കോവിഡും ഫ്രോയ്ഡും പിന്നെ ഞാനും!
ടെംപെസ്റ്' തുടങ്ങിയവ ക്വാറന്റൈൻ കാലഘട്ടത്തിൽ രചിക്കപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു. പ്രതിസന്ധികൾ ജീവിതത്തിലെ ഒരു വഴിത്തിരിവായി ജീവിതത്തിന് ഒരു പുതിയ അർത്ഥം (മാനം) കൊടുക്കാനും, ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കാനും മനുഷ്യന് സാധ്യമാണെന്ന് പോസിറ്റീവ് സൈക്കോളജിയും ഷേക്സ്പിയറും നമ്മെ ഓർമ്മപ്പെടുത്തുന്നു.

'മരണം' എന്ന സത്യത്തെയും, ആ അവസ്ഥയെയും ഭയത്തോടെ വീക്ഷിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു സിഗ്മണ്ട് ഫ്രോയ്ഡ് എന്ന് അദ്ദേഹത്തിന്റെ പഠനങ്ങളെയും ജീവിതത്തെയും വിശകലനം ചെയ്താൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടായിരിക്കാം മനുഷ്യമനസ്സിന്റെ വ്യവഹാരങ്ങളെക്കുറിച്ച് ഏറ്റവും ആധികാരികമായി പഠനം നടത്തിയ അദ്ദേഹം "മരണത്വര” (death instinct) എന്ന ജന്മവാസനയെക്കുറിച്ഛ് ലോകത്തോട് പറയാനും അതുമായി സമരസപ്പെടാനും അനേകം വർഷങ്ങൾ എടുത്തത്. 64 വയസ്സായപ്പോഴാണ് അദ്ദേഹം ആദ്യമായി ഇതേക്കുറിച്ച് തന്റെ "ബിയോണ്ട് ദി പ്ലെഷർ പ്രിൻസിപ്പൽ” എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഇല്ലായ്മയിൽ നിന്നു വന്ന മനുഷ്യൻ ഇല്ലായ്മയിലേക്കു പോകണം എന്നത് ഒഴിച്ചുകൂടാനാവാത്ത പ്രപഞ്ച സത്യമാണെന്ന് ഉൾക്കൊണ്ടതുകൊണ്ടാകാം ആർതർ ഷോപ്പൻഹോറിനോട് ചേർന്ന് നിന്ന് 'ജീവിതത്തിന്റെ ലക്ഷ്യം മരണമാണെന്ന്’ പ്രഖ്യാപിച്ചത്. ഒരുപക്ഷെ, കലുഷിതമായ ഒരവസ്ഥയിൽ സംഘർഷം കുറക്കാൻ ഏറ്റവും എളുപ്പമാർഗം ജീവനില്ലാത്ത ആ അവസ്ഥയിലേക്ക് മടങ്ങാൻ വെമ്പൽ കൊള്ളുന്ന ഒരു മനസ്സ് മനുഷ്യനുണ്ടെന്നു മനസ്സിലാക്കിയതാവാം..!

