രണ്ട് കമ്മ്യൂണലിസങ്ങൾ: വർഗീയതയുടെ പുകമറയും സാമുദായികതയുടെ ജനാധിപത്യവും
തുടർഭരണം ഉണ്ടാകുമോ ഇല്ലേ എന്നതിനേക്കാൾ പ്രസക്തിയേറിയ ചോദ്യം, ഏത് സമുദായങ്ങളുടെ പിൻബലത്തോടെയാകും തുടർഭരണമോ അട്ടിമറിയോ നടക്കുക എന്ന ചോദ്യമാകും.

കാൾ മാർക്സ് തന്റെ വിഖ്യാത കൃതിയായ 'ജർമൻ പ്രത്യയശാസ്ത്ര'ത്തിൽ നടത്തുന്ന ഒരു സുപ്രധാന നിരീക്ഷണം, ഒരു കാലഘട്ടത്തെ ആത്യന്തികമായി വിലയിരുത്തേണ്ടത് ആ കാലത്ത് ജീവിച്ച മനുഷ്യരുടെ സ്വയം സങ്കൽപ്പങ്ങളിലൂടെയല്ല എന്നതാണ്. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിലേക്ക് ഈ ആശയത്തെ വിനിയോഗിക്കാവുന്നതാണ്. വരും തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ പൊതു സംവാദങ്ങൾ നടക്കുന്നത് വർഗീയതയെ കേന്ദ്രീകരിച്ചാണ്, എന്നാൽ കേരള ചരിത്രത്തിലെ വഴിത്തിരിവ് വർഗീയതയിലേക്കോ മതേതരത്വത്തിലേക്കോ ആണെന്ന് ധരിക്കുന്നത് അബദ്ധമായിരിക്കും.
ഒന്നാമതായി തന്നെ ഇന്ത്യയെ ക്രമേണ പിടികൂടിക്കൊണ്ടിരിക്കുന്ന തീവ്ര ഹൈന്ദവതക്കും അതിന്റെ രാഷ്ട്രീയവൽക്കരണത്തിനും ചേരുന്ന പേര് "വർഗീയത" എന്നല്ല. അതൊരു നാസി (Nazi) നവോത്ഥാനമാണ്*. ഈ നവോത്ഥാനമാകട്ടെ ജംഗ്ഷനിൽ നിന്ന് തിരിയാൻ സാധിക്കുന്ന ഒരു വഴിയല്ല, വ്യക്തിപരമായ തെരഞ്ഞെടുപ്പിന് വിധേയമായ സാധ്യത എന്നതിൽ ഒതുങ്ങുന്ന ഒരു കേവല പ്രത്യക്ഷതയല്ല. ഒരു ജംഗ്ഷൻ എന്നതിനേക്കാൾ, നടന്നുകയറാൻ പതിറ്റാണ്ടുകൾ എടുത്തേക്കാവുന്ന ഒരു മലവാരമായി അതിനെ കാണാം. ഈ മലവാരത്തിൽ ഊര് സ്ഥാപിക്കാതെ, നാഗരികതയെ അതിൽ തളച്ചിടാതെ മുന്നേറുക എന്നതാണ് നാസിവിരുദ്ധ പ്രവർത്തനം.
പ്രധാന മുന്നണികൾ മൂന്നും തമ്മിൽ വർഗീയത ആരോപിച്ചുകൊണ്ടാണ് ദിവസേനയുള്ള പ്രചാരണങ്ങൾ കൊഴുപ്പിക്കുന്നത്. ഇടത് മുന്നണി ഉണ്ടാക്കുന്നത് മുസ്ലിംവിരുദ്ധ ഹൈന്ദവ-ക്രൈസ്തവ ഐക്യമാണെന്ന് ഐക്യ മുന്നണി വാദിക്കുന്നു, തിരിച്ച് ഐക്യ മുന്നണി "വർഗീയ" ശക്തികൾക്ക് താങ്ങാവുന്നു എന്ന് ഇടതും ആരോപിക്കുന്നു. ഇടത് ഭാഷ്യത്തിൽ, ഇന്ത്യൻ മാർക്സിസ്റ്റ് ഭാഷ്യത്തിൽ പൊതുവെ തന്നെ "വർഗീയ രാഷ്ട്രീയം" എന്ന് മുദ്രകുത്തപ്പെടുന്നത് അപമാനകരമാണെന്ന മുൻവിധിയുണ്ട്. "സാമുദായിക രാഷ്ട്രീയം" എന്ന വിവർത്തനം "Communal Politics" ന് നൽകിയാൽ അതൊരു സ്വീകാര്യമായ സംഭവമാണെന്ന് കാണാം. സാമുദായിക രാഷ്ട്രീയവും വർഗീയതയും തമ്മിലൊരു നേരിയ രേഖയുണ്ട്. ആ രേഖയെ ഭാഷാപരമായി മായ്ച്ചുകളഞ്ഞ മായാജാലമാണ് ദേശീയവാദികളായ മുൻകാല മാർക്സിസ്റ്റുകൾ നടത്തിയത്.
