കാശ്മീരിന്റെ കഥ; ഫാത്തിമ നിലൂഫർ പറഞ്ഞത്..!
ഫാത്തിമ നിലോഫറിന്റെ നിക്കാബ് മുഴുവൻ ചോരപറ്റിയിരുന്നു... അവളുടെ തലയിലും പുറത്തും വെടിയേറ്റിരുന്നു... നോവലിന്റെ പേര് സൂചിപ്പിക്കും പോലെ കാണാനും കേൾക്കാനും സംസാരിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ നേർ പരിച്ഛേദമാണ് ഈ കഥ.

രാത്രി ഉദ്ദേശം പതിനൊന്നര മണി. ഉറങ്ങുന്നതിനു മുൻപായി കുറച്ചെങ്കിലും വായിക്കുന്ന പതിവിലേക്കായി എടുത്തതാണ് ടി.ഡി രാമകൃഷ്ണൻ എഴുതിയ 'അന്ധർ ബധിരർ മൂകർ' എന്ന നോവൽ. അതെന്റെ കയ്യിൽ എത്തിയിട്ട് ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളൂ...
ചിന്തോദ്ദീപകവും മനോഹരവുമായ കവർ. സൈനുൽആബിദിന്റെ ഡിസൈൻ. ഡിസി ബുക്സ് പബ്ലിഷിംഗ്.
നോവലിന്റെ പേരിനെ പൂർണമായി പ്രതിഫലിപ്പിക്കുന്ന, സിംഹമുദ്രക്ക് സമാനമായ ഒരു ചിത്രം. കണ്ണ് മൂടി, വായ പൊത്തി, ചെവിയടച്ച് മൂന്ന് വശങ്ങളിലേക്ക് നോക്കി നിൽക്കുന്ന മൂന്നു കുരങ്ങുകൾ. സത്യമേവ ജയതേ എന്ന് കാണുന്ന ഭാഗത്ത് നോവലിന്റെ പേര്; 'അന്ധർ ബധിരർ മൂകർ'. തുടക്കംതന്നെ വല്ലാത്തൊരു രസം തോന്നി.
40 വയസ്സിനുശേഷം എഴുത്ത് ജീവിതത്തിലേക്ക് കടന്നു വന്ന ആളാണ് ടി.ഡി രാമകൃഷ്ണൻ എന്ന് പലവുരു കേട്ടിട്ടുണ്ട്. വയലാർ അവാർഡ് നേടിയ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി,' 'ഫ്രാൻസിസ് ഇട്ടിക്കോര,' 'സിറാജുന്നിസ' തുടങ്ങിയ രചനകളിലൂടെ മലയാളി വായനക്കാരുടെ ഹൃദയം കവർന്ന എഴുത്തുകാരനാണ് അദ്ദേഹം.

175 പേജുകളാണ് നോവൽ. ഒരൽപ്പം വായിച്ച് ബാക്കി നാളെയാക്കാം എന്ന് കരുതി തുടങ്ങിയതാണ്. തന്റേതല്ല, താനെഴുതിയതല്ല, തനിക്കിതിൽ അവകാശമില്ല എന്നൊക്കെ ആമുഖത്തിൽ നോവലിസ്റ്റ് വായനക്കാരോട് പറയുന്നു.
ഒരു സ്വാതന്ത്ര്യദിനപുലരിയിൽ അദ്ദേഹത്തിന്റെ സ്വപ്നത്തിലേക്ക് കറുത്ത നിഖാബിനുള്ളിലെ പ്രതീക്ഷയുടെ തിളക്കമുള്ള കരിനീല കണ്ണുമായി അവൾ എത്തുന്നു. മരണത്തിനുശേഷം സ്വർഗത്തിലേക്കോ നരകത്തിലേക്കോ അയക്കുന്നതിനു മുൻപ് ജീവിതത്തിൽ ചെയ്തുതീർക്കാൻ ബാക്കിവെച്ച പ്രധാനപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ അത് ചെയ്തുവരാൻ ദൈവം അവൾക്ക് അനുമതി നൽകിയത്രെ. അങ്ങനെ നോവലിസ്റ്റിനോട് തന്റെ കഥ പറയാൻ അല്ലെങ്കിൽ നോവലിസ്റ്റിന്റെ വിരലുകളിലൂടെ ഈ കഥ എഴുതിത്തീർക്കാൻ എത്തിയതാണ് അവൾ. പത്തും പന്ത്രണ്ടും വയസ്സായ രണ്ട് മക്കളുള്ള വിധവയായ ഫാത്തിമ നിലോഫർ എന്ന കാശ്മീരി യുവതി..!
എഴുതിത്തീർത്ത നോവലിന് പേരിട്ടതും ഫാത്തിമ തന്നെ. ഒടുവിൽ അവൾ തിരിഞ്ഞുനടക്കുമ്പോൾ കഥാകാരൻ കാണുന്നു;
"ഫാത്തിമ നിലോഫറിന്റെ നിക്കാബ് മുഴുവൻ ചോരപറ്റിയിരുന്നു... അവളുടെ തലയിലും പുറത്തും വെടിയേറ്റിരുന്നു..."
നോവലിന്റെ പേര് സൂചിപ്പിക്കും പോലെ കാണാനും കേൾക്കാനും സംസാരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ നേർ പരിച്ഛേദമാണ് ഈ കഥ.
ആമുഖം വായിച്ച ശേഷം പുസ്തകം അടച്ചുവെക്കാൻ തോന്നിയില്ല. ഇതിനിടെ ഫാത്തിമ നിലോഫർ എന്റെ കയ്യിൽ പിടിച്ച് കശ്മീരിലെ ആളൊഴിഞ്ഞ ഒരു തെരുവിലൂടെ നടന്ന് തുടങ്ങിയിരുന്നു. കളിക്കുന്നതിനിടെ സുരക്ഷാസേനയുടെ പെല്ലറ്റേറ്റ് കണ്ണിന് ഗുരുതരമായി പരിക്ക് പറ്റിയ യാസീനെന്ന പത്തുവയസ്സുകാരൻ മകനും, മെഹർ എന്ന് പേരുള്ള പന്ത്രണ്ട് വയസ്സുകാരി മകളും, ഉമ്മയുമൊത്ത് ഫാത്തിമ നിലോഫർ നടത്തുന്ന അതിജീവന ശ്രമമാണ് കഥയുടെ ഇതിവൃത്തം. കാശ്മീരി ജനതയുടെ നിസ്സാഹായാവസ്ഥ കഥയുടെ എല്ലാ അംശത്തിലും മുഴച്ചുനില്കുന്നു. ഫാത്തിമ നിലോഫർ എന്ന പേരിലെ നിലോഫർ ഉമ്മയാണ്. അച്ഛൻ ആരാണെന്ന് അവൾക്കറിയില്ല. ഉമ്മയെ ബലാൽക്കാരം ചെയ്ത മൂന്ന് പട്ടാളക്കാരിൽ ഒരാളായിരിക്കും എന്റെ പിതാവ് എന്ന് ഫാത്തിമ മനസിലാക്കുന്നു. എന്നെങ്കിലും ഒരുദിവസം അയാളെ കണ്ടെത്തി മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പണമെന്ന് അവൾ ആഗ്രഹിക്കുന്നു. 2019 ആഗസ്റ്റ് 4 മുതൽ 13 വരെയുള്ള ദിവസങ്ങളിലെ ഫാത്തിമയുടെ കഥയാണ് നമ്മൾ വായിക്കുന്നത്.
ഫാത്തിമ ജോലി ചെയ്തിരുന്ന, ആയിരത്തിനകത്ത് മാത്രം സർക്കുലേഷനുള്ള ത്സലം ടൈംസ് എന്ന സായാഹ്നപത്രത്തിന്റെ പത്രാധിപരെ പട്ടാളക്കാർ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും പത്രമോഫീസ് പൂട്ടിക്കുകയും ചെയ്യുന്നിടത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്. ദുഷ്മൻമാരുടെ അധീശത്വഭരണം ഏത് വിധത്തിലാണ് കശ്മീരി ജനതയുടെ സാമൂഹ്യജീവിതത്തെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നതെന്ന് നോവലിന്റെ ഓരോ വരിയിൽ നിന്നും നമ്മൾ വായിച്ചറിയുന്നു.
സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളല്ല, സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് വേണ്ടതെന്ന് വാദിക്കുകയും ആ ആശയത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന കാശ്മീരി വുമൺ ഫോർ പീസ് എന്ന സംഘടനയിലെ അംഗമാണ് ഫാത്തിമ. മക്കളെ അനാഥരാക്കുകയും യുവതികളെ വിധവകളാക്കുകയും ചെയ്യുന്ന അക്രമപരമ്പരകൾക്ക് അന്ത്യമുണ്ടാകണമെന്ന് ഭൂരിപക്ഷം കാശ്മീരികളെയും പോലെ അഭിലഷിക്കുകയാണവൾ.
ഫാത്തിമയുടെ ഭർത്താവ് വിമോചന പോരാളികളുടെ നേതാവായിരുന്നു. മതതീവ്രവാദത്തോട് കൂട്ടുചേരാത്ത കാരണത്താൽ തീവ്രവാദികൾ കൊലചെയ്ത ശഹീദ് ഒമർ ഖയ്യാംവാനി. ഫാത്തിമയെ ബലാൽക്കാരം ചെയ്യാൻ വന്ന പട്ടാളക്കാരനെ മാത്രമേ അയാൾ ജീവിതത്തിൽ കൊന്നിട്ടുള്ളൂ. പലപ്പോഴും നിവൃത്തികേടുകൊണ്ടാണ് കാശ്മീരി യുവത ആയുധമെടുക്കുന്നത് എന്ന പച്ചയായ സത്യം ഇവിടെ നമ്മളറിയുന്നു. കാശ്മീരിനുള്ള പ്രത്യേക ഭരണഘടനാ പദവി എടുത്തുകളയുകയും ആവശ്യത്തിലുമെത്രയോ അധികം സൈന്യത്തെ താഴ്വരയിലാകെ വിന്യസിക്കുകയും ചെയ്തതിലുള്ള അപകടം മനസിലാക്കി ഫാത്തിമയും കുടുംബവും പാകിസ്താനിലേക്ക് കടന്ന് രക്ഷപെടാൻ ശ്രമിക്കുന്നു.
മകന്റെ കണ്ണിന്റെ ചികിത്സയും ജീവരക്ഷയും ലക്ഷ്യമാക്കിയാണ് വിമോചനപ്രസ്ഥാനം നിയോഗിച്ച മുസാഫിർ എന്ന ചെറുപ്പക്കാരനൊപ്പം അവർ യാത്ര തിരിക്കുന്നത്. ആ ദുർഘടമായ യാത്രയിൽ പലരെയും അവർ പരിചയപ്പെടുന്നു. അലിഭായ്, ഉസ്താദ്, ഭാര്യ, ഡോക്ടർ, ഉസ്മാൻ... ഓരോ രംഗവും നമ്മുടെ കൺമുന്നിലാണ് സംഭവിക്കുന്നതെന്ന തോന്നലുണ്ടാക്കാൻ കഥാകാരന്റെ ആഖ്യാനശൈലിക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പലതരം ഹൃദയവികാരങ്ങളിലൂടെ മാത്രമേ വായന പൂർത്തീകരികരിക്കാനാവുകയുള്ളൂ. ജീവിതത്തിൽ യാതനകളും വേദനകളും മാത്രം അനുഭവിച്ചിട്ടുള്ള ഉമ്മ യാത്രയ്ക്കിടയിൽ പാമ്പുകടിയേറ്റ് മരിക്കുന്ന രംഗമെത്തുമ്പോൾ വായനക്കാരൻ ഒന്ന് വിതുമ്പും.
വഴിതെറ്റി അവർ ലഷ്കർ എ ത്വയ്ബയുടെ താവളത്തിൽ ചെന്ന് കയറുമ്പോൾ നിരാശപ്പെടും. ഇവളെ ഇവിടെ ആക്കിയിട്ട് പോകണമെന്ന് കല്പിച്ച്, മെഹറിന്റെ നെഞ്ചിൽ കൈവെച്ച തീവ്രവാദി നേതാവിനു നേരെ തോക്ക് ചൂണ്ടി രക്ഷപെടുന്ന സന്ദർഭത്തിൽ ശ്വാസമടക്കിപ്പിടിക്കും. കടന്നുപോകേണ്ട ഓരോ മിലിട്ടറി ചെക്ക്പോസ്റ്റിലും അടുത്ത നിമിഷമുണ്ടായേക്കാവുന്ന അപകടമോർത്ത് ആവലാതിപ്പെടും. ചിലപ്പോളൊക്കെ ഹൃദയം ക്രമാതീതമായി മിടിക്കും. ഓരോ രക്ഷപ്പെടലുകളിലും നിശബ്ദമായി ദൈവത്തെ സ്തുതിക്കും. മേജർ മൽഹോത്രയുടെ കരുത്തുള്ള കരങ്ങളിൽ ഫാത്തിമ പിടയുമ്പോൾ വാതിൽ ചവിട്ടിപ്പൊളിച്ച് അയാളെ വലിച്ചെറിയാൻ ആവേശപ്പെടും. സേനയുടെ വെടിപൊട്ടും മുൻപ് തുരങ്കത്തിനപ്പുറത്തേക്ക് ചാടൂ എന്ന് വിളിച്ചുപറയാൻ നാവ് തുടിക്കും. മക്കളെ സ്വാതന്ത്രത്തിന്റെ പുതിയ പ്രഭാതത്തിലേക്ക് തള്ളിവിട്ട് നെഞ്ചിലും തലയിലും വെടിയേറ്റ് ഫാത്തിമ വീണുപോകുമ്പോൾ കണ്ണീർ പൊടിയും. ഹൃദയം കലങ്ങും. എങ്കിലും മക്കൾ രക്ഷപ്പെട്ടല്ലോയെന്നും യാസീന്റെ കാഴ്ചകൾക്ക് നിറമുണ്ടാകുമല്ലോയെന്നും ആശ്വസിക്കും.
ചുരുങ്ങിയ പേജുകളിലൂടെ കഥാകാരൻ കശ്മീരിന്റെ പൊതുസ്വഭാവം വിവരിക്കുന്നു. താഴ്വരയിൽ വയലൻസ് തുടച്ചുനീക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരുന്നു. മതതീവ്രവാദത്തിന്റെ പൊള്ളത്തരങ്ങളെ പൊളിച്ചിടുന്നു. ഭരണകൂടഭീകരതയുടെ നേർചിത്രം വരച്ചു കാട്ടുന്നു. ഖുർആനിന്റെ ആശ്വാസസന്ദേശങ്ങൾ കൈമാറുന്നു. കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി ഫാത്തിമ പറഞ്ഞു കൊടുക്കുന്ന ആരിഫത്തായുടെ ഓരോ കഥകളിലും വിശിഷ്ടമായ ദിവ്യത്വം നമുക്ക് അനുഭവിക്കാനാകുന്നുണ്ട്. ദുരിതങ്ങൾ മാറ്റിത്തരുന്ന അങ്ങനെയൊരു ആരിഫത്തായെ കാശ്മീരികൾ പ്രതീക്ഷിക്കുന്നുണ്ടാകുമോ?
അന്ധരും ബധിരരും മൂകരുമായി തളച്ചിടപ്പെടുന്ന കാശ്മീരി ജനതയുടെ പച്ചയായ ജീവിതമാണ് ഈ പുസ്തകം. കാൽപ്പനികതയുടെ കലർപ്പില്ലാത്ത രചനാവൈഭവം. ചില പേജുകൾ പലയാവർത്തി വായിച്ച്, വരികളിൽ കുടുങ്ങിപ്പോയ ഹൃദയത്തെ പുറത്തെടുത്ത്, ചില രംഗങ്ങൾ കണ്ണുകളടച്ച് മനസ്സിലോർത്ത്, ഫാത്തിമയുടെ പ്രാർത്ഥനാവചനം ഒന്നുകൂടി ഉരുവിട്ട് പുസ്തകം അടച്ചു വെക്കുമ്പോൾ സമയം 2:30.
"പരമ കാരുണ്യവാനായ നാഥാ...
ഈ നരകത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ..."