കോവിഡ് എന്ന മഹാമാരിയുടെ ക്രൂരമായ വിളയാട്ടം "ജീവിതലക്ഷ്യം മരണമാണ്’ എന്ന ചിന്തയിലേക്ക് നമ്മളെ നയിക്കുന്നുണ്ടോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു!! ആധുനിക മനുഷ്യൻ കെട്ടിപൊക്കിയെന്ന് അവൻ അവകാശപ്പെടുന്നത് വെറും ഒരു കെട്ടുകഥയല്ലേ എന്ന് ഇശ്മായേൽ എന്ന ഗ്രന്ഥത്തിൽ ഡാനിയേൽ ക്വിൻ പ്രതിപാദിക്കുന്ന പോലെ നമുക്കും തോന്നുന്ന ഒരു അവസ്ഥ!! കോവിഡുമായി ബന്ധപ്പെട്ട മനഃശാസ്ത്ര പഠനങ്ങൾ നമുക്ക് വെളിവാക്കിത്തരുന്നത് ആഗോളതലത്തിൽ പൊതുജനത്തിന്റെ മാനസികാരോഗ്യം ഉലയുന്നു എന്നാണ്. മനസികരോഗങ്ങൾ, വിഷാദരോഗം, ഉറക്കമില്ലായ്മ, ഉന്മേഷക്കുറവ്, സന്തോഷമില്ലായ്മ, അശുഭാപ്തിവിശ്വാസം, പ്രകോപനം തുടങ്ങിയവ മനുഷ്യരിൽ അധികമായി കാണുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ എന്തൊക്കെ മനുഷ്യനെ വേദനിപ്പിക്കുന്നു, അല്ലെങ്കിൽ അവനെ കൂടുതൽ നിസ്സാരനാക്കുന്നു, തളർത്തുന്നു, മുറിവേൽപ്പിക്കുന്നു എന്നതിലേക്കാണ് ഗവേഷകരുടെ ശ്രദ്ധ തിരിയുന്നത് എന്നതാവും ഇതിനു കാരണം. ഒരുപക്ഷെ പ്രതിസന്ധികളിൽ മനുഷ്യന് തളരാൻ മാത്രമേ സാധിക്കൂ എന്ന മുൻവിധി നമ്മൾ ഉള്ളിൽ കൊണ്ടു നടക്കുന്നതുമാകാം.
സത്യത്തിൽ മനുഷ്യൻ അത്ര നിസ്സാരനാണോ? 'അതെ’ എന്നംഗീകരിക്കാൻ നമുക്ക് സാധ്യമാണോ? പ്രതിസന്ധിയിലും മനുഷ്യന് മാനസികാരോഗ്യം കാത്തു സൂക്ഷിക്കാൻ സാധിക്കും എന്ന് ഗവേഷകരും, നമ്മുടെ ജീവിതാനുഭവങ്ങളും നമ്മോടു പറയുമ്പോൾ നാം എങ്ങനെ നിസ്സാരരാവും!! പ്രതിസന്ധികൾ വരുമ്പോൾ നാം ബോധപൂർവമോ അല്ലാതെയോ നമ്മുടെ സവിശേഷ ഗുണങ്ങളെ നിസ്സംഗതയിലേക്കു പിന്തള്ളുന്നുണ്ടോ എന്ന് മാത്രം ചിന്തിച്ചാൽ മതി.
ലൈഫ് ഇൻസ്റ്റിങ്റ്റും സവിശേഷ ഗുണങ്ങളും
'ജീവത്വര (Life Instinct)’ എന്ന ജന്മവാസനയെക്കുറിച്ച് ഫ്രോയ്ഡ് അദ്ദേഹത്തിന്റെ പഠനങ്ങളിൽ അങ്ങോളമിങ്ങോളം ഊന്നൽ നൽകുന്നത് നമുക്കറിയാം. മനുഷ്യന് അവന്റെ ജീവൻ നിലനിർത്താനും, മുന്നോട്ടു നയിക്കാനും, പ്രത്യുല്പാദനത്തിലേർപ്പെട്ടു വംശവർധന നടത്താനും ജീവത്വര അസാമാന്യമായ പങ്കു വഹിക്കുന്നെണ്ടെന്നു ഫ്രോയ്ഡ് വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനെ സന്തോഷകരവും ആനന്ദം പ്രധാനം ചെയ്യുന്നതുമായ പ്രവൃത്തികളിലേക്കും ചിന്തയിലേക്കും ഏർപ്പെടാൻ സഹായിക്കുകയാണ് ജീവത്വരയുടെ പ്രധാന ധൗത്യം. പോസിറ്റീവ് സൈക്കോളജി എന്ന മനഃശാസ്ത്ര ശാഖ ഊന്നൽ നൽകുന്ന 'മനുഷ്യനിലെ സവിശേഷ ഗുണങ്ങൾ’ ഈ ജീവത്വരയുടെ ഒരു വേറിട്ട പുനരാവിഷ്കരണമായി ചിന്തിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. "എന്താണ് എന്റെ സവിശേഷമായ ഗുണങ്ങൾ?” എന്നതാണ് പോസിറ്റീവ് സൈക്കോളജി മുന്നോട്ടു വയ്ക്കുന്ന പ്രധാനപ്പെട്ട ചോദ്യം. ഈ ചോദ്യം നാം പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മോടു ചോദിച്ചാൽ മുറിവിൽ എണ്ണപുരട്ടുമ്പോൾ അനുഭവിക്കുന്ന ആ സുഖം നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും. പ്രതിസന്ധികൾ എത്ര കഠിനമായാലും മനുഷ്യന് അവന്റെ മാനസികാരോഗ്യം വീണ്ടെടുക്കാനും, അതിനെ നിലനിർത്താനും പ്രാപ്തമായ ഗുണങ്ങൾ ഓരോ മനുഷ്യനിലും ഉണ്ടെന്നാണ് പോസിറ്റീവ് സൈക്കോളജിയുടെ നിലപാട്. അങ്ങനെ ചിന്തിക്കുമ്പോൾ മനുഷ്യനെ മുന്നോട്ടു ജീവിക്കാൻ ഏറ്റവും സഹായകരമായതു ഞാനെന്ന വ്യക്തിയിൽ കുടികൊള്ളുന്ന ആ ജീവത്വരയല്ലാതെ പിന്നെന്താണ്?
ഓരോ വ്യക്തിയിലും ഉള്ള ഈ സവിശേഷ ഘടകങ്ങൾ പ്രതിസന്ധിഘട്ടങ്ങളിൽ ആ വ്യക്തിയിലെ മാനസികസംഘർഷം കുറക്കാനും, മാനസികാരോഗ്യം നിലനിർത്താനും, അതുപോലെ സംഘർഷത്തെ അതിജീവിച്ചു മുന്നേറാനും വ്യക്തിയെ സഹായിക്കുന്നു എന്നാണ് കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ടു നടത്തിയ പോസിറ്റിവ് സൈക്കോളജി ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. എന്താണ് ഈ സവിശേഷതകൾ? പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും പ്രാന്തപ്രദേശങ്ങളിലും പ്ലേഗ് പരത്തിയ കെടുതികൾ നാം പലപ്പോഴും വായിച്ചറിഞ്ഞിട്ടുണ്ട്. ഇന്നത്തെ കോവിഡ് മഹാമാരി അന്നത്തെ പ്ലേഗിന്റെ കെടുതികളുടെ ഒരു പ്രതിഫലനം ആണോ എന്ന് ചിലപ്പോഴൊക്കെ നാം ചിന്തിച്ചിട്ടുണ്ടാവാം!! ആ കാലഘട്ടത്തിൽ മഹാമാരിയുടെ സംഘർഷത്തിൽകൂടെ വളർന്നു വന്നതാണ് വില്യം ഷേക്സ്പിയർ. സാമ്പത്തിക ഞെരുക്കങ്ങളും, ഉറ്റവരുടെ മരണങ്ങളും, ഒറ്റപ്പെടലുകളും പല ഘട്ടങ്ങളിലായി അനുഭവിച്ചെങ്കിലും തന്നിലുള്ള വിശ്വാസം അദ്ദേഹം ഒരിക്കലും നഷ്ടപ്പെടുത്തിയില്ല. അവസരങ്ങൾ അനുഗ്രഹങ്ങളാക്കി അദ്ദേഹം മുന്നോട്ടുപോയി. പ്രശസ്തമായ 'റോമിയോ ആൻഡ് ജൂലിയറ്റ്’, 'കിംഗ് ലിയർ’, 'ദി ടെംപെസ്റ്' തുടങ്ങിയവ ക്വാറന്റൈൻ കാലഘട്ടത്തിൽ രചിക്കപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു. പ്രതിസന്ധികൾ ജീവിതത്തിലെ ഒരു വഴിത്തിരിവായി ജീവിതത്തിന് ഒരു പുതിയ അർത്ഥം (മാനം) കൊടുക്കാനും, ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കാനും മനുഷ്യന് സാധ്യമാണെന്ന് പോസിറ്റീവ് സൈക്കോളജിയും ഷേക്സ്പിയറും നമ്മെ ഓർമ്മപ്പെടുത്തുന്നു.
