ഡെന്നിസ് ജോസഫ്: കൊമേഴ്ഷ്യൽ മോളിവുഡിന്റെ പതാകവാഹകൻ
പ്രേക്ഷകന് രസിക്കുന്ന അത്യന്തം ലളിതമായ കഥാതന്തുക്കളെ, തന്റെ പരന്ന വായനയിലൂടെയും നിരീക്ഷണപാടവത്തിലൂടെയും ലഭിച്ച രസകരമായ കഥാപാത്രങ്ങളേയും സന്ദർഭങ്ങളെയും വിളക്കിചേർത്ത് അതിനൊരു ക്ലാസിക് ടച്ച് നൽകുന്ന മനോഹരമായ ക്രാഫ്ട്സ്മാൻഷിപ് ആയിരുന്നു ഡെന്നിസിന്റെ മുഖമുദ്ര.

എല്ലാ മനുഷ്യരിലും ഒരു സിനിമയ്ക്കെങ്കിലുമുള്ള കഥയുണ്ടെന്ന് ഒരിക്കൽ പറഞ്ഞത് മമ്മൂട്ടിയാണ്. അവനവന്റെ ജീവിതകഥ പറയുമ്പോൾ തന്നെ ഒരു സിനിമയ്ക്കുള്ള കഥയുണ്ടാവുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷെ, പേനയും പേപ്പറുമെടുത്ത് മനസ്സിലുള്ളതൊക്കെ അടുക്കിപ്പെറുക്കി വെച്ച് അക്ഷരങ്ങൾ കൊണ്ട് കോർത്തിണക്കി അതൊന്ന് എഴുതിയെടുക്കാൻ ശ്രമിക്കുമ്പോഴായിരിക്കും ഇതത്ര എളുപ്പമുള്ള സംഗതിയല്ല എന്ന് നമ്മൾ തിരിച്ചറിയുക. അവിടെയാണ് അനേകം മനുഷ്യരുടെ കഥകൾ ഒരു ഫാക്ടറിയിലെന്ന പോലെ ഉത്പാദിപ്പിച്ച് പ്രേക്ഷകരെ രസിപ്പിച്ച ഡെന്നിസ് ജോസഫിനെ പോലുള്ള തിരക്കഥാകൃത്തുക്കൾ വിസ്മയമാകുന്നത്.
തിരക്കഥാ ഫാക്റ്ററി എന്ന് തന്നെ പറയാൻ കാരണമുണ്ട്. അതൊരു വല്ലാത്ത കാലമായിരുന്നു മലയാള സിനിമയ്ക്ക്. ഡെന്നിസ് ജോസഫിന് മാത്രമല്ല, നമ്മളിന്ന് ലെജന്റ്സ് എന്ന് വിളിക്കുന്ന ഒട്ടനവധി അഭിനേതാക്കളുടെയും സംവിധായകരുടെയും എഴുത്തുകാരുടെയും സുവർണ്ണകാലമായിരുന്നു എൺപതുകളുടെ അവസാന പകുതിയും തൊണ്ണൂറുകളുടെ ആദ്യ പകുതിയും. മമ്മൂട്ടിയെന്നും മോഹൻലാലെന്നും രണ്ടു സൂപ്പർ താരങ്ങൾ പിറന്ന കാലം. 1986ൽ രാജാവിന്റെ മകനിലൂടെ മോഹൻലാലിന് സൂപ്പർതാര പരിവേഷം നൽകിയതും 1987ൽ ന്യൂ ഡൽഹിയിലൂടെ വിസ്മൃതിയിലേക്കാണ്ടു പോകാമായിരുന്ന മമ്മൂട്ടി കരിയറിനെ താരപരിവേഷത്തിന്റെ ഉച്ചസ്ഥായിയിലേക്കെത്തിച്ചതും ഡെന്നിസ് ജോസഫിന്റെ തിരക്കഥകളായിരുന്നു. ആ രണ്ടു വർഷങ്ങളിലായി മമ്മൂട്ടിയും മോഹൻലാലും ഏകദേശം അമ്പതോളം സിനിമകളിൽ അഭിനയിച്ചു. ഡെന്നിസ് ആവട്ടെ, പതിനൊന്നോളം തിരക്കഥകൾ എഴുതി. ജോഷിയും പ്രിയദർശനുമൊക്കെ ആ വർഷങ്ങളിൽ പത്തിൽ കൂടുതൽ സിനിമകളൊക്കെയാണ് ചെയ്തത്. ഇന്നത്തെ കാലത്ത് ഊഹിക്കാൻ പോലും പറ്റാത്ത വേഗത്തിൽ ഇവർ ചെയ്തത് പക്ഷെ തട്ടിക്കൂട്ട് സിനിമകൾ ആയിരുന്നില്ല. ഒരു ഇൻഡസ്ട്രിയുടെ തന്നെ ഭാഗധേയം നിർണയിച്ച ഒരുപിടി മികച്ച കൊമേർഷ്യൽ സിനിമകൾ ആയിരുന്നു. ന്യൂഡൽഹിയുടെ ഹിന്ദി റീമേക്ക് അവകാശത്തിനായി രജനികാന്ത് ചെന്നൈയിലെ ഒരു ഹോട്ടലിൽ വന്ന് അപേക്ഷിച്ചത് ഡെന്നിസ് ജോസഫ് പിൽക്കാലത്ത് സഫാരി ടീവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ ഓർത്തെടുത്തിരുന്നു. തിയറ്ററുകളിൽ ആളെക്കയറ്റിയും മലയാളത്തിലെ വാണിജ്യസിനിമകൾ പിന്നീടൊരുപാട് കാലം പിന്തുടർന്ന ശൈലീരൂപങ്ങൾ നൽകിയും കൊമേർഷ്യൽ മോളിവുഡിനെ നിർവചിച്ച അന്നത്തെ സിനിമായുവത്വത്തിന്റെ പതാകവാഹകരിലൊരാളായിരുന്നു ഡെന്നിസ് ജോസഫ്.

