാര്യന്മാർക്ക് ഡി ഡിയുടെ തന്നെ വിവിധ പ്രാദേശിക ചാനലുകളിൽ പ്രത്യേക പരിപാടികൾ ഒരുക്കി നൽകിയുമൊക്കെ ഒരു സർക്കാർ സ്ഥാപനത്തെ, അതും വിവര-വിനിമയ മേഖലയിലെ ഏറ്റവും നിർണ്ണായകമായ ഒരു പൊതുമേഖലാ സ്ഥാപനത്തെ കൃത്യമായി കാവിവത്കരിക്കാൻ ഇതിനകം സംഘ്പരിവാരത്തിന് കഴിഞ്ഞു എന്നത് ഭീതിതമാണ്.
ബി ജെ പിയുടെ രാഷ്ട്രീയം പറയാനോ മോദിയുടെ പി ആർ ഇമേജ് പൊലിപ്പിക്കാനോ മാത്രമല്ല മാധ്യമങ്ങൾ പരിശ്രമിക്കുന്നത്, മറിച്ച് രാജ്യത്തിന്റെ കാതലായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ കൂടിയാണ്. രാജ്യം ഇതിനോടകം പോയിക്കൊണ്ടിരിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടെന്നാണ് ചാനലുകൾ തീരുമാനിക്കുന്നത്. ദീനദയാൽ ഉപാധ്യായ മാർഗിലെ ബി ജെ പി ആസ്ഥാനത്തുനിന്നാണ് പല ചാനലുകളുടെയും എഡിറ്റോറിയൽ പോളിസി തയ്യാറാക്കപ്പെടുന്നത് എന്ന് കാര്യമായും സംശയിക്കണം. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഏറ്റവും പരിതാപകരമായ സ്ഥിതിയിലാണ് ജി ഡി പി വീണുകൊണ്ടിരിക്കുന്നത്. ലോകത്തിലേറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോൾ ഇവിടെയുള്ളത്. ബാങ്കിങ് സംവിധാനം ഏതാണ്ട് അസ്ഥിവാരം തോണ്ടപ്പെട്ട നിലയിലാണ്. അസംഘടിത സാമ്പത്തിക രംഗം ശുഷ്കിച്ചു പോയിരിക്കുകയാണ്. അതിർത്തികളിൽ ശത്രു രാജ്യങ്ങൾ തന്നിഷ്ടത്തിന് കയ്യേറ്റം തുടരുമ്പോഴും എതിർ പക്ഷത്തെ സഹായിക്കുംവിധമുള്ള പ്രസ്താവനകൾ നടത്തുകയാണ് പ്രധാനമന്ത്രി. ഇങ്ങനെ വർഷം മുഴുവൻ ചർച്ച ചെയ്യാൻ വിഷയങ്ങളുള്ളപ്പോഴും കാല്പനികമായ, കെട്ടുകഥകളുടെമേൽ അനുമാനിച്ചുണ്ടാക്കിയ പൈങ്കിളിക്കഥകളുടെ പിന്നാലെയാണ് വാർത്താ ചാനലുകൾ. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യക്ക് ശേഷം അയാളുടെ കൂട്ടുകാരി റീഹാ ചക്രബർത്തിക്ക് നേരെ ചാനലുകൾ നടത്തുന്ന വിചാരണകൾ മുതൽ സുദർശൻ ചാനലിന്റെ യു പി എസ് സി ജിഹാദ് മുതൽ സുധീർ ചൗധരിയുടെ പട്ടിക തിരിച്ചുള്ള അനേകം തരം ജിഹാദുകളടക്കം, തബ്ലീഗി കോവിഡും വരെയുള്ള 'ബ്രേക്കിങ്ങു'കളോ 'എക്സ്ക്ലൂസിവു'കളോ ആണ് ചാനലുകൾക്ക് മുഖ്യം.
കോവിഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിരുന്ന മുന്നറിയിപ്പുകളെയും വിമർശനങ്ങളെയും മാധ്യമങ്ങൾ പരിഗണിക്കുന്നത് എങ്ങനെയാണെന്ന് നാം കണ്ടതാണ്. കാര്യമാത്ര പ്രസക്തമായ രാഹുൽ ഗാന്ധിയുടെ നിരീക്ഷണങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്നതിലും വലിയ താല്പര്യത്തിലാണ് പ്രധാനമന്ത്രിയുടെ മയിലൂട്ടൽ വാർത്തയാകുന്നത് എന്നത് ആലോചിച്ചുനോക്കൂ. അതുപോലെ പെട്ടെന്നുണ്ടായ ലോക്ഡൗൺ പ്രതിസന്ധിയിൽ പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ വൻനഗരങ്ങളിൽ കുടുങ്ങുകയോ പലായനം ചെയ്യുകയോ ചെയ്ത അതിദാരുണമായ സംഭവം മറച്ചുപിടിക്കാനാണ് തബ്ലീഗി കോവിഡ് എന്ന ചർച്ചകൾ തന്നെ ചാനലുകൾ പടച്ചുവിട്ടത്. എന്തെല്ലാം നുണകളായിരുന്നു കെട്ടിയിറക്കിയത് എന്നതുമോർക്കണം.
ചരിത്രത്തിൽ ഏറ്റവും ഭീതിതമായ രൂപത്തിൽ വർഗ്ഗീയ ദ്രുവീകരണം നടന്ന വർത്തമാന സാഹചര്യത്തിന് മാധ്യമങ്ങളോളം ഉത്തരവാദികളായവർ വേറെയില്ല. മതപരവും വംശീയപരവുമായ ചേരിതിരിവുകളെ, അത്തരം രാഷ്ട്രീയ അജണ്ടകളെ നിരാകരിക്കേണ്ടിയിരുന്നത് മാധ്യമങ്ങളുടെ ബാധ്യതയായിരുന്നു. അവരത് ചെയ്തില്ലെന്ന് മാത്രമല്ല അത്തരം ദ്രുവീകരണങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു. വെറുപ്പ് മൊത്തമായും ചില്ലറയായും വിറ്റുപോകുന്ന ഇടങ്ങളായി ചാനലുകൾ പലപ്പോഴും മാറി. ഇസ്ലാമോഫോബിയയും വംശീയാധിക്ഷേപങ്ങളും നിറഞ്ഞ പരിപാടികൾക്ക് കൂടുതൽ കാഴ്ചക്കാരുണ്ടെന്ന് ചാനലുകൾ മനസ്സിലാക്കുന്നു. സംഘ്പരിവാരവും കോർപറേറ്റുകളും തമ്മിലുള്ള ബന്ധം പോലെ വിതക്കുന്നതാര് കൊയ്യുന്നതാര് എന്ന് ഒറ്റവാക്കിൽ പറയാൻ കഴിയാത്തതുപോലെയാണ് ഇന്ത്യയിലെ മുഖ്യധാരാ വാർത്താ ചാനലുകളും അതിന്റെ പ്രായോജകരുമുള്ളത്. മാധ്യമപ്രവർത്തനത്തിന്റെ നൈതികത എന്നതൊക്കെ കച്ചവട താല്പര്യങ്ങളും, ടി ആർ പി റേറ്റിങ് യുദ്ധങ്ങളും, ഭരണകൂട വിധേയത്വവും ആരംഭിക്കുന്നിടത്ത് തീരും. അപ്പോഴും വിരലിലെണ്ണാവുന്ന ചില പ്രതീക്ഷകളുണ്ടെന്ന് പറയാതെ വയ്യ.
