നമുക്ക് കൺകെട്ടും കാർണിവലും മതിയോ
'കുനിഞ്ഞു കുനിഞ്ഞ് നിവരാൻ മറന്നുപോയ നമ്മുടെ ശിരസ്സുകൾക്കെന്തർത്ഥം' എന്ന യു.പി ജയരാജ് വാചകത്തെ സ്വന്തമെന്നതുപോലെ ഏറ്റെടുത്ത, അയാളിൽ എന്നെത്തന്നെ കണ്ടെത്തിയ ഒരാളാണ് ഞാൻ. അപ്രകാരം എന്നിൽ സ്വയം കണ്ടെത്താൻ കഴിയുന്ന നൂറ് പേരെങ്കിലും അടുത്ത നൂറ് വർഷങ്ങളിൽ ഉയിർകൊള്ളും എന്നാണ് എൻ്റെ പ്രതീക്ഷ.

(കൃപ ജോൺ സനൽ ഹരിദാസുമായി നടത്തിയ ദീർഘ സംഭാഷണം)
സനലിന്റെ അപരാധിഷ്ഠിതം എന്ന കവിതയിൽ സ്ലൊവേനിയൻ തത്ത്വചിന്തകനായ സ്ലാവോയ് സിസക്കിന്റെ 'പ്രത്യയാസ്ത്ര വിശദീകരണം' സൂചിപ്പിക്കപ്പെടുന്നുണ്ടല്ലോ. A perverts guide to ideology എന്ന പേരിലുള്ള സിസക്കിന്റെ തന്നെ ഡോക്യുമെന്ററിയാണ് ഇവിടെ വിവക്ഷയാകുന്നതെന്ന് അടിക്കുറിപ്പിൽ നിന്ന് മനസ്സിലാക്കാനായി. ഇതിനെ മുൻനിർത്തി പരിശോധിക്കുമ്പോൾ, ഡോക്യുമെന്ററിയിൽ സിസക് വിശദീകരിക്കുന്ന ആദ്യ സിനിമയിലേതിനു സമാനമായ ഒരു ദാർശനിക ദൃഷ്ടിയെ സനലിന്റെ കവിതകൾ ഉള്ളടക്കം ചെയ്യുന്നു എന്നും തോന്നി. ഇതിന്റെ പരിസരമെന്തെന്ന് വിശദമാക്കാമോ?
സോഫീ ഫീനെസിന്റെ സംവിധാനത്തിൽ രണ്ടായിരത്തി പന്ത്രണ്ടിലാണ് The Perverts Guide to Ideology എന്ന ഡോക്യുമെന്ററി ചലച്ചിത്രം പുറത്തിറങ്ങുന്നത്. രണ്ടായിരത്തി ആറിൽ അവർ തന്നെ സംവിധാനം ചെയ്ത The Pervert's Guide to Cinema എന്ന ഡോക്യുമെന്ററിയുടെ അനുബന്ധം എന്ന നിലയിലായിരുന്നു ഇത്. തത്ത്വചിന്തകനും സൈക്കോ അനലിസ്റ്റ് സൈദ്ധാന്തികനുമായ സിസക്, തിരഞ്ഞെടുക്കപ്പെട്ട ഏതാനും സിനിമകളെ സ്ഥൂലവും സൂക്ഷ്മവുമായി വിശകലനം ചെയ്തുകൊണ്ട് അവ പ്രസരിപ്പിക്കുന്ന മൂല്യങ്ങളെ വെളിപ്പെടുത്തുകയാണ് ഈ ഡോക്യുമെന്ററിയിൽ ചെയ്തു കാണുന്നത്.
ഇപ്രകാരം അദ്ദേഹം ആദ്യം പരിശോധിക്കുന്ന സിനിമയിൽ ഒരു പ്രത്യേക തരം കണ്ണടയാണ് സംഘർഷ കേന്ദ്രമാകുന്നത്. മുതലാളിത്തം സുശക്തമായ പുതിയ ലോകക്രമത്തിൽ, നമ്മളെ അസ്വഭാവികതകളേതും അനുഭവിക്കാത്തവയായി പരിണമിച്ച ഉൽപന്നാധിഷ്ഠിത വ്യവസ്ഥയെ; വെളിപ്പെടുത്തുന്ന തരം ഒരു കണ്ണടയാണിത്. കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ, Nike എന്ന ആഗോള ബ്രാൻഡിന്റെ പരസ്യചിത്രത്തിലേക്കുള്ള കണ്ണടക്കാഴ്ച അതിന്റെ ആന്തരിക പ്രത്യയശാസ്ത്രത്തെ 'Obey' എന്ന് വെളിപ്പെടുത്തും.
നാനാവിധമായ കാര്യകാരണങ്ങളാൽ തീർത്തും ആസംതൃപതവും സംഘർഷഭരിതവുമായ ഒരു കുട്ടിക്കാലമാണ് എനിക്കുണ്ടായിരുന്നത്. ഒരു ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിലായിരുന്നു അപ്പർ പ്രൈമറി തലം വരെയുള്ള എന്റെ പഠനം. അവിടെ ഏതാനും വർഷങ്ങൾ തുടർച്ചയായി കണ്ടുപോന്ന ഒരു സംഭവം സാന്ദർഭികമായി വീണ്ടും ഓർക്കുകയാണ്. സ്കൂളിലെ എല്ലാ വർഷാവസാനവും ചാരിറ്റി പ്രവർത്തനങ്ങൾക്കായി കുട്ടികളിൽ നിന്നും സംഭാവന പിരിക്കുന്ന പതിവുണ്ടായിരുന്നു. ഒരു ക്ലാസ്സിനെ രണ്ട് ഗ്രൂപ്പുകളായി തിരിക്കുകയും അവയിൽ ഏറ്റവുമധികം പണമിറക്കുന്ന സംഘത്തെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു പതിവ്. കുട്ടികൾ പൊതുവിൽ പത്തോ ഇരുപതോ ഒക്കെയാണ് സംഭാവന ചെയ്യുക. എന്നാൽ ഒരു പെൺകുട്ടി മാത്രം അഞ്ഞൂറോ ആയിരമോ ഇതിലേക്കായി മുടക്കിപ്പോന്നു. ആദ്യ തവണത്തെ ഈ 'അത്ഭുത പ്രവർത്തി'ക്കു ശേഷം, ഈ പെൺകുട്ടിയെ തങ്ങളുടെ ഗ്രൂപ്പിൽ ഉൾപ്പെടുത്താനുള്ള ആരവങ്ങളാൽ സമൃദ്ധമായിരുന്നു ഓരോ വർഷാന്ത്യ തരം തിരിവുകളും.