സ്വയം ഒരു 'അടിപ്പടങ്ങളുടെ എഴുത്തുകാരൻ' എന്ന് ഡെന്നിസ് ജോസഫ് വിശേഷിപ്പിക്കുമ്പോൾ അത് ഭീകര വിനയം കൊണ്ടാണെന്ന് നമുക്ക് തോന്നാം. അത്രത്തോളം വൈവിധ്യമേറിയതായിരുന്നു അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി. മലയാളത്തിലെ അക്കാലത്തെ ഏറ്റവും മികച്ച ആക്ഷൻ സിനിമകൾക്ക് തൂലിക ചലിപ്പിച്ച അതേ എഴുത്തുകാരൻ തന്നെ ആണ് ഒരു പക്ഷെ മലയാളിയെ ഏറ്റവും കൂടുതൽ കരയിപ്പിച്ച സിനിമകളിൽ ഒന്നായ 'ആകാശദൂത്' എഴുതിയത്. കോമഡി നമ്പറുകൾ കൊണ്ട് തിയേറ്ററുകൾ ചിരിപ്പറമ്പാക്കിയ നമ്പർ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലും മനു അങ്കിളിലെ മിന്നൽ പ്രതാപനുമെല്ലാം ആ വൈവിധ്യത്തിനു മാറ്റു കൂട്ടുന്നു. പിൽക്കാലത്ത് അദ്ദേഹം നൽകിയ അഭിമുഖങ്ങളിലും മറ്റും അദ്ദേഹം ആവർത്തിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്. താൻ സൃഷ്ടിച്ച കഥാപാത്രങ്ങളും രംഗങ്ങളുമൊക്കെ തന്റെ പ്രതിഭ എന്നതിനേക്കാളുപരി തന്റെ നിരീക്ഷണങ്ങളുടെ ഫലമാണെന്നതായിരുന്നു അത്. ഒരു പക്ഷെ അതായിരിക്കാം അദ്ദേഹത്തെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള കൊമേർഷ്യൽ എഴുത്തുകാരനാക്കി മാറ്റിയത്. താൻ വായിച്ച കഥകൾ, വാർത്തകൾ, തന്റെയും സുഹൃത്തുക്കളുടെയും അനുഭവങ്ങൾ - ഇവയൊക്കെ അതിന്റെ രസച്ചരട് പൊട്ടാതെ കൃത്യമായ അളവിൽ ഒരു വാണിജ്യസിനിമയിൽ സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. എവിടുന്നൊക്കെയാണ് തന്റെ തിരക്കഥകൾക്ക് പ്രചോദനം എടുത്തതെന്ന് തുറന്നുപറയാൻ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. പ്രേക്ഷകന് രസിക്കുന്ന അത്യന്തം ലളിതമായ കഥാതന്തുക്കളെ, തന്റെ പരന്ന വായനയിലൂടെയും നിരീക്ഷണപാടവത്തിലൂടെയും ലഭിച്ച രസകരമായ കഥാപാത്രങ്ങളേയും സന്ദർഭങ്ങളെയും വിളക്കിചേർത്ത് അതിനൊരു ക്ലാസിക് ടച്ച് നൽകുന്ന മനോഹരമായ ക്രാഫ്ട്സ്മാൻഷിപ് ആയിരുന്നു ഡെന്നിസിന്റെ മുഖമുദ്ര.

'ന്യൂ ഡെൽഹി' സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്. ശാരീരികമായി തകർക്കപ്പെട്ട, കഥയുടെ തുടക്കത്തിൽ ദുർബലനായ ഒരു നായകൻ, തന്നെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട ശക്തരായ എതിരാളികളോട് പ്രതികാരം ചെയ്യുന്നു എന്ന പറഞ്ഞു പഴകിയ ത്രെഡ് ആയിരുന്നു ന്യൂ ഡൽഹിയുടേത്. അതിലേക്ക് പത്രം വിറ്റുപോകാൻ വാർത്തകൾ സൃഷ്ടിക്കുന്ന ക്രിമിനൽ മൈൻഡ് ഉള്ള ഒരു ജേർണലിസ്റ്റിന്റെ കഥ വിളക്കി ചേർത്താണ് അദ്ദേഹം ആ ത്രെഡിന് പുതിയ രൂപം നൽകിയത്. ഇർവിങ് വാലസിന്റെ 'ആൾമൈറ്റി' എന്ന നോവലിലും മറ്റു ചില സൃഷ്ടികളിലുമൊക്കെ പ്രതിപാദിച്ച ഈ കഥാതന്തുവിലേക്ക് അന്നത്തെ മലയാളി പ്രേക്ഷകരുടെ പൾസ് അറിഞ്ഞ് കഥാപാത്രങ്ങളെ ചേർത്തു. അവിശ്വസനീയമായ ഈ കഥയ്ക്ക് അൽപ്പം വിശ്വാസ്യത തോന്നിക്കുവാനായിരുന്നത്രെ മലയാളി പ്രേക്ഷകർ അന്നുവരെ കണ്ടിട്ടില്ലാത്ത ന്യൂ ഡൽഹി എന്ന നഗരത്തിലേക്ക് ഈ കഥയെ പ്ലേസ് ചെയ്തത്. വെറും 13 സീൻ മാത്രം എഴുതി ചിത്രീകരണം ആരംഭിച്ച ഈ സിനിമ ഷൂട്ട് ചെയ്യുന്നതിന്റെ ഇടവേളകളിലാണ് സ്ക്രിപ്റ്റ് പൂർത്തിയാക്കിക്കൊണ്ടിരുന്നത്. ഒരു ഒറിജിനൽ ക്രിയേറ്റർ എന്നതിനേക്കാളുപരി ഒരു ഇന്റലിജന്റ് കോഓർഡിനേറ്റർ എന്ന രീതിയിലാണ് ഡെന്നിസ് തന്റെ സിനിമകളെ സമീപിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ രീതികൾ കണ്ടാൽ നമുക്ക് തോന്നാം. ഇങ്ങനെ എഴുതിയ സ്ക്രിപ്റ്റിനെയാണ് 'ഷോലെ' കഴിഞ്ഞാൽ ഇന്ത്യൻ സിനിമയിലെ എറ്റവും മികച്ച കൊമേർഷ്യൽ സ്ക്രിപ്റ്റ് എന്ന് സാക്ഷാൽ മണിരത്നം അന്ന് വിശേഷിപ്പിച്ചത്, ഇതര ഭാഷകളിലെ സിനിമാക്കാർ റീമേക്ക് അവകാശത്തിനായി കാത്തുകിടന്നത്.

അദ്ദേഹം സൃഷ്ട്ടിച്ച മാതൃകകളുടെ സബ്-സ്റ്റാൻഡേർഡ് ആയിട്ടുള്ള വേർഷനുകളായിരുന്നു തൊണ്ണൂറുകളിലെ പല മലയാളസിനിമകളും. തൊണ്ണൂറുകളുടെ അവസാനത്തിൽ തന്റെ എറ്റവും മോശം അവസ്ഥയിലെന്ന് അദ്ധേഹം വിശ്വസിച്ച കാലത്താണ് ഷാജി കൈലാസിന്റെ സുരേഷ് ഗോപി ചിത്രം എഫ്.ഐ.ആർ ന് അദ്ധേഹം തിരക്കഥ രചിക്കുന്നത്. അതിന് ശേഷം പക്ഷെ ശ്രദ്ധേയമായ സൃഷ്ടികൾ അദ്ദേഹത്തിന്റേതായി പുറത്തു വന്നില്ല. വ്യക്തിപരമായി നേരിട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും രചനയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെക്കുറിച്ചും അദ്ദേഹം സഫാരി ചാനലിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിൽ ഹൃദയം തൊട്ട് വിവരിക്കുന്നുണ്ട്. ഒരു പക്ഷെ അദ്ദേഹം സിനിമയിൽ കത്തി ജ്വലിച്ചു നിന്ന കാലത്തേക്കാൾ പ്രേക്ഷകപ്രീതിയും ശ്രദ്ധയും അദ്ദേഹത്തിന് ലഭിച്ചത് സഫാരിയിലെ ഈ പരിപാടിയിലൂടെ ആയിരുന്നിരിക്കാം. തന്റെ സിനിമകളിലെ പോലെ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ആഖ്യാനശൈലിയിൽ ഒരു കാലഘട്ടത്തിന്റെ ചരിത്രം പ്രേക്ഷകനുമായി സംവദിച്ചതിനാലാണ് ഈ ജനപ്രീതി അദ്ദേഹത്തിന് സൃഷ്ടിക്കാൻ സാധിച്ചത്. മലയാളസിനിമാ വിദ്യാർത്ഥികളുടെ മനസ്സിൽ ഒരു സവിശേഷ സ്ഥാനം എന്നും ശ്രീ. ഡെന്നിസ് ജോസഫിനുണ്ടാവും. സാധാരണ പ്രേക്ഷകരുടെ മനസിലും അവർക്കൊരു പക്ഷെ ഡെന്നിസിനെ അറിയില്ലെങ്കിലും അവരെന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ ആയും സംഭാഷണങ്ങൾ ആയും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും.