ആത്മരാമൻ എന്നോട് പറഞ്ഞ സ്വപ്നദർശനങ്ങളെക്കുറിച്ച്
“ആർക്കും എന്നും ജീവിക്കാൻ സാധ്യമല്ലല്ലോ. സ്രഷ്ടാവിനോടുള്ള ആ അവസാന സമരത്തിലും ഒന്നേ ശ്രദ്ധിക്കേണ്ടതുള്ളൂ. ഒരാൾ എന്തായിരുന്നുവോ, അതിന്റെ പേരിൽ അയാൾ ഓർമ്മിക്കപ്പെടണം, എന്ന്. അന്നാപറഞ്ഞതിനർത്ഥം ഇതാണെന്ന് ആര് കണ്ടു”. സാന്റിയാഗോ ആത്മാവ് നഷ്ടപ്പെട്ടവനെപ്പോലെ തളർന്നിരുന്നു.“ഹെമിംഗ് വേ യുടെ ഡെത്ത് ഇൻ ആഫ്റ്റർനൂൺ വായിച്ചിട്ടുണ്ടോ ഡോക്ടർ.അതിലൊരു വരി ഇങ്ങനെയാണ്. എല്ലാ കഥകളും നീണ്ടുപോകുമ്പോൾ മരണത്തിൽ അവസാനിക്കുന്നു. അത് മാറ്റി നിർത്തി കഥ പറയുന്ന ആളാവട്ടെ ഒരു നല്ല കാഥികനല്ല.”

കൺസൾട്ടിങ് റൂമിലേക്ക് കടന്നു ചെല്ലുമ്പോൾ, ജാലകത്തിനരികിൽ വെളിച്ചത്തിലേക്ക് വിരിഞ്ഞു നിവർന്നു നിൽക്കുന്ന സ്വിസ്സ് ചീസ് ചെടിയുടെ ഇലകളിൽ തൊട്ടു തലോടി നിൽക്കുകയായിരുന്നു,ആത്മരാമൻ.എന്നെ കണ്ടതും പൊടുന്നനെ പിൻവലിച്ച കൈകൾ പിറകിൽ പിണച്ചു പിടിച്ച് കള്ളത്തരം കൈയോടെ പിടിക്കപ്പെട്ട കുഞ്ഞുങ്ങളെ പോലെ അയാൾ തല കുനിച്ചു നിന്നു. ആത്മരാമൻ ചിലപ്പോഴൊക്കെ അങ്ങനെയാണ്, കുഞ്ഞുങ്ങളെപ്പോലെ പെരുമാറിക്കളയും. അപ്പോഴെല്ലാം ഒരു ഡോക്ടർക്ക് തന്റെ പേഷ്യന്റിനോട് തോന്നേണ്ടുന്നതിൽ കവിഞ്ഞ വാത്സല്യവും സഹാനുഭൂതിയും എനിക്ക് അയാളോട് തോന്നാറുമുണ്ട്.ഒരു നിത്യരോഗി എന്നൊന്നും ആത്മരാമനെ കരുതിക്കൂടാ.ഓരോരോ അവസ്ഥകളാണ്.ചിലനേരങ്ങളിൽ ഉന്മാദവും ക്രിയാത്മകതയും വിഭ്രാന്തിയും കൂടിക്കുഴഞ്ഞ ഒരുതരം വിചിത്രമായ മാനസിക നിലയ്ക്ക് അയാൾ അടിപ്പെടും.പിന്നെ സ്വയം നിർമിച്ചെടുത്ത ഒരു ഉന്മാദ ലോകത്തായിരിക്കും. അവിടെ അയാൾ മറ്റാരും കാണാത്ത കാഴ്ചകൾ കാണുന്നു, മറ്റാരും കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുന്നു. ആത്മാവിൽ എരിയുന്ന തീക്കുണ്ഡവുമായി അലയുന്ന ആ നേരങ്ങളിലാണ് ആത്മരാമന്റെ ഏറ്റവും മികച്ച സൃഷ്ടികൾ രൂപംകൊണ്ടിട്ടുള്ളത്. ഏറ്റവും നല്ല കഥകൾ,ഞാനായിരുന്നു അവയുടെയെല്ലാം ആദ്യ വായനക്കാരൻ, ഒരു പക്ഷേ ഏക വായനക്കാരനും.വെറുതേ പറയുന്നതല്ല, ആ കഥകളുടെയെല്ലാം ക്രാഫ്റ്റ് അതി ഗംഭീരമായിരുന്നു. നമ്മളൊക്കെ ക്ലാസ്സിക്കുകൾ എന്ന് വിശേഷിപ്പിക്കാറുള്ള ചില കഥകളുണ്ടല്ലോ, അതിനോളം കിടപിടിക്കാവുന്നത്.
“ഇരിക്കൂ..”.ഞാൻ ആത്മരാമനോട് പറഞ്ഞു. അനുസരണയുള്ള ഒരു കുഞ്ഞിനെപോലെ അയാൾ എനിക്കഭിമുഖമായി കസേരയിലിരുന്നു.യൗവ്വനം അയാളിൽ നിന്ന് ദൂരേക്ക് അടർന്നു മാറിയിരിക്കുന്നതായി എനിക്ക് തോന്നി .അതിന് മുൻപ്, അവസാനമായി കാണുമ്പോൾ ആത്മരാമന് കുറേക്കൂടി പ്രസരിപ്പും ചുറുചുറുക്കുമൊക്കെയുണ്ടായിരുന്നു. മുപ്പത്തിയഞ്ചു വയസ്സ്, അതത്ര വലിയ പ്രായമൊന്നുമല്ല. എന്നിട്ടും അയാൾ ഒരു വൃദ്ധനായത് പോലെ.കണ്ണുകൾ കുഴിഞ്ഞ് കൺതടങ്ങളിൽ കറുപ്പ് പടർന്നിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ ചെവിക്കു മുകളിൽ നര പടർന്നു തുടങ്ങിയത് കണ്ടു. മുഷിഞ്ഞ ഒരു നീല ജീൻസും പിങ്ക് നിറത്തിലുള്ള ലീനൻ കോട്ടൺ ഷർട്ടുമായിരുന്നു വേഷം. ആശ്രയമറ്റ, നിരാശനായ ഒരു മനുഷ്യനെപോലെയുള്ള ആത്മരാമന്റെ ആ ഇരിപ്പ് എന്നെ വേദനിപ്പിച്ചു. ജീവിതത്തിനേറ്റ വലിയ ആഘാതങ്ങളെയെല്ലാം ഒറ്റയ്ക്ക് അതിജീവിച്ച ആത്മരാമനെക്കുറിച്ച് എനിക്കറിയാം.അപ്പോഴെല്ലാം ജീവിതത്തോട് അടങ്ങാത്ത അഭിനിവേശവും ശുഭാപ്തി വിശ്വാസവും അയാൾക്കുണ്ടായിരുന്നു.പൊടുന്നനെ എല്ലാം പൊയ്പ്പോയത് പോലെ,അസന്തുഷ്ടനും അതൃപ്തനുമായത് പോലെ, എന്തിനോടൊക്കെയോ വെറുപ്പും വിദ്വേഷവുമുള്ളത് പോലെ, അതിനേക്കാളുമെല്ലാമുപരി താൻ എവിടെയും എത്തിയില്ലല്ലോ എന്ന കടുത്ത അപകർഷതയും ആത്മരാമനിൽ പിടിമുറുക്കിയിരുന്നു.
ഏറെ നേരം അയാൾ എനിക്കു മുൻപിൽ മൗനം പാലിച്ചിരുന്നു .ആത്മരാമന് എന്നോടെന്തോ പറയാനുണ്ട്, അതിനുള്ള തയ്യാറെടുപ്പിലാണയാൾ . ഞാനത് കേൾക്കാൻ ആകാംക്ഷയോടെ കാത്തിരുന്നു.
“ഡോക്ടർ.. ഞാനൊരു വിചിത്രമായ സ്വപ്നം കണ്ടു.” ആത്മരാമൻ പറഞ്ഞു.
“സ്വപ്നങ്ങൾ നല്ലതല്ലേ ആത്മാ. പ്രത്യേകിച്ച് നിങ്ങളെ പോലുള്ള എഴുത്തുകാരുടെ കാര്യത്തിൽ.?” ഞാൻ ചോദിച്ചു. ആത്മരാമൻ അപ്പോൾ ആ സ്വപ്നം ഓർത്തെടുക്കുകയായിരുന്നിരിക്കണം.
“പക്ഷേ ഡോക്ടർ... സ്വപ്നം കാണുകയാണെന്ന് സ്വപ്നത്തിൽ തന്നെ എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.മാത്രമല്ല സാധാരണ സ്വപ്നം കാണുമ്പോൾ വെറും കാഴ്ചക്കാരനായി നിൽക്കുന്നത് പോലെയായിരുന്നില്ല അത്. എനിക്ക് ആ സ്വപ്നത്തെ പൂർണമായും നിയന്ത്രിക്കാനാവുന്നുണ്ടായിരുന്നു. അതിൽ ഇടപെടാൻ കഴിയുന്നുണ്ടായിരുന്നു.ഒരിക്കൽ നടന്ന സംഭവങ്ങളെ റീ ക്രിയേറ്റ് ചെയ്യാൻ കഴിയുന്നുണ്ടായിരുന്നു. ടൈം ട്രാവൽ ചെയ്ത് കഴിഞ്ഞു പോയ സംഭവങ്ങളെ പുനസ്ഥാപിക്കുന്നത് ചില ഹോളിവുഡ് സിനിമകളിലൊക്കെ നമ്മൾ കണ്ടിട്ടില്ലേ.. ഏതാണ്ട് അത് പോലെ.”
അയാൾ അസ്വസ്ഥനായി.താൻ തന്റെ മാനസികനിലയുടെ കൂടുതൽ അപകടകരമായ ആഴങ്ങളിലേക്ക് വീണ് പോവുകയാണോ എന്ന ഭയം ആത്മരാമന്റ വാക്കുകളിൽ നിഴലിച്ചു.
“എന്താ ആത്മാ.. പേടി തോന്നുന്നുണ്ടോ”? ഞാൻ ചോദിച്ചു.
“ഉണ്ട് ഡോക്ടർ”. ഞാനത് ചോദിക്കാൻ കാത്തിരുന്നിരുന്നത് പോലെ ആത്മരാമൻ മറുപടി പറഞ്ഞു.
“അതിലത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല.. ലൂസിഡ് ഡ്രീംമിങ്ങിൽ,... ലൂസിഡിറ്റിയിൽ ഒരാൾ കാണുന്ന സ്വപ്നങ്ങളെ അയാൾക്ക് അയാളുടെ ഇഷ്ടം പോലെ നിയന്ത്രിക്കാനാവും.വെറും കാഴ്ചക്കാരനായി മാത്രം മാറി നിൽക്കാതെ ആ സ്വപ്നത്തിലെ കഥാപാത്രങ്ങളുമായും കഥാപരിസരങ്ങളുമായും ഇടപെഴകാനും വേണ്ടി വന്നാൽ സ്വപ്നത്തിലെ കഥയെ നമ്മുടെ ബോധ മനസ്സിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് മാറ്റി മറിക്കുകയും ചെയ്യാം..”
