ഭാവനയിൽ ഉരുകുന്നു
വിലക്കപ്പെട്ട ശലഭങ്ങളെ പോലെ വിലക്കപ്പെട്ട പൂവുകളും ഉണ്ട്. നിറം കുറഞ്ഞ്, ഇതളുകൾ വാടി വീഴാറായവ... അവതേടി നിർജീവ ശലഭങ്ങൾ ഇന്നും വിദൂര ദേശത്ത് നിന്ന് പറന്നെത്തുന്നു... പ്രേമത്തിന്റെ സമവാക്യത്തെ ഒരു സ്രഷ്ടാവിനും മാറ്റുവാനൊക്കില്ലല്ലോ...

പല നിറങ്ങളിലുള്ള ചുമരുകളുടെ ഇടതൂർന്ന നിഴലുകളിലൂടെ വിരലുകൾ കോർത്ത് നടക്കുകയായിരുന്നു ഞങ്ങൾ...
"ഒരുപാട് മടുത്തു,
ഒരു കഥ പറയാമോ" - കൂടെയുള്ളവൾ ചോദിച്ചു.
"എങ്ങനത്തെ കഥ വേണം..."- എന്ന്
ചോദിയ്ക്കാനൊരുങ്ങുമ്പോഴേയ്ക്കും എനിയ്ക്ക് കഥപറയാൻ വെറുതെ തോന്നി...
ആകാശത്ത് കെട്ടുപുള്ളികൾ പോലെ പറ്റം പറ്റമായി പറന്ന് കൂടണയാൻ പോവുന്ന ഒരു കൂട്ടം പക്ഷികൾ കാതോർത്തു...
അങ്ങനെ ഞങ്ങൾക്ക് രണ്ടുപേർക്കിടയിൽ നിന്ന് ഒരു കഥ അതിന്റെ ജീവഗേഹത്തിലേയ്ക്ക് കാലുകളെടുത്ത് വച്ച് വളർന്ന് പടർന്നു...
ദൂരെയുള്ള ഒരു മരത്തിലേയ്ക്ക് വിരൽ ചൂണ്ടി ഞാനവളോട് പറഞ്ഞു-
"ദാ... അത് കണ്ടോ..?"
മരത്തിന്റെ ശിഖരങ്ങളിലെങ്ങോ കുരുങ്ങിക്കിടന്ന ചുവന്ന് തുടുത്ത ഹൈഡ്രജൻ ബലൂണിലേക്ക് നോക്കി അവൾ എന്നോട് സംശയം ചോദിച്ചു...
"അതെന്താണ്?"
അവ്യക്തമായ ഒരു ബിന്ദുപോലെ വായുവിൽ ഉറഞ്ഞു നിന്ന ആ ബലൂണിന്റെ ജീവരഹസ്യം ഞാൻ പറഞ്ഞു കൊടുത്തു.
"പണ്ട് പണ്ട്...
ഈ നാട്ടിൽ നിറയെ പൂന്തോട്ടങ്ങളുണ്ടായിരുന്നു..."
പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കേൾവിക്കാരിയുടെ കണ്ണിൽ കൗതുകത്തിന്റെ കനലെരിഞ്ഞു. അവൾ ചോദിച്ചു -
"എന്നിട്ട്?"
"ആ പൂന്തോട്ടം നിറയെ പലനിറത്തിലുള്ള പൂവുകൾ നിറഞ്ഞു നിന്നിരുന്നു...
ഓരോന്നിനും വെവ്വേറെ ഗന്ധം... വെവ്വേറെ ആകൃതി..."
ആകാംക്ഷയുടെ ക്യാൻവാസിൽ ഒപ്പമുണ്ടായിരുന്നവൾ പൂന്തോട്ടങ്ങൾ മനസ്സ് കൊണ്ട് വരഞ്ഞു.
"എല്ലാ കാലത്തും പൂവുകൾ വിടരുമായിരുന്നു... അപൂർവങ്ങളിൽ അപൂർവമായ ഈ കാഴ്ച കാണുവാൻ വേണ്ടി മറ്റ് നാടുകളിൽ നിന്ന് പോലും കുട്ടികളും മുതിർന്നവരും എത്തിയിരുന്നു..."