വർഗപരമായ അന്തരങ്ങളെ ത്വരിതപ്പെടുത്തുന്നതും ഉപരിവർഗ സേവയെ മുറുകെപ്പിടിക്കുന്നതുമായ അനവധി സംഭവപരമ്പരകൾ തുടർന്നും ജീവിതത്തിൽ കടന്നു വന്നിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളെ സ്വാഭാവികമായി പരിഗണിക്കാൻ അക്കാലത്തു പോലും കഴിഞ്ഞിട്ടില്ല. നടപ്പുരീതികളുടെ രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ ഇല്ലാതിരുന്നിട്ടുകൂടി, 'എന്തോ ശരികേടുണ്ട്' എന്ന തിരിച്ചറിവ് അക്കാലത്തും ഉണ്ടായിരുന്നു. ഞാനോർക്കുന്നുണ്ട്; കുട്ടിക്കാലത്ത് ബി.ജെ.പി കേരളം ഭരിക്കണം എന്ന് പറയുമായിരുന്ന ഒരാളാണ് ഞാൻ. ബി,ജെ,പി എന്നീ മൂന്നക്ഷരങ്ങളുടെ ദീർഘരൂപം പോലും അന്ന് അറിയുമായിരുന്നില്ല എന്നും പറയട്ടെ. രണ്ട് പാർട്ടികളാണ് ഇവിടെ മാറി മാറി ഭരിക്കുന്നത് എന്ന് ചോദിച്ചറിഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. സമൂഹത്തെ ഇപ്രകാരം നിലനിർത്തുന്നതിൽ ഭരണകൂടത്തിനുള്ള പങ്കിനെക്കുറിച്ചും എങ്ങനെയോ അറിഞ്ഞുവച്ചതായി ഊഹിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ മൂല്യബോധത്തെ പരിവർത്തിപ്പിക്കുന്നതിൽ ഭരണകൂടത്തിന്റെ പങ്ക് നാമമാത്രമാണെന്നതൊക്കെ ഏതാനും വർഷങ്ങൾക്ക് മുൻപു മാത്രം തിരിച്ചറിയുന്ന വസ്തുതയുമാണ്.
അപരാധിഷ്ഠിതം എന്ന കവിതയിൽ, ആപ്പിൾ ഫോണിന്റെ കവറിൽ ലോഗോ കാണാൻ മാത്രം നിർമിച്ചിരിക്കുന്ന ശൂന്യ വൃത്തത്തെക്കുറിച്ചുള്ള പരാമർശം കാണാം. ഇത് അവിടെ മാത്രം ഒതുങ്ങുന്ന ഒന്നുമല്ല. ഉദാഹരണമായി, ഒരാൾ ഒരു കാർ വാങ്ങുന്നു എന്ന് കരുതുക. രണ്ടാമതായി മാത്രം ഒരു വാഹനമായി മാറുന്ന, ഉപയോഗ നിഷ്ഠമായി പരിഗണിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് അവിടെ ദൃശ്യമാവുക. പ്രാഥമികമായി അതൊരു പ്രദർശന വസ്തുവാണ്. ഒരു മൂന്നാം ലോക രാജ്യത്തിന്റെ അവശതയെന്നോ അൽപത്തരമെന്നോ ഉള്ള ആദ്യ വ്യാഖ്യാനത്തിനപ്പുറവും ഇതിന്റെ പ്രത്യയശാസ്ത്ര പരിസരം വിശാലമാണെന്നു കാണാം. അത് മനുഷ്യന്റെ പരസ്പരാധിപത്യ മോഹങ്ങളും മുതലാളിത്തത്തിന്റെ പോഷണ തന്ത്രങ്ങളുമെല്ലാം കുഴമറിഞ്ഞ വർത്തമാനത്തിന്റെ ദുഷിപ്പുകളെക്കൂടിയാണ് ഉൾക്കൊള്ളുന്നത് എന്നതിനാലാണ്.
എന്റെ കാഴ്ചപ്പാടുകൾ, മുൻപ് സൂചിപ്പിച്ചതുപോലെ, ദൈനംദിന വ്യവഹാരങ്ങൾ തീർത്ത അസഹ്യതയിൽ നിന്നും ഉരുവമെടുത്തവയാണ്. അതുകൊണ്ടു തന്നെ, അസന്തുഷ്ടിയെന്ന മനുഷ്യ സത്തയെ വേർതിരിച്ചറിയാൻ എനിക്ക് ഐഡിയോളജിക്കൽ ഗൈഡുകളൊന്നും തന്നെ വേണ്ടിവന്നിട്ടില്ല. എന്റെ ആശയപരിസരത്തിലേക്ക് അതിനാൽ ആകർഷിക്കപ്പെടുന്ന ഇതര ചിന്താ ശകലങ്ങൾ സ്വാഭാവികമായും വന്നുചേർന്നിരിക്കാം. എന്നാൽ ആദർശത്തിന്റെ കാന്തസ്വഭാവിയായ അടിത്തട്ടിന് പുസ്തകജ്ഞാനത്തിന്റെയോ ഗുരുവരുൾച്ചകളുടെയോ പിൻബലങ്ങളില്ല.
സനലിന്റെ മിക്ക കവിതകളിലും വർഗപരമായ സ്വന്തം സ്വത്വം പ്രശ്നവൽകരിക്കപ്പെടുന്നതായി കാണാം. ആദ്യ പുസ്തകമായ റെബൽ നോട്സിലെ ലേഖനങ്ങളിലും വർഗശ്രേണി നിർമിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങൾ വിശകലനം ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഒരു സബാൾടേൺ കാഴ്ചയുടേയും കാഴ്ചപ്പാടിന്റേയും സമകാലികമായ നിലനിൽപ്പിനെക്കുറിച്ച് എന്തെല്ലാമാണ് പറയാനുള്ളത്?
ജനാധിപത്യത്തെ സംബന്ധിച്ചുള്ള നമ്മുടെ ചർച്ചകൾ തീർത്തും ദുർബലമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വർഗീയത ഇല്ലാതായതുകൊണ്ടു മാത്രം ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകുമോ, ഭരണമാറ്റമാണോ ഇവിടെ ജനാധിപത്യം കൊണ്ടുവരിക, ഭരണകൂടത്തിന്റെ ഭൂരിപക്ഷാധിഷ്ഠിത തിരഞ്ഞെടുപ്പാണോ ഒരു രാജ്യത്തിന്റെ ജനാധിപത്യത്തെ നിശ്ചയിക്കുന്നത്, തുടങ്ങിയ ചോദ്യങ്ങൾക്ക് നമ്മുടെ ജനാധിപത്യ സംബന്ധിയായ ആലോചനകളിൽ സ്ഥാനമില്ല എന്നത് അംഗീകരിക്കപ്പെടേണ്ടതാണ്. ബി.ജെ.പി തൂത്തെറിയപ്പെട്ടാൽ ജനാധിപത്യം 'പുന:സ്ഥാപിതമാകും' എന്ന പ്രതീതിയാണ് ഇതര കക്ഷികളും 'ബൗദ്ധിക-പുരോഗമന' പക്ഷവും ഇവിടെ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
പോലീസ് സാധാരണക്കാരനോട്, ഭൂരിപക്ഷ മതം ന്യൂനപക്ഷത്തോട്, കണ്ടക്ടർ വിദ്യാർത്ഥികളോട്, അച്ഛനമ്മമാർ മക്കളോട്, പണമുള്ളവർ ഇല്ലാത്തവരോട്, തൊഴിലുടമ തൊഴിലാളിയോട്, അദ്ധ്യാപകൻ കുട്ടികളോട്, ഉന്നത ഉദ്യോഗസ്ഥർ കീഴുദ്യോഗസ്ഥരോട്, പൊതുബോധം കറുത്തവരോട്, പുരുഷൻ സ്ത്രീയോട്, സവർണർ അസവർണരോട്, പ്രായത്തിന് മൂത്തവർ ഇളയവരോട്, സമൂഹം ഭിന്നലിംഗക്കാരോട്, സീനിയർ വിദ്യാർത്ഥി ജൂനിയറിനോട്, സംഘബലമുള്ളവൻ ഇല്ലാത്തവനോട്, ശക്തി കൂടിയവൻ കുറഞ്ഞവനോട് - തുല്യതയോടുകൂടിയല്ലാതെ പെരുമാറുന്നത് സ്വാഭാവികതയായി കണക്കാക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ എത്ര ഭരണകൂടങ്ങൾ മാറിമറിഞ്ഞാലും ഇന്ത്യ അതിന്റെ ശ്രേണീകൃതമായ അന്തഃസത്തയെ ശിരസാ വഹിക്കും.
