സാഹിത്യത്തിൽ ക്രൈം ഒരു കുറ്റമാണോ?
കുറ്റകൃത്യം ചെയ്യാനുള്ള ഒരു പ്രേരണ മനുഷ്യനിൽ ജന്മസിദ്ധമാണ്. ഒരു നാടിന്റെ ആന്തരികജീവിതം പ്രതിഫലിക്കുന്നത് ആ പ്രദേശത്തെ ചാരിറ്റി പ്രവർത്തനങ്ങളിലല്ല, മറിച്ച് അവിടത്തെ കുറ്റകൃത്യങ്ങളിലാണ് എന്ന് ഹിച്ച്കോക്ക് നിരീക്ഷിക്കുന്നു.

2019 ൽ മാതൃഭൂമി ബുക്സ് മൺസൂൺ പുസ്തകോത്സവത്തിന്റെ ഭാഗമായി "നോവലിൽ ക്രൈം ഒരു കുറ്റമാണോ?" എന്ന പേരിൽ ഒരു സംവാദത്തിൽ ഞാൻ പങ്കെടുത്തിരുന്നു. സമകാലികമായി മലയാളത്തിലെ കുറ്റാന്വേഷണനോവലിൽ ശ്രദ്ധിക്കപ്പെട്ട പുത്തൻ ഉണർവിന്റെ പശ്ചാത്തലത്തിലായിരുന്നു ആ ചർച്ച സംഘടിപ്പിക്കപ്പെട്ടത്. ക്രൈം പ്രമേയമായി വരുന്ന സാഹിത്യരചനകൾക്ക് ലോകമെങ്ങും ധാരാളം വായനക്കാരുണ്ട്. എന്നാൽ ജനപ്രീതി നേടിയ രചനകൾക്ക് നിലവാരം കുറവാണ് എന്ന മുൻവിധി എക്കാലത്തും നിലനിന്നിരുന്നു. മലയാളത്തിൽ ശ്രദ്ധ നേടിയ പുതിയ ക്രൈം എഴുത്തുകാരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. എന്തുകൊണ്ട് ക്രൈം പ്രമേയമായ രചനകൾക്ക് നിലവാരശൂന്യത ആരോപിക്കപ്പെടുന്നു? ക്രൈമെഴുത്തിനെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ടോ? തുടങ്ങി ക്രൈം ഫിക്ഷന്റെ വിവിധ തലങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പങ്ക് വയ്ക്കപ്പെടുകയുണ്ടായി. ലോകമെങ്ങും പുസ്തകപ്രസാധകർ ഈ വിഭാഗത്തിലെ ക്ലാസിക്കുകൾ പ്രത്യേകപരമ്പരയായി പ്രസിദ്ധപ്പെടുത്തുമ്പോൾ എന്തുകൊണ്ടാണ് മലയാളത്തിൽ ഒറ്റപ്പെട്ട ശബ്ദങ്ങളൊഴിച്ചാൽ ക്രൈം ഫിക്ഷൻ ആഴത്തിൽ വേരിറക്കാത്തത് എന്നന്വേഷിക്കുക കൗതുകകരമായിരിക്കും.
നോവലിൽ ക്രൈം ഒരു കുറ്റമാണോ? എന്ന വിഷയത്തിന് നോവലിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. കേരളത്തിലെന്നല്ല, ലോകത്തെങ്ങും ജനപ്രിയസാഹിത്യത്തോട് വച്ച് പുലർത്തിയിരുന്ന മുൻവിധിയുടെ ഒരു വകഭേദമാണത്. ക്രൈം ഫിക്ഷൻ ജനപ്രിയസാഹിത്യത്തിന്റെ ഭാഗമായിരുന്നതിനാൽ അവയോടുണ്ടായിരുന്ന അലോഹ്യത്തിന്റെ നിഴലുകൾ ക്രൈം സാഹിത്യത്തിലേയ്ക്കും നീണ്ടുയെന്നേ കരുതേണ്ടതുള്ളു. എന്നാൽ വ്യത്യസ്തമായ വായനാരീതികളുടെ വരവോടെ, ഒരു സാംസ്കാരിക ഉല്പ്പന്നം എന്ന നിലയിൽ ജനപ്രിയരചനകളുടെ പ്രാധാന്യം തിരിച്ചറിയപെട്ടപ്പോൾ ഉന്നതസാഹിത്യം-ജനപ്രിയസാഹിത്യം എന്നിങ്ങനെയുള്ള വേർതിരിവുകൾ ലോകമെങ്ങും തകർന്നു വീഴുകയുണ്ടായെങ്കിലും മലയാളി അത് തുടർന്ന് പോരിക തന്നെയാണുണ്ടായത്. ക്രൈം ഫിക്ഷന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ദസ്തയേവ്സ്കിയും ഡിക്കൻസും മുതൽ ഉംബർട്ടോ എക്കോയും ഓർഹൻ പാമുക്കും ഉൾപ്പെടെയുള്ളവർ രചനകൾ നടത്തിയപ്പോൾ ഇപ്പോഴും നോവലിൽ ക്രൈം കുറ്റമാണോ? എന്ന് നമുക്ക് ചർച്ച ചെയ്യേണ്ടി വരുന്നത് മലയാളിയുടെ മുൻവിധി കൊണ്ടാണ്.
സാഹിത്യചരിത്രത്തെ മുൻനിർത്തി ഈ വിഷയത്തെക്കുറിച്ച് നിരീക്ഷിക്കാൻ സാധിക്കും. വിദ്യാഭ്യാസം സമൂഹത്തിലെ ഉന്നതരുടെ മാത്രം അവകാശമായിരുന്ന കാലത്ത് കവിതയായിരുന്നു പ്രധാനപ്പെട്ട സാഹിത്യമാധ്യമം. പ്രിന്റിംഗ് പ്രസിന്റെ വരവ്, പത്രമാധ്യമത്തിന്റെ വളർച്ച തുടങ്ങിയവയിലൂടെ വായന ജനകീയമായതിന്റെ ഫലമായിരുന്നു നോവൽ എന്ന രചനാമാധ്യമത്തിന്റെ ഉത്ഭവം. വളരെ വേഗത്തിൽ ഈ ഗദ്യാഖ്യാനം നേടിയ ജനപ്രീതി അതുവരെ തങ്ങളുടേത് മാത്രമായിരുന്ന സാഹിത്യവീഥി പങ്ക് വയ്ക്കപ്പെടുന്നു എന്ന നിലയിൽ ഒരു വിഭാഗം 'ഉന്നത'നിരൂപകരുടെ അലോഹ്യം പിടിച്ചു പറ്റി. കവിതയുമായി താരതമ്യപ്പെടുത്തി പുതിയ മാധ്യമം നിലവാരശൂന്യമായി വിലയിരുത്തപ്പെട്ടു. എന്നാൽ പിന്നീട് പ്രസക്തമായ രചനകളിലൂടെ നോവൽ സാഹിത്യലോകത്ത് ബഹുമാന്യത നേടിയപ്പോൾ അല്ലെങ്കിൽ നോവലിലും 'ഉന്നതരായ' രചയിതാക്കളും നിരൂപകരും രൂപപെട്ടപ്പോൾ അവയിൽ ജനകീയമായ രചനകൾ നിലവാരശൂന്യതയുടെ ആരോപണം പേറുകയാണുണ്ടായത്. രസിപ്പിക്കുന്നതെന്തും മോശവും വിലക്കപ്പെടേണ്ടതുമാണ് എന്ന സദാചാരസംഹിതയുടെ സാഹിത്യവേർഷൻ ആയിരുന്നു ഇത് എന്ന് പറയാം. ജനാധിപത്യപ്രസ്ഥാനത്തിന്റെ ഉപോല്പന്നമായിരുന്നു നോവൽ എന്ന നിരീക്ഷണവുമായി ചേർത്ത് വായിച്ചാൽ അരിസ്റ്റോക്രസിയ്ക്ക് ജനാധിപത്യത്തോടുണ്ടായ കൊതിക്കെറുവ് സാഹിത്യത്തിൽ പ്രതിഫലിച്ചതായിരുന്നു എന്നും പറയാം.
മലയാള സാഹിത്യത്തിലേയ്ക്ക് വന്നാൽ കേരളത്തിൽ തികഞ്ഞ കാപട്യമാണ് ക്രൈം ഫിക്ഷൻ ഉൾപ്പെടുന്ന രചനകളോട് പുലർത്തിയിരുന്നത് എന്ന് കാണാം. നിരന്തരം വായിക്കപ്പെടുകയും അതോടൊപ്പം തന്നെ അവ ഇകഴ്ത്തപ്പെടുകയും ചെയ്തു. മുഖ്യധാരാസാഹിത്യകാരന്മാരിൽ പലരും ക്രൈം ഫിക്ഷനോടുള്ള ആരാധന പലകാലങ്ങളിലായി സമ്മതിച്ചിട്ടുള്ളതാണ് എങ്കിലും ഇവരാരും തന്നെ മുഖ്യധാരയിൽ ബഹുമാന്യത നേടിയെക്കും വിധം രചനകൾ സംഭാവന ചെയ്തില്ല (മലയാറ്റൂരിന്റെ യക്ഷി, മോഹനചന്ദ്രന്റെ കലിക തുടങ്ങിയ അപവാദങ്ങൾ ഉണ്ടെങ്കിലും). ഇതേ കാലയളവിൽ അന്താരാഷ്ട്ര ക്രൈം ഫിക്ഷൻ അങ്ങേയറ്റം പ്രൊഫഷനൽ എന്ന് വിളിക്കാവുന്ന എഴുത്തുകാരുടെ കൈകളിലൂടെയാണ് കടന്ന് പോയത്. വിശദമായ ഗവേഷണവും "മധ്യവർത്തി നോവൽ" എന്ന നിലയിൽ പരിഗണിക്കാവുന്ന ക്രാഫ്റ്റും ഭാഷയും ഈ നോവലുകൾ പിന്തുടർന്നു. ഒപ്പം ആൽഫ്രഡ് ഹിച്ച്കോക്ക്, സ്റ്റാൻലി കുബ്രിക്ക് തുടങ്ങി ചലച്ചിത്രരംഗത്തെ അതികായർ പിന്നീട് സിനിമയിലെ ക്ലാസിക്കുകളായി തീർന്ന പല രചനകൾക്കും വേണ്ടി ക്രൈം ഫിക്ഷൻ തിരഞ്ഞെടുത്തപ്പോൾ ദീർഘകാലമായി നിലനിന്നിരുന്ന ദ്വന്ദങ്ങൾ തകർന്നു വീണു. സിമനോണിനെയും ഡാഫ്നെ ഡു മൌറിയറെയും എവിടെയാണ് പരിഗണിക്കേണ്ടത് എന്ന് ഇപ്പോഴും നിരൂപകർക്ക് സംശയമാണ്. സ്റ്റീഫൻ കിംഗിനെ ആരും ഇപ്പോൾ ഒരു സമയം കൊല്ലി രചനകളുടെ രചയിതാവായി കാണുന്നില്ല. എന്നാൽ മലയാളത്തിലെ ക്രൈം ഫിക്ഷനിൽ ഈ പ്രൊഫഷനൽ സമീപനവും ക്രാഫ്റ്റും സംഭവിച്ചില്ല. അവ "റീഡ് & ത്രോ" എന്ന മട്ടിൽ വാരികകളിലും അവിടെ നിന്ന് നിലവാരം കുറഞ്ഞ കവറിലും കടലാസിലുമായി നിലകൊണ്ടു, ഈ അടുത്ത കാലം വരേയും.
രണ്ടായിരങ്ങളിൽ ടി പി രാജീവന്റെ പാലേരിമാണിക്യം, ഇന്ദുഗോപന്റെ പ്രഭാകരൻ പരമ്പര, അൻവർ അബ്ദുള്ളയുടെ ശിവശങ്കർ പെരുമാൾ പരമ്പര എന്നിങ്ങനെ 'മധ്യവർത്തി' ക്രൈം ഫിക്ഷൻ ശ്രമങ്ങൾ ഇടയ്ക്കിടെ ഉണ്ടായെങ്കിലും വേണ്ട വിധം ശ്രദ്ധ നേടിയില്ല. സിനിമയെ സംബന്ധിച്ചിടത്തോളം "സൂപ്പർ ഹിറ്റ്" എന്ന പോലെ നോവലിനെ സംബന്ധിച്ചിടത്തോളം ജനത്തിലേയ്ക്കെത്തും വിധം "ബെസ്റ്റ് സെല്ലർ" ഇവിടെ സംഭവിച്ചില്ല. ഒരു വലിയ മാറ്റത്തിനും ട്രെൻഡിനും ഒരു വമ്പിച്ച വിപണി വിജയം അനിവാര്യമാണ്. രണ്ടായിരത്തിപ്പത്തുകളിൽ ജനശ്രദ്ധയാകർഷിക്കും വിധം ചില ക്രൈം ആഖ്യാനങ്ങൾ മലയാളത്തിൽ സോഷ്യൽ മീഡിയയിലും മറ്റും വിശദമായി ചർച്ച ചെയ്യപ്പെടുകയുണ്ടായി. ഫിക്ഷൻ അല്ലെങ്കിലും--ഈ അടുത്ത് അന്തരിച്ച ഡോ. ബി ഉമാദത്തൻ എഴുതിയ "ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ", "ക്രൈം കേരളം" തുടങ്ങിയവ അതിൽ പെടും. 