ഞാൻ പറഞ്ഞത് വിശ്വസിക്കാനാവാതെ ആത്മരാമൻ അയാളുടെ സ്വപ്നങ്ങളുടെയും സംശയങ്ങളുടെയും ചുഴിയിൽ ഉലഞ്ഞു കൊണ്ടിരുന്നു. അതയാളുടെ മുഖഭാവങ്ങളിൽ നിന്ന് വ്യക്തവുമായിരുന്നു. ആത്മരാമന്റെ മനസ്സിനെ ആശങ്കകളുടെ ചുറ്റിക്കെട്ടുകളിൽ നിന്നും അഴിച്ചെടുക്കേണ്ടത് എന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു.
“ഉദാഹരണത്തിന്, സ്വപ്നം കണ്ടു കൊണ്ടിരിക്കെ, സ്വപ്നത്തിനിടയിൽ നിങ്ങൾ ആഗ്രഹിച്ച ഒരു കാര്യം സ്വപ്നത്തിലൂടെ തന്നെ സാധ്യമാക്കുക, പറക്കണമെന്ന് ആഗ്രഹിച്ചു പറക്കുക, മരിച്ചു പോയ ഒരാളെ നേരിൽ കാണണമെന്ന് ആഗ്രഹിച്ച് തൊട്ടടുത്ത നിമിഷം അയാളെ നേരിൽ പ്രത്യക്ഷപ്പെടുത്തുക ,വേണ്ടി വന്നാൽ ഒരാളെ കൊല്ലണം എന്നാഗ്രഹിച്ചാൽ പോലും അയാളെ സ്വപ്നത്തിൽ കൊല്ലുകയുമാവാം. സ്വപ്നം സ്വപ്നമാണെന്ന് തിരിച്ചറിയുമ്പോഴും നമ്മളാഗ്രഹിക്കുന്ന കാര്യങ്ങൾ സ്വപ്നത്തിൽ സഫലീകരിക്കുക.എനിക്കതൊരു പോസിറ്റീവ് സൈൻ ആയാണ് തോന്നുന്നത്,അതിലിത്ര ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല.ഒരാളുടെ ക്രിയേറ്റിവിറ്റിയും ആത്മവിശ്വാസവും അനുസരിച്ച് അയാൾക്ക് അയാളുടെ സ്വപ്നത്തിൽ എന്തും സാധിച്ചെടുക്കാം..അതിനർത്ഥം ആത്മയിപ്പോൾ കുറേക്കൂടി ക്രിയേറ്റീവ് ആയി ചിന്തിക്കുന്നു എന്ന് കൂടിയല്ലേ?” “അങ്ങനെയാണോ”? ആത്മരാമൻ ചോദിച്ചു.
“അതങ്ങനെത്തന്നെയാണ്”! ഞാൻ പറഞ്ഞു.
ആത്മരാമന്റെ മുഖത്ത് വിളറിയ നേർത്ത ഒരു പുഞ്ചിരി വിടർന്നു.
“അത് പോട്ടെ.. എന്തായിരുന്നു ആ സ്വപ്നം. തീർച്ചയായും ആത്മയ്ക്ക് അത് ഓർമ്മയുണ്ടാകും.. അല്ലേ?”
“ഉണ്ട്”.
ആത്മരാമൻ ഉറക്കത്തിൽ കണ്ട ആ സ്വപ്നത്തെ കുറിച്ച് എന്നോട് പറഞ്ഞു.
എനിക്കൊരു ശീലമുണ്ട്, എന്റെ രോഗികളിൽ ഉണ്ടാകുന്ന വിചിത്രമായ ഇത്തരം അനുഭവങ്ങളെ ഞാനെപ്പോഴും ഒരു നോട്ട് ബുക്കിൽ അക്കമിട്ട്, തീയതിയിട്ട് കൃത്യമായി രേഖപ്പെടുത്തി വെക്കാറുണ്ട്.ഓരോ രോഗിക്കും അങ്ങനെ ഓരോ നോട്ട് പുസ്തകവും ഉണ്ടായിരിക്കും. ആത്മരാമനും ഉണ്ട് അങ്ങനെയൊരു പുസ്തകം. അതുകൊണ്ട് പിന്നീടുള്ള ദിവസങ്ങളിൽ ഏറെക്കുറെ തുടർച്ചയായി ആത്മരാമനുണ്ടായ അത്തരം വിചിത്രാനുഭവങ്ങളെ ഞാൻ ആ പുസ്തകത്തിൽ കുറിച്ചിട്ടു .ഓരോന്നിനും ഓരോ തലക്കെട്ടുമുണ്ടായിരുന്നു.ആദ്യ സ്വപ്നദർശനത്തിന്റെ തലക്കെട്ട് ‘സ്റ്റാറി നൈറ്റ്സ്’എന്നായിരുന്നു. അതെ, അത് ലോകപ്രശസ്തമായ ഒരു പെയിന്റിംഗിന്റെ പേര് കൂടിയാണ്. വിൻസെന്റ് വില്ലം വാൻഗോഗിന്റെ സ്റ്റാറി നൈറ്റ്സ്.
2021 ജൂലൈ 27. – ‘സ്റ്റാറി നൈറ്റ്സ്’ -ആത്മരാമൻ പറഞ്ഞത്:
“ആർലേസിലെ ഫ്രഞ്ച് സൈപ്രസ്സ് മരങ്ങൾക്കിടയിലൂടെ ഞാനാ വീട് കണ്ടു. മഞ്ഞ ചുവരുകളും മഞ്ഞ വാതിലുകളുമുള്ള വീട്- നമ്പർ 2, പ്ലെയ്സ് ലാ മാർട്ടിൻ. അതാകെ ഏകാന്തതയിൽ മുങ്ങി നിൽക്കുകയായിരുന്നു. വിഷാദം പുരണ്ട വഴികളിലൂടെ നടന്ന് ഞാൻ ആ മഞ്ഞ വാതിലുകൾ തുറന്ന് അകത്തേക്ക് കയറി. അതിന് രണ്ട് മുറികളുണ്ടായിരുന്നു. അതിൽ ഒന്നിൽ, ഒരു സ്റ്റുഡിയോ മുറിയോ മറ്റോ ആയിരുന്നിരിക്കണം,ഒരു കോണിൽ, വെളിച്ചം നേരിട്ട് പതിക്കാത്ത ഒരിടത്ത് മഞ്ഞ തൊപ്പിയും തവിട്ട് രോമക്കുപ്പായവുമണിഞ്ഞ് അയാൾ ഇരുന്നിരുന്നു”. ആത്മരാമൻ ഒന്ന് നിർത്തി.
“ആരാണ്”? ഞാൻ ചോദിച്ചു.
“ഡോക്ടർക്കറിയില്ലേ.. ലോക്പ്രശസ്തമായ ആ യെല്ലോ ഹൌസ്.മാറ്റാരുമല്ല വാൻഗോഗ്.. സാക്ഷാൽ വിൻസെന്റ് വാൻഗോഗ്.. കാലടിയൊച്ചകൾ കേട്ടിട്ടായിരിക്കണം, അദ്ദേഹം മുഖമുയർത്തി എന്നെ തിരിഞ്ഞു നോക്കി. ഞാൻ നടത്തം നിർത്തി.എന്നെ കണ്ടമാത്രയിൽ വാൻഗോഗ് പറഞ്ഞത് എന്താണെന്നോ.. ‘നിങ്ങൾ ഒരു ചിത്രകാരൻ അല്ലാതിരിക്കട്ടെ. ആസ് യു വെൽ നോ.. ഐ ലവ് ആർലെസ് സൊ മച്ച്. ഞാൻ ഒരിക്കലും ചിത്രകാരന്മാരെ ആർലെസിലേക്ക് ക്ഷണിക്കില്ല. ദേ റൺ ദി റിസ്ക് ഓഫ് ലോസിങ് ദെയർ ഹെഡ് ലൈക് മി.’ അത് പറഞ്ഞ് അദ്ദേഹം പൊട്ടിച്ചിരിച്ചു. വാൻ ഗോഗിന്റെ ചിരിച്ച മുഖം ഡോക്ടർ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഏതെങ്കിലും ചിത്രത്തിൽ..”?
ആത്മരാമൻ ചോദിച്ചു. ഞാൻ വാൻഗോഗിന്റെ മുഖം ഓർത്തെടുത്തു നോക്കി..
“കണ്ടു കാണില്ല. കാണാൻ ഒരു വഴിയുമില്ല. ഒരു ദുഃഖ പുത്രനായിരുന്നു വാൻഗോഗ്.. ഞാൻ നോക്കുമ്പോൾ ബ്രെയിൻ സിഫിലിസ് ബാധിതനായ തന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരൻ തിയോയ്ക്ക് മറുപടി കത്തെഴുതിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം . ആ രണ്ട് കത്തുകളും വാൻഗോഗ് എനിക്ക് നേരെ നീട്ടി.ഞാനത് വായിച്ചു..
‘ഡോണ്ട് ലോസ് ഹാർട്ട്. ആൻഡ് റിമെംബേർ ദാറ്റ്, ഐ നീഡ് യു സൊ മച്ച്’ എന്നായിരുന്നു തിയോ എഴുതിയ കത്തുകളിലെ വരി. വാൻഗോഗ് അതിന് ഇങ്ങനെയാണ് മറുപടി എഴുതിയിരുന്നത്.
‘ഐ ഫീൽ ഫെയിലിയർ. എന്നിലെ ദുഖങ്ങളെല്ലാം എന്നോടൊപ്പം അന്ത്യം വരെയും ഉണ്ടാകും’.
എന്തോ,അത് വായിച്ചിട്ട് എനിക്കൊരു പന്തികേട് തോന്നാതിരുന്നില്ല.എന്തെങ്കിലും പറയും മുൻപ് അദ്ദേഹം എന്നെയും വിളിച്ചു യെല്ലോ ഹൌസ് ൽ നിന്ന് ഇറങ്ങി നടക്കുകയായിരുന്നു. എവിടേക്കെന്നോ എന്തിനെന്നോ അറിയില്ല. ദൂരെ ഒരു കെട്ടിടം കണ്ടു. അതൊരു വേശ്യാലയമാണെന്ന് അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത്.തിയോയ്ക്ക് എഴുതിയ കത്ത് തപാൽ പെട്ടിയിലിടാൻ എന്നെ ഏൽപ്പിച്ച് അദ്ദേഹം ആ വേശ്യാലയത്തിന്റെ പടിക്കെട്ടുകൾ നടന്നു കയറി . കത്ത് തപാൽ പെട്ടിയിലിട്ട് തിരികെ വരുമ്പോൾ ഭീകരമായ ആ കാഴ്ചയാണ് ഞാൻ കാണുന്നത്. വാൻഗോഗ് സ്വയം, തന്റെ ചെവിയറുത്ത് ഒരു സ്ത്രീക്ക് കൊടുക്കുന്നു. രക്തം ചീറ്റുന്നു. ഞാൻ ഓടിയടുക്കുമ്പോഴേക്കും അദ്ദേഹം നിലത്തേക്കൂർന്നു വീണിരുന്നു. ആ സ്ത്രീയുടെ കൈയിൽ നിന്നും ഞാൻ ചോരയിൽ മുങ്ങിയ ചെവി തട്ടിപ്പറിച്ചെടുത്ത് അദ്ദേഹത്തിന്റെ അറ്റുപ്പോയ ചെവിയുടെ ബാക്കി ഭാഗത്തോട് എന്റെ കർച്ചീഫ് ചേർത്ത് വെച്ചു കെട്ടി.അദ്ദേഹത്തിനെയും പൊക്കിയെടുത്ത് യെല്ലോ ഹൌസ് ലേക്ക് തിരികെ നടന്നു.അല്ല, ഓടി. ഓട്ടമായിരുന്നു അത്.ആ സ്ത്രീ അപ്പോഴേക്കും ബോധരഹിതയായി വീണിരുന്നു.”