മുഖ്യധാര എന്ന 'ഭാര'മില്ലാത്ത എന്നാൽ സാമൂഹിക മാധ്യമങ്ങളുടെ ഇടങ്ങളിലുണ്ടായിരുന്ന സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തിയ നവ മാധ്യമങ്ങളായ ദി വയറും കുറെയേറെ ദി ക്വിന്റും നേരത്തെ പറഞ്ഞ സംഘപരിവാർ- കോർപറേറ്റ്- മാധ്യമ അജണ്ടകളെ മറികടന്നു വന്ന മാധ്യമ ശ്രമങ്ങളാണ്. അപ്പോഴും നവമാധ്യമങ്ങൾ ഉപോയോഗിക്കുന്ന, അതിൽ തന്നെ ഇത്തരം സങ്കേതങ്ങളിൽ സൗകര്യം കാണുന്നവരിലേക്കേ ദി വയറും ദി ക്വിന്റുമൊക്കെ കടന്നുവരുന്നുള്ളൂ എന്ന് മനസ്സിലാക്കണം. ഇതിനേക്കാൾ പരിമിതിയുണ്ട് കാരവൻ മാഗസിന്. ഇന്ത്യയിലെ ഏറ്റവും മികച്ച റപ്പോടെഷ് ഉള്ളടക്കങ്ങൾ കാരവണിന്റേതാണ്. പക്ഷെ, കാരവൻ വായിക്കുന്നതാവട്ടെ ഒരു പ്രത്യേക ഉപരിവർഗ്ഗമോ, വിദ്യാഭ്യാസത്തിന്റെയൊക്കെ പ്രിവിലേജുകളുള്ളവരോ ആകണം. ഈ പരിമിതികളാണ് ഇവരുണ്ടാക്കുന്ന നൈതിക മാധ്യമപ്രവർത്തനത്തിന്റെ പ്രതിഫലനമൊന്നും സമൂഹത്തിൽ കാണാതെ പോകുന്നതിന്റെ കാരണം. അതായത് സുധീർ ചൗധരിയുടെ അതിലളിതമായ ഹിന്ദി അവതരണത്തിലും അർണാബിന്റെ കുറച്ചുചാട്ടത്തിലും 'തൃപ്തരാ'യ പ്രേക്ഷകരെ ഗതിമാറ്റാൻ ഈ പറഞ്ഞ മാധ്യമ മുന്നേറ്റങ്ങൾക്ക് ത്രാണിയില്ല. രവീഷ് കുമാറിനെ പോലുള്ളവരുടെ എൻ ഡി ടി വിയിലെ ശ്രമങ്ങൾക്കും സാമ്പത്തിക പരാധീനതകളുടെ സാങ്കേതികമായ ഞെരുക്കങ്ങളുടെ തടസ്സങ്ങളുണ്ട്. പിന്നെയും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ വഴിയിലേക്ക് തിരിഞ്ഞ ബർഖാ ദത്തിനെ പോലുള്ളവരുടെയോ, റാണാ അയ്യൂബിനെ പോലുള്ളവരുടെയോ ശ്രമങ്ങൾക്ക് ഫലമുണ്ടാകാൻ അവരുടെയും പരിമിതമായ പ്രേക്ഷകരും വായനക്കാരും ഇനിയും ഒരുപാട് വലിയ വൃത്തമായി പരിണമിക്കേണ്ടിവരും.
