അത്യാനന്ദങ്ങളുടെ റൂട്ട് മാപ്പ്
പതിവുപോലെ അന്നും ചോറൂറ്റാൻ നേരത്ത്, മലമ്പുഴ അണക്കെട്ടിലെ പതപതഞ്ഞ വെള്ളം കുത്തിച്ചാടാൻ തുടങ്ങി. അവൻ ഉമ്മയെ അത്യധികം ശ്രദ്ധിച്ച് തേങ്ങ ചിരവുകയായിരുന്നു. ദാമ്പത്യ ജീവിതത്തിലേക്കുള്ള എറ്റവും ചെറിയ പാതയാണ് തേങ്ങ ചിരവൽ എന്ന് പറഞ്ഞാണ് ഉമ്മ അവനെ തേങ്ങ ചിരവാൻ പഠിപ്പിച്ചത്. പരസ്പരം അറിയാൻ നീ ഒരു തേങ്ങയെങ്കിലും ചിരവിക്കൊടുത്താൽ മതി എന്നാണ് ഉമ്മ പറയാറ്.

വീട്ടിലെ ചിമ്മിനിയിലൂടെ അടുപ്പിന്റെ ശ്വാസോച്ഛ്വാസം സുദീർഘമായി വെളിവായിത്തുടങ്ങിയ നേരത്ത്, ഞാവൽകൊമ്പിലിരുന്ന കാക്ക അശുഭകരമായ തരത്തിൽ എന്തോ പറയുന്നതിനും കാതോർത്ത്കൊണ്ടാണ് മുസാഫിർ ഉറക്കമെണീറ്റ് വന്നത്. പാതിരാവിൽ ഉറക്കം കഷ്ടിയാണ്. കിടന്നുരുണ്ട്, കോട്ടുവാ വിട്ട് വാളോങ്ങി, കണ്ണിൽ പല കടൽ ജനിപ്പിച്ച്, ചിന്തകളുടെ ആളും ആരവവും ഒഴിഞ്ഞ് കിട്ടുമ്പോൾ തന്നെ ലോകം അഗാധനിദ്രയിലേക്ക് മൂടിപ്പുതച്ചിട്ടുണ്ടാവും. അങ്ങനെയുള്ള അവൻ എപ്പോൾ ഉറങ്ങുന്നു, എപ്പോൾ ഉണരുന്നു എന്നത് കയ്യിലൊതുങ്ങാത്ത, ഈയിടെ പരിഹരിക്കാൻ പറ്റാത്ത വലിയ ആഭ്യന്തര പ്രശ്നമായി മാറിയിട്ടുണ്ട്.
ചോറിൽ തവി വച്ച് തുഴയുന്ന ഉമ്മയുടെ പുറകിൽ കാലനക്കമില്ലാതെ പള്ളയിൽ ചുറ്റിപ്പിടിക്കാൻ അവൻ ചെന്നപ്പോൾ ചോറും കലത്തിന്റെ ആഴങ്ങളിലേക്ക് നോക്കി ഉമ്മ കടൽ കാണുകയായിരുന്നു. അസ്തമയ സൂര്യന്റെ ശോണിമയിലേക്കെന്ന പോലെ ഇടയ്ക്കിടെ അടുപ്പിലെ കനലിലേക്ക് നോക്കി ഉമ്മ ചിരിക്കുന്നുമുണ്ട്. അടുപ്പിൻ കല്ലിൽ ഇരിപ്പിടം സജ്ജീകരിച്ച്, കുത്തിച്ചാരി മൂലയ്ക്ക് വെച്ച ഉണങ്ങിയ ഓലക്കെട്ടിൽ കാറ്റാടി മരത്തിന്റെ നേർത്ത ഇളം കാറ്റിന്റെ സ്പന്ദനം കണ്ട് ചിമ്മിനിക്കൂടിന്റെ ഇരുട്ടിന്റെ അനന്തതയിലേക്ക് ഉമ്മ യാത്ര നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
"ഉമ്മാ ചായ"
ആ യാത്രയ്ക്ക് കുറുകെ കരിമ്പൂച്ചയായി അവൻ എടുത്ത് ചാടി. ഹൃദയസ്തംഭനം മൂലം ഉപ്പ ബ്രേക്കിട്ട് പോയ ജീവിത യാത്രയിൽ നിന്നും ഉമ്മ പെട്ടെന്ന് പിടഞ്ഞെണീറ്റു. ഉമ്മയും ഉപ്പയും ഒന്നിച്ച് യാത്ര നടത്തിയ സുപ്രധാന ഇടങ്ങളിൽ അവരുടെ പൂതികൾ നിറവേറിയ ആകാശത്തിലെ ചുവന്ന മേഘങ്ങളുടെ മുറുമുറുപ്പ് ഉച്ചസ്ഥായിയിൽ അപ്പോൾ ഉയർന്നു കേട്ടു. കലങ്ങിക്കുത്തി ചാടിയ കണ്ണു നീരിനൊപ്പം ചോറൂറ്റൽ നിർത്തി ഉമ്മ കരിപുരണ്ട കൈ ഇളക്കി കള്ളയാത്ര പിടിച്ചെന്ന തരത്തിൽ കണ്ണീരിനെ തൂത്ത് കളഞ്ഞ് ചോദിച്ചു.
