മനസ്സിൻ നടയിൽ നീലത്താമര വിരിഞ്ഞപ്പോൾ: ഒരു യുങ്ങിയൻ പുനർവായന
വർഷങ്ങൾക്ക് ശേഷം ചലച്ചിത്ര രൂപത്തിൽ നീലത്താമര പുനരാവിഷ്കരിച്ചപ്പോൾ കഥയുടെ അർത്ഥം പുതിയ മാനങ്ങൾ കൈവരിക്കുകയായിരുന്നു. കാലം കൊണ്ടുണ്ടായെന്ന് തോന്നിച്ച മാറ്റങ്ങൾ കൊണ്ട് കൃതി കാലാതിവർത്തി കൈവരിച്ചു എന്ന് സാരം.

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളുടെ പട്ടികയിൽ സ്വാഭാവികമായ വിനയത്തോടെ ഒതുങ്ങി നിൽക്കുന്ന ചിത്രമാണ് നീലത്താമര. കേട്ടുപഴകിയെന്നും പുതുമകളവകാശപ്പെടാനില്ലാത്തതെന്നും പരക്കെ വിലയിരുത്തപ്പെട്ട ഈ കഥ പക്ഷേ എന്തുകൊണ്ടൊക്കെയോ മലയാളിയുടെ മനസ്സിനെ ഒരു തുമ്പപ്പൂവിന്റെ നൈർമല്യം കീഴടക്കും വിധം കീഴടക്കിയിരിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട നിളയുടെ എഴുത്തുകാരൻ, എം.ടി. വാസുദേവൻ നായരുടെ, പ്രത്യക്ഷത്തിൽ ലളിതമെന്ന് തോന്നിപ്പിക്കുന്ന, എന്നാൽ ഗഹനവും സാന്ദ്രവുമായ തിരക്കഥ അഭ്രപാളിയിലേക്ക് രണ്ടു വട്ടം ആവിഷ്ക്കരിച്ചപ്പോഴും നാം ഒരു പക്ഷേ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ അതിന്റെ നിഗൂഢതകളിൽ ഒളിഞ്ഞിരിക്കുന്നു.

2009 ൽ "നീലത്താമര" അഭ്രപാളിയിൽ വീണ്ടും വിരിഞ്ഞപ്പോൾ പൊയ്പോയ കാലത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ഗൃഹാതുരതയെ സന്നിവേശിപ്പിച്ചതുവഴി കാലഘട്ടത്തിനുതകുന്ന ചിത്രമാക്കി മാറ്റുകയാണ് എം.ടി. ചെയ്തത്. ക്ഷേത്രപരിസരവും പാലക്കാട് ജില്ലയിലെ മലമൽക്കാവ് ക്ഷേത്രവും അവിടുത്തെ ആചാരവും തിരക്കഥയിലേക്ക് ആവിഷ്ക്കരിച്ചപ്പോൾ യാഥാർത്ഥ്യം ബിംബവത്കരിക്കപ്പെടുകയായിരുന്നു. കഥയുടെ ഉപരിതലത്തിൽ ക്ഷേത്രവും കുളവും ആൽതറയിലെ ആശാനും കഥയുടെ പശ്ചാത്തലമൊരുക്കുമ്പോൾ പുനർവായനയിൽ ഇവയെല്ലാം കുഞ്ഞിമാളുവിന്റെ മനസ്സിന്റെ ആഴങ്ങളിലേക്കുള്ള പടവുകളാണ്. ഇപ്രകാരം നീലത്താമരയിലെ ആഖ്യാനം ബുദ്ധിയോടും വികാരത്തോടും സംവദിക്കുമ്പോൾ നീലത്താമരയിലെ അനുഭവം മനസ്സിന്റെ ആഴങ്ങൾക്കുള്ളതാണ്.
ലളിതമായ കഥയുടെ ആവരണത്തിൽ എം.ടി. നിഗൂഢമായി പറഞ്ഞു വയ്ക്കുന്ന ലിംഗ രാഷ്ട്രീയം ശ്രദ്ധേയമാണ്. വലിയ വീട്ടിലെ ചെറുപ്പക്കാരന്റെ കാമനകളിൽ ഭ്രമിച്ച് പോയ ഒരു പാവം പെൺകുട്ടി എന്നതിലുപരി തന്റെ ശരീരം പൂർണ്ണമായും തന്റേതാക്കിയ, ശരീര തൃഷ്ണകളെയോ മനസ്സിന്റെ മോഹങ്ങളെയോ സ്വന്തം ജീവിതത്തെ തന്നെയോ മറ്റൊരാളുടെ കൈവശം ഏൽപ്പിക്കാതെ കുറ്റങ്ങളും കുറവുകളും മോഹങ്ങളും മോഹഭംഗങ്ങളും എല്ലാം തന്റേത് മാത്രമാക്കിയ പെൺകുട്ടിയായിരുന്നു കുഞ്ഞിമാളു. മുറിയിൽ പഴയ ചിത്രത്തിൽ ഹരിദാസനെ നോക്കുമ്പോഴും ഹരിദാസന്റെ വിഴുപ്പിൽ നിന്ന് അയാളുടെ ഗന്ധം നുകരുമ്പോഴും ആദ്യാനുരാഗത്തിൽ കുതിർന്ന ആഗ്രഹമാണ് നാം കുഞ്ഞിമാളുവിൽ കാണുന്നത്. പ്രണയത്തിൽ ആത്മാർത്ഥത കാണിക്കാൻ, സ്നേഹിക്കാൻ, പൊറുക്കാൻ ധീരത കാട്ടിയ പെൺകുട്ടിയാണവൾ. സാഹചര്യങ്ങളല്ല, മറിച്ച് നിലപാടുകളും വിവേകവുമാണ് കുഞ്ഞിമാളുവിന്റെ വിധിയെഴുതിയത്.
വെളുത്തേടത്തെ പെൺകുട്ടി മോശം ശകുനമാണെന്ന് വിശ്വസിച്ചിരുന്ന മാളുകുട്ടിയമ്മയുടെ മരുമകളായി ഒരിക്കലും ആ കുടുംബത്തിൽ കയറിക്കൂടാൻ കഴിയില്ല എന്നറിഞ്ഞിട്ടും ആദ്യാനുരാഗത്തിലെ ശരീരത്തിന്റെ തൃഷ്ണകൾ നിറവേറ്റാൻ മുൻകൈയെടുക്കുകയാണ് കുഞ്ഞിമാളു. വിവാഹേതരബന്ധം ചാരിത്രഭംഗത്തിന് ഹേതുവായെന്നോ താൻ നശിച്ചു എന്നോ ഉള്ള ചിന്തകൾ കുഞ്ഞിമാളുവിനെ ഭ്രമിപ്പിക്കുന്നില്ല. ജീവിതത്തിന്റെ വിഴുപ്പുമായി അപ്പുവേട്ടനോടൊപ്പം പോകുമ്പോൾ ജീർണ്ണിച്ച വസ്ത്രം പോലെ അവൾ സ്വയം ഉരിഞ്ഞിടുകയാണ്, ജീവിതത്തെ അലക്കിയെടുത്ത് വീണ്ടുമണിയുകയാണ്.
എന്നാൽ പ്രേക്ഷകന് പരിചിതയായ നിഷ്കളങ്കയും അനുവർത്തിയുമായ കുഞ്ഞിമാളുവിൽ ഇത്തരത്തിലൊരു ഭാവം ആദ്യം മുതൽക്കേ ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിമാളുവിൽ സ്വത്വം ഇതൾ വിരിയുമ്പോൾ അവൾക്ക് ചുറ്റുമുള്ള മനുഷ്യർ കഥാന്തരീക്ഷത്തിൽ പ്രസക്തരാകുന്നു. കുഞ്ഞിമാളുവിൽ നിന്ന് ഒരുപാട് വ്യത്യസ്തയായ അവളുടെ സ്നേഹിത ഷാരത് അമ്മിണിയുടെ സമാന്തരമായ കഥ താരതമ്യേന പരോക്ഷമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ചൊവ്വാദോഷം കൊണ്ട് വിവാഹം നീണ്ട് പോകുന്ന അമ്മിണിയും, സാധാരണയിൽ കവിഞ്ഞ് അവളോട് സ്നേഹം കാട്ടുന്ന കൊയമ്പത്തൂരിലെ ഏട്ടനും, ആ സ്നേഹത്തിന്റെ ചപലതയുടെ പ്രതീകമായ റോൾഡ് ഗോൾഡ് വളകളും എല്ലാം കുഞ്ഞിമാളുവിനും ഹരിദാസനുമിടയിൽ മൊട്ടിട്ട ബന്ധത്തിന് സമാന്തരമായി വളരുന്നു. തുടക്കത്തിൽ സന്തുഷ്ടയും വാചാലയുമായി കാണപ്പെടുന്ന അമ്മിണി കഥാന്ത്യത്തോടടുക്കുന്തോറും ശോകപൂർണ്ണമായ മൂകതയെ എടുത്തണിയുമ്പോൾ കുഞ്ഞിമാളു തീവ്രമായ വേദനയെ കനലൂട്ടുകയാണ്. ഒടുവിൽ അമ്പലക്കുളത്തിൽ "ഒരു പെണ്ണിന്റെ ശവം" എന്ന് കാളി പറയുമ്പോൾ രത്നത്തെ പോലെ പ്രേക്ഷകനിലും ഒരു നിമിഷത്തേക്ക് അത് കുഞ്ഞിമാളു ആയിരുന്നോ എന്ന ചിന്തയുണർത്തുന്നു. നാടകീയമായ ഈ രംഗത്തിനൊടുവിൽ അമ്പലക്കുളത്തിൽ അമ്മിണിയുടെ നിർജീവമായ കാലുകൾ നോക്കി നിൽക്കുന്ന കുഞ്ഞിമാളുവിൽ നാമെത്തുമ്പോൾ അർത്ഥത്തിന്റെ പുതിയ ഇതളുകൾ വിടരുകയാണ്.
തുടക്കത്തിൽ കുഞ്ഞിമാളുവിനെ ക്ഷേത്രവും ക്ഷേത്രപരിസരവും അവിടുത്തെ രീതികളും നീലത്താമരയെക്കുറിച്ചുമൊക്കെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നത് അമ്മിണിയാണ്. കുഞ്ഞിമാളുവിലില്ലാത്ത ഓജസ്സും ഉണർവ്വും അമ്മിണിയിൽ സ്പഷ്ടമാണ്. കുഞ്ഞിമാളു സേഫ് എന്ന വാക്കിന്റെ അർത്ഥം അന്വേഷിക്കുന്നതും (ഇവിടെ സേഫ് എന്ന പദത്തിന്റെ നാനാർത്ഥ സാധ്യതയെ വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്) കല്യാണത്തിന്റെ പിറ്റേന്ന് പാല് പറഞ്ഞ് വയ്ക്കുന്നതും തന്റെ വിവാഹത്തെ പറ്റിയുമൊക്കെ സംസാരിക്കുന്നതും അമ്മിണിയോടാണ്. "വക്കീൽ ഇംഗ്ലീഷ് പഠിപ്പിച്ച് തുടങ്ങിയാൽ സൂക്ഷിക്കണം" എന്ന് അമ്മിണി പാതി കളിയായി താക്കീത് ചെയ്യുമ്പോൾ കുഞ്ഞിമാളുവിനേക്കാൾ പ്രായോഗിക വിവേകം അമ്മിണിയിൽ നാം കാണുന്നു. ഷാരത് അമ്മിണിയെ കുഞ്ഞിമാളുവിന്റെ അപരബോധമായോ (Alter Ego) അബോധത്തിന്റെ അജ്ഞാതമായ ഭാഗമായോ കാണാവുന്നതാണ്. കനത്ത ദുഃഖത്തിലൂടെ തനിക്കപരിചിതമായ തന്റെ വ്യക്തിത്വത്തിന്റെ ഭാഗത്തെ കുഞ്ഞിമാളു പരിപൂർണ്ണമായി സ്വീകരിക്കുമ്പോൾ അമ്മിണിയുടെ മരണം കഥയ്ക്ക് അനിവാര്യമാകുന്നു.
അമ്പലക്കുളത്തിൽ അമ്മിണി മുങ്ങി മരിക്കുമ്പോൾ കുളവും അതിൽ വിരിയുന്ന നീലത്താമരയും ക്ഷേത്ര പരിസരവുമെല്ലാം കുഞ്ഞിമാളുവിന്റെ മനസ്സിന്റെ ബിംബങ്ങളായി വികസിക്കുന്നു.
ഈ പശ്ചാത്തലത്തിൽ പ്രശസ്ത മനശാസ്ത്രജ്ഞനും തത്വചിന്തകനുമായ കാൾ യുങ്ങിന്റെ സഞ്ചിതാബോധസിദ്ധാന്തവും പ്രാഗ്രൂപങ്ങളും (Collective Unconscious and Archetypes) കഥയുടെ ആഴങ്ങളിൽ നിന്ന് വിരിയുന്നു.
ആൽത്തറയിലെ വേദാന്തമരുളുന്ന ആശാൻ യുങ്ങിന്റെ പ്രാഗ്രൂപങ്ങളിൽ ജ്ഞാനിയായ വൃദ്ധന്റെ (wise old man) പ്രതിബിംബമാകാം. രാത്രി മുഴുവൻ പാടുന്ന ഭാഗവതരും നിമിഷകവി വേലായുധൻ മാഷും കൂടിച്ചേർന്ന് തീർത്തും ഗൂഢമായ ഒരു ത്രയം രൂപപ്പെടുന്നു. ശബ്ദം നിലച്ചശേഷവും വർഷങ്ങൾക്കിപ്പുറം മാളുകുട്ട്യമ്മയുടെ ശുശ്രൂഷയ്ക്ക് ആ രണ്ട് സ്ത്രീകളെത്തിയപ്പോഴും ഭാഗവതരുടെ ഗാനം കുഞ്ഞിമാളുവിന് കേൾക്കാനാവുന്നത് ഒരു പക്ഷേ അവരെല്ലാം കുഞ്ഞിമാളുവിന്റെ മനസ്സിന്റെ യാഥാർത്ഥ്യങ്ങളും ഭാഗങ്ങളുമാണെന്നത് കൊണ്ടാവാം.
നിശബ്ദമായ നിസ്സംഗത തളം കെട്ടി നിൽക്കുന്ന കഥാന്തരീക്ഷത്തിൽ കുറേ സാധു മനുഷ്യർ ജീവിതത്തിനും അതിജീവനത്തിനുമിടയിൽ പരിചിത ഗന്ധങ്ങളുടെ ചെപ്പ് തുറക്കുന്നു. അവയ്ക്കുള്ളിൽ വ്യക്തമായ രാഷ്ട്രീയമുള്ള, മൗനത്തിന്റെ സ്വരത്തിൽ വാചാലരായ ഒരു പിടി ബിംബങ്ങളും. എരിഞ്ഞ് തീരും മുൻപ് ചുരുട്ടിയെറിഞ്ഞ സിഗരറ്റു കുറ്റികളും പ്രണയങ്ങളും അവ ബാക്കിയാക്കുന്ന പൊള്ളയായ സിഗരറ്റ് കൂടുകളും മനുഷ്യരും ഇളകാൻ വെമ്പി നിന്ന മൂന്നാമത്തെ പടിയും ഇഴപിരിയാത്ത മനുഷ്യബന്ധങ്ങളിൽ മൂന്നാമതൊരാളുടെ അസ്ഥിരമായ അസ്തിത്വവും സാരഗർഭമായ മൗനം കൊണ്ട് കഥാന്തരീക്ഷത്തെ സമൃദ്ധമാക്കുന്നു. എന്നാൽ കഥാഗതിക്കനുസൃതമായി കഥാപാത്രങ്ങളുടെ ആന്തരികാവസ്ഥയ്ക്ക് സമാന്തരമായി അർത്ഥതലങ്ങൾക്ക് മീതെ വിരിയുകയാണ് നീലത്താമര. ആദ്യമായി വിരിയുമ്പോൾ ഹൃദയത്തിന്റെ, നൈസർഗികമായ അനുരാഗത്തിന്റെ വഴി തിരഞ്ഞെടുക്കാൻ കുഞ്ഞിമാളുവിന് ദൈവത്തിൽ നിന്നുള്ള ഉത്തരമായും പിന്നീട് പണം വച്ച് ദാസന്റെ പരീക്ഷയിലെ ജയത്തിന് വേണ്ടി പ്രാർഥിച്ചപ്പോൾ വിരിഞ്ഞതും ഒടുവിൽ കുഞ്ഞിമാളു കാലങ്ങൾക്കിപ്പുറം വീണ്ടും വന്നപ്പോൾ അവകാശികളില്ലാതെ വിരിഞ്ഞതും അതീന്ദ്രിയവും അഭൗമവുമായ ചാരുത അവളുടെ പ്രണയത്തിന് കൊണ്ടു വരുമ്പോൾ അവ ഓരോ തവണയും മനസ്സിന്റെ ആഴങ്ങളിൽ നിന്ന് വിരിഞ്ഞു വന്ന അവളുടെ സ്വത്വത്തിന്റെ ഏറ്റവും ഉന്നതമായ ഉണ്മയാർന്ന ഉണർവിന്റെ പ്രതീകമായി കൂടി ഭവിക്കുന്നു.
എം.ടി. കഥകളിലെ ലളിതരായ മനുഷ്യരുടെ സങ്കീർണതകൾ നീലത്താമരയിലും കാണാവുന്നതാണ്. എല്ലാം മനസ്സിലാക്കിയിട്ടും മൗനവും സ്നേഹവും നിസ്സംഗതയും എടുത്തണിഞ്ഞ അമ്മയുടെ പ്രാഗ്രൂപമായ മാളുകുട്ടിയമ്മ സങ്കീർണ്ണമായ കഥാപാത്രമാണ്. ഒരേ സമയം കുഞ്ഞിമാളുവിനോട് വാത്സല്യമുള്ളപ്പോഴും അവളുടെ വികാരങ്ങളെ പറ്റി നല്ല ധാരണയുള്ളപ്പോഴും "വെളുത്തേടത്തി ശകുനത്തിന് മോശമാണ് എന്നൊരു പ്രമാണമുണ്ട്" എന്നവർ വിശ്വസിക്കുന്നു. അനുരാഗത്തിന്റെ മാറ്റൊലികൾ നന്നായി അപഗ്രഥിക്കുമ്പോഴും കുഞ്ഞിമാളുവിനോട് അപ്പുക്കുട്ടനുള്ള താത്പര്യത്തെ അനുകൂലിക്കുകയും അനിയത്തിമാരും അമ്മായിമാരും ഇല്ലാത്ത സ്ഥിതിക്ക് ദാസന്റെ വിവാഹത്തിന് ആ സ്ഥാനത്ത് നിന്ന് അറിഞ്ഞ് കാര്യങ്ങൾ ചെയ്യേണ്ടുന്നത് അവളാണെന്ന് പറയുമ്പോഴും മാളൂട്ടിയമ്മയുടെ ഗൂഢോദ്ദേശ്യത്തോടെയുള്ള ഇടപാട് (ulterior transaction) ആണ് നാം കാണുന്നത്. ഇത് ഒരു പക്ഷേ യുങ്ങ് പ്രസ്താവിക്കുന്ന പ്രകാരം അമ്മ എന്ന പ്രാഗ്രൂപത്തിന്റെ സ്നേഹസമ്പന്നവും എന്നാൽ കരാളവുമായ വശത്തെ (loving and terrible Mother) ആയിരിക്കാം പ്രതിപാദിക്കുന്നത്.
ഹരിദാസൻ എന്ന വഞ്ചകനെന്നോ ഭീരുവെന്നോ ഒക്കെ പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്ന കഥാപാത്രം യുങ്ങിന്റെ സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ വായിക്കുമ്പോൾ കുഞ്ഞിമാളുവിന്റെ ഉള്ളിലെ പൗരുഷബോധം അഥവാ അനിമസിന്റെ (Animus) പ്രതീകമാകാം. കഥാഗതിക്കനുസരിച്ച് അനിമസിനെ തന്റെ സ്വത്വവുമായി ഒന്നിപ്പിച്ചത് വഴി കഥാന്ത്യത്തിൽ കുഞ്ഞിമാളു പാകതയുള്ള സ്ത്രീയായി പരിണമിക്കുന്നു. അവളുടെ പൗരുഷ ബോധം ഇപ്പോൾ അവളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതില്ല എന്ന വസ്തുത ഹരിദാസന്റെ മരണം അനിവാര്യമാക്കുന്നു.
ഇപ്രകാരം ഷാരത് അമ്മിണിയിലൂടെയും ഹരിദാസനിലൂടെയും ഒടുവിൽ എല്ലാം പൊറുത്ത് സ്നേഹിക്കാൻ ധൈര്യം കാട്ടിയ കുഞ്ഞിമാളുവിന്റെ സ്വത്വം മനസ്സിന്റെ പരപ്പിന് മീതെ പ്രകാശത്തിലേക്ക് വിരിയുന്നു. ഇതാവാം ഒടുവിൽ അവകാശികളില്ലാത്ത താമര വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ കുഞ്ഞിമാളുവിനെ എമ്പ്രാന്തിരി ഏൽപ്പിച്ചതിന്റെ പ്രസക്തി.
കഥയുടെ രണ്ടാം പാതിയിൽ വരുന്ന, ദൈർഘ്യം കൊണ്ട് ചെറുതെങ്കിലും നിർണായകമായ കഥാപാത്രമാണ് ഹരിദാസന്റെ ഭാര്യ രത്നം. രത്നത്തിനെ സംബന്ധിച്ചിടത്തോളം കുഞ്ഞിമാളു അവളുടെ അബോധത്തിന്റെ ഇരുണ്ട വശങ്ങളെ (Shadow) പ്രതിനിധീകരിക്കുന്നുണ്ടാവാം. ആദ്യം മുതൽക്കേ രത്നം കുഞ്ഞിമാളുവിനെ ഒരേ സമയം സ്നേഹിക്കുകയും അപകടമായി കരുതുകയും ചെയ്യുന്നു. അവളിലേക്ക് രത്നം വലിച്ചടുപ്പിക്കപ്പെടുകയും തത്സമയം അവളെ തള്ളിയകറ്റാനും രത്നം ശ്രമിക്കുന്നു. ഒടുവിൽ ഹരിദാസന്റെ മരണാനന്തരം വീണ്ടും വിവാഹിതയായ രത്നം ചുറ്റിനുമുള്ളവരുടെ ചോദ്യം ചെയ്യലുകളിൽ പരിഭ്രമിച്ച് നിൽക്കുമ്പോഴും കുഞ്ഞിമാളുവിന്റെ മൂകമായ സാന്ത്വനം അവൾക്കാശ്വാസമാകുന്നു. ആ രാത്രിയിൽ ആ രണ്ടു സ്ത്രീകൾ പരസ്പരം പൊറുത്ത് സ്നേഹത്തോടെ വേർപിരിയുമ്പോൾ ഒന്നിലധികം തലങ്ങളിൽ വ്യക്തിത്വങ്ങൾ ഏകീകരിക്കപ്പെടുകയാണ് (Integration).

Carl Jung
ഇപ്രകാരം വർഷങ്ങൾക്ക് ശേഷം ചലച്ചിത്ര രൂപത്തിൽ നീലത്താമര പുനരാവിഷ്കരിച്ചപ്പോൾ കഥയുടെ അർത്ഥം പുതിയ മാനങ്ങൾ കൈവരിക്കുകയായിരുന്നു. കാലം കൊണ്ടുണ്ടായെന്ന് തോന്നിച്ച മാറ്റങ്ങൾ കൊണ്ട് കൃതി കാലാതിവർത്തി കൈവരിച്ചു എന്ന് സാരം.
കഥ, ഇപ്രകാരത്തിൽ, കുഞ്ഞിമാളു എന്ന വ്യക്തിയുടെ വളർച്ചയായി പരിണമിക്കുന്നു. മെല്ലെ വിരിഞ്ഞ മറ്റൊരു താമരയാണവൾ. ആദ്യാനുരാഗത്തിന്റെ വർണ്ണശബളമായ വിള്ളലുകളിലൂടെ വ്രണപ്പെട്ട അവളുടെ ഹൃദയത്തിൽ നിന്ന് ക്ഷമയുടെയും സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും നീലത്താമരകൾ വിരിയുകയാണ്. കുളത്തിന്റെ ആഴങ്ങളിൽ നിന്ന് വിരിയുന്ന ദിവ്യമായ താമര, ബോധ, ഉപബോധ, അബോധ തലങ്ങളുടെ സമഗ്രതയിൽ നിന്ന് ഉയർന്ന് വരുന്ന സ്വത്വത്തെയായിരിക്കാം സൂചിപ്പിക്കുന്നത്. അതിന്റെ നിറം നീലയാണ്. നീല ഇവിടെ അഭൗമമാണ് - ആകാശത്തിന്റെ നിറവും, കൃഷ്ണവർണ്ണവും നീലകണ്ഠനും ഒക്കെ നീലയാണ്. നീലത്താമരയും അഭൗമമായ ദിവ്യത്വമാണ്. ഓരോ മനുഷ്യനും തനിക്കും മുകളിലുള്ള പ്രപഞ്ചശക്തിയോടുള്ള ബന്ധത്തിന്റെ പ്രതീകമാണത്. ദിവ്യമായ നീലത്താമര വിരിയാൻ സൂര്യനൊപ്പം ഉള്ളിനുള്ളിലെ ചേർത്തട്ടും വേണം. ജീവിതവീഥിയിലെ മുള്ളുകൾക്കും മലരുകൾക്കുമപ്പുറത്തും സ്നേഹിക്കാനും പൊറുക്കാനുമുള്ള ധൈര്യം ഉണ്ടാവണം. കുഞ്ഞിമാളുവിനത് സാധിച്ചിരുന്നു. നടയിൽ കാശ് വയ്ക്കാനില്ലാത്തപ്പോഴും കുഞ്ഞിമാളുവിന് വേണ്ടി അത് മൂന്നാവർത്തി വിരിഞ്ഞത് ഇത് കൊണ്ടൊക്കെയാവാം.
അവലംബം
സുരേഷ്, എം ( നിർമാതാവ് ) & ജോസ്, എൽ (സംവിധായകൻ) (2009). നീലത്താമര [ചലച്ചിത്രം] ഇന്ത്യ, രേവതി കലാമന്ദിർ