സ്ഥിതിഗതികൾ ഇങ്ങനെയൊക്കെ ആകുമ്പോഴും ഉള്ള പ്രതീക്ഷകൾക്ക് കഴമ്പില്ലാതാകുന്നു എന്ന നിരാശയല്ല. പകരം, ഇങ്ങനെയെങ്കിലും ഒരു മാധ്യമ പ്രവർത്തനം ഇന്ത്യയിൽ അവശേഷിക്കുന്നു എന്ന ആശ്വാസമാണ്. നേരത്തെ പറഞ്ഞ മാധ്യമങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടത്തിൽ എന്തുകൊണ്ടും എടുത്തുപറയേണ്ടവരാണ് കശ്മീരിലെ മാധ്യമപ്രവർത്തകർ. അതിൽ തന്നെ ധീരവും സത്യസന്ധവുമായ മാധ്യമപ്രവർത്തനത്തിന് രാജ്യാന്തര പുരസ്കാരങ്ങൾ വരെ നേടിയ മസ്രത് സഹ്റ അടക്കമുള്ള ഒട്ടേറെ മാധ്യമപ്രവർത്തകർക്ക് യു എ പി എ പോലുള്ള കരിനിയമങ്ങളുടെ ചാപ്പ കൂടി ചുമക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും കശ്മീരിലെ യാഥാർഥ്യങ്ങളെ ലോകത്തിന് മുന്നിൽ എത്തിക്കുന്നത് അവിടെയുള്ള ഈ മാധ്യമപ്രവർത്തകരുടെ വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തിയുടെ ഫലമാണ്. ആർട്ടിക്കിൾ 370 എടുത്തുമാറ്റിയ ഉടനെ ഉണ്ടായ ലോക്ഡൗണിൽ കാശ്മീരി ജനത അനുഭവിച്ച ദുരിതങ്ങളെ ഏറ്റവും ആദ്യം കൂടുതൽ കൃത്യതയോടെ ലോകത്തിന് മുന്നിൽ കൊണ്ടുവന്നതിന് ദി വയറും അഭിന്ദനമർഹിക്കുന്നുണ്ട്.
അതേസമയം ആർട്ടിക്കിൾ 499 അടക്കമുള്ള വകുപ്പുകൾ സ്വതന്ത്ര മാധ്യമ പ്രവർത്തനങ്ങളെ പിടിച്ചുകെട്ടാൻ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യം നിലവിലുണ്ട്. അഴിമതിയുടെയും അനിഷ്ടങ്ങളുടെയും കഥകൾ പുറത്തുവരുമ്പോൾ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാനും അതുവെച്ച് വേട്ടയാടാനുമാണ് കുത്തകകളും അധികാരികളും ശ്രമിക്കുന്നത്. അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരെ ദി വയർ പ്രസിദ്ധീകരിച്ച അന്വേഷണാത്മക ലേഖനങ്ങൾക്കെതിരെ 150 കോടി രൂപയുടെ മാനനഷ്ട കേസാണ് ഫയൽ ചെയ്യപ്പെട്ടത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇന്ധന കരാറിന് പിന്നിൽ എൻ ഡി എ സർക്കാരിന്റെയും എസ്സാർ കമ്പനിയുടെയും രഹസ്യ ധാരണയുണ്ടായിരുന്നു എന്ന കാരവൻ മാഗസിന്റെ റിപ്പോർട്ടിനെതിരെ 500 കോടിയുടെ കേസും വന്നു. ഭരണഘടനാപരമായ മാർഗ്ഗങ്ങളിലൂടെ തന്നെ മാധ്യമപ്രവർത്തനത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിലങ്ങുവെക്കാനുള്ള ശ്രമങ്ങൾ നെഹ്റുവിന്റെ കാലത്തുതന്നെയുണ്ട് എന്നതാണ് സത്യം. ആർ എസ് എസ് മുഖപത്രമായിരുന്ന ഓർഗനൈസറിനെ ഇത്തരത്തിൽ മൂടിക്കെട്ടാൻ നെഹ്റുവും പട്ടേലും തീരുമാനിച്ചു. എന്നാൽ സുപ്രീം കോടതി ഈ തീരുമാനം അനുവദിച്ചില്ല. എന്നാൽ വർഗ്ഗീയ ദ്രുവീകരണം നടത്തുന്ന മാധ്യമപ്രവർത്തനം അനുവദിക്കാനാവില്ലെന്ന് നെഹ്റു തറപ്പിച്ചുപറഞ്ഞു. നിലവിലെ നിയമം പോരെങ്കിൽ നിയമനിർമ്മാണം നടത്തുമെന്ന് സർക്കാർ തീരുമാനിച്ചു. നെഹ്റു നിയമനിർമ്മാണം നടത്തി. പക്ഷെ, നെഹ്റുവിനുണ്ടായിരുന്ന ജനാധിപത്യ ധാരണകൾ പിൽക്കാലത്ത് വന്നവർക്കുണ്ടാകണമെന്നില്ലല്ലോ.
