അടുക്കുതെറ്റിവിടർന്ന ഇതളിന്റെ ഏകാന്തതയെപ്പറ്റി അർത്ഥം വറ്റിപ്പോകുന്ന വാക്കുകൾ


പീഠമൊഴിഞ്ഞിറങ്ങുമ്പോൾ
വേദിക്കും
വഴിക്കുമിടയിലെ
ഇരുണ്ട നിലത്ത്
ഒറ്റക്കാകുന്ന
ഒരു നിമിഷമുണ്ട്.
മേലുടുപ്പിന്റെ കീശകളിൽ
നഗരജ്വരത്തിന്റെ
കിതപ്പേറ്റുന്ന,
അടിയുടുപ്പിന്റെ നനവുകളിൽ
ചതുപ്പായിരുന്ന നിലങ്ങളെക്കുറിച്ച്
തുന്നൽപ്പാടുള്ള മനുഷ്യർക്ക്
അപ്പോൾ
ഏകാന്തതക്ക്
കുഴിയെടുക്കുന്നതുപോലൊരു
തോന്നലിൽ
ഉടൽവിറക്കും.
ഒരു കാട്
ഉടൽ കുടഞ്ഞിറങ്ങിപോകുന്നപോലെ,
ഒരു മഴ
അതിന്റെ വേരുകളെ; പരിണിതികളെ
പഴിക്കുന്നപോലെ,
വിയർക്കും.
ഒരാൾ ഒറ്റയാവുന്നതിലും ആഴത്തിൽ
ഒറ്റയാവുന്നപോലെ
കണ്ണുകൾ
കാഴ്ചകളുടെ
യുക്തികാലത്തേക്ക്
മറഞ്ഞുപോകും
പ്രണയം
വേട്ടക്ക്
തോക്ക് എണ്ണയിട്ടൊരുക്കുമ്പോലെ
ഇരുട്ട്
കാർമേഘങ്ങൾക്കിടയിലൂടെ
കാടിനെ നിരീക്ഷിക്കുംപോലെ
അരുവി
ഉറവിടത്തിൽനിന്നും
വിദൂരങ്ങളിലെ
തോട്ടിറമ്പുകളിലേക്കു
തുടർവഴികൾ വെട്ടി
വറ്റിപ്പോകുംപോലെ
ഒരു മല
സൂര്യനെ,
പകലുകളെ,
കാറ്റിനെ,
ഏറ്റവും നേർത്തൊരു
ഇല മുളപൊട്ടുന്ന
ശബ്ദത്തെ
നിരാകരിക്കുംപോലെ...
കുമ്പസാരത്തിനൊടുവിൽ
ആത്മാവ് വേവുന്ന
ആശീർവാദത്തിന്റെ അവസാനവാക്ക്
അവരെ ഒറ്റിക്കൊടുക്കും.
കുടിച്ചിറക്കിയ
തുള്ളി ജലം കടലായ്
അവരുടെ കരകളെ
തുടച്ചെടുക്കും.
ഒരാൾ
ഒറ്റയാകുന്ന
നിമിഷത്തിന്
തൊട്ടുമുമ്പുള്ള മണിക്കൂറുകൾ
ഒറ്റയായിപ്പോയ കൂട്ടങ്ങൾ
കഴുവേറ്റിയ ചിരികളാൽ
മുഖരിതമായിരിക്കും
അതിലെ
ഒറ്റയൊറ്റമനുഷ്യരെല്ലാം
പതാക ഉയരാൻ പൊതിയഴിയുമ്പോൾ
പതിഞ്ഞുവീഴുന്ന പൂവിതളുകളും
ജീവിത തത്വങ്ങളെപ്പറ്റിയുള്ള
പ്രഭാഷണത്തിനൊടുവിൽ
പീഠമൊഴിഞ്ഞിറങ്ങുമ്പോൾ
വേദിക്കും വഴിക്കുമിടയിലെ
ഇരുണ്ട നിലത്ത്
ഒറ്റക്കാകുന്ന മനുഷ്യർ
ഒറ്റയാകുന്ന നിമിഷത്തിൽ
'അടരുന്ന ഇതളിന്റെ
ഏകാന്തതക്കും മുമ്പേ
അടുക്കുതെറ്റിവിടർന്ന ഇതളിന്റെ
ഏകാന്തതയെപ്പറ്റിയാവും'
ചിന്തിച്ചിരിക്കുക.