അതുകൊണ്ട് തന്നെ സാമുദായിക നീക്കുപോക്കുകളെയും ജനാധിപത്യപരമായ ഉൾപ്പോരുകളെയും തീവ്രവാദ രാഷ്ട്രീയത്തെയും എല്ലാം ഒരേ കുടയുടെ കീഴിൽ നിർത്താൻ ഇടത് പക്ഷത്തിനു സാധിക്കും.

ഈ ഭാഷാപരമായ പുകമറ ഇടതിനെ സംബന്ധിച്ച് ഒരു യുദ്ധതന്ത്രമായിട്ടാണ് പ്രവർത്തിക്കുന്നത്. 'യുദ്ധത്തിന്റെ കല' എന്ന സുൻ-സുവിന്റെ ക്ലാസിക് കൃതിയിൽ പരാമർശിക്കുന്ന പോലെ, എതിരാളിയുടെ താവളത്തിൽ യുദ്ധം ചെയ്യുന്നതാണ് എപ്പോഴും ഒരു പടക്ക് ഗുണം ചെയ്യുക, കാരണം സ്വന്തം താവളത്തിന് കേടുപാടുകൾ ഇല്ലാതെ കഴിയാം. ഇടതും, ഒരു പരിധി വരെ ഐക്യ മുന്നണിയും, "വർഗീയതയെ" കുറിച്ച് പറയുമ്പോൾ ബിജെപിയെ പാടെ നിർവീര്യം ആക്കുകയും, ഇരുവിഭാഗങ്ങളിലുള്ള അസംതൃപ്തരെ മുന്നണി മാറ്റത്തിന് ക്ഷണിക്കുകയുമാണ് ചെയ്യുന്നത്. ഇടത് മുന്നണി അദ്ധ്യക്ഷൻ എ. വിജയരാഘവൻ പരസ്യമായി തന്നെ പ്രഖ്യാപിക്കുകയുണ്ടായി, ബിജെപിയിലേക്ക് ചേക്കേറാതെ ഇടതിലേക്കാണ് നേതാക്കളും അണികളും വരേണ്ടതെന്ന്.
ഫലത്തിൽ, "വർഗീയത"യുടെ വ്യവഹാരം ചെയ്യുന്നത് മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒന്ന്, ലീഗ് വിരുദ്ധ മുസ്ലിം പക്ഷങ്ങളെയും, അസംതൃപ്ത ക്രിസ്ത്യൻ പക്ഷങ്ങളെയും ഇടതിലേക്ക് ചേർക്കുന്നു. ഇതുകൊണ്ട് ഭൂരിപക്ഷ ന്യൂനപക്ഷ സമവാക്യം ഇടതിൽ നിർമ്മിക്കപ്പെടുന്നു. രണ്ട്, ബിജെപിയുടെ പ്രധാന ഹൈന്ദവ ആകർഷണങ്ങളെ ഐക്യ മുന്നണി ഏറ്റെടുക്കാൻ ശ്രമിക്കുന്നു. അതെത്രത്തോളം വിജയിക്കുമെന്ന് തെരഞ്ഞെടുപ്പിൽ കണ്ടറിയേണ്ടതാണ്. മൂന്നാമതും ഏറ്റവും പ്രധാനപ്പെട്ടതുമായി, തെരഞ്ഞെടുപ്പിലെ യഥാർത്ഥ സംഘർഷങ്ങളെ പൊതു ദർശനത്തിൽ നിന്ന് മാറ്റിനിർത്തുന്നു.

