ബഷീറിയൻ ജീവിതം
അധികമൊന്നും വായിക്കാത്തവരും ബഷീറിനെ വായിച്ചിട്ടുണ്ടാവും. ജീവിച്ച ഏത് മനുഷ്യരെക്കാളും ഗാഢമായി ബഷീറിന്റെ കഥാപാത്രങ്ങൾ നമ്മുടെയുള്ളിൽ ജീവിച്ചു, നേരിട്ടറിയുന്നവരേക്കാൾ ബഷീറിന്റെ കഥാപാത്രങ്ങളെ മലയാളിക്കറിയാം.

"കന്യകേ, നിന്റെ കണ്ണുകളിൽ നിന്നാണ് അറിവിന്റെ ആദ്യത്തെ കിരണം എന്റെ ഹൃദയത്തെ ചുംബിച്ചത്. തന്നെയുമല്ല, നിന്റെ സാന്നിദ്ധ്യത്തിൽ മറ്റുള്ള മുഖങ്ങളെല്ലാം നിഷ്പ്രഭമായി മായുകയാണ്."
"ആ പൂ നീ എന്ത് ചെയ്തു?"
"ഏതു പൂവ്?"
"രക്തനക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്?"
"ഓ... അതോ? തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?"
"ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയുവാൻ..."
"കളഞ്ഞുവെങ്കിലെന്ത്?"
"ഓ... ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്."

ഒരു മലയാളി എഴുത്തുകാരന് ആകാവുന്നത്രയും വലിയ സെലിബ്രിറ്റി സ്റ്റാറ്റസിലേക്കുയർന്ന എഴുത്തുകാരനായിരുന്നു ബഷീർ. ജീവിച്ചിരിക്കുന്നതിലേറെ ഒരുപക്ഷെ മരണത്തിനു ശേഷവും.
ഇന്ത്യൻ സാഹിത്യ ചരിത്രത്തിൽ ബഷീറിനോളം പരിചിതനായ, അപൂർവ്വതകളുള്ള ഒരെഴുത്തുകാരനെ കണ്ടെത്തുകയെന്നത് ശ്രമകരമായിരിക്കും. അദ്ദേഹം എഴുതിയതെല്ലാം വായനക്കാർക്ക് പ്രിയപ്പെട്ടതായിരുന്നു. കാലഭേദമില്ലാതെ നിരവധി പതിപ്പുകൾ. അധികമൊന്നും വായിക്കാത്തവരും ബഷീറിനെ വായിച്ചിട്ടുണ്ടാവും. ജീവിച്ച ഏത് മനുഷ്യരെക്കാളും ഗാഢമായി ബഷീറിന്റെ കഥാപാത്രങ്ങൾ നമ്മുടെയുള്ളിൽ ജീവിച്ചു, നേരിട്ടറിയുന്നവരേക്കാൾ ബഷീറിന്റെ കഥാപാത്രങ്ങളെ മലയാളിക്കറിയാം.
വൈക്കത്തു നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴിയിൽ തലയോലപ്പറമ്പെന്ന ഗ്രാമത്തിലാണ് ബഷീർ ജനിച്ചത്. ഏതു വർഷത്തിലാണ് ബഷീർ ജനിച്ചതെന്ന് ആരും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. 1908 അല്ലെങ്കിൽ 1909 ആണെന്നൊക്കെ പറയപ്പെടുന്നു. അവിടുന്നങ്ങോട്ട് എഴുത്തിൽ ബഷീർ സൃഷ്ടിച്ച വിസ്ഫോടനത്തിനു മുന്നിൽ മലയാളം ഇപ്പോഴും വിസ്മയിച്ചുനിൽക്കുകയാണ്.
ബഷീറിന്റെ കഥകൾ സങ്കല്പങ്ങളല്ല, എല്ലാം ജീവിതാനുഭവങ്ങളാണ്.