ആത്മരാമൻ പറയുന്നത് അവിശ്വസനീയമായ കാര്യങ്ങളാണെന്നാണ് എനിക്ക് ആദ്യം തോന്നിയത്.ഇത്രമാത്രം നാടകീയത ഒരാളുടെ ജീവിതത്തിലുണ്ടാകാൻ യാതൊരു സാധ്യതയും കാണുന്നില്ല.ഇതെല്ലാം അയാളുടെ ഭ്രമകല്പനകളായിരിക്കുമോ, അതോ യഥാർത്ഥത്തിൽ അങ്ങനെയല്ലാം നടന്നു കാണുമോ.. ചരിത്രത്തെ കുറിച്ച് തെല്ലും അവബോധമില്ലാത്ത എന്നെക്കുറിച്ച് എനിക്കപ്പോൾ പുച്ഛം തോന്നി. ആത്മരാമൻ തുടർന്നു.
“ആ രാത്രി മുഴുവൻ ഞാൻ മഹാനായ ആ ചിത്രകാരനെ ശുശ്രൂഷിച്ചു. മരുന്ന് പുരട്ടി, ഭക്ഷണം പാകം ചെയ്തു കൊടുത്തു.അപ്പോഴൊക്കെ വാൻഗോഗ് നിർവികാരനായി എന്നെ നോക്കി കിടന്നു.ഇത്രയും കരുതൽ തരാൻമാത്രം നിങ്ങൾക്ക് എന്ത് ഉപകാരമാണ് ഞാൻ ചെയ്തു തന്നിട്ടുള്ളത് ? നിങ്ങൾ ആരാണ്?’ അദ്ദേഹം ചോദിച്ചു.
‘താങ്കളുടെ സൃഷ്ടികൾ.അതിൽപ്പരം മറ്റെന്തിനോടാണ് ഈ ലോകം കടപ്പെട്ടിരിക്കുന്നത്?.’ഞാൻ പറഞ്ഞു.ഏറ്റവും വിചിത്രമായത് എന്തെന്നോ.. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെതായി ഒരു ചിത്രം മാത്രമേ പുറം ലോകം കണ്ടിരുന്നുള്ളു. ആ കണ്ണുകൾ നിറഞ്ഞു.അത് തന്റെ കലാജീവിതം സാർത്ഥകമായിരിക്കുന്നു എന്ന ചാരിഥാർഥ്യത്തിൽ നിന്നുണ്ടായ കണ്ണുനീരായിരിക്കണം. ഒരു നിമിഷം, ആ ഒരു നിമിഷത്തിന്റെ ഇടവേളയിലെപ്പോഴോ അദ്ദേഹം കിടക്കക്കടിയിൽ നിന്നും റിവോൾവർ പുറത്തെടുത്ത് സ്വയം നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു.ആ കാഴ്ച ഞാൻ നേരിട്ടു കണ്ടു. നെഞ്ചിൽ കെട്ടിക്കിടന്ന ഛായങ്ങൾ രക്തമായി പുറത്തേക്ക് പൊട്ടിയൊഴുകി.പല നിറങ്ങളിൽ അത് ഒഴുകി പരന്നു.ഞാൻ സ്തബ്ധനായി നോക്കി നിന്നു..”
ആത്മരാമന്റെ മുഖത്ത് വിളറിയ ഒരു മഞ്ഞ നിറം പരക്കുന്നതായി എനിക്ക് തോന്നി.
“തിയോ വരുന്നത് വരെ ഞാൻ അവിടെ തുടർന്നു. ദിവസങ്ങൾ നിമിഷങ്ങളുടെ ഇടവേളകളിൽ കൊഴിഞ്ഞു പോയത് പോലെ.. വെള്ളത്തുണിയിൽ പൊതിഞ്ഞ വാൻഗോഗിന്റെ മൃതശരീരത്തിന് മുകളിൽ സൂര്യകാന്തി പൂക്കളും മഞ്ഞ ഡാലിയ പൂക്കളും കൊണ്ട് ഞാൻ അലങ്കരിച്ചു.. അവയ്ക്ക് വിഷാദഭാവമായിരുന്നു.. വിഷാദത്തിന്റെ മഞ്ഞ നിറം. മരണത്തിന്റെ മഞ്ഞ നിറം.. പ്രണയത്തിന്റെയും.” ആത്മരാമൻ പറഞ്ഞു നിർത്തി. എന്തു പറയണമെന്നറിയാതെ ഞാനും.
“യഥാർത്ഥത്തിൽ ഹതാശനും പരാജിതനുമായ ഒരു ചിത്രകാരനായിട്ടായിരുന്നു വാൻഗോഗ് സ്വയം ഒടുങ്ങിയത്..ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അതെത്ര നിർഭാഗ്യകരമാണ് അല്ലേ.. ഡോക്ടർ”?
“അതേ..തീർച്ചയായും!”
ആത്മരാമൻ എന്താണ് പറഞ്ഞു വരുന്നതെന്ന് എനിക്കൊരൂഹവും ഉണ്ടായിരുന്നില്ല. ഞാൻ ബാക്കി കൂടി കേൾക്കാൻ കാത്തിരുന്നു. പക്ഷേ അന്ന് അതുണ്ടായില്ല. ഓർമയുടെ, ഏതോ ഒരു ഇരുണ്ട അറയിലേക്ക് അയാൾ സ്വയം ഉൾവലിയുകയായിരുന്നിരിക്കണം.
കുറിച്ച് കൊടുത്ത മരുന്നുകളുടെ ലിസ്റ്റുമായി അയാൾ മുറിവിട്ടു പോവുകയായിരുന്നു.പക്ഷേ വാതിലിനടുത്ത് വരെ ചെന്ന് പിന്നെ തിരഞ്ഞു നോക്കി ആത്മരാമൻ പറഞ്ഞു –“ ഡോക്ടർ...
അന്ന് അവസാനമായെഴുതി പൂർത്തിയാക്കിയ ഒരു കഥയെ കുറിച്ച് ഞാൻ പറഞ്ഞിരുന്നില്ലേ. ഡോക്ടർ പറഞ്ഞത് പോലെ ആ കഥ ഒരു ആനുകാലികത്തിലേക്ക് അയച്ചു കൊടുത്തു കേട്ടോ.പ്രസിദ്ധീകരിക്കുമെന്ന് ഒരുറപ്പുമില്ല. സാധ്യതയില്ല.. ആ വരികൾക്കെങ്കിലും മഷി പുരണ്ടില്ലെങ്കിൽ ഞാനിനി ഒരിക്കലും എഴുതില്ല ഡോക്ടർ. എന്നെക്കൊണ്ട് അതിന് കഴിയില്ല.”
“ബി ഒപ്ടിമിസ്റ്റിക്. അത് പ്രസിദ്ധീകരിച്ചു വരും”.ഞാൻ പറഞ്ഞു.
ആത്മരാമൻ തെളിച്ചമില്ലാതെ ചിരിക്കുക മാത്രം ചെയ്തു.തിരസ്കരിക്കപ്പെട്ട അയാളുടെ അക്ഷരങ്ങളുടെ ഗദ്ഗദം ഊറി ഘനീഭവിച്ച ചിരിയായിരുന്നു അത്.
അയാൾ പോയതും ഞാൻ വിക്കിപീഡിയയിൽ വാൻഗോഗിനെ കുറിച്ച് സെർച്ച് ചെയ്തു നോക്കി.ചെറിയ ചില കൂട്ടിച്ചേർക്കലുകൾ ഒഴിച്ച് നിർത്തിയാൽ അതൊന്നും ഭ്രമകല്പനകളായിരുന്നില്ലെന്നും വാൻഗോഗിന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളൊക്കെയായിരുന്നു ആത്മരാമന്റെ സ്വപ്നത്തിൽ കണ്ടതെന്നും എന്റെ പൊതുവിജ്ഞാനത്തിന്റെ അവസ്ഥ എത്ര പരിതാപകരമായിരുന്നു എന്നും എനിക്ക് ബോധ്യമായി...ഒരു വ്യത്യാസം മാത്രം, ആത്മരാമൻ പറഞ്ഞ സ്വപ്നത്തിൽ കലാജീവിതം സാർത്ഥകമായതിന്റെ ചാരിഥാർഥ്യത്തോടെ വാൻഗോഗ് സ്വയം വെടിയുതിർത്തു. ജീവിതത്തിലാകട്ടെ അവനവനെ കുറിച്ച് യാതൊരു മതിപ്പുമില്ലാതെയും.
അന്ന് മുഴുവൻ എന്റെ ചിന്തകളെ ആത്മരാമൻ കവർന്നെടുത്തു എന്ന് പറയുന്നതാവും ശരി. ഉറങ്ങാൻ കിടന്നപ്പോഴും എന്റെ മനസ്സ് മുഴുവൻ അയാളിൽ തന്നെയായിരുന്നു.ഞാൻ ഓർക്കുകയായിരുന്നു, അയാൾ ആദ്യമായി ക്ലിനിക്കിലേക്ക് കയറി വന്ന ആ ദിവസത്തെ കുറിച്ച്. കോവിഡിനിടയ്ക്ക്, 2020 നവംബർ 24 നായിരുന്നു അത്, ഒരു ചൊവ്വാഴ്ച നട്ടുച്ച.. വരണ്ട പൊടിക്കാറ്റിന്റെ അകമ്പടിയോടെ... ഏതോ ആപത്തിൽ നിന്ന് രക്ഷപ്പെട്ടു ഓടിവരുന്നത് പോലെ കിതച്ചുകൊണ്ട് അയാൾ എന്റെ കൺസൾട്ടിങ് റൂമിലേക്ക് കടന്നുവരികയായിരുന്നു. “ഡോക്ടർ, താങ്കളാണോ മനഃശാസ്ത്ര വിദഗ്ദൻ,മാത്യു ഐപ്പ് തറേക്കാട്ടിൽ” എന്ന് ചോദിച്ചുകൊണ്ട്. ഒരുവേള എനിക്ക് തന്നെ എന്റെ പേരിൽ സംശയം തോന്നിപ്പിക്കും വിധമൊരു ചോദ്യമായിരുന്നു അയാളുടേത്.. മേശപ്പുറത്തെ നെയിം ബോർഡ് തിരിച്ചു നോക്കി അതേ, അത് ഞാൻ തന്നെ എന്നുറപ്പിച്ചു കൊണ്ടാണ് ആത്മരാമനോട് കസേരയിലേക്കിരിക്കാൻ ഞാൻ പറഞ്ഞത്.