അന്നേരം ഞങ്ങൾ അവിടെയൊരിടത്ത് ഒരുമിച്ചിരുന്നു. ആളുകൾ... വണ്ടികൾ... ശബ്ദങ്ങൾ...
തന്റെ ഹാൻഡ് ബാഗിൽ നിന്നും ചോക്ലേറ്റിന്റെ തിളങ്ങുന്ന പൊതി പൊളിച്ച് അതിലൊരു കഷ്ണം അവളെനിയ്ക്ക് നീട്ടി...
ഞാൻ കഥ തുടർന്നു.
"...പൂവുകളിൽ ഋതുക്കളാവുമ്പോൾ തേൻ നിറയും..
എല്ലാ പൂവുകളിലും പല രുചിയുള്ള തേനുകൾ...
തേനൂറുന്ന അതേ ദിവസം തന്നെയാണ് ചിത്രശലഭങ്ങൾ ഭൂമിയിൽ പൊടിയുന്നത്..."
അന്നേരം എന്റെ മുഖത്ത് പറ്റിയ ചോക്ലേറ്റിന്റെ അവശിഷ്ടം അവൾ ഷാളിന്റെ അറ്റം കൊണ്ട് തുടച്ച് തന്നു.
അവളുടെ മാറിലെ ആകൃതിയില്ലാത്ത ചെറിയ മറുകിൽ വിയർപ്പ് പൊടിയുന്നത് ഞാനന്നേരം കണ്ടു.
ഒരു ഐസ് കച്ചവടക്കാരൻ ഞങ്ങൾക്ക് മുന്നിലൂടെ അന്നേരം മണിയടിച്ചു കൊണ്ട് എങ്ങോട്ടോ പാഞ്ഞു പോയി.
"ഉം.. എന്നിട്ട്..??"- അവൾ കഥകേൾക്കുവാൻ പിന്നെയും തിടുക്കം കൂട്ടി.
"...ശലഭങ്ങൾക്ക് ഒരുപാട് കാലം ആയുസ്സില്ല..! ഒന്നോ രണ്ടോ ദിവസം അവ ചിറകുകൾ വീശി ഭൂമി തങ്ങളുടേതാണെന്ന് പ്രഖ്യാപിച്ച് പറന്നകലുന്നു...
ഒരു പക്ഷെ പൂക്കൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും അനശ്വരമായ സൗന്ദര്യം ചിത്രശലഭങ്ങളുടേത് മാത്രമാണ്. പക്ഷെ എല്ലാ ശലഭങ്ങളും തങ്ങളാഗ്രഹിച്ചതൊക്കെയും തങ്ങൾ ജീവിച്ചിരിക്കുന്ന കുറച്ച് കാലം കൊണ്ട് ആസ്വദിക്കുന്നു. എന്നാൽ ഇതിന് വിപരീതമായി, പണ്ട് ഇതേ പൂന്തോട്ടത്തിൽ, ഇതേയിടത്തേയ്ക്ക് ചിറകടിച്ച് പാറി വരാറുള്ള രണ്ട് ശലഭങ്ങൾ ഉണ്ടായിരുന്നു..."
വെയിലിന്റെ ആഴം കുറച്ച് ഒരിളം തെന്നൽ ഞങ്ങളെ തൊട്ട് കടന്ന് പോയി.
അവളുടെ മുടിയിഴകൾ കാറ്റിനോട് എന്തോ പറയും പോലെ അനക്കം വച്ചു.
വേണമെങ്കിൽ എനിയ്ക്ക് ചുംബിയ്ക്കാമായിരുന്നു. പക്ഷെ ഞാൻ കഥ തുടർന്നു.
"ഒരുപാട് കാലം ആ ചിത്രശലഭങ്ങളങ്ങനെ പറന്ന് നടന്നിട്ടുണ്ട്... സ്വർഗ്ഗത്തിന്റെ നിയമങ്ങളിലൊന്നും സന്ധി ചേരാതെ, മറ്റ് ശലഭങ്ങളുടെ രീതികൾ ഒന്നും ഗൗനിയ്ക്കാതെ... എല്ലാ ദൈവങ്ങളുടെയും കണ്ണ് വെട്ടിച്ച് അവ എത്രയോ കാലം ജീവിച്ചിട്ടുണ്ടെന്നറിയാമോ..? ആ ഇരട്ട ശലഭങ്ങളിൽ ഒന്ന് ആൺ ശലഭവും മറ്റൊന്ന് പെൺ ശലഭവുമായിരുന്നു..."
അവൾക്ക് ഉറക്കം വരുന്നുവോ എന്നെനിയ്ക്ക് തോന്നി. അപ്പോഴേക്കും നേരിയ മഴച്ചാറ്റലുണ്ടായി. വെയിലിന്റെ ഹൃദയത്തിനുള്ളിലൂടെ മഴത്തുള്ളികൾ ഭൂമിയിലേയ്ക്ക് വീണ് പുതുമണ്ണിന്റെ സ്നേഹ ഗന്ധം പടർത്തി. ഭൂമിയ്ക്കടിയിൽ തളിരിടാൻ വെമ്പുന്ന വിത്തുകൾ മഴയെ പാളി നോക്കി.
ഞാൻ കഥ പറയാനൊരുങ്ങി...
"നീണ്ടു പോവുന്ന ഈ ശലഭങ്ങളുടെ ആയുസ്സിനെ പറ്റി ശലഭങ്ങളുടെ ദേശത്ത് വിവാദങ്ങളുയർന്നു... ഇവയുടെ ജന്മകല്പനയെ ചൊല്ലി ശലഭങ്ങളുടെ രാജ്ഞി കല്പനകൾ പുറപ്പെടുവിച്ചു... അന്നേരം രണ്ട് ശലഭങ്ങളും മറ്റേതോ നാട്ടിൽ മറ്റേതോ പൂക്കളുടെ തേൻ നുകരുകയായിരുന്നു..."
എന്റെ വിരലുകളിൽ പതിയെയൊന്ന് തൊട്ട് അവൾ ചോദിച്ചു. "എന്നിട്ടോ..?"
"കുറച്ച് നാളുകൾക്ക് ശേഷം ശലഭങ്ങളുടെ ദേശത്തിലേയ്ക്ക് വന്ന ശലഭങ്ങളെ മറ്റ് ശലഭങ്ങൾ വിചാരണ ചെയ്തു... അമരത്വമുള്ള ശലഭങ്ങൾ ശലഭങ്ങളുടെ ദേശത്തിന് മാനക്കേടാണെന്ന് വിധിച്ചു..."
മുഖം വാടിയ അവളുടെ വെള്ളാരം കണ്ണുകളിലേയ്ക്ക് ഞാൻ ഊളിയിട്ടു. ഇല്ല... മടുത്തിട്ടില്ല.
ഞങ്ങൾ നടന്ന പാതകൾ... കാഴ്ചകൾ... എല്ലാം അതിലങ്ങനെ ഊറിനിൽക്കുന്നു..!!
"പക്ഷെ രണ്ട് ശലഭങ്ങളെയും ഇല്ലാതാക്കാൻ ഒരു ദേശത്തിനും സാധിയ്ക്കില്ലല്ലോ..."
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ കേൾവിക്കാരിയുടെ ചിന്തയിൽ പ്രതീക്ഷയുടെ ഭ്രൂണം കൊരുത്തു.
"വിചാരണ ചെയ്യപ്പെട്ട ശലഭങ്ങൾ ഇനി മുതൽ തേൻ നുകരാൻ പാടില്ല എന്നാണ് ആദ്യമുണ്ടായ നിയമം. എന്നാൽ അതുകൊണ്ടൊന്നും അസൂയാലുക്കളായ മറ്റ് ശലഭങ്ങൾക്ക് മതിയായില്ല. ഒരു ശലഭത്തെ മറ്റൊരു ശലഭത്തിൽ നിന്ന് അടർത്തിമാറ്റിയേ പറ്റൂ... അങ്ങനെ അവർ ആൺ ശലഭത്തിനെ ഇല്ലായ്മ ചെയ്യാൻ സ്രഷ്ടാവിനോട് അപേക്ഷിച്ചു. ഈ രണ്ട് ശലഭങ്ങളുടെയും അപൂർവ സൃഷ്ടിയിൽ ആൺശലഭത്തിനെ പൂർണമായി ഇല്ലായ്മ ചെയ്യാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ സ്രഷ്ടാവ് ഒരു പോംവഴി കണ്ടെത്തി."
കൗതുകം അടക്കവയ്യാതെ അവൾ ചോദിച്ചു. ഞാൻ അവളോട് കണ്ണുകൾ അടയ്ക്കുവാൻ പറഞ്ഞു. അവൾ കണ്ണുകൾ അടച്ചു.
"നീയിപ്പോൾ എന്ത് കാണുന്നു?" - ഞാൻ ചോദിച്ചു
"ആൺ ശലഭം ഉരുകുകയാണ്..!!" - അവൾ പറഞ്ഞു.
"പെൺശലഭമോ?" - ഞാൻ ചോദിച്ചു. "ഉണ്ട്... അതവിടെത്തന്നെയുണ്ട് " - അവളുറപ്പിച്ചു പറഞ്ഞു.
"ഇനി കണ്ണുകൾ തുറന്നോളൂ.."
കണ്ണുകൾ തുറന്ന് വീണ്ടും കാതോർത്തു.
"വിലക്കപ്പെട്ട ശലഭങ്ങളെ പോലെ വിലക്കപ്പെട്ട പൂവുകളും ഉണ്ട്. നിറം കുറഞ്ഞ്, ഇതളുകൾ വാടി വീഴാറായവ... അവതേടി നിർജീവ ശലഭങ്ങൾ ഇന്നും വിദൂര ദേശത്ത് നിന്ന് പറന്നെത്തുന്നു... പ്രേമത്തിന്റെ സമവാക്യത്തെ ഒരു സ്രഷ്ടാവിനും മാറ്റുവാനൊക്കില്ലല്ലോ... ഉരുകിത്തീരുന്ന ശലഭങ്ങൾ തങ്ങളുടെ അടുത്ത ജന്മത്തിൽ ഹൈഡ്രജൻ ബലൂണുകളായി പുനർജനിക്കുന്നു...
മറ്റാരുടെയോ ശ്വാസം പേറി ഒരു പൂവ് പോലെ ഹൈഡ്രജൻ ബലൂണുകൾ എല്ലാ ആഘോഷ കാഴ്ചകളിലും അത് വാങ്ങുവാൻ വരുന്നവനെ മോഹിപ്പിച്ച് വിരിഞ്ഞു നിൽക്കുന്നു. കമിതാക്കൾ തങ്ങളുടെ ഏതോ പ്രണയ നിമിഷത്തിൽ ഹൈഡ്രജൻ ബലൂണുകൾ വാങ്ങുന്നു. അശ്രദ്ധകൊണ്ട് ചില ബലൂണുകൾ ശലഭങ്ങളെപോലെ ചിറകടിച്ചുയർന്ന് ദാ... ആ കാണുന്ന ബലൂണിനെ പോലെ ശിഖരങ്ങളിൽ കുരുങ്ങി കിടക്കുന്നു..."
പെട്ടെന്ന് കഥ കേട്ടുകൊണ്ടിരുന്നവൾ എന്നെ വാരിപ്പുണർന്നു. അവളുടെ മുഖത്ത് പൂക്കളെപ്പോലെ... ശലഭങ്ങളെപ്പോലെ... ഹൈഡ്രജൻ ബലൂണുകളെപ്പോലെ... വർണാഭമായ സന്തോഷം പടരുന്നുണ്ടായിരുന്നു.
"ഇനിയെന്ത് വേണം?" - ഞാൻ ചോദിച്ചു "വരൂ നമുക്കൊരു ചായ കുടിയ്ക്കാം" - അവളുടെ വിരലറ്റം പിടിച്ച് പല നിറത്തിലുള്ള ചുമരുകളുടെ ഇടതൂർന്ന നിഴലുകളിലൂടെ ഞാൻ നടന്നുനീങ്ങി.
ഇടയ്ക്കവൾ ചോദിച്ചു - "ഇനിയും ഒരു കഥ പറയാമോ..?!!"
സന്ധ്യയാകുവാൻ പോവുന്നു. തെരുവ് വിളക്കുകളും അസ്തമയ സൂര്യനും പിന്നെയും കഥകേൾക്കുവാൻ കാതുകൂർപ്പിച്ചു.