"ചുട്ടുനീറുന്ന കുറേ അനുഭവങ്ങളും ഒരു പേനയുമല്ലാതെ മറ്റൊന്നും എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല" എന്ന് ബഷീർ എഴുതിയിട്ടുണ്ട്. ബഷീറിയൻ ജീവിതം എങ്ങനെയായിരുന്നുവെന്ന് പലയിടത്തും വായിച്ചിട്ടുണ്ട്. ചുണ്ടിലൊരു ചിരിയില്ലാതെ വായിച്ചുതീർക്കാനാവില്ല.

'മതിലുകൾ' സിനിമയായപ്പോൾ അതിന്റെ ആദ്യ പ്രദർശനം നടന്നതിനെപ്പറ്റി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എഴുതുന്നുണ്ട്. കോഴിക്കോട് സംഗം തിയേറ്ററിലാണ് ആദ്യ ഷോ. അടൂർ എഴുതുന്നതിങ്ങനെയാണ്:
"പ്രദർശനം കഴിഞ്ഞു. ഹാളിൽ വിളക്കുകൾ തെളിഞ്ഞു. എല്ലാവരും എഴുന്നേറ്റു. ബഷീർ മാത്രം അങ്ങനെത്തന്നെ ഇരിക്കുന്നു. ഒട്ടൊരങ്കലാപ്പോടെ ഞാൻ അടുത്തേക്ക് ചെന്നു. എന്തായിരിക്കുമോ ആവോ പ്രതികരണം? മുഖത്തിനടുത്തേക്ക് ഞാൻ കുനിഞ്ഞു. ഏതാനും നിമിഷങ്ങളുടെ നിശബ്ദത. എന്നിട്ട് ബഷീർ പതുക്കെ പറഞ്ഞു: Not a dull moment..!. ഉള്ളിൽത്തട്ടിയാണ് ബഷീർ അത് പറഞ്ഞത്. അങ്ങനെയല്ലാതെ അദ്ദേഹം പറയാറില്ല."
എസ്. കെ. പൊറ്റെക്കാടിന്റെ കോഴിക്കോട്ടെ ചന്ദ്രകാന്തം എന്ന വീട്ടിലിരുന്ന് എഴുത്തിലും വിനോദങ്ങളിലുമേർപ്പെടുമ്പോഴാണ് 'വിവാഹം കഴിച്ച് ജ്ഞാനിയായിത്തീരുക' എന്ന ആലോചന ബഷീറിന്റെ മനസ്സിലേക്ക് കടന്നുവരുന്നത്. ചെറുവണ്ണൂർ സ്കൂൾ ഹെഡ്മാസ്റ്റർ കോയക്കുട്ടി മാസ്റ്റർക്ക് ഒരു മകളുണ്ട്. നല്ല കുട്ടിയാണ്. ആ കുട്ടിയെ ബഷീർ വിവാഹം ചെയ്യണം. സുഹൃത്തുക്കൾ നിർദേശിച്ചു. ബഷീർ പെണ്ണുകാണാനെത്തിയ രംഗം ശ്രീമതി ഫാബി ബഷീർ ഭംഗിയായി വിവരിക്കുന്നുണ്ട്:
"ബഷീറിനെ നേരെ നോക്കാൻ ധൈര്യമില്ലാതെ ജനാലക്കമ്പിയിൽ പിടിച്ച് ഒരു ചീർപ്പുകൊണ്ട് വെറുതെ ജനൽക്കമ്പിയിൽ ഉരസിനിൽക്കുകയാണ്." ബഷീർ പറഞ്ഞു: "ചീർപ്പ് അവിടെവെച്ച് ധൈര്യമായി നിൽക്കൂ. ഞാൻ ആരെയും തിന്നാൻ പോകുന്നില്ല."
എന്നിട്ടദ്ദേഹം മുഖത്തേക്ക് നോക്കി പതിയെ ചോദിച്ചു:
"എന്നെ നോക്ക്. ഇഷ്ടമാണെങ്കിൽ പറയണം. എനിക്ക് കുറച്ചധികം വയസ്സുണ്ട്. നീ വിചാരിക്കുന്നതുപോലെ ഞാനൊരു ചെറുപ്പക്കാരനല്ല. ഇഷ്ടമാണെങ്കിൽ അറിയിക്കണം."
പുറത്ത് ബഷീറിന്റെ കൂട്ടുകാരുണ്ടായിരുന്നു. അതിൽ എം.വി. ദേവനെ വിളിച്ച് ബഷീർ പറഞ്ഞു:
"എടാ ദേവാ... ഇവിടെ വാ... ഞങ്ങളൊരുമിച്ചു നിൽക്കുന്ന ഒരു ചിത്രം വരയ്ക്ക്..."
ഫാബി ബഷീർ ആഭരണങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് അപ്പോഴാണ് ബഷീർ ശ്രദ്ധിച്ചത്. ബഷീർ പറഞ്ഞു:
"ഹാ... നിന്റെ കൈകളിൽ വലയൊന്നും ഇല്ലാല്ലേ... ഒന്നും കെട്ടിയിട്ടും ഇല്ലല്ലോ... സാരമില്ല. ഒന്നും വേണ്ട. എല്ലാം നമുക്കുണ്ടാക്കാം."
"ദേവാ... നീ വരയ്ക്കുമ്പോൾ അവളുടെ കൈയ്യിൽ വള, വാച്ച്, കഴുത്തിൽ സ്വർണ്ണമാല... എല്ലാം വരയ്ക്ക്..."

ദേവൻ ചിത്രം വരച്ചു. ബഷീർ അത് വാങ്ങി ഫാബി ബഷീറിനെക്കൊണ്ട് അതിൽ പേരും വിലാസവുമെഴുതി ഒപ്പിടാൻ പറഞ്ഞു. അതിനുശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെക്കൊണ്ടും ഒപ്പിടുവിച്ചു. എം.ടി. വാസുദേവൻ നായരും തിക്കോടിയനുമൊക്കെയടങ്ങുന്നവരായിരുന്നു ആ സുഹൃത്തുക്കൾ.
അങ്ങനെ പെണ്ണുകാണൽ കഴിഞ്ഞു. ചിത്രം വരയും, ഒപ്പിടീക്കലും.
***
ഒരാൾ ബഷീറിന്റെ കുടയെടുത്തുകൊണ്ടുപോയ കഥ പ്രസിദ്ധമാണ്. അബദ്ധത്തിൽ മാറിയെടുത്തതാകാം. മനഃപൂർവം എടുത്തതുമാകാം. അത് ബഷീറിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടനെത്തന്നെ ബഷീർ കുടയെടുത്തുകൊണ്ടുപോവുന്ന ആളുടെ മുന്നിലെത്തി ചോദിച്ചു:
"നിങ്ങൾ വൈക്കം മുഹമ്മദ് ബഷീർ ആണോ?"
"അല്ലല്ലോ..!" അയാൾ മറുപടി പറഞ്ഞു.
അപ്പോൾ ബഷീർ താഴ്മയോടെ പറഞ്ഞു:
"എന്നാൽ ഈ കുട വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്. ശീലയുടെ ഉള്ളിൽ ആ പേരെഴുതിയിട്ടുണ്ട്. മാത്രമല്ല, ഞാനാണ് വൈക്കം മുഹമ്മദ് ബഷീർ എന്നുകൂടി നിങ്ങളറിയണം."
അയാൾ പുഞ്ചിരിച്ചുകൊണ്ട് കുട ബഷീറിനെ ഏൽപ്പിച്ചു. കുട നിവർത്തി എല്ലാവരെയും കാണിച്ചിട്ട് ബഷീർ പറഞ്ഞു:
"മാന്യമഹാജനങ്ങളേ, ഈ പേര് വായിച്ചുനോക്ക്..."
കുടയുടെ അകത്ത് വടിവൊത്ത അക്ഷരത്തിൽ എഴുതിവെച്ചിരുന്നു, "specially made for Vaikom Muhammad Basheer".
ബഷീഴ്സ് ബുക്ക്സ്റ്റാളിന്റെ തൊട്ടടുത്ത കുട നിർമ്മിക്കുന്ന കടയിൽ നിന്നും കാലങ്ങളായി ബഷീറിന് സമ്മാനമായി നൽകുന്നവയായിരുന്നു ആ കുടകൾ.
ബഷീറിന്റെ കഥകളിൽ മാത്രമല്ല, അദ്ദേഹമെഴുതുന്ന എന്തിലും ആ പേര് കാണാൻ കഴിയും. തെളിഞ്ഞ അക്ഷരത്തിൽത്തന്നെ ഓരോ രചനകളിലും ആ പേര് കാണാം. പേരടിക്കാതെ പ്രസിദ്ധീകരിച്ചാൽ പോലും ഏത് വായനക്കാരനും തിരിച്ചറിയും, ഇത് ബഷീറിന്റേതാണല്ലോയെന്ന്..!
***
അസാധാരണവും രസകരവുമായ സംഭവവികാസങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ബഷീറിയൻ ജീവിതം.
1956 ൽ കേരളം പിറക്കുകയും ആദ്യ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേൽക്കുകയും ചെയ്തു. ബഷീറിന്റെ ഉറ്റസുഹൃത്തായ ജോസഫ് മുണ്ടശ്ശേരി കേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയായി.
ഒരു ദിവസം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ ബഷീർ ഒരു വിവരമറിയിച്ചു.
"ജാഗ്രത പാലിക്കുക. ഇന്ന് നിങ്ങളുടെ മന്ത്രിയുടെ കാർ ഞാൻ റോഡിൽ തടഞ്ഞുവെയ്ക്കും. കാരണമുണ്ട്. ബുക്ക്സ്റ്റാളിൽ നിന്നും പുസ്തകം കടം വാങ്ങിയ വകയിൽ നിങ്ങളുടെ മന്ത്രി എനിക്ക് പൈസ താരനുണ്ട്. കൃത്യമായിപ്പറഞ്ഞാൽ മുപ്പത്തേഴുരൂപ എഴുപതു പൈസ. പലതവണ ചോദിച്ചിട്ടും തരുന്നില്ല. അതിനാൽ ഇന്ന് നാലിനും നാലരയ്ക്കുമിടയിൽ ഈ ടി.ബി. റോഡിൽ വെച്ച് നിങ്ങളുടെ മന്ത്രിയുടെ കാർ തടഞ്ഞ് തുക ഈടാക്കുന്നതായിരിക്കും."
വിവരമറിഞ്ഞ് അന്നത്തെ ട്രേഡ് യൂണിയൻ നേതാക്കളും പാർട്ടി പ്രവർത്തകരും ബുക്ക്സ്റ്റാളിലെത്തി. വൈക്കം മുഹമ്മദ് ബഷീർ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ വാഹനം തടയാൻ പോവുകയാണല്ലോ...
നാലര മണിയോടടുത്തപ്പോൾ ഒരു സ്റ്റേറ്റ് കാർ അതാ വരുന്നു. ബഷീർ ചാടിയിറങ്ങി. രണ്ട് കൈയും നിവർത്തിപ്പിടിച്ച് റോഡിന്റെ നടുക്ക് നിലയുറപ്പിച്ചു. കാർ പെട്ടെന്ന് നിർത്തി. പിൻസീറ്റിലിരിക്കുന്നു സാക്ഷാൽ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി.
ബഷീർ ഗൗരവത്തിൽ പറഞ്ഞു: "മുപ്പത്തേഴുരൂപ എഴുപതുപൈസ കടം വീട്ടാതെ മന്ത്രിയെ വിട്ടയക്കുന്നതല്ല."
ചിരിച്ചുകൊണ്ട് മുണ്ടശ്ശേരി പുറത്തിറങ്ങി. "കേറെടോ" എന്നും പറഞ്ഞ് ബഷീറിനെ വിളിച്ചു. മുണ്ടിന്റെ മടക്കിക്കുത്തഴിച്ചുകൊണ്ട് ബഷീർ കാറിൽ കയറി. കണ്ടുനിന്നവരൊക്കെ പൊട്ടിച്ചിരിച്ചു.