നാലായിരം വർഷങ്ങൾ നീണ്ട ജാതി വ്യവസ്ഥയുടെ അവശേഷിപ്പുകൾ, കൊളോണിയൽ ഭരണം നിർമിച്ച നവ വിധേയത്വങ്ങൾ, മുതലാളിത്ത ലോകക്രമത്തിൽ നിന്നും ജാതമായ തീവ്ര വ്യാമോഹങ്ങൾ, എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളാൽ തീർത്തും സ്വാഭാവികവൽകരിക്കപ്പെട്ട ഉത്കർഷാപകർഷതകൾ ഇവിടെ രൂഢമൂലമായിത്തീർന്നിട്ടുണ്ട്. ഇതിൽ ജാതീയമായ അതിക്രമങ്ങളെ പ്രതിരോധിക്കാൻ കെൽപ്പുള്ള ഒരു നിര വളർന്നുവന്നിട്ടുണ്ടെന്നത് ശരിയാണ്. ജാതിയെന്നത് 'അസ്വഭാവികവും' അനീതിപരവുമാണെന്ന ബോധ്യത്തെ ഒരു പരിധിവരെ വിതരണം ചെയ്യാൻ അവർക്കായിട്ടുമുണ്ട്. എന്നാൽ, മേൽപ്പറഞ്ഞതും അല്ലാത്തതുമായ മറ്റനേകം നിമ്നോന്നതികൾ പരാമർശം പോലും അർഹിക്കാത്തവയെന്ന നിലയിൽ നമ്മുടെ ചിന്താ വ്യവഹാരങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുകയാണ്. ഇത്തരത്തിൽ വിമർശന ബാഹ്യമായി തുടരുന്ന അധികാര പ്രയോഗങ്ങളിൽ പൊതുവായി പങ്കെടുക്കുന്ന ഒന്നാണ് സാമ്പത്തിക നില അഥവാ വർഗം എന്നത്. അതുകൊണ്ടു തന്നെയാണ് അതിനു നേർക്കുള്ള കടന്നാക്രമണം പ്രസക്തമാകുന്നതും.
കുറച്ചുകൂടി വിശാലമായും ലളിതമായും പറഞ്ഞാൽ, ഒരൊറ്റ അസമത്വത്തിന്റേതു മാത്രമായ ഉച്ചാടനം സാധ്യമല്ലതന്നെ. വർഗീയതയോ ജാതീയതയോ നിർമൂലനം ചെയ്യപ്പെടുകയും മറ്റു നിലയിലുള്ള പാർശ്വവൽകരണങ്ങൾ യഥാക്രമം തുടരുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കൂ. അത്തരമൊന്ന് സാധ്യമല്ലെന്ന സത്യത്തെ ഇനിയെങ്കിലും നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. ജനാധിപത്യമെന്നത് സർവതോന്മുഖമായ ഒരു ജീവിത വീക്ഷണമാണ്. സമഗ്രമായ ഒരു മാറ്റത്തിലൂടെ; മാറ്റിത്തീർക്കലിലൂടെ മാത്രമേ അത് സാധ്യമാവുകയുമുള്ളൂ.
"ഒരുനാൾ എന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ മനുഷ്യരാൽ ചോദ്യം ചെയ്യപ്പെടും" എന്നു തുടങ്ങുന്ന ഓട്ടോ റെനോ കാസ്റ്റില്ലോയുടെ കവിത പല സാഹചര്യങ്ങളിലും എടുത്തുപയോഗിക്കുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ടല്ലോ. ഏറ്റവുമൊടുവിൽ കർഷക സമരവുമായി ബന്ധപ്പെട്ടും പ്രസ്തുത കവിത പ്രചരിക്കുന്നതായി കണ്ടു. നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിലെ അസമ്പന്ന വിഭാഗങ്ങളെ താങ്കൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
മാക്സിം ഗോർക്കിയുടെ 'എന്റെ സർവകലാശാലകൾ' എന്ന പേരിലുള്ള ആത്മകഥാപരമായ രചനയാണ് ഈ ചോദ്യം കേട്ടപ്പോൾ ആദ്യമോർത്തത്. പണിയെടുത്ത് കൂട്ടിവച്ച പണവുമായി ആഴ്ചയന്ത്യങ്ങളിൽ വേശ്യാലയത്തിലേക്ക് കുതിക്കുന്നവരും ലൈഗികത്തൊഴിലാളികളേയും അവരുടെ വൈകൃതങ്ങളേയും കുറിച്ച് കെട്ടുകഥകൾ പാടി രസിക്കുന്നവരുമായ തൊഴിലാളീ ചിത്രമാണ് ഈ കൃതി നമുക്കുമുൻപിൽ അനാവരണം ചെയ്യുന്നത്. വേശ്യാലയത്തിനു മുകളിലെ ഒരൊഴിഞ്ഞ മുറിയിൽ വാടകക്കാരനായി താമസിക്കവെ താൻ അടുത്തുകണ്ട അവരുടെ ദൈന്യതയും അനുകുമ്പാർദ്രതകളും കൂടി ഗോർക്കി ഇതിനോട് ചേർത്തു വായിക്കുന്നു.
സവർണ-സമ്പന്ന സാംസ്കാരികതയുടെ ബാഹ്യവും ആപേക്ഷികവുമായ പുതുകാല മൃദുലതകളും ആഗോള ലോകക്രമം സൃഷ്ടിച്ച പൊതുവായ മാനറിസങ്ങളും ഇന്ത്യൻ ഉപരിവർഗത്തെ പ്രകടവും പ്രഖ്യാപിതവുമായ 'സംസ്കരണത്തിന്' വിധേയമാക്കിയിട്ടുണ്ട്. എന്നാൽ അസമ്പന്ന വിഭാഗങ്ങളുടെ സ്ഥിതി മറിച്ചാണ്. ദരിദ്രന്റെ പൊതു ജീവിതവും സ്വകാര്യ ജീവിതവും ഒരുപോലെ അസന്തുഷ്ടമായി തുടരുകയാണ്. ഉദാഹരണമായി, നമ്മുടെ നാട്ടിലെ സദാചാര സംരക്ഷണ യജ്ഞങ്ങളുടെ മുൻപന്തിയിൽ അണിനിരക്കുന്നത് മിക്കവാറും അടിസ്ഥാന വർഗമാണെന്നു കാണാം. വസ്തുതാപരമായി പരിശോധിച്ചാൽ ഇത്തരം രക്ഷാകർതൃ ഹിംസകൾക്കു പുറകിൽ പ്രവർത്തിക്കുന്നത് അസന്തുഷ്ടിയല്ലാതെ മറ്റൊന്നുമല്ല. ദരിദ്രൻ ലൈംഗിക ദാരിദ്ര്യത്താൽ വിവശനാണെന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. പൊതുസ്വീകാര്യമായ മുഖ്യധാരാ സൗന്ദര്യത്തെ പൊതുസമക്ഷമായിത്തന്നെ വരിക്കാനോ അതിനാൽ വരിക്കപ്പെടാനോ കഴിയുന്നില്ല എന്നതാണ് കാര്യം. "അംഗീകൃത സൗന്ദര്യങ്ങൾ ആഢ്യന്മാരാൽ അണിയപ്പെട്ടു, ജാരന്മാരിൽ സ്വകാര്യത ആത്മനിന്ദയായി" എന്നവസാനിക്കുന്ന ഒരു കവിത ഈ സമാഹാരത്തിൽ തന്നെ കാണാം.