നമ്മളിലെ പോസിറ്റീവ് വികാരങ്ങൾ, സ്വഭാവത്തിന്റെ ഗുണങ്ങൾ, ശക്തി, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്, പ്രതീക്ഷ നിറഞ്ഞ നമ്മുടെ ഹൃദയം, ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുള്ള ബൗദ്ധികതലം, നന്ദി പ്രകടിപ്പിക്കാൻ സന്നദ്ധത ഉള്ള മനോഭാവം, സൗഹൃദം അല്ലെങ്കിൽ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനുള്ള കരുത്ത്, സ്നേഹിക്കാനും കരുണ പ്രകടിപ്പിക്കാനും പറ്റുന്ന മനസ്സ്... ഇങ്ങനെ നീളുന്നു നമ്മളിലെ സവിശേഷതകൾ. ഇതിൽ ഏതാനും വിഷയങ്ങളെ നമുക്ക് പരിചയപ്പെടാം.
നന്ദി നിറഞ്ഞ ഹൃദയത്തോടെ നമുക്ക് അനുഗ്രഹങ്ങളോട് സംവദിക്കാൻ സാധിക്കുന്നത്
2018 ആഗസ്റ്റ് മാസത്തിൽ കേരളജനതയെ ഒന്നടങ്കം ഞെട്ടിച്ച പേമാരിയും വെള്ളപ്പൊക്കവും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു തേങ്ങലാണ്. എന്നിരുന്നാലും ആ സമയത്ത് കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്നു സാധിക്കുന്ന ഓരോജീവനും രക്ഷപെടുത്താൻ അക്ഷീണം പരിശ്രമിച്ച മത്സ്യത്തൊഴിലാളികളെ ഓർക്കുന്നത് മനസ്സിലൊരു കുളിരാണ്. അനുഗ്രഹങ്ങളെക്കുറിച്ച് നന്ദിയോടെ ഓർക്കാൻ സാധിക്കുന്നത് എന്നും എപ്പോഴും ഒരു 'കുളിർമഴ’ തന്നെയാണ് എന്ന് അനുഭവങ്ങൾ നമുക്ക് പറഞ്ഞുതരുന്നു. നന്ദിയുള്ള മനസ്സിനുടമയാകാൻ സാധിക്കുക എന്നത് വ്യക്തിജീവിതത്തിന്റെ ഏറ്റവും മികച്ച സ്വഭാവഗുണമായിട്ടാണ് പലപ്പോഴും വിശേഷിക്കപ്പെടുന്നത്. കാരണം അത് വ്യക്തിജീവിതത്തിലും, ചുറ്റുപാടുള്ളവരിലും, സമൂഹത്തിൽ തന്നെയും നന്മകൾ കൊണ്ടുവരാൻ പ്രാപ്തമാണ്. മാനസികവും, സാമൂഹികവും, ശാരീരികവും, ആധ്യാത്മികവുമായ തലങ്ങളിൽ പ്രയോജനം ഉണ്ടാകുന്നു എന്നാണ് ഇരുപതുവർഷത്തെ ഗവേഷണങ്ങളെ പരിശോധിച്ചാൽ നമുക്ക് ബോധ്യമാവുന്നത്.
കോവിഡ് പോലെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ, മറ്റേതൊരു പോസിറ്റീവ് വികാരങ്ങളെക്കാളും 'നന്ദിപ്രകാശന’ത്തിലേക്ക് മനുഷ്യർ തിരിയുന്നു എന്നാണ് പോസിറ്റിവ് സൈക്കോളജി പഠനങ്ങൾ വ്യക്തമാക്കുന്നത്. കോവിഡ് വിതച്ച ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും ഇടയിൽ കഴിയുന്ന നമുക്ക് ഇടക്ക് നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാം. നമ്മൾ പ്രാധാന്യം കൊടുക്കാതെ അല്ലെങ്കിൽ നിസ്സാരമായി കാണുന്ന ചെറിയ ചെറിയ അനുഗ്രഹങ്ങളിലേക്ക് ഒന്നെത്തി നോക്കാം. കോവിഡ് ഭയത്തിൽ ഇരുന്നപ്പോൾ ഒരു സുഹൃത്ത് ഫോൺ വിളിച്ചതാകാം, ക്വാറന്റൈനിൽ കഴിഞ്ഞ സമയത്ത് ഭക്ഷണം തന്ന അയൽക്കാരാവാം, ജീവിതപങ്കാളി സ്നേഹത്തോടെ സംസാരിച്ചതാവാം, പ്രാർത്ഥിക്കാൻ സാധിച്ചതാവാം, ഏതുമാവട്ടെ തിരിച്ചറിയാൻ ശ്രമിക്കാം. 3-5 അനുഗ്രഹങ്ങളെ ദിനംതോറും ഒരു ബുക്കിൽ രേഖപ്പെടുത്തി വയ്ക്കുക. ഈ പ്രക്രിയ തുടർന്ന് പോകുമ്പോൾ നമ്മുടെ മനസ്സിലും കുളിർമഴ പെയ്തിറങ്ങുന്നത് അനുഭവിച്ചറിയുക.
സ്വയം അനുകമ്പ തോന്നുക
ഇരുപത്തെട്ടാം വയസ്സിലാണ് സംഗീതജ്ഞനായ ബീതോവൻ ബധിരതയുടെ ലക്ഷണങ്ങൾ തന്നിലുണ്ടെന്നു മനസ്സിലാക്കിത്തുടങ്ങിയത്. ദിവസങ്ങൾ കഴിയുന്തോറും ബധിരത കൂടുകയാണെന്ന സത്യം അദ്ദേഹത്തിന് ഉൾക്കൊള്ളാൻ സാധിച്ചില്ല. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ബോദ്ധ്യം നേട്ടങ്ങൾ കഴിവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന കാഴ്ചപ്പാടിലായിരുന്നു. ബധിരത അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. താൻ ഏറ്റവും മഹത്തരമായി കണ്ട അല്ലെങ്കിൽ തന്നെ ഇത്ര ഉയരത്തിൽ എത്തിച്ച 'കേൾവി’ ഇല്ലാതാകുന്നത് തന്റെ പരാജയമായി അദ്ദേഹത്തിനു തോന്നി. പ്രപഞ്ചത്തോടും സൃഷ്ടാവിനോടും തന്നോടുതന്നെയും വെറുപ്പ് തോന്നി. ആത്മഹത്യ മാത്രമാണ് ഒരു പരിഹാരമായി അദ്ദേഹത്തിന് തോന്നിയത്. തന്റെ സഹോദരന്മാർക്ക് എഴുതിയ ഹൈലിഗൻസ്റ്റാഡ്ത് കത്തുകളിൽ (Heiligenstadt Testament) അദ്ദേഹം തന്റെ നിരാശയും, അസന്തുഷ്ടിയും, അതുപോലെ അദ്ദേഹത്തിന്റെ അതിജീവനവും രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സങ്കടവും, വെറുപ്പും, നിരാശയും ഒന്നും തന്നിലുള്ള 'കല’ യെക്കാൾ വലുതല്ല എന്ന ആ ബോദ്ധ്യപ്പെടലാണ് തന്റെ ജീവിതം രക്ഷിച്ചതെന്ന് ബീതോവൻ പറയുന്നു. ഇന്ന് ലോകം ചുമലിലേറ്റി നടക്കുന്ന പല ബീതോവൻ സിംഫണികളും പിറന്നത് അദ്ദേഹം ബധിരതയിലേക്കു ചുവടുവച്ചതിനു ശേഷം തന്റെ ശാരീരിക കുറവിനെ ഉൾക്കൊണ്ടതിനു ശേഷമാണ്.

"ഒരു അമ്മ തന്റെ പ്രിയപ്പെട്ട കുഞ്ഞിനെ പിടിക്കുന്നതുപോലെ സ്വയം പിടിക്കുക” എന്നു ശ്രീബുദ്ധൻ പറഞ്ഞത് ഓരോ മനസ്സും അതിലോലമാണെന്നും അതിനാൽതന്നെ എത്രമാത്രം കരുതലും, സഹാനുഭൂതിയും നാം നൽകേണ്ടതുണ്ടെന്നും നമ്മെ ഓർമിപ്പിക്കുന്നു. ക്രിസ്റ്റിൻ നെഫ് പറയുന്നതും വ്യത്യസ്തമല്ല. നമ്മൾ നമ്മുടെ പ്രിയപ്പെട്ട ഒരു വ്യക്തിയെ ശുശ്രൂഷിക്കുമ്പോൾ കൊടുക്കുന്ന ശ്രദ്ധയും, കരുതലും, സ്നേഹവും നമ്മോടു കാണിക്കുന്നതാണ് സ്വയം അനുകമ്പ (self compassion). കഷ്ടപ്പാടിന്റെ അനുഭവത്തിൽ കരുതലോടെയും കാരുണ്യത്തോടെയും സഹാനുഭൂതിയോടെയും ഉള്ളിലേക്ക് തിരിയുന്നത് പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും എന്നാണ് ബീഥോവനും നമുക്ക് മനസ്സിലാക്കിത്തന്നത്. നമുക്ക് നമ്മളെ അംഗീകരിക്കാൻ സാധിക്കാത്തതാണ് പല സന്ദർഭങ്ങളിലും നമ്മളെ സംഘർഷത്തിലേക്ക് തള്ളി വിടുന്നത്. ഒരു വ്യക്തി തന്റെ വേദനകളെയും, കുറവുകളേയും അറിഞ്ഞ് അതിനെ അംഗീകരിക്കുക എന്നുള്ളത് സ്വയം അനുകമ്പയിലെ ഒരു പ്രധാന തത്വമായി വിശേഷിപ്പിക്കപ്പെടുന്നു. അത്തരത്തിൽ പറയുമ്പോൾ തന്റെ കുറവുകൾ സഹാനുഭൂതിയോടെ ക്ഷമിക്കാൻ സാധിക്കുന്ന വ്യക്തി പ്രതിസന്ധികളെ തരണം ചെയ്തു എന്ന് നമുക്ക് ചിന്തിക്കാം.
ഏറ്റവും നല്ല വികാരങ്ങളെ പരിപോഷിപ്പിക്കുക.