"ഹാ നീയെപ്പോ എണീറ്റു..?"
"ഞാൻ എത്ര നേരമായി എണീറ്റ് വന്നിട്ട് ഇങ്ങള് ഈ ലോകത്തിൽ ജീവിച്ചിരിപ്പില്ലല്ലോ പിന്നെങ്ങനാ..."
ഉമ്മ സങ്കടത്തിലാണെന്ന് കണ്ടാൽ അടുപ്പിലേക്ക് വെള്ളമൊഴിക്കുന്ന തരത്തിൽ ചിരിച്ചാണ് മുസാഫിർ മറുപടി പറയാറ്.
"അയ്യോ ചോറ് വെന്ത് കലങ്ങിയല്ലോ ആകെ" എന്ന മറുപടി വിരാമത്തോടെ ബാക്കിയുള്ള ചോറിനെ സങ്കൽപ്പങ്ങളുടെ കടലാഴങ്ങളിൽ നിന്നും പിടിച്ച് കരയിലേക്ക് ഊറ്റിയിട്ട് ആവിയുടെ പിടച്ചിലിൽ നോക്കി അവന്റെ ഉമ്മ നിൽക്കും. കുളിമുറിയിലേക്കുള്ള നാല് ചാൽ നടത്തങ്ങൾ, അടുക്കളയിൽ സ്ഥിരമായി വേവുന്ന ചോറിന്റെ വെള്ളയിൽ ഉമ്മ വരച്ചിട്ട കൺകണ്ട ചിത്രങ്ങൾ. അതൊക്കെയാണ് അവന്റെ ഉമ്മാടെ ലോകം. ആദ്യമൊക്കെ അവന്റെ വിചാരം, ഉമ്മാക്ക് എവിടേക്കും പോവാൻ താല്പര്യമില്ലെന്നായിരുന്നു. പക്ഷേ ഒരു ദിവസം കഞ്ഞി വെള്ളം ഊറ്റിക്കളയുന്നതിനിടയ്ക്ക് അതിലെ പതപതപ്പിലേക്ക് നോക്കിനിന്ന് ഉമ്മ അവനോട് പറഞ്ഞു.
"അനക്കറിയോ..?
മലമ്പുഴ ഡാമിലെ വെള്ളം താഴേക്ക് ചാടുമ്പോൾ ഇത് പോലന്നെണ്ടാർന്ന്"
ഉമ്മ ഇത് പറയുമ്പോൾ അവൻ വെണ്ടക്കയിൽ കൈ വഴുക്കി നിവർന്നിരിക്കുകയായിരുന്നു.
"വെണ്ടയ്ക്ക അരിയുമ്പോൾ ജീവിതത്തിന് വേണ്ട സൂക്ഷ്മത പഠിക്കാൻ പറ്റും" എന്ന് പറഞ്ഞ് ഉമ്മ അവനെ അടുക്കളയിൽ പിടിച്ചിരുത്തിയ ഒരു ദിവസമായിരുന്നു അന്ന്. ജീവിതം പോലെ കയ്യിൽകിടന്ന് വഴുക്കുന്ന ഒന്നിനെ വരുതിയിൽനിർത്തി മുന്നോട്ട് ജാഗ്രതയോടെ പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ ഉമ്മ പറഞ്ഞ് കൊണ്ടിരിക്കുന്നതിനെ കേട്ടതായി അപ്പോൾ അവൻ അത്ര കാര്യമാക്കിയില്ല.
"ടാ മോനെ നിന്നോടാണ്" എന്ന് പറഞ്ഞ് ഉമ്മയവനെ മലമ്പുഴയിലെ കുത്തിച്ചാടുന്ന കഞ്ഞിപ്പത വെള്ളത്തിലേക്ക് വീണ്ടും വീണ്ടും ക്ഷണിച്ചു.
വഴുക്കിത്തെറിച്ച കത്തിയ്ക്കും വെണ്ടയ്ക്കക്കും അവരുടെ കണ്ടുമുട്ടലും പരിചയപ്പെടലും ഒന്ന് കൂടെ പുതുക്കാൻ അവസരം കൊടുത്ത്, കയ്യിലെ വഴുവഴുപ്പിന്റെ നൂൽ അടർത്തിക്കളിച്ച് ഉമ്മയെ നോക്കി കഥയിലേക്കവൻ ചെവി നീട്ടും. പതിവുപോലെ അന്നും ചോറൂറ്റാൻ നേരത്ത്, മലമ്പുഴ അണക്കെട്ടിലെ പതപതഞ്ഞ വെള്ളം കുത്തിച്ചാടാൻ തുടങ്ങി. അവൻ ഉമ്മയെ അത്യധികം ശ്രദ്ധിച്ച് തേങ്ങ ചിരവുകയായിരുന്നു. ദാമ്പത്യ ജീവിതത്തിലേക്കുള്ള എറ്റവും ചെറിയ പാതയാണ് തേങ്ങ ചിരവൽ എന്ന് പറഞ്ഞാണ് ഉമ്മ അവനെ തേങ്ങ ചിരവാൻ പഠിപ്പിച്ചത്. പരസ്പരം അറിയാൻ നീ ഒരു തേങ്ങയെങ്കിലും ചിരവിക്കൊടുത്താൽ മതി എന്നാണ് ഉമ്മ പറയാറ്.
അപ്പോഴേക്കും ഉമ്മ പതിവ് മലമ്പുഴ യാത്രയുടെ കിതപ്പുകളിലേക്ക് നടന്നെത്തിക്കഴിഞ്ഞിരുന്നു. ഉമ്മ പട്ടുസാരിയാണ് ഉടുത്തിരിക്കുന്നത്, കരിമഷിയെഴുതിയ മിഴികൾ, കയ്യിൽ കരിവളകൾ. പിന്നിക്കെട്ടിയ മുടിയിഴകൾ താഴേക്ക് ഊർന്ന് കിടക്കുന്നു. മുഖത്തൊരു മഴവില്ലിന്റെ കൂടാരം രകതയോട്ടം നടത്തുന്നു. കഥ പറയുമ്പോഴൊക്കെ ഉമ്മാക്ക് പഞ്ചവർണ്ണക്കിളിയുടെ ചേലാണെന്ന് അവന് തോന്നും, ഉപ്പയെന്ന ആൺ കിളിയുടെ വർണ്ണനകൾക്കൊത്ത് ഉമ്മയും വർണ്ണച്ചിറകുകൾ വിരിയിച്ച് പറക്കുകയാണെന്ന് കഥകേൾക്കുമ്പോഴൊക്കെ അവന് തോന്നിയിരിക്കുന്നു.
ഉമ്മ കഥ പറഞ്ഞവസാനിപ്പിച്ചതും അവനോട് ചോദിച്ചു. "ഞങ്ങളുടെ യാത്രയെ പറ്റി കേട്ടിട്ട് നിനക്ക് എന്ത് തോന്നി..?" അടുക്കളയിലെ നാല് ചുമരുകൾക്കുള്ളിൽ ആ വാക്കുകൾ ഉയർന്ന് പറന്ന് നിലം പൊത്താൻ തുടങ്ങിയിട്ട് കാലം കുറെയായി. നാല് ചുമരുകളിൽ മൊത്തം, ഉമ്മയുടെ സംസാരത്തിന്റെ കഥാലോകം ശിലാഫലകങ്ങളിലെന്ന പോൽ കാലക്രമേണ കൊത്തിവയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
തന്റെ കേൾവിയുടെ ഗുഹാമുഖങ്ങളിൽ തുടങ്ങി ഉള്ളിലേക്ക് നീളുന്ന ഇരുണ്ട നീളൻ കുഴലിന്റെ അരികുകളിൽ വരെ ഉമ്മയുടെ നെടുവീർപ്പിന്റെ കനങ്ങളും, നാല് ചാൽ നടത്തങ്ങൾക്കിടയിലെ ഉമ്മയുടെ തന്നത്താൻ വാർത്തമാനങ്ങളും, ഒരേയൊരു മലമ്പുഴ യാത്രയിലെ വാക്കുകളുടെ വർണ്ണത്തോരണങ്ങളും വീണ്ടും വീണ്ടും വന്നലയ്ക്കുന്ന വാക്കുകളുടെ കാറ്റേറ്റ് തഴമ്പിച്ച് കിടക്കുന്നുമുണ്ടെന്ന യാഥാർഥ്യമെപ്പോഴും താൻ തിരിച്ചറിയുന്നുണ്ടല്ലോ എന്നവൻ ഓർത്തു.
അത്യാനന്ദങ്ങളിലെ ഉമ്മയുടെ സഹയാത്രികൻ മലമ്പുഴ ഉദ്യാനത്തിലെ രാത്രി വെളിച്ചം "ഞാൻ നിനക്ക് കാണിച്ച് തരാടി" എന്ന് പറഞ്ഞ ഉമ്മാടെ പ്രിയപ്പെട്ടവൻ തോള് വെട്ടിച്ച് ഉമ്മാടെ ചുറ്റിലും ആ നേരങ്ങളിൽ നെട്ടോട്ടമോടുന്ന, കാഴ്ച്ച സങ്കൽപ്പങ്ങളിൽ അവനും പങ്കാളിയാവും.
പക്ഷേ മുസാഫിർ ഉമ്മയെ നിരാശപ്പെടുത്താറില്ല. ആദ്യമായാണ് ആ കഥ കേൾക്കുന്നതെന്ന മട്ടിൽ ഉമ്മയുടെ മുമ്പിലേക്ക് കേൾവി കൊണ്ട് ജനിച്ച് വീഴാൻ അവൻ ആവർത്തിച്ച് ഇരുന്ന് കൊടുക്കും. ഉമ്മയുടെ അത്യാനന്ദങ്ങളുടെ പട്ടിക പറഞ്ഞത് തന്നെ പറഞ്ഞ, ചെയ്തത് തന്നെ ചെയ്ത, വാക്കുകളുടെ തോരണങ്ങളാൽ സമൃദ്ധമാണല്ലോ എന്നവൻ ഈ കഥ പറച്ചിലുകൾക്കിടെ ഉമ്മയുടെ മുഖത്ത് നോക്കി എത്രയോ തവണ ആനന്ദിക്കും. ഓരോ പ്രാവശ്യം ഉമ്മ കഥ പറയുമ്പോഴും പേരിനെ അന്വർത്ഥമാക്കാൻ ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പം അവനും സഞ്ചരിക്കും. അപ്പോൾ കോതിക്കെട്ടിയിട്ടും അഴിഞ്ഞുലഞ്ഞ മുടിയുടെ പാറിപ്പറക്കൽ കണ്ടാൽ, പാലക്കാട്ടേക്കുള്ള മയിൽ വാഹനത്തിന്റെ വാതിൽ പടിയിലാണ് ഉമ്മ നിൽക്കുന്നതെന്ന് തോന്നും.
എൺപതുകളുടെ തുടക്കത്തിൽ മലമ്പുഴ അണക്കെട്ടും, തൂക്ക് പാലവും, അതിനെ ചുറ്റപ്പെട്ട ഉദ്യാനവും കണ്ട് അത്യാനന്ദത്തിലായ രണ്ട് പേർക്കിടയിൽ മുസാഫിർ കാലും മടക്കി കാഴ്ച്ചകൾ നോക്കി ഇരിക്കും. തലേന്നുരാത്രി മുടിമാടിയൊതുക്കിയ, സാരിയുടെയും കുപ്പായത്തിന്റെയും നിറം നോക്കിവെച്ച്, മീശ പിരിച്ച്, താടി ചീകി ഇറങ്ങിയ ആണൊരുത്തന്റെ വിരലുകളിൽ കോർത്ത് പിടിച്ച്, മയിൽവാഹനത്തിന്റെ ഇരട്ടമണിയിൽ ജീവിതം തുടങ്ങിയ തന്റെ ഉമ്മയുടെയും ഉപ്പയുടേയും പ്രണയ പങ്കിടലുകൾ കണ്ട് അവൻ ദൂരേക്ക് മാറിനിന്ന് മനം നിറഞ്ഞ് ചിരിക്കും. യാത്രകളെ നെഞ്ചിലേറ്റിയ ഉപ്പയുടെയും ഉമ്മയുടെയും ജീവിതത്തിലേക്ക് ജനിച്ച് വീണ മകന് അവർ മുസാഫിർ എന്ന പേരിട്ടു.
"പേരിന്റെ അർത്ഥം പോലെ തന്നെ, ഇനി ജീവിതയാത്രകൾക്ക് വർണ്ണപ്പകിട്ടേകാൻ ഇവനാണ് നമുക്ക് തുണ" എന്ന് ഉമ്മയുടെ മൂർദ്ധാവിൽ തടവിക്കൊണ്ട് ഉപ്പ പറയാറുണ്ടെന്ന് ഉമ്മ ഇടയ്ക്കിടെ പറയാറുള്ളത് അവൻ അഭിമാനമായി കരുതും. അവന്റെ ഉപ്പാടെ ഇരുപതുകളുടെ പ്രയാണം, മധുവിധുവിന്റെ നാളുകൾ അവന്റെ ഉമ്മയുടെ കയ്യിൽ ചോന്ന മൈലാഞ്ചിയിൽ നിറഞ്ഞ മുന്നോട്ടുള്ള ജീവിതങ്ങൾ.
അന്നവർ മലമ്പുഴ അണക്കെട്ടിനടുത്ത് രാത്രിയിൽ മുറിയെടുത്ത് തങ്ങുമ്പോൾ അവന്റെ ഉപ്പയുടെ താടിയുടെ നിറം രാത്രിയെക്കാൾ ഒത്തിരി കറുത്തതായിരുന്നെന്നും, അവന്റെ ഉമ്മയുടെ മുടിയിലും പ്രതീക്ഷയുടെ കറുപ്പ് എത്രയോ കട്ടിപ്പിലായിരുന്നു നിറഞ്ഞൊലിച്ചിരുന്നതെന്നും അവൻ മനസ്സിൽ കാണും. നിക്കാഹിന് ശേഷമുള്ള ആദ്യയാത്രയിൽ "ആദമും ഹവ്വയും നടന്നത് പോലെ നിങ്ങൾ നടന്നാനന്ദിക്കൂ" എന്ന് മലമ്പുഴ അണക്കെട്ടിന്റെയും ഉദ്യാനത്തിന്റെയും ഉച്ചിയുടെ ഉച്ചിയിലെങ്ങോ ഉള്ള ആകാശത്തിൽ പടച്ചവൻ അവരെ നിറയെ നോക്കി അപ്പോൾ പറഞ്ഞിട്ടുണ്ടാവുമെന്ന് അവൻ ഓർക്കും.
ഉമ്മയും ഉപ്പയും നടന്ന് പോവുന്നത് കണ്ട പൂക്കളും, നിലാവും, രാത്രി ദീപങ്ങളും അവരുടെ പതിഞ്ഞ സംസാരങ്ങളും, നേരം വൈകി ഉറങ്ങിയ അവരുടെ രാവുകളും... അവന്റെ ഉമ്മ ആ ഉദ്യാനത്തിൽ നിന്നും കേറ്റിക്കെട്ടിയ മുടിയിലേക്ക് ഒരു പൂവ് പോലും ഇറുത്തെടുത്ത് വെച്ചിട്ടില്ല എന്ന് അവനറിയാം. അത്ര പാവമായ ഉമ്മയുടെ അത്യാനന്ദങ്ങൾ പിന്നീടങ്ങോട്ട് ഓക്കാനമായതിൽ ഒരു വിലക്കപ്പെട്ട കനിക്കും പങ്കില്ലെന്നും അവന് നന്നായറിയാം. പക്ഷേ ഉമ്മയും ഉപ്പയും ഭൂമിയിലെ സ്വർഗ്ഗത്തിൽ നിന്നും പടിയിറക്കപ്പെട്ടു. അവർ തമ്മിലുള്ള അത്യാനന്ദങ്ങൾ ചുവന്ന സൂര്യനായി അന്നവിടെ അസ്തമിച്ചു, വാ പിളർത്തി. ഉപ്പയുടെ നേരത്തെയുള്ള മരണത്തോടെ ഉമ്മയുടെ ജീവിതം ഒറ്റപ്പെടലിന്റെ തീകനൽ യാത്രയായി പരിണമിച്ചു.
ഇടിവെട്ടിയിട്ട് മഴപെയ്യാതായത് പോലെയാണ് ഉമ്മ എങ്ങോട്ടെങ്കിലും യാത്രയ്ക്കിറങ്ങിയാൽ, ഉരുണ്ട് കൂടി വന്നിട്ടും ഛർദിക്കപ്പെടാതെ ഉമ്മ വീർപ്പ് മുട്ടി വിമ്മിഷ്ടപ്പെടും. യാത്ര എന്ന് പറയുമ്പോൾ തന്നെ ഉമ്മ വീട്ടിലൊതുങ്ങും. പല കാലത്തും പലരും പലയിടത്തിലേക്കും യാത്ര പോയെന്ന് പറയുമ്പോൾ, ഉമ്മയെയും ഉപ്പയെയുമാണ് അവൻ ആദ്യം ഓർക്കുക. അവരുടെ രണ്ട് പേരുടെയും ചൂരുള്ള ഒരു ചുരവും അവൻ ഇത് വരെ കയറിയിട്ടില്ല. മൂവരുമൊന്നിച്ച് ആനന്ദിച്ച് എവിടെയും അന്തി പാർത്തിട്ടുമില്ല. അവന്റെ കുടുംബം ഒന്നിച്ച് പൊട്ടിച്ചിരിച്ച ഒരു ഇടങ്ങളും ഈ ഭൂമി ലോകത്തിലില്ല.
സാധാരണക്കാരിൽ സാധാരണക്കാരിയായി ഉമ്മ ജീവിച്ചു. അതിലും അസാധാരണമായി ഉപ്പ ഒരു നാൾ മരിക്കുന്നു. അതിലും അങ്കലാപ്പിലായി അവനും മറ്റൊരു ലോകത്തിൽ പടവെട്ടുന്നു. ഓരോരുത്തരേയും ഓരോ വഴി കാട്ടി പടച്ചവൻ മാടി വിളിക്കുന്നു, സ്വർഗത്തിലെ കനിയുടെ മധുരം രുചിച്ച് ഉമ്മ പാതിരാവുകളിൽ സ്വപ്നം കണ്ടുണരുന്നു. അടുത്തടുത്തുള്ള ഉപ്പയുടെയും, ഉമ്മയുടെയും ഖബറിലെ മൈലാഞ്ചികൾ കൈനീട്ടി തൊട്ട് കളിക്കുന്നത് എന്നും അവൻ കാണുന്ന കാഴ്ചയാണ്.
ഒരു ദിവസം അടുപ്പിലെ തീ ഉമ്മയെ കയറിപ്പിടിച്ച കാഴ്ച്ച. ഉമ്മയുടെ ജീവിതത്തിലെ പുതിയ കാൽവയ്പ്പായിരുന്നു. അന്നും ഉമ്മ കഥ പറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നിരിക്കണം. കഥ കേട്ട് കേട്ട് ആശ്വസിപ്പിക്കാനെന്നോണം സങ്കടപ്പെട്ട് തീ ഉമ്മയെ കെട്ടിപ്പിടിച്ചതായിരിക്കാം. ശുഭ പ്രതീക്ഷകൾ മറ്റൊരു ലോകത്തിലേക്കാണ് നീട്ടപ്പെട്ടിരിക്കുന്നതെന്ന് പടച്ചവൻ ഖുർആനിൽ പറഞ്ഞ് വെച്ചിട്ടുണ്ടല്ലോ എന്നവൻ ആവർത്തിച്ച് മൈലാഞ്ചികളോട് പറഞ്ഞുകൊണ്ടിരുന്നു.
സ്വർഗ്ഗത്തിൽ ഛർദിലുകളില്ല,
അവിടെ ആദം ഹവ്വമാരാവാൻ
നിയോഗം പൂണ്ടവർ
ഭൂമിയിൽ ഇന്നേതു കോലത്തിൽ,
ഏത് കാലത്തിൽ,
ഏത് കണക്ക് കൂട്ടലിൽ എന്നാർക്കറിയാം.?
എത്ര ലോകങ്ങളെ കക്ഷത്തിൽ ഒതുക്കി പിടിച്ചിട്ടാവും ഉപ്പയും ഉമ്മയും ഇനി സ്വർഗലോകത്തിൽ അവന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുക എന്നവൻ കാണാൻ ആഗ്രഹിക്കും.
ഇനിയും കാണിച്ചു കൊടുത്തിട്ടില്ലാത്ത പലതും, തൂക്കുപാലങ്ങൾ കടന്ന്, സ്വർഗത്തിലെ മയിൽവാഹനങ്ങളിൽ കയറി ഛർദിലുകളില്ലാതെ അലയാൻ, ഉമ്മാക്കും അവനും വേണ്ടി ഉപ്പ റൂട്ട് മാപ്പിട്ട് വെച്ചിട്ടുണ്ടെന്ന് അവൻ മനസ്സിൽ ഉറപ്പിച്ച് അന്നൊക്കെ കാത്തിരിക്കും. കാത്തിരിപ്പിന്റെ അറ്റങ്ങളുടെ ഒരുനാൾ മുസാഫിർ അടുപ്പിന്റെ വായ് മുഖത്ത് തീ തിരി നീട്ടി കനൽ കത്തിയെരിയാൻ കാത്ത് നിൽക്കുകയായിരുന്നു.
കരിയുടെ ടാർ ഒലിച്ചിറങ്ങിയ ചിമ്മിനിയുടെ അനന്തമായ കറുത്ത വീഥിയിലൂടെ ഏതോ ഒരു കാലത്തെ മയിൽവാഹനത്തിന്റെ തുരുമ്പിച്ച ആത്മാവ് ഉരുണ്ടിറങ്ങി മദമിളകി അവനെയും തട്ടിത്തെറിപ്പിച്ച് നീങ്ങി. കിടന്ന കിടപ്പിൽ മാസങ്ങളും ആഴ്ച്ചകളും മാത്രം തിന്ന് വളർന്നൊരു ഭ്രൂണമായി അവൻ ചുരുങ്ങിച്ചുരുങ്ങി വെറും രക്തക്കട്ട മാത്രമായി. ആക്രോശങ്ങളും അട്ടഹാസങ്ങളും വേവ് കനത്ത് വന്നിരുന്ന ചോറും കലത്തിൽ നിന്നും തിരമാലകളുയർത്തി. സ്ഥിരമായി ആ വീടിനെ വീക്ഷിച്ചിരുന്ന ആകാശത്തിലെ രണ്ട് നക്ഷത്രങ്ങളിൽ ഒന്നിന് ഗർഭം മുളയ്ക്കുന്നതായി വാനലോകത്ത് പുതിയ വാർത്തകൾ കൊട്ടിഘോഷിക്കപ്പെട്ടു. സ്ഥാനംതെറ്റിയ ആ നക്ഷത്രങ്ങൾ പിന്നെ എങ്ങോട്ടോ തിരക്കിട്ടു നീങ്ങി. അത്യാനന്ദങ്ങളുടെ പ്രകാശവർഷങ്ങൾ താണ്ടി പുതിയൊരു പാതയിലൂടെ.
*മുസാഫിർ: (യാത്രികൻ)
*മയിൽവാഹനം: പാലക്കാട് റൂട്ടിൽ എട്ടുപതിറ്റാണ്ടിലധികമായി പ്രചാരത്തിലുള്ള ബസ് സർവീസ്