***
ബഷീറിന്റെ ഫലിതങ്ങളൊക്കെ സ്നേഹത്തിലും കാരുണ്യത്തിലും ചാലിച്ചുചേർത്തതായിരുന്നു. മാരകവിഷത്തിന്റെ ക്രോധവുമായി പത്തിവിരിച്ചുനിൽക്കുന്ന മൂർഖൻ പാമ്പിനോടുപോലും, "മോനേ, പത്തി ചുരുക്കി മാളത്തിലേക്ക് പൊയ്ക്കോളൂ" എന്ന് പറയുന്ന ബഷീറിൽ നിന്ന് ഉത്തമമായ ഫലിതമേ ഉത്ഭവിക്കൂ, അതും ഏറെ സ്വാഭാവികമായി. കൃത്വിമത്വത്തിന്റെ പൊടിപോലും അതിൽ കലരില്ല. വിദ്വേഷത്തിന്റെ സ്പർശം അതിനെ മലിനമാക്കുകയുമില്ല.

സ്വന്തം പുസ്തകങ്ങൾ നക്കിയും ചവച്ചും തിന്നുതീർക്കുന്ന പാത്തുമ്മയുടെ ആടിനെ കാണുന്നതുപോലെയാണ് ബഷീർ മനുഷ്യസാഹോദരങ്ങളെ കണ്ടത്. മനുഷ്യരെ മാത്രമല്ല, ജീവജാലങ്ങളെയാകെ...
ബേപ്പൂരിലെ വീട്ടിൽ സ്ഥിരതാമസമാക്കിയതിനു ശേഷം അന്നത്തെ മാധ്യമങ്ങൾ, 'ഫലിതക്കാരൻ' എന്ന രീതിയിൽ ബഷീറിനെ അവതരിപ്പിക്കാൻ തുടങ്ങി. വൈലാലിൽ വീടിന്റെ വരാന്തയുടെ അരമതിലിൽ ഇരിക്കുന്ന സുൽത്താനിൽ നിന്നും തമാശകൾ കേട്ടാസ്വദിക്കാൻ അനേകം പേരെത്തി. ആ പ്രതിച്ഛായയോട് നീതിപുലർത്താതിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം ഫലിതം പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ തന്റെ അവസ്ഥ എന്താണെന്ന് ബഷീർ പറയുന്നുണ്ട്:
"ഞാൻ അഞ്ചാറ് മുന്തിയ രോഗങ്ങളുടെ ഉടമയായി, അവശനായി, വൃദ്ധനായി, വയസ്സൊക്കെ ഒരുപാടായി. എന്തൊക്കെയായാലും ചിരിക്കാൻ കഴിയുന്നുണ്ട്."
അവാർഡുകൾ, ഫെല്ലോഷിപ്പുകൾ, ഡോക്ടറേറ്റ്, പത്മശ്രീ മുതലായ പലതരം ബഹുമതികൾ ബഷീറിനെ തേടിയെത്തുന്നതും ബേപ്പൂർ താമസിക്കുന്ന അവസരത്തിലാണ്. അവാർഡുകൾക്കൊന്നും ഒരു പരിധിയിലപ്പുറം പ്രാധാന്യം ബഷീർ നൽകിയിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് ലഭിച്ച താമ്രപത്രം കുറുക്കനെ എറിയാൻ കൊള്ളാമെന്ന് ബഷീർ പറയുന്നുണ്ട്. അതൊരു തമാശ മാത്രമല്ല. അദ്ദേഹത്തിന്റെ മനോഭാവവും അതിലടങ്ങിയിട്ടുണ്ട്.