“ചില നേരത്ത് എന്തിനെന്നറിയാത്ത വിധം സങ്കടം. മറ്റു ചിലപ്പോൾ കാല വിഭ്രാന്തി.എനിക്ക് വയ്യ ഡോക്ടർ ” എന്ന് പറഞ്ഞു കൊണ്ട് അയാൾ കരച്ചിലിന്റെ വക്കോളമെത്തി.കുടിക്കാൻ തണുപ്പിച്ച വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് അയാൾക്ക് കൊടുക്കുകയാണ് ഞാൻ ആദ്യം ചെയ്തത്. കൃത്യമായി ഇപ്പോഴും അതോർക്കുന്നു, ആർത്തിയോടെ വെള്ളം ഒറ്റ വലിക്ക് കുടിച്ച് തീർത്ത് എന്റെ കൈകളിൽ മുറുകെ പിടിച്ച് ആത്മരാമൻ പറഞ്ഞു – “വാക്കുകൾ ഉപേക്ഷിച്ചു പോയ ശൂന്യമായ ഒരു കൂടു മാത്രമാണ് ഇപ്പോൾ എന്റെ ഭാഷ. ആത്മാവില്ലാത്ത ശരീരം പോലെ.എനിക്കൊന്നും എഴുതാനാകുന്നില്ല ഡോക്ടർ. പേടിപ്പെടുത്തുന്ന ശൂന്യതയും വിളറിയ ഒരു വെള്ളി വെളിച്ചവും മാത്രമാണ് ഞാൻ ഇപ്പോൾ കാണുന്നത്.”.. വളരെ പതുക്കെയാണ് അയാൾ സാധാരണ നില കൈവരിച്ചത്. ആത്മരാമനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ,തന്നെ കേൾക്കാൻ ഒരാളെയാണ് അയാൾക്കിപ്പോൾ ഏറ്റവും അത്യാവശ്യം എന്നെനിക്ക് മനസ്സിലായി.ഞാൻ ആ കേൾവിക്കാരന്റെ വേഷം അണിയുകയായിരുന്നു.നിസ്സാരമായ ഒരു ക്രിയേറ്റിവിറ്റി ബ്ലോക്ക്, അല്ലെങ്കിൽ എഴുത്തുകാരൊക്കെ സർവ്വസാധാരണമായി അഭിമുഖീകരിക്കാറുള്ള റൈറ്റേഴ്സ് ബ്ലോക്ക് മാത്രമായിരുന്നു അപ്പോൾ ആത്മരാമന്റെ പ്രശ്നം.പക്ഷേ അതിനെ അതിജീവിക്കാൻ മാത്രം കരുത്തുണ്ടായിരുന്നില്ല അയാളുടെ മനസ്സിന്.
‘സ്റ്റാറി നൈറ്റ്സ്’ നു ശേഷം നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് ആത്മരാമൻ മറ്റൊരു സ്വപ്നദർശനത്തിന്റെ കഥയുമായി വീണ്ടും വന്നത്, കൃത്യമായി പറഞ്ഞാൽ 2021 ഓഗസ്റ്റ് 1 ഞായറാഴ്ച.എന്റെ പേർസണൽ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു മെസ്സേജ് വന്നു. ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ നോട്ടിഫിക്കേഷൻ ശബ്ദം കേട്ട് ഞാൻ മെസ്സേജ് ഓപ്പൺ ചെയ്തു നോക്കുകയായിരുന്നു. “ഇന്നൊരു ഞായറാഴ്ച അല്ലായിരുന്നെങ്കിൽ തീർച്ചയായും ക്ലിനിക്കിൽ ഡോക്ടർക്ക് മുൻപിൽ ഞാനുണ്ടാകുമായിരുന്നു.” എന്ന് തുടങ്ങുന്ന ആത്മരാമന്റെ മെസ്സേജ്. “ഡോക്ടർ... ഞാൻ പിന്നെയും വിചിത്രമായ ഒരു സ്വപ്നം കണ്ടു”. എന്നായിരുന്നു മെസ്സേജിലെ അടുത്ത വരി.പിന്നെയുള്ളത് ഒരു നീണ്ട മെസ്സേജ്. അത് ആത്മരാമൻ കണ്ട രണ്ടാമത്തെ സ്വപ്നം വിശദീകരിച്ചു കൊണ്ടുള്ളതായിരുന്നു. ഉറക്കമൊക്കെ ഏത് വഴിക്ക് പോയെന്നറിയാതെയായി.എന്തായിരിക്കും ആ സ്വപ്നം, അന്നത്തേത് പോലെ വിചിത്രമായ ഏതെങ്കിലും സംഭവമായിരിക്കുമോ, എവിടെയായിരിക്കും അത് നടന്നത്,ആരെല്ലാമായിരിക്കും പുതിയ സ്വപ്നത്തിലെ കഥാപാത്രങ്ങൾ എന്നിങ്ങനെ ഉദ്വേഗം ജനിപ്പിക്കുന്ന ഒട്ടേറെ ചോദ്യങ്ങൾ ഞൊടി നേരത്തിനുള്ളിൽ എന്റെയുള്ളിൽ പൊട്ടി മുളച്ചു.ഭാഗ്യവശാൽ കുറിപ്പെഴുതി വെച്ചിരുന്ന നോട്ട് പുസ്തകം ബാഗിലുണ്ടായിരുന്നു. മെസ്സേജ് വായിച്ച് അപ്പോൾ തന്നെ ഞാൻ അത് ആ പുസ്തകത്തിലേക്ക് പകർത്തി വെച്ചു.
2021 ഓഗസ്റ്റ് 1. എ ക്രൈ ഫോർ ഹെൽപ്.-ആത്മരാമന്റെ വാട്സ്ആപ്പ് മെസ്സേജ്.
ഞാൻ നോക്കുമ്പോൾ ആൺകുട്ടികളെ പോലെ മുടി മുറിച്ച ആ പെൺകുട്ടി, അല്ല യുവതി, തൂവെള്ള ഫ്രോക് ആണ് വേഷം, അവൾ വീടിന്റെ പിറക് വശത്ത് തീ കൂട്ടി എന്തെല്ലാമോ അതിലേക്കിട്ട് കത്തിച്ചു കളയുന്നു. അവൾ ആരാണെന്നോ? സിൽവിയ.. സിൽവിയ പ്ലാത്ത്.ഞാൻ ഓടിച്ചെന്നു നോക്കുമ്പോൾ കത്തിച്ചു കളയുന്നത് എഴുതി വെച്ച നോവലിന്റെ കൈയെഴുത്ത് പ്രതിയായിരുന്നു. ദ് ബെൽജാർ എന്ന നോവലിന്റെ രണ്ടാം പതിപ്പായ ഡബിൾ എക്സ്പോഷറും വർഷങ്ങളോളം സൂക്ഷിച്ചു വെച്ച അമ്മയുടെ ആയിരക്കണക്കിന് കത്തുകളും ഭർത്താവായ ടെഡിന്റെ കത്തുകളും അക്കൂട്ടത്തിലുണ്ടായിരുന്നു.അവൾ ക്രോധം കൊണ്ട് ജ്വലിക്കുകയായിരുന്നു . ‘എല്ലാം നശിക്കട്ടെ.. കത്തി തീരട്ടെ’ എന്ന് പിറുപിറുത്തു കൊണ്ട് അവൾ എന്നെ നോക്കി. പൊടുന്നനെ ആകുലപ്പെട്ട് ചാരമായി മാറുന്ന ആ അക്ഷരങ്ങക്കൂമ്പാരങ്ങൾക്കിടയിൽ നിന്നും പാതി നശിച്ച അമ്മയുടെ കത്തുകൾ മാത്രം പെറുക്കിയെടുത്ത് നെഞ്ചോട് ചേർത്തു.. എന്നിട്ട് പറഞ്ഞു –“ ആത്മാ.. നിനക്കറിയാമോ.. എന്നെ ഈ ലോകത്ത് ഏറ്റവും സ്നേഹിച്ചിട്ടുള്ളത് എന്റെ അമ്മ മാത്രമായിരുന്നു. നിസ്വാർത്ഥമായ സ്നേഹം.അന്ന് പപ്പ മരിച്ച ദിവസം ഞാൻ ദൈവത്തോട് യുദ്ധം പ്രഖ്യാപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ സ്കൂളിൽ പോകാൻ വാശി പിടിച്ചു. അമ്മ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു തരുമായിരുന്നു . സ്കൂളിൽ വെച്ച് കൂട്ടുകാരികൾ എന്നോട് പറഞ്ഞു, അമ്മ ഇനി മറ്റൊരു വിവാഹം കഴിക്കുമെന്ന്. അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. വീട്ടിൽ തിരിച്ചെത്തിയ ഞാൻ എന്ത് ചെയ്തെന്നോ. ഒരു കടലാസ് അമ്മയ്ക്ക് നേരെ നീട്ടി. ‘ഇനിയൊരിക്കലും ഞാൻ വിവാഹം കഴിക്കില്ല’ എന്നതിൽ എഴുതിയിരുന്നു. അതിനടിയിൽ പാവം എന്റെ അമ്മ സന്തോഷത്തോടെ ഒപ്പ് വെച്ചു. എനിക്ക് വേണ്ടിയാണ് അമ്മ ജീവിച്ചത്. ആ സ്നേഹം പിന്നീട് എവിടെ നിന്നും എനിക്ക് കിട്ടിയില്ല... അയാൾ... അയാളാകട്ടെ സ്നേഹിക്കുകയാണെന്ന് വരുത്തി തീർത്ത് എന്നെ വഞ്ചിച്ചു കളഞ്ഞു.. നിനക്കറിയാമോ.. അയാൾക്ക് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ട്. എന്റെ ടെഡ്, അയാളിപ്പോൾ ആസിയയുടെ കൂടെയാണ്. വഞ്ചകൻ..കൊടും വഞ്ചകൻ...”
“അതിനാണോ സിൽവിയ നീ ഇതൊക്കെ കത്തിച്ചു കളഞ്ഞത്.. നിന്റെ എത്രയോ രാത്രികളുടെ, പകലുകളുടെ വേദനയാണ് ആ നോവൽ...” ഞാൻ ചോദിച്ചു.