നമ്മുടെ വർഗീയ കലാപങ്ങളെത്തന്നെ എടുത്തു നോക്കൂ. ഒരു പ്രത്യേക മത വിഭാഗത്തോടുള്ള 'അടക്കാനാവാത്ത വൈര്യത്തോടെ', ഉന്മൂലന സജ്ജരായി തെരുവിലിറങ്ങുന്ന ഭൂരിപക്ഷമതത്തിന്റെ അണികൾ ബേക്കറികൾ തകർത്ത് ജിലേബി കൊള്ളയടിക്കുന്ന കാഴ്ച ഇന്ത്യയിലല്ലാതെ മറ്റെവിടെയെങ്കിലും കാണാനാകുമോ എന്ന് സംശയമാണ്.
ദരിദ്രരായ മനുഷ്യരുടെ ബൗദ്ധികമായ ഉണർച്ച അതിവിദൂരമായ ഒരു കാലത്തു പോലും സ്വപ്നം കാണാൻ കഴിയാത്ത ഒന്നാണ്. പെട്ടെന്നുണ്ടാകുന്ന വികാരാവേശമോ കെട്ടിക്കിടക്കുന്ന രോഷമോ വരികൾ പകരുന്ന ഊർജമോ ഒക്കെ നമ്മളിൽ പ്രത്യാശ വിതക്കുക സ്വാഭാവികമാണ്. എന്നാൽ, വസ്തുനിഷ്ഠത പകർന്നേക്കാവുന്ന തീവ്ര നൈരാശ്യമാണ് സത്യത്തോട് കൂടുതൽ അടുത്തു നിൽക്കുന്നത്.
വർഗങ്ങളുടെ ഈവിധമുള്ള നിലനിൽപ് ഏറെക്കുറെ ഉറച്ചുപോയ ഒന്നാണെന്ന് തോന്നുന്നു. പീഢിതനും പീഢകനും സമാനമായ ബോധ്യങ്ങൾ വച്ചുപുലർത്തുന്ന ഒരവസ്ഥ കൂടിയല്ലേ ഇന്ന് നിലവിലുള്ളത്?
പതിറ്റാണ്ടുകൾ മുൻപ് 'വിദ്യാർത്ഥി' മാസിക പ്രസിദ്ധീകരിച്ച ഒരു കവിതയിലെ ഏതാനും വരികൾ ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. അത് ഇങ്ങനെയാണ് : "ദൈവം പറഞ്ഞു, അന്യന്റെ മുതൽ അപഹരിക്കരുത്, മുതലായ മുതലെല്ലാം ചില അന്യർക്കു മാത്രമായി എങ്ങനെയുണ്ടായി, ഞാൻ ചോദിച്ചു, ദൈവം ഭസ്മമായിപ്പോയി".
സാമ്പത്തികമായ നിമ്നോന്നതികൾ വ്യവസ്ഥാനിർമിതമാണെന്ന യാഥാർത്ഥ്യം തിരിച്ചറിയപ്പെടുന്നില്ലെന്നു മാത്രമല്ല; ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടുന്നുമില്ല. വ്യവസ്ഥയുടേയും ഭരണകൂടത്തിന്റെയും നിലനിൽപു തന്നെ പൗരാവലിയുടെ ത്വരയിൽ അധിഷ്ഠിതമാണു താനും. വെട്ടിപ്പിടിച്ചുകൊണ്ടേയിരിക്കുക എന്ന ഹോമോസാപിയൻ തൃഷ്ണയാണ് ലോകക്രമത്തിന്റെ അസ്ഥിസഞ്ജയമായി വർത്തിക്കുന്നതെന്നും സൂക്ഷ്മ വായനയിൽ മനസ്സിലാക്കാവുന്നതാണ്.
ഈയടുത്ത് കണ്ട രണ്ട് ഹ്രസ്വ ചിത്രങ്ങൾ കൂടി ഈയവസരത്തിൽ ഓർക്കുകയാണ്. ഡ്രെവറാണെന്നതുകൊണ്ട് പെണ്ണുകാണാൻ ചെന്ന വീട്ടിൽ നിന്നും അപമാനപൂർവ്വം ഇറക്കിവിടപ്പെടുന്ന ഒരാളെ/സന്ദർഭത്തെ ചിത്രീകരിച്ചുകൊണ്ടാണ് ഇതിലെ ഒരു ചിത്രം ആരംഭിക്കുന്നത്. പൂർവ്വ കമിതാക്കളുടെ ദീർഘ കാലത്തിനു ശേഷമുള്ള സമാഗമത്തിൽ തികച്ചും പുച്ഛത്തോടെ പെരുമാറുന്നവളും തന്റെ വിവാഹം ക്ഷണിക്കാൻ വന്നവളുമായ മുൻ കാമുകിയുടെ അവതരണമാണ് രണ്ടാം ചിത്രത്തിലെ പ്രാരംഭ ആകർഷണമാവുന്നത്.
വാസ്തവത്തിൽ ധാരാളം ബസ്സുകളുടെ മുതലാളിയായവനും Passion ന്റെ ഭാഗമായി മാത്രം ബസ്സോടിക്കുന്നവനുമായ നായകന്റെ 'യഥാർത്ഥ ചിത്രത്തെ' മുൻപയാളെ ഇറക്കിവിട്ടതായ കുടുംബത്തിനു മുൻപിൽ അതിപ്രതാപപൂർവ്വം വെളിപ്പെടുത്തിക്കൊണ്ടാണ് ഇതിലെ ആദ്യ ചിത്രം അവസാനിക്കുന്നത്. ഭൂതകാല പ്രണയിതാക്കൾ സംസാരിച്ചുകൊണ്ടിരുന്ന Cafeteria യിൽ ഉയർന്നു കേട്ടിരുന്നതും നായികയ്ക്ക് പ്രിയപ്പെട്ടതെന്ന് അവൾ തന്നെ പറയുന്നതുമായ പാട്ട്, ആക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്നവന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലേതാണ് എന്ന് ആരാധ്യമെന്നവണ്ണം പറഞ്ഞുവച്ചാണ് രണ്ടാം ചിത്രത്തിന്റെ അവസാനം. നമ്മുടെ മുഖ്യധാരാ സിനിമകളടക്കം പല നിലയിൽ പിൻതുടരുന്ന ഒരു ഫോർമുലയാണിത്.
ഹീറോയിസങ്ങളായി പൊതുവിൽ പരിഗണിക്കപ്പെടുന്ന ഇത്തരം കഥാപാത്ര നിർമിതികളാൽ ഉൽപാദിപ്പിക്കപ്പെടുന്ന മൂല്യ ബോധങ്ങളുടെ അന്തഃസത്ത, നിലനിൽക്കുന്ന ആധിപത്യ യുക്തിയുടെ പരിച്ഛേദമായിത്തന്നെ പരിഗണിക്കപ്പെടേണ്ട ഒന്നാണ്. നാനാവിധമായ കാര്യകാരണങ്ങളാൽ ഒരാൾ മറ്റൊരാളേക്കാൾ 'ചെറുതായി' വിലയിരുത്തപ്പെടുന്ന സ്ഥിതിവിഷേഷം നിലനിൽക്കുന്ന സാമൂഹിക ക്രമത്തിന്റെ ഒരു പൊതു സ്വാഭാവികതയാണല്ലോ.
അത്തരം ഒരു സാമൂഹിക സംവിധാനത്തിൽ 'താഴ്ന്ന'വനായി പരിഗണിക്കപ്പെടുന്നവന്റെ 'ഉയർച്ച' യും തീർത്തും വ്യവസ്ഥാപിതം തന്നെയാണെന്നു വരുന്നു.
അങ്ങനെയാണെങ്കിൽ സിനിമയിലേയും ജീവിതത്തിലെ തന്നെയും നമ്മുടെ നായികാ നായകന്മാർ മുന്നിൽ നിന്ന് നയിക്കുന്നത് അസന്തുലിതവും അസംതൃപ്തവുമായ ഒരു വ്യവസ്ഥയുടെ തുടർച്ചയെയാണ് എന്നു വരുന്നു.
പണം, ആസ്തി, തൊഴിൽ, വാഹനം, വസ്ത്രം, ജാതി, പാരമ്പര്യം തുടങ്ങി നിരവധിയായ ഘടകങ്ങളാൽ നിർമിക്കപ്പെടുന്ന വ്യക്തിയുടെ സോഷ്യൽ ക്യാപിറ്റലുകൾ നിർമാർജനം ചെയ്യപ്പെടുകയും തുല്യ ബഹുമാനം സ്ഥാപിതമാവുകയും ചെയ്യേണ്ടുന്ന 'മാനുഷികത'യുടെ കൽപിത ഭാവിയെ മുൻനിർത്തിയുള്ളതാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം.
വിപ്ലവകരമായ അല്ലെങ്കിൽ ദ്രുതഗതിയിലുള്ള ഒരു മാറ്റം ഇന്ത്യൻ സമൂഹത്തിൽ ഏറെക്കുറെ അസാധ്യമാണെന്ന് താങ്കൾ പറഞ്ഞുകഴിഞ്ഞെന്നിരിക്കെ, നിലവിലെ സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിലാണെങ്കിൽ പോലും എപ്രകാരമാണ് സമൂലവും പുരോഗമനപരവുമായ ഒരു മാറ്റം സാധ്യമാവുക?
മാറ്റത്തെക്കുറിച്ച് രണ്ട് പ്രബല ധാരണകളാണ് നിലവിലുള്ളതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആദ്യത്തേത് സമൂഹത്തിന്റെ ആകമാനമായ മാറ്റത്തിലൂടെ വ്യക്തി മാറുക എന്നതാണ്. വ്യക്തികളുടെ ആന്തരികമായ പരിവർത്തനത്തിലൂടെ സമൂഹം മാറുക എന്നതാണ് രണ്ടാമത്തേത്. ഇവ മിക്കവാറും പരസ്പര വിരോധത്തിലുമാണ്. മാറ്റമെന്നത് യഥാർത്ഥത്തിൽ നെടുകേയും കുറുകേയും സംഭവിക്കുന്ന, സംഭവിച്ചുകൊണ്ടേയിരിക്കുന്ന ഒരു പ്രതിഭാസമാണ്. നാം അറിഞ്ഞോ അറിയാതെയോ ആയിരിക്കാം അത്. എന്നിരുന്നാലും, എല്ലാ മാറ്റപ്പെടലുകൾക്കും കീഴെ, അടിത്തട്ടിൽ നാമമാത്രമായ ചലനം മാത്രമാണ് സംഭവിക്കുന്നത്. ഉപരിതലത്തിലെ മാറ്റങ്ങൾ, ആധിപത്യ നിർമിതി കൂടിയായ സാമാന്യേച്ഛയുടെ പുതുരൂപങ്ങളാണ് എന്നും പറയാം.
ദേശീയ വിദ്യാഭ്യാസ നയത്തെ മുൻനിർത്തി ഒരു പുസ്തകം എഡിറ്റ് ചെയ്യാൻ ഈയിടെ അവസരം ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി പുതിയ നയത്തെ അടുത്തറിഞ്ഞപ്പോഴും ഇതേ വസ്തുത തന്നെയാണ് തെളിമയാർജ്ജിച്ചത്. തീർത്തും നവീനമെന്ന അവകാശവാദങ്ങളെയെല്ലാം അസ്ഥാനത്താക്കുന്ന ഒന്നായിരുന്നു അതിന്റെ വിമർശനാത്മക വായന. "ധനാധിഷ്ഠിത മികവും വ്യവസ്ഥാപിത അരികുവൽകരണങ്ങളും അപ്ഡേറ്റ് ചെയ്യപ്പെടുന്നു" എന്നാണ് ഒരു ലേഖികയെ ഉദ്ധരിച്ചുകൊണ്ട് അവതാരികയിൽ അന്നെഴുതിയത്.
വ്യക്തിയെ പുരോഗമനപരമായി പരിവർത്തിപ്പിക്കാനുതകുന്ന പലവിധമായ സാംസ്കാരിക നിർമിതികൾ വർത്തമാനകാലത്തും നടന്നു പോരുന്നുണ്ട്. കുടുംബം, സാമൂഹികമായ സ്വത്വം എന്നിവയെ വിപ്ലവാത്മകമായിത്തന്നെ അപനിർമിച്ച സിനിമയായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ്. ഈയടുത്ത് വിനോയ് തോമസിന്റെ 'തുഞ്ചൻ ഡയറ്റ്' എന്ന കഥ വായിച്ചു തീർത്തപ്പോഴും സമാനമായ വ്യവസ്ഥാവിരുദ്ധത അനുഭവിച്ചറിയാനായി. വിദ്യാഭ്യാസ സമ്പ്രദായത്തെയും അധ്യാപക വൃന്ദത്തെയും സരസമായ കടന്നാക്രമണത്തിന് വിധേയമാക്കുന്ന ഒന്നായിരുന്നു ഇപ്പറഞ്ഞ കഥ.
വളരെ തീവ്രമായ ഉള്ളടക്കത്തെ വഹിക്കുന്നവയാണ് ഇവയെന്നിരിക്കിലും, പ്രേക്ഷകനിൽ/വായനക്കാരിൽ ഇവയുണ്ടാക്കുന്ന ആഘാതം പരിമിതമാണെന്നു കാണാം. നേരത്തെ സൂചിപ്പിച്ച ആധിപത്യ ബോധത്തിന്റെ തറയാഴം തന്നെയാണ് ഇവിടെയും പ്രവർത്തിക്കുന്നത്. സിനിമയെ 'സിനിമ'യായും കഥയെ 'കഥ'യായും മാത്രം പരിഗണിക്കുക എന്ന പൊതു നയത്തിന്റെ സൃഷ്ടി ഒട്ടും നിഷ്കളങ്കമല്ല എന്നു തന്നെ.
എന്നിരുന്നാലും, സകല പ്രതിരോധങ്ങളെയും ഭേദിച്ചുകൊണ്ട് ആത്മ-ബാഹ്യ വിമർശനത്തിന്റെ കണികകൾ വൈറസ് ബാധ കണക്കേ വ്യക്തിയിൽ പടരുമെന്നതും അംഗീകരിക്കേണ്ടതുണ്ട്. അതിന്റെ ആഘാതം, വ്യക്തിയുടെ സഹൃദയത്വവും അജ്ഞാന ഗാംഭീര്യവുമനുസരിച്ച് വ്യതിരിക്തമായിരിക്കുമെന്നു മാത്രം. അതുകൊണ്ടു തന്നെ അപൂർവ്വം ചിലരിൽ മാത്രമേ അത് 'അറിവെന്ന രോഗാവസ്ഥയായി' അവതരിച്ചെന്നിരിക്കൂ.
'ഉപേക്ഷിക്കപ്പെടും മുൻപ് ചോദിച്ചു വാങ്ങിയ ഉപദേശങ്ങൾ', 'ഒരു കൂട് മറ്റൊന്നിനോട്' തുടങ്ങിയ കവിതകളിൽ അനിവാര്യമെന്ന് തോന്നിക്കുന്ന അപരാന്വേഷണം കാണാം. അതൊരു നാർസിസിസ്റ്റ് പ്രവണതയെന്ന നിലയിൽ വിലയിരുത്തപ്പെടാനിടയില്ലേ?