ഈ തെരഞ്ഞെടുപ്പ് സാമുദായിക രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പാണ്. ബ്രാഹ്മണവാദികൾ കേരളത്തിൽ ഇന്ന് തികച്ചും അപ്രസക്തരായി കഴിഞ്ഞു, പ്രത്യേകിച്ചും ശബരിമല അട്ടിമറി ശ്രമത്തെ സമർത്ഥമായി ഇടതുപക്ഷം ഒതുക്കിയ ശേഷം (അവരുടെ മുൻ നിലപാടുകളിൽ അയവ് വരുത്തേണ്ടി വന്നെങ്കിലും അതിന് പകരമായി പന്തളം കൊട്ടാരം പോലെയുള്ള ബ്രാഹ്മണവാദ ശക്തികളെ രാഷ്ട്രീയമായി തികച്ചും അരികുവൽക്കരിക്കാൻ അവർക്ക് കഴിഞ്ഞു). അതുകൊണ്ട് തന്നെ ബ്രാഹ്മണവാദത്തിനെതിരെ ഒരു കീഴാള മുന്നണിക്ക് ഭൗതിക സാഹചര്യങ്ങളില്ല. പകരം നിലനിൽക്കുന്നത് സമുദായങ്ങൾക്കുള്ളിലെ ആന്തരിക മത്സരങ്ങളും വികസനകാമനകളുമാണ്.
തെരഞ്ഞെടുപ്പുകളെ "ചോരയൊഴുക്കാത്ത ആന്തരിക യുദ്ധങ്ങൾ" എന്ന് വിശേഷിപ്പിച്ചത് മാവോ സേ തുങ് ആണ്. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയ ഘട്ടം മുതൽ മുടങ്ങാതെ തന്നെ ഈ യുദ്ധങ്ങൾ അരങ്ങേറിയിട്ടുണ്ട്. നിഷ്പക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും മറ്റും ആഘോഷിക്കുന്ന ആവർത്തിക്കുന്ന ഭരണമാറ്റത്തിന് പുറകിൽ ഈ കലാപത്തിന്റെ തിളപ്പുണ്ട്. ആന്തരിക കലാപത്തിന് മൂന്ന് മൂർച്ചാവസ്ഥകൾ ഉണ്ടായിട്ടുണ്ടെന്ന് പറയാം. വിമോചന സമരകാലം, 2001ലെ നാദാപുരം വ്യാജ പീഡനകേസ്, 2015ലെ സോളാർ വിവാദം. സാമാന്യയുക്തിക്ക് വിപരീതമായി, ഈ മൂർച്ചാവസ്ഥകളിലാണ് രാഷ്ട്രീയ ആളപായങ്ങൾ താരതമ്യേന കുറവ്. അല്ലാത്തപക്ഷം പ്രാദേശിക കലാപങ്ങളുടെ ഭാഗമായി കേരളത്തിൽ നിരവധി ആളുകൾ രാഷ്ട്രീയ കൊലപാതകത്തിന് ഇരയാവുന്നത് നമ്മൾ കാണുന്നതാണ്.
2021 ൽ മുമ്പത്തെ മൂർച്ചാവസ്ഥകൾ പോലെയൊന്ന് ആവർത്തിക്കുന്നില്ല, ഇതുവരെ. ഒറ്റ വിഷയത്തെ കേന്ദ്രീകരിച്ചുള്ള പ്രതിപക്ഷ ഏകോപന ശ്രമങ്ങൾ ഇത്തവണ പല കാരണങ്ങളാൽ പരാജയപ്പെട്ടു. പ്രതിപക്ഷത്തിന്റെ കഴിവുകേട് മുതൽ തട്ടിക്കൂട്ട് വിമർശങ്ങളുടെ ഗതികെട്ട ഏറ്റെടുപ്പ് വരെ ഇതിന് കാരണമാണ്. മലയാള മനോരമ സിദ്ദിഖ് കാപ്പന്റെ അറസ്റ്റ് ഒരു പ്രധാന വിമർശനാമായി എടുക്കുന്നു എന്ന സാമൂഹിക ശാസ്ത്രപരമായ അത്ഭുതം പോലും നമ്മൾ കാണുകയാണ്. സാമ്പത്തിക സംവരണത്തിനെതിരെ നടത്തിയ ഏകോപന ശ്രമം, ഇസ്ലാമോഫോബിയ, സ്വർണ്ണക്കടത്ത്, PSC റാങ്ക് ലിസ്റ്റ് വിവാദം, കിഫ്ബിക്കെതിരെയുള്ള ആരോപണങ്ങൾ, ലൈഫ് പദ്ധതിക്കെതിരെയുള്ള വിമർശനങ്ങൾ ഒന്നും തന്നെ ആവശ്യത്തിന് വൈറൽ ആയില്ല; ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷത്തിന് അവയെ ഉപേക്ഷിക്കേണ്ടിയും വന്നു. നിരന്തരം അട്ടിമറിക്കുള്ള വഴിയൊരുക്കാൻ ശ്രമിച്ച മാധ്യമങ്ങളുടെ സർവേകളിൽ പോലും ഇടത് തുടർഭരണം പ്രവചിക്കപ്പെടുന്നതിൽ അതുകൊണ്ട് അത്ഭുതമില്ല.

അതേസമയം, ഐക്യമുന്നണിക്ക് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള മേഖല സാമുദായിക രാഷ്ട്രീയമാണ്. ഇടത് സർക്കാർ സാമുദായിക കക്ഷികളെ ചേർത്തുനിർത്താൻ ശ്രമിച്ചെങ്കിലും പ്രധാന വിള്ളലുകൾ ഈ മേഖലയിൽ കാണുന്നുണ്ട്. മലമ്പ്രദേശങ്ങളിൽ ഐക്യമുന്നണിയുടെ അട്ടിമറി പ്രതീക്ഷിക്കാമെന്ന സൂചനകൾ തള്ളിക്കളയേണ്ടവയല്ല; ഒപ്പം തന്നെ തീരദേശ ജനത പരസ്യമായി ഇടത് നയങ്ങൾക്കെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ലത്തീൻ കത്തോലിക്കരിൽ ഇടത് വോട്ടുകൾ കുറയും എന്ന് പ്രതിപക്ഷം തന്നെ കണക്കുകൂട്ടുന്നു. ദളിത്, ആദിവാസി വോട്ടുകൾ ഇപ്പോഴും പ്രാദേശികവും തൽക്ഷണവുമായ പ്രശ്നങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു. സമ്പന്ന ഈഴവ വിഭാഗത്തിൽ നിന്ന് ഇടതിന് വോട്ട് ചോർച്ച സംഭവിക്കുന്നു എന്ന വിലയിരുത്തൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തന്നെ ഉണ്ടായിരുന്നു. നായർ സർവിസ് സൊസൈറ്റി ഒരു വെല്ലുവിളിക്ക് സമാനമായ പരാമർശങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചിട്ടുണ്ട്. അതേ സമയം, വിമത സുന്നി വിഭാഗത്തിന്റെ മുജാഹിദ് വിമർശനം ഏറ്റെടുത്തത് ഇടതിന് ഗുണം ചെയ്യുകയും, ഐക്യമുന്നണിയിലെ പ്രമാണി മുസ്ലിംകളുടെ മതപരതയിൽ സുറിയാനി ക്രിസ്ത്യാനികൾക്ക് തോന്നിയ സെമിതികവിരുദ്ധ ഭീതിയെ രാഷ്ട്രീയവൽക്കരിച്ച് അവരിലെ ഒരു വിഭാഗത്തെ ഇടതിലേക്ക് തിരിക്കാനും സാധിച്ചിട്ടുണ്ട്.

ഇത്തരം സാമുദായിക സമവാക്യങ്ങളിൽ ബിജെപിക്ക് എന്താണ് സ്ഥാനം? ബിജെപി ഉൾപ്പെടുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രകടനപത്രിക ഒരു അവിയലാണ്. ഭൂപരിഷ്കരണം മുതൽ മദ്യ വിലവർദ്ധനവ് തടയൽ വരെ എല്ലാം അതിൽ വാഗ്ദാനമായി പറഞ്ഞിട്ടുണ്ട്. ദീർഘകാല അധികാര രഹിതർ ആയതിന്റെ ഗതികേടുകൾ നിറഞ്ഞ പത്രികയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്, ഭാവിയിലേക്ക് കൊണ്ടുപോകാൻ ഒരു പ്രാദേശിക പദ്ധതി അവർക്ക് രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ്. ദേവസ്വം കേന്ദ്രീകരിച്ചുള്ള അവരുടെ പ്രതിവിപ്ലവകരമായ തുറുപ്പ് പദ്ധതി ദേവസ്വങ്ങളെ ഭരണകൂടത്തിൽ നിന്ന് വിച്ഛേദിച്ച് സിവിൽ ആധിപത്യത്തിലേക്ക് തിരിച്ചുകൊണ്ടു വരിക എന്നത്, ഫലത്തിൽ ഫ്യൂഡൽ അമ്പലബന്ധങ്ങൾ പുനഃസ്ഥാപിക്കുക എന്ന വേണ്ടത്ര പിന്തുണ ലഭിക്കാത്ത ഒന്നാണ്. ഒരുപക്ഷെ അത്തരമൊരു പദ്ധതിയെ വിജയിപ്പിക്കാൻ മാത്രം സമ്പത്തും അധികാരവും ഉള്ള, അമ്പലങ്ങളുമായി ബന്ധം നിലനിർത്തുന്ന സവർണ്ണ വർഗം ഇന്ന് നിലനിൽക്കുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. അതിനേക്കാൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നത് ദേവസ്വത്തിൽ സംവരണം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഇടതിന്റെ വിപ്ലവ പദ്ധതിയാണ്. ഇപ്പോൾ അതിൽ ഭാഗികമായ വിജയമേ ഇടത് നേടിയിട്ടുള്ളു എങ്കിലും, ഹൈന്ദവ തീവ്രവാദത്തിന്റെ ആത്മീയ അടിത്തറക്ക് കാര്യമായ ക്ഷതം വരുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. സാമുദായിക സമവാക്യങ്ങളിലാകട്ടെ, ബിജെപി ഏറെ പുറകിലാണ്. പ്രധാനമായും നായർ അടിത്തറയുള്ള അവർക്ക് പല സമുദായങ്ങളിലേക്കും കയറിച്ചെല്ലാൻ കഴിയാതെ വരുന്നതായി കാണുന്നു. പ്രത്യേകിച്ചും ആദിവാസി, ദളിത് വിഭാഗങ്ങൾക്കിടയിൽ കാലങ്ങളായി നടത്തുന്ന പ്രവർത്തനങ്ങൾ ഇതുവരെ ആവശ്യാനുസൃതമായി വോട്ടുകൾ ആയി മാറുന്നില്ല. കേരളത്തിലെ ഏക ജാതി പാർട്ടിയായ ബി.ഡി.ജെ.എസ്സിനെ ഒപ്പം ചേർത്തതും വേണ്ടത്ര ഫലം കണ്ടില്ല. പൊതുവീക്ഷണത്തിന് വിരുദ്ധമായി, വേണ്ടത്ര ക്രിസ്ത്യാനികൾ അവർക്കൊപ്പം നിന്നില്ല. മുസ്ലിംകൾക്കിടയിലെ ഒരു വിഭാഗത്തിലും അവർക്ക് സ്വീകാര്യത ലഭിക്കുന്നില്ല.

നാസി ശക്തികൾക്ക് യാതൊരു സാധ്യതയുമില്ലാത്ത ഈ തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ച്, ഇതേ കാരണങ്ങൾ കൊണ്ടുതന്നെ, പൊതുവെ ഒരു ചരിത്രമുന്നേറ്റം ആയിരിക്കാൻ ആണ് ഇട. നിലവിലുള്ളതിനെ നിഷ്കരുണം വിമർശിക്കുക എന്നതാണ് മാർക്സിസ്റ്റ് ധാർമികത എന്നിരിക്കെ തന്നെ, തെരഞ്ഞെടുപ്പിനെ സ്വീകാര്യമായി കാണേണ്ടതുണ്ട്. കാരണം, തെരഞ്ഞെടുപ്പിന് ശേഷമുള്ള സാമുദായിക സമവാക്യങ്ങൾ ആനയിക്കാൻ പോകുന്നത് ഒരു ആഗോളവൽക്കരണാനന്തര കേരള രാഷ്ട്രീയത്തെ ആയിരിക്കും. അധികാരവും സമ്പത്തും അറിവും പങ്കുവെക്കുന്നതിൽ തുല്യത ഒരു വിദൂര സ്വപ്നമായിരിക്കെ തന്നെ, തുല്യതയിലേക്ക് ചൂണ്ടുന്ന സാമുദായിക വികസനകാമനകളെ ഇരുകക്ഷികൾക്കും പരിഗണിക്കാതെ മുന്നോട്ട് പോകാൻ ആവുകയില്ല എന്നതാകും ഒരുപക്ഷെ ഈ തെരഞ്ഞെടുപ്പിനെ മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതുകൊണ്ട് തന്നെ, തുടർഭരണം ഉണ്ടാകുമോ ഇല്ലേ എന്നതിനേക്കാൾ പ്രസക്തിയേറിയ ചോദ്യം, ഏത് സമുദായങ്ങളുടെ പിൻബലത്തോടെയാകും തുടർഭരണമോ അട്ടിമറിയോ നടക്കുക എന്ന ചോദ്യമാകും.
*നാസിവാദമാണ് യഥാർത്ഥത്തിൽ ഹിന്ദുത്വത്തിന്റെ സത്ത എന്ന് തിരിച്ചറിഞ്ഞ "ദളിത് മാർക്സിസ്റ്റുകൾ" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബുദ്ധിജീവി കൂട്ടായ്മക്ക് കടപ്പാട്.