സിൽവിയ അതിന് മറുപടി പറഞ്ഞില്ല. പകരം കൈയിലുണ്ടായിരുന്ന ഒരു ഡയറി എനിക്ക് തന്നു.എന്നിട്ട് പറഞ്ഞു..-“ഈ ഡയറി നിനക്കിരിക്കട്ടെ. ഓരോ ക്രിസ്മസിനും തീയതി കുറിക്കാത്ത ഡയറി സമ്മാനിക്കണമെന്ന് ഞാൻ അമ്മയോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഇത് എനിക്ക് അമ്മ അവസാനമായി സമ്മാനിച്ചിട്ടു പോയ ഡയറിയാണ്.ഇത് നിനക്കുള്ളതാണ്. നീ ഇതിൽ എഴുതണം.. പിന്നെ... അംഗീകാരങ്ങൾ തേടി വരാത്തതോർത്ത് സങ്കടപ്പെടരുത്. അമ്പതോളം രചനകൾ തിരസ്കരിക്കപ്പെട്ടതിനു ശേഷമാണ് എന്റെ ആദ്യ കഥ ഒരു മാഗസിനിൽ അച്ചടിച്ചു വന്നത്. അത്കൊണ്ട് വിഷമിക്കരുത്.നിനക്കിനിയും സമയമുണ്ട്.”. ഞാൻ ആ ഡയറി കൈകളിൽ വാങ്ങി. എവിടേക്കോ പുറപ്പെട്ട് പോകുന്നത് പോലെയായിരുന്നു അവളുടെ മട്ടും ഭാവവും.അവൾ വീടിനകത്ത് ഓടി നടന്ന് എല്ലാം അടുക്കി പെറുക്കി വെച്ചു. പിന്നെ അടുക്കളയിൽ പോയി ബ്രെഡും പാലും ട്രേയിലെടുത്ത് കൊണ്ട് വന്ന് എനിക്ക് നേരെ നീട്ടി. “നീ എന്നെ ഒന്ന് സഹായിക്കണം. എന്റെ കുഞ്ഞുങ്ങൾ, എന്റെ ഓമനകൾ , റബേക്കയും ഫാരാനും ആ മുറിയിൽ ഉറങ്ങുകയാണ്. അവർ ഉണരുമ്പോൾ ഇത് നീ അവരെ കഴിപ്പിക്കണം. അവരുടെ പ്രിയപ്പെട്ട അമ്മ തയ്യാറാക്കിയതാണെന്ന് പറയണം”. എല്ലാം യാന്ത്രികമായിരുന്നു. ഞാനാ ട്രേ കൈനീട്ടി വാങ്ങി.
“നീ എവിടെ പോകുന്നു?” ഞാൻ സിൽവിയയോട് ചോദിച്ചു.. അവൾ മറുപടി പറയാതെ റബേക്കയും ഫാരാനും കിടക്കുന്ന മുറിയുടെ വാതിലടച്ചു. വാതിലിന്റെ വിടവുകളിലെല്ലാം തുണികൾ തിരുകി. അസാധാരണമായത് എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നു എന്നൊരു ഉൾവിളി എനിക്കുണ്ടായി..
“ഏപ്രിൽ സൂര്യൻ എന്റെ ലോകത്തെ ഊഷ്മളമാക്കിയിരുന്നു. എന്റെ ആത്മാവ് ആനന്ദം കൊണ്ട് നിറഞ്ഞിരുന്നു. എന്നിട്ടും ആനന്ദനത്തിന് മാത്രം കൈക്കൊള്ളാവുന്ന മൂർച്ചയേറിയ മധുരമേറിയ വേദന ഞാനനുഭവിച്ചു. പെട്ടെന്ന് എന്റെ ലോകം ചാരനിറമായി. ഇരുട്ട് എന്റെ ആനന്ദത്തെ തുടച്ചുമാറ്റി. വേദനിപ്പിക്കുന്ന വിരസമായ ഒരു ശൂന്യത മാത്രം അവശേഷിച്ചു.” സിൽവിയ പറഞ്ഞുകൊണ്ടിരുന്നു.ആ വരികൾ എനിക്ക് സുപരിചിതമായിരുന്നു. അതേ.. അത് ഞാൻ മുൻപെപ്പോഴോ വായിച്ച സിൽവിയയുടെ തന്നെ വരികളാണ്. “ഞാൻ എന്റെ ജീവിതം കൊണ്ട് ടെഡിനോട് പ്രതികാരം ചെയ്യാൻ പോകുന്നു.”. അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് കയറി. പിന്നെയെല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു. അവൾ ഗ്യാസ് അടുപ്പ് തുറന്നിട്ടു. സ്വന്തം ശിരസ്സ് ടവലിൽ പൊതിഞ്ഞ് അടുപ്പിനുള്ളിലേക്ക് നീട്ടി വെച്ചു. മരണം അവളിലേക്ക് കത്തി കയറുകയായിരുന്നു. എനിക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.. എന്റെ കൈയിലിരുന്ന ട്രേ യിലെ ബ്രെഡും പാലും അനാഥമായി അവശേഷിച്ചു.ആ കുഞ്ഞുങ്ങൾ,അവർ പിന്നെ ഉണർന്നോ, എനിക്കത് അറിയില്ല.. ഞാനത് കണ്ടില്ല ഡോക്ടർ. പാവം റബേക്കയും ഫാരാനും. ഉണരുമ്പോൾ അവർ അവരുടെ അമ്മയെ അന്വേഷിച്ചിരിക്കും.. അല്ലേ..?”
സിൽവിയാ പ്ലാത്ത് ആത്മഹത്യ ചെയ്ത എഴുത്തുകാരിയാണെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും അതിന് വേണ്ടി അവർ തിരഞ്ഞെടുത്ത വഴിയെ കുറിച്ചായിരുന്നു എന്റെ സംശയം മുഴുവൻ. അതെനിക്ക് ഒരു തരത്തിലും വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല. പതിവ് തെറ്റിക്കാതെ സിൽവിയാപ്ലാത്തിന്റെ മരണത്തെ കുറിച്ചും ഞാൻ വിക്കി പീഡിയയിൽ സെർച്ച് ചെയ്തു നോക്കി.ആത്മരാമന്റെ സ്വപ്നത്തിലെ സംഭവങ്ങൾ സത്യമാണെന്ന് എനിക്കപ്പോൾ ബോധ്യപ്പെട്ടു.ഞാൻ സിൽവിയയെ കുറിച്ചോർത്തു.ഏറ്റവും ഒടുവിലത്തെ ജീവന്റെ പിടച്ചിലിൽ ജീവിതത്തിലേക്ക് മടങ്ങി വരാൻ സിൽവിയ ആഗ്രഹിച്ചിരിക്കില്ലേ.. തീർച്ചയായും ആഗ്രഹിച്ചിരിക്കും..എന്റെ മനസ്സിനെ ഒരു മരവിപ്പ് ബാധിച്ചിരുന്നു. ഈ കഴിഞ്ഞ രണ്ട് സ്വപ്നങ്ങളും ആത്മരാമനും തമ്മിൽ എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ലായിരുന്നു. എല്ലാം ഉന്മാദിയായ ഒരു മനുഷ്യന്റെ തോന്നലുകളിൽ നിന്നുണ്ടാകുന്നതാണ്.തീർച്ചയായും ഒരെഴുത്തുകാരനായതിനാലും ധാരാളം വായിക്കുന്ന ശീലമുള്ളതിനാലും ഈ സംഭവങ്ങളെ കുറിച്ചൊക്കെ ആത്മരാമന് വ്യക്തമായ ധാരണകളുണ്ടായിരുന്നിരിക്കും. ആ യാഥാർഥ്യങ്ങളിലേക്ക് അയാൾ, തന്നെ കൂടി ചേർത്തു വെച്ച് സങ്കൽപ്പിച്ചു കൂട്ടുന്നതെല്ലാം രാത്രി സ്വപ്നകാഴ്ചകളായി അയാളെ തേടിയെത്തുന്നതാവാം. ദിവസങ്ങൾക്കുള്ളിൽ തന്നെ മറ്റൊരു സ്വപ്നവുമായി ആത്മരാമൻ പിന്നെയും കടന്നു വന്നു. ഒരു ഫോൺ കാളിലൂടെ. അയാൾ ക്ലിനിക്കിലെ ലാൻഡ് ഫോണിലേക്ക് വിളിക്കുകയായിരുന്നു.ഓഗസ്റ്റ് 4 ന്.കാര്യമായി തിരക്കുകളൊന്നും ഇല്ലാതിരുന്ന ഒരു ദിവസമായിരുന്നു അത്.ഉള്ളത് പറയാമല്ലോ, ആത്മരാമൻ ഇനി എപ്പോഴായിരിക്കും തന്റെ അടുത്ത സ്വപ്നകഥയുമായി കടന്നുവരിക എന്ന് ഞാൻ ആ ദിവസങ്ങളിൽ ഓർത്തുകൊണ്ടിരുന്നു. ആകാംക്ഷയോടെ ആ കഥകൾ കേൾക്കാൻ ഞാൻ കാത്തിരിക്കുകയായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ഉചിതം. ആദ്യ രണ്ട് സ്വപ്നങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു മൂന്നാമത്തേത്. താരതമ്യേന ദൈർഘ്യം കുറവായിരുന്നു അതിന്. മാത്രമല്ല സ്വപ്നത്തിലെ കേന്ദ്രകഥാപാത്രവുമായി ആത്മരാമൻ നേരിട്ട് ഇടപെഴകുന്നുമുണ്ടായിരുന്നില്ല.ലാൻഡ് ഫോണിലൂടെ ആത്മരാമൻ പറഞ്ഞത് ഞാൻ നോട്ട് പുസ്തകത്തിൽ കുറിച്ചിട്ടു.
2021 ഓഗസ്റ്റ് 4. മൺഡേ ഓർ ട്യൂസ്ഡേ -ആത്മരാമൻ ലാൻഡ്ഫോണിലൂടെ പറഞ്ഞത്.
ദൂരെ നിന്ന് ഞാൻ കണ്ടു, റോഡ്മെല്ലിലെ മോങ്ക്സ് ഹൌസ് ന്റെ പൂന്തോട്ടത്തിൽ ഏകാകിയായി നിൽക്കുന്ന ഒരു എൽമരത്തിനു കീഴിൽ കുഴിയെടുത്തു കൊണ്ടിരുന്ന ലിയോനാർഡ് വുൾഫ്നെ. അയാൾ കരയുന്നുണ്ടായിരുന്നു.
“ഡോക്ടർക്ക് അറിയാമോ ലിയോനാർഡ് വുൾഫ് ആരാണെന്ന്?” ആത്മരാമൻ ചോദിച്ചു.
“പരിചയമില്ല..”ഞാൻ ഫോണിലൂടെ പറഞ്ഞു.
“വിർജീനിയാ വുൾഫ്ന്റെ പ്രിയപ്പെട്ട ലിയോനാർഡ്.. എന്നെ കണ്ടതും ലിയോനാർഡ് ഓടി വന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. ആത്മാ.. അവൾ എന്തിനിത് ചെയ്തു? എന്നെ തനിച്ചാക്കി എന്ന് വിലപിച്ചു കൊണ്ട്..”
പിന്നെ പോക്കറ്റിൽ നിന്ന് ഒരു കടലാസ്, മടക്കുകൾ നിവർത്തി തുറന്നു കാണിച്ചു. തന്നെ സ്നേഹിച്ചു മതിവരാത്ത പ്രിയപ്പെട്ട ഭർത്താവിനോടുള്ള സ്നേഹം അടിവരയിട്ടുറപ്പിക്കുന്ന ഹൃദയസ്പർശിയായ ആത്മഹത്യാ കുറിപ്പായിരുന്നു അത്. വിർജീനിയയുടെ കൈയക്ഷരത്തിൽ. “എന്തിനായിരുന്നു വീർജീനിയ...”? ഞാൻ ചോദിച്ചു.മുഴുമിപ്പിക്കാത്ത ഒരു ചോദ്യം. വീർജീനിയയുടെ ജീവിതം പോലെ.
“അറിയില്ലെടോ.. മനുഷ്യന്റെ മനസ്സിനെ കുറിച്ച് ആർക്കെന്തറിയാം.. അത് ഒരു ചിന്തയിൽ നിന്ന് മറ്റൊന്നിലേക്ക് പാറിപറക്കുന്നു.. എവിടെയും ഇരിപ്പുറക്കാത്ത ഒരു ചിത്രശലഭത്തെ പോലെ”. ലിയോനാർഡ് തുടർന്നു.
“ബിറ്റ്വീൻ ദ് ആക്ടസ് എഴുതിക്കഴിഞ്ഞതിനു ശേഷം അവളിൽ ചില മാറ്റങ്ങളൊക്കെ കണ്ടു തുടങ്ങിയിരുന്നു. എപ്പോഴും നിശബ്ദയായി വിഷാദം പുരണ്ട മുഖവുമായി ആലോചനകളിൽ മുഴുകി ഇരിക്കുമായിരുന്നു. പകലുകളിലും രാത്രികളിലും ഈ ഊസ് നദിയുടെ കരയിൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടു. അന്നവൾ പൊടുന്നനെ നദിക്കരയിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു.രണ്ട് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് അവളെ എനിക്ക് കണ്ടുകിട്ടുന്നത്. അഴുകിയളിഞ്ഞ്, വിരൂപിയായി.
“എന്തിനായിരിക്കാം ഡോക്ടർ ഓവർ കോട്ടിന്റെ പോക്കറ്റിൽ പാറക്കല്ലുകൾ നിറച്ച് ഊസ് നദിയിൽ ചാടി വിർജീനിയ ആത്മഹത്യ ചെയ്തത്. സ്നേഹം കൊണ്ട് വീർപ്പുമുട്ടിയിട്ടോ? അതോ എടുത്ത സ്നേഹമൊന്നും മടക്കി കൊടുക്കാൻ കഴിയാഞ്ഞിട്ടോ..”?
“പിന്നീടെന്തുണ്ടായി?”.
ഞാൻ ഫോണിലൂടെ ആത്മരാമനോട് ചോദിച്ചു. കേൾക്കുന്നത് സ്വപ്നമാണെന്നൊക്കെ ഞാൻ ഏകദേശം മറന്നു പോയിരുന്നു. ഞാൻ കൂടി ഉൾപ്പെട്ട ഒരു ദുരന്തത്തിന്റെ ദൃക്സാക്ഷി മാത്രമായി തീർന്നിരുന്നു ഞാനപ്പോൾ. വിർജീനിയയുടെ മരണ ശേഷമുള്ള ലിയോനാർഡിന്റെ മുഖമായിരുന്നു,എന്റെ മനസ്സിൽ അന്നേരം.
“പാവം ലിയോനാർഡ്.. അയാൾ തനിച്ച് പ്രിയതമയുടെ മൃതദേഹം കുഴിവെട്ടി മൂടി . ഒരൊറ്റ നോട്ടം ഞാൻ കണ്ടു,വികൃതമായിപ്പോയ അഴുകിയ വിർജീനിയയുടെ മുഖം. അപ്പോഴും അവളുടെ വെള്ള ഫ്രോക്കിനുമുകളിലെ ഓവർ കോട്ടിനും തലയിലെ വട്ടത്തൊപ്പിക്കും കേടുപാടുകളൊന്നും സംഭവിച്ചിരുന്നില്ല. ലിയോനാർഡ് നനവ് പുരണ്ട മണ്ണിൽ മുഖം ചേർത്തു കിടക്കുകയായിരുന്നു, വിർജീനിയയുടെ നെഞ്ചിലെന്ന പോലെ.” ആത്മരാമൻ ഒന്ന് നിർത്തി.
“ഡോക്ടർ... മൺഡേ ഓർ ട്യൂസ്ഡേ എന്ന ഒരൊറ്റ കഥാസമാഹാരം മാത്രമേ ജീവിച്ചിരിക്കുമ്പോൾ വിർജീനിയയുടേതായി പുറത്ത് വന്നിരുന്നുള്ളൂ. ബാക്കിയെല്ലാം പ്രിയപ്പെട്ടവൾക്ക് വേണ്ടി ലിയോനാർഡ് പ്രസിദ്ധീകരിക്കുകയായിരുന്നു.അവളുടെ പൂർത്തിയാക്കിയ രചനകൾ പ്രസിദ്ധീകരിക്കാൻ വേണ്ടി മാത്രമായിരുന്നു ലിയോനാർഡ് ശേഷിച്ച കാലം ജീവിച്ചിരുന്നതെന്ന് പറയുന്നതാവും ശരി. കാലത്തിനോടുള്ള കടം സാഹിത്യം കൊണ്ട് വീട്ടുന്നത് പോലെ..”
ഫോണിന്റെ മറുതലക്കൽ നിശബ്ദത പടർന്നു.. ഞാൻ അറിയാതെ തന്നെ എന്നിൽ നിന്നൊരു ദീർഘനിശ്വാസം പുറത്ത് ചാടി. അന്ന് ആ ഫോൺ കാൾ കട്ട് ചെയ്യുന്നതിന് മുൻപ് എന്തുകൊണ്ടോ മുൻപ് പറഞ്ഞ കഥയെ കുറിച്ച്, അതായത് പണ്ടൊരിക്കൽ എഴുതിവെച്ച്, പിന്നീട് ഏതോ ഒരു ആനുകാലികത്തിലേക്ക് അയച്ചു കൊടുത്ത ആ കഥയെക്കുറിച്ച് ആത്മരാമനോട് ചോദിക്കണമെന്ന് എനിക്ക് തോന്നി .. അയാൾ പറഞ്ഞു – “ഇല്ല.. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും ഇതുവരെ വന്നില്ല. ഞാനത് പ്രതീക്ഷിക്കുന്നുമില്ല ഡോക്ടർ. ഉപേക്ഷിക്കപ്പെടുക എന്നത് എന്റെ വാക്കുകളുടെ വിധിയാണ്”. ആത്മരാമൻ പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ, ഒന്നുകൂടി വ്യക്തമാക്കിയാൽ, ആത്മരാമനെ അവസാനമായി കാണുന്നത് വരേയ്ക്കും,ഞാൻ അയാളുടെ, കടന്നു വന്ന ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് തന്നെയായിരുന്നു മിക്കപ്പോഴും ഓർത്തു കൊണ്ടിരുന്നത്.ആത്മരാമനും അയാളുടെ സ്വപ്നങ്ങളും ഒരു ബാധപോലെ അതിനോടകം എന്നെ പിടികൂടി കഴിഞ്ഞിരുന്നു.നോട്ട് പുസ്തകത്തിലെ ആ കുറിപ്പുകൾ എടുത്ത് വെച്ച് എപ്പോഴും വായിച്ച് കൊണ്ടിരിക്കുക എന്നത് ഒരു പതിവായും മാറിയിരുന്നു.ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ആത്മരാമന് തന്റെ യഥാർത്ഥ വഴിയേക്കുറിച്ച് ഉൾവിളിയുണ്ടായത്.ജോലിയുപേക്ഷിച്ചു, ജീവിതവും സമയവും മുഴുവനായും എഴുത്തിനായി നീക്കി വെക്കുകയായിരുന്നു അയാൾ. ആദ്യമൊക്കെ ആ തീരുമാനത്തെ അമ്മ എതിർത്തിരുന്നെങ്കിലും തന്റെ മകന്റെ സന്തോഷം ആ വഴിയിലൂടെയാണെങ്കിൽ അത് അങ്ങനെ തന്നെ ആവട്ടെ എന്ന് അവർ കരുതി.അയാൾ നിരന്തരം എഴുതിക്കൊണ്ടിരുന്നു. ആത്മസംഘർഷങ്ങളിൽ ഉലയുന്ന,ഏതൊരു ദസ്തയേവ്സ്കി കഥാപാത്രത്തേക്കാളും ഉന്മാദിയായ ഒരാൾക്കാണോ എഴുതാൻ വിഷയമില്ലാതിരിക്കുക. എഴുതിയതെല്ലാം അയാൾ പല മാസികകളിലേക്കും അയച്ചു കൊടുത്തു. പക്ഷേ ഒന്ന് പോലും പ്രസിദ്ധീകരിക്കപ്പെട്ടില്ല. എന്തിന് അയച്ച മെയിലുകൾ തുറന്ന് നോക്കപ്പെടുക പോലുമുണ്ടായില്ല.അതൊന്നും പ്രസിദ്ധീകരണ യോഗ്യമല്ലാതായത് കൊണ്ടൊന്നുമായിരുന്നില്ല. എന്തുകൊണ്ടോ അയാളുടെ അക്ഷരങ്ങൾക്ക് മോക്ഷം കിട്ടിയില്ല. അവ എഴുതപ്പെട്ട കടലാസുകളിൽ ആരാലും വായിക്കപ്പെടാതെ അടക്കം ചെയ്യപ്പെട്ടു കിടന്നു.പണം മുടക്കി, എഴുതിയതെല്ലാം ചേർത്ത് വെച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയാണെങ്കിലോ,ആരാലും അറിയപ്പെടാത്ത ഒരാളുടെ പുസ്തകത്തെ ആരും ശ്രദ്ധിക്കില്ലെന്നും അത് പ്രസാധകന്റെ പ്രിന്റിംഗ് പ്രസ്സിൽ ഒരു കോണിൽ,അനാഥ ശവം പോലെ ശേഷിച്ച കാലം മുഴുവൻ കുമിഞ്ഞു കൂടി കിടക്കുമെന്നും ആത്മരാമനറിയാമായിരുന്നു.പിന്നെ പിന്നെ അയാൾ കഥകൾ ആനുകാലികങ്ങളിലേക്ക് അയച്ചു കൊടുക്കുന്നത് നിർത്തി. അസംതൃപ്തമായ തന്റെ ആത്മാവിനു വേണ്ടി മാത്രം കഥകളെഴുതി.ഒടുവിൽ മകൻ സ്വയം കണ്ടെത്തിയ വഴിയിൽ എവിടെയും എത്തിച്ചേർന്നില്ലെന്ന് കണ്ട് ഹൃദയം നൊന്ത് ആ അമ്മ മരിച്ചു.അമ്മയുടെ മരണശേഷം രണ്ട് മാസങ്ങൾക്കുള്ളിൽ ഏക സഹോദരനും ഒരു വാഹനാപകടത്തിൽപ്പെട്ടു മരണമടഞ്ഞതോടെ ആത്മരാമൻ അക്ഷരാർത്ഥത്തിൽ തനിച്ചായി. പക്ഷേ, അപ്രതീക്ഷിതമായി തനിക്കേറ്റ പ്രഹരം അയാളെ കൂടുതൽ ഉന്മാദിയാക്കി തീർക്കുകയായിരുന്നു. ഒന്നുകിൽ മനസ്സ് നിറഞ്ഞു തുളുമ്പുന്ന സന്തോഷം, അല്ലെങ്കിൽ കഠിനമായ ദുഃഖം, ഈ രണ്ടവസരങ്ങളിൽ മാത്രമേ ഉത്കൃഷ്ടമായ സൃഷ്ടികൾ ഉണ്ടാവുകയുള്ളു എന്നും സന്തോഷിക്കാൻ യാതൊരു വകയുമില്ലാത്ത ഒരുവനെ സംബന്ധിച്ചിടത്തോളം അയാളുടെ ദുഃഖങ്ങളാണ് സർഗ്ഗശേഷിയുടെ മഷിയെന്നും ആത്മരാമൻ തിരിച്ചറിഞ്ഞു. ജീവിതത്തെ മൂടിയ ഇരുട്ടിൽ അക്ഷരങ്ങൾ അയാൾക്ക് വെളിച്ചമായി. ഹൃദയവും ആത്മാവും പൂർണമായും എഴുത്തിൽ സമർപ്പിച്ച ആത്മരാമന് ഒടുവിൽ എവിടെയോ വെച്ച് മനസ്സും നഷ്ടമായി. അന്ന് എന്റെ മുന്നിലിരുന്ന് കരഞ്ഞുകൊണ്ട് അയാൾ പറഞ്ഞു –“ഞാനൊരു വലിയ പരാജയമാണ് ഡോക്ടർ. എഴുത്ത് ഞാൻ നിർത്തുന്നു. എനിക്കിനിയതിനാവില്ല!”. “ആരും വായിക്കാത്ത എന്റെയാ കഥകൾ ഡോക്ടർക്ക് ഒന്ന് വായിച്ച് നോക്കാമോ ”? സകല പ്രതീക്ഷകളും നഷ്ടപ്പെട്ട അയാൾ ചോദിച്ചു.അതൊരു യാചനപോലെയായിരുന്നു.
“അതെന്ത് ചോദ്യമാണ് ആത്മാ... എനിക്കതെങ്ങനെ വായിക്കാതിരിക്കാനാവും?ഞാൻ പറഞ്ഞു.
ഓരോ ദിവസവും വായിച്ച് നോക്കുന്നതിനായി ഓരോ കഥ വീതം അയാൾ തുടർന്നുള്ള ദിവസങ്ങളിൽ എന്നെയേല്പിച്ചുകൊണ്ടിരുന്നു.തന്റെ രോഗിയുടെ താൽക്കാലിക ആശ്വാസത്തിന് ഒരു ഡോക്ടർ നിന്നു കൊടുക്കുന്നത് പോലെയായിരുന്നില്ല അത്, അവ വായിക്കപ്പെടേണ്ട കഥകൾ തന്നെയായിരുന്നു.അയാളുടെ ക്രിയാത്മകത, സർഗ്ഗശേഷിയുടെ വൈഭവം എന്നെ അമ്പരപ്പിച്ചു കളയുകയായിരുന്നു. ഞാനാ കഥകൾ വായിച്ച് ആത്മാർത്ഥമായി അഭിപ്രായങ്ങൾ അയാളുമായി പങ്കു വെച്ചു. സത്യം പറയട്ടെ, മരുന്നിനേക്കാൾ ആത്മരാമന്റെ കാര്യത്തിൽ അതാണ് കൂടുതൽ ഫലിച്ചത്. ജാലകമില്ലാത്ത മുറിയിൽ അകപ്പെട്ടത് പോലെയുള്ള വീർപ്പുമുട്ടലിൽ നിന്ന് രക്ഷപ്പെടാൻ,ആ മൃദുല ഹൃദയന്, എവിടെയോ ഇരുന്ന് ആരോ ഒരാളെങ്കിലും തന്റെ കഥകൾ വായിക്കുന്നു എന്ന തോന്നൽ മാത്രം മതിയായിരുന്നു.
ഓഗസ്റ്റ് 9 നാണ് ഞാൻ ആത്മരാമനെ അവസാനമായി കാണുന്നത്. പതിവുപോലെ അന്നും ഒരു സ്വപ്നത്തിലെ കഥയുമായാണ് അയാൾ ക്ലിനിക്കിലേക്ക് കടന്നു വന്നത്. എന്നാൽ പതിവിലും വിപരീതമായി അയാളുടെ മുഖത്ത് ആ പഴയ പ്രസരിപ്പും തെളിച്ചവും ഞാൻ കണ്ടു. അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു. മുടിയൊക്കെ വെട്ടിയൊതുക്കി പ്രസ്സന്നമായ മുഖവുമായി അയാൾ എനിക്ക് മുന്നിലിരുന്നപ്പോൾ ഞാൻ പറഞ്ഞു – “സുന്ദരനായിരിക്കുന്നല്ലോ ആത്മാ.. താൻ ഇന്ന്”!
അയാൾ നിറഞ്ഞു ചിരിച്ചു.
“എന്താ ഇന്നുമുണ്ടോ പറയാൻ ഒരു സ്വപ്നകഥ?” ഞാൻ ചോദിച്ചു.
“ഉണ്ട്”.
2021 ഓഗസ്റ്റ് 9. ഡെത്ത് ഇൻ ആഫ്റ്റർനൂൺ.- ആത്മരാമൻ അവസാനമായി പറഞ്ഞത്.
പക്ഷേ ഈ സ്വപ്നത്തിന് ഒരു കുഴപ്പമുണ്ട് ഡോക്ടർ. പലരും ഒത്തുകൂടിയ മുറിഞ്ഞു മുറിഞ്ഞു പോകുന്ന വ്യകതമല്ലാത്ത ദൃശ്യങ്ങൾ നിറഞ്ഞ ഒരു സ്വപ്നം.അതെന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. എങ്കിലും എനിക്കത് കൃത്യമായി ഓർമയുണ്ട്.
ആത്മരാമൻ പറഞ്ഞു തുടങ്ങി.
ഒരാൾക്കൂട്ടത്തെ വകഞ്ഞു മാറ്റിയാണ് ഞാൻ അവിടേക്ക് ചെന്നത്. അതിന് നടുവിൽ തോക്ക് വായിൽ വെച്ച് കാൽ വിരൽ കൊണ്ട് ട്രിഗ്ഗർ അമർത്തി മരിച്ചു കിടക്കുകയായിരുന്നു നരച്ച താടിയും മുടിയുമുള്ള ആ മനുഷ്യൻ. ഏണസ്റ്റ് ഹെമിംഗ് വേ.. രക്തത്തിൽ മുങ്ങി പേടിപ്പെടുത്തുന്ന കിടപ്പ്, ..കൂടി നിൽക്കുന്നവരെല്ലാം എനിക്ക് പരിചയമുള്ളവരായിരുന്നു. റോബർട് ജോർഡാനും ലേഡി ബ്രട്ടും ജൈക് ബർണസും കോഹനുമുണ്ടായിരുന്നു. ഏറെ ദുഃഖിതനായി ആൾക്കൂട്ടത്തിൽ നിന്ന് അകന്നു മാറി നിൽക്കുകയായിരുന്നു അയാൾ-ഗൾഫ് സ്ട്രീമിലെ സാഹസികനായ ആ മീൻപിടുത്തക്കാരൻ,സന്റിയാഗോ.ഞാൻ അയാൾക്കരികിലേക്ക് ചെന്നു.സാന്റിയാഗോ എന്റെ വിരലുകളിൽ മുറുകെ പിടിച്ചു. “ആ മനുഷ്യൻ ഈ ചതി ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നതല്ലടോ.. മനുഷ്യനെ നശിപ്പിക്കാം. പക്ഷേ തോൽപ്പിക്കാനാവില്ല. പൊരുതും.. മരിക്കുന്നത് വരെ പൊരുതുക തന്നെ ചെയ്യും എന്ന് പറഞ്ഞവനാണ്. എന്ത് മാനസിക സമ്മർദ്ദവും വിരക്തിയും കാരണമാണ് അയാൾ ഈ കടുംകൈ ചെയ്തത്. എനിക്കത് മനസ്സിലാവുന്നില്ലെടോ.”
എന്ത് പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
“രണ്ട് ദിവസം മുൻപ് കണ്ടപ്പോൾ അയാൾ പറഞ്ഞതെന്തെന്നോ..” സന്റിയാഗോ എന്ന വൃദ്ധൻ ചോദിച്ചു.
“എന്താണ്”?
“ആർക്കും എന്നും ജീവിക്കാൻ സാധ്യമല്ലല്ലോ. സ്രഷ്ടാവിനോടുള്ള ആ അവസാന സമരത്തിലും ഒന്നേ ശ്രദ്ധിക്കേണ്ടതുള്ളൂ. ഒരാൾ എന്തായിരുന്നുവോ, അതിന്റെ പേരിൽ അയാൾ ഓർമ്മിക്കപ്പെടണം, എന്ന്. അന്നാപറഞ്ഞതിനർത്ഥം ഇതാണെന്ന് ആര് കണ്ടു”. സാന്റിയാഗോ ആത്മാവ് നഷ്ടപ്പെട്ടവനെപ്പോലെ തളർന്നിരുന്നു.
പക്ഷേ ആ സ്വപ്നത്തിൽ ചില വിടവുകളുണ്ടായിരുന്നെന്ന് ഞാൻ സൂചിപ്പിച്ചിരുന്നില്ലേ. ഹെമിംഗ് വേ യുടെ മൃതശരീരം എന്ത് ചെയ്തെന്നോ കൂടി നിന്നവർ എവിടേക്ക് മാഞ്ഞു പോയെന്നോ എനിക്ക് മനസ്സിലായില്ല. സാന്റിയാഗോ ഒരു യാത്ര പോലും പറയാതെ പോയ്ക്കളഞ്ഞു. പിന്നെ ഒരു പുകമറയായിരുന്നു. പതുക്കെ പതുക്കെ അതിലൂടെ തെളിഞ്ഞു കിട്ടിയ കാഴ്ചയിൽ ആരോ രണ്ടു പേർ മുഖത്തോട് മുഖം നോക്കിയിരുന്ന് പുകവലിക്കുന്നുണ്ടായിരുന്നു.
ആത്മരാമൻ ഒന്ന് നിർത്തി, പിന്നെ ചോദിച്ചു.
“ഹെമിംഗ് വേ യുടെ ഡെത്ത് ഇൻ ആഫ്റ്റർനൂൺ വായിച്ചിട്ടുണ്ടോ ഡോക്ടർ.”
ഞാനത് സത്യമായിട്ടും വായിച്ചിട്ടില്ലായിരുന്നു.
“ഇല്ല...”ഞാൻ പറഞ്ഞു.
“അതിലൊരു വരി ഇങ്ങനെയാണ്. എല്ലാ കഥകളും നീണ്ടുപോകുമ്പോൾ മരണത്തിൽ അവസാനിക്കുന്നു. അത് മാറ്റി നിർത്തി കഥ പറയുന്ന ആളാവട്ടെ ഒരു നല്ല കാഥികനല്ല.”
പൊടുന്നനെ ആത്മരാമൻ നിശബ്ദനാവുകയായിരുന്നു.
അന്ന് യാത്ര പറഞ്ഞു പോകുംന്നേരം അയാൾ അതു കൂടി പറഞ്ഞു.