ഫോണിലെ കോൺടാക്ട് ലിസ്റ്റ് ആദ്യം മുതൽ അവസാനം വരെ ഓടിച്ചു നോക്കുന്ന, പല തവണയത് ആവർത്തിക്കുന്ന നേരങ്ങളുണ്ടായിരുന്നു. ഏകദേശം മൂന്ന് വർഷത്തോളം മുൻപായിരുന്നു അത്. സംസാരിക്കാൻ അക്ഷരാർഥത്തിൽ തന്നെ ആരുമില്ലാത്ത അവസ്ഥ. അല്ലെങ്കിൽ, പറയുന്നതിനെ പറഞ്ഞ അതേ അർത്ഥത്തിലോ ആഴത്തിലോ മനസ്സിലാക്കുന്ന ഒരാളുമില്ലാത്ത അവസ്ഥ.
ജാതി, മതം, വർഗം, ലിംഗം, വിദ്യാഭ്യാസം, പഠനവിഷയം, കുടുംബ സാഹചര്യം തുടങ്ങി നാനാവിധമായ സാമൂഹിക ഭിന്നതകളാലും ജൈവികമായ വ്യതിരിക്തതകളാൽ തന്നെയും ചിതറിത്തെറിച്ചതാണ് മനുഷ്യാവസ്ഥ. 'Uniqueness is a gift from existence' എന്നു പറയുന്നുണ്ട് ഓഷോ. നമ്മളെപ്പോലെ നമ്മൾ മാത്രമേ ഉള്ളൂയെന്നും ഉണ്ടായിരുന്നുള്ളെന്നും ഉണ്ടാവുകയുള്ളൂ എന്നും കൂടി അദ്ദേഹം ഇതിനോട് കൂട്ടിച്ചേർത്തു പറയുന്നു.
'കുടുംബം' എന്നതിനെ വിഭജനോദാഹരണങ്ങളിൽ അവസാനത്തേതായി പറഞ്ഞു നിർത്തിയപ്പോൾ ഓർത്തുപോയത് ഓൺലൈനിൽ പണ്ടെങ്ങോ കണ്ടതും പ്രിയപ്പെട്ടതുമായ ഒരു വരിയാണ്. "ഓമനിക്കപ്പെട്ട കുട്ടികളെ എനിക്കോ അവർക്കെന്നെയോ മനസ്സിലാകാറില്ല" : എന്നായിരുന്നു ആ കവിതാ വാചകം.
ഏതാനും ദിവസങ്ങൾ മുൻപ്, ബി.എ മലയാളം അവസാന വർഷം പഠിക്കുന്ന ഒരു കുട്ടിയുടെ ഫൈനൽ പ്രൊജക്ടിനായി ഒരു വിഷയം നിർദേശിക്കാമോയെന്ന് ഒരു സുഹൃത്ത് ചോദിച്ചിരുന്നു. സോഷ്യൽ മീഡിയയുടെ ഈ കാലത്ത് അതിന്റെ ഉപയോക്താക്കളായ മനുഷ്യരിൽ പടർന്നുകയറുന്ന ഒരു തരം നിരീക്ഷക ഭാവത്തെ പ്രശ്നവൽകരിക്കാനുള്ള ശ്രമത്തോടെ ഊഷരമായ ആ സംഭാഷണം, പതിവുപോലെ വൈയക്തികതകളിൽ തന്നെ ചെന്നുമുട്ടി. എന്റെത്തന്നെ ചില കവിതകളിലെ വരികളെയായിരുന്നു ആ വിശദീകരണത്തിനായി ഞാൻ ആദ്യം മുൻനിർത്തിയത്.
"നിനക്കു വേണ്ടത് നിന്നെക്കേൾക്കുന്ന നിന്നെത്തന്നെയാണ്"
(ഉപേക്ഷിക്കും മുൻപ് ചോദിച്ചു വാങ്ങിയ ഉപദേശങ്ങൾ)
"നിനക്കു വേണ്ടത് ഉള്ളിലൊതുക്കാൻ ഒരു കിളിയെയായിരുന്നില്ല ജോസഫ് കെ. പിന്നെയോ,
കൂടായവനെ അടക്കം ചെയ്യാൻ ഒരു തടവറയുടെ വിശാലത" (ഒരു കൂട് മറ്റൊന്നിനോട്) :- എന്നിങ്ങനെയായിരുന്നു അത്.
ചുള്ളിക്കാടിന്റെ 'സഹശയനം' എന്ന കവിത എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. ഞാൻ കുറച്ചു കാലം താൽക്കാലിക അദ്ധ്യാപകനായിരുന്ന കോളേജിലെ ഇന്റർവ്യൂ സമയത്ത് അവതരിപ്പിച്ച ഡെമോ ക്ലാസ്സും ഇതേ കവിതയെ മുൻനിർത്തിയായിരുന്നു.
"വരൂ പോകാം, തിളങ്ങുന്ന വസ്ത്രങ്ങളിൽ നിന്ന്
ആ രക്ത രത്നാഭരണങ്ങളിൽ നിന്ന്
ഈ ഫ്രഞ്ചു സൗരഭ്യ ഭാരങ്ങളിൽ നിന്നു പോകാം
നമുക്കെന്റെ കിടപ്പറയിൽ ശുദ്ധരാകാം"
എന്ന സഹശയനത്തിലെ വരികളേയും 'ഉയരെ' എന്ന മലയാള സിനിമയേയും എം.മുകുന്ദന്റെ 'എന്താണ് ആധുനികത' എന്ന പഠന ഗ്രന്ഥത്തിലെ ചില പ്രസ്താവങ്ങളേയും സംയോജിപ്പിച്ചുകൊണ്ടായിരുന്നു ആ ക്ലാസ്സ്. 'പ്രണയം മിക്കവാറും നിങ്ങളെ ഔന്നത്യങ്ങളിൽ നിന്നും വലിച്ചു താഴ്ത്തുന്നു' എന്നതായിരുന്നു അതിന്റെ കേന്ദ്ര വിഷയം. 'ഉയരെ' സിനിമ പുറത്തിറങ്ങിയിട്ട് ഏതാനും ആഴ്ചകളേ ആയിരുന്നുള്ളൂ. സിനിമ കണ്ട ശേഷം ഞാനന്ന് ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിട്ടിരുന്നു. 'സ്ത്രീപക്ഷം തകർത്തു കളയുന്ന തീവ്രവ്യഥയുടെ ന്യൂനപക്ഷം' എന്നായിരുന്നു അതിന്റെ ടൈറ്റിൽ. "ഒരു പ്രത്യേക പ്രായത്തിൽ ശരിയായ രീതിയിൽ സ്നേഹം അനുഭവിക്കാത്ത കുട്ടികൾ മുതിർച്ചയിൽ സ്നേഹിക്കാൻ ശേഷിയില്ലാത്തവരായിത്തീരുന്നു" എന്ന എറിക് ഫോം ഉദ്ദരണിയും ആ കുറിപ്പിൽ ഉണ്ടായിരുന്നതായാണ് ഓർമ.
കൃപ ഇവിടെ പറഞ്ഞ ആദ്യ കവിതയിലെ ഒരു വരി, "തന്മയീഭാവത്തോളമെത്തുന്ന വ്യക്താത്വമില്ലായ്മ ലക്ഷത്തിലൊരാൾക്കേ കാണൂ" :- എന്നതാണ്. നമ്മൾ നമ്മളായി; നമ്മൾ ആഗ്രഹിക്കുന്ന നമ്മളായി തിരിച്ചറിയപ്പെടുക എന്നത് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. അത്തരമൊന്നിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് എനിക്ക് തീർച്ചയില്ലെന്നും പറയട്ടെ. ജലാലുദ്ദീൻ റൂമിയുടെ ഒരു വരിയാണ് ഈ സന്ദർഭത്തിൽ ഓർക്കുന്നത് : "ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കൊരു ജാലകമുണ്ടെന്നവർ പറയുന്നു. ചുവരുകൾ ഇല്ലാത്തിടത്തെങ്ങനെയാണ് ജാലകമുണ്ടാവുന്നത്!'
തീർത്തും അസംതൃപ്തമെന്ന് കരുതാവുന്ന ഒരു ബാല്യകാലം താങ്കളുടെ കവിതകളിൽ തിരയടിക്കുന്നതായാണ് ഞാൻ മനസ്സിലാക്കുന്നത്. സർഗാത്മകതയിൽ ലയിച്ചുചേരുന്നതോ സർഗാത്മകയായി രൂപാന്തരപ്പെടുന്നതോ തന്നെയായ മുറിവുകളെ ഇത്തരം തുറന്ന സംഭാഷണങ്ങളിൽ പങ്കുവയ്ക്കാനുള്ള താൽപര്യത്തെ പ്രതി എനിക്ക് ആശങ്കയുണ്ട്. എങ്കിലും.
പറയുന്ന കാര്യങ്ങളെ അതിന്റെ ഏകദേശ പൂർണതയിൽ ഉൾക്കൊള്ളാനും പ്രതിവചിക്കാനും കഴിയുന്ന ഒരാളുമായുള്ള സംഭാഷണത്തെ ഒരു സർഗക്രിയതന്നെയായാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ ഈ പങ്കുവയ്പുകൾ എഴുതിയൊഴിയുന്നതിനു സമാനമായ സ്വാസ്ഥ്യത്തെ അനുഭവപ്പെടുത്തുന്നുണ്ട്. പ്രസിദ്ധീകരിക്കപ്പെടേണ്ടതായ ഒരു സംഭാഷണമെന്ന മുൻ നിശ്ചിതത്വം ഈ പറച്ചിലുകളിലൊന്നും തന്നെ എന്നെ ആവേശിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം.
കഴിഞ്ഞ വർഷമാണ് ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' ആദ്യമായി കേൾക്കുന്നത്. പക്ഷേ അത് ആദ്യമായല്ല എന്നൊരു തോന്നൽ ശക്തമായിരുന്നു. ഓർമയുടെ ആഴങ്ങളിൽ "പൊന്നുണ്ണീ... പൂങ്കരളേ..." എന്ന് ആരോ ഈണമിട്ട് പാടും പോലെ ഒരു തോന്നൽ. "ഈ.. നരകത്തീന്നെന്നെ... കരകേറ്റീടണേ... തിരുവൈക്കം വാഴും.. ശിവശംഭോ..." എന്നുള്ള അമ്മമ്മയുടെ നാമജപത്താളത്തിനോടുള്ള അതിന്റെ സാമ്യത പിന്നീട് ഞാൻ കണ്ടെത്തുകയും ചെയ്തു. ഇവർ എന്നെ എവിടെനിന്നോ തട്ടിക്കൊണ്ടു വന്നതാണ് എന്ന് സമാധാനിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ Stress അനുഭവിച്ചതൊക്കെ ഒരുപക്ഷേ ആ കാലത്തായിരിക്കണം. അമ്മമ്മയുടെ കൂടെ പാർക്കാൻ പോകുന്ന വേനലവധികളായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ആശ്വാസം. "കോട്ടേമയ്ക്ക് പോവാ.. ബ്രണ്ടി കുടിക്കാൻ. നീ പോര്ണ്ടാ" :- എന്ന് വിളിച്ചു ചോദിക്കുമായിരുന്ന ഒരു കിളവന്റെ മുഖവും സ്വരവുമായിരുന്നു വീട്ടിലെ വൈകുന്നേരങ്ങൾക്ക്. അവിടുത്തേതിന് നാലുമണിപ്പൂവിന്റെ ചന്തവും.
രാഷ്ട്രീയപരമായി നോക്കിയാൽ സംസ്കാരികവും സാമൂഹികവുമായ പരിസരങ്ങളിലെ അന്തരം തന്നെയായിരുന്നു അതിന് കാരണം. പണ്ട് സംഘടനാ പ്രവർത്തനമൊക്കെ ഉണ്ടായിരുന്ന കാലത്ത്, എന്റെ പട്ടിണിക്കോലം കണ്ട അന്നത്തെ പാർട്ടി സെക്രട്ടറി ഒരിക്കൽ, "കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ബൗദ്ധ സംഘമല്ല" എന്ന് ഉപദേശിച്ചിരുന്നു. എല്ലാവർക്കും അഭിമാനകരവും ഏറെക്കുറെ ആനന്ദകരവുമായ ജീവിതം കൈവരികയാണ് വേണ്ടതെന്നും മറിച്ച് അസന്തുഷ്ടിയുടെ സാമാന്യവൽകരണമല്ലെന്നുമുള്ള ആദർശം അന്നെനിക്ക് അത്രത്തോളം ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല.
ഒൻപതാം ക്ലാസ്സിൽ ഒരു പെൺകുട്ടി പ്രണയം പറയും വരെയും എന്നെക്കാണാൻ എങ്ങനെയിരിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ലാത്ത ഒരു കുട്ടിയായിരുന്നു ഞാൻ. ബാല്യകൗമാരങ്ങളുടെ അസമ്പന്നതയെ കുറിക്കാൻ അതുതന്നെ ധാരാളമാണല്ലോ.
മുതിർന്നവരേക്കാൾ ആത്മാഭിമാനമുള്ളവരാണ് കുട്ടികൾ എന്ന ഒരു വാദം പ്രബലമാണല്ലോ. ബാല്യം എന്ന കാലഘട്ടത്തെ പൊതുവായി എങ്ങനെ മനസ്സിലാക്കുന്നു, വിലയിരുത്തുന്നു?
മലയാളികൾ ഏറ്റവുമധികം ആഷോഷിച്ച കിം കി ഡുക് (കൊറിയൻ സംവിധായകൻ) സിനിമയാണ് 'സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആന്റ് സ്പ്രിംഗ്'. നദിയിൽ ഒഴുകി നടക്കുന്ന ഒരു ബൗദ്ധ മഠവും അവിടുത്തെ അന്തേവാസികളായ ഗുരുവും ശിഷ്യനുമാണ് ഈ ചിത്രത്തിന്റെ തുടക്കത്തിൽ കടന്നുവരുന്നത്. തീരെ ചെറിയ ഒരു ബാലനാണ് സന്യാസിയുടെ ഈ തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻ. ബാഹ്യലോകത്തിന്റെ എല്ലാ 'കളങ്കങ്ങളിൽ' നിന്നും അകന്നു കഴിയുന്ന ഈ കുട്ടി തവളയേയും പാമ്പിനേയുമെല്ലാം ചെറുകല്ലുകളിൽ കെട്ടിയിട്ട് രസിക്കുന്ന ദൃശ്യങ്ങളാണ് പോകെപ്പോകെ നാം കാണുന്നത്.