2018 ൽ പുറത്തിറങ്ങിയ ലാജോ ജോസിന്റെ "കോഫീ ഹൗസ്", അതേ പരമ്പരയിൽ തുടർന്ന് വന്ന "ഹൈഡ്രേഞ്ചിയ" എന്നീ നോവലുകൾക്ക് മലയാളത്തിലെ ജനപ്രിയ വാരികയിലെ നോവലുകളേക്കാൾ ജനപ്രിയ പ്രമേയം കൈകാര്യം ചെയ്യുമ്പോഴും കലാത്മകത കൈ വിടാത്ത മധ്യവർത്തി സിനിമകളുടെ പാരമ്പര്യത്തോടായിരുന്നു ചാർച്ച. അതിന് യോജിക്കും വിധം പുസ്തകം ഡിസൈൻ ചെയ്യാനും വിപണിയിലെത്തിക്കാനും പ്രസാധകർ തയ്യാറായി. ശ്രീപാർവതിയുടെ "മിസ്റ്റിക് മൗണ്ടൻ" ശ്രീ ജയൻ ശിവപുരം എഴുതിയ "കാറ്റിമ" തുടങ്ങിയ ക്രൈം ആഖ്യാനങ്ങൾ തുടർന്ന് ശ്രദ്ധ നേടി. വിപണി വിജയം തീർച്ചയായും പുതിയ സാധ്യതകളും വഴികളും തുറക്കും. എഴുത്തുകാരന് എഴുത്തു കൊണ്ട് മാത്രം ജീവിക്കാനുള്ള സാഹചര്യമില്ലാത്ത ഇടമായിരുന്നു കേരളം. ക്രൈം ഫിക്ഷൻ നേടുന്ന വിജയം എഴുത്തുകാരന് പേന കൊണ്ട് ജീവിക്കാവുന്ന സാഹചര്യം കൊണ്ട് വന്നേക്കുമോ എന്ന് കാണേണ്ടിയിരിക്കുന്നു.
തീർച്ചയായും നോവലിൽ ക്രൈം ഒരു കുറ്റമല്ല. കുറ്റകൃത്യം ചെയ്യാനുള്ള ഒരു പ്രേരണ മനുഷ്യനിൽ ജന്മസിദ്ധമാണ്. ഒരു നാടിന്റെ ആന്തരികജീവിതം പ്രതിഫലിക്കുന്നത് ആ പ്രദേശത്തെ ചാരിറ്റി പ്രവർത്തനങ്ങളിലല്ല, മറിച്ച് അവിടത്തെ കുറ്റകൃത്യങ്ങളിലാണ് എന്ന് ഹിച്ച്കോക്ക് നിരീക്ഷിക്കുന്നു. അപ്പോൾ സ്വാഭാവികമായും പ്രേമവും തത്വചിന്തയും സാഹസികതയും പോലെ കുറ്റകൃത്യവും സാഹിത്യത്തിന് പ്രമേയമായിത്തീരും. മറിച്ച് നമ്മുടെ കുറ്റകൃത്യങ്ങളെ സാഹിത്യത്തിൽ രേഖപ്പെടുത്താതിരിക്കുക എന്നതാണ് അസ്വാഭാവികം. അതുകൊണ്ടു തന്നെ മനുഷ്യമനസ്സിന്റെ ദുരൂഹതകൾ മികച്ച ക്രാഫ്റ്റോടെ ആവിഷ്കരിക്കുന്ന ക്രൈം ഫിക്ഷൻ ഇവിടെ രചിക്കപ്പെടേണ്ടതുണ്ട്. മികച്ച ക്രാഫ്റ്റ് എന്നതിന് ഇവിടെ പ്രാധാന്യമുണ്ട്. ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും ഒരു ക്രൈം നോവലാണ്. പക്ഷെ ഒരു ലോകോത്തര ക്ലാസിക് ആയി ആ നോവൽ പരിഗണിക്കപ്പെടാനുള്ള കാരണം രചനയിൽ ദസ്തയേവ്സ്കി പ്രകടിപ്പിക്കുന്ന ചാതുരിയാണ്. എങ്കിൽപ്പോലും ഗൗരവമുള്ള മലയാള സാഹിത്യവും ഒട്ടും ദയവില്ലാതെയാണ് ഇവിടെ നടന്നിട്ടുള്ള മികച്ച ശ്രമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. ടിപി രാജീവന്റെ പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തന്നെ ഉദാഹരണം. എങ്കിലും താരതമ്യേന ക്രൈം ഫിക്ഷന് ഗൗരവപൂർണമായ പരിചരണം അടുത്ത കാലത്തായി ലഭിച്ചു വരുന്നു എന്ന് പറയണം. ഒരു സാംസ്കാരികോല്പന്നം എന്ന നിലയിൽ ക്രൈം ഫിക്ഷൻ എന്നല്ല, ഏത് സാഹിത്യോപവിഭാഗങ്ങളുടെയും പ്രാധാന്യം തിരിച്ചറിയുന്നതോടെ മലയാളം പൾപ്പ് ഫിക്ഷൻ രംഗം സജീവമാകും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.