അങ്ങനെ 1994 ജൂലൈ നാലാം തിയ്യതി ബഷീറിന് പതിവിലധികം ക്ഷീണം അനുഭവപ്പെട്ടു. ശ്വാസമെടുക്കാൻ പ്രയാസമുള്ളതായി തോന്നി. അന്ന് ബഷീറിന്റെ ഇന്റർവ്യൂ റേഡിയോയിൽ റെക്കോർഡ് ചെയ്യാൻ നിശ്ചയിച്ചിരുന്നു. പിന്നീടൊരിക്കലാകാം എന്ന് പറഞ്ഞ് ബഷീർ അവരെ തിരിച്ചയച്ചു. പതിയെ ബഷീറിന്റെ ഓർമ്മ നഷ്ടമായി. അവ്യക്തതയോടെ അൽപനേരം എന്തോ സംസാരിച്ചു. വൈകുന്നേരമായപ്പോഴും ക്ഷീണം കുറഞ്ഞില്ല. രാത്രിയിൽ ശ്വാസമെടുക്കാനാവാതെ ഏറെ അസ്വസ്ഥനായി. ഓക്സിജൻ നൽകി. നാഡിമിടിപ്പ് ദുർബലമാകുന്നതായി കണ്ടു. ഉറ്റസുഹൃത്ത് പുനലൂർ രാജൻ ഓടി വന്നു. ഡോക്ടറെ വിളിച്ചു. ആംബുലൻസിൽ ബഷീറിനെ ആർ.എം. ആശുപത്രിയിലെത്തിച്ചു. ഫാബി ബഷീറും മക്കളും അരികിലിരുന്ന് പരിചരിച്ചു.
അവരുടെ സ്നേഹശീതളമായ കരസ്പർശം അനുഭവിച്ചുകൊണ്ടിരിക്കെ വൈക്കം മുഹമ്മദ് ബഷീർ എന്ന അനുഗൃഹീതനായ കലാകാരൻ ശാന്തിയുടെ തീരം പ്രാപിച്ചു. മാനവരാശിയെ മാത്രമല്ല, ജീവജാലങ്ങളെയാകെയും, ഭൂഗോളത്തെയും, പ്രപഞ്ചത്തെയും സ്നേഹിച്ചിരുന്ന ആ ഹൃദയത്തിന്റെ സ്പന്ദനം നിലച്ചു.
***
എഴുത്ത് എന്ന പദം ബഷീറിന്റെ എഴുത്തിനു ചേരുംപോലെ മലയാളത്തിലെ മറ്റൊരു എഴുത്തുകാരന്റെ എഴുത്തിനും ചേരുകയില്ലെന്ന് കൽപ്പറ്റ നാരായണൻ മാഷ് എഴുതിയിട്ടുണ്ട്. രസകരമായ എഴുത്തുകൾ എഴുതുന്നതിൽ രസം കണ്ട ബഷീർ താനറിയാത്തവർക്കുകൂടി എഴുതിയ കത്തുകളാണ് അദ്ദേഹത്തിന്റെ രചനകൾ. ബഷീർ പറഞ്ഞതിങ്ങനെയാണ്, "ഞാനൊരു കഥയെഴുതുന്നു. ചുമ്മാ ഒരു കഥ. അല്ലെങ്കിൽ നിങ്ങൾക്കൊരെഴുത്ത്."
ഒറ്റയിരിപ്പിൽ വായിക്കാവുന്ന എഴുത്തിന്റെ വലിപ്പം ബഷീർ കൃതികളുടെ വലിപ്പമായിത്തീർന്നത് അതുകൊണ്ടാണ്. അപ്പുറത്തെ അദൃശ്യയായ ശ്രോതാവിനോട് ചെറിയൊരു പരിഭവത്തോടെ ബഷീർ വിളിച്ചു ചോദിക്കുന്നു: "ഞാൻ വിളിച്ചപ്പോൾ നിങ്ങളെവിടെയായിരുന്നു..!"
അവലംബം:
1 . 'ബഷീർ ദി മാൻ' (എം.എ. റഹ്മാൻ)
2 . 'എന്റെ ബഷീർ' (കൽപറ്റ നാരായണൻ)
3 . 'ബഷീർ വർത്തമാനത്തിന്റെ ഭാവി' (പ്രൊഫ. എം. കെ. സാനു)
4 . 'മുൻപേ നടന്ന ബഷീർ' (പോൾ മണലിൽ)