ഒരു നൂറ്റാണ്ട് തികഞ്ഞ മലബാർ സമരം
മലബാർ സമരം തീർത്തും അധിനിവേശ വിരുദ്ധ പോരാട്ടമായിരുന്നുവെന്നാണ് കോൺഗ്രസ്സ് നിലപാട്. മലബാറിലെ അന്നുണ്ടായിരുന്ന ജന്മിമാരുടെ കർഷകവിരുദ്ധ നയത്തിൽ പ്രതിഷേധിച്ചുള്ള കുടിയാന്മാരുടെ വർഗ്ഗ സമരമായിരുന്നുവെന്നും പാവപ്പെട്ടവന് അന്നം, കർഷകന് ഭൂമി എന്ന മാർക്സിയൻ സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള കൊളോണിയൽ ശക്തികൾക്കെതിരെയുള്ള കർഷക സമരമായിരുന്നുവെന്നുമാണ് ഈ സമരത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അഭിപ്രായം. എന്നാൽ ഇത് കേവലം മലബാറിലെ ഹിന്ദുക്കളുടെ മേലിലുള്ള ക്രൂര മുസൽമാന്മാരുടെ വംശഹത്യ മാത്രമാണെന്നാണ് വലതുപക്ഷ സംഘടനകളുടെ അഭിപ്രായം. ഈ മൂന്ന് നിലപാടുകളുടെയും ശരി തെറ്റുകളെ ചരിത്ര രേഖകളുടെ പശ്ചാത്തലത്തിൽ നോക്കിക്കാണുകയാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് ചരിത്രകാരന്മാരിൽ പലരും ഓമനപ്പേരിട്ട് വിളിച്ച ബ്രിട്ടീഷ് അധിനിവേശം ലോകത്തിന്റെ പല കോണുകളിലുമുള്ള രാജ്യങ്ങളിൽ തങ്ങളുടെ കോളനികൾ സ്ഥാപിക്കുകയും അവിടെയെല്ലാം കച്ചവടങ്ങൾ തുടങ്ങി ക്രമേണ ആ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ ഇടപെട്ട് കിരീടവും ചെങ്കോലും കൈക്കലാക്കുകയും അവിടെയുള്ള ജനങ്ങളെ തങ്ങളുടെ വരുതിയിൽ വരുത്താൻ വേണ്ടി നിരവധി ചോരപ്പുഴകൾ ഒഴുക്കുകയും ചെയ്തിട്ടുണ്ട്. അപരിഷ്കൃതരായ ജനതയെ പരിഷ്കരിക്കുക എന്ന മുടന്തൻ ന്യായം പറഞ്ഞ് വെള്ളക്കാരൻ അധിനിവേശം നടത്തിയ രാജ്യങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ടതായിരുന്നു ഇന്ത്യ. നൂറ്റാണ്ടുകൾ നീണ്ടു നിന്ന ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നമ്മുടെ രാജ്യത്ത് സംഘടിതമായും അസംഘടിതമായും ചെറുതായും വലുതായുമുള്ള ഒരുപാട് അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. ജാലിയൻ വാലാബാഗും മുണ്ട, സാന്താൾ കലാപങ്ങളും പഴശ്ശിയുടെ ഒളിപ്പോരും അത്തരം പോരാട്ടങ്ങളിൽ അറിയപ്പെടുന്ന ചിലതാണ്. 1921 ൽ മലബാർ പ്രദേശങ്ങളിൽ നടന്ന പോരാട്ടങ്ങളെ മൊത്തത്തിൽ കൂട്ടി വിളിക്കുന്നതായ മലബാർ സമരവും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
മലബാർ സമരത്തിന് ഈ മാസം കൃത്യം ഒരു നൂറ്റാണ്ട് തികയുകയാണ്. പൂർണമായും അധിനിവേശ വിരുദ്ധ പോരാട്ടമായിരുന്ന മലബാർ സമരം ഒരു നൂറ്റാണ്ടിനിപ്പുറത്തേക്കെത്തി നിൽക്കുമ്പോൾ അതിനെ കേവലമൊരു ഹിന്ദു വംശഹത്യയാക്കി ചിത്രീകരിക്കാൻ പല കോണിൽ നിന്നും നീക്കങ്ങൾ നടക്കുന്നു. കഴിഞ്ഞ വർഷം മലബാർ സമര നായകനായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആസ്പദമാക്കി ഒരു സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയ മലബാർ സമരത്തെ കുറിച്ചുള്ള ചർച്ച ഈ നൂറാം വാർഷികത്തിലും തുടർന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ ബ്രിട്ടീഷ് സൈന്യം തോറ്റോടിയ ഏക പോരാട്ടമെന്ന നിലയ്ക്ക് ഈ അവസരത്തിൽ മലബാർ സമര അനുസ്മരണത്തിന് മുന്നിട്ട് നിൽക്കേണ്ട രാജ്യത്തെ ഭരണകൂടം, ഈ രാജ്യത്തിന് വേണ്ടി പോരാടിയവരുടെ ലിസ്റ്റിൽ നിന്ന് മലബാർ സമര നേതാക്കളേയും അനുയായികളേയും വെട്ടി മാറ്റി മലബാർ സമര ചരിത്രത്തെ വികലമാക്കാൻ ശ്രമിക്കുന്നവർക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയാണ് ചെയ്തത്.
മലബാർ സമരം തീർത്തും അധിനിവേശ വിരുദ്ധ പോരാട്ടമായിരുന്നുവെന്നാണ് കോൺഗ്രസ്സ് നിലപാട്. മലബാറിലെ അന്നുണ്ടായിരുന്ന ജന്മിമാരുടെ കർഷകവിരുദ്ധ നയത്തിൽ പ്രതിഷേധിച്ചുള്ള കുടിയാന്മാരുടെ വർഗ്ഗ സമരമായിരുന്നുവെന്നും പാവപ്പെട്ടവന് അന്നം, കർഷകന് ഭൂമി എന്ന മാർക്സിയൻ സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള കൊളോണിയൽ ശക്തികൾക്കെതിരെയുള്ള കർഷക സമരമായിരുന്നുവെന്നുമാണ് ഈ സമരത്തെ കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അഭിപ്രായം. എന്നാൽ ഇത് കേവലം മലബാറിലെ ഹിന്ദുക്കളുടെ മേലിലുള്ള ക്രൂര മുസൽമാന്മാരുടെ വംശഹത്യ മാത്രമാണെന്നാണ് വലതുപക്ഷ സംഘടനകളുടെ അഭിപ്രായം. ഈ മൂന്ന് നിലപാടുകളുടെയും ശരി തെറ്റുകളെ ചരിത്ര രേഖകളുടെ പശ്ചാത്തലത്തിൽ നോക്കിക്കാണുകയാണ് ഈ ലേഖനത്തിൽ ചെയ്യുന്നത്.

1921 കാലഘട്ടങ്ങളിൽ മലബാർ പ്രദേശങ്ങളിൽ നടന്നിരുന്ന നിരവധി സംഘടിത, അസംഘടിത പോരാട്ടങ്ങളാണ് മലബാർ സമരം എന്ന ഒരൊറ്റ നാമത്തിൽ അറിയപ്പെടുന്നത്. ഗൂഡല്ലൂർ മുതൽ കോഴിക്കോട് വരെയുള്ള പ്രദേശങ്ങൾക്കിടയിൽ പല സ്ഥലങ്ങളിലും ഇത്തരം സമരങ്ങൾ നടന്നിട്ടുണ്ടെന്ന് ചരിത്ര രേഖകളിൽ കാണാവുന്നതാണ്. മലപ്പുറം ജില്ലയിലെ പ്രദേശങ്ങളായ മഞ്ചേരി, പാണ്ടിക്കാട്, മലപ്പുറം, പൂക്കോട്ടൂർ, തിരൂർ എന്നിവയൊക്കെയാണ് മലബാർ സമരങ്ങളുടെ ഹൃദയഭൂമിക. തിരൂരങ്ങാടി വെടിവെപ്പും പൂക്കോട്ടുർ യുദ്ധവും വാഗൺ കൂട്ടക്കൊലയുമെല്ലാം മലബാർ സമരത്തിലെ പ്രധാന സംഭവങ്ങളാണ്. മലബാർ പ്രദേശം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായത് കൊണ്ട് തന്നെ മലബാർ സമരനായകരിലും പോരാളികളിലും മുസ്ലിം സാന്നിധ്യം കൂടുതലായിരുന്നു. എങ്കിലും മലബാറിലെ ഹിന്ദുക്കളും ഈ സമരത്തിന്റെ ഭാഗമാവുകയും അവരിൽ ചിലർ മലബാർ സമര നായകരാവുകയും ചെയ്തിട്ടുണ്ട്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ, എം.പി നാരായണ മേനോൻ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവർ മലബാർ സമരനായകരിൽ പ്രധാനികളായിരുന്നു.
മലബാർ സമരത്തിന്റെ കാരണം
പോർച്ചുഗീസുകാർ കേരളത്തിലേക്ക് വന്ന കാലം മുതൽക്കേ മലബാറിൽ അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ ആരംഭിച്ചിരുന്നു. സാമൂതിരിക്ക് വേണ്ടി പോരാടിയ നാവിക പോരാളികളായ കുഞ്ഞാലി മരക്കാർമാരുടെയെല്ലാം ചരിത്രം ബ്രിട്ടീഷ് ഭരണത്തിന് മുൻപേ മറ്റു അധിനിവേശ ശക്തികളോട് പോരാടിയ മലബാറുകാരെ നമുക്ക് കാണിച്ചു തരുന്നുണ്ട്. അന്നത്തെ പ്രമുഖ മുസ്ലിം പണ്ഡിതനായിരുന്ന ഷെയ്ഖ് സൈനുദ്ധീൻ മഖ്ദൂം തന്റെ പ്രശസ്ത കൃതിയായ 'തുഹ്ഫത്തുൽ മുജാഹിദീനിൽ' ഇത് വിശദമായി പരാമർശിക്കുന്നുണ്ട്. സാമൂതിരിയുടെ ആശീർവാദത്തോടെ പറങ്കികളോട് ഏറ്റുമുട്ടിയ കുഞ്ഞാലി മരക്കാരെ വെറും കൊള്ളത്തലവനായാണ് വില്യം ലോഗൻ തൻ്റെ 'മലബാർ മാനുവലി'ൽ വിശേഷിപ്പിച്ചിട്ടുള്ളത്.
വൈദേശികാധിപത്യത്തിനെതിരെ പോരാടിയവരെ എങ്ങനെയാണ് കൊളോണിയലിസം ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
ബ്രിട്ടീഷ് ഭരണത്തെ നാട്ടിൽ നിന്നും തുരത്തിയോടിക്കുക എന്നത് തന്നെയായിരുന്നു അടിസ്ഥാനപരമായി മലബാർ സമരത്തിന്റെ ലക്ഷ്യം. മലബാറിലെ ഭൂരിഭാഗം ആളുകളും കുടിയാന്മാരായ കർഷകരായിരുന്നു. ഇവരിൽ തന്നെ ഭൂരിഭാഗം പേരും മാപ്പിളമാരും ബാക്കി ഹിന്ദുക്കളിലെ ദളിതരുമായിരുന്നു. കൃഷിഭൂമി കൈവശം വെച്ചിരുന്ന ജന്മിമാരിൽ ഭൂരിഭാഗം പേരും സവർണ്ണ ഹിന്ദുക്കളുമായിരുന്നു. ജന്മിമാരിൽ ചില മുസ്ലിംകളുണ്ടായിരുന്നുവെന്നതും ചരിത്രത്തിൽ കാണാവുന്നതാണ്. ജന്മിമാരുടെ തോന്നിയ തരത്തിലുള്ള കരം പിരിക്കലും കൃഷിഭൂമിയിന്മേലുള്ള മേൽ ചാർത്തും കർഷകരുടെ എല്ലൊടിച്ചിരുന്നു. ടിപ്പു സുൽത്താൻ മലബാർ കീഴടക്കുകയും ജന്മിമാരെ നിയന്ത്രിച്ച് കർഷകർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്ന ചെറിയ കാലയളവിൽ മാത്രം അവരുടെ പ്രയാസങ്ങൾക്ക് ചെറിയ തരത്തിലെങ്കിലും അറുതി വന്നെങ്കിലും തുടർന്നുണ്ടായ ബ്രിട്ടീഷുകാരും ടിപ്പുവും തമ്മിലുള്ള പോരാട്ടത്തിൽ ടിപ്പു പരാജയപ്പെടുകയും ശ്രീരംഗ പട്ടണം ഉടമ്പടിയിലൂടെ മലബാർ പ്രദേശം ബ്രിട്ടീഷുകാർക്ക് നൽകുകയും ചെയ്തതിലൂടെ ജന്മിമാർക്ക് തങ്ങളുടെ പഴയ അധികാരങ്ങൾ തിരിച്ചുകിട്ടുകയും കർഷകരുടെ ദുരിതം വീണ്ടും ആരംഭിക്കുകയും ചെയ്തു. ജന്മിമാരുടെ തോന്നിയ രീതിയിലുള്ള പാട്ടപ്പിരിവിന് എല്ലാവിധ ഒത്താശയും ബ്രിട്ടീഷുകാർ ഒരുക്കികൊടുക്കുകയും കർഷകനെ ദ്രോഹിക്കാൻ ജന്മിക്ക് ബ്രിട്ടീഷ് ഭരണകൂടം പട്ടാളത്തെ വിട്ടുനൽകുകയും ചെയ്തത് കർഷകരായ മലബാറിലെ മാപ്പിളമാർക്കും മറ്റും ജന്മിയോടുള്ള അത്രതന്നെ വെറുപ്പ് ബ്രിട്ടീഷുകാരോടുമുണ്ടാകാൻ കാരണമായി. ഇതാണ് മലബാർ സമരങ്ങളുടെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. മുസ്ലിംകളുടെ ആത്മീയ നേതാവ് കൂടിയായിരുന്ന തുർക്കി ഓട്ടോമൻ സാമ്രാജ്യത്തിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയതും ബ്രിട്ടീഷുകാരോടുള്ള പകയ്ക്ക് മലബാറിലെ മുസ്ലിംകൾക്ക് ആക്കം കൂട്ടി. ഇതാണ് മലബാർ സമരത്തിന്റെ മറ്റൊരു കാരണമായി ചരിത്രകാരന്മാർ കണക്കാക്കുന്നത്.
മലബാർ സമരത്തിന്റെ തുടക്കം
നിലമ്പൂർ കോവിലകം വക പൂക്കോട്ടുർ ചേരിയിലെ പിരിവുകാരനായ കളത്തിങ്കൽ മമ്മദുവിനെ ഖിലാഫത്തിൽ ചേർന്ന കുറ്റത്തിന് ജോലിയിൽ നിന്ന് പിരിച്ചു വിട്ടത് മുതലുള്ള സംഭവ വികാസങ്ങളാണ് മലബാർ സമരത്തിന് തുടക്കം നൽകിയത്. പൂക്കോട്ടുർ കോവിലകത്ത് നിന്ന് തോക്ക് മോഷണം പോയെന്ന കള്ളക്കേസുണ്ടാക്കി പോലീസ് മമ്മദുവിന്റെ വീട്ടിൽ തിരച്ചിൽ നടത്തി. ഇതിന് കാരണം ചോദിക്കാൻ മമ്മദു വലിയൊരു ആൾക്കൂട്ടവുമായി കോവിലകത്തേക്ക് പോയി. സർക്കിൾ ഇൻസ്പെക്ട്ടർ നാരായണ മേനോനെ കൊണ്ട് ഖിലാഫത്തിനെതിരെ ഒന്നും ചെയ്യില്ലെന്ന് ആണയിടിച്ചു കൊണ്ട് സംഘം മടങ്ങി. സംഭവം കഴിഞ്ഞ ഉടനെ തന്നെ നാരായണ മേനോൻ നേരെ കോഴിക്കോട് പോയി മാപ്പിളമാർ ഒന്നടങ്കം യുദ്ധത്തിന് ഇറങ്ങിത്തിരിച്ചതായും തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും റിപ്പോർട്ട് നൽകി.

1921 ആഗസ്തിൽ ജയിൽ മോചിതരായ ഖിലാഫത്ത് നേതാക്കളായ മൗലാനാ യാക്കൂബ് ഹസൻ, യു. ഗോപാല മേനോൻ, കെ. മാധവൻ നായർ എന്നിവരെ ആനയിച്ചു കൊണ്ട് ടി.വി ചാത്തുക്കുട്ടി നായരുടെ നേതൃത്വത്തിലുള്ള ഖിലാഫത്ത് വളണ്ടിയർ കോർ പ്രകടനം കണ്ടതോടെ കളക്ടർ തോമസിന് ഖിലാഫത്ത് പ്രസ്ഥാനം എത്രത്തോളം ജനകീയമായിരിക്കുന്നു എന്ന് മനസ്സിലായി. ഉടൻ തന്നെ ആഗസ്റ്റ് 20 ന് ആയുധങ്ങൾ പിടിച്ചെടുക്കാൻ വീട് കയറിയുള്ള പരിശോധന പട്ടാളം ആരംഭിച്ചു. ഖിലാഫത്ത് ഓഫീസുകൾ തകർത്തു. മലബാർ സമര നായകരിൽ പ്രധാനിയായ ആലി മുസ്ലിയാരെ പിടിക്കാൻ പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞതായും മമ്പുറം പള്ളി പൊളിച്ചതായും വാർത്ത പരന്നു. വിവരമറിഞ്ഞ് കോട്ടക്കൽ ചന്തയിൽ നിന്നും, നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെത്തി. കളക്ടർ തോമസും ഹിച്ച് കോക്കും ആമു സൂപ്രണ്ടുമെല്ലാം ഒന്നും നോക്കാതെ പോരിനിറങ്ങി. തിരൂരങ്ങാടിക്കടുത്തുള്ള പന്താരങ്ങാടിയിൽ പോലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. ഖിലാഫത്ത് നേതാക്കളെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഉച്ചയ്ക്ക് ആലി മുസ്ലിയാരെത്തുകയും അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാൻ സാമാധാനപരമായി പ്രതിഷേധിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ ആവശ്യവുമായെത്തിയ ആലി മുസ്ലിയാർക്കും ജനക്കൂട്ടത്തിനും നേരെ യാതൊരുവിധ പ്രകോപനവുമില്ലാതെ തന്നെ പോലീസ് വെടി വെച്ചു.17 പേർ മരണമടഞ്ഞു. തുടർന്നുണ്ടായ സംഘട്ടനത്തിൽ മൂന്ന് പോലീസുകാർക്കും ജീവൻ നഷ്ടമായി. പട്ടാളം പിന്തിരിഞ്ഞോടി. പട്ടാളം പോയപ്പോഴേക്കും 72 പേരെങ്കിലും കൊല്ലപ്പെട്ടതായി കണക്കുകൾ പറയുന്നു. ഈ സംഭവത്തോടെ സായുധ പോരാട്ടത്തിന് ഔപചാരികമായി തുടക്കം കുറിക്കപ്പെട്ടു. മലബാറിൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതായി ബ്രിട്ടനിലെ പത്രമായ ലണ്ടൻ ടൈംസ് എഴുതി. ആഗസ്ത് 22 മുതൽ തിരൂരങ്ങാടി പ്രദേശം ആലി മുസ്ലിയാരുടെ ഭരണത്തിന് കീഴിലായി. സമാധാനപരമായി സമരം നയിക്കാനുറച്ച സമരപോരാളികളെ സമരത്തിനിടയിൽ വെച്ച് സായുധ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചത് ബ്രിട്ടീഷ് സേനയുടെ പട്ടാള ആക്രമണം തന്നെയാണ്.
ദേശീയ നേതാക്കളുടെ ഇടപെടലുകൾ
ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകരിൽ പ്രധാനയിയായിരുന്ന അലി സഹോദരന്മാർക്കും അവർ രുപീകരിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിനും മലബാർ സമരവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഉപയോഗപ്പെടുത്തിയ ഗാന്ധിജിയും മലബാറിലെ പോരാട്ടങ്ങളെ പിന്തുണച്ചിരുന്നു. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം പോലും ഖിലാഫത്ത് സമരത്തിന്റെ ഭാഗമായിട്ടായിരുന്നല്ലോ. മലബാർ സമരത്തിന്റെ തുടക്കത്തിൽ അതിന് വെള്ളവും വളവും ഒഴിച്ച് നൽകിയതും പ്രാദേശികാടിസ്ഥാനത്തിൽ ഖിലാഫത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ മുന്നിട്ടുനിന്നതും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സായിരുന്നു. കോൺഗ്രസ്സിന്റെ കേരളത്തിലുള്ള സമ്മേളനങ്ങൾ മലബാറിലെ ജനങ്ങളിൽ ദേശീയബോധം ഉണർത്താൻ വളരെയേറെ സഹായകരമാവുകയും ചെയ്തിട്ടുണ്ട്.

1920 ഏപ്രിൽ 28, 29 തീയ്യതികളിൽ മഞ്ചേരിയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനം ഇത്തരത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ആനിബസന്റ് അന്ന് സമ്മേളനത്തിലെത്തിയിരുന്നു. ഖിലാഫത്ത് - നിസഹകരണ പ്രസ്ഥാനങ്ങളെ ഏറനാട്ടുകാർ കേട്ടു തുടങ്ങുന്നത് ഈ സമ്മേളനം മുതൽക്കാണ്. ഖിലാഫത്ത് - നിസഹകരണ പ്രസ്ഥാനത്തെ ഒരേ ചരടിൽ കോർത്ത് ഗാന്ധിജി രാജ്യമെങ്ങും മൗലാനാ ഷൗകത്തലിക്കൊപ്പം സഞ്ചരിച്ച് സമരപ്രചാരണം നടത്തി. ആഗസ്ത് 18ന് കോഴിക്കോട് കടപ്പുറത്തും ഇവരെത്തി. ഇരുപതിനായിരത്തിലധികം ആളുകൾ ചേർന്ന ഒരു മഹാ സമ്മേളനമായിരുന്നു അത്. ആ സമ്മേളനത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പങ്കെടുത്തിരുന്നു. രാജ്യത്തിന് വേണ്ടി ആത്മത്യാഗം ചെയ്യാൻ ഗാന്ധിജി മാപ്പിളമാരോട് ആവശ്യപ്പെട്ടു. ഗാന്ധിജി നടത്തിയ പ്രഭാഷണം അവിടെ ഒത്തു കൂടിയവരിൽ ദേശീയ ബോധവും വികാരവും വളർത്തി. വാരിയൻ കുന്നത്ത് അടക്കമുള്ള നേതാക്കൾക്ക് ഈ പ്രസംഗം വലിയ ഊർജ്ജം നൽകി. മാപ്പിളമാർ കൂട്ടമായി കോൺഗ്രസിലും ഖിലാഫത്ത് പ്രസ്ഥാനങ്ങളിലും ചേർന്നു.
കോൺഗ്രസ്സ് നേതാക്കളായ യു. ഗോപാലമേനോന്റെയും കെ. മാധവൻ നായരുടെയും നേതൃത്വത്തിൽ 1921 മലബാറിൽ കോൺഗ്രസ്സ് - ഖിലാഫത്ത് കമ്മിറ്റികൾ സജീവമായി. ഉറുദുവിലുള്ള ഖിലാഫത്ത് രേഖകളും പുസ്തകങ്ങളും ധാരാളമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കോൺഗ്രസ്സ് - ഖിലാഫത്ത് യോഗങ്ങൾ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു. 'സ്വരാജ്യം ഒരു കൊല്ലത്തിനുള്ളിൽ' എന്ന ഗാന്ധിയുടെ പ്രഖ്യാപനം ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനക്കാരെ ആവേശം കൊള്ളിച്ചു. ഖിലാഫത്ത് കമ്മിറ്റികളുടെ പ്രവർത്തനം കൂടുതൽ സജീവമായി. അതിനനനുസരിച്ച് ബ്രിട്ടീഷ് സർക്കാരും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. പലയിടങ്ങളിലും 144 പ്രഖ്യാപിച്ചു. ഇത് ലംഘിച്ചതിന്റെ ഫലമായി കെ. കേളപ്പൻ നായരെയും ബാലകൃഷ്ണ മേനോനെയും അറസ്റ്റ് ചെയ്തു. നിരപരാധികളായ മാപ്പിളമാരെ ഒരു കാരണവും കൂടാതെ ദ്രോഹിക്കുന്ന നടപടികൾ പലയിടത്തുമുണ്ടായി. ഖിലാഫത്ത് ഓഫീസുകൾ പലതും അഗ്നിക്കിരയാക്കപ്പെട്ടു.
പൂക്കോട്ടൂർ യുദ്ധം
മലബാർ സമരം എന്നത് മലബാറിൽ നടന്ന ഒന്നിലധികം ചെറുതും വലുതുമായ പോരാട്ടങ്ങളാണെന്ന് മുകളിൽ സൂചിപ്പിച്ചിരുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പൂക്കോട്ടൂർ യുദ്ധം. മലബാർ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് രേഖകൾ യുദ്ധമെന്ന് വിശേഷിപ്പിച്ച ഏക സംഭവമാണിത്. മലപ്പുറം - കോഴിക്കോട് പാതയിൽ മലപ്പുറത്തോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് പൂക്കോട്ടൂർ. തിരൂരങ്ങാടി വെടിവെപ്പിനു ശേഷം നാടിന്റെ നാനാഭാഗങ്ങളിലും ഖിലാഫത്തുകാർ ആശയ വിനിമയ മാർഗങ്ങൾ തടസ്സപ്പെടുത്തി. മലപ്പുറം മജിസ്ട്രേറ്റ് ടി. ഓസ്റ്റിൻ ആരോടും ബന്ധപ്പെടാൻ കഴിയാതെ ഒറ്റപ്പെട്ടു. ഫറോക്കിന്റെ ചുമതലയുള്ള ലങ്കാസ്റ്റർ, സർക്കാർ ഉത്തരവ് പ്രകാരം ആഗസ്ത് 24 ന് ഒരു സൈന്യവുമായി മലപ്പുറത്തേക്ക് പുറപ്പെട്ടു. മലപ്പുറത്തെത്തി ഓസ്റ്റിനെ സഹായിക്കുകയായിരുന്നു ലക്ഷ്യം. ക്യാപ്റ്റൻ മെക്കൻ റോയും സൈന്യവും ഇവരോടൊപ്പം നീങ്ങി. ക്യാപ്റ്റൻ ഇവാൻസം മാർക്ക് ഗോനിഗലും ഇവർക്കൊപ്പമുണ്ടായിരുന്നു. 25 ന് കൊണ്ടോട്ടിയിലെത്തിയ അവർ കൊണ്ടോട്ടി തങ്ങളുടെ അതിഥിയായി താമസിക്കുകയും പിറ്റേന്ന് രാവിലെ മലപ്പുറത്തേക്ക് യാത്ര തിരിക്കുകയും ചെയ്തു.
ഖിലാഫത്തുകാർ പൊളിച്ച റോഡും പാലവും നന്നാക്കി മുൻപോട്ട് പോകുക എന്നതായിരുന്നു ബ്രിട്ടീഷുകാർ നേരിട്ട ഏറ്റവും വലിയ പ്രശ്നം. മൂവായിരത്തോളം മാപ്പിളമാർ പൂക്കോട്ടൂരിൽ പട്ടാളത്തെ കാത്ത് ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു. റോഡരികിലെ തോട്ടവും വിളഞ്ഞു നിൽക്കുന്ന നെൽവയലുമാണ് ഇവർ ഒളിക്കാൻ ഉപയോഗിച്ചത്. കുന്നിലും മരങ്ങളിലും മാപ്പിളമാർ ഒളിച്ചു നിന്നിരുന്നു. 125 പട്ടാളക്കാരും 50 പോലീസുകാരുമാണ് ക്യാപ്റ്റൻ റോയിക്കൊപ്പമുണ്ടായിരുന്നത്. ലോറികളിലും ബസ്സുകളിലും സൈക്കിളിലുമാണ് അവർ സഞ്ചരിച്ചിരുന്നത്.

ആഗസ്ത് 26 വെള്ളിയാഴ്ചയാണ് യുദ്ധം നടക്കുന്നത്. വടക്കേ വീട്ടിലെ മമ്മദു ആയിരുന്നു മാപ്പിള സൈന്യാധിപൻ. ഉച്ചക്ക് ശേഷം അവർ കൂട്ടമായെത്തി റോഡരികിൽ പട്ടാളത്തെ കാത്തുനിന്നു. പട്ടാളം എത്തുന്നതിന് മുൻപേ വെടി പൊട്ടിയതാണ് പട്ടാളം രക്ഷപ്പെടാൻ കാരണമായത്. ആദ്യ വെടി പൊട്ടിയതോടെ ഖിലാഫത്ത് സേന നകാര മുഴക്കി.
നാലുപാടു നിന്നും മാപ്പിള സൈന്യം ഇരമ്പി വരികയും ആദ്യഘട്ടത്തിൽ പട്ടാളത്തെ തകർത്തു കളയുകയും ചെയ്തു. പെട്ടെന്നുള്ള മാപ്പിളമാരുടെ പോരാട്ടത്തിൽ പകച്ച ക്യാപ്റ്റൻ പീരങ്കി ഉപയോഗിക്കാൻ ഉത്തരവിറക്കി. മാപ്പിളമാരുടെ കൈ തോക്കുകൾ കൊണ്ട് പീരങ്കിയെ നേരിടാനാകാതെ നിരവധി മാപ്പിളമാർ വയലുകളിൽ പിടഞ്ഞു വീണു. മാപ്പിളമാർ വാളുകളുമായി പട്ടാളക്കാർക്ക് നേരെ പാഞ്ഞടുത്തു. അവർ ഫോഴ്സ് സൂപ്രണ്ട് ലങ്കാസ്റ്ററെ വെട്ടി വീഴ്ത്തുകയും വെടിവെച്ച് കൊല്ലുകയും ചെയ്തു. മൂന്നു മണിക്കൂറോളം പോരാട്ടം നീണ്ടു നിന്നു. 259 മാപ്പിളമാർ രക്തസാക്ഷികളായി. 258 പേരാണെന്നും കണക്കുകളിൽ പറയുന്നുണ്ട്. മരണപ്പെട്ട ബ്രിട്ടീഷുകാരുടെ കണക്ക് വ്യക്തമല്ല. തങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ കണക്കുകൾ ബ്രിട്ടീഷുകാർ ശരിയായി രേഖപ്പെടുത്താറില്ല. 35 സൈക്കിളും ഒരു ലോറിയും ഉപേക്ഷിച്ചാണ് പട്ടാളം മടങ്ങിയത്. ഇതിൽ നിന്നും പൂക്കോട്ടൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കാം. അല്ലായിരുന്നുവെങ്കിൽ സ്വന്തം ഉപകരണങ്ങൾ പോലും എടുക്കാതെ സംഭവസ്ഥലം കാലിയാക്കേണ്ട ആവശ്യമില്ലല്ലോ. ഇരുപക്ഷത്തും നാശനഷ്ടമുണ്ടായി. ബ്രിട്ടീഷുകാരുടെ ആയുധങ്ങൾക്ക് മുൻപിൽ മാപ്പിളമാരുടെ ആയുധങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിയാത്തതിനാൽ കൂടുതൽ ആൾ നഷ്ടം മാപ്പിളമാർക്ക് തന്നെയായിരുന്നു. പോരാട്ടങ്ങൾക്കൊടുവിൽ മരണപ്പെട്ട മാപ്പിളമാരുടെ മൃതദേഹങ്ങൾ ഒരുമിച്ചുകൂട്ടി കത്തിക്കാറാണ് ബ്രിട്ടീഷ് ശൈലി. പക്ഷെ പൂക്കോട്ടുർ യുദ്ധത്തിൽ മരണപ്പെട്ടവരെ ഖിലാഫത്ത് സമര നേതാക്കൾ മറവ് ചെയ്യുകയാണ് ചെയ്തത്. ഇതിൽ നിന്നും പൂക്കോട്ടൂർ യുദ്ധത്തിൽ നിന്നും ബ്രിട്ടീഷ് സൈന്യം തോറ്റോടുകയായിരുന്നു എന്ന നിഗമനത്തിലെത്താം.
വാഗൺ കൂട്ടക്കൊല
മലബാർ സമരവുമായി ബന്ധപ്പെട്ട് നടന്ന വളരെ പ്രധാനപ്പെട്ട സംഭവമാണ് 'പോത്തന്നൂരിലെ ഇരുട്ടറ ദുരന്തം' എന്നറിയപ്പെടുന്ന വാഗൺ കൂട്ടക്കൊല. 70 പേരെയാണ് ബ്രിട്ടീഷുകാർ ചരക്കു വാഗണിൽ ശ്വാസം മുട്ടിച്ചു കൊന്നത്. 1921 നവംബർ 19 ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ ബ്രിട്ടീഷ് പട്ടാളം കോയമ്പത്തൂരിലെ ജയിലിലടക്കാൻ തിരൂരിൽ നിന്ന് റെയിൽവേയുടെ ചരക്കു വാഗണിൽ കുത്തി നിറച്ച് കൊണ്ടു പോയി. വാഗണിൽ അടക്കപ്പെട്ട നൂറോളം പേരിൽ 64 പേർ ശ്വാസം കിട്ടാതെ മരണപ്പെട്ടു. ആശുപത്രിയിൽ വെച്ച് 6 പേരും മരണപ്പെട്ടു. വണ്ടി തിരൂരിൽ നിന്ന് പുറപ്പെടും മുൻപേ ബോഗിയിൽ നിന്നും നിലവിളി ആരംഭിച്ചിരുന്നുവെങ്കിലും പട്ടാളക്കാർ തുറന്നു നോക്കിയില്ല. പോത്തന്നൂരിൽ തീവണ്ടി എത്തിയപ്പോൾ ആളനക്കമൊന്നും ഇല്ലാത്തത് കണ്ടപ്പോഴാണ് പട്ടാളം ബോഗി തുറന്നു നോക്കിയത്. പരസ്പരം പിച്ചിയും മാന്തിയും വികൃതമാക്കപ്പെട്ട മൃതദേഹങ്ങളെയാണ് ബോഗി തുറന്ന പട്ടാളക്കാർ കണ്ടത്. ഈ സംഭവങ്ങൾക്കു മുൻപും ഇത്തരം മരണങ്ങളുണ്ടായിരുന്നു. വെള്ളം കൊടുക്കാനായി വാഗൻ തുറക്കുമ്പോൾ ജീവനില്ലാത്തവരെ അതാതു സ്റ്റേഷനുകളിൽ കുഴിച്ചു മൂടാറായിരുന്നു പതിവ്. ഈ വാഗണിലെ മൃതദേഹങ്ങളുടെ ഭീകരാവസ്ഥ കണ്ട് മനസ്സലിഞ്ഞ പോത്തന്നൂരിലെ സ്റ്റേഷൻ മാസ്റ്റർ വണ്ടി തിരൂരിലേക്ക് തിരിച്ചയച്ചത് കൊണ്ട് മാത്രമാണ് ഇത് പുറംലോകമറിഞ്ഞത്. മാപ്പിളമാരെ കൂടാതെ അഞ്ചു ഹിന്ദുക്കളും ഈ വാഗണിലുണ്ടായിരുന്നുവെന്ന് ചരിത്രത്തിൽ കാണാം.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

മലബാർ സമരത്തിന്റെ പ്രധാന ഐക്കൺ ആയിരുന്നു സമര നേതാവ് കൂടിയായിരുന്ന വാരിയൻ കുന്നത്ത്. മലബാർ സമരത്തെ വിമർശിക്കുന്ന വലതുപക്ഷ സംഘടനകളും അതേ തോതിൽ തന്നെ വാരിയൻ കുന്നത്തിനേയും വിമർശിക്കാറുണ്ട്. കേവലം കവലച്ചട്ടമ്പിയും കൊള്ളക്കാരനുമാക്കിയാണ് ഇവർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചീത്രീകരിക്കാറുള്ളത്. അതിനായി അവർ സ്വീകരിക്കാറുള്ളത് വാരിയൻ കുന്നത്തിന്റെ പ്രധാന ശത്രുവായ ഹിച്ച് കോക്കിന്റെ രേഖകളാണെന്നതാണ് വിരോധാഭാസം.മലബാർ സമരത്തിലെ പ്രധാന നായകനായത് കൊണ്ട് തന്നെ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പരാമർശിക്കാതെ പോകാൻ സാധിക്കില്ല. വാരിയൻ കുന്നത്തിനെ പരാമർശിച്ചില്ലെങ്കിൽ മലബാർ സമരത്തെക്കുറിച്ചുള്ള ചരിത്രം പൂർണ്ണമായി എന്നും പറയാൻ സാധിക്കില്ല.
മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട്ടേക്ക് പോകുന്ന വഴി നെല്ലിക്കുത്തിൽ ചക്കിപ്പറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെയും കുഞ്ഞായിഷുമ്മ ഹജ്ജുമ്മയുടെയും രണ്ടാമത്തെ മകനായി 1866 ലാണ് ഇദ്ദേഹം ജനിക്കുന്നത്. കൗമാരത്തിൽ കുഞ്ഞഹമ്മദ് തൻ്റെ പിതാവിനെ അദ്ദേഹത്തിന്റെ വ്യാപാരങ്ങളിൽ സഹായിച്ചു. പിതാവിനോടും കുടുംബത്തോടും ബ്രിട്ടീഷുകാർ ചെയ്ത ക്രൂരതകൾ അദ്ദേഹത്തെ ചെറുപ്പത്തിൽ തന്നെ വേട്ടയാടിയിരുന്നു. ബ്രിട്ടീഷുകാർ കണ്ടുകെട്ടിയ സ്വത്ത് വീണ്ടെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളൊന്നും വേണ്ടത്ര വിജയിച്ചില്ല. പിതാവിന്റെ മരണം അദ്ദേഹത്തിന്റെ ജീവിതം ഉലച്ചു. ബ്രിട്ടീഷുകാരോടുള്ള വിരോധം അപ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ നീറുന്നുണ്ടായിരുന്നു. പോരാളിയുടെ മകനായത് കൊണ്ടുതന്നെ ബ്രിട്ടീഷ് ചാരന്മാർ ചെറുപ്പത്തിൽ തന്നെ വാരിയൻ കുന്നത്തിനെ നോട്ടമിട്ടു വെച്ചിരുന്നു. അദ്ദേഹത്തെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമമുണ്ടായി.
ഇത്തരം കേസുകളെ ചൂണ്ടിക്കാണിച്ചാണ് വിമർശകർ വാരിയൻ കുന്നത്തിനെ കവലച്ചട്ടമ്പിയായി ചിത്രീകരിച്ചത്. അതിനിടെ അദ്ദേഹം പ്രവാസ ജീവിതത്തിലേക്ക് ചേക്കേറുന്നുമുണ്ട്. നീണ്ട പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങി വന്ന വാരിയൻ കുന്നത്തിനെ നാട്ടിലേക്ക് കാലു കുത്താൻ ബ്രിട്ടീഷ് സേന അനുവദിച്ചില്ല. അദ്ദേഹത്തിന്റെ പ്രവാസം, തിരിച്ചു വരവ്, പോലീസ് കേസുകൾ തുടങ്ങിയ ചരിത്ര വിവരണങ്ങളിൽ ധാരാളം വൈരുദ്ധ്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു. സംഭവങ്ങൾ നടന്ന വർഷങ്ങൾ രേഖപ്പെടുത്തിയതിലാണ് ഈ വൈരുദ്ധ്യങ്ങൾ കാണപ്പെടുന്നത്. മാതാവിന്റെ ഭൂസ്വത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന കേസുകളിൽ ഇടപെട്ടതിനാൽ അക്കാലത്തെ കോൺഗ്രസ്സ് നേതാക്കളുമായി അദ്ദേഹത്തിന് ഇടപെടാനായി. ഹിച്ച് കോക്കിനെയും മഞ്ചേരി രാമനാഥയ്യരെയും അദ്ദേഹം ബന്ധപ്പെടുന്നതും ഈ കാലയളവിൽ തന്നെ. ജില്ലാ മജിസ്ട്രേറ്റായിരുന്ന സി.എ ഇൻസ് 1915 ൽ തയ്യാറാക്കിയ റിപ്പോർട്ടിൽ വാരിയൻ കുന്നത്തിനെ അടയാളപ്പെടുത്തുന്നത് 'മലബാറിലെ ഏറ്റവും അപകടകാരിയായ മനുഷ്യനാ'യാണ്. മക്കയിൽ നിന്ന് തിരിച്ചെത്തിയ ഹാജിയെ ബ്രിട്ടീഷുകാർ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാം.
ഹാജിയെ വരുതിയിലാക്കുക എന്നതായിരുന്നു ബ്രിടീഷ് തന്ത്രം. പിതാവിനെപ്പോലെ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടരുതെന്ന് അദ്ദേഹത്തെ ബ്രിട്ടീഷ് അനുകൂലികൾ ഓർമ്മിപ്പിച്ചു. അതിന് പകരമായി അവർ ഭൂമിയും സ്വത്തും വാഗ്ദാനം ചെയ്തു. ഹാജി അതെല്ലാം നിരസിച്ചു. അദ്ദേഹം ഗാന്ധിയുടെ അഹിംസാ മാർഗങ്ങളിൽ ആകൃഷ്ടനായി മഞ്ചേരി രാമയ്യരിൽ നിന്നും കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ചിരുന്നു.
1920 ഏപ്രിൽ 28 ന് നടന്ന മഞ്ചേരി സമ്മേളനത്തിൽ കുഞ്ഞഹമ്മദ് ഹാജിയുടെ സാന്നിധ്യമുണ്ടായിരുന്നു. സമ്മേളനത്തിലേക്ക് മാപ്പിളമാരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. അജയ്യനായ ദേശീയവാദിയും ഉറച്ച ഖിലാഫത്ത് അനുകൂലിയുമായിരുന്നു ഹാജിയെന്നും അദ്ദേഹം സ്വയംഭരണത്തിന് വേണ്ടിയാണ് വാദിച്ചതെന്നും എ.കെ. പിള്ള തന്റെ കോൺഗ്രസ്സും കേരളവും എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. മഞ്ചേരി സമ്മേളനത്തിന് ശേഷമാണ് കുഞ്ഞഹമ്മദ് ഹാജി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹം മഞ്ചേരിയിലെ അഭിഭാഷകനായിരുന്ന കേശവൻ നായരിൽ നിന്ന് കോൺഗ്രസ്സ് സർക്കുലറുകൾ സംഘടിപ്പിക്കുകയും അതിന്റെ പ്രസക്ത ഭാഗങ്ങൾ ഏറനാടിന്റെ കിഴക്കൻ ഭാഗങ്ങളിൽ വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തു. സായുധമായ പടപ്പുറപ്പാട് നടത്തുന്നതിന് മുൻപേ ഹാജി ഗാന്ധിജിയുടെ അഹിംസാ മാർഗങ്ങളിൽ വിശ്വസിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു. മലബാറിലെ സ്ഥിതിഗതികൾ മാറിയപ്പോൾ മാത്രമാണ് അദ്ദേഹം സായുധ സമരത്തിന് ഇറങ്ങിത്തിരിച്ചത്. തുവ്വൂരിലെ ഖിലാഫത്ത് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഹാജിക്ക് അംഗത്വം നൽകിയത് എം.പി. നാരായണ മേനോനാണ്. ആലി മുസ്ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരും എം.പി. നാരായണ മേനോനും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിന് വേണ്ടി ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ബ്രിട്ടീഷ് സർക്കാരിനെ സഹായിക്കുന്നവർ ആരായാലും അവരെ നേരിടുമെന്നും ഹാജി യോഗങ്ങളിൽ പ്രസംഗിച്ചിരുന്നു.
ഹാജിയെ ചതിയിലൂടെയാണ് ബ്രിട്ടീഷുകാർ പിടിച്ചത്. പിടിക്കപ്പെട്ടതിനു ശേഷമുള്ള വിചാരണയിൽ ഹാജിയുടെ പേരിലുള്ള 24 കുറ്റപത്രങ്ങളിലൊന്നിലും അദ്ദേഹം ഹിന്ദുക്കളെ ആക്രമിച്ചതായി പരാമർശമില്ല. പിറ്റേ ദിവസം രാവിലെ മലപ്പുറം കോട്ടക്കുന്നിന്റെ വടക്കേ ചെരിവിൽ വെച്ചാണ് പട്ടാളം വധശിക്ഷ നടപ്പിലാക്കിയത്. ശേഷം ഹാജിയുടെ മൃതദേഹവും ചരിത്രരേഖകളും ബ്രിട്ടീഷ് സൈന്യം കത്തിക്കുകയും ചെയ്തു. ഹാജിയുടെ മൃതദേഹം അടക്കം ചെയ്താൽ മാപ്പിളമാർ ആ ഖബറിനടുത്തു വന്ന് പ്രാർത്ഥിക്കുകയും ഹാജിയുടെ ഊർജ്ജത്തിൽ വീണ്ടും പോരിനിറങ്ങുമെന്നും ബ്രിട്ടീഷ് സൈന്യം മുൻകൂട്ടി മനസ്സിലാക്കിയിരുന്നു.
മലബാറിൽ നടന്നത് കർഷക സമരമായിരുന്നോ?
"നമ്മളുണ്ടാക്കുന്ന നെല്ല്
ജന്മിമാരെ തീറ്റുവാൻ
സമ്മതിക്കില്ലെന്നതാണ്
ഹേതു ഏറ്റു മുട്ടുവാൻ..."
കമ്പളത്ത് ഗോവിന്ദൻ നായർ എഴുതിയ 'ഏറനാടിൻ ധീര മക്കൾ' എന്ന കവിതയിലെ വരികളാണിത്. മലബാർ സമരം അടിസ്ഥാനപരമായി കൊളോണിയൽ വിരുദ്ധ പോരാട്ടമായിരുന്നുവെങ്കിലും അത് തൊഴിലാളി വർഗസമരം കൂടിയായിരുന്നു. ഇത് തന്നെയാണ് കമ്പളത്ത് ഗോവിന്ദൻ നായരും തൻ്റെ കവിതയിലൂടെ പറഞ്ഞുവെക്കുന്നത്. മലബാർ സമരത്തിന്റെ നിരവധി കാരണങ്ങളിലൊന്ന് പ്രദേശത്തെ ജന്മി - കുടിയാൻ ബന്ധങ്ങളിലെ അസുഖകരമായ പ്രവണതകളായിരുന്നു. ജന്മിമാരുടെ തോന്നിയ തരത്തിലുള്ള പാട്ടപ്പിരിവും ഭൂവ്യവസ്ഥകളും മലബാറിലെ കർഷകരെ പൊറുതിമുട്ടിച്ചിരുന്നു. ഇത്തരം ക്രൂരവ്യവസ്ഥകളെ ചോദ്യം ചെയ്യേണ്ട ഗവൺമെന്റ് ജന്മിമാരെ സഹായിക്കുകയും കൂടി ചെയ്തതോടെ മലബാറിലെ കർഷകർക്ക് ഒരേ സമയം ബ്രിട്ടീഷുകാരോടും ജന്മിമാരോടും പോരാടേണ്ടി വന്നു.
നൂറ്റാണ്ടുകൾ മുൻപ് തന്നെ മലബാറിലെ കർഷകർക്കിടയിലുണ്ടായിരുന്ന നിയമമായിരുന്നു 'കാണം - ജന്മി - മര്യാദ' എന്ന കർഷക നിയമം. ജന്മിയും കാണക്കാരനും കർഷകത്തൊഴിലാളിയും തമ്മിലുള്ള പൊതുധാരയായിരുന്നു ഈ നിയമത്തിനാധാരം. ഈ നിയമം വഴി ഭൂമിയിന്മേലുള്ള അധികാരം മൂന്ന് വിഭാഗത്തിനും ഏകദേശം തുല്യമായിരുന്നു. ഉത്പാദനത്തിന്റെ മൂന്നിലൊന്ന് ജന്മിക്കും കാണക്കാരനും അടുത്ത കൃഷിയിറക്കാനുള്ള ചിലവിലേക്കുമായിരുന്നു. കാണക്കാരനായിരുന്നു ഭൂമിയിന്മേലുള്ള കൈവശാവകാശം. കാണക്കാരനെ കുടിയൊഴിപ്പിക്കാനുള്ള അവകാശം ജന്മിക്കുണ്ടായിരുന്നില്ല. ഈ മര്യാദയാണ് ബ്രിട്ടീഷുകാർ അട്ടിമറിച്ചത്. ജന്മി വഴി പരമാവധി തുക നികുതിയിനത്തിൽ പിരിച്ചെടുക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിനായി നിയമങ്ങളെല്ലാം ജന്മിയെ സഹായിക്കുന്ന പാകത്തിലുള്ളതാക്കി ബ്രിട്ടീഷുകാർ മാറ്റി. നിയമത്തിന്റെ മറ പിടിച്ചും അല്ലാതെയും മാപ്പിള - കീഴാള ഹിന്ദുക്കളെ ജന്മിമാർ ദ്രോഹിച്ചു. കാണക്കാരൻ ജന്മിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അടിമപ്പെടണമെന്ന് ബ്രിട്ടീഷുകാർ നിയമമിറക്കി. ഭൂമിയിലുള്ള കാണക്കാരന്റെ അവകാശം 12 വർഷമായി വെട്ടിച്ചുരുക്കി. മാത്രമല്ല, ഈ വർഷത്തിനിടയിൽ കൂടുതൽ പണം നൽകിയാൽ ആർക്കും ഭൂമി പതിച്ചു നൽകാൻ ജന്മിക്ക് അവകാശം ലഭിക്കുന്ന 'മേൽച്ചാർത്ത്' സമ്പ്രദായവും അവർ കൊണ്ട് വന്നു. വർഷങ്ങളോളം അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണ് ഒരു സുപ്രഭാതത്തിൽ ജന്മി പിടിച്ചെടുക്കുകയും മറ്റൊരാൾക്ക് പതിച്ചു നൽകുകയും ചെയ്യുന്നത് കാണക്കാരനും കർഷകനും കണ്ടു നിൽക്കേണ്ടി വന്നു. ഈ നീതികേടിനെതിരായി കർഷക രോഷം അണപൊട്ടിയതായിരുന്നു 1800 മുതൽ 1921 വരെ നീണ്ടു നിന്ന മാപ്പിള പോരാട്ടങ്ങൾ.
ചൂഷണാധിഷ്ടിതമായ കർഷക നിയമങ്ങളായിരുന്നു മലബാറിലെ പോരാട്ടങ്ങളുടെ മുഖ്യ ഹേതു എന്ന് ബ്രിട്ടീഷുകാർ തന്നെ സമ്മതിക്കുന്നുണ്ട്. 1888 ൽ മലബാർ കലക്ടറായി പ്രവർത്തിക്കുകയും നിലവിലുള്ള കാണം - ജന്മി - മര്യാദ നിയമത്തെ പറ്റി പഠിക്കാൻ നിയോഗിക്കപ്പെടുകയും ചെയ്ത വില്യം ലോഗൻ തന്റെ റിപ്പോർട്ടിൽ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. 1865 ൽ കുടിയൊഴിപ്പിക്കപ്പെട്ട കർഷകരുടെ എണ്ണം 1856 ആയിരുന്നുവെങ്കിൽ 1880 ൽ അത് 8355 ആയി ഉയർന്നെന്നും 1906 ൽ മേൽച്ചാർത്ത് ഹരജികളുടെ എണ്ണം 2816 ആയിരുന്നത് 1911 ൽ 3407 ആയി ഉയർന്നെന്നും ലോഗൻ തൻ്റെ ഈ റിപ്പോർട്ടിൽ പ്രസ്താവിക്കുന്നുണ്ട്.
കോൺഗ്രസ്സിന്റെ മഞ്ചേരി സമ്മേളനത്തിലേക്ക് മാപ്പിളമാരെ എത്തിക്കുവാൻ വാരിയൻ കുന്നത്ത് പങ്ക് വഹിച്ചു എന്ന കാര്യം ലേഖനത്തിൽ മുൻപേ പരാമർശിച്ചതാണ്. ഏറനാട്ടിലെ മാപ്പിള കർഷകരെ കരിയും നുകവും പാളത്തൊപ്പിയും ധരിപ്പിച്ചായിരുന്നു അദ്ദേഹം പങ്കെടുപ്പിച്ചിരുന്നതെന്ന് ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലബാർ സമരത്തെ കർഷക സമരം എന്നുകൂടി വിളിക്കാം എന്നതിന് മികച്ചൊരു തെളിവായി ഈ ചരിത്ര രേഖയെ കണക്കാക്കാവുന്നതാണ്. ബ്രിട്ടീഷുകാരെ മലബാറിൽ നിന്നും തുരത്തിയോടിച്ച് സ്ഥാപിച്ച സമാന്തര ഭരണത്തിന് കീഴിൽ കുടികിടപ്പുകാരായ മുഴുവൻ കർഷകർക്കും ഭൂമിയുടെ മേൽ കുഞ്ഞഹമ്മദ് ഹാജി അവകാശം നൽകിയിരുന്നു. മലബാർ സമരത്തെ കർഷക സമരം കൂടിയായിരുന്നുവെന്ന് സമർത്ഥിക്കാൻ ചരിത്ര രേഖകൾ ഇനിയുമുണ്ടെങ്കിലും മുകളിൽ പറഞ്ഞവ മാത്രം മതിയാവും.
ഹിന്ദു വിരുദ്ധ കലാപം എന്ന വാദം ശരിയോ?
മലബാർ സമരം മുകളിൽ പറഞ്ഞ പോലെ കൊളോണിയൽ വിരുദ്ധ സമരമോ കർഷകർക്ക് വേണ്ടിയുള്ള സമരമോ അല്ലെന്നും ഇത് തീർത്തും മലബാറിലെ മുസ്ലിംകൾ ഹിന്ദുക്കൾക്ക് മേലെ നടത്തിയ വംശഹത്യാ പദ്ധതിയാണെന്നും മലബാർ കലാപ കാലത്ത് നിരവധി നിരപരാധികളായ ഹിന്ദുക്കളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടെന്നും നിരവധി ഹിന്ദു സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടെന്നും നിർബന്ധിത മതം മാറ്റത്തിന് മലബാറിലെ ഹിന്ദുക്കൾ വിധേയരായി എന്നും വർഷങ്ങളായി സംഘ് പരിവാർ സംഘടനകൾ കേരളത്തിലും കേരളത്തിന് പുറത്തും പ്രചരിപ്പിക്കുന്ന ആരോപണങ്ങളാണ്. അതുകൊണ്ടുതന്നെ മലബാർ സമരത്തെ കുറിച്ച് പറയുമ്പോൾ ആ വാദങ്ങളെ തള്ളിക്കളഞ്ഞുപോകുന്നത് ശരിയല്ല. ഇത്തരം വാദങ്ങളെ ചരിത്രങ്ങളുടെ പിൻബലത്തോടെ ശരിയായിരുന്നോ തെറ്റായിരുന്നെന്നോ പരിശോധിക്കുകയാണ് ചെയ്യേണ്ടത്.
ജന്മിമാരിൽ ഭൂരിഭാഗം പേരും ഹിന്ദുക്കളായിരുന്നു എന്ന വസ്തുതയാണ് ഈ പ്രചാരണത്തിന് ആക്കം കൂട്ടുന്നത്. എന്നാൽ, ജന്മിയുടെ മതത്തിനപ്പുറത്തേക്ക് അദ്ദേഹം കർഷകരോട് ചെയ്തിരുന്ന ക്രൂരതകളായിരുന്നു സമരപോരാളികൾ ജന്മിക്കെതിരെ പോരാടാൻ പ്രേരിപ്പിച്ചത്. ഏറനാട് - വള്ളുവനാട് താലൂക്കുകളിലെ 292 ജന്മിമാരിൽ 280 പേരും സവർണ്ണ ഹിന്ദുക്കളായിരുന്നുവെന്ന് ലോഗനെ ഉദ്ധരിച്ചു കൊണ്ട് കോൺറാഡ് വുഡ് തൻ്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സവർണ്ണ ഹിന്ദു ജന്മിമാരെ നേരിട്ട പോലെ ബ്രിട്ടീഷ് സേനയെ സഹായിച്ച മാപ്പിള ജന്മിമാരെയും ബ്രിട്ടീഷുകാർക്ക് വിടുവേല ചെയ്ത മുസ്ലിംകളേയും സമര പോരാളികൾ നേരിട്ടിരുന്നു. അതിൽ പ്രധാനിയാണ് ആനക്കയം ഖാൻ ബഹദൂർ ചേക്കുട്ടി ഇൻസ്പെക്ടർ.
മലബാർ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ചവരിൽ മാപ്പിളമാർക്ക് പുറമേ ഹിന്ദുക്കളുമുണ്ടായിരുന്നു. ബെല്ലാരിയിലെ ജയിലിൽ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്, ഇ. മൊയ്തു മൗലവി എന്നിവർക്കൊപ്പം മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് കൂടിയുണ്ടായിരുന്നു. ഹിന്ദു എന്നതിനപ്പുറത്തേക്ക് ഉയർന്ന ജാതിയിൽ പെട്ട ഇദ്ദേഹത്തെ പോലുള്ളവർ അന്ന് മലബാർ സമരത്തിന്റെ പേരിൽ ജയിൽവാസം അനുഷ്ടിച്ചിട്ടുണ്ടെങ്കിൽ മലബാർ സമരം ഒരു ഹിന്ദു വിരുദ്ധ കലാപമല്ലായിരുന്നു എന്നത് ലളിതമായി മനസ്സിലാക്കാവുന്നതാണ്.
1921 സെപ്റ്റംബറിൽ മലബാർ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ഇ. എഫ്. തോമസ് മദ്രാസ് ഗവണ്മെന്റ് ചീഫ് സെക്രട്ടറിക്ക് 46 പോരാളികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഒരു കത്തയച്ചത് ടോട്ടൻഹാം തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. അതിൽ മലബാർ സമരത്തിലെ മുസ്ലിം നേതാക്കളെ കൂടാതെ അവർക്കുള്ള സമാന ചാർജുകൾ ഏർപ്പെടുത്തിയ മൂന്ന് ഹിന്ദുക്കളെയും കാണാനാകും. മുതൽപുരേടത്ത് നാരായണ മേനോൻ, മണ്ണാർക്കാട് ഇളയ നായർ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് എന്നിവരാണവർ. മലബാർ സമര നേതാക്കൾ സായുധ വിപ്ലവത്തിന് ഔദ്യോഗിക തീരുമാനമെടുക്കാൻ കൂടിച്ചേർന്നത് പാണ്ടിക്കാട് വളരാടുള്ള പാണ്ടിയാട് നമ്പീശൻമാരുടെ തെക്കേക്കളം തറവാട്ടിലായിരുന്നു. നാരായണൻ നമ്പീശനായിരുന്നു ഈ യോഗത്തിന്റെ അധ്യക്ഷൻ. പറമ്പോട്ട് അച്യുതൻ കുട്ടി മേനോൻ, പൂന്താനം രാമൻ നമ്പൂതിരി, പാണ്ടിയാട് ഉണ്ണികൃഷ്ണൻ നമ്പീശൻ, കപ്പാട്ട് കൃഷ്ണൻ നായർ തുടങ്ങിയവരും ഈ യോഗത്തിലുണ്ടായിരുന്നു. സമരകാലത്ത് പോരാളികളെ അകമഴിഞ്ഞ് സഹായിച്ചവരുടെ കൂട്ടത്തിലെ പ്രധാനിയാണ് വൈദ്യരത്നം പി എസ് വാരിയർ.
പോലീസിന്റെ ദ്രോഹം സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ അക്രമരാഹിത്യ വ്രതം വെടിഞ്ഞ് അക്രമത്തെ അക്രമം കൊണ്ട് നേരിടാൻ നാട്ടുകാരുറച്ചു എന്ന് കെ. പി. കേശവമേനോൻ തന്റെ ആത്മകഥയായ 'കഴിഞ്ഞ കാലം' എന്ന കൃതിയിൽ പരാമർശിക്കുന്നുണ്ട്. പട്ടാളക്കാരെ നേരിടാൻ ആയുധവും സമരക്കാർക്ക് ഭക്ഷണവും ഹിന്ദുക്കൾ നൽകിയിരുന്നു. മണ്ണാർക്കാട്, ചെർപ്പുളശേരി,പെരിന്തൽമണ്ണ തുടങ്ങിയ പ്രദേശങ്ങളിൽ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരിക്കുന്നത് പ്രദേശത്തെ ഹിന്ദുക്കൾ തന്നെയായിരുന്നു എന്ന് കെ. എൻ. പണിക്കർ തന്റെ ചരിത്ര കൃതിയായ 'Against Lord & State' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
തെക്കേക്കളം യോഗത്തെ കുറിച്ച് മുകളിൽ സൂചിപ്പിച്ചിരുന്നു. പ്രസ്തുത യോഗത്തിൽ യോഗതീരുമാനങ്ങൾ എഴുതി തയ്യാറാക്കിയത് കാപ്പാട് കൃഷ്ണൻ നായരാണ്. ഹിന്ദുക്കളിൽ നിന്ന് അഭിപ്രായ വ്യത്യാസമുണ്ടാകുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനവും ഖിലാഫത്ത് പ്രവർത്തകരിൽ നിന്നുണ്ടാകരുതെന്നും അസ്വസ്ഥതയും ഭയവും നിലനിൽക്കുന്ന ഈ കാലയളവിൽ ആരെയും ഇസ്ലാം മതത്തിലേക്ക് ചേർക്കാൻ പാടില്ലെന്നും യോഗ തീരുമാനങ്ങളിലുണ്ടായിരുന്നു. ജാതിഭേദമന്യേ സ്ത്രീകളെയും പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളെയും സമരത്തിനിറക്കരുതെന്നും ജാതിഭേദമന്യേ ഏതൊരു സ്ത്രീയെയും മാനഭംഗപ്പെടുത്തുന്നതും ഒറ്റുകാരാക്കുന്നതും വധശിക്ഷ വരെ ലഭിക്കാനുള്ള കാരണമാകുമെന്നും യോഗ തീരുമാനങ്ങളിൽ കാണാവുന്നതാണ്. കളവ് നടത്തുന്നവരുടെ കൈവിരലും, കൊള്ള ചെയ്യുന്നവരുടെ വലതു കൈയും മുറിക്കുമെന്നും ജന്മിമാർക്ക് നൽകേണ്ട എല്ലാ പാട്ട കുടിശ്ശികയും റദ്ദാക്കിയിരിക്കുന്നുവെന്നും യോഗതീരുമാനങ്ങളിലുണ്ടായിരുന്നു.
മലബാർ സമരത്തിൽ ജന്മിമാരായ ഹിന്ദുക്കൾ മാത്രമായിരുന്നില്ല കൊല്ലപ്പെട്ടിരുന്നത്. ബ്രിട്ടീഷ് അനുകൂലികളായ മാപ്പിളമാരും സമരക്കാരുടെ ആയുധങ്ങൾക്കിരയായിരുന്നു. പന്തല്ലൂർ മുടിക്കോട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ഐദ്രോസിനെ ഖിലാഫത്തുകാർ വധിച്ചു. അത് പോലെ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള സകല വിവരങ്ങളും ബ്രിട്ടീഷുകാർക്ക് ചോർത്തിയ തൊണ്ടിയിൽ ഐദ്രു ഹാജിയും കൊല്ലപ്പെട്ടിട്ടുണ്ട്.
മലബാർ സമരം ഒരിക്കലും ഹിന്ദു -മുസ്ലിം പോരാട്ടമായിരുന്നില്ല എന്നതിന് തെളിവായി ചരിത്രകാരന്മാർ എടുത്തുകാട്ടുന്ന ഏറ്റവും വലിയ സംഭവമാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മഞ്ചേരി പ്രഖ്യാപനം. മഞ്ചേരിയിൽ തനിക്ക് ചുറ്റും കൂടിയ ജനങ്ങളോടായി ഹാജി പറഞ്ഞു: "ഏറനാട്ടുകാരെ, നമ്മൾ കഷ്ട്ടപ്പെട്ടിരിക്കുന്നു, അന്യരുടെ ചൊൽപ്പടിക്ക് നിൽക്കുന്നവരായിത്തീർന്നിരിക്കുന്നു. ബ്രിട്ടീഷ് ഗവൺമെന്റാണിതിന് കാരണം. അതിനെ നമുക്ക് ഒടുക്കണം. ഞാൻ ഇന്നലെ ഒരു വിവരമറിഞ്ഞു. ഇത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള യുദ്ധമാണെന്ന് പുറംരാജ്യങ്ങളിൽ പറഞ്ഞു പരത്തുന്നുണ്ടത്രേ. വെള്ളക്കാരും അവരുടെ സിൽബന്ദികളായ ആനക്കയം ചേക്കുട്ടിയെപ്പോലുള്ളവരും, പടച്ചവന്റെ സൃഷ്ടിയെ നാലു ജാതിയാക്കിത്തിരിച്ച് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞു വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരേയും അടിമകളാക്കിയ ജന്മിമാരും ചേർന്നാണ് ഇങ്ങനെ പറഞ്ഞു നടക്കുന്നത്. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാൽ ബ്രിട്ടീഷുകാരെ സഹായിക്കുന്നവരെ മതം നോക്കാതെ ശിക്ഷിക്കും. ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്.
അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിക്കുകയോ സ്വത്ത് കവരുകയോ ചെയ്താൽ ഞാൻ അവരെ ശിക്ഷിക്കും. ഇത് മുസൽമാൻമാരുടെ രാജ്യമാക്കാൻ എനിക്കാഗ്രഹമില്ല." വാരിയൻ കുന്നത്ത് എത്രത്തോളം മതമൈത്രി കാത്തുസൂക്ഷിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഈ മഞ്ചേരി പ്രഖ്യാപനം തന്നെ ധാരാളം.
രവീന്ദ്ര നാഥ് ടാഗോറിന്റെ സഹോദര പുത്രൻ സൗമ്യേന്ദ്രനാഥ ടാഗോർ തന്റെ പുസ്തകത്തിൽ മലബാർ സമരത്തെ കുറിച്ചുള്ള ഇത്തരം പൊള്ളയായ വാദങ്ങളെ എതിർക്കുന്നുണ്ട്. മലബാർ സമരത്തിൽ ഒരു ഹിന്ദുവും ഹിന്ദു ആണെന്ന കാരണത്താൽ കൊല്ലപ്പെട്ടിട്ടില്ലെന്നും കൊല്ലപ്പെട്ടവരൊക്കെ ഗവണ്മെന്റിന്റെ മൂടുതാങ്ങികളായിരുന്നുവെന്നും അദ്ദേഹം മലബാർ സമരവുമായി ബന്ധപ്പെട്ട തന്റെ കൃതിയിൽ അഭിപ്രായപ്പെടുന്നുണ്ട്. മലബാറിൽ നടന്നത് ഹിന്ദുക്കളും മുഹമ്മദീയരും തമ്മിലുള്ള കലാപമല്ലായിരുന്നുവെന്നും ഹിന്ദുക്കളെ പിടിച്ച് ഇസ്ലാം മതത്തിൽ ചേർത്തിട്ടില്ലെന്നും സമരത്തിന്റെ മൂല കാരണം ജന്മി വിരോധവും കുടിയാൻ പക്ഷപാതവുമായിരുന്നെന്നും സമരങ്ങൾക്കിടെ മാപ്പിളമാർ കുടിയാന്മാരായ ഹിന്ദുക്കളെ സഹായിച്ചിരുന്നുവെന്നും ബാരിസ്റ്റർ എ.കെ പിള്ള തൻ്റെ 'കേരളവും കോൺഗ്രസ്സും' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്. ഇതിന് ആധാരമായി അദ്ദേഹം പറയുന്നത് ബ്രാഹ്മണ കുടുംബത്തിൽ പെട്ട ഒരു ഗർഭിണിക്ക് പ്രസവത്തിനുള്ള ചെലവ് ഖിലാഫത്തുകാർ നൽകുകയും അവർക്ക് യാതൊരു അപകടവും പറ്റാതെ ഖിലാഫത്തുകാർ അവരെ അവരുടെ കുടുംബ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു എന്ന ഒരു കാര്യമാണ്.
ലഹള ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാനാഗ്രഹിക്കുന്ന ഹിന്ദുക്കൾക്ക് സംരക്ഷണം നൽകി അവരെ മാറ്റിപ്പാർപ്പിക്കുവാനും പോകാനിഷ്ടമില്ലാത്തവർക്ക് അവരുടെ വസതികളിൽ സംരക്ഷണം നൽകുവാനും ആലിമുസ്ലിയാർ തീരുമാനിച്ചിരുന്നു. തിരൂരങ്ങാടിയിലെ കുപ്രാട്ട് നായർ തറവാടും നന്ദപ്രയിലെ പൂഴിക്കൽ നായർ തറവാടും കുതിരപ്പുറം പണിക്കരുടെ തറവാടും ഇങ്ങനെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടായിരുന്നു.
മലബാർ സമരത്തിൽ മാപ്പിളമാർ ഹിന്ദുക്കളെ കൊന്നതായാണ് വിമർശകർ എടുത്തു കാട്ടാറുള്ളത്. പക്ഷെ, സമരത്തിൽ ബ്രിട്ടീഷുകാർ കൊന്ന ഹിന്ദുക്കളെ ഇവർ സൗകര്യപൂർവം മറന്നു പോകുന്നു. പുളിക്കലിൽ പട്ടാളം തേർവാഴ്ച്ച നടത്തുന്ന സമയത്ത് മാപ്പിളമാരാണെന്ന് വിചാരിച്ച് മൊട്ടത്തലയന്മാരായ 20 ദളിത് വിഭാഗക്കാരെ പട്ടാളം വെടിവെച്ച് കൊന്നിട്ടുണ്ട്. കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെ നിന്ന ദളിതനായ താമിയുടെ ഭാര്യയെയും മൂന്നു മക്കളെയും പട്ടാളം വെടിവെച്ച് കൊന്നു എന്നാണ് പറയപ്പെടുന്നത്. ഇതൊന്നും കൂടാതെ നൂറുകണക്കിന് ഹിന്ദുക്കൾ മാപ്പിളമാരോടൊപ്പം രക്തസാക്ഷിത്വം വരിച്ചിട്ടുമുണ്ട്.
മലബാർ സമര വിമർശകർ ഇതൊരു ഹിന്ദു വംശഹത്യയായായിരുന്നുവെന്ന് സമർത്ഥിക്കാൻ ഉദ്ധരിക്കുന്ന കാര്യമാണ് ഹിന്ദുക്കളെ തല വെട്ടി കൊന്നുതള്ളിയ തുവ്വൂർ കിണർ. ഇതിന്റെ യാഥാർഥ്യങ്ങളിലേക്ക് കടന്നുചെല്ലാതെ ഈ ഭാഗം അവസാനിപ്പിക്കാനാവില്ല. പട്ടാളമെത്തിയതോടെ ഇവർക്ക് മാപ്പിളമാരുടെ ഒളിസങ്കേതങ്ങളും വീടുകളും കാണിച്ചുകൊടുക്കാൻ ചില സവർണ ഹിന്ദുക്കളും മാപ്പിളമാരിൽ പെട്ട ചിലരുമുണ്ടായിരുന്നു. അങ്ങനെ പട്ടാളം മാപ്പിളമാരെ വെടി വെച്ച് കൊല്ലുകയും അവരുടെ വീടുകൾ തീയിടുകയും ചെയ്തു. വെടിയേറ്റ മാപ്പിളമാരുടെ മൃതദേഹങ്ങൾ മറവ് ചെയ്യാൻ പോലും പട്ടാളം അനുവദിച്ചില്ല. ഒറ്റുകാരെ ശിക്ഷിക്കാൻ പ്രദേശത്തെ അധികാരി ചെമ്പ്രശ്ശേരി തങ്ങൾ തീരുമാനിച്ചു. കുറ്റക്കാരെന്ന് സംശയിക്കുന്ന നിരവധി പേരെ വളണ്ടിയർമാർ പിടിച്ചു കൊണ്ടുവരികയും അതിൽ 36 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ബാക്കിയുള്ളവരെ വെറുതെ വിടുകയും ചെയ്തു. ഇവരെ ഗളഛേദം ചെയ്ത ശേഷം തൊട്ടടുത്ത കിണറിൽ തള്ളി. വധശിക്ഷക്ക് വിധേയരായവരിൽ 2 പേർ മുസ്ലിംകളുമുണ്ടായിരുന്നു. മതം നോക്കിയല്ല ഇവരെ ശിക്ഷിച്ചതെന്ന് ഇതിൽ നിന്നും വ്യക്തം. എന്നാൽ വാരിയൻ കുന്നത്തിനെ പോലുള്ളവർ ഈ സംഭവം അറിഞ്ഞിരുന്നില്ല എന്നതാണ് ചരിത്രകാരന്മാർ പറയുന്നത്. വധശിക്ഷ നടപ്പാക്കിയ ശേഷമാണ് വാരിയൻ കുന്നത്തും ചെമ്പ്രശ്ശേരി തങ്ങളും ഈ വിവരം അറിയുന്നതെന്നും, അറിഞ്ഞ ഉടൻ തന്നെ കൃത്യം നടത്തിയവരെ അദ്ദേഹം വിളിപ്പിച്ചുവെന്നും ഖിലാഫത്ത് ഭരണാധികാരികളുടെ അനുവാദമില്ലാതെ ഇത്തരം കേസ് വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കിയതിന് പുല്ലാടൻ കുഞ്ഞിക്കമ്മു മുതൽ ഏഴ് പേർക്ക് 25 അടി വീതം ശിക്ഷ നടപ്പാക്കിയെന്നും എ.കെ. കോഡൂർ തൻ്റെ ചരിത്ര കൃതിയായ 'ആംഗ്ലോ - മാപ്പിള യുദ്ധ'ത്തിൽ പരാമർശിക്കുന്നുണ്ട്.
മലബാർ സമരത്തിനെതിരെ വരുന്ന മറ്റു രണ്ടു അപശബ്ദങ്ങൾ കുമാരനാശാന്റെ 'ദുരവസ്ഥ' എന്ന കൃതിയും അംബേദ്കറിന്റെ റിപ്പോർട്ടുകളുമാണ്. സംഭവം നടക്കുമ്പോൾ കുമാരനാശാൻ തിരുവിതാംകൂറുകാരാനാണ്. തിരുവിതാംകൂറും മലബാറും രണ്ട് രാജ്യങ്ങളാണ്. ഇന്നത്തെപ്പോലെ എളുപ്പത്തിൽ വാർത്തകൾ അറിയാനുള്ള സംവിധാനങ്ങളൊന്നും അന്നില്ല. വാമൊഴിയായും കേട്ടുകേൾവിയായും മാത്രമാണ് നാട്ടുകാർ വാർത്തകളറിഞ്ഞിരുന്നത്. അങ്ങനെയുള്ള വാർത്തകൾ ഓരോരോരുത്തരുടെ ചെവിയിൽ എത്തുമ്പോഴും അതിൽ അവരുടേതായ കൂട്ടലും കുറക്കലുമുണ്ടാകും.
ഞൊടിയിടയിൽ വാർത്ത അറിയാൻ സാങ്കേതിക വിദ്യകളുള്ള ഇന്നത്തെ കാലത്തും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന തലവേദന നമുക്കറിയാമല്ലോ. അപ്പോൾ അന്നത്തെ കാലത്തെ വ്യാജവാർത്തകളെ കുറിച്ച് പറയേണ്ടതില്ലല്ലോ. കുമാരനാശാൻ കേട്ടിരുന്നത് സമരത്തെ ഭയന്ന് മലബാറിൽ നിന്ന് ഓടിപ്പോയ സവർണ ജന്മിമാരുടെ കൈയിൽ നിന്നാകാം. അവർ ഒരിക്കലും തങ്ങൾക്കെതിരെ നടക്കുന്ന സമരത്തെ അനുകൂലിച്ച് പറയില്ലെന്ന് ഊഹിക്കേണ്ട കാര്യമേയുള്ളൂ. അങ്ങനെയാണ് കുമാരനാശാൻ ആ കവിത എഴുതുന്നത്. പക്ഷെ ഈ കവിത എഴുതിയതിന് ശേഷം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന കാര്യം മലബാറിൽ നിന്നുള്ള ചില പ്രമുഖർ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹത്തിന് താൻ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മനസ്സിലായിരുന്നെന്നും യഥാർത്ഥ സംഭവങ്ങളെ കുറിച്ച് മറ്റൊരു കവിത എഴുതിയിരുന്നെന്നും അത് പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപേയാണ് അദ്ദേഹം ബോട്ടപകടത്തിൽ പെട്ട് മരണപ്പെട്ടതെന്നും പറയപ്പെടുന്നുണ്ട്. മലബാർ സമരത്തെ വിമർശിച്ചെഴുതിയ വ്യക്തികളിൽ പ്രധാനിയായിരുന്നു അംബേദ്കർ. അംബേദ്കർ ഒരിക്കലും സംഭവസ്ഥലം സന്ദർശിച്ചായിരുന്നില്ല തൻ്റെ റിപ്പോർട്ടുകൾ എഴുതിയിരുന്നത്. തൻ്റെ റിപ്പോർട്ടുകൾക്ക് താൻ റഫർ ചെയ്തിട്ടുള്ളത് അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ രേഖകളാണെന്ന് ആ റിപ്പോർട്ടിൽ തന്നെ അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ രേഖകളിൽ മലബാർ സമരത്തെ കുറിച്ച് എത്രത്തോളം ശരിയായ വസ്തുതയുണ്ടായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
മലബാർ സമരത്തെ വർഗീയ ലഹളയാക്കി ചിത്രീകരിക്കാൻ വിമർശകർ ഉപയോഗിക്കുന്ന അടുത്ത വാദം ഇത് തുർക്കി ഖിലാഫത്തിനോട് അനുകമ്പ പുലർത്തി മാപ്പിളമാർ നടത്തിയ ലഹളയാണെന്നും അല്ലാതെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടിയായിരുന്നില്ല എന്ന കാര്യമാണ്. മൗലാനാ ഷൗക്കത്തലിയുടെ ഖിലാഫത്ത് പ്രസ്ഥാനം തുടക്കത്തിൽ മലബാറിലെ സംഭവ വികാസങ്ങളിൽ ഇടപെടുന്നുണ്ടെങ്കിലും തുർക്കി ഖിലാഫത്ത് അട്ടിമറിച്ചതിൽ ബ്രിട്ടീഷുകാരോട് മാപ്പിളമാർ പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും അന്നൊക്കെ അഹിംസാ മാർഗങ്ങളിലൂന്നിയായിരുന്നു അവർ സമരം നയിച്ചത്. പാവപ്പെട്ട കർഷകരെയും ഖിലാഫത്ത് നേതാക്കളെയും പട്ടാളം ആക്രമിച്ചപ്പോൾ മാത്രമാണ് അവർ നിവൃത്തിയില്ലാതെ സായുധ സമരത്തിന് മുന്നോട്ട് വന്നത്. അപ്പോഴേക്കും തുർക്കി ഖിലാഫത്ത് വിട്ട് വെള്ളക്കാരെ നാട്ടിൽ നിന്ന് ഓടിക്കലും ജന്മിമാരുടെ ക്രൂരത അവസാനിപ്പിക്കലുമായിരുന്നു സമരക്കാർ തങ്ങളുടെ പ്രഥമ ലക്ഷ്യമാക്കി വെച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇതിനെ വർഗീയ ലഹളയാക്കി കാണാൻ സാധിക്കില്ല. അങ്ങനെയെങ്കിൽ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കസംഭവത്തെ തന്നെ വർഗീയ ലഹളയാക്കി കാണേണ്ടിവരും. അന്ന് സൈനിക ക്യാമ്പിൽ ഉപയോഗിച്ചിരുന്ന വെടിയുണ്ടയിൽ പുരട്ടിയ നെയ്യ് പശുവിന്റേതാണോ പന്നിയുടേതാണോ എന്ന കാര്യത്തിൽ നിന്നായിരുന്നല്ലോ സമരം ആരംഭിച്ചിരുന്നത്.
ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങൾ മലബാർ സമരത്തിൽ നടന്നിട്ടുണ്ടെന്ന് ചരിത്രകാരന്മാർ വരെ സമ്മതിക്കുന്നുണ്ട്. വാരിയൻ കുന്നത്താണെന്ന് പറഞ്ഞു വീടുകളിൽ കയറി വീട് കൊള്ളയടിക്കുന്ന ചില കൊള്ളക്കാർ അന്നുണ്ടായിരുന്നു. അന്നത്തെ ആളുകൾ വാരിയൻ കുന്നത്ത് എന്ന ധീരനെ കുറിച്ച് കേൾക്കുമെന്നല്ലാതെ അദ്ദേഹത്തെ എല്ലാരും നേരിൽ കണ്ടിരുന്നില്ല. ഇന്നത്തെ പോലെ ഒരു നേതാവിനെ കാണാൻ സോഷ്യൽ മീഡിയകളോ വീഡിയോ പ്രസംഗങ്ങളോ അന്നുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ ഈ അവസരം പല സാമൂഹ്യ ദ്രോഹികളും നന്നായി ഉപയോഗപ്പെടുത്തിയിരുന്നു. മാത്രമല്ല, മലബാർ സമരത്തെ വർഗീയ ലഹളയാക്കി ചിത്രീകരിക്കാൻ വേണ്ടി ബ്രിട്ടീഷുകാർ തങ്ങളുടെ കീഴിലുള്ള ഖാൻ ബഹദൂർമാരെ ചുമതലപ്പെടുത്തുകയും അവർ ഖിലാഫത്തുകാരാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ഭവനങ്ങളിൽ കൊള്ള നടത്തുകയും ചെയ്തിരുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അധികാരത്തിലേറിയപ്പോൾ ആദ്യം തന്നെ ചെയ്തത് ഇത്തരക്കാരെ അടിച്ചൊതുക്കുക എന്നതായിരുന്നു. അക്രമകാരികളിൽ നിന്ന് തൻ്റെ ഇല്ലത്തിന് ഖിലാഫത്തുകാർ കാവൽ നിന്നിരുന്നുവെന്ന് ഇഎംഎസ് തൻ്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. മലബാർ സമരം ഒരിക്കലും ഹിന്ദുവിരുദ്ധ കലാപമല്ലെന്ന് പറഞ്ഞു വാരിയൻ കുന്നത്ത് ഹിന്ദു ദിനപത്രത്തിന് അന്ന് കത്തയച്ചിരുന്നു. ഈയിടെ ഹിന്ദു ദിനപത്രം അത് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
മലബാർ സമരത്തിൽ പങ്കെടുത്തിരുന്നത് മാപ്പിളമാർ മാത്രമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇതിനെ മാപ്പിള ലഹള, മാപ്പിള സമരം എന്ന് വിളിക്കുന്നത് തന്നെ നീതികേടാണ്. ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും ഹിന്ദുക്കളായത് കൊണ്ട് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി കണക്കാക്കുന്നില്ല, സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ഗാന്ധി ഒരു ഹിന്ദു ആയിരുന്നത് കൊണ്ട് ആ സമരത്തെ ഒരു ഹിന്ദു സമരമായും പറയുന്നില്ല.
മലബാർ സമരത്തിന്റെ അനന്തര ഫലങ്ങൾ
ഇന്ത്യയിൽ ബ്രിട്ടീഷുകാർ തോറ്റോടുകയും 6 മാസമെങ്കിലും സ്വദേശികൾ ഭരണം കൈയാളുകയും ചെയ്ത ഏക സ്ഥലം മലബാറായിരുന്നു. ഇത് ബ്രിട്ടീഷുകാർക്ക് വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ മലബാറിൽ വലിയൊരു തിരിച്ചടിക്ക് പട്ടാളം പ്ലാനിട്ടിരുന്നു. അങ്ങനെ വലിയൊരു തിരിച്ചടിയാണ് അവർ മാപ്പിളമാർക്ക് നൽകിയത്. മലബാറിലെങ്ങും അവർ ഗൂർഖ പട്ടാളത്തെ ഇറക്കി. ഇവർ മാപ്പിളമാരെ വെടിവെച്ചു കൊന്നു. മാപ്പിളയാണെങ്കിൽ അദ്ദേഹം മലബാർ സമരത്തെ അനുകൂലിക്കുന്നുണ്ടോ എന്ന് പോലും നോക്കാതെ വെടിവച്ചിട്ടു. മുസ്ലിം വീടുകൾ കൊള്ള ചെയ്ത് അഗ്നിക്കിരയാക്കി. സ്ത്രീകളെ ബലാൽസംഗം ചെയ്തുകൊന്നു. കുട്ടികളെയും വൃദ്ധരെയും വരെ വെറുതെവിട്ടില്ല.
ബ്രിട്ടീഷുകാരുടെ കണക്കു പ്രകാരം 2339 മാപ്പിളമാരാണ് കൊല്ലപ്പെട്ടത്. 1652 പേർക്ക് പരിക്കേറ്റു. 5955 പേരെ പിടികൂടുകയും 39348 പേർ കീഴടങ്ങുകയും ചെയ്തു. അനൗദ്യോഗിക കണക്കുകൾ പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം അൻപതിനായിരമാണ്. പതിനായിരത്തിലധികം പേരെ കാണാതായി. ഇരുപതിനായിരത്തോളം പേരെ ആന്തമാനിലേക്കും മറ്റും നാട് കടത്തി.
സമരശേഷം മലബാറിൽ മൊത്തം ദാരിദ്ര്യവും പട്ടിണിയുമായിരുന്നു. വീടുകളിലെ പുരുഷന്മാർ കൊല്ലപ്പെടുകയോ നാട് കടത്തപ്പെടുകയോ ചെയ്തതിനാൽ നിത്യവൃത്തിക്ക് പോലും പണമില്ലാതെ കുടുംബങ്ങൾ മാറി. മലബാറിലെ ജനങ്ങളുടെ അവസ്ഥ കേട്ട് അവരെ സഹായിക്കാൻ പണവും വസ്ത്രവുമായി തമിഴ്നാട്ടിൽ നിന്നും വന്ന മുസ്ലിം ലീഗ് നേതാവ് ബി. പോക്കർ സാഹിബ് മലബാറിലുടനീളം സഞ്ചരിച്ചിരുന്നുവെന്നും മലബാറിൽ മുസ്ലിം ലീഗിന് കാര്യമായ വേരോട്ടം സൃഷ്ടിക്കാൻ ഇത് കാരണമായിട്ടുണ്ടെന്നും മുസ്ലിം ലീഗ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുന്നുണ്ട്.
മലബാർ സമരം മലബാറിലെ ജനങ്ങളെ ഒരു നൂറ്റാണ്ട് പിറകോട്ടടിപ്പിച്ചു എന്ന ഒരു വിമർശനം കേൾക്കാറുണ്ട്. ചില കാര്യങ്ങളിൽ അത് ശരിയാണ്. വൈദേശിക ശക്തികളോട് പോരാടിയ മലബാറുകാർക്ക് അവരുടെ തൊഴിലും സമ്പത്തും ജീവിതവും നഷ്ടമായി. വിദ്യാഭ്യാസ കാര്യങ്ങളിൽ ഈ കാര്യം കൊണ്ട് തന്നെ ശ്രദ്ധ ചെലുത്തിയില്ല. മാത്രമല്ല, വെള്ളക്കാരോടുള്ള ദേഷ്യം മൂലം അവർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെയും ആധുനിക വിദ്യാഭ്യാസത്തെയും എതിർത്തു. അതുകൊണ്ടുതന്നെ അവർ സാമൂഹികപരമായും സാംസ്കാരികപരമായും വളരെ പിന്നിലായി. വൈദേശിക ശക്തികളോട് തുറന്ന പോരിന് നിൽക്കാതെ ജീവിച്ച തിരുവിതാംകൂർ മേഖലയിലെ ജനങ്ങളുടെ ജീവിതം സാമാന്യം ബേധപ്പെട്ടതായിരുന്നു. ഇന്നും മലബാറും തിരുവിതാംകൂറും തമ്മിൽ ആ വ്യത്യാസം പ്രകടമായി കാണാനാകും. വലിയൊരു പിന്നോക്കാവസ്ഥയിൽ നിന്നും പിന്നീട് മലബാറുകാരെ രക്ഷിച്ചത് ഗൾഫ് മേഖലയിലെ തൊഴിൽ സാധ്യതകളാണ്.
മലബാർ സമരത്തെ ചില മുസ്ലിം സംഘടനകൾ അംഗീകരിച്ചിരുന്നില്ല. അവരിൽ ഇപ്പോഴും ചിലർ അംഗീകരിക്കുന്നുമില്ല. മലബാർ സമരം ഈ പ്രദേശത്തെ മുസ്ലിംകളെ സാമ്പത്തികമായും വിദാഭ്യാസപരമായും സാംസ്കാരികപരമായും പിന്നോട്ടടിച്ചു എന്ന കാരണം കൊണ്ട് തന്നെയാണ് അവരും ഇതിനെ അനുകൂലിക്കാത്തത്. എങ്കിലും ഇതൊരു സാമ്രാജ്യത്വ വിരുദ്ധ സമരമായിരുന്നു എന്നതിൽ അവർക്കാർക്കും അഭിപ്രായ വ്യത്യാസമില്ല. മലബാർ സമരത്തെ അന്നത്തെ ഓൾ ഇന്ത്യ മുസ്ലിം ലീഗ് നേതാവ് മുഹമ്മദലി ജിന്നയും അനുകൂലിച്ചിരുന്നില്ല. ഈ സമരം അത്യന്തം മലബാറിലെ മുസ്ലിംകൾക്ക് നഷ്ടം വരുത്തിവെക്കുമെന്നും കോൺഗ്രസ്സ് മുസ്ലിംകളെ തീ കുഴിയിലേക്ക് ചാടിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
മലബാർ സമരത്തോട് ചരിത്രം ചെയ്തത്
മലബാർ സമരത്തെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നത് അക്കാലത്ത് ഏറിയ പങ്കും ബ്രിട്ടീഷുകാരും സവർണ ജാതിക്കാരുമായിരുന്നു. തങ്ങൾ പരാജയപ്പെട്ടത് കൊണ്ട് തന്നെ ബ്രിട്ടീഷ് രേഖകളിലധികവും മലബാർ സമരത്തെ അവർ വർഗീയ ലഹളകളാക്കി ചിത്രീകരിച്ചു. മലബാർ സമരം സവർണ ജന്മിമാർക്ക് നേരെയായിരുന്നതിനാൽ സവർണ എഴുത്തുകാരും ഇതിനെ ഒരു വർഗീയ ലഹളയാക്കി വളച്ചൊടിച്ചു. മലബാർ സമരത്തെ കുറിച്ച് സത്യസന്ധമായി എഴുതപ്പെട്ടിട്ടുള്ളത് ചുരുക്കം ചില പേരാണ്. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും പിന്നോട്ടടിച്ച അന്നത്തെ മാപ്പിളമാർ തങ്ങളുടെ ചരിത്രം എഴുതാനും മുന്നിട്ടിറങ്ങിയില്ല.
ബ്രിട്ടീഷ് രേഖകളിലും, നമ്മുടെ ചരിത്ര പുസ്തകങ്ങളിലും മലബാർ സമരത്തെ മാപ്പിള ലഹള, മലബാർ കലാപം, മാപ്പിള കലാപം, മാപ്പിള പൊട്ടിത്തെറി, മലബാർ കുഴപ്പങ്ങൾ എന്നിങ്ങനെയൊക്കെയാണ് ഈ അധിനിവേശ വിരുദ്ധ പോരാട്ടത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. കലാപം എന്ന വാക്കിന് പലപ്പോഴും സാമുദായിക വർഗീയ സംഘർഷം എന്നർത്ഥം വരുന്നതിനാൽ ഈ പദം പലപ്പോഴും തെറ്റിദ്ധാരണകൾക്ക് വഴിവെക്കുന്നുണ്ട്. മാത്രമല്ല, മഹത്തായ ഒരു വിപ്ലവത്തോട് ചരിത്രകാരന്മാർ ചെയ്ത നെറികേട് കൂടിയാണിത്. വാഗൺ കൂട്ടക്കൊലയുടെ അവസ്ഥയും ഇത് തന്നെ. ഇതിനെ വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്നാണ് ചരിത്രത്തിൽ വിശേഷിപ്പിച്ചിട്ടുള്ളത്. അറിയാതെയോ അബദ്ധത്തിലോ ആകസ്മികമായി പെട്ടെന്നോ സംഭവിക്കുന്ന അപകടങ്ങളെയാണ് 'ദുരന്തം' എന്ന് പേരിട്ട് വിളിക്കപ്പെടാറുള്ളത്. പക്ഷെ, ഈ സംഭവം അബദ്ധത്തിൽ സംഭവിച്ചതല്ല. ചരക്ക് വാഗണിൽ മനുഷ്യരെ കുത്തിക്കയറ്റിയാൽ മരിക്കുമെന്ന് അറിയാത്തവരല്ല ബ്രിട്ടീഷുകാർ.
മാത്രമല്ല, പോത്തന്നൂരിലെ ഈ സംഭവത്തിന് മുൻപേ തന്നെ അവർ ഇത് ചെയ്തിട്ടുണ്ടെന്നും ആളുകൾ മരിച്ചിട്ടുണ്ടെന്നും ചരിത്രത്തിൽ പറയപ്പെടുന്നു. അങ്ങനെയെങ്കിൽ ഇതും ജാലിയൻ വാലാബാഗ് പോലെ മനഃപൂർവ്വമായ ഒരു കൂട്ടക്കൊലയാണ്.
മലബാർ സമരത്തിന് നമ്മുടെ കേരള സ്കൂൾ പാഠാവലിയും മതിയായ പ്രാധാന്യം നൽകിയിട്ടില്ല. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യയിലെ ചെറു സംഭവങ്ങളെ പോലും പാഠഭാഗത്തിൽ വളരെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തുമ്പോൾ നമ്മുടെ നാട്ടിൽ നടന്ന ഈ പോരാട്ടത്തിന് വേണ്ടത്ര പരിഗണന കൊടുത്തിട്ടില്ല. മാധ്യമം സീനിയർ സബ് എഡിറ്ററും ചരിത്ര ഗവേഷകനും എന്റെ നാട്ടുകാരനും കൂടിയായ ഷെബിൻ മെഹ്ബൂബ് മലബാർ സമരത്തിൽ പങ്കെടുത്ത എൻ്റെ നാട്ടിലെ മാത്രം പോരാളികളെ കുറിച്ച് 'പോരിനിറങ്ങിയ ഏറനാടൻ മണ്ണ് ' എന്ന പേരിൽ ഒരു പുസ്തകമിറക്കുകയുണ്ടായി. മലബാർ സമരത്തിന്റെ ഹൃദയ ഭൂമികയിൽ ജീവിച്ചിരുന്നിട്ടും, എന്റെ നാട്ടിലെ സ്കൂളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് പഠിച്ചിട്ടും, ആ വിദ്യാലയത്തിന്റെ അടുത്തുള്ള വീട്ടിൽ നിന്നും മലബാർ സമരത്തിൽ പങ്കെടുത്ത് പട്ടാളം തടവിലാക്കിയ മനുഷ്യരെക്കുറിച്ച് ഞാനെന്തുകൊണ്ടറിഞ്ഞില്ല എന്ന് ആ പുസ്തകം വായിച്ചപ്പോൾ എനിക്ക് പലപ്പോഴായി തോന്നി. സ്വാതന്ത്ര്യ സമരം കേവലം ഗുജറാത്തിലും ഉത്തർപ്രദേശിലും ഡൽഹിയിലും മാത്രം നടന്ന പോരാട്ടങ്ങളല്ല. അതിന്റെ മാറ്റൊലികൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ വരെയുണ്ടായിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരങ്ങളിലെ പ്രാദേശിക സാന്നിധ്യങ്ങളെ വേണ്ട വിധം പരിചയപ്പെടുത്താൻ നമ്മുടെ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം വരുന്നതോടു കൂടെ ഇത്തരം പ്രാദേശിക ചരിത്രങ്ങളുടെ പഠന സാധ്യത കൂടുതൽ ഇല്ലാതാകും. ഒരു ചരിത്ര കുതുകി എന്ന നിലയിൽ നമ്മുടെ പ്രാദേശിക ചരിത്രങ്ങളെ നമ്മൾ തന്നെ തേടിയിറങ്ങുക എന്നാണ് ഇതിന് പരിഹാരമായിട്ടുള്ളത്.
മലബാർ സമരത്തെ കേന്ദ്ര ഭരണകൂടം വെട്ടി മാറ്റുന്നതിന് പിന്നിൽ
മലബാർ സമര നേതാക്കളായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരെ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആർ) സ്വാതന്ത്ര്യ സമര പോരാളികളുടെ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. മലബാർ സമരം അതിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ കൃത്യം തലേ ദിവസമാണ് ഭരണകൂടം ഇത് ചെയ്തത്. മലബാർ സമരത്തെ വർഗീയമായി ചിത്രീകരിക്കുന്നവരുടെ വാദങ്ങൾക്ക് മൈലേജ് നൽകുകയാണ് കേന്ദ്ര ഭരണകൂടം ഇതിലൂടെ ചെയ്തത്.
രാജ്യം ഭരിക്കുന്ന ബിജെപി സർക്കാറിന്റെ തിങ്ക് ടാങ്കായ സംഘ് പരിവാറിന് ഈ നീക്കത്തിൽ കൃത്യമായ പങ്കുണ്ട്. അവർ ഈ രാജ്യത്തെ വൈവിധ്യങ്ങളെ എതിർക്കുകയും രാജ്യത്തെ ഹിന്ദു മതത്തിലധിഷ്ഠിതമായ ഒരു ഏകശിലാത്മക മതസംസ്കാരത്തിലേക്ക് രാജ്യത്തെ കൊണ്ട് പോകാൻ ലക്ഷ്യം വെക്കുകയും ചെയ്യുന്നു. ഇതിന് പ്രധാനമായും തടസ്സം നിൽക്കുന്നത് രാജ്യത്തെ പ്രബല ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളാണ്. അതുകൊണ്ടുതന്നെ സംഘ് പരിവാർ എപ്പോഴും മുസ്ലിംകളെ അപരവൽക്കരിക്കുകയും പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്യുന്നു. അവരുടെ ആരാധനയിലും വ്യക്തി നിയമങ്ങളിലും ഭക്ഷണ രീതികളിലും കൈ കടത്തുന്നു. അവർ ഈ രാജ്യക്കാരല്ലെന്നും ഈ രാജ്യത്തിന്മേൽ ഒരു അവകാശവും ചോദിക്കാതെ ഇവിടെയുള്ള ഭൂരിപക്ഷ സമൂഹത്തിന് കീഴിൽ അനുസരിച്ച് നിന്നാൽ ജീവിച്ചു പോകാമെന്നും പറയുന്നു. മുസ്ലിംകളുടെ പൗരത്വം പോലും റദ്ദ് ചെയ്യപ്പെടുന്നു. ഈ രാജ്യത്തെ മുസ്ലിംകളെ അപരവത്കരിക്കാനും അത് വഴി അവരെ വംശഹത്യക്കിരയാക്കാനും സംഘപരിവാർ ആദ്യം തന്നെ ചെയ്യുന്നത് സാംസ്കാരിക ചരിത്ര മേഖലകളിൽ നിന്ന് മുസ്ലിംകളുടെ സാന്നിധ്യം തുടച്ചു നീക്കുക എന്നതാണ്. അതിന് മുന്നോടിയായാണ് അവർ ബാബരി മസ്ജിദ് ഉൾപ്പെടെ മുസ്ലിം ആരാധാനാലയങ്ങൾ തകർക്കുന്നത്. അതിനാണ് ചരിത്രത്തിൽ നിന്നും മുസ്ലിംകൾക്ക് കൂടുതൽ പങ്കുള്ള മലബാർ സമരത്തെ വെട്ടി മാറ്റുന്നത്. അതിനാണ് മുസ്ലിം നാമങ്ങളുമായി സാദൃശ്യമുള്ള രാജ്യത്തെ സ്ഥലപ്പേരുകളെ അവർ പുനർനാമകരണം ചെയ്യുന്നത്. ഇന്ന് യുപിയിൽ നടന്നുകൊണ്ടിരിക്കുന്നതും അത്തരമൊരു പ്രക്രിയയാണ്. മാത്രമല്ല, മലബാർ സമരത്തെ മുസ്ലിം വർഗീയ ലഹളയാക്കി ചിത്രീകരിച്ചാൽ ഹിന്ദി ബെൽറ്റിൽ അടുത്ത തെരഞ്ഞെടുപ്പിൽ മുസ്ലിം വിരുദ്ധ വികാരം അവർക്ക് ആളിക്കത്തിക്കാനുമാകും.
മലബാർ സമരം അടിസ്ഥാനപരമായി അധിനിവേശ ശക്തികൾക്കും ജന്മിത്വ ശക്തികൾക്കുമെതിരെ ഈ നാട്ടിലെ മാപ്പിളമാരും ഹിന്ദുക്കളും തോളോടു തോൾ ചേർന്ന് നടത്തിയ സമരം തന്നെയാണെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. മറ്റുള്ളവയെല്ലാം കേവലം കേട്ടറിവുകളോ ആധികാരികമല്ലാത്ത ചരിത്രങ്ങളോ മാത്രമാണ്. മലബാർ സമര ചരിത്രത്തെ കൂടുതൽ ജനകീയമാക്കേണ്ടത് ഇന്നത്തെ കാലത്ത് ഓരോ മതേതരവാദിയുടെയും ബാധ്യതയാണ്. മലബാർ സമരത്തിൽ പങ്കെടുത്ത് രക്ത സാക്ഷികളായവരുടെ ഒരുപാട് ഖബറുകൾ കോഴിക്കോട് - മലപ്പുറം പാതയിൽ മൊറയൂരും മോങ്ങത്തും പൂക്കോട്ടൂരുമായി അങ്ങാടികളിലും വീട്ടു മുറ്റത്തും കാണാം. അവരൊക്കെയും ഈ രാജ്യത്തിനും നമുക്കും വേണ്ടി മാത്രമാണ് പോരാടിയത്.
അവരുടെ ഖബറുകളാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അനുമതി പത്രം. ആ ഖബറുകൾക്കരികിലൂടെ യാത്ര ചെയ്യുമ്പോൾ അന്നത്തെ പോരാട്ടങ്ങളുടെ ആർത്തനാദങ്ങൾ നിങ്ങളുടെ കാതുകളിൽ മുഴങ്ങിക്കേൾക്കുകയും ചെയ്യും.