നമ്മുടെ പോസിറ്റീവ് ഇമോഷൻസ് ഏതെന്ന് കണ്ടുപിടിച്ച് കൂടുതലായി അവയെ ഉപയോഗിക്കുന്നത് പ്രതിസന്ധിഘട്ടങ്ങളിൽ നമുക്കൊരു ബാലൻസ്ഡ് മാനസികാവസ്ഥ പ്രദാനം ചെയ്യും. ഒമ്പതുവയസ്സുള്ള എന്റെ മകൾ കഴിഞ്ഞവർഷം ലോക്ക്ഡൗൺ കാലത്ത് അവളുടെ കൂട്ടുകാരെ കാണാൻ പറ്റാത്തതിലുള്ള വിഷമം ഇടക്കിടെ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അഞ്ച് പേരടങ്ങുന്ന ഒരു സുഹൃദ്വലയം അവൾക്കുണ്ട്. ഇതിനൊരു പരിഹാരം ഉരുത്തിരിഞ്ഞത് വാട്സ്ആപ് ഗ്രൂപ്പ് വീഡിയോ കാൾ ഈ കുഞ്ഞുങ്ങൾ അവരുടെ ഒത്തുചേരലിന് ഉപയോഗിച്ചപ്പോഴാണ്. തിയതിയും, സമയവും ഒക്കെ കുറിച്ച് അവർ ഒരു ദിവസം ഒത്തുചേർന്നു. കളിയും, ചിരിയും, തമാശയും ഒക്കെയായി ഒന്നര മണിക്കൂർ കടന്നു പോയി. ഇനി സ്കൂൾ തുറക്കുന്നതുവരെ ആഴ്ചയിൽ ഒരു പ്രാവശ്യം ഒത്തു ചേരാം എന്ന് പറഞ്ഞ് അവർ പിരിഞ്ഞു. ഇതിനുശേഷം എന്റെ മകൾ എന്നോട് പറഞ്ഞു, "അമ്മെ, എന്റെ കൂട്ടുകാരോട് മിണ്ടിക്കഴിഞ്ഞപ്പം എനിക്ക് എന്തൊരു ഉന്മേഷം തോന്നുന്നു”. പിന്നീട് ഞങ്ങൾ മാതാപിതാക്കൾക്ക് മനസ്സിലാക്കാൻ സാധിച്ചത് ഈ അഞ്ച് കുഞ്ഞുങ്ങളും ഇതിനു സമാനമായ വികാരങ്ങൾ പങ്കുവെച്ചു എന്നാണ്. ലോക്ക്ഡൗണിൽ സൗഹൃദം നിലനിർത്തി സന്തോഷിക്കാൻ ഈ കുഞ്ഞുങ്ങൾ കണ്ടുപിടിച്ച മാർഗം പോസിറ്റീവ് വികാരങ്ങളെ കൂടെ നിർത്താൻ പരിശ്രമിക്കുന്ന നമുക്കൊരോരുത്തർക്കും പ്രചോദനമാണ്.
രണ്ടാം തരംഗമായി വന്ന് സംഹാരതാണ്ഡവം തുടരുന്ന കൊറോണ വൈറസ് പലപ്പോഴും നമ്മുടെ ഉള്ളിലെ നെഗറ്റിവ് വികാരങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാറുണ്ട്. നമുക്ക് രോഗം പിടിപെടുമോ എന്നുള്ള പേടി, പിടിപെട്ടാൽ വേണ്ട രീതിയിൽ ആശുപത്രി സംവിധാനങ്ങൾ കിട്ടുമോ എന്നുള്ള ഉത്കണ്ഠ, അനേകായിരങ്ങൾ മരണമടയുന്നതിന്റെ സങ്കടം, ജോലി നഷ്ടപ്പെട്ടതിന്റെയും വരുമാനമില്ലാത്തത്തിന്റെയും നിരാശ, സ്വതന്ത്രമായി വിഹരിക്കാൻ പറ്റാത്തതിലുള്ള ദേഷ്യം, ബന്ധങ്ങൾ കുറഞ്ഞു പോകുന്നതിലുള്ള അതൃപ്തി... ഇങ്ങനെ നീളുന്നു നമ്മുടെ സംഘർഷങ്ങൾ. വികാരങ്ങൾ പലപ്പോഴും ക്ഷണികമാണ് എന്ന വസ്തുത നാം മറക്കരുത്. എന്നിരുന്നാലും നെഗറ്റിവ് വികാരങ്ങൾ ഈ മഹാമാരിയുടെ കാലഘട്ടത്തിൽ അടിക്കടി നമ്മളെ ശല്യപെടുത്തുന്നുണ്ടെങ്കിൽ കുറഞ്ഞുപോയ നമ്മുടെ പോസിറ്റീവ് വികാരങ്ങളെ ബോധപൂർവം മുൻനിരയിലിലേക്കു കൊണ്ട് വരാൻ നമുക്ക് ശ്രമിക്കാം. ആനന്ദം, സന്തോഷം, ശാന്തത, നന്ദി, സമാധാനം, അഭിമാനം, താൽപ്പര്യം, പ്രതീക്ഷ, സൗഹൃദം, വിനോദങ്ങൾ തുടങ്ങി മനസ്സിനെ ഉദ്ധീപിപ്പിക്കുന്ന അവസ്ഥകളെല്ലാം തന്നെ പോസിറ്റീവ് വികാരങ്ങളുമായി ബന്ധപ്പെട്ട പട്ടികയിൽ പെടുത്താവുന്നതാണ്.