“ഒരു സന്തോഷവാർത്തയാണ് ഡോക്ടർ. അതായിരുന്നു ആദ്യം പറയേണ്ടിയിരുന്നത്.”
“എന്താണത്.. പറയൂ”
“ആ കഥ പ്രസിദ്ധീകരിക്കുന്നു എന്ന് പറഞ്ഞ് ആഴ്ചപ്പതിപ്പിൽ നിന്ന് ഇ മെയിൽ വന്നിരുന്നു.നാളെ പുതിയ ലക്കത്തിൽ അത് അച്ചടിച്ചു വരും.” “ഓഹ്.. ഗ്രേറ്റ്... കൺഗ്രാജുലെഷൻസ്. പക്ഷേ ആ കഥ ഞാൻ വായിച്ചിട്ടില്ലല്ലോ..”
“ഇല്ല. അത് മാത്രം വായിക്കാൻ ഞാൻ ഡോക്ടർക്ക് തന്നിരുന്നില്ല. അത് ഡോക്ടർ അച്ചടി മഷി പുരണ്ടതിന് ശേഷം മാത്രം വായിച്ചാൽ മതി.” അത്രയും പറഞ്ഞ് ഞങ്ങൾ പിരിയുകയായിരുന്നു.
നിരാശയുടെ ഇരുണ്ട ഇടനാഴികളിലിരുന്ന് സാഹിത്യ സൃഷ്ടികൾ നടത്തിയിരുന്ന ഒരു കഥാകൃത്തിനെയിതാ ഒടുവിൽ പൊതുസമൂഹം അംഗീകരിക്കാനും തിരിച്ചറിയാനും വായിക്കാനും പോകുന്നു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഒരു ഡോക്ടറുടെയും അയാളുടെ പേഷ്യന്റിന്റെയും ദീർഘനാളത്തെ ആത്മബന്ധം മാത്രമായിരുന്നില്ല അതിനുകാരണം, ആ എഴുത്തുകാരന്റെ പല കൃതികളും ആദ്യമായി വായിക്കാൻ അപൂർവ ഭാഗ്യം ലഭിച്ച ഒരു വായനക്കാരനായിരുന്നല്ലോ ഞാൻ എന്ന അഭിമാനം കൊണ്ട് കൂടിയായിരുന്നു അത്.വലിയൊരു സസ്പെൻസ് ബാക്കി നിർത്തിയാണ് ആത്മരാമൻ യാത്ര പറഞ്ഞു പോയത്. അടുത്ത ദിവസം ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം ഇറങ്ങുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും എനിക്ക് അശേഷമുണ്ടായിരുന്നില്ല. എന്തായിരിക്കും,എന്തിനെക്കുറിച്ചായിരിക്കും ആ കഥ, ആരെല്ലാമായിരിക്കും അതിലെ കഥാപാത്രങ്ങൾ , കഥയുടെ തുടക്കവും ഒടുക്കവും എങ്ങനെയായിരിക്കും എന്നിങ്ങനെയുള്ള ചിന്തകളായിരുന്നു എന്റെ മനസ്സിൽ..
അന്ന് തിരക്കുള്ള ഒരു ദിവസമായിരുന്നു. അറ്റെൻഡറോട് ഏത് വിധേനെയും ആ ആഴ്ചപതിപ്പിന്റെ പുതിയ ലക്കം സംഘടിപ്പിച്ചു വെക്കാൻ ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നു. അയാൾ അത് കൃത്യമായി സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ രാവിലെ തന്നെ ആത്മരാമന്റെ കഥ വായിച്ച് നോക്കാനുള്ള സമയം എനിക്ക് കിട്ടിയില്ല.തിരക്കുകളൊഴിഞ്ഞ് കൺസൾട്ടിങ് റൂമിലേക്ക് വരുമ്പോൾ ആഴ്ചപതിപ്പ് മേശപ്പുറത്ത് കിടക്കുന്നുണ്ടായിരുന്നു. അതിന്റെ കവർ പേജ് ന് പുറത്ത് കഥ എന്നെഴുതിയതിനു താഴെ ആത്മരാമന്റെ പേര് കണ്ടു.. ഞാൻ ധൃതിയിൽ പേജുകൾ മറിച്ച് ആത്മരാമന്റെ കഥയുള്ള ഭാഗം നിവർത്തി വെച്ചു. വിചിത്രമായിരുന്നു കഥയുടെ പേര് തന്നെ. ‘പേരിടാത്ത ഒരു കഥ’ എന്നായിരുന്നു അത്. വായിച്ച് നോക്കും മുൻപ് എനിക്ക് ആത്മരാമനെ വിളിച്ചു സംസാരിക്കണമെന്ന് തോന്നി. ഞാൻ കഥവായിച്ചിരുന്നോ എന്നറിയാൻ ചിലപ്പോൾ അയാൾ എന്നെ വിളിച്ചിരുന്നിരിക്കാം. പക്ഷേ കാൾ ലോഗ് എടുത്ത് നോക്കിയപ്പോൾ ആത്മരാമന്റെ മിസ്സ്ഡ് കാൾ ഒന്നുമില്ല. വാട്സ്ആപ്പിൽ മെസ്സേജ് വല്ലതും അയച്ചിരുന്നോ എന്നും നോക്കി. അതും ഇല്ല. ഞാൻ ആത്മരാമനെ വിളിച്ചു. അപ്പുറത്ത് ഫോൺ റിങ് ചെയ്തതല്ലാതെ ആരും കാൾ അറ്റൻഡ് ചെയ്തില്ല. വീണ്ടും ശ്രമിച്ചു. രണ്ടാം തവണ കാൾ എടുത്തു . പക്ഷേ മറുതലക്കൽ നിന്ന് അപരിചിതമായ ഒരു ശബ്ദമാണ് കേട്ടത്... “ആരാണ്?” ആ ശബ്ദം എന്നോട് ചോദിച്ചു.
“ഇത് ആത്മരാമന്റെ ഫോൺ തന്നെയല്ലേ”?
“ ഓഹ്.. അപ്പോൾ മരിച്ചു പോയ ആളുടെ പേര് ആത്മരാമൻ എന്നാണല്ലേ.?”
ഞാൻ ഞെട്ടിത്തെറിച്ചു. സ്വപ്നമാണോ യാഥാർഥ്യമാണോ ഇതെന്ന് തിരിച്ചറിയാനാവത്ത വിധം കുഴങ്ങി..
“ഹലോ.. ഹലോ.. നിങ്ങൾ ആരാണ്”? ആ അപരിചിത ശബ്ദം വീണ്ടും എന്നോട് ചോദിച്ചു.
“ഞാൻ...ഞാൻ അയാളുടെ ഡോക്ടർ ആണ്. എന്താണ് സംഭവിച്ചത്”? എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“അല്പസമയമേ ആയിട്ടുള്ളു ഡോക്ടർ.. അയാൾ ഇവിടെ പുതിയ താമസക്കാരനാണ്. ആരോടും അങ്ങനെ അടുപ്പമൊന്നുമില്ലായിരുന്നു.കുറച്ച് മുൻപ് വീടിനകത്ത് നിന്നും അസാധാരണമാം വിധം പുക ഉയരുന്നത് കണ്ട് ഞങ്ങൾ വന്നു നോക്കുകയായിരുന്നു. വാതിലുകൾ അകത്ത് നിന്ന് പൂട്ടിയിരുന്നു. തള്ളി തുറന്ന് നോക്കുമ്പോൾ ഒരു മുറിക്കുള്ളിൽ നിറയെ പുസ്തകങ്ങളും എന്തൊക്കെയോ എഴുതിക്കൂട്ടിയ കടലാസുകെട്ടുകളും കൂട്ടി വെച്ച് ഒരു ചിതപോലെ നിർമിച്ച് അതിനുള്ളിൽ കിടന്ന് വെന്തുകൊണ്ടിരിക്കുന്ന ഒരു മനുഷ്യശരീരം...വെള്ളം കോരി തീ കെടുത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു ഡോക്ടർ.. കത്തിക്കരിഞ്ഞ ഒരു രൂപമായി തീർന്നിരുന്നു. പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. ഡോക്ടർക്ക് ഒന്ന് ഇവിടം വരെ വരാമോ..”
ഞാൻ മറുപടി പറഞ്ഞില്ല. എനിക്കതിനു കഴിയില്ലായിരുന്നു. ആത്മരാമന്റെ കത്തിക്കരിഞ്ഞ ശരീരം കാണാനുള്ള മനോബലവും എനിക്കില്ലായിരുന്നു.ഒരു തളർച്ച എന്റെ ശരീരത്തെയും ആത്മാവിനെയും ബാധിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.എന്റെ കൈയിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു വീണു.ഞാൻ ആഴ്ചപ്പതിപ്പിലെ കഥയിലേക്ക് നോക്കി. എന്തു കൊണ്ടോ ആ കഥ അപ്പോൾ തന്നെ വായിച്ച് നോക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞു.. അറം പറ്റിയത് പോലെയായിരുന്നു അത്.. കഥയിൽ എഴുത്തുകാരനായ കഥാപാത്രം ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു .അതും സമാനമായ രീതിയിൽ, ജീവിതകാലംകൊണ്ട് അയാൾ എഴുതിയതും വായിച്ചതുമായ സകലതും കൂട്ടി വെച്ച് ചിതയൊരുക്കി അതിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇതിനു വേണ്ടിയായിരുന്നോ അയാൾ ജീവിച്ചിരുന്നത്.ഭഗ്നഹൃദയനായ ഒരു സർഗ്ഗോന്മാദി അയാളുടെ സർഗ്ഗാത്മകതയുടെ അത്യുന്നതങ്ങളിൽ വെച്ച് ഇതാ ആരോടും പറയാതെ ജീവിതത്തിൽ നിന്ന് സ്വയം ഇറങ്ങിപോയിരിക്കുന്നു.മരണത്തിന്റെ മാസ്മരികത എപ്പോഴാണ് ആത്മാരാമനെ ആകർഷിച്ചതെന്ന് എനിക്കറിയില്ല. പൊടുന്നനെ,, ആത്മരാമന്റെ സ്വപ്നദർശനങ്ങളെ കുറിച്ച് എനിക്കോർമ്മ വന്നു .. സാന്ദ്രമായ ഒരു തണുപ്പ് അപ്പോൾ എന്റെ ശരീരത്തിലൂടെ അരിച്ചു കയറി. അയാളുടെ ജീവിതമായിരുന്നോ കഥ, അതോ ആരോ മുൻകൂട്ടി എഴുതിയവസാനിപ്പിച്ച കഥയായിരുന്നോ ആത്മരാമന്റെ ജീവിതം, അതിനയാൾ നൽകിയ പേരാണോ ‘പേരിടാത്ത ഒരു കഥ’ എന്നത്. ആർക്കറിയാം.ആ തലക്കെട്ടിലേക്ക് നോക്കി ആഴ്ചപതിപ്പിന്റെ പേജുകളിൽ മുഖം പൂഴ്ത്തി ഞാൻ വെറുതെയങ്ങനെ കിടന്നു. വരണ്ട ഒരു ശൂന്യത എന്റെ ആത്മാവിനെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു...