കെ. എം. എഫും ദൃശ്യമാധ്യമങ്ങളിലെ ഗോത്രവിഭാഗങ്ങളുടെ പ്രതിനിധാനവും സാംസ്കാരിക പുനർവിനിയോഗവും
ബ്ലാക്ക് ഇങ്ക് ബ്ലോട്ട്സിൽ പറയുന്നത് പോലെ ദളിത്-ഗോത്ര വിഭാഗങ്ങളിൽ ഉൾപ്പെട്ട കലാകാരൻമാർ തങ്ങളുടേതായ ഒരു വ്യക്തിത്വം നിർമ്മിച്ചെടുത്ത് പൊതുശ്രദ്ധയിൽ ഇടം നേടുമ്പോൾ KMF പോലെയുള്ള വരേണ്യ സംഘടനകൾ അവരെ തങ്ങളിലേക്ക് തുന്നിച്ചേർക്കുവാൻ ശ്രമിക്കുന്നു.

ആഷിഖ് അബു, റിമ കല്ലിങ്കൽ, ബിജിപാൽ തുടങ്ങിയവർ ചേർന്ന് രൂപം നൽകിയ KMF (കൊച്ചിൻ മ്യൂസിക് ഫൗണ്ടേഷൻ) ഇക്കഴിഞ്ഞ ഡിസംബർ 31 നു പറ-ഹിപ്ഹോപ്പ് ഫെസ്റ്റ് 2020 (PARA-HIP HOP FEST 2020) വിഡീയോ യൂട്യൂബിൽ റിലീസ് ചെയ്യുകയുണ്ടായി. 'പറ’ എന്ന പദം ഇവിടെ രണ്ട് അർത്ഥങ്ങളിൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഒന്ന്, 'പറയുക’ എന്ന ക്രിയയെയും മറ്റൊന്ന് 'പറ’ എന്ന വാദ്യോപകരണത്തെയും സൂചിപ്പിക്കുന്നു. എന്നാൽ ഈ പരിപാടിയിലെ ശ്രദ്ധേയമായ ഒരു കാര്യം അവർ പരിപാടിയുടെ ലോഗോയിലും ഫ്ളോറിലും ഉപയോഗിച്ച മധു എന്ന ആദിവാസി യുവാവിന്റെ ചിത്രമാണ്. മധു രണ്ടു കൊല്ലം മുൻപാണ് ആൾക്കൂട്ട-ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മധുവിനെ കൂടാതെ ചിത്രത്തിൽ കുരച്ചു ചാടുന്ന നായകളെയും പാരമ്പര്യ വേഷമണിഞ്ഞ ഗോത്രവിഭാഗ ജനങ്ങളെയും ഗ്രഹിണി (Inflammatory Bowel Disease) എന്ന അസുഖം ബാധിച്ച ഒരു കുട്ടിയെയും കാണാം. വിവിധ ഹിപ്ഹോപ്- റാപ്പ് കലാകാരന്മാരെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു പരിപാടി ആയിരുന്നു ഇത്.

അരികുവത്കരിക്കപ്പെട്ടവരുടെ അനുഭവങ്ങൾ പങ്കിടുന്ന ബ്ലാക്ക് ഇങ്ക് ബ്ലോട്സ് (Black Ink Blots) എന്ന ഫേസ്ബുക് കൂട്ടായ്മ ഇങ്ങനെ കുറിക്കുന്നു:
"നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കുക, ജോർജ് ഫ്ലോയിഡിന്റെ കഴുത്തിൽ കാലമർത്തി നിൽക്കുന്ന പോലീസുകാരന്റെ ചിത്രം വെച്ചുകൊണ്ട് ജസ്റ്റിൻ ബീബർ അല്ലെങ്കിൽ ടെയ്ലർ സിഫ്ട് ഒരു സംഗീതപരിപാടി അവതരിപ്പിക്കുന്നു. അതിലെന്തോ ഒരു അപാകതയില്ലേ? ഇവിടെ മോഷണം ആരോപിച്ചു കൊല്ലപ്പെട്ട മധു എന്ന ആദിവാസി യുവാവിന്റെ മരണത്തിനു തൊട്ടു മുൻപെടുത്ത ഒരു ചിത്രം ഒരു കാഴ്ചവസ്തുവായി ഉപയോഗിച്ചിരിക്കുന്നു. അപമാനവും ഭയവും നിറഞ്ഞ ആ നിമിഷം ഉയർന്ന വിപണനമൂല്യമുള്ള ഒരു പോസ്റ്ററിൽ ഉറഞ്ഞുപോവുന്നു."
കെഎംഎഫ് അവരുടെ ഫേസ്ബുക്ക് പേജിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
“ഞങ്ങളുടെ പ്രാരംഭ ലക്ഷ്യങ്ങളിലൊന്ന് 2020 മുതൽ എല്ലാ വർഷവും കൊച്ചി ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുക എന്നതാണ്. അത് അന്താരാഷ്ട്ര നിലവാരം പ്രതിഫലിപ്പിക്കുന്നതും പ്രതിധ്വനിപ്പിക്കുന്നതും എല്ലാ അതിർത്തികൾക്കും അതിരുകൾക്കും അപ്പുറത്തുള്ള പല സംഗീതസംസ്കാരങ്ങൾ സമന്വയിപ്പിക്കുന്നതുമായ ഒരു ഉത്സവം ആയിരിക്കും.”
കൊച്ചിയിലെ ഒരു മ്യൂസിക് കൺസേർട്ട് എന്നത് ഒരിക്കലും ദളിത്-ആദിവാസി-ഗോത്രസമൂഹങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു ഇടമല്ല. മാളുകളും ബ്രാൻഡഡ് ഷോപ്പുകളും പബ്ബ്കളും നിറഞ്ഞ ഒരു മെട്രോ നഗരമാണ് കൊച്ചി. ഭൂമാഫിയകൾ ദളിതരുടെ സ്ഥലങ്ങൾ കയ്യേറിയപ്പോൾ അവിടുത്തെ വരേണ്യജനത അവരെ നഗരത്തിന്റെ അരികുകളിലേക്ക് മാറ്റി നിർത്തി. KMF തങ്ങളുടെ 'സംഗീതോത്സവം' കാഴ്ചവെക്കുന്നത് അത്തരം ഒരു അന്താരാഷ്ട്ര വരേണ്യവർഗത്തിന് മുൻപാകെയാണ്. അവർ മധു അടങ്ങുന്ന കീഴാളജനങ്ങളെയാണോ പ്രതിനിതീകരിക്കുന്നത് എന്നത് ചിന്തിക്കപ്പെടേണ്ട വിഷയമാണ്.
2018 ഫെബ്രുവരി 22 നാണു 'കുറുമ്പ’ എന്ന ആദിവാസി വിഭാഗത്തിലെ മധുവെന്ന യുവാവിനെ മോഷണം ആരോപിച്ച് പതിനാറു പേരടങ്ങുന്ന ഒരു കൂട്ടം ആൾകാർ ആക്രമിച്ചത്. ഇവർ മധുവിനെ കെട്ടിയിട്ട് മർദിച്ച ശേഷം പോലീസിന് കൈമാറുകയായിരുന്നു. ആശുപത്രിയിലെത്തും മുൻപേ ജീപ്പിൽ വെച്ച് മധു മരണപെട്ടു. സംഭവത്തിനു ശേഷം രണ്ടു വർഷങ്ങൾക്കിപ്പുറവും കേസിൽ വിധി വന്നിട്ടില്ല എന്ന് മാത്രമല്ല പ്രതികൾക്കെല്ലാം ജാമ്യം അനുവദിക്കുകയും ചെയ്തു.
കേരളത്തിൽ ദളിത്-ആദിവാസി ജനവിഭാഗങ്ങൾ നേരിടുന്ന കുറ്റകൃത്യങ്ങൾ വളരെയധികം വർധിച്ച സാഹചര്യമാണുള്ളത്. സാമൂഹ്യ-ദൃശ്യ മാധ്യമങ്ങളിൽ നിന്നും ഈ വാർത്തകൾ അപ്രത്യക്ഷമാകുന്നതോടെ കേസുകൾ പലതും അടിയിൽ പെട്ടുപോകുന്നു. ചില ആക്ഷൻ കൗൺസിലുകൾ ഒഴിച്ചാൽ അവർ നേരിടുന്ന അനീതികൾ ആർക്കും ഒരു വിഷയമല്ല.
മധുവിന്റെ കൊലപാതകം മാധ്യമലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ഹാഷ്ടാഗുകളും പ്രതിഷേധങ്ങളും ഉയർന്നു. കാർട്ടൂണുകളിലും കവിതകളിലും മധു വിഷയമായി. കുമ്മനം രാജശേഖരനെ പോലെയുള്ള രാഷ്ട്രീയക്കാർ മധുവിനെ അനുകരിക്കുന്ന രീതിയിൽ സ്വയം കെട്ടിയിട്ട് പ്രതിഷേധം എന്ന പേരിൽ പ്രഹസനങ്ങൾ അവതരിപ്പിച്ചു. മധു എന്ന വ്യക്തി, അദ്ദേഹത്തിന്റെ ജീവിതം, അനുഭവങ്ങൾ എല്ലാം തന്നെ നിസ്സഹായതയുടെ ആ ഒരൊറ്റ നിമിഷത്തേക്ക്, ആ ഒരൊറ്റ ചിത്രത്തിലേക്ക് ചുരുക്കപ്പെട്ടു.
കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ മാധ്യമ / ചലച്ചിത്ര / കലാ ആവിഷ്കാരങ്ങളിലേക്ക് തിരിയുമ്പോൾ അവ പലപ്പോഴും എത്രമാത്രം വികൃതമാക്കപ്പെട്ടിരിക്കുന്നു എന്ന് കാണാം. ആദിവാസി ഗോത്രസമൂഹങ്ങളെ കാടിന്റെ സമവാക്യമാക്കി മാറ്റി ടൂറിസം മേഖല അവരുടെ ഇമേജുകൾ ഉപയോഗപ്പെടുത്തുമ്പോൾ, പരസ്യങ്ങൾ അവരെ കാഴ്ച്ചവസ്തുവാക്കി മാറ്റുന്നു. നാടോടിക്കാറ്റ് (1987), ചിത്രം (1988), ബാംബൂ ബോയ്സ് (2002), മഴത്തുള്ളിക്കിലുക്കം (2002) തുടങ്ങിയ സിനിമകൾ ആദിവാസി കഥാപാത്രങ്ങളെ വിലകുറഞ്ഞ കോമഡി സീനുകൾക്കായി ഉപയോഗിക്കുന്നു. മണ്ടത്തരങ്ങൾ മാത്രം കാണിക്കുന്ന കോമാളികളും പ്രകൃതരുമായിട്ടാണ് അവരെ ചിത്രീകരിച്ചിട്ടുള്ളത്. മഴത്തുള്ളിക്കിലുക്കത്തിലും ബാംബൂ ബോയ്സിലും സലിംകുമാർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ മാത്രം വിശകലനം ചെയ്താൽ മതിയാവും അത് മനസ്സിലാക്കുവാൻ. പശു വലിച്ചു കൊണ്ടുപോകുന്ന, ബ്രെഡിൽ ജാമിന് പകരം പേസ്റ്റ് തേച്ചു കഴിക്കുന്ന വിഡ്ഢി ആയിട്ടാണ് ഈ കഥാപാത്രങ്ങളെ കാണിക്കുന്നത്. ഒരു ജനവിഭാഗം എന്ന നിലയിൽ അവരുടെ അന്തസത്ത കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം പലപ്പോഴും സിനിമകളിൽ പാലിക്കപ്പെടാറില്ല.
ബി-ലൈവ് (Be -Live) എന്ന ഒരു യൂട്യൂബ് ചാനൽ ഇറക്കിയ ഒരു പാരഡിയുടെ വരികൾ ഇങ്ങനെയാണ്:
"ഞാൻ അട്ടപ്പാടി ഗേൾ, ഒരു പട്ടിക്കാട്ടിൽ ഗേൾ... പണ്ടേ ഞാൻ ബ്ലാക്കാ, എല്ലാരും ഫ്രീക്കാ..."
'ആദിവാസി’, 'അട്ടപ്പാടി’ എന്നീ വാക്കുകളുടെ വ്യംഗ്യാർത്ഥം തന്നെ വിരൂപമായത്, പ്രാകൃതവും സംസ്കാരശൂന്യവുമായത് എന്നൊക്കെ ആയിമാറുന്നു.
പക്ഷെ ബ്ലാക്ക് ഇങ്ക് ബ്ലോട്ട്സിൽ പറയുന്നത് പോലെ ദളിത്-ഗോത്ര വിഭാഗങ്ങളിൽ ഉൾപ്പെട്ട കലാകാരൻമാർ തങ്ങളുടേതായ ഒരു വ്യക്തിത്വം നിർമ്മിച്ചെടുത്ത് പൊതുശ്രദ്ധയിൽ ഇടം നേടുമ്പോൾ KMF പോലെയുള്ള വരേണ്യ സംഘടനകൾ അവരെ തങ്ങളിലേക്ക് തുന്നിച്ചേർക്കുവാൻ ശ്രമിക്കുന്നു.
പറ - ഹിപ്ഹോപ് ഫെസ്റ്റിൽ ആദ്യത്തെ റാപ്പ് സോങ് അവതരിപ്പിച്ച 'വേടൻ' എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി തന്റെ Voice of the Voiceless എന്ന റാപ്പിലൂടെ ജനശ്രദ്ധയാകർഷിച്ചിരുന്നു. വേടന്റെ വരികൾ കീഴാളർ അനുഭവിച്ചുവന്ന അടിച്ചമർത്തലുകൾക്ക് നേരെ തീക്ഷ്ണതയും രോഷവും നിറഞ്ഞ പ്രതിഷേധമാണ്. പ്രളയത്തിനിടയ്ക്ക് താൻ കീഴ്ജാതിയിൽ പെട്ടതുകൊണ്ട് തന്നെ സഹായിക്കാൻ തയ്യാറാവാതിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനെക്കുറിച്ചും തന്റെ പാട്ടുകൾ രൂപപ്പെടുത്തിയ തന്റെ കോളനിയിലെ അനുഭവങ്ങളെക്കുറിച്ചും ഹിരൺദാസ് ഒരു അഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്.

വേടനും മധുവും ദളിത്-ആദിവാസി പ്രതിഷേധങ്ങളും കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പോലെയുള്ള ഒരു ഇടത്തിൽ വന്നു ചേരുമ്പോൾ, അവരെ അപരവത്കരിച്ചവർക്ക് തന്നെ അവരുടെ ശബ്ദങ്ങളെ ഒരു സാംസ്കാരിക ഉത്പന്നമാക്കി മാറ്റുവാൻ സാധിക്കുന്നു.
പറ ഹിപ് ഹോപ് ഫെസ്റ്റിൽ പങ്കെടുത്ത പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കലാകാരൻ തന്റെ വിയോജിപ്പ് ഇങ്ങനെ രേഖപെടുത്തുന്നു:
"അവർ ആദ്യമേ നിർമ്മിച്ചെടുത്ത ഒരു പെർഫോമിംഗ് സ്പേസിൽ ആണ് നമ്മൾ ഇത് അവതരിപ്പിക്കേണ്ടത്. ലോഗോയിൽ ഉള്ള മധുവിനെയും ആദിവാസി ഗോത്ര സംസ്കാരത്തെയും കാണിക്കുന്ന Fluorescent Wall Art ഒരു രീതിയിലും അതിന്റെ രാഷ്ട്രീയത്തെ മനസ്സിലാക്കാതെ വളരെ Apolitical ആയാണ് അനുഭവപ്പെട്ടത്... ഒരു ടീം പെർഫോം ചെയ്യുമ്പോൾ ബാക്കിയുള്ള ആർട്ടിസ്റ്റുകൾ പുറകിലത്തെ ബെൻസ്, ബിഎംഡബ്ലിയു പോലുള്ള ആഡംബരക്കാറുകളിൽ ചാരിനിന്ന് ആസ്വദിക്കാനാണ് പറഞ്ഞത്."
ഈയടുത്തു ശ്രീനാഥ് ഭാസിയും ശേഖർ മേനോനും ചേർന്നൊരുക്കിയ 'കോഴിപങ്ക്' എന്ന പാട്ടിൽ ഗൗരി ലങ്കേഷ്, പൗരത്വബിൽ പ്രതിഷേധകർ എന്നിവരുടെ കൂടെ മധുവിന്റെ രക്തമൊഴുകുന്ന ഒരു ചിത്രവും ചേർത്തിരുന്നു. കാടിനകവും psychedelic ഇമേജുകളും ഉപയോഗിച്ചുള്ള ഇത്തരം ചിത്രീകരണങ്ങൾ മധുവിന്റെ ജീവിതാനുഭവങ്ങളിൽ നിന്നും എത്രയോ ദൂരെയാണ്.

മധുവിന്റെയും ആദിവാസി-ഗോത്രവിഭാഗങ്ങളുടെയും ഇമേജുകൾ, അവരുടെ സംഗീതവും പ്രതിഷേധങ്ങളും വരെ ആഗോളതലത്തിൽ വിപണനമൂല്യമുള്ള ഒരു ഉത്പന്നമായി മാറുന്നു. കൊളോണിയൽ കാലഘട്ടത്തിൽ പാശ്ചാത്യ വരേണ്യർ ആഫ്രിക്കയിൽ നിന്നുമുള്ള ജനങ്ങളെ ലണ്ടൻ, പാരീസ് തുടങ്ങിയ നഗരങ്ങളിൽ കാഴ്ചവസ്തുക്കളായി പ്രദർശിപ്പിച്ചിരുന്നു. Human Zoo എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. അവരുടെ രൂപം, ജീവിതരീതി, അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ പോലും പാശ്ച്യാത്യരിൽ കൗതുകം ജനിപ്പിച്ചിരുന്നു. അവർ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള അക്കാദമിക ചർച്ചകളിൽ നിറഞ്ഞു നിന്നു. അവരുടെ വസ്ത്രധാരണം പുതിയ ട്രെൻഡുകൾക്ക് അടിസ്ഥാനമായി മാറി. അവരെ ആസ്പദമാക്കിയ പെയിന്റിങ്ങുകൾ ധനികരുടെ അകത്തളങ്ങൾ അലങ്കരിച്ചു. അവർ കൊളോണിയൽ പൈതൃകചിഹ്നങ്ങളിൽ ഒന്നായി രൂപാന്തരം പ്രാപിച്ചു.
മധുവിന്റെ പ്രതിരൂപം ഫ്ലോർ ഡെക്കർ (അലങ്കാരം) ആയും അവരുടെ ജീവിതദുരന്തം കേവലം തീം മാത്രമായും ഉപയോഗിക്കുന്ന ഈ സംഗീതവിരുന്നിലും ഇതേ അപരവത്കരണം കാണുവാൻ സാധിക്കുന്നു. കാടുകളിൽ നിന്നും കുടിയിറക്കപ്പെട്ട, നഗരങ്ങളിൽ അരികുവത്കരിക്കപ്പെട്ട, ഇപ്പോഴും തീവ്രപക്ഷ സംഘടനകളുമായി ബന്ധം ആരോപിക്കപ്പെട്ടും പോഷകക്കുറവും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും മൂലം അടിച്ചമർത്തപ്പെട്ട മധു അടങ്ങുന്ന ദളിത്-ആദിവാസി-ഗോത്രജനത ഒരിക്കലും വരേണ്യസംഘടകളുടെ സംഗീത-ദൃശ്യ-പ്രദര്ശനങ്ങളുടെ ലോഗോ ആയി മാറേണ്ടവരല്ല.