സൂക്കിയുടെ കവിതകൾ

നവജാതന്റെ
തലക്കുള്ളിലെ
രക്തക്കുഴലുകൾ
പൊട്ടി ചോര കല്ലിച്ചു
ചോന്ന ഹൽവയായി
മാറി...
വെളുത്ത പുഴുക്കൾ
തിന്നുതീർത്ത ഹൽവയിൽ
പുഴുക്കൾ മാത്രം ബാക്കിയായി
ഒന്നും കഴിക്കാൻ കിട്ടാതെ
അവർ പരസ്പരം
തിന്നാൻ തുടങ്ങി
ഒന്നു മറ്റൊന്നിനെ കഴിക്കുന്നു
തീവണ്ടി ബോഗികൾ പോലവ
ഒന്നു മറ്റൊന്നിനെ ഭക്ഷണമാക്കി
അതോടൊപ്പം
അവ പെറ്റു പെരുകി
പുതിയ തലച്ചോറായി
മാറി...
ചുറ്റുമുള്ളവർ ആ പുഴുക്കൾക്ക്
വിഭവ സമൃദ്ധമായ
ഭക്ഷണം ഒരുക്കിക്കൊടുത്തു
മതം വർഗീയത
ജാതി വർണ്ണവെറി
തീവ്രദേശീയത
എന്നീ ചേരുവകൾ
ചേർത്തപ്പോൾ പുഴുക്കൾക്ക്
സ്വാദേറിയ
ഭക്ഷണമായി...
അവന്റെ തലച്ചോറിലെ
പുഴുക്കൾക്ക്
കുടുംബവും
കൂട്ടരും
നാട്ടുകാരും
സൽക്കാരം നടത്തി
നിറയെ ഊട്ടി.
എപ്പോഴും അന്നദാതാക്കൾ
സദാ സന്നദ്ധരായി നിന്നു.
അവന്റെ
കണ്ണിലൂടെയും
ചെവിയിലൂടെയും
അന്നമെത്തിച്ചു
കൊടുത്തുകൊണ്ടേയിരുന്നു...
അവന്റെ തലച്ചോറിന്റെ
കൂടെ അവനും വലുതായി
ഇപ്പോഴവൻ ഒരു
മര്യാദപുരുഷോത്തമനാണ്.
അവൻ ധനികനായി
വലിയ ഉദാരവാനായി
വലിയ അന്നദാതാവുമായി...
ചീഞ്ഞ പെണ്ണ്
ഒരാൺ തെരുവിൽ
ഒരു ജാലവിദ്യക്കാരൻ
തുണിക്കഷ്ണം കൊണ്ട്
ഒരു ബാലികയുടെ തല മറച്ചു.
ആൾക്കൂട്ടം അവളിൽ
ലജ്ജാവതിയും
കുലീനയുമായ
മാലാഖയെ കണ്ടു...
ആൺകൂട്ടം
അവൾക്കുമേൽ
നാവുകൊണ്ട്
പുഷ്പ വൃഷ്ടി നടത്തി
വാഴ്ത്തി വാഴ്ത്തി...
അവൾക്ക് ഉത്തമസ്ത്രീപട്ടം
ചാർത്തിക്കൊടുത്തു..
കാലത്തിന്റ ചില്ലയിലെ
ഇലകൾ കൊഴിഞ്ഞു
വേനൽ വാൾതല പോലെ
വെട്ടിത്തിളങ്ങി
തലയിലെ തുണികാരണം
അവളുടെ തല നീറിപ്പുകഞ്ഞു
അവൾ വളരുംതോറും ചൂട്
കൂടിക്കൂടി വന്നു.
ചൂട് നീറി അവളൊരിക്കൽ
തട്ടമൂരി... ഇളംകാറ്റ് അവളുടെ
മുടിയിഴകളിൽ തഴുകി
അവൾ സ്വയം തണുത്തു...
അവളെ കണ്ടവർ കണ്ടവർ
കല്ലെറിഞ്ഞു...
തട്ടമൂരിയോൾക്കവർ
തേവിടിച്ചിപ്പട്ടം ചാർത്തി.
ആൾക്കൂട്ടത്തിന് അവളൊരു
പുതിയ മായാജാലമായി
അവർ അവളിൽ ചെകുത്താനെ
കണ്ടു.
ആൺകൂട്ടത്തിന്റെ
കണ്ണുകൾ ചുവന്നു ചീഞ്ഞു...
അവളെ അവർ
ചീഞ്ഞപെണ്ണെന്ന് വിളിച്ചു.