അടിയന്തരാവസ്ഥക്കാലത്തും മാധ്യമസ്വാതന്ത്ര്യത്തിന് നേരെ കടുത്ത കടന്നുകയറ്റങ്ങളുണ്ടായി. വാർത്തകൾ സെൻസറിങ്ങിന് വിധേയമാക്കണമെന്ന തീരുമാനത്തിനെതിരെ നിലപാട് പേജുകളിൽ എഡിറ്റോറിയൽ കോളങ്ങൾ ഒഴിച്ചിട്ടും കറുപ്പ് പരത്തിയും മാധ്യമങ്ങൾ പ്രതിഷേധിച്ചു. അടിയന്തരാവസ്ഥക്കാലത്തും ഇന്ദിരാഗാന്ധി പോലെ ഒരു ശക്തയായ ഭരണാധികാരിക്ക് നേരെ അത്തരമൊരു പ്രതിഷേധം നടത്താൻ പോന്ന നട്ടെല്ലൊക്കെ അന്നത്തെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. ഒരുപക്ഷെ, അറ്റം ചെന്നുനിൽക്കുമ്പോൾ പ്രതിഷേധങ്ങളെ ഒരുപരിധിക്കപ്പുറം അവഗണിക്കാനാവാത്ത ജനാധിപത്യബോധം അന്നത്തെ ഭരണാധികാരികളിൽ ഉണ്ടായിട്ടുണ്ടെന്നുകൂടി വേണം മനസ്സിലാക്കാൻ. അതായത് ഇന്നത്തെ ഏകാധിപതിക്കില്ലാതെ പോകുന്ന മൂല്യബോധത്തെ കുറിച്ചാണ് പറയുന്നത്.
മാധ്യമ പ്രവർത്തനം ചരിത്രമെഴുത്തല്ല. പ്രവചനങ്ങളുമല്ല. മുൻധാരണകൾ സൃഷ്ടിക്കലുമല്ല. മാധ്യമപ്രവർത്തകരുടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ ഇത്തരത്തിലുള്ളതായിക്കൂടാ. അവ വസ്തുനിഷ്ഠമായിരിക്കണം. ആശങ്കകൾ ഉയർത്തുമ്പോഴും അമിതാവേശമരുത്. വർത്തമാനത്തെ സംബോധന ചെയ്യുന്ന രാഷ്ട്രീയ പ്രവർത്തനമാണ് പത്രപ്രവർത്തനം. അത് കക്ഷി രാഷ്ട്രീയവുമായി ബന്ധമില്ലാത്തതുമാണ്. ഈ ബോധവും ബോധ്യങ്ങളുമുള്ള മാധ്യമ പ്രവർത്തകരെയും സ്ഥാപനങ്ങളെയും ശ്രമങ്ങളെയും കണ്ടെത്തി പിന്തുണക്കുകയാണ് വായനക്കാർക്കും പ്രേക്ഷകർക്കും ചെയ്യാനാകുന്ന നീതി. ഫേസ്ബുക്കും ട്വിറ്ററും വാട്സാപ്പുമെല്ലാം സംഘം ചേർന്ന സത്യാനന്തര കാലത്ത് ചെറുതെങ്കിലും സ്ഥിരതയുള്ള ചെറുത്തുനിൽപ്പ് അനിവാര്യമാണ്. സത്യത്തിന് വേണ്ടിയുള്ള നമ്മുടെ ദാഹം അറ്റുപോകാതിരിക്കാൻ ഉണർന്നിരിക്കുകയാണ് പ്രതിവിധി.