കാട് കത്തുമ്പോൾ വീണ വായിക്കുന്നവർ
ലോകത്ത് മുഴുക്കെയും, പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഈ അടുത്ത കാലത്തായി പ്രകൃതി സംരക്ഷണം ഒരു രാഷ്ട്രീയ വിഷയമായി യുവജനങ്ങൾ ഉയർത്തിക്കാണിക്കുന്നുണ്ട്. അതിനെ ഇനിയും അഡ്രസ്സ് ചെയ്യാതെ ലോക നേതാക്കൾക്ക് മുന്നോട്ട് പോവാൻ കഴിയില്ല എന്ന തിരിച്ചറിവും ഇതിനു പുറകിൽ ഉണ്ടായിരുന്നിരിക്കണം.

കാനഡ, ഭൂമിശാസ്ത്രപരമായി ഉപദ്രുവീയ മേഖലയിൽ കിടക്കുന്ന വിശാലമായ ഭൂപ്രദേശം. ഒരു വർഷത്തിൽ പകുതിയിലധികവും, ഉത്തരദ്രുവത്തിനടുത്ത് കിടക്കുന്ന പ്രദേശങ്ങളിൽ പത്ത് മാസത്തോളവും മഞ്ഞിൽ പുതച്ച് കിടക്കുന്ന നാട്. ലോകത്തെ കുടിയേറ്റക്കാരുടെ ഇഷ്ടയിടം. ഒട്ടനവധി മലയാളികൾ വിദ്യാഭ്യാസത്തിന്റെ പേരിലും, അല്ലാതെ പി, ആർ എടുത്തും ആ സ്വപ്നലോകത്ത് എത്തിപ്പെട്ടിട്ടുണ്ട്. അവരുടെ സ്റ്റാറ്റസുകളിലും മറ്റും മഞ്ഞുപുതച്ച് കിടക്കുന്ന സീനറികളും, മനോഹരങ്ങളായ തടാകങ്ങളുടെ ചിത്രങ്ങളും കണ്ടു നാം പലരും കോരിത്തരിക്കാറുണ്ട്. എന്നാൽ ഞാനിനിത് എഴുതുമ്പോൾ അഞ്ഞൂറിലധികം കാനഡക്കാർ അതി-തീവ്ര ഉഷ്ണ തരംഗം മൂലം മരണപ്പെട്ടിരിക്കുന്നു. കാനഡയിലെ പടിഞ്ഞാറൻ പ്രദേശങ്ങളായ ബ്രിട്ടീഷ് കൊളംബിയ, വങ്കോവർ, ലിട്ടൻ തുടങ്ങിയ പ്രദേശങ്ങൾ ഭൂമിയിലെ തന്നെ ചൂടേറിയ പ്രദേശങ്ങളായി മാറിയിരിക്കുന്നു. അവിടെയുള്ള ജനങ്ങൾ ഭരണകൂടം ഏർപ്പാട് ചെയ്തിട്ടുള്ള ശീതീകരിച്ച ഹാളുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. വടക്ക് 50° അക്ഷാംശ രേഖയിൽ കിടക്കുന്ന ലണ്ടൻ നഗരത്തിന് സമാനമായി നിലകൊള്ളുന്ന ലിട്ടൻ എന്ന പ്രദേശത്ത് 50° സെൽഷിയസ്സിന് അടുത്താണ് റിപ്പോർട്ട് ചെയ്യപ്പെട്ട താപനില. ഇത് തീർത്തും വിചിത്രമായിരിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
ഇതിന് സമാനമായ ഉഷ്ണ തരംഗം 2019 ൽ യൂറോപ്പിനെ ബാധിച്ചിരുന്നു. അതിനുശേഷം ശേഷം ലോകം മുഴുക്കെ ശ്രദ്ധിച്ച മറ്റൊരു പ്രകൃതി ദുരന്തമായിരുന്നു 2020 ആദ്യത്തിൽ ഓസ്ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടു തീ. 27.2 ദശലക്ഷം ഏക്കർ വരുന്ന പ്രദേശങ്ങളാണ് അന്ന് എരിഞ്ഞു തീർന്നത്. പുതിയ പഠന പ്രകാരം 3 ബില്യൺ വരുന്ന ജീവജാലങ്ങളെ നേരിട്ട് ആ ദുരന്തം ബാധിക്കുകയുണ്ടായി. ഇത്തരത്തിൽ ലോകത്തെ വിറപ്പിച്ചുകൊണ്ട് അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങൾ മനുഷ്യരുടെ പൈശാചികമായ ഇടപെടലുകൾ (human induced) കൊണ്ട് ഭൂമി ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. പ്രത്യേകിച്ച് ഇന്ന് ലോകത്തെ മൊത്തം നിസ്സഹായവസ്ഥയിലേക്ക് തള്ളിയിട്ട കൊറോണ പോലും മനുഷ്യർ പ്രകൃതി ചൂഷണത്തിന്റെ സകല സീമകളും ലംഘിച്ചതിന്റെ പരിണിത ഫലമാണെന്നു വിശ്വസിക്കുന്ന ഗവേഷകർ ചെറുതല്ല. ഭൂമിയിൽ മനുഷ്യരോട് നേരിട്ട് സമ്പർക്കമില്ലാത്ത വന്യ ജീവികളിലും, മനുഷ്യർ കടന്നു ചെന്നിട്ടില്ലാത്ത വനാന്തരങ്ങളിലും, ദശലക്ഷ ക്കണക്കിന് വർഷങ്ങളായി ഉറഞ്ഞു കിടന്നിരുന്ന ഹിമ പ്രദേശങ്ങളിലും ഒരുപാട് സൂക്ഷ്മാണുക്കൾ മറഞ്ഞു കിടപ്പുണ്ട്. അത്യാർത്തി മൂലം മനുഷ്യർ കാട് വെട്ടിപ്പിടിക്കുമ്പോഴും, ആഗോളതാപനം ക്രമാതീതമായി മഞ്ഞുരുക്കുമ്പോഴും പുറത്തുവരുന്ന, മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനങ്ങൾക്ക് പരിചിതങ്ങളല്ലാത്ത രോഗാണുക്കൾ ഉണ്ടാക്കുന്ന ഭീഷണികൾ നിർവചനാതീതമാണ്. ഇത്തരത്തിൽ കഴിഞ്ഞ വർഷം സൈബീരിയൻ മഞ്ഞുകളിൽ മുൻപെന്നോ മരണമടഞ്ഞ മൃഗങ്ങളുടെ ശരീരങ്ങൾ മഞ്ഞുരുകിയത് മൂലം പുറത്തു വരികയും അവയിൽ നിന്ന് വലിയ തോതിൽ മറ്റുള്ള മൃഗങ്ങളിലേക്ക് ആന്ത്രാക്സ് രോഗം പടർന്നു പിടിക്കുകയും ചെയ്തിരുന്നു. ആഗോളതാപനം മൂലം വർധിച്ചു വരുന്ന അന്തരീക്ഷ ഊഷ്മാവും, ഈർപ്പവും പകർച്ചവ്യാധികൾക്ക് ഇന്ദനമാവുകയും ഭാവിയിൽ മലേറിയ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങളാൽ ദശലക്ഷക്കണക്കിനു ജീവനുകൾ നഷ്ടപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതോടൊപ്പം പേരറിയാത്ത, കണ്ടുപിടിക്കപ്പെടാത്ത പുരാതന വൈറസുകളും, ബാക്ടീരിയകളും നമുക്കായി കരുതി വെച്ചിരിക്കുന്ന സർപ്രൈസുകൾ എന്തൊക്കെയാണെന്ന് ആർക്കറിയാം?
ഭൂമിയുടെ ചരിത്രത്തിൽ അഞ്ചു പ്രധാനപ്പെട്ട വംശനാശങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനെല്ലാം പുറകിൽ പ്രകൃതിദത്തമായ കാരണങ്ങളായിരുന്നു. അത്തരത്തിൽ 66 ദശലക്ഷം വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു കൂട്ട നശീകരണത്തിലാണ് ഭൂമിക്ക് ഭീമാകാരന്മാരായ ദിനോസറുകളെ നഷ്ടമാവുന്നത്. അങ്ങിനെ അവരുടെ വിടവുകൾ നികത്താൻ ബാക്കിയുള്ള ജീവനുകൾ വീണ്ടും പരിണാമങ്ങൾക്ക് വിധേയമാവുകയും കൂടുതൽ വൈവിധ്യങ്ങളായ ജീവികൾ ജന്മമെടുക്കുകയും ചെയ്തു. അങ്ങിനെ ഒക്കെയാണ് നാം കൂടി ഉൾകൊള്ളുന്ന ഭൂമിയും, ജീവജാലങ്ങളും ഇവിടം വരെ എത്തി നിൽക്കുന്നത്. എന്നാൽ ഇന്ന് ഭൂമി അതിന്റെ ആറാമത്തെ കൂട്ട വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുകയാണ്, തുടങ്ങി എന്ന് പറയുന്നതാവും കൂടുതൽ ഉചിതം. മുൻപ് സംഭവിച്ച അഞ്ചു വംശനാശങ്ങളിൽ നിന്ന് ആറാമത്തേത് വ്യത്യസ്തമാവുന്നത് അതിന്റെ പ്രധാനകാരണം മനുഷ്യരും, അവരുടെ പ്രവർത്തികളുമാണ് എന്നതിനാലാണ്. ഇന്നത്തെ ആധുനിക മനുഷ്യരുടെ പൂർവികർ ഉദയം കൊണ്ടത് 70000 വർഷങ്ങൾക്ക് മുമ്പാണെന്ന് പറയപ്പെടുന്നു. അതിനുമപ്പുറം വ്യത്യസ്തങ്ങളായ മനുഷ്യ വർഗ്ഗങ്ങൾ ജീവിച്ചിരുന്നു. പക്ഷെ അവരൊന്നും ഭൂമിക്കോ പ്രകൃതിക്കോ കാര്യമായ ഒരു ഭീഷണിയും, പരിക്കും എൽപ്പിക്കാതെ കടന്നുപോയി. പക്ഷെ, വിശാലമായ മനുഷ്യയുഗത്തിലെ വാലറ്റത്തുള്ള പിൻഗാമികൾ ഈ കഴിഞ്ഞ നൂറോ, നൂറ്റമ്പതോ വർഷങ്ങൾ കൊണ്ട്, കോടിക്കണക്കിനു വർഷങ്ങളെടുത്ത് വാസയോഗ്യമായ ഭൂമിയെ, അതിന്റെ അന്തരീക്ഷ ഘടനയെ പാടേ തകിടം മറിച്ചിരിക്കുന്നു. എന്താണിതിനു കാരണം? ഉത്തരം ലളിതമാണ്. മനുഷ്യരുടെ അത്യാർത്തി, അറ്റമില്ലാത്ത ചൂഷണം.
ഒന്നാം വ്യാവസായിക വിപ്ലവത്തിന്റെ ചുവടുപിടിച്ചു ലോകത്ത് വളർന്ന് വന്ന ശാസ്ത്രവും സാങ്കേതിക വിദ്യകളും മനുഷ്യകുലത്തിന് നൽകിയ സംഭാവനകൾ വർണ്ണനാതീതമാണെന്നിരിക്കെ അതോടൊപ്പം അത് കൊണ്ടെത്തിച്ച ഉപഭോഗ സംസ്കാരം അത്യന്തം വിനാശകരവുമാണ്. ആർത്തിയിലധിഷ്ഠിതമായ ഉപഭോഗവും പണക്കൊതിയും കൈമുതലാക്കിയ പുതിയ കമ്പോള ലോകം പ്രകൃതി കനിഞ്ഞു നൽകിയ സകല വിഭവങ്ങളേയും ചൂഷണത്തിന് വിധേയമാക്കുകയും വില്പനചരക്കുകളാക്കുകയും ചെയ്തു. ഈ വഴിവിട്ട ഉത്പാദനത്തിന് അനിവാര്യമായത് ഊർജ്ജമാണ്. അതിന് വേണ്ടി നാം ആശ്രയിക്കുന്നതോ പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളായ (Fossil fuels) കൽക്കരിയേയും മറ്റും. ഇവ കത്തുന്നത് മൂലം അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാർബൺ വിസർജ്ജ്യങ്ങളും ഹരിത വാതകങ്ങളുമാണ് ഇന്ന് ഭൂമി കടന്ന് പോയ്ക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പുറകിൽ വർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് ലോകം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഊർജ്ജത്തിൽ 80 ശതമാനത്തിൽ അധികവും ഫോസിൽ ഇന്ധനങ്ങളുടെ സംഭാവനയാണ്.
2019 ൽ 36.44 ബില്യൻ മെട്രിക് ടൺ കാർബൺ പുറംതള്ളി നാം പുതിയ റെക്കോർഡ് ഇട്ടു. 2015 ഡിസംബറിൽ ലോകത്തെ ഇരുന്നൂറോളം രാജ്യങ്ങൾ പാരീസിൽ ചേർന്ന് കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ പുതിയ കരാറിൽ ഒപ്പു വെച്ചു നാലു വർഷം കഴിഞ്ഞപ്പോൾ തന്നെയാണ് ഇത് സംഭവിച്ചതെന്ന് ഓർക്കണം. 1997-ലെ ക്യോട്ടോ പ്രോട്ടോകോൾ ലോകത്തിലെ വ്യാവസായിക രാജ്യങ്ങൾ അംഗീകരിക്കുകയും എന്നാൽ അതിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച പറ്റുകയും ചെയ്ത അവസരത്തിലാണ് UN പുതിയ കരാറുമായി 2015-ൽ വരുന്നത്. അതുവരെ മനഃപൂർവ്വമോ, അല്ലാതെയോ അവഗണിച്ച കാലാവസ്ഥാ വ്യതിയാനവും അതിന്റെ അനന്തര ഫലങ്ങളും തലക്കുമേലെ ഉരുണ്ട് കൂടുകയും പലതവണ ഇടിത്തീയായി പെയ്തിറങ്ങുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നയപരമായ ചുവടുവെപ്പിന് ലോകം സാക്ഷിയാവുന്നത്. ലോകത്ത് മുഴുക്കെയും, പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഈ അടുത്ത കാലത്തായി പ്രകൃതി സംരക്ഷണം ഒരു രാഷ്ട്രീയ വിഷയമായി യുവജനങ്ങൾ ഉയർത്തിക്കാണിക്കുന്നുണ്ട്. അതിനെ ഇനിയും അഡ്രസ്സ് ചെയ്യാതെ ലോക നേതാക്കൾക്ക് മുന്നോട്ട് പോവാൻ കഴിയില്ല എന്ന തിരിച്ചറിവും ഇതിനു പുറകിൽ ഉണ്ടായിരുന്നിരിക്കണം.
പാരീസ് കാലാവസ്ഥ ഉച്ചകോടി മുന്നോട്ട് വെച്ച ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു താപനിലയിലെ വർധനവ് വ്യാവസായിക യുഗത്തിന് മുൻപുള്ള നിലയിൽ നിന്ന് 2°c കൂടുതൽ ആവാതിരിക്കുക, കഴിയുന്നതും അത് 1.5°C പരിമിതപെടുത്തുക എന്നത്. തത്ഫലമായി പല യൂറോപ്പ്യൻ രാജ്യങ്ങളും, ഇന്ത്യ, ചൈന അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും വ്യത്യസ്ഥ കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഈ പറഞ്ഞ രാജ്യങ്ങളെല്ലാം തന്നെ അവരുടെ ഊർജ്ജോത്പാദനം പരമ്പരാഗേതര മാർഗങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നുമുണ്ട്. നിർഭാഗ്യവശാൽ ഈ ശ്രമങ്ങളൊന്നും തന്നെ വരാനിരിക്കുന്ന പ്രകൃതിദുരന്തങ്ങളെ തടയാൻ മാത്രം പ്രാപ്തമല്ല എന്നതാണ് വസ്തുത.
UN ന്റെ പുതിയ പഠനപ്രകാരം ഈ അവസ്ഥയിൽ കാർബൺ പുറംതള്ളൽ തുടരുകയാണെങ്കിൽ 2100 ഓടുകൂടെ ലോകം ലക്ഷ്യം വെക്കുന്ന 2°c താപവർധനവും കടന്ന് 4.5°C ഓ, ഒരു പക്ഷെ 8 °C വരേക്കും താപ നില കൂടാൻ ഇടയുണ്ട്. 8°C ന്റെ കാര്യം അവിടെ നിൽക്കട്ടെ, നമുക്ക് 1.5°C ഊഷ്മാവ് കൂടുന്ന സാഹചര്യം എടുത്താൽ പോലും ലോകത്തെ കാത്തിരിക്കുന്നത് ഭയാനകമായ പ്രകൃതി ദുരന്തങ്ങളാണ്. ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്തത്ര വേഗത്തിലാണ് പോളാർ മേഖലയിൽ മഞ്ഞുരുകിക്കൊണ്ടിരിക്കുന്നത്. ഇതിങ്ങനെ തുടരുകയാണെങ്കിൽ 2050 ഓടുകൂടി ആർട്ടിക് മേഖലയിൽ മഞ്ഞില്ലാത്ത വേനൽക്കാലം സംഭവിക്കും. മാത്രമല്ല ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പഠനപ്രകാരം 21 ആം നൂറ്റാണ്ടിന്റെ അവസാനമാവുമ്പോഴേക്ക് 3.2 മീറ്റർ വരെ സമുദ്രജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അത് മൂലം ഭൂമിയിലെ കടലിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലാവും. പ്രധാന നഗരങ്ങളായ മിയാമി, ദാക്ക, ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങി 100 ലധികം നഗരങ്ങളെ ജലമെടുക്കുകയും, 200 ദശലക്ഷത്തിലധികം അഭയാർഥികളെ സൃഷ്ടിക്കുകയും ചെയ്യും. 2° സെൽഷ്യസ് ചൂട് കൂടുന്നതോടെ അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 500 പാർട്സ് പെർ മില്യൺ ആവുകയും തന്മൂലം ഉഷ്ണമേഖലാ പ്രദേശങ്ങൾ (Tropical region) കടുത്ത വരൾച്ച മൂലവും, കാട്ടുതീ മൂലവും വാസയോഗ്യമല്ലാതാവും. തന്മൂലം ഏകദേശം 400 ദശലക്ഷം ജനങ്ങൾ ദാഹജലം ലഭിക്കാതെ ബുദ്ധിമുട്ടേണ്ടി വരും. ഭൂമിയിലെ പൊതുവെ തണുത്ത പ്രദേശങ്ങളായ വടക്ക് ദ്രുവങ്ങളിൽ പോലും ആയിരക്കണക്കിന് ജനങ്ങൾ ഉഷ്ണ തരംഗങ്ങളാൽ കൊല്ലപ്പെടും. ഇന്നത്തെ സാഹചര്യത്തിൽ പോലും ഇന്ത്യയിലെ 80% ലധികം ഭൂപ്രദേശങ്ങൾ വ്യത്യസ്ഥങ്ങളായ പ്രകൃതി ദുരന്ത ഭീഷണി നേരിടുന്നുണ്ട്. പക്ഷെ മേൽപറഞ്ഞ വർദ്ധനവുണ്ടാവുന്ന പക്ഷം ഹിമാലയങ്ങളിലെ മഞ്ഞ് നാമാവശേഷം ആവുകയും, രാജ്യത്ത് ഇന്നനുഭവിക്കുന്നതിന്റെ 32 ഇരട്ടിയോളം തീവ്രമായ ഉഷ്ണതരംഗങ്ങൾ ഏൽക്കുകയും ചെയ്യും. ക്രമാതീതമായി ഉരുകുന്ന ഹിമവാൻ ഇന്ത്യയിലേയും, ബംഗ്ലാദേശിലേയും നദികളുടെ താളം തെറ്റിക്കുകയും മനുഷ്യ നിലനിൽപ്പിന്റെ അടിവേരറുക്കുകയും ചെയ്യും.
ആഗോളതാപനം ഭൗമോപരിതലത്തിൽ ഇന്ന് നിലവിലുള്ള ഹിമാനികളെ ഉരുക്കുന്നതിനോടൊപ്പം അവയ്ക്ക് താഴെ മൂടപ്പെട്ടു കിടക്കുന്ന കാർബണിനേയും ഹരിത വാതകമായ മീഥയ്നേയും പുറത്തെത്തിക്കും. ആഗോളതാപനം സമുദ്ര താപനില വർധിപ്പിക്കുകയും കാർബൺ ആഗിരണത്തിൽ (carbon sink) വലിയ പങ്കുവഹിക്കുന്ന സമുദ്ര സസ്യങ്ങളേയും, പവിഴപുറ്റുകളേയും തുടച്ചു നീക്കാൻ ഇടവരുത്തും. 2021 ലെ കണക്കനുസരിച്ച് ഇരുപത് ശതമാനത്തിലധികം പവിഴപ്പുറ്റുകൾ നമുക്ക് നഷ്ടമായിട്ടുണ്ട്. 25% വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. സമുദ്രങ്ങൾക്കുണ്ടാവുന്ന ഈ മാറ്റങ്ങൾ മൂലം അവയ്ക്ക് കാർബണിനെ ശേഖരിച്ചുവെക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും അവ കൂടുതൽ കാർബണിനെ പുറന്തള്ളുകയും ചെയ്യും. ഇതോടൊപ്പം വർധിച്ചുവരുന്ന അന്തരീക്ഷ ഊഷ്മാവ് ഭൂമധ്യ ദേശത്തുള്ള നിത്യ ഹരിത വനങ്ങളെ അഗ്നിക്കിരയാക്കുകയും അവ കൂടുതൽ കാർബണിനെ അന്തരീക്ഷത്തിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യും. ഇത്തരത്തിൽ അമിതമായി വരുന്ന കാർബൺ അന്തരീക്ഷത്തെ വീണ്ടും ചൂടുപിടിപ്പിക്കുകയും, ബാഷ്പത്തിന്റെ അളവ് കൂട്ടുകയും ചെയ്യും. ഇത് മേൽപറയപ്പെട്ട പ്രശ്നങ്ങൾക്ക് വീണ്ടും കാരണമാവും. തന്മൂലം വീണ്ടും അധികം കാർബൺ അന്തരീക്ഷത്തിലെത്തും. അനിയന്ത്രിതമായ അണുപ്രവർത്തനത്തെ അനുസ്മരിപ്പിക്കും വിധമുള്ള ഈ സ്ഥിതി വിശേഷത്തെയാണ് ഫീഡ്ബാക്ക് ലൂപ്പ് (feedback loop) എന്ന് പറയുന്നത്. ഒരു ഫീഡ്ബാക്ക് ലൂപിൽ നിന്ന് മോശമായ മറ്റൊന്നിലേക്ക് ആണ് പ്രകൃതി പോവുക. ആ അവസ്ഥ എന്നോ സംജാതമായിരിക്കുന്നു എന്നാണ് ഗവേഷകരുടെ പക്ഷം.
വസ്തുതകൾ ഇങ്ങനെയെന്നിരിക്കെ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും, ഭാവിയിൽ വരാനിരിക്കുന്നതുമായ വിപത്തുകളെ മനുഷ്യർ നേരിടേണ്ടതായുണ്ട്. അതിനുള്ള ഏക പോംവഴി ഓരോ വ്യക്തികളും അവരവരുടെ കാർബൺ ഉപഭോഗം കുറക്കുകയും ആവുന്നത്ര സുസ്ഥിരമായ ജീവിതക്രമത്തിലേക്ക് മാറുക എന്നതുമാണ്. ആവുന്നത്ര മനുഷ്യരെ കൊണ്ട് കഴിയുന്നത്രെ വസ്തുക്കൾ ഉപയോഗിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് കച്ചകെട്ടിറങ്ങിയ കോർപറേറ്റുകളും അവരുടെ കുഴലൂത്തുകാരായ ഭരണകൂടങ്ങളും അരങ്ങുവാഴുന്ന നിലവിലെ പരിതസ്ഥിയിൽ ഒരു വ്യക്തിയുടെ കാർബൺ ബഡ്ജറ്റ് കുറക്കുക എന്നത് വളരെ ശ്രമകരമാണ്. അതിന് ആധുനിക സാമ്പത്തിക ശാസ്ത്രം മുന്നോട്ടുവെച്ച ഉല്പാദനത്തിലും ലാഭത്തിലും അധിഷ്ഠിതമായ വളർച്ചയേയും, അതിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്ന ആഗോള മുതലാളിത്ത വ്യവസ്ഥിതിയേയും രാഷ്ട്രീയമായും, സാംസ്കാരികമായും നയപരമായും ചോദ്യം ചെയ്യപ്പെടേണ്ടതായുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ ഭൂമി ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി കണ്ട് മനുഷ്യരുമായി ബന്ധപ്പെട്ട് നിൽക്കുന്ന സകല മണ്ഡലങ്ങളിലും ചർച്ചയ്ക്ക് വിധേയമാക്കുകയും, കർമ്മ പരിപാടികൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പുനർവിചിന്തനങ്ങൾ നടക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭവിഷ്യത്തുകളുടെ ഇരകൾ കൂടുതലും സാധാരണക്കാർ എന്നിരിക്കെ ശബ്ദങ്ങളും ചോദ്യങ്ങളും ഉയരേണ്ടത് പൊതു ജനങ്ങളിൽ നിന്ന് തന്നെയാണ്. മാറ്റങ്ങൾ ഉണ്ടാവേണ്ടത് നമ്മിൽ നിന്ന് തന്നെയാണ്. ഈ അടുത്തിടെയായി പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് അത്തരം ഉറച്ച ശബ്ദങ്ങൾ ഉണ്ടാവുന്നത് പ്രതീക്ഷകൾക്ക് ഏറെ വക നൽകുന്നതാണ്. അവിടങ്ങളിലെ ചില രാഷ്ട്രീയ പാർട്ടികളിൽ പലതും ഈ മാറ്റത്തിന്റെ ഭാഗമായി അവരുടെ പ്രകടന പത്രികയിലും മറ്റും പരിസ്ഥിതി സംബന്ധമായ നയങ്ങൾ ആവിഷ്കരിക്കുകയുണ്ടായി. ഈയിടെ ഇതിന്റെ എല്ലാം ഭാഗമായി യൂറോപ്യൻ യൂണിയൻ 2050 ആവുമ്പോഴേക്കും അവരുടെ കാർബൺ എമിഷൻ പൂജ്യത്തിലേക്ക് എത്തിക്കുമെന്ന് പ്രഖാപിച്ചിട്ടുണ്ട്. എന്നാൽ പ്രകൃതി ദുരന്തങ്ങൾ ഏറെ നേരിടുന്ന ഇന്ത്യയിലെ പാർട്ടികൾ എല്ലാം തന്നെ മതത്തിനും, ജാതിക്കും കൊടുക്കുന്ന പ്രാധാന്യം മനുഷ്യനിലനിൽപ്പിന്റെ വിഷയമായ പ്രകൃതിക്ക് കൊടുക്കാതിരിക്കുന്നത് ഏറെ സങ്കടകരമാണ്.
കാര്യം ഇത്രയേയുള്ളൂ. മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം സത്യവും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളുമാണ്. അതിനെ അംഗീകരിക്കുക. നാം ഓരോരുത്തരുമാണതിന്റെ ഉത്തരവാദികൾ എന്ന ബോധ്യമുണ്ടാവുക. അദൃശ്യമായ ഒരു ദൈവിക ശക്തിക്കോ, അത്ഭുതത്തിനോ ഇതിൽ നിന്ന് നമ്മെ രക്ഷിക്കാൻ കഴിയില്ലെന്നും നമുക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ എന്നും സ്വയം മനസ്സിലാക്കുക. അതിനനുസരിച്ചു ഭൂമിയിലെ നമ്മുടെ സാന്നിധ്യം കാരണം അതിന്റെ സ്വാഭാവികതക്ക് കാര്യമായ കോട്ടം സംഭവിക്കുന്നില്ലന്ന് സ്വയം ഉറപ്പിക്കുക. അല്ലെങ്കിൽ നമുക്കു മുന്നിൽ ചോദ്യങ്ങളുമായി ഇനിയും ഒരുപാട് ഗ്രെറ്റ തൻബെർഗുമാർ എഴുന്നേറ്റു നിൽക്കും, എന്നിട്ടവർ ചോദിക്കും, എന്റെ സ്വപ്നങ്ങളേയും, ബാല്യത്തേയും പൊള്ളയായ വാക്കുകൾ കൊണ്ട് കവർന്നെടുക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നെന്ന്? ഞങ്ങളുടെ സന്തോഷങ്ങളെ എന്തിനു കൊന്നെന്ന്? പോട്ടെ, നമ്മുടെ മക്കൾ നാളെ ചോദിക്കില്ലേ, കത്തിയമരുന്ന നരഗത്തിലേക്ക് എന്തിനു ഞങ്ങളെ ജനിപ്പിച്ചുവെന്ന്? ആ ചോദ്യങ്ങളെ പേടിച്ചെങ്കിലും നമുക്ക് ഉണർന്നുകൂടെ..?!!
അവലംബം.
1.The Uninhabitable Earth, Life after warming by David Wallace- Wells
2. Small Is Beautiful- E .F Schumacher
3. This Changes Everything- Naomi Klein
4. https://unfccc.int