മനുഷ്യൻ ആത്യന്തികമായി ഒരു മൃഗമാണെന്ന യാഥാർത്ഥ്യം ഇന്ന് പാടേ അവഗണിക്കപ്പെട്ട ഒന്നാണ്. ചെമ്പൻ ചെന്നായ ഇന്നു കാണുന്ന നായയായി പരിണമിച്ചതു പോലെ കാലാന്തരത്തിൽ തേഞ്ഞുരഞ്ഞില്ലാതായ വാസനകൾ നമ്മളിലും ഉണ്ടായിരുന്നുവെന്നത് തീർച്ചയാണ്. അത്തരമൊരു വസ്തുത നിലനിൽക്കെ തന്നെ, വളരെ ചെറിയ പ്രായം മുതൽക്കു തന്നെ നടന്നുപോരുന്നതും മരണം വരെ പാരസ്പര്യത്തോടെ തുടരുന്നതുമായ സോഷ്യൽ കണ്ടീഷനിങ്ങാണ് മനുഷ്യനെ, ഹോമോസാപിയൻസിനെ ഒരു സാമൂഹിക ജീവി എന്ന നിലയിൽ പരിവർത്തിപ്പിക്കുന്നത്.
കുടുംബം മുതൽ വിദ്യാഭ്യാസ കേന്ദ്രങ്ങൾ വരെയുള്ള സാമൂഹിക സ്ഥാപനങ്ങളും നിയമ സംവിധാനം, പൊലീസിങ്ങ് തുടങ്ങിയ സമ്മർദ്ദോപാധികളും മനുഷ്യന്റെ അച്ചടക്ക രൂപീകരണത്തിൽ പല നിലയിലുള്ള ചുമതലകൾ വഹിച്ചു പോരുകയും ചെയ്യുന്നു.
ഈ ചെത്തിമിനുക്കലുകൾ, സ്വന്തം ജൈവികതയിൽ നിന്നുള്ള നിർബന്ധിതമായ അകൽച്ചകൾ വ്യക്തിയിൽ ഏൽപിക്കാനിടയുള്ള വേദനാജനകമായ ക്ഷതങ്ങളെ പരിഹരിച്ചുപോരുന്നത് സാംസ്കാരികമായ ലേപനങ്ങളാണെന്നും കാണാം.
"ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര! നല്കുകുള്ളിൽ നിൻ തിരുമെയ് വിട്ടകലാതെ ചിന്തയും" :- എന്നു തുടങ്ങുന്ന അനുകമ്പാദശകത്തിന്റെ നിത്യ പാരായണം ഇളം മനസ്സുകളിൽ 'അടിച്ചേൽപിച്ച ആർദ്രത' ഇതിനുള്ള ഒരുദാഹരണമാണ്. പെട്ടെന്ന് ഓർമയിലെത്തുന്ന മറ്റൊരുദാഹരണം തെത്സുകോ കുറോയാനഗിയായിയുടെ 'ടോടോചാൻ' എന്ന ജാപ്പനീസ് നോവലാണ്. സാമ്പ്രദായികേതരമായ അധ്യാപനം നടത്തിപ്പോരുന്ന ഒരു ഗുരുവും അയാൾക്കരികിൽ വിദ്യാർജനത്തിനെത്തുന്ന ഒരു കൊച്ചു പെൺകുട്ടിയുമാണ് ഈ നോവലിന്റെ കേന്ദ്രമാകുന്നത്. ടോമോ എന്നു പേരായ തന്റെ വിദ്യാലയത്തിൽ എത്തിച്ചേരുന്ന ആ വികൃതിക്കുട്ടിയോട്, വന്നെത്തിയ ആദ്യ നാളുകളിൽ തന്നെ കൊബായാഷി മാസ്റ്റർ പറയുന്നത് "ടോടോചാൻ, സത്യമായും നീയൊരു നല്ല കുട്ടിയാണ്" എന്നാണ്. പലപ്പോഴായി അയാളിത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വലിയ തോതിലുള്ള മാറ്റമാണ് ഈ 'ആരോപണത്തുടർച്ച'യിലൂടെ കുട്ടിയിൽ പ്രകടമാവുന്നത്.
ഇന്ത്യയിലെ വൈഷ്ണവ മതത്തിന്റെ പ്രചരണത്തെക്കുറിച്ച് എം.എൻ വിജയൻ ചില ശ്രദ്ധേയമായ പ്രസ്താവനകൾ നടത്തുന്നുണ്ട്. ഏകദേശം ഇങ്ങനെയാണത് : "ഒരു നുണ നൂറ് തവണ ഉച്ചരിച്ചാൽ സത്യമായിത്തീരും. നൂറ് തവണ രാമന്റെ പേരുച്ചരിച്ചാൽ രാമൻ ദൈവമായിത്തീരും. അതിനെ നാമസങ്കൽപം എന്നു പറയുന്നു. മനഃശാസ്ത്രപരവും സാങ്കേതികവുമായ ഒരു തരം പ്രത്യയശാസ്ത്ര പ്രചരണമാണത്". ഇതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ, നാണുഗുരുവിന്റെ നിത്യ പാരായണ കൃതികളും കൊബായാഷി മാസ്റ്ററുടെ ദൈനംദിനമായ അഭിനന്ദനങ്ങളും സമാനമായ ധർമ്മമാണ് നിർവഹിച്ചു പോന്നതെന്ന് തിരിച്ചറിയാനാകും. മനുഷ്യൻ 'മനുഷ്യനായി' ജനിക്കുന്നില്ല; മറിച്ച് 'മനുഷ്യനാക്കപ്പെടുകയാണ്' എന്ന് ചുരുക്കം.
താങ്കളുടെ എഴുത്തുകൾ വായനക്കാരാൽ എപ്രകാരം സ്വീകരിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്? അല്ലെങ്കിൽ, അതെങ്ങനെയാകണമെന്നാണ് ആഗ്രഹിക്കുന്നത്?
"അത്രമേൽ ആസ്വദിച്ചു വായിക്കാൻ തക്കതായി അലമാരയിൽ ഒരൊറ്റ പുസ്തകവും ശേഷിക്കാതിരിക്കെ, സ്വന്തമായൊന്നെഴുതുക" - എന്ന ആശയത്തോട് തീവ്രമായ ഒബ്സഷൻ കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. ഞാനെഴുതുന്നതൊക്കെയും പ്രഥമവും ദ്വിതീയവുമായി എന്നെത്തന്നെ മുന്നിൽ കണ്ടുകൊണ്ടാണ്.
എൻ്റെ 'തേർഡ് റേറ്റ്' എന്ന കഥാസമാഹാരത്തിലെ ആദ്യ കഥയുടെ അവസാന വരി, "ഞാനൊന്നുമെഴുതിയില്ല. നീലവെളിച്ചത്തിൻ്റെ ഗർഭപാത്രത്തിൽ അപരനേയോ അപരയേയോ പ്രതീക്ഷിച്ച് ചുരുണ്ടിരിക്കുക മാത്രം ചെയ്തു" എന്നാണ്. വർഗബോധവും അഭിമാനം തിളങ്ങുന്ന മുഖവുമുള്ള കീഴ്ത്തട്ട് ജനതയുടെ ഒരു കൽപിത ഭാവികാലം ഞാൻ ഇന്നും സ്വപ്നം കാണുന്നുണ്ട്. "കുനിഞ്ഞു കുനിഞ്ഞ് നിവരാൻ മറന്നുപോയ നമ്മുടെ ശിരസ്സുകൾക്കെന്തർത്ഥം" എന്ന യു.പി ജയരാജ് വാചകത്തെ സ്വന്തമെന്നതുപോലെ ഏറ്റെടുത്ത, അയാളിൽ എന്നെത്തന്നെ കണ്ടെത്തിയ ഒരാളാണ് ഞാൻ. അപ്രകാരം എന്നിൽ സ്വയം കണ്ടെത്താൻ കഴിയുന്ന നൂറ് പേരെങ്കിലും അടുത്ത നൂറ് വർഷങ്ങളിൽ ഉയിർകൊള്ളും എന്നാണ് എൻ്റെ പ്രതീക്ഷ.