പോസിറ്റീവ് വികാരങ്ങളെ നിലനിർത്താനും വളർത്താനും ഈ മഹാമാരിയുടെ കാലത്ത് നമുക്ക് പരിശ്രമിക്കാം. നമ്മളോരോരുത്തരിലെയും പോസിറ്റീവ് വികാരങ്ങൾ ഏതൊക്കെയാണ്? എന്തൊക്കെയാണ് എനിക്ക് സന്തോഷവും ഉന്മേഷവും തരുന്നത്? അതിലേക്കൊക്കെ ശ്രദ്ധ തിരിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? എന്ന് സ്വയം ചോദിക്കുക.
അതിജീവനം പ്രതീക്ഷിക്കുന്ന മനസ്സ്
"ജീവിതത്തിന്റെ ലക്ഷ്യം മരണം” എന്നു പ്രഖ്യാപിച്ചെങ്കിലും "ജീവത്വര” ജീവന് എത്ര പ്രിയപ്പെട്ടതാണെന്ന് ഫ്രോയ്ഡ് വീണ്ടും ആവർത്തിക്കുന്നു. 1923ൽ താടിയെല്ലിൽ ബാധിച്ച ക്യാൻസർ ഫ്രോയ്ഡിനെ വളരെയധികം വിഷമിപ്പിച്ചു. എന്നിരുന്നാലും അതിനെ അതിജീവിച്ചു ജീവിക്കാൻ അദേഹം പരിശ്രമിച്ചു. മുപ്പത്തിൽപ്പരം ശസ്ത്രക്രിയകളും, മരുന്നുകളും, അനേക ഡോക്ടർമാരും അദ്ദേഹത്തിന്റെ ഈ അവസ്ഥയിൽ അദ്ദേഹത്തോട് കൂടെ നിന്ന് ആശ്വാസം നൽകി. ജീവനും മരണവും തമ്മിലുള്ള കളി ഇനി തുടരുന്നത് ഒരു അര്ഥശൂന്യതയാണെന്ന് മനസ്സിലാക്കി 1939 ൽ അദ്ദേഹം സ്വയം മരണത്തിനു കീഴടങ്ങി.

മനുഷ്യജീവിതം, ജീവനും മരണവും തമ്മിലുള്ള സംഘർഷത്തിന്റെ ആകെത്തുകയാണ്. കോവിഡ് അതിന്റെ കരാളഹസ്തം വിരിച്ചു മരണം വിതക്കുമ്പോൾ ആറടി മണ്ണെന്ന സ്വപ്നം പോലും വിദൂരതയിൽ ആണോ എന്ന് ഭയപ്പെടുന്ന ഞാൻ, വിട്ടുകൊടുക്കണോ പൊരുതണോ എന്ന് പലപ്പോഴും സംശയിച്ച ഞാൻ അതിജീവനം തന്നെയാണ് മുന്നിലെന്ന് തീരുമാനിക്കുന്നു. ആ തീരുമാനത്തെ സാധൂകരിക്കാൻ എന്നിലെ എന്നെ അറിയാൻ ഞാൻ ബോധപൂർവം ശ്രമിക്കുകയാണ്. എന്നിലെ ജീവത്വര എന്നെ മുന്നോട്ടു നയിക്കട്ടെ!!!
(പോസിറ്റീവ് സൈക്കോളജിസ്റ്റും ഗവേഷകയും ബാംഗ്ലൂർ യൂണിവേഴ്സിറ്റി മനശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറുമാണ് ലേഖിക.)