മലയാള സിനിമയുടെ കമ്മ്യൂണിസ്റ്റ് 'പേടികൾ'
കേരളം രൂപീകരിക്കപ്പെട്ടതിന് ശേഷം ഒരു മുന്നണി അതിൻ്റെ അഞ്ച് വർഷ കാലാവധി തികച്ചതിന് ശേഷം ആദ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അതും മുമ്പത്തെക്കാൾ ഭൂരിപക്ഷം വർധിപ്പിച്ച് കൊണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള ഒരു മുന്നണി കൈവരിച്ച ഈ അപൂർവ്വ നേട്ടത്തിന് മുമ്പിൽ നിന്ന് കൊണ്ട് ഈ നാട്ടിലെ ഏറ്റവും ജനകീയമായ കലയായ സിനിമ കമ്മ്യൂണിസ്റ്റുകാരെ എങ്ങനെയൊക്കെ ചിത്രീകരിച്ചു എന്ന് പരിശോധിക്കുകയാണീ കുറിപ്പിൽ.

കേരളം വലിയൊരു ചരിത്രമുഹൂർത്തത്തിന് സാക്ഷിയായി കൊണ്ടിരിക്കുമ്പോഴാണ് ഇതെഴുതുന്നത്. കേരളം രൂപീകരിക്കപ്പെട്ടതിന് ശേഷം ഒരു മുന്നണി അതിൻ്റെ അഞ്ച് വർഷ കാലാവധി തികച്ചതിന് ശേഷം ആദ്യമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അതും മുമ്പത്തെക്കാൾ ഭൂരിപക്ഷം വർധിപ്പിച്ച് കൊണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിലുള്ള ഒരു മുന്നണി കൈവരിച്ച ഈ അപൂർവ്വ നേട്ടത്തിന് മുമ്പിൽ നിന്ന് കൊണ്ട് ഈ നാട്ടിലെ ഏറ്റവും ജനകീയമായ കലയായ സിനിമ കമ്മ്യൂണിസ്റ്റുകാരെ എങ്ങനെയൊക്കെ ചിത്രീകരിച്ചു എന്ന് പരിശോധിക്കുകയാണീ കുറിപ്പിൽ.
കേരളം: രൂപപ്പെടലും ഭിന്നിക്കലും
ഇന്ത്യയിലെ മറ്റ് നാടുകളിൽ നിന്ന് കേരളത്തിനുണ്ടായിരുന്ന ഒരു പ്രധാന വ്യത്യാസം ഇവിടുത്തെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളൊക്കെ കീഴാള മനുഷ്യരിൽ നിന്നാണ് ഉദയം ചെയ്തിരുന്നതെന്നാണ്. തങ്ങൾ എന്തോ അനീതി നേരിടുന്നുണ്ടെന്ന തോന്നൽ ഇവിടുത്തെ സാധാരണ മനുഷ്യരിൽ ശക്തമാകുകയും അതവരുടെ കലകളിൽ പ്രതിഫലിക്കുകയും അവരിൽ നിന്ന് തന്നെ നേതൃത്വം ഉയർന്ന് വരികയും ചെയ്തു. നാരായണ ഗുരുവും അയ്യങ്കാളിയും അവരിൽ പ്രമുഖരാണ്. സ്വസമുദായോദ്ധരണം മാത്രമല്ലായിരുന്നു അവരുടെ ലക്ഷ്യം. ഇത്തരം മൂവ്മെൻ്റുകൾ നടന്ന മണ്ണായത് കൊണ്ടാണ് കർഷക പ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരളത്തിൽ വലിയ സ്വാധീനം നേടാനായതും. അതായത് കേരളം രുപീകരിക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലെ കമ്മ്യൂണിസ്റ്റ് വിജയം കീഴാളരായ മനുഷ്യരിൽ നിന്നുയർന്നുവന്ന പരിഷ്കരണ ശ്രമങ്ങളുടെ ലോജിക്കൽ കൺക്ലൂഷനായിരുന്നു. സ്വതന്ത്ര ഇന്ത്യ രൂപം കൊണ്ടതിന് ശേഷം ഭരിക്കുന്നവർക്കൊപ്പം ചേരുക എന്ന എല്ലാ കാലത്തെയും തന്ത്രം പ്രമാണികൾ പയറ്റിയത് കൊണ്ട് അവർ കോൺഗ്രസ്സുകാരായി. അവരുടെ പിന്മുറക്കാർ ഇന്നും ഒരു മതവിശ്വാസം പോലെ കോൺഗ്രസ്സിനെ പിന്തുടരുന്നത് ഈ രാഷ്ട്രീയമില്ലായ്മ കൊണ്ട് കൂടിയാണ്. എന്നാൽ മറുവശത്ത് സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളിലൂടെയും കർഷക- തൊഴിലാളി സമരങ്ങളിലൂടെയും മുന്നോട്ട് വന്നിരുന്ന ഒരു ജനത കമ്മ്യൂണിസ്റ്റ് പാർട്ടിയെ തിരഞ്ഞെടുത്തു.

പക്ഷെ, ഇതധികകാലം നീണ്ടു നിൽക്കാൻ മറുപക്ഷം അനുവദിച്ചില്ല. നാടിൻ്റെ ഭൂബന്ധങ്ങളെ അട്ടിമറിക്കുന്ന, വിദ്യാഭ്യാസ കുത്തകാവകാശത്തെ ഹനിക്കുന്ന ഒരു ഭരണം കേരളത്തിലെ എല്ലാതരം പ്രമാണികളെയും അസ്വസ്ഥരാക്കി. ജാതി വ്യവസ്ഥയിലൂടെ അനുഭവിച്ച് വന്നിരുന്ന പ്രിവില്ലേജുകൾ ഇല്ലാതായത് അസ്വസ്ഥതയായി അവരുടെ ഉള്ളിലുണ്ടായിരിക്കണം. അങ്ങനെ ഒരു നൂറ്റാണ്ടായി കേരളം നേടിയെടുത്ത പുരോഗമന മൂല്യങ്ങളിൽ നിന്ന് രക്ഷ തേടാൻ അവർ 'വിമോചന സമരം' സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ സംസ്ഥാന സർക്കാർ ഇല്ലാതായി. അന്ന് മുഴങ്ങിയ ഒരു മുദ്രാവാക്യം മതി സമരത്തിൻ്റെ ഉള്ളടക്കം തിരിച്ചറിയാൻ. 'പാളേൽ കഞ്ഞി കുടിപ്പിക്കും തമ്പ്രാനെന്ന് വിളിപ്പിക്കും' എന്നായിരുന്നു അത്.
വാസ്തവത്തിൽ കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തെ ആധുനികമെന്നും പിന്തിരിപ്പനെന്നും രണ്ടായി തിരിക്കാവുന്ന ചരിത്ര സന്ദർഭമായിരുന്നു വിമോചന സമരം. ഒരു വശത്ത് ജന്മിത്തം അവസാനിപ്പിക്കാൻ സമരങ്ങളിലൂടെയും ഭരണ നയങ്ങളിലൂടെയും ശ്രമിക്കുന്നവർ, മറുവശത്ത് അത് നിലനിർത്താൻ ശ്രമിക്കുന്നവർ. ഇങ്ങനെ രണ്ടായി വിഭജിക്കപ്പെട്ട സമൂഹത്തിൻ്റെ ഏത് കോണിലായിരുന്നു സിനിമക്ക് നിൽക്കാനായത് എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
സിനിമ മൂലധനമില്ലാതെ സാധ്യമല്ല
ഗൗരിയമ്മയുടെ മരണം അടുത്ത കാലത്തെ വലിയൊരു രാഷ്ട്രീയ ഇവന്റായിരുന്നു. കേരളത്തെക്കാൾ ചരിത്രമുള്ള, ഇന്നത്തെ കേരളം നിർമിച്ചവരിൽ പ്രധാനിയായ ഒരു സ്ത്രീയുടെ വിടവാങ്ങലായിരുന്നു അത്. അവരെ പോലുള്ള ഒരു വനിതാ നേതാവിനെയെങ്കിലും മലയാള സിനിമ അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യം പുറകെ വന്നു. അവരെ വികലമായി അനുകരിച്ച ലാൽസലാം എന്ന സിനിമയായിരുന്നു അതിനുള്ള ഏക മറുപടി. എന്ത് കൊണ്ട് ലാൽ സലാം എന്ന സിനിമക്ക് ഗൗരിയമ്മയോടോ ടി.വി തോമസിനോടോ നീതി പുലർത്താനായില്ല എന്ന സംശയത്തിന് സിനിമയിൽ പടം മുടക്കിയയാളുടെ താത്പര്യമെന്നായിരുന്നു മറുവാദം. അതെന്തായാലും പണം കൊണ്ട് കൂടിയാണ് സിനിമ തയ്യാറാക്കപ്പെടുന്നതെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. ഇനി സിനിമയെ എങ്ങനെ മൂലധന താത്പര്യങ്ങൾ ബാധിച്ചുവെന്ന് നോക്കാം.

കേരളത്തിലെ മൂവ്മെൻറുകൾ കലയെ സ്വാധീനിച്ചിരുന്നുവെന്ന് സൂചിപ്പിച്ചല്ലോ. ഇന്നും കേൾക്കുന്ന നാടൻ പാട്ടുകളിൽ ജന്മിത്തത്തിനെതിരെയുള്ള കലാപക്കൊടി കാണാം. പിന്നീട് നാടിനെ സ്വാധീനിച്ച ഏറ്റവും പ്രബലമായ കല നാടകമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ ശക്തി സ്രോതസ്സായിരുന്നു അവ. പാട്ടബാക്കിയും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുമൊക്കെ കണ്ട മനുഷ്യർ രാഷ്ട്രീയം അവരുടെ ഉള്ളിലേക്കാണെടുത്തത്. നാടകങ്ങൾ കളിച്ചിരുന്ന പറമ്പുകൾ പൊതു ഇടങ്ങളായി കൂടി മാറി. ടിക്കറ്റുണ്ടായിരുന്നെങ്കിലും കാശ് അവിടെ ഒരു മാനദണ്ഡമായില്ല. അതുകൊണ്ട് നാട്ടിലെ സാധാരണ മനുഷ്യർ അവിടങ്ങളിലേക്കൊഴുകി. നാടകങ്ങൾക്ക് ശേഷം അവർ പഴയ മനുഷ്യരായല്ല വീട്ടിലേക്ക് പോയത്.

എന്നാൽ നാടകത്തിന് ശേഷം ഏറെ ജനകീയമായി അവതരിപ്പിക്കപ്പെട്ട സിനിമക്ക് അതിൻ്റെ അവതരണ വേദിയിലത്ര ജനകീയത ഉണ്ടായില്ല. ഏറെ പണം മുടക്കപ്പെടുന്നത് കൊണ്ട് അത് തിരിച്ച് പിടിക്കുന്നത് അവരുടെ സ്വഭാവിക യുക്തിയായി. ടിക്കറ്റുകൾ അവിടെ നിർബന്ധമായി. നാടകം പോലെ പ്രചരണ സ്വഭാവത്തോടെ ഏതെങ്കിലും ഒരു പക്ഷത്ത് നിന്ന് പട നയിക്കുക സിനിമക്ക് സാധ്യമല്ലായിരുന്നു. ഒരു കൂട്ടർ മാത്രം സിനിമ കണ്ടാൽ പടം പരാജയപ്പെട്ടന്നായിരുന്നർത്ഥം. ഒരു കഥ ആദ്യം കൺവിൻസ് ചെയ്യേണ്ടത് നിർമ്മാതാവിനെ ആയതിനാൽ അയാളെ കൂടി പരിഗണിച്ചേ ഒരാശയം തിരശ്ശീലയിലെത്തുമായിരുന്നുള്ളൂ. സിനിമയുടെ ഈ 'സാമ്പത്തിക നിയന്ത്രണത്തെ' തിരിച്ചറിഞ്ഞത് കൊണ്ടാണ് ജോൺ എബ്രഹാം പഴയ നാടക സ്വഭാവത്തിൽ സിനിമ നിർമിച്ചതും തെരുവുകളിൽ പ്രദർശിപ്പിച്ചതും. അത്തരം ഒറ്റപ്പെട്ടവർ ഉണ്ടാക്കിയ അപശബ്ദങ്ങൾ ഒഴിവാക്കിയാൽ സിനിമ ഇന്നും മുഖ്യമായും മൂലധന കേന്ദ്രീകൃതമായാണ് നില നിൽക്കുന്നതെന്ന് കാണാം. ആ നിയന്ത്രണം കണ്ടൻ്റിലും തുടരുന്നത് സ്വഭാവികം.
മിഡിൽ ക്ലാസ്സിൻ്റെ രാഷ്ട്രീയ 'പേടികൾ'
കച്ചവടത്തിൻ്റെ മാനദണ്ഡങ്ങൾ ഹിറ്റ് ഫോർമുലയായി അവതരിപ്പിക്കപ്പെടാറുണ്ട്. അപ്പോഴും കേരളം പോലുള്ള ഒരു സമൂഹത്തിൽ നടന്ന സാമൂഹ്യ പരിഷ്ക്കരണ ശ്രമങ്ങളെയോ രാഷ്ട്രീയ ഇടപെടലുകളെയോ മുഴുവനായി അവഗണിക്കുന്ന സമീപനമല്ല സിനിമ സ്വീകരിച്ചത്. മറിച്ച് അവയുടെ പ്രാതിനിധ്യം തങ്ങളുടെ നിർമ്മാതാക്കൾക്കും കാണികൾക്കും സുഖകരമാക്കി പ്രസൻ്റ് ചെയ്യുക എന്നതായിരുന്നു തന്ത്രം. ഉദാഹരണത്തിന് 'ലാൽസലാം' കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേന്ദ്രീകരിക്കുന്ന സിനിമയാണ്. വലിയ വിപ്ലവ പ്രതീക്ഷകളോടെ ജീവിതം തുടങ്ങുന്ന ഡി.കെ, സേതുലക്ഷ്മി, നെട്ടൂരാൻ എന്നിവർ അവരുടെ അവസാനമടുക്കുമ്പോൾ നിരാശയിലൊടുങ്ങുകയാണ്. ഒളിവു ജീവിതം അവിടെ പിന്നീടോർത്ത് ദു:ഖിക്കാവുന്ന പരസ്ത്രീ ബന്ധം സമ്മാനിക്കുന്നു. ഭർത്താവിനെ ബഹുമാനിക്കാത്ത ഭാര്യയായി രാഷ്ട്രീയത്തിലെ പെണ്ണ് മാറുന്നു. അവരുടെ കുടുംബ ബന്ധം തകരുന്നു. രാഷട്രീയം ഉപേക്ഷിച്ച് കുടുംബം നോക്കിയ വ്യവസായിയായ നെട്ടൂരാൻ്റെ ജീവിതമാണ് ഭേദമെന്ന് ഒടുവിൽ കാണിക്ക് തോന്നിപ്പോകുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തെ തന്നെ പരാമർശിച്ച ഒരു ചിത്രം നൽകുന്ന സന്ദേശമാണിത്. അങ്ങനെ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാത്ത ഭൂരിപക്ഷം മധ്യ വർഗ കുടുംബങ്ങളെയും സിനിമ ആശ്വസിപ്പിക്കുന്നു. ഇനി രാഷ്ട്രീയത്തിൽ ഇടപെടുന്നവർക്ക് സിനിമയുടെ പേരിലും പാട്ടിലും വിളിച്ച മുദ്രാവാക്യത്തിൻ്റെ കണക്കിലും ഒരു വൈകാരികാനുഭവമാകുന്നു ലാൽസലാം.
വാസ്തവത്തിൽ ഇതൊരു സിനിമയുടെ കാര്യമേയല്ല. പല പ്രമേയങ്ങളിൽ ഇതേ ആശയം സിനിമ പ്രചരിപ്പിച്ചു. അത് നക്സലൈറ്റ് രാഷ്ട്രീയശങ്കകൾ പങ്കു വച്ച സിനിമകൾ (പിറവി) തൊട്ട് മുഖ്യധാര ഇടതുപക്ഷ രാഷ്ട്രീയം ചർച്ച ചെയ്ത സിനിമ വരെ തുടർന്നു. കേരളത്തിൽ വളർന്നു വന്ന അരാഷ്ട്രീയതയുടെ ആണിക്കല്ലായി മാറിയ ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'സന്ദേശം' ഇതിൻ്റെ മറ്റൊരു ക്ലാസിക്ക് ഉദാഹരണമാണ്. കുടുംബം നോക്കാതെ രാഷ്ട്രീയം കളിച്ച് നടക്കുന്ന യുവാക്കളെ പുറത്താക്കി ഗൃഹനാഥൻ തൻ്റെ അധികാരം തിരിച്ച് പിടിക്കുന്നതോടെ സിനിമ അവസാനിക്കുന്നു. കോൺഗ്രസ്സിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഒരു പോലെ വിമർശിക്കുന്നുണ്ടെങ്കിലും കൂടുതൽ രൂക്ഷമായി പരിഹസിക്കപ്പെടുന്നത് ഇടതുപക്ഷമാണ്. പാർട്ടി കമ്മിറ്റിയെ, മിശ്ര വിവാഹത്തെ, സമരങ്ങളെ സിനിമ പുച്ഛിച്ചു തള്ളുന്നു. രാഷ്ട്രീയക്കാരെ പുറത്താക്കി ചാണകം തളിച്ച് വൃത്തിയാക്കുന്ന സിനിമയിലെ കുടുംബം, കുറച്ച് ബുദ്ധിവച്ചപ്പോൾ എ.ബി.വി.പി ആയി എന്ന് ഇന്ന് തുറന്ന് പറയുന്ന ശ്രീനിവാസനിൽ യാദൃശ്ചികമായി വന്നതാവില്ലല്ലോ. വിദ്യാർത്ഥി രാഷ്ട്രീയത്തെ അടിച്ചോടിച്ച് കൊണ്ടവസാനിച്ച സിനിമ നമുക്ക് എത്ര ജിഷ്ണു പ്രണോയ്മാരെ സമ്മാനിച്ചുവെന്നത് ചരിത്രം.

കേരളത്തിൻ്റെ മറ്റൊരു പ്രധാന ചരിത്ര സന്ദർഭത്തിലാണ് ഇത്തരം സിനിമകൾ കൂടുതൽ പ്രചാരം നേടുന്നത്. എഴുപതുകളോടെ ഭൂപരിഷ്കരണത്തിൻ്റെയും വിദ്യാഭ്യാസവകാശങ്ങളുടേയും ഗുണഭോക്താക്കളായി മാറിയ വലിയൊരു വിഭാഗം എൺപതുകളിൽ ഒരു പുതിയ മധ്യവർഗത്തിന് രൂപം നൽകി. ഇതേ പുതിയ മധ്യവർഗത്തിലെ കുട്ടികളാണ് മുമ്പ് കെ.എസ്.യു വിൻ്റെ കുത്തകയായിരുന്ന ക്യാമ്പസുകളെ എസ്.എഫ്.ഐക്ക് നൽകിയതെന്ന് അന്ന് എസ്.എഫ്.ഐ നേതാവായിരുന്ന സി.പി ജോൺ പിന്നീട് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ക്യാമ്പസുകളിലെ ഈ രാഷ്ട്രീയ മാറ്റം പഴയ പ്രമാണിമാരെയും പുതിയ മധ്യവർഗത്തെയും ഒരു പോലെ ചൊടിപ്പിച്ചു. പഴമക്കാർക്ക് തങ്ങളുടെ കുട്ടികൾ ഇടതുപക്ഷ രാഷ്ട്രീയത്തിലൂടെ വഴി പിഴച്ച് പോകുമെന്നായിരുന്നു പേടിയെങ്കിൽ പുതിയ മധ്യവർഗ കുടുംബങ്ങൾ തങ്ങളുടെ കുട്ടികൾ ഇനി രാഷ്ട്രീയം ഉപേക്ഷിച്ച് ജോലി സമ്പാദിച്ചാൽ മതിയെന്ന് ചിന്തിച്ചു. വാങ്ങൽ ശേഷിയുണ്ടായിരുന്ന ഇരു വിഭാഗത്തെയും കലാലയ രാഷ്ട്രീയത്തെ വിമർശിച്ച് തൃപ്തിപ്പെടുത്തുക എന്നതായി പിന്നീട് വന്ന മലയാള സിനിമയുടെ കടമ.
ക്യാമ്പസ് പടമെന്ന 'വ്യാജം'
തൊണ്ണൂറുകളുടെ ഒടുക്കത്തോടെയാണ് കോടതി വിദ്യാർത്ഥി രാഷ്ട്രീയം വിലക്കിയത്. ഇലക്ഷൻ പോലും എങ്ങനെ നടത്തണമെന്ന് കോളേജ് അധികൃതർക്ക് തീരുമാനിക്കാമെന്നായിരുന്നു വിധി. പ്രബലമായ സർക്കാർ കോളേജുകളിലും ചില എയ്ഡഡ് കോളേജുകളിലുമൊഴിച്ചാൽ മറ്റിടങ്ങളിലെല്ലാം വിദ്യാർത്ഥി സംഘടനകൾ കുറഞ്ഞു വന്നു. ബന്ദ് നിരോധിച്ചപ്പോൾ 'ഹർത്താൽ' ആയി പേരു മാറ്റിയ തന്ത്രം വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ കാര്യത്തിൽ കേരളം കാണിച്ചില്ല എന്ന് ശ്രദ്ധിക്കണം. കാരണം രാഷ്ട്രീയാനുഭാവമുള്ള മധ്യവർഗ കുടുംബങ്ങൾക്ക് പോലും അവരുടെ മക്കളുടെ 'ഭാവി കളയുന്ന' രാഷ്ട്രീയത്തോട് വെറുപ്പായിരുന്നു. ഈ പരിസരം മലയാള സിനിമയും തിരിച്ചറിഞ്ഞു. ക്യാമ്പസ് പടമെന്ന പേരിൽ പുറത്തിറങ്ങിയ സിനിമയുടെ ആഘോഷങ്ങളിൽ നിന്ന് 'രാഷ്ട്രീയം' പുറത്തോ അപ്രധാനമോ ആയിരുന്നു. കമൽ സംവിധാനം ചെയ്ത നിറവും നമ്മളും നോക്കുക. ഒരിടത്ത് സമരം നായകനും നായികക്കും സിനിമ കാണാൻ അവസരമുണ്ടാക്കുന്നു. മറ്റിടത്ത് ഒരു പെൺകുട്ടി മാപ്പ് പറയാനായി വിദ്യാർത്ഥികൾ സമരം ചെയ്യുന്നു. ഇനി വിദ്യാർത്ഥി രാഷ്ട്രീയം കൈകാര്യം ചെയ്തു എന്ന് തോന്നുന്ന സിനിമ തന്നെ വലിയ ഉപദേശമായിരുന്നുവെന്നും കാണാം.

ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്സ്മേറ്റ്സ് മലയാളത്തിലെ എക്കാലത്തെയും വലിയ ക്യാമ്പസ് ഹിറ്റായാണ് പരിഗണിക്കപ്പെടുന്നത്. ഒരു ഗെറ്റ്ടുഗതറിൻ്റെ ഗൃഹാതുരതയാണ് സിനിമയുടെ കേന്ദ്രമെങ്കിലും തൊണ്ണൂറുകളിലെ ക്യാമ്പസുകളോട് (2006 ൽ ആണെങ്കിലും) ദൃശ്യപരമായി ലാൽജോസ് നീതി പുലർത്തി. സമരങ്ങൾക്ക് സിനിമയിൽ മനോഹരമായ വിസിബിലിറ്റി കിട്ടി. ഇടത് വിദ്യാർത്ഥി നേതാവായ സുകു (പൃഥ്വിരാജ്) സിനിമയിലെ കേന്ദ്ര കഥാപാത്രവുമാണ്. എന്നാൽ ക്ലാസ്സ്മേറ്റ്സ് അവസാനിക്കുമ്പോൾ അയാളോടും അയാൾ ക്യാമ്പസിൽ നടത്തിയ രാഷ്ട്രീയ ഇടപെടലിനോടും നമുക്കെന്ത് തോന്നും എന്നതിൽ സിനിമ ബാക്കി വക്കുന്നതെന്താണെന്ന് കാണാം. മുരളി (നരേൻ) ആണ് പടത്തിനൊടുവിൽ ഒരു നീറ്റലായി അവശേഷിക്കുന്നത്. വിദ്യാർത്ഥി സംഘട്ടനവും രാഷ്ട്രീയ വൈരവും എതിർ ചേരിയിലെ പ്രണയവും മുരളിയെ രക്തസാക്ഷിയാക്കി. സുകു അതിന് കാരണക്കാരനായി. ആ കുറ്റബോധത്തോടെ തൻ്റെ കോഴ്സും പ്രണയവും ഉപേക്ഷിച്ച് അയാൾക്ക് നാട് വിടേണ്ടി വന്നു. ഒരു ദുരന്ത സമാനമായ ജീവിതമാണ് ക്യാമ്പസ് അയാൾക്ക് സമ്മാനിച്ചത്. മറുവശത്ത് വലത് വിദ്യാർത്ഥി നേതാവ് എം.എൽ.എ ആയിരിക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയം പൊതുവെയും ഇടത് രാഷ്ട്രീയം വിശേഷിച്ചും എങ്ങനെ അപകടമായിരിക്കുമെന്ന മിഡിൽ ക്ലാസ്സ് ഭീതിയെ അങ്ങനെ ക്ലാസ്സ്മേറ്റ്സ് ഒന്നു കൂടി ഉറപ്പിച്ചെടുത്തു.

ഇടത് - വിദ്യാർത്ഥിരാഷ്ട്രീയം = അക്രമം എന്ന പ്രമേയം അവിടം കൊണ്ടവസാനിക്കുന്നില്ല. ഇടതുപക്ഷത്തോടൊപ്പമെന്ന പ്രതീതി സൃഷ്ടിച്ച മെക്സിക്കൻ അപാരത, സി.ഐ.എ പോലുള്ള ചിത്രങ്ങൾ വരെ ക്യാമ്പസ് എന്തോ യുദ്ധഭൂമിയാണെന്നാണ് പറഞ്ഞത്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ പെൺകുട്ടികളെ അവർ 'കാമുകി'മാരാക്കി ഒതുക്കി. രക്തസാക്ഷികളെ സൃഷ്ടിക്കുകയും ആഘോഷിക്കുകയുമാണ് കമ്മ്യുണിസ്റ്റ് പാർട്ടി ചെയ്യുന്നതെന്ന് 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' ഒളിയമ്പെയ്തു. ആകെയുണ്ടായ വെത്യാസം ക്യാമ്പസ് എന്നാൽ 'അടിച്ചു പൊളി' എന്നതിൽ നിന്ന് എസ്.എഫ്.ഐ യുടെ കൊടി എങ്കിലും കാണിക്കാതെ അതവസാനിക്കില്ല എന്നായി. എന്നാൽ സന്ദേശം ക്ലാസ്സ്മേറ്റ്സ് പോലെ പ്രതിലോമകരമായി തുടർന്നു. കോടതി സമക്ഷം ബാലൻ വക്കീലിൽ വരെ രാഷ്ട്രീയം കൊണ്ട് രണ്ടു മനുഷ്യർക്കുണ്ടാവുന്ന നഷ്ടം കാണാം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്നവർ നാടിനെ നയിക്കുന്ന കാലത്താണ് സിനിമ അത് കൊണ്ടുള്ള നഷ്ടങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുന്നതെന്നത് മറ്റൊരു വൈരുദ്ധ്യം.
കമ്യൂണിസ്റ്റുകാരെ പേടിക്കാത്ത സിനിമ വരുമോ?
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിൻ്റെ ടീസർ ഇറങ്ങിയിട്ട് ദിവസങ്ങളെ ആവുന്നുള്ളൂ. മട്ടാഞ്ചേരി എന്ന നാട്ടിൽ നടന്ന വലിയൊരു തൊഴിലാളി സമരത്തിൻ്റെ ചരിത്രമാണീ സിനിമയെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ പരിഗണിച്ചാൽ പ്രതീക്ഷ തോന്നാവുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. രാജീവ് രവിയെയും ദിലീഷ് പോത്തനെയും പോലുള്ള സംവിധായകരും ശ്യാം പുഷ്കരനെ പോലുള്ള എഴുത്തുകാരും ഫഹദിനെയും നിമിഷയെയും പോലുള്ള ആർട്ടിസ്റ്റുകളും ഇന്നാട്ടിലെ ഏറ്റവും സാധാരണ മനുഷ്യരുടെ ജീവിതത്തെ തിരശ്ശീലയിലെത്തിച്ചത് ഇക്കാലത്താണ്. ആൻട്രോയ്ഡ് ഫോണുകളിൽ അന്താരാഷ്ട്ര സിനിമ വരെ കണ്ട് ശീലിച്ച ഒരു തലമുറ അവയെ നെഞ്ചേറ്റി. അവിടെ നായകനും നായികയും വില്ലനുമില്ല. മനുഷ്യരേ ഉള്ളൂ. അവരുടെ സംഘർഷങ്ങളേ ഉള്ളൂ. അതുകൊണ്ട് ഇനി ഒരു കാലത്ത് നാടിന് വേണ്ടി ധീരമായി പൊരുതിയ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ യാഥാർത്ഥ്യ ബോധത്തോടെ ചിത്രീകരിക്കാൻ മലയാള സിനിമക്കാകുമെന്ന് പ്രതീക്ഷിക്കാം. കുറഞ്ഞ പക്ഷം പഴയ സിനിമ അവരെ കുറിച്ച് സൃഷ്ടിച്ച പേടിയിൽ നിന്നെങ്കിലും മോചനമുണ്ടാകണം.
തുറമുഖം അതിന് നല്ലൊരു തുടക്കമാകട്ടെ.