ഇന്ത്യൻ ജനാധിപത്യത്തോട് കർഷകസമരം പറയുന്നത്...
അതിർവരമ്പുകൾ അപ്രസക്തമാക്കുന്ന ഒരു വർഗസമരമെന്ന നിലയിൽ, സമരത്തിന്റെ കടിഞ്ഞാൺ ഒരു അക്കാഡമിക് ഗ്രൂപ്പിനോ സെലിബ്രിറ്റികൾക്കോ കാൽപ്പനിക എഴുത്തുകാർക്കോ വിട്ടു കൊടുക്കാതെ, വിഷയങ്ങളെ കൃത്യമായി മുഖ്യ ധാരയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് രാജ്യത്തെ കർഷകർ.

"Dissent is the pressure valve of democracy, If dissent is not allowed, then the pressure cooker may burst”, ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് സുപ്രീം കോടതിയിൽ ഒരിക്കൽ പരാമർശിച്ചതാണിത്.
Farmers Produce Trade and Commerce (Production and Facilitation) Act 2020, Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act 2020, Essential Commodities (Amendment) Act 2020 എന്നീ നിയമ ഭേദഗതികൾക്കെതിരെയുള്ള കർഷക പ്രക്ഷോഭത്താൽ തലസ്ഥാന നഗരി കലുഷിതമാകുമ്പോൾ, ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയങ്ങൾ കൂടിയാണ് പൊതു മണ്ഡലത്തിൽ ചർച്ചയാകുന്നത്. ജന്മിത്തത്തോട് ചേർന്ന് നിൽക്കുന്ന വ്യവസ്ഥിതിയാണ് രാജഭരണമെങ്കിൽ, മുതലാളിത്തത്തിന്റെ കൈപിടിച്ച വ്യവസ്ഥിതിയാണ് ജനാധിപത്യം എന്ന കാലാകാലങ്ങളായുള്ള വാദങ്ങൾക്ക് ശക്തി പകരുന്ന കാഴ്ച്ചകളാണ് ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തിൽ നടക്കുന്നത്. അധികാരത്തിന്റെ കസേരകളിൽ ഇരിക്കുന്നവരും അതിന് കുട പിടിക്കുന്നവരും എറിഞ്ഞു കൊടുക്കുന്ന അപ്പ കഷ്ണങ്ങൾ കഴിച്ച്, തിരിച്ച് ചോദ്യങ്ങൾ ചോദിക്കാതെ, വാലാട്ടി നന്ദിയുള്ളവരായി നിലകൊള്ളുന്ന ജനത്തെയാണ് ഭരണകൂടം താത്പര്യപ്പെടുന്നതെങ്കിൽ, കുറച്ചു പേർക്ക് മാത്രം ലാഭം കൊയ്യാനുള്ള ഒരു അക്ഷയപാത്രമായി ഈ സംവിധാനം മാറും. രാമേശ്വരത്ത് നിന്നൊരു എ. പി. ജെ. യോ കേരളത്തിൽ നിന്നൊരു കെ. ആർ. നാരായണനോ ഉയർന്ന് വരാനുള്ള അവസാന വാതിലും ആണിയടിച്ച് പൂട്ടുന്നതിന് സമമാണ്, ദീർഘ കാലാടിസ്ഥാനത്തിൽ നവ-അടിമത്വത്തിലേക്ക് നയിക്കുന്ന ഇത്തരം നിയമ ഭേദഗതികൾ.
അതിർവരമ്പുകൾ അപ്രസക്തമാക്കുന്ന ഒരു വർഗസമരമെന്ന നിലയിൽ, സമരത്തിന്റെ കടിഞ്ഞാൺ ഒരു അക്കാഡമിക് ഗ്രൂപ്പിനോ സെലിബ്രിറ്റികൾക്കോ കാൽപ്പനിക എഴുത്തുകാർക്കോ വിട്ടു കൊടുക്കാതെ, വിഷയങ്ങളെ കൃത്യമായി മുഖ്യ ധാരയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് രാജ്യത്തെ കർഷകർ. ഡൽഹിയോ മുംബൈയോ പോലുള്ള വൻ നഗരങ്ങളിലെ ഇടത്തരക്കാരുടെ ജന ജീവിതം സ്തംഭിപ്പിച്ചാലേ ഇവർക്ക് കേൾവിക്കാരുണ്ടാകൂ എന്നതും, ഇന്ത്യൻ മധ്യവർഗത്തെ അലോസരപ്പെടുത്താത്ത ഒന്നും ഒരു ഭീഷണിയായി നമ്മെ ഭരിക്കുന്നവർ കാണുന്നില്ല എന്നതും ദൗർഭാഗ്യകരമാണ്.
ഫെഡറൽ സംവിധാനത്തിൽ ഓരോ സംസ്ഥാനങ്ങളിലെയും കൃഷിരീതികളും വിപണിയും വ്യത്യസ്തമാണ് എന്നിരിക്കെ, കർഷക സംഘടനകളോട് ആലോചിക്കാതെ, പാർലമെന്റിൽ ചർച്ച ചെയ്യാതെ തിരക്കിട്ട നിയമനിർമാണം നടക്കുമ്പോൾ, കേന്ദ്രത്തിൽ നിന്ന് നൂലിൽ കെട്ടിയിറക്കുന്ന നിയമങ്ങൾക്കൊത്ത് ചലിക്കേണ്ട പാവകളായി ഉൽപ്പാദകർ മാറുന്ന അവസ്ഥയാണ് എതിർക്കപ്പെടുന്നത്. അഭയാർത്ഥി പ്രശ്നം ഏറ്റവുമധികം ബാധിക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെ പൗരത്വബിൽ കൊണ്ടുവരുമ്പോഴും, കാശ്മീരിലെയും ലഡാക്കിലെയും പ്രാദേശിക ഭരണകൂടങ്ങളുടെ അഭിപ്രായം തേടാതെ അവരെ ബാധിക്കുന്ന നിയമ നിർമാണം നടത്തുമ്പോഴും, കുട്ടികൾക്കോ അദ്ധ്യാപകർക്കോ താൽപ്പര്യമില്ലാത്ത രാഷ്ട്രീയ തീരുമാനമായി കേന്ദ്ര സർവ്വകലാശാലകളിലെ വിസി നിയമനങ്ങൾ നടക്കുമ്പോഴുമൊക്കെ, പാർലമെന്റ് നോക്കുകുത്തി ആവുകയാണ്. എന്ത് ക്രിയാത്മകമായ ചർച്ചയാണ് ഈ അടുത്ത കാലത്ത് ഇന്ത്യൻ പാർലമെൻറിൽ നടന്നതെന്ന് ആലോചിച്ചാൽ ഒരു ഉത്തരം പ്രയാസകരമായിരിക്കും. ഒറ്റയ്ക്കൊറ്റയ്ക്ക് ഓരോ വിഷയങ്ങൾ വരുമ്പോൾ, രാജ്യത്തിന്റെ ഏതെങ്കിലും കോണിൽ പ്രതിഷേധം നടക്കുമെന്നല്ലാതെ, നമ്മൾ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികളോട് നിങ്ങൾ അവിടെ ഞങ്ങൾക്കു വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ഉയർത്താറില്ല.
ഫോർബ്സ് മാഗസിൻ പറയുന്നതനുസരിച്ച് യുഎസ്സിനും ചൈനയ്ക്കും ജർമനിക്കും പിറകെ ലോകത്തെ ബില്യനെയർമാരുടെ കണക്കിൽ, നൂറ്റിരണ്ടു പേരുമായി നാലാം സ്ഥാനത്താണ് രണ്ടായിരത്തി ഇരുപതിൽ ഇന്ത്യ. ഇതേ ഇന്ത്യയാണ് ലോക്ക്ഡൗൺ കാലത്ത് ലക്ഷക്കണക്കിനു വരുന്ന തൊഴിലാളികളെയും ദിവസ വേതനക്കാരെയും ചുട്ടുപൊള്ളുന്ന വെയിലത്ത് ദേശീയ പാതയിലൂടെ നടത്തിച്ചത്. കോവിഡ് പ്രതിസന്ധികളെ നേരിടാൻ രൂപീകരിച്ച പി. എം. കെയെർസ് ഫണ്ട് ഇവർക്ക് ഉപകാരപ്രദമായില്ലെന്ന് മാത്രമല്ല, അതിന്റെ രൂപീകരണവും വരവ് ചിലവുമൊക്കെ സുതാര്യതയിൽ സംശയമുണർത്തിക്കൊണ്ട് ഇന്നും പൊതു സമൂഹത്തിനു അപ്രാപ്യമായി തന്നെ നിൽക്കുന്നു. ഈ വിഷയങ്ങൾക്കൊക്കെ ഇടയിലും, ഇതൊന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നില്ല എന്നതും, സംയുക്ത പ്രക്ഷോഭമായോ പ്രതിഷേധമായോ വളരുന്നില്ല എന്നതും ശ്രദ്ധേയമാണ്. കർഷക സമരത്തിൽ നിന്നും പ്രതിപക്ഷ കക്ഷികൾ പഠിക്കേണ്ടതും ചില സമര പാഠങ്ങളാണ്.
കർഷകർ സംഘടിതരാണ് എന്നതും അവർക്കിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായില്ല എന്നതുമാണ് മറ്റു സമരങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാരിന് തലവേദന ഉണ്ടാക്കുന്ന ഒന്നായി ഈ പ്രക്ഷോഭത്തെ മാറ്റിയത്. ചാപ്പയടിച്ച് ഒരാൾക്കൂട്ടത്തെ തമ്മിലടിപ്പിക്കാനും, അവസരം ഒത്തുവരുമ്പോൾ തങ്ങളുടെ പാതയിലേക്ക് കാര്യങ്ങളെ വഴി തിരിച്ച് വിടാനും ഭരണകൂടത്തിന് കുറച്ചുകൂടി എളുപ്പമാണ്. ചിതറിക്കിടക്കുന്ന സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെ ഒറ്റ നൂലിൽ കോർക്കാൻ ഗാന്ധിജിക്ക് കഴിഞ്ഞതാണ് ഇന്ത്യൻ ചരിത്രത്തിലെ വഴിത്തിരിവ് എന്നത് പോലെ, ചിതറിക്കിടക്കുന്ന പ്രക്ഷോഭങ്ങളെ, ഭരണവിരുദ്ധ വികാരങ്ങളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കാൻ ഇതുവരെയും രാജ്യത്തെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥികളുടെയും ന്യൂനപക്ഷങ്ങളുടെയും തൊഴിലാളികളുടെയും കർഷകരുടെയും ആശങ്കകൾ ഏകോപിപ്പിച്ച്, പൊതുസമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരാൻ, ചർച്ചകളോട് സർക്കാർ കാണിക്കുന്ന വിമുഖത ഊന്നിപ്പറയാൻ, പാർലമെന്റ് സമിതികളെ കാര്യക്ഷമമാക്കാൻ, നേതൃഗുണമുള്ള ഒരു നിരയെ രാജ്യം ഉറ്റുനോക്കുകയാണ്. ഭരിക്കുന്നവരെ ഓഡിറ്റ് ചെയ്യാനും അക്കൗണ്ടബിൾ ആക്കാനും ആളുണ്ടെങ്കിൽ മാത്രമേ സക്രിയമായ പ്രവർത്തനം ഭരണപക്ഷത്തും ഉണ്ടാകൂ. ഈ വരുന്ന ഇരുപത്തി ഒൻപതാം തിയ്യതി സർക്കാരുമായി നടത്തുന്ന ചർച്ചയ്ക്ക് നാല് അജണ്ടകളാണ് കർഷക സംഘടനകൾ മുന്നോട്ട് വയ്ക്കുന്നത്. മിനിമം താങ്ങുവില ഉറപ്പാക്കുക, ഭേദഗതികൾ പിൻവലിക്കുക, കരട് വൈദ്യുതി ബിൽ പിൻവലിക്കുക തുടങ്ങിയ അവരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കും എന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ഈ സംഘടിതമായ സമരപരിപാടികളിൽ നിന്നും പാഠമുൾക്കൊണ്ടുകൊണ്ട് നമ്മുടെ വ്യവസ്ഥിതിയിലെ അടിസ്ഥാനപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാനും, എതിർപ്പുകളുയരേണ്ടിടത്ത് വസ്തുനിഷ്ഠമായി അവ ഏകോപിപ്പിച്ച് ജനാധിപത്യത്തെ സക്രിയമായി നിലനിർത്താനും നമുക്ക് കഴിയട്ടെ. മൗലികാവകാശങ്ങളും മാനുഷിക മൂല്യങ്ങളും സംരക്ഷിക്കാനുള്ള എല്ലാ ജനാധിപത്യപോരാട്ടങ്ങൾക്കും ഞങ്ങളുടെ ഐക